നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്രാമൊഴികളില്ലാതെ.........


യാത്രാമൊഴികളില്ലാതെ.........
നിനക്ക്.........
ഞാനിപ്പോൾ മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.. !!
ആളിപ്പടരുന്ന അഗ്നിയായി എന്നെ വിഴുങ്ങുന്ന മരണം....
അല്ലെങ്കിൽ, തെക്കിനിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന മരണം.....
അതുമല്ലെങ്കിൽ, കുട്ടിക്കാലത്തു, നമ്മൾ പതച്ചു നീന്തിത്തുടിച്ച, ആർപ്പു വിളിച്ചും ഓളം തല്ലിയും തിമിർത്തു രസിച്ച, പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന മരണം....
നിനക്കറിയാമോ, മരണവും എനിക്കിപ്പോൾ ഒരനിവാര്യതയാണെന്ന്.
പ്രണയം പോലെ........
ആരോ പറഞ്ഞിട്ടില്ലേടാ, ജീവിതത്തിന്റെ വിരാമതിലകമാണ് മരണമെന്ന്‌....
ആരാ അങ്ങനെ പറഞ്ഞത്.. ?
നിനക്കറിയാതിരിക്കില്ല.
കേട്ടതെല്ലാം ഓർമ്മിച്ചു വയ്ക്കാൻ പണ്ടും നീയായിരുന്നു മിടുക്കൻ. ഞാൻ അന്നും ഒരു പൊട്ടിപ്പെണ്ണ്... !!
'മന്ദബുദ്ധി' എന്നു നിനക്കു കളിയാക്കി വിളിക്കാൻ വേണ്ടി മാത്രം ജനിച്ചതാണോ ഞാനെന്ന്‌ ശാരദേടത്തി എപ്പോഴും ചോദിയ്ക്കാറില്ലെടാ..
പക്ഷെ, എത്ര കളിയാക്കിയാലും നമുക്ക് പരസ്പരം ഒരു പാടിഷ്ടമായിരുന്നില്ലേ....
ഇപ്പൊ തോന്നുന്നു നമ്മൾ വളരേണ്ടിയിരുന്നില്ല.....
നമ്മൾ മാത്രമല്ല, അപ്പുവും ബാലയും ശ്രീക്കുട്ടിയും പ്രകാശും നന്ദിനിയും.. ആരും....
വളർന്നപ്പോൾ എന്തെല്ലാമാണ് നമുക്കു നഷ്ടമായത്.......
കാലം എന്തെല്ലാമാണ് നമുക്കു നഷ്ടപ്പെടുത്തിയത്.....
പിൻതിരിഞ്ഞു നോക്കുമ്പോൾ, ഓർമ്മകളുടെ അങ്ങേയറ്റത്തു, താളലയ മേളങ്ങളോടെ തെളിഞ്ഞുനിൽക്കുന്ന, ഈറൻ കാറ്റിന്റെ തണുപ്പും കൈതപ്പൂക്കളുടെ സുഗന്ധവുമുള്ള ഒരു ബാല്യകാലം നമുക്കും ഉണ്ടായിരുന്നില്ലേ...
മയിൽപ്പീലിയും വളപ്പൊട്ടുകളും കടലാസു തോണികളും നാരങ്ങാമുട്ടായിയുമെല്ലാം ഓർമ്മയിൽ അവശേഷിപ്പിയ്ക്കുന്ന,ഗൃഹാതുരതയുണർത്തുന്ന ഒരു കുട്ടിക്കാലം......
എന്തിനാണ് ഈശ്വരൻ നമ്മെ ഇത്രയും ദൂരം മുന്നോട്ടു നടത്തിയത്......
ഓ അതും ഒരനിവാര്യതയാണല്ലോ അല്ലേ. ?
ഇപ്പോൾ, ഇവിടെ, ഈ ഏകാന്തതയിൽ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ ആരോ എന്നെയൊരു തടവുകാരിയാക്കിയതു പോലെ......
ഞാൻ തനിച്ചു.... !!
ഈശ്വരാ................
മുമ്പൊക്കെ തൃസന്ധ്യയ്ക്ക് നിലവിളക്കു കത്തിച്ചാൽ പിന്നെ ഉമ്മറത്തേയ്ക്കു പോലും തനിച്ചു പോകാൻ ഭയന്നിരുന്ന ഞാനിപ്പോൾ.....
അനുവാദം കാത്തു നിൽക്കാതെ ഹൃദയത്തിലേയ്ക്ക് തിരയിളക്കിയെത്തുന്ന ഈ ഓർമ്മകൾ എന്നെ വല്ലാതെ ശല്യം ചെയ്യുന്നു മനു.......
പണ്ടു നീ പറയാറില്ലേ, നമ്മൾ വളർന്ന്, ഒരുപാട് വളർന്ന് ഒരു മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ആയിക്കഴിഞ്ഞാൽ, കുട്ടിക്കാലത്തെ ഈ ഓർമ്മകളെ താലോലിച്ചിരിയ്ക്കുന്നതു എത്ര രസമായിരിക്കുമെന്ന്.....
പക്ഷെ, ഒന്നിച്ചിരുന്നു ആ ഓർമ്മകൾ പങ്കുവയ്ക്കാൻ നീയിപ്പോൾ എന്റെയടുത്തു ഇല്ലല്ലോ....
ഞാൻ വീണ്ടും തനിച്ചായി !!
ഏകാന്തത എത്ര ഭയാനകമാണെന്നു നീ അറിയുന്നുണ്ടോ........ ??
എനിയ്ക്കു പേടിയാവുന്നു മനു.
ജീവിതത്തിൽ ഒരവസരത്തിലല്ലെങ്കിൽ മറ്റൊരിക്കൽ..... തീർച്ചയായും നമ്മൾ ഒറ്റയ്ക്കായിപ്പോവും അല്ലേ...... ?
എനിക്കിപ്പോൾ തീരെ വയ്യാതായിരിയ്ക്കുന്നു.
ഒന്നിനും ; ഒന്നു പൊട്ടിക്കരയാൻ പോലും !
എന്റെ മനസ്സും ശരീരവും അത്രമേൽ മരവിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
എങ്കിലും ചിലപ്പോഴൊക്കെ, മുറിവേറ്റു വിങ്ങുന്ന ഹൃദയത്തിന്റെ തേങ്ങൽ എനിയ്ക്കു കേൾക്കാം.
നീയുണ്ടായിരുന്നെങ്കിൽ, നിനക്കുമാത്രം കേൾക്കാൻ കഴിയുമായിരുന്ന തേങ്ങൽ....
എന്നും എന്നെ അറിഞ്ഞിട്ടുള്ളതു നീയായിരുന്നു, നീ മാത്രം.
എന്റെ സങ്കടങ്ങൾ അപ്പാടെ ഉൾക്കൊണ്ടതും എന്റെ കണ്ണീരൊപ്പിയതും 'സാരമില്ലടാ, ഞാനില്ലേ നിന്റെ കൂടെ' എന്ന് എന്നെ ഹൃദയത്തോടു ചേർത്തു പിടിച്ചു പറഞ്ഞതും നീയല്ലേടാ, നീ മാത്രമല്ലേ ?
കാലത്തിന്റെ ഏതേതു കൈവഴിയിലാണ് നമുക്കാ വസന്തകാലം നഷ്ടമായത്.......
ഓർക്കുന്തോറും കണ്ണുകളും മനസ്സും ഒരുപോലെ നിറയ്ക്കുന്ന ആ വസന്തകാലം..
എനിക്കെന്റെ അമ്മയെ ഓർമ്മവരുന്നു മനു.
തുളസിക്കതിരിന്റെ നൈർമല്ല്യമുളള ഒരോർമ്മ...... എന്റെ അമ്മ....... !
കഞ്ഞിപ്പശ മുക്കി ഉണക്കിയ നേര്യതിന്റെയും, കാച്ചെണ്ണയുടെയും പിന്നെ, തൈരിൽ കുഴച്ച ചോറുരുളയുടെയും ഓർമ്മ എന്നെ കരയിയ്ക്കുകയാണ്.
ഒരു ദീനക്കാരിയായിരുന്നിട്ടും ഞാനെന്നും അമ്മയുടെ ചെല്ലക്കുട്ടി തന്നെയായിരുന്നു.
പാവം അമ്മ !
കണ്ണീരും ഭസ്മക്കുറിയും മാത്രമായിരുന്നു എന്നും അമ്മയുടെ മുഖത്തെ അലങ്കാരങ്ങൾ.
ഞാനായിരുന്നോ എന്റെ അമ്മയുടെ വലിയ വേദന........ ???
ഇപ്പോ അമ്മയുണ്ടായിരുന്നെങ്കിൽ......
വേണ്ട, എന്നെ ഈ അവസ്ഥയിൽ കാണുന്നത് എന്റെ അമ്മ സഹിക്കില്ല.
അവരെല്ലാം നേരത്തേ പോയതു നന്നായി അല്ലേ ?
അപ്പുറത്തെ മുറിയിൽ ഡെങ്കിപ്പനി പിടിച്ചു കിടക്കുന്ന കുട്ടീടെ അമ്മ ചിലപ്പോഴൊക്കെ എന്റെ അടുത്തു വന്നിരിയ്ക്കും. അന്നേരം എനിക്കൊരു സുരക്ഷിതത്ത്വമൊക്കെ അനുഭവപ്പെടാറുണ്ട് ട്ടോ.
ഇന്നലെ, എന്റെ നെറ്റിയിൽ തലോടിക്കൊണ്ട് അവരു പറയാ, "പേടിയ്‌ക്കേണ്ട കുട്ട്യേ, എല്ലാം സുഖാവും"ന്ന്‌.
അപ്പോഴാണ്‌ ആ വാക്കിനെക്കുറിച്ച് ഞാനോർമ്മിച്ചത്.
നിനക്കു സുഖമല്ലേ ??
പണ്ടേപ്പോലെ കുസൃതി കാട്ടി തൊടിയിലും പുഴയോരത്തും ഓടി നടക്കാറുണ്ടോ നീയിപ്പോഴും.... ?
എന്നെ ഗ്രസിച്ചിരിയ്ക്കുന്ന ഈ ഭയാനകമായ ഇരുട്ടിൽ ചിലപ്പോഴൊക്കെ ആ നിഷ്ക്കളങ്ക ബാല്യത്തിന്റെ ചിത്രം ഒളിമിന്നി മറയാറുണ്ട്.
എന്നെ കരയിയ്ക്കാൻ വേണ്ടി മാത്രം.
പക്ഷേ, അപ്പോഴും സത്യമായിട്ടും മനൂ എനിക്കു കരയാൻ സാധിയ്ക്കാറില്ല.
മതി വരുവോളം ഒന്നു പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ, മനസ്സിൽ തിങ്ങി നിൽക്കുന്ന ഈ കണ്ണീർ മേഘങ്ങളൊന്നു പെയ്തൊഴിഞ്ഞിരുന്നെങ്കിൽ......
എങ്കിൽ എനിക്കെന്നെ തിരിച്ചു കിട്ടിയേനെ....
ഒരു പക്ഷേ ഇനിയൊരിക്കലും അതുണ്ടാവില്ല.
പുറത്തു ശക്തിയായി കാറ്റടിയ്ക്കുന്നുണ്ടല്ലോടാ.....
ജനൽ പാളികൾ ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കി വന്നടയുന്നു..മണ്ഡലക്കാലമാണോ ഇത്. ?
അല്ലല്ലോ....
പിന്നെന്താ ഇത്രയും കാറ്റ് ?
അതു കാറ്റല്ലേ ?
ആരോ ഉറക്കെ കരയുകയാണോ ?
അതോ മഴയാണോ.
അതേ........... അതു മഴയാണ്. !!
നിനക്കിഷ്ടപ്പെട്ട അതേ മഴ.......
ആർത്തലച്ചു പെയ്യുകയാണ്.
പെയ്യട്ടെ, പെയ്തു തീരട്ടെ, അതിന്റെ നൊമ്പരങ്ങൾ.
മനൂ, നീയിപ്പോഴും പത്രത്താളുകൾ വലിച്ചു കീറി കുഞ്ഞു വള്ളങ്ങളുണ്ടാക്കി മഴവെള്ളത്തിൽ ഒഴുക്കാറുണ്ടോ ?
മുറ്റത്തു തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ തല കുത്തി മറിഞ്ഞു കസർത്തു കാണിയ്ക്കാറുണ്ടോ..... ?
ചൂണ്ടയിടാനും തെറ്റാലി എറിയാനുമൊക്ക നീ തനിച്ചാണോ പോകുന്നത്.. ?
ഞാൻ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു നീ ഓർക്കാറുണ്ടോ അപ്പോഴൊക്കെ ?
മനു, നീയൊരു കാര്യമറിഞ്ഞോ ?
എന്റെ ചിന്തകൾക്കിപ്പോ പരസ്പരബന്ധം നഷ്ടമായിരിയ്ക്കുന്നു. മനസ്സിനു വേദന താങ്ങാൻ കഴിയാതെ വരുമ്പോൾ, ചിന്തകൾക്ക് പരസ്പരബന്ധം നഷ്ടമാവുമെന്ന് ഞാനിപ്പോഴാണ് അറിയുന്നത്.
ഇന്നു കാലത്ത് എന്നെ നോക്കാൻ വന്ന, ടാഗോറിന്റെ മുഖമുള്ള വയസ്സൻ ഡോക്ടർ ചോദിക്ക്യാ, എന്റെ പേരെന്താണെന്ന്. അതു പോലും എനിക്ക് ഓർമ്മയില്ലെടാ.
നിനക്കോർമ്മയുണ്ടോ എന്റെ പേരെന്താണെന്ന്. ?
എനിക്കിപ്പോൾ, കടും കറുപ്പു നിറമുള്ള മരണത്തെ മാത്രമേ ഓർമ്മയുള്ളൂ. ഞാൻ നോക്കി നോക്കി നിൽക്കേ, എന്റെ അമ്മയെ എന്നിൽ നിന്നും അടർത്തിക്കൊണ്ടു പോയ, കടും കറുപ്പു നിറമുള്ള മരണം.
അതിപ്പോഴും ഇവിടെ എവിടെയോ പമ്മിപ്പമ്മി നിൽപ്പുണ്ടെന്നു ഞാനറിയുന്നു.
ഞാനെപ്പോഴാണു മനൂ ഇങ്ങനെ അസ്ഥിത്വം പോലും നഷ്ടപ്പെട്ടവളായത് ?
എവിടെയാണ് എനിയ്ക്കെന്റെ മുഖം നഷ്ടമായത്. ?
എന്നു മുതലാണ് ആർക്കും എന്നെ വേണ്ടാതായതു ?
മനൂ, എനിക്കിപ്പോൾ ഉറക്കവും നഷ്ടമായിത്തുടങ്ങിയിരിയ്ക്കുന്നു. ഒരു രാത്രിയിലും എനിയ്ക്കുറങ്ങാൻ കഴിയുന്നില്ല......
കണ്ണടയ്ക്കുമ്പോൾ, തലയില്ലാത്ത കുറേ രൂപങ്ങൾ എന്റെ മുന്നിൽ നൃത്തമാടുന്നതു പോലെ തോന്നും.
പാദങ്ങൾ നിലം തൊടാതെ നൃത്തമാടുന്ന രൂപങ്ങൾ.
ചിലപ്പോഴൊക്കെ അവ എന്റെ കഴുത്തിൽ ശക്തിയായി ഞെരിയ്ക്കുന്നതു പോലെ തോന്നും........
എന്റെ സിരകളിൽ..... ഹൃദയത്തിൽ.....
വിരലുകളിൽ.... വേദന, കടുത്ത വേദന അരിച്ചിറങ്ങുന്നതു പോലെ തോന്നും.
ഇതാണോ മരണം......... ??
ഈശ്വരാ, ഇങ്ങനെയായിരിയ്ക്കരുതേ മരണമെന്ന് അപ്പോൾ ഞാൻ പ്രാർത്ഥിയ്ക്കും.
ആ നിമിഷം.....
ചന്ദനമണമുള്ള നിന്റെ വിരലുകളുടെ തണുപ്പ് ഒരു സാന്ത്വനമായി എന്നെ വന്നു പൊതിയും.
ഞാനിപ്പോഴും ജീവിച്ചിരിയ്ക്കുന്നുവെന്ന തിരിച്ചറിവുണ്ടാവുന്നതു അപ്പോഴാണ്‌.
ഇവിടെ വീണ്ടും മഴയുടെ ഇരമ്പൽ.
സംഗീതമായി പെയ്യുന്ന മഴ.. !!
ഇപ്പോൾ എന്റെ ചിന്താമണ്ഡലത്തിൽ മഴയുടെ സംഗീതം മാത്രമേയുള്ളൂ.
നിന്റെ ഓർമ്മ പോലും എനിയ്ക്കു നഷ്ടമാവുകയാണോ.. ?
നിന്നെ നഷ്ടപ്പെട്ടാൽ പിന്നെയെനിയ്ക്കു ജീവിതമുണ്ടോ..... ?
നീയുള്ളതു കൊണ്ടല്ലേ ഈ ദുരവസ്ഥയിലും ഞാൻ പിടിച്ചു നിൽക്കുന്നത്...
ഡോക്ടർമാരിൽ നിന്നും പ്രത്യാശയുടെ അവസാനകണികയും അടർന്നു വീണിട്ടും, ഈ ലോകത്തെവിടെയോ നീയുണ്ടെന്നുള്ള വിശ്വാസമല്ലേ വീണ്ടും വീണ്ടും ജീവിതത്തെ പ്രണയിയ്ക്കാൻ എന്നെ പ്രാപ്തയാക്കുന്നതു..
മനൂ, നീ ജീവിച്ചിരിയ്ക്കുന്ന ഈ ലോകം വിട്ട് എനിയ്ക്കെങ്ങും പോകണ്ട. ഒരു യമദേവനും ഞാൻ പിടി കൊടുക്കില്ല. എനിയ്ക്കു മരിയ്ക്കണ്ട മനൂ...
നീ എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണം.
എനിയ്ക്കു സുഖാവാനല്ല,
നീ ജീവിച്ചിരിയ്ക്കുന്ന ഈ ലോകത്ത്, നീ ജീവിച്ചിരിയ്ക്കുന്ന കാലമത്രയും എന്നെയും ജീവിപ്പിയ്ക്കണെ ഈശ്വരാ എന്ന്.
അത്ര മതി, അത്ര മാത്രം. !!
നീയെന്നാ എന്നെ കാണാൻ വരുന്നതു മനൂ. നിന്നോട് ഒരു പാടു സംസാരിയ്ക്കാനുണ്ട് എനിക്ക്..... ഒരു പാട് !
പണ്ടു തൃക്കാർത്തികയ്ക്ക് മൺചെരാതുകളിൽ ദീപങ്ങൾ തെളിയിയ്ക്കുമ്പോൾ, തിരുവാതിരക്കാലത്ത് തൊടിയിൽ ഊഞ്ഞാലു കെട്ടി ആടുമ്പോൾ, പിന്നെ.. നടുമുറ്റത്തേയ്ക്ക് ഒഴുകിയിറങ്ങുന്ന നിലാപ്പെയ്ത്തിൽ തനിയേ ഇരിയ്ക്കുമ്പോൾ.... ഒക്കെ ഒരുപാട് സംസാരിയ്ക്കാറില്ലേ നമ്മൾ. ?
പ്രാതലും അത്താഴവും വരെ വേണ്ടെന്നു വച്ച് എത്രയോ ദിവസങ്ങൾ, സംസാരിച്ചും
കളിച്ചും ചിരിച്ചും നമ്മൾ വിശപ്പു കെടുത്തി.
" ഇതിനും മാത്രം എന്താ ഈ കുട്ടികൾക്ക് പറയാനുള്ളതെന്റെ ഈശ്വരാ" എന്ന് എത്ര തവണ ശാരദേടത്തി പതം പറഞ്ഞിരിയ്ക്കുന്നു.
എവിടെ പ്പോയെടാ ആ നല്ല നാളുകൾ ?
എന്നും മാറോടണച്ചു പിടിയ്ക്കണമെന്ന് നമ്മൾ ഒരുപോലെ ആഗ്രഹിച്ച, സന്തോഷം മാത്രം നിറഞ്ഞു നിന്ന ആ നല്ല നാളുകൾ.
ഈശ്വരാ.....
ഒരിയ്ക്കൽ....... ഒരിയ്ക്കൽ മാത്രം നമുക്കൊന്നു പിൻതിരിഞ്ഞോടാൻ കഴിഞ്ഞെങ്കിൽ.....
മനൂ, ഇപ്പൊ എനിക്കു തോന്നുന്നു
നിന്നെ കാണാത്തതു കൊണ്ടാണ് ഞാനിത്രയ്ക്ക് അവശയായിരിയ്ക്കുന്നതെന്നു.
നീ വന്നാൽ.......
നിന്റെ കൈത്തലോടലേറ്റാൽ.....
ഇനിയും എനിയ്ക്കൊരു പുനർജ്ജനിയുണ്ടാവില്ലേടാ........
ആഹാ, നീ വരുന്നുണ്ടോ ?
പുറത്തൊരു കാൽപെരുമാറ്റം കേട്ട പോലെ.....
അല്ല, അതു നീയല്ല.
നിന്റെ കാലൊച്ച പോലും എനിയ്ക്കു ഹൃദിസ്ഥമാണെന്ന് നിനക്കറിയാമോ. ?
ഇതു പക്ഷേ ഒരുപാട് പേരുണ്ടല്ലോ ?
നോക്കൂ മനൂ, അത് ആ ടാഗോറിന്റെ മുഖമുളള വയസ്സൻ ഡോക്ടറും വേറെ ചിലരുമൊക്കെയാ.
നീ നോക്കിക്കേ, ഇവരെന്താ ഈ കാണിയ്ക്കുന്നേ...
മനു ഒന്നിങ്ങോട്ടു വരുന്നുണ്ടോ ?
ഇവരിതാ എന്റെ കയ്യിലേയും മൂക്കിലെയുമൊക്കെ റ്റ്യുബുകൾ അഴിച്ചു മാറ്റുന്നു.
ഇതൊക്കെ എടുത്തു മാറ്റിയാൽ ഞാൻ മരിച്ചു പോവൂലെ ?
നീയൊന്നു പറഞ്ഞേ ഇവരോട്.
നോക്കൂ മനൂ, ഡ്രിപ്സ്ന്റെ സ്റ്റാൻഡും ഇവർ ഒരു മൂലയിലേയ്ക്കു നീക്കി വച്ചു.
ഈ നേഴ്‌സുമാർക്ക്‌ യാതൊരു ദയയുമില്ലേ ?
അത്യാസന്ന നിലയിൽ കിടക്കുന്ന ഒരു രോഗിയോട് ഇവരെന്താ ഇത്ര ക്രൂരമായി പെരുമാറുന്നത്....
നീയുണ്ടായിരുന്നെങ്കിൽ ഇവരിങ്ങനെ ചെയ്യുമായിരുന്നോ ?
ആ ഡോക്ടർ പക്ഷെ, രണ്ടു തുള്ളി വെള്ളം എന്റെ ചുണ്ടിലേയ്ക്കു പകർന്നു തന്നു.
മനൂ, എത്ര നാളായെന്നോ ഞാൻ വായിലൂടെ വല്ലതും കഴിച്ചിട്ട്....
 വെള്ളത്തിനിപ്പോ എന്തൊരു സ്വാദാ..
പക്ഷെ പിന്നെ തന്നില്ല ട്ടോ.
മനൂ ദാ കണ്ടോ, അവരെന്റെ കൈകൾ രണ്ടും മടക്കി നെഞ്ചോടു ചേർത്തു വച്ചു.
കാലിന്റെ തള്ള വിരലുകൾ രണ്ടും ചേർത്തു ഒരു തുണിച്ചീന്തു കൊണ്ടു കെട്ടി.
എന്തിനാ ഇങ്ങനെയൊക്കെ.. ?
മനൂ, ദേ ആ ഡെങ്കിപ്പനി പിടിച്ച കുട്ടീടെ അമ്മ വാതിൽക്കൽ വന്നു നിന്നു എന്നെ നോക്കി വിതുമ്പിക്കരയുന്നു.
എല്ലാം സുഖാവുംന്നു പറഞ്ഞിട്ട്, ഇവരെന്തിനാ ഇപ്പൊ കരയുന്നെ.......
മനൂ ഇതു കണ്ടോ, ഡോക്ടർ എന്റെ കണ്ണുകൾ ഒന്നൂടെ അമർത്തിയടച്ചു.
എനിയ്ക്കു സങ്കടം വരുന്നുണ്ട് ട്ടോ.
ഞാനെപ്പോഴും കണ്ണടച്ചു കിടന്നിരുന്നത് ഉറങ്ങാനായിരുന്നില്ല, അകകണ്ണ് കൊണ്ടു നിന്നെ കാണാനായിരുന്നു.
നോക്കെടാ, ഇവരിതാ എന്റെ മൂക്കിനകത്തു പഞ്ഞിയെല്ലാം തിരുകി വയ്ക്കുന്നു.
അയ്യോ ദേ, ഒരു വെള്ള പുതപ്പു വലിച്ചു എന്റെ മുഖത്തേയ്ക്കിടുന്നു.
എനിയ്ക്കു ശ്വാസം മുട്ടില്ലേ.......
എന്നെ കൊല്ലുകയാണോ ഇവരെല്ലാം കൂടെ..... ?
മനൂ
എനിയ്ക്കു മരിയ്ക്കണ്ട, മരിയ്ക്കണ്ടടാ.
എനിക്കിനിയും ജീവിക്കണം.
നീ ജീവിയ്ക്കുന്ന ഈ ലോകത്ത്.
എനിയ്ക്കു നിന്നെ കണ്ടു മതിയായില്ല. നിന്നോടു സംസാരിച്ചു മതിയായില്ല.
നിന്നോടൊപ്പം ജീവിച്ചു മതിയായില്ല.
നിന്നെ സ്നേഹിച്ചു.....
സ്നേഹിച്ചു കൊതി തീർന്നില്ല..........

By
Sajna Shajahan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot