വാദിയും പ്രതിയും പിന്നെ തൊണ്ടിമുതലും !!
ഒരു ഞായറാഴ്ച, നട്ടുച്ചയ്ക്ക് സൂര്യന്‍ വെട്ടിത്തിളങ്ങി നിക്കണ സമയം. മോള് പതിവുള്ള ചിത്രരചനയില്‍ ആയിരുന്നു. പ്രതലം "വീടിന്‍റെ ബാക്കിയുള്ള ചൊമരും". അന്നേരം ആണ് ഒരു ഫോണ്‍കോള്‍, സൗദിയില്‍ നിന്ന് അച്ഛനാണ് വിളിയ്ക്കുന്നത്. അവള്‍ടെ അമ്മ ഫോണവള്‍ക്ക് നേരെ നീട്ടീട്ടും, സൃഷ്ടിയുടെ പേറ്റുനോവില്‍ ആയിരുന്നതിനാല്‍ അവള്‍, അതവഗണിച്ചു. അമ്മ വീണ്ടും നിര്‍ബന്ധപൂര്‍വ്വം ആ ഫോണുമായി അവളെ സമീപിച്ചു. അവള്‍ ശരീരമാകെ ഒന്നു കുടഞ്ഞേ ഉള്ളൂ, അമ്മേടെ കണ്ണില്‍ ഇരുട്ട് കയറി. കയറിയ ഇരുട്ട് തിരിച്ചിറങ്ങാതിരിക്കാനെന്നോണം കണ്ണ് പൊത്തിപ്പിടിച്ച് അമ്മ ഓടിച്ചെന്ന് അച്ഛമ്മയോട് "അമ്മേ, എന്‍റെ ദീ കണ്ണിലെ കൃഷ്ണമണി അവിടെത്തന്നെ ഒണ്ടോ...." അച്ഛമ്മ നോക്കീട്ട് പറഞ്ഞു "കൃഷ്ണമണി അവിടന്നെ ഉണ്ട്, പക്ഷെ അതിന്റടുത്ത് വേറെ ഒരു കൃഷ്ണമണി കൂടി ഉണ്ടായീട്ടുണ്ട്."
മകളുടെ കൈയില്‍ ഇരുന്നിരുന്ന പെന്‍സിലിന്‍റെ പുറകുവശം ആയിരുന്നു, കണ്ണില്‍ കേറിയ ആ ഇരുട്ട്.
ഞായറാഴ്ച്ചയായതിനാല്‍ കണ്ണൊന്ന് കാണിയ്ക്കാന്‍ വല്ല വഴിയുമുണ്ടോ, കണ്ണല്ലേ വേറെ എങ്ങും കാട്ടീട്ട് കാര്യോമില്ലല്ലോ... ഒടുക്കം ഒരാശുപത്രിയില്‍ വിളിച്ചു... കിട്ടി, അവരു ചോദിച്ചു, "ഞങ്ങള്‍ അടയ്ക്കാന്‍ നിക്കാ, നിങ്ങളെപ്പോ എത്തും ??"
മോള്‍ടമ്മ പറഞ്ഞു, "അയ്യോ ഞങ്ങള്‍ ദേ ഇറങ്ങി അര മണിക്കൂറായി, ഇനീം നേരത്തേ ഇറങ്ങണോ??"
മോളെ അച്ഛാച്ഛന്‍റെയടുക്കല്‍ നിര്‍ത്തീട്ടു പോയാല്‍, വീട് അവള്‍ടെ കാലിന്‍ചുവട്ടിലെ കാളിയന്‍ ആകും എന്നതിനാലും, അച്ഛനു ചെവിയില്‍ വയ്ക്കാനൊരു ചെമ്പരത്തിപ്പൂ അവിടെങ്ങും കിട്ടാത്തതിനാലും അവളെയും കൂടെ കൂട്ടി.
അങ്ങനെ ചരിത്രത്തിലാദ്യമായി, വാദിയും പ്രതിയും തൊണ്ടിമുതലും (പെന്‍സില്‍), വക്കീലിനൊപ്പം (അച്ഛമ്മ) ഒരേ വാഹനത്തില്‍ ഡോക്ടറെ കാണാനിറങ്ങി.
എന്തായാലും ദൈവകൃപയാല്‍ സാരമായൊന്നും പറ്റിയില്ല, ഇതിനു മുമ്പ് കുത്തിയതെല്ലാം ചേര്‍ത്ത് ഇപ്പൊ സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നോണം, കൃഷ്ണമണിക്ക് ചുറ്റും പാടുകള്‍ ആണെന്നതൊഴിച്ചാല്‍.....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
#krishnacheratt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക