പിണക്കവും ഇണക്കവും..
....:.........................................
....:.........................................
വല്ലാത്ത തലവേദനയും ജലദോഷവും. അത് തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ളത് പോയിട്ട് ശരീരത്തിലുള്ളത് തന്നെ കാണാൻ പറ്റില്ല... കെട്ടിയോളെ കൊണ്ട് ഒരു ചുക്കുകാപ്പി ഉണ്ടാക്കിച്ച് കുടിക്കാം എന്ന് കരുതി വീട്ടിലേക്ക് നടന്നു.
സിറ്റൗട്ടിൽ തന്നെയുണ്ട് ആകാശവാണി സൽമത്തയും അവളും." ഇന്നെന്താ മനാഫെ നേരത്തെ സമയം ഒമ്പത് മണി ആയതല്ലേ ഒള്ളൂ. ഇന്ന് എത്ര വണ്ടികൾ പോയി റോഡിലൂടെ ?.. അതിന്റെ കണക്ക് എടുക്കാനാണല്ലോ നീയും ജബ്ബാറിക്കയും ഒക്കെ അവിടെ പോയി കുത്തിയിരിക്കുന്നത്".. സൽമത്തയുടെ വകയാണ്..
തലവേദന കാരണം ഒന്നും മിണ്ടാനും വയ്യ.. എന്നാലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതി കഴിയുന്ന പോലെ ഞാൻ പറഞ്ഞു."അതെയ് നിങ്ങള് എന്തിനാ ഏത് സമയം നോക്കിയാലും ഇവിടെ ഇങ്ങനെ സൊറ പറഞ്ഞിരിക്കുന്നത്. അത് പോലെ തന്നെയാണ് ഞങ്ങൾ ആണുങ്ങൾക്കും എന്തെങ്കിലും ഒക്കെ മിണ്ടിപ്പറയാനാണ് ഈ ഓവുപാലങ്ങളും റോഡ് സൈഡുമൊക്കെ.. മനസ്സിലായോ?..
അന്നോട് തർക്കിച്ചാൽ ജയിക്കൂല മകനേ എന്ന് പറഞ്ഞ് മൂപ്പത്തിയാര് മെല്ലെ സ്കൂട്ടായി. സത്യത്തിൽ ഇത്തവണ ലീവിന് വന്നതിൽ പിന്നെ അവനും ഒരു ബി.പി ആയി എന്നുള്ള ചങ്ങാതിമാരുടെ അഭിപ്രായം ഒന്ന് മാറ്റിയെടുക്കണം എന്ന ഒരു ഗൂഡ ഉദ്ധേശം കൂടി ഉണ്ട് രാത്രി കുറച്ച് നേരം അവരുടെ കൂടെ ചിലവഴിക്കുന്നതിൽ..
അവളോട് ചുക്കുകാപ്പി ഉണ്ടാക്കാൻ പറയാൻ തുടങ്ങുമ്പോഴാണ് ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൾ അടുത്ത വീട്ടിൽ നിന്ന് വന്നത്.
" അതെയ് ഉമ്മച്ചീ സന മോളുടെ പൊരേൽ ഒക്കെ ഓളെ ഉപ്പച്ചി ആണല്ലോ ചപ്പാത്തി ചുടുന്നത്.. ഈ ഉപ്പച്ചിക്ക് ഒന്നും ഉണ്ടാക്കാൻ വെയ്ക്കൂല ല്ലേ?"... ചങ്കിടിപ്പോടെയാണ് ഞാനാ പറച്ചിൽ കേട്ടത്.. ഇത് കേട്ട കെട്ടിയോളുടെ മുഖത്ത് ഉരുണ്ട് കയറിയ കാർമേഘങ്ങൾ കണ്ട് എന്റെ തലവേദന കൂടി..
"ഉണ്ടാക്കാൻ അറിയാണോണ്ടൊന്നുമല്ല മോളൂ. അതിന് കെട്ടിയ പെണ്ണിനോട് കുറച്ച് സ്നേഹം വേണം. അത് ഈ മനുഷ്യന് ഇല്ല.. അവൾ തുടങ്ങി ... ഇനിയിപ്പോൾ ഇന്ന് ചുക്കുകാപ്പി പോയിട്ട് പച്ചവെള്ളം അവളുടെ കൈ കൊണ്ട് കിട്ടുമെന്ന് കരുതേണ്ട.നേരത്തെ നാല് മണിക്ക് എന്തോ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തെറ്റിയ താണ്.. അത് തീർക്കാതെയാണ് റോഡിലേക്കിറങ്ങിപ്പോയത്.. അതിന്റെ കലിപ്പും ഉണ്ട്..
കുറച്ച് കാലം മുമ്പ് ഗൾഫിൽ ആയിരുന്നപ്പോൾ വിളിക്കുമ്പോളുള്ള സ്ഥിരം വർത്താനമായിരുന്ന് ഇത്. അടുത്ത വീട്ടിലെ ജാബിർ ഒരു കൊല്ലമായപ്പോഴേക്കും വന്നു.. അവളുടെ മാമൻ എട്ട് മാസം കഴിഞ്ഞപ്പോൾ വന്നു.. നിങ്ങള് രണ്ട് കൊല്ലമായിട്ടും വരാനായില്ലല്ലോ?... സ്നേഹം വേണം .. സ്നേഹം..
അവസാനം സഹികെട്ടാണ് ഞാൻ പറഞ്ഞത്. ,"സ്നേഹം ഒരു കലത്തിലിട്ട് വേവിച്ചാൽ ചോറും കറിയും ആകൂല. അത് പോലെ ഒരു കവറിൽ ഇട്ട് ബേങ്കിലും കൊണ്ട് കൊടുക്കാൻ പറ്റൂല്ല.( വീട് പണിക്ക് എടുത്ത ലോൺ ഉണ്ട് ).... അന്നത്തോടെ ആ വർത്താനം നിന്നതാണ്.. ഇന്ന് വീണ്ടും തുടങ്ങിയിരിക്കുന്നുരിക്കുന്നു..
"എന്താ ഉമ്മച്ചി ഈ സ്നേഹം"...
അണക്ക് ആരാ ചോറ് വിളമ്പിത്തരല്. സ്കൂളിൽ പോകുമ്പോൾ ഉടുപ്പ് മാറ്റിത്തരല്. മിഠായി വാങ്ങാൻ പൈസ ഞാനല്ലേ തരാറ്. ഈ വളയും മാലയും ഉടുപ്പുകളും ബേഗും ഒക്കെ ഞാനല്ലേ വാങ്ങിത്തന്നത് ... അതൊക്കെ എനിക്ക് നിന്നോട് ഉള്ള സ്നേഹം കൊണ്ടാണ്...
അതൊക്കെ ഞാൻ അയച്ച് തരുന്ന പൈസ കൊണ്ടാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. മോള് വിശ്വസിക്കൂല.. എല്ലാം ഒരു യൂണിയനാ.. വർഷങ്ങൾക്ക് ശേഷം വിരുന്നുകാരനായി കയറി വരുന്ന പാവം പ്രവാസി ഈ ഞാൻ.
അവളുടെ പറച്ചില് കൂടി കേട്ടപ്പോൾ മോള് എന്നെ ഒരു വല്ലാത്ത നോട്ടം.. എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്..
,"ഇന്നോടും സ്നേഹമില്ല അല്ലേ ഉപ്പച്ചിക്ക്."
"അതിന് ആരോടും ഇല്ല മോളേ.. സ്നേഹമുണ്ടെങ്കി ഇങ്ങനെയൊക്കെ ചെയ്യുമോ,"?..
ഇനി പിറകെ വരും ബാക്കി പഴങ്കഥകൾ.. കല്യാണം കഴിഞ്ഞ അന്ന് മുതലുള്ള കഥകൾ.കഴിഞ്ഞ തവണ വന്നപ്പോൾ പെരുന്നാളിന് അവളെ വിരുന്നിന് പറഞ്ഞയച്ച് കൂട്ടുകാരുടെ കൂടെ ടൂറ് പോയത് മുതൽ വർഷങ്ങൾ പഴക്കമുള്ള, എന്റെ ഓർമ്മയിൽ പോലും ഇല്ലാത്ത പല പല സംഭവങ്ങൾ. ഓരോന്ന് ഓർത്ത് വെച്ച് അവസരം കിട്ടുമ്പോൾ എടുത്ത് കാച്ചാൻ വേണ്ടി മറക്കാതെ മനസ്സിലിട്ട് കൊണ്ട് നടക്കുന്നവ.
പടച്ചവനെ.. എന്റെ തലവിധി.. അല്ല തല വേദന.
ഞാൻ ഒരു ആശ്വാസത്തിനായി ചുറ്റും നോക്കി. ചെറിയ മോൻ ഒരു വടിയും പിടിച്ച് ഇരുന്ന് കളിക്കുന്നുണ്ട് ഒരു മൂലയിൽ. മെല്ലെ അവന്റെ അടുത്ത് ചെന്ന് അവനെ എടുക്കാൻ നോക്കിയപ്പോൾ വടി കൊണ്ട് തലക്ക് ഒറ്റ വീക്ക്. അടിയുടെ ഇടയിൽ അവൻ പിറുപിറുക്കുന്നത് അവ്യക്തമായി ഞാൻ കേട്ടു.
,"ഞാനാണ് ഉച്ചക്ക് കിടക്കീൽ ചീച്ചി പാത്തിയത് ന്ന് ഉപ്പച്ചി പറഞ്ഞിലേ...
അവന്റ നിൽപും ഭാവവും കണ്ട് കടന്നല് കുത്തിയത് പോലെയുള്ള കെട്ടിയോളുടെ മുഖത്തും ചിരി വന്നു.
"അങ്ങനെ വേണം" . ഉമ്മയും മോളും കൈ കൊട്ടി ചിരിക്കുകയാണ്. അവരുടെ ചിരി കണ്ട് മോനും കൂടെ കൂടി .. എന്തായാലും വയസ്സ് കാലത്ത് ചിലപ്പോൾ അവന്റെ കൈയ്യിൽ നിന്ന് വാങ്ങേണ്ടി വരുന്ന തല്ല് ഇപ്പോഴേ കൊണ്ട് തുടങ്ങുന്നത് നല്ലതാണെന്ന് കരുതി ഞാനും സമാധാനിച്ചു. എനിക്ക് ഒന്ന് കിട്ടിയത് കണ്ടിട്ടാണെന്ന് തോന്നുന്നു അവളുടെ ദേഷ്യവും ചെറുതായിട്ട് മാറി എന്ന് തോന്നുന്നു.
"ഇവനെ കുറച്ച് നേരം നോക്കിക്കാണിം ഞാൻ മീൻ പൊരിക്കട്ടെ...
കൈയിൽ വടിയുമായി നിൽക്കുന്ന അവനെ ഞാൻ ദയനീയായി നോക്കി.
"എനിക്ക് ചോറും വേണ്ട ഒന്നും വേണ്ട .തലവേദന എടുത്തിട്ട് വയ്യ"...
"തലവേദന ഉണ്ടെങ്കി വന്നപാടെ പറഞ്ഞുടെ.. അഞ്ച് മിനിറ്റ് ട്ടൊ.. ഞാൻ ചുക്കുകാപ്പി ഉണ്ടാക്കി ത്തരാം. കുറച്ച് വെള്ളം ചൂടാക്കട്ടെ. വിക്സ് ഇട്ട് ആവി പിടിക്കേം ചെയ്യാം"....
എല്ലാം ശുഭം.. ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ പിണക്കങ്ങൾ മാറാൻ ഒന്നും ഒരു പണിയുമില്ല.
മൻസൂർ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക