നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൊഴിഞ്ഞ ഇലകൾ


കൊഴിഞ്ഞ ഇലകൾ
 .................................
നാട്ടിൽ ലീവിൽ വന്നിട്ട് ഇന്നത്തേക്ക് ഒരു മാസം തികഞ്ഞിരിക്കുന്നു. ഇന്ദു ഇന്ന് തിരിച്ചു പോവുകയാണ്. അമ്മയും വല്യമ്മയും, ചേച്ചിമാരും, ചേട്ടന്മാരും അവരുടെ കുട്ടികളും ഒക്കെ ഉള്ളപ്പോൾ നാട്ടിൽ വന്നാൽ ഒരാഘോഷം തന്നെയായിരുന്നു. അമ്മയും വല്യമ്മയും മരിച്ചതോടെ, എല്ലാവരും അവരവരുടേതായ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടി. വല്ല്യമ്മയുടെ മകൻ, ഉണ്ണ്യേട്ടനും കുടുംബവും ഭാഗം വാങ്ങിപ്പോയി. തറവാട്ടിൽ ഇപ്പോൾ അനുജനും കുടുംബവും താമസിക്കുന്നു.
വീടിന്റെ മുൻവശത്തു നിന്നാൽ, വേട്ടെക്കരൻ കാവിന്റെ പുറകിലുള്ള മൂവാണ്ടൻ മാവ് കാണാം. ഏതോ ഒരു അമാനുഷിക ശക്തി തന്നെ വലിച്ചിഴക്കുന്ന പോലെ..., താനറിയാതെത്തന്നെ, ഇന്ദു ആ മാവിൻ ചുവട്ടിലേക്ക് നടന്നു. പടർന്ന് പന്തലിച്ചു നിൽക്കുന്ന ആ മാവിൽ ഇക്കൊല്ലവും നിറയെ മാങ്ങ ഉണ്ടായിട്ടുണ്ട്.
വാഴയില മുറിക്കാൻ വന്ന അനുജനോട് ഇന്ദു ചോദിച്ചു..,"ന്താ ഈ മാവിലെ മാങ്ങയൊന്നും പൊട്ടിക്കാത്തേ... ? എല്ലാം അണ്ണാൻ തിന്നുപോകയാണല്ലോടാ.."
"ആ മാവിൽനിറയെ പുളിയുറുമ്പാണ്, ഓപ്പളേ.. ,അതിൽ കയറാൻ ആരും തയ്യാറല്ല. എത്താവുന്നതെല്ലാം ഞാൻ തന്നെ വലത്തോട്ടി കൊണ്ട് പൊട്ടിക്കും..", അനുജൻ മറുപടി പറഞ്ഞു.
മാവിന്റെ കടക്കൽ നിന്നു തന്നെ തുടങ്ങുന്ന ഒരു തടിയൻ കൊമ്പിൽ ഇരുന്നു കൊണ്ട്, ഇന്ദു ആ മാവിലേക്ക് നോക്കി. തന്നെപ്പോലെ തന്നെ അതിനും വയസ്സായിരിക്കുന്നു..... ! ആ മാവ് നട്ടിട്ട് നീണ്ട 45 വർഷം കഴിഞ്ഞിരിക്കുന്നു...! തെക്ക് നിന്ന് വീശിയ തണുത്ത കാറ്റിൽ, അതിന്റെ ചില്ലകൾ ആടിയുലഞ്ഞു. അണ്ണാൻ കൊത്തിയ മൂന്നു നാലു മാങ്ങകൾ താഴെ കിടക്കുന്ന ഉണങ്ങിയ ഇലകളിൽ "ടപ്പ് " ന്ന് വീണു. ആ കാറ്റിൽ ആടിയുലയുന്ന ചില്ലകൾക്ക് അവളോടെന്തൊക്കേ യോ പറയാനുള്ളതുപോലെ... ! ശരിയാണ്.., ഒരു വിരുന്നുകാരിയെപ്പോലെ രണ്ടോ, മൂന്നോ വർഷങ്ങൾകൂടുമ്പോൾ മാത്രം വരുന്നതാൻ, ആ മാവിനേയും, അതിന്റെ ചുവട്ടിൽ ചില വഴിച്ച ബാല്യകാലത്തേയും മറന്നു പോയോ എന്ന് ചോദിക്കയായിരിക്കാം.....! ഇനിയൊരിക്കലും തിരിച്ചുവരാത്ത ആബാല്യത്തിലേക്ക് മനസ്സ് തിരിഞ്ഞ് ഓടിയപ്പോൾ, അതിനെ കടിഞ്ഞാണിട്ടു പിടിക്കാൻ ഇന്ദു പ്രയാസപ്പെട്ടു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു പൊങ്ങിയ നൊമ്പരങ്ങൾ അവളുടെ ശിരകളിലേക്ക് പടർന്നു കയറി...
.......... ........... .........
ഇന്ദുവും അവളുടെ ബാലേട്ടനും കൂടി ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നട്ടുപിടിപ്പിച്ചതാണ് ആ മാവ്. ആദ്യമായി അതിൽ തളിരിലകൾ കൂമ്പിട്ടപ്പോൾ രണ്ടു പേരും കൈകോർത്തു പിടിച്ച് തുള്ളിച്ചാടി. ആ മാവിൻ ചോട്ടിൽ വീടുവെച്ചു കളിച്ച ബാല്യത്തെ ഓർത്തപ്പോൾ ഇന്ദു അറിയാതെ ചിരിച്ചു പോയി.
ബാലേട്ടൻ.. ഇന്ദുവിന്റെ വല്യമ്മയുടെ മകൻ... പാവമായിരുന്നു... ഇന്ദുവായിരുന്നു ബാലേട്ടന്റെ ശക്തി.., സംരക്ഷക. കുട്ടിക്കാലം മുതലേ ബാലേട്ടന് എന്തൊക്കേയോ അസുഖങ്ങളുണ്ടായിരുന്നു. പെട്ടെന്ന് പനി വരും, മുഖമെല്ലാം നീരുവരും, ഇടക്ക് സഹിക്കാനാകാത്ത ശ്വാസം മുട്ടും. കഴിക്കാൻഎന്നും ഗോതമ്പു കഞ്ഞി മാത്രം...! ഇടക്ക് ബാലേട്ടൻ പറയും..." ക്ക് കഞ്ഞി കുടിച്ച് മടുത്തു, ഇന്ദു.., നീയ്.. ക്ക് കുറച്ചു തൈരു കൂട്ടിയ ചോറും, ഒരു കഷണം കടുമാങ്ങയും കൊണ്ടെത്തരോ...?" ഉച്ചക്ക് ആരും കാണാതെ, ഇന്ദു, ഒരു കൊച്ചു പാത്രത്തിൽ, തൈരും ചോറും കൂട്ടി, ഒരു കടുമാങ്ങാകഷണവും വെച്ച്, പടിഞ്ഞാറേ വളപ്പിലേക്ക് ഓടും. അവിടെയുള്ള വേട്ടെക്കരൻ കാവിന്റെ പിറകിൽ ഒളിഞ്ഞിരുന് ബാലേട്ടൻ അതു മുഴുവൻ കഴിക്കും. രണ്ടു പേരും പൊട്ടിച്ചിരിക്കും...
അപൂർവ്വമായി മാത്രം സ്കൂളിൽ പോകുന്ന ബാലേട്ടൻ, ഇന്ദുവിന്റെ ക്ലാസ്സിൽ തന്നെയാണ് പഠിച്ചിരുന്നത്. അവളോടൊപ്പം,ഒരേ ബഞ്ചിലിരിക്കുന്ന ബാലേട്ടനെ കണ്ട്, ആൺകുട്ടികൾകളിയാക്കും. അപ്പോൾ ഇന്ദു അവരോട് ദേഷ്യ പ്പെടും..., വഴക്കടിക്കും...
സ്കൂളിലെ ആനിവേഴ്സറിക്ക് ഇന്ദുവിന് കിട്ടിയ സമ്മാനങ്ങളെല്ലാം നോക്കിക്കൊണ്ട് ബാലോട്ടൻ പറയും.... "നീ ഡാൻസിലും, പാട്ടിലും ഒക്കെ ഒന്നാമൻ.. എത്ര സമ്മാനങ്ങളാ നിനക്ക് കിട്ടിയിരിക്കണേ..!ന്നെ ഒന്നിനും കൊള്ളില്ല..." തനിക്ക് ലഭിച്ച മെഡലുകളും ട് റോഫികളും ബാലേട്ടന് കൊടുത്ത് അവൾ പറയും.. " ഇതെല്ലാം ബാലേട്ടനുള്ള താണ്...." അപ്പോൾ ആ കണ്ണുകൾ തിളങ്ങുന്നത് കാണാം.
കാലം അവരിൽ മാനസികമായും, ശാരീരികമായും ഒരുപാട് വ്യതിയാനങ്ങൾ സൃഷ്ടിച്ചു... അവർ നട്ടു വളർത്തിയ മാവ് വളർന്നു പന്തലിച്ചു... ചോറും കറിയും വെച്ചു കളിച്ചിരുന്ന ആ മാവിൻ തണൽ, പഠിക്കാനും, കഥ പറയാനുo, കവിത ചൊല്ലാനുമുള്ള ഒരു പ്ലാറ്റ്ഫോമായി മാറി കഴിഞ്ഞിരുന്നു.
ഒമ്പതാം ക്ലാസ്സ് ആയപ്പോഴേക്കും ബാലേട്ടന്റെ ആരോഗ്യം തീരെ മോശമായി. ചാരു കസേരയിൽ തളർന്നു കിടക്കുന്ന ബാലേട്ടൻ ഇന്ദുവിന്റെ കൈ പിടിച്ച് പറഞ്ഞു..," എനിക്ക് എന്തെങ്കിലും സoഭവിച്ചാൽ നീ എന്തു ചെയ്യുo...?" നിറഞ്ഞൊഴുകിയ കണ്ണുകളോടെ അവൾ ബാലേട്ടന്റെ വായ പൊത്തിപ്പിടിച്ച് പറഞ്ഞു, "ബാലേട്ടാ.., അങ്ങനൊന്നും പറയല്ലേ..., ബാലേട്ടനൊന്നും വരില്ല..." ഒരു ശക്തി കിട്ടിയ പോലെ ബാലേട്ടൻ എഴുന്നേറ്റിരുന്നു. എന്നിട്ട് പറഞ്ഞു..," നീ പഠിച്ചൊരു ഡോക്ടറാകണം.. വെള്ള കോട്ടും, കഴുത്തിൽ സ്റ്റെതസ്കോപ്പും ഇട്ട് നീ എന്റെ മുന്നിൽ വന്നു നിൽക്കുന്നത് എനിക്ക് കാണണം...., പിന്നെ നിന്റെ കല്ല്യാണ0..!" മുഖത്തോടുമുഖം നോക്കിയിരുന്ന അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഒമ്പതാം ക്ലാസ്സിലെ അരക്കൊല്ല പരീക്ഷ കഴിഞ്ഞ സമയം...., ഒരിക്കലും സംഭവിക്കരുതെന്ന് കൊതിച്ച ആ ദിവസം.. ! ബാലേട്ടന് പനി കൂടി, വല്ലാത്ത ശ്വാസതടസ്സം... !. പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മൂന്നു ദിവസം എല്ലാരും ഉറക്കമിളച്ച് പ്രാർത്ഥിച്ചു... ! ബാലേട്ടനെ കാണാൻ ഡോക്ടർ ആരേയും അനുവദിച്ചില്ല. ഇടക്ക് അദ്ദേഹം പുറത്ത് വന്നപ്പോൾ ചോദിച്ചു, " ആരാ ഇന്ദു? ആ കുട്ടികണ്ണു തുറന്നാൽ ഇന്ദൂ... ഇന്ദൂ ന്ന് വിളിക്കുന്നുണ്ടല്ലോ.... "?
ഉണ്യേട്ടൻ ഇന്ദുവിനെ ചൂണ്ടിക്കാട്ടി പറഞ്ഞു, "ദാ, ഇവളാണ്, അവന്റെ അനുജത്തിയാണ് " . ഡോക്ടർ പറഞ്ഞു, "ഇന്ദു മാത്രം അകത്തേക്ക് വരൂ. അവിടെ ഒച്ച വെച്ച് കരയുകയോ, അധികം സംസാരിക്കയോ അരുത് ".
ഇന്ദു ബാലേട്ടന്റെ അടുത്ത് പോയിരുന്നു..., ശക്തിയായ പനിയിലും വിറങ്ങലിച്ചു കൊണ്ടിരിക്കുന്ന ബാലേട്ടന്റെ കൈകൾ കൂട്ടിപ്പിടിച്ചു...., പളുങ്കുമണികൾ പോലെ ഒലിച്ചിറങ്ങിയ കണ്ണുനീർ മറയ്ക്കാൻ അവൾ പ്രയാസപ്പെട്ടു....! ദയനീതയോടുള്ള ബാലേട്ടന്റെ നോട്ടം....! ആ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ അവൾ തുടച്ചു. അവളുടെ കൈകൾ നെഞ്ചോട് ചേർത്തുവെച്ച് ബാലേട്ടൻ അവളെ വിളിച്ചു..,"ന്ദൂ....ന്ദൂ..." ബാലേട്ടന്റെ നെറ്റിയിൽ മെല്ലെ തലോടിക്കൊണ്ട് അവൾ പറഞ്ഞു,, "ഞാനിവിടെത്തന്നെയുണ്ട് ബാലേട്ടാ..., ബാലേട്ടൻ ഉറങ്ങിക്കോളൂ... ". അങ്ങിനെ തലോടി ഇരുന്നപ്പോൾ ബാലേട്ടൻ മെല്ലെ ഉറങ്ങാൻ തുടങ്ങി....
മുറിയിൽ നിന്നും പുറത്ത് വന്നപ്പോൾ ഉണ്ണ്യേട്ടൻ പറഞ്ഞു...," നിങ്ങളെല്ലാരും വീട്ടിലേക്ക് പൊയ്ക്കോളൂ.., ഇവിടെ നിന്നാലും ആരേയും മുറിക്കുള്ളിൽ കയറ്റില്ല ".
വീട്ടിൽ തിരിച്ചെത്തിയിട്ടും ആരും ആരോടും തന്നെ സംസാരിച്ചില്ല, ശ്വാസം മുട്ടിയ്ക്കുന്ന നിശ്ശബ്ദത:..., അന്നു രാത്രി കിടന്നിട്ട് ഇന്ദുവിന് ഉറക്കം വന്നില്ല.
പാതി തുറന്നു കിടക്കുന്ന ജനൽപ്പാളികളിലൂടെ സൂര്യരശ്മികൾ മുഖത്തടിക്കാൻ തുടങ്ങിയപ്പോൾ ഇന്ദു പിടഞ്ഞെണീറ്റു. സമയം ഏഴു മണികഴിഞ്ഞിരിക്കുന്നു. വീട്ടിൽ എല്ലാരും ഉണർന്നിരിക്കുന്നു. പെട്ടെന്ന് വീട്ടുപടിക്കൽ ഒരു വണ്ടിയുടെ ശബ്ദം! ജനലിലൂടെ അവൾ പുറേത്തക്ക് നോക്കി - ആംബുലൻസ്....! നെഞ്ചിൽ നിന്നും ഒരു തീനാളം ഉയർന്നു പൊങ്ങുന്ന പോലെ. ഉണ്ണ്യേട്ടനും, മറ്റു മൂന്നു പേരും ചേർന്ന്, വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നൂ...! അതെ..., അത് ഇന്ദുവിന്റെ ബാലേട്ടന്റേതായിരുന്നു...!
മേലടുക്കളയിൽ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ, ആ വെള്ളത്തുണിക്കെട്ട് കൊണ്ടുവന്നു വെച്ചു...., ശാന്തമായി സുഖനിദ്രയിലാണ്ടുകിടക്കുന്ന ഇന്ദുവിന്റെ ബാലേട്ടൻ....! അവൾ ഓടിച്ചെന്ന് ആ കാലുകൾ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പിന്നെ ഒരു തരം മരവിപ്പ്....., ബാലേട്ടനേയും നോക്കി ഒരു ജീവശവം പോലെ അവൾ ആ കാൽക്കൽ തന്നെ ഇരുന്നു.., പിന്നെ ഒന്നും ഓർമ്മയില്ല.... ! പിന്നെ കണ്ണു തുറന്നു നോക്കുമ്പോഴേക്കും, ആ മൃതശരീരം അടക്കം ചെയ്തു കഴിഞ്ഞിരുന്നു......,, ആ മാവിൻ ചുവട്ടിൽ...., അതെ...., അവർ നട്ടു വളർത്തിയ ആ മാവിൻ ചുവട്ടിൽ....!
.......... ........... .......
വർഷങ്ങൾ പലതും പിന്നിട്ടു...., എത്ര ശ്രമിച്ചിട്ടും, ആ ഓർമ്മകളിൽ നിന്ന് ഇന്ദുവിന് രക്ഷപ്പെടാനായില്ല... എല്ലാ ദിവസവും അവൾ ആ കുഴിമാടത്തിൽ ഒരു കൈത്തിരികത്തിച്ചു വെച്ചു. മനസ്സ് അസ്വസ്ഥമാകുമ്പോൾ അവൾ ആ കുഴിമാടത്തിനടുത്ത് വന്നിരിക്കും. ചെറിയ കുളിർമ്മയുള്ളകാറ്റിൽ, ആ മാവിൻ ചില്ലകൾ ആടിയുലയുമ്പോൾ, അവ തന്നെ ആശ്വസിപ്പിക്കുകയാണോ എന്നവൾക്ക് തോന്നി.... !
ബാലേട്ടന്റെ ആഗ്രഹം പോലെ ഇന്ദു ഒരു ഡോക്ടറായി. ആദ്യം ജോലി കിട്ടിയ ദിവസം --വെള്ള കോട്ടും,സ്റെറതസ്ക്കോപ്പും അണിഞ്ഞ് അവൾ ആ കുഴിമാടത്തിൽ ചെന്നു നിന്നു. കൊഴിഞ്ഞു വീണ മാവിലകൾ മാറ്റി, ഇന്ദു ഒരു തിരികത്തിച്ചു വെച്ച് നമസ്ക്കരിച്ചു,, അവളുടെ കണ്ണുനീർ വീണ്, ബാലേട്ടന്റെ പാദങ്ങൾ നനഞ്ഞു പോയോ എന്നവൾക്ക് തോന്നി. ബാലേട്ടൻ അവളെ അനുഗ്രഹിച്ചിട്ടുണ്ടായിരിക്കാം..! ആ മാവ് എല്ലാത്തിനും സാക്ഷ്യം വഹിച്ചു...!
വീണ്ടും എത്രയോ വർഷങ്ങൾകടന്നു പോയിരിക്കുന്നു.....! അങ്ങകലെ തന്റെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും, ഇന്ദു ബാലേട്ടനെ കുറിച്ചോർക്കാത്ത നാളുകളില്ല....
ഇന്നിതാ.., നീണ്ട 5 വർഷങ്ങൾക്കു ശേഷം, ഇന്ദു വീണ്ടും ആ മാവിൻ ചുവട്ടിൽ നിൽക്കുകയാണ്. കാലം മാവിനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൊഴിഞ്ഞ ഇലകൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. കുറച്ചു നേരം അവൾ ആ കുഴിമാടത്തിനരികെ ഇരുന്നു. അറിയാതെ അവളുടെ കൈകൾ ആകുഴിമാടത്തിൽ തടവിക്കൊണ്ടിരുന്നു
"അമ്മൂമ്മേ...", മൂന്നു വയസ്സുകാരി, ധന്യ, ഇന്ദുവിനെ വിളിച്ചു കൊണ്ട് ഓടി വന്നു
അവളുടെ മനസ്സ് പിറുപിറുത്തു...,
"ഇതു കണ്ടോ..., ബാലേട്ടാ..., ഇവൾ എന്റെ പേരക്കുട്ടിയാണ്....! ബാലേട്ടാ.., ഞാനിന്ന് തിരിച്ചു പോവ്വാ.., ഇനി എന്നു വരുമെന്നൊന്നും നിശ്ചല്യ....".
ധന്യ മോൾ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു...," വരൂന്നേ അമ്മൂമ്മേ....., നമ്മക്ക് പോകാനുള്ള കാറ് വന്നു.... ".
ധന്യ മോളുടെ കൂടെ തിരക്കിട്ട് നടക്കുന്നതിനിടയിൽ അവൾ ഒന്നു തിരിഞ്ഞു നോക്കി...,തളർന്ന്, ദയനീയതയോടെ തന്നെ നോക്കുന്ന ബാലേട്ടന്റെ മുഖം..., "നീ എന്നെ ഇട്ടേച്ച് പോവ്വാണോ.. "? എന്ന് ചോദിക്കുന്ന പോലെ ഇന്ദുവിന് തോന്നി... ! ഗദ്ഗദങ്ങൾ ഉള്ളിലൊതുക്കിക്കൊണ്ട് അവളുടെ മനസ്സ് മന്ത്രിച്ചു....," ഇല്ല ബാലേട്ടാ..., ഞാനിനിയും വരും... " !
........... *.............. *.............
Ambika Menon,
23/03/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot