Slider

പ്രതിഫലം

0

പ്രതിഫലം
രാജീവന്‍ വളരെ ഉത്സാഹത്തിലാണ്. തന്‍റെ അരാദ്ധ്യപുരുഷനായ സ്വാമിജിയുടെ അനുഗ്രഹാശിസ്സുകളോടെ അദ്ദേഹത്തിന്റെ് ശിഷ്യന്മാര്‍ ആരംഭിക്കുന്ന ഒരു പുതിയ ടി വി ചാനലിന്‍റെ ഉദ്ഘാടനമാണിന്ന്‍. ഉദ്ഘാടനം സ്വാമിജി തന്നെ. വേറെ മഹദ് വ്യക്തികള്‍, പണ്ഡിതന്മാര്‍ തുടങ്ങിയവരൊക്കെ വരുന്നുണ്ടാകും. അവരെയൊക്കെ കാണാനും അനുഗ്രഹം വാങ്ങാനും സാധിക്കുമെങ്കില്‍ നന്നായി.
രാജീവന് സന്തോഷമാകാന്‍ വേറെ കാര്യം കൂടിയുണ്ട്. സ്വാമിജി പുതിയ ചാനലിന്റൊ ലോഗോ ഉണ്ടാക്കാന്‍ അയാളെയാണ് ഏല്പിച്ചത്. തന്നിലെ കലാവാസന ഉണര്‍ത്തി യത് സ്വാമിജിയാണ്. വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആശ്രമം നടത്തുന്ന കോളേജില്‍ പഠിക്കാന്‍ ചെന്നത് മുതല്‍ സ്വാമിജിയെ ദര്ശിടക്കാന്‍ ദിവസവും പോകാറുണ്ട്. അദ്ദേഹത്തിന് രാജീവനോട് എന്തോ വാത്സല്യമുള്ളതായി അനുഭവപ്പെട്ടിട്ടുമുണ്ട്. തന്നില്‍ അത്രയേറെ വിശ്വാസമുള്ളത് കൊണ്ടാകണം വേറെ എത്രയോ നല്ല കലാകാരന്മാരുണ്ടായിട്ടും അദ്ദേഹം ഈ ജോലി തന്നെത്തന്നെ ഏല്പിച്ചത്.
അദ്ദേഹം രാജീവനെ ആ ദൌത്യം എല്പിച്ചതുമുതല്‍ അതിനുള്ള ശ്രമമായിരുന്നു അയാളുടേത്. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ധാരാളം പുസ്തകങ്ങള്‍ വായിച്ചു, പ്രസിദ്ധരായ കലാകാരന്മാരുടെ ഉപദേശങ്ങള്‍ തേടി, ധാരാളം സ്ഥലങ്ങള്‍ - വിദേശരാജ്യങ്ങള്‍ പോലും - സന്ദര്‍ശിച്ചു. ആ അന്വേഷണം മാസങ്ങളോളം നീണ്ടു. കുറെ ഐഡിയകള്‍ ചെയ്തുനോക്കി. സ്വാമിജിയെക്കാണിച്ചപ്പോള്‍ പൂര്ണ്ണുത്രുപ്തിയുള്ളതായി തോന്നിയില്ല. അതുകൊണ്ടവയെല്ലാം ഉപേക്ഷിച്ചു.
ഒടുവില്‍ തന്‍റെ തപസ്സിനു ഫലം കണ്ടെത്തി. മനസ്സിനിഷ്ടപ്പെട്ട ഒരെണ്ണം വരച്ചു. സ്വാമിജിയെക്കാണിച്ചപ്പോള്‍ അദ്ദേഹത്തിനും തൃപ്തിയായി. അദ്ദേഹം പറഞ്ഞു “നന്നായിട്ടുണ്ട്. തന്‍റെ കുഞ്ഞിനെ ഓമനിക്കുന്ന അച്ഛനെപ്പോലെയുണ്ട്.” രണ്ടുകയ്യും രാജീവന്‍റെ തലയില്‍ വെച്ചനുഗ്രഹിച്ചു. ശിഷ്യന്മാരോട് ഈ ലോഗോ ഉപയോഗിക്കാനും പറഞ്ഞു.
അവര്‍ക്കും ഇഷ്ടക്കേടോന്നും തോന്നിയില്ല. എല്ലാവരും രാജീവനെ അഭിനന്ദിച്ചു. ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തു. അമ്മയെയും അച്ഛനെയും കൂട്ടി ചടങ്ങിനു വരണമെന്നും ഒരു സമ്മാനം ഉണ്ടെന്നും പറഞ്ഞു. സുഹൃത്തുക്കളെയും ഈ സന്തോഷവാര്‍ത്ത അറിയിച്ചു. അവരും അഭിനന്ദിച്ചു.
ആ ദിവസം ഇതാ വന്നെത്തിയിരിക്കുന്നു. രാജീവന്‍ അച്ഛനെയും അമ്മയെയും കൂട്ടി വളരെ നേരത്തെതന്നെ സ്ഥലത്തെത്തി. മുഖ്യാതിഥികള്‍ വന്നുതുടങ്ങി. ശിഷ്യന്മാരുടെ അകമ്പടിയോടെ എല്ലാവരെയും അനുഗ്രഹിച്ചുകൊണ്ട് സ്വാമിജിയും വന്നെത്തി സ്റ്റേജില്‍ ഉപവിഷ്ടനായി. എല്ലാവരും വന്നെത്തിയശേഷം ഉദ്ഘാടനച്ചടങ്ങ്‌ തുടങ്ങി. ഭദ്രദീപം തെളിയിക്കലും പ്രമുഖരുടെ പ്രസംഗങ്ങളും ആശംസകളും അവസാനിച്ചു
‘ഇനി ഈ ചാനല്‍ ആരംഭിക്കാന്‍ ഇതിനു പിന്നില്‍ അഹോരാത്രം പ്രയത്നിച്ച വ്യക്തികള്‍ക്കു ള്ള പാരിതോഷികസമര്‍പ്പണമാണ്.’ സ്റ്റേജില്‍ നിന്നും അറിയിപ്പ് വന്നു. രാജീവന്‍റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. അച്ഛന്റെയും അമ്മയുടെയും നടുക്കാണ് അയാള്‍ ഇരിക്കുന്നത്. അവരുടെ കൈകളില്‍ മുറുക്കിപ്പിടിച്ചു. ‘തന്‍റെ പേര് വിളിക്കുമ്പോള്‍ അവരെയും കൂടെകൊണ്ടുപോയി സ്വാമിജിയുടെ അനുഗ്രഹം വാങ്ങണം’, അയാള്‍ തീരുമാനിച്ചു.
ഓരോ സമ്മാനദാനം കഴിയുമ്പോഴും രാജീവന്‍ പ്രതീക്ഷിക്കും അടുത്തത് താനാകും. സീറ്റില്‍നിന്നും എഴുന്നേല്ക്കുന്നതും സ്വാമിജിയുടെ കയ്യില്‍ നിന്നും സമ്മാനം വാങ്ങുന്നതും അദ്ദേഹത്തിനെ കാല്തൊട്ടു വന്ദിക്കുന്നതുമെല്ലാം അയാള്‍ മനസ്സില്‍ കണ്ടു.
ക്ഷമ കെട്ടുതുടങ്ങിയപ്പോള്‍ അതാ ആ നിമിഷം വന്നു “ഒരു ടി വി ചാനലിന്‍റെ ഏറ്റവും പ്രാധാന്യമായ കാര്യങ്ങളില്‍ ഒന്ന് അതിന്റെ ലോഗോ ആണ്. എല്ലാവരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ് നമ്മുടേത് എന്ന് പറയാന്‍ അതീവസന്തോഷമുണ്ട്. അതിനായി സ്വാമിജിയുടെ ശിഷ്യന്മാര്‍ എല്ലാവരുടെയും കൂട്ടായ ശ്രമമുണ്ടായിരുന്നു. എങ്കിലും അവരെക്കാള്‍ ഉപരിയായി ഇതിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ഒരാളുണ്ട്. അത് മറ്റാരുമല്ല, മലയാളച്ചലചിത്രലോകത്തെ പ്രമുഖസംവിധായകന്‍ മഹേന്ദ്രന്റെയും, പ്രമുഖമോഹിനിയാട്ടം നര്‍ത്തകി ചന്ദ്രികയുടെയും മകള്‍ ഗോപികയാണ്. അവരെ ഞാന്‍ അഭിമാനപൂര്‍വം വേദിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
രാജീവന്‍റെ കൂടിവന്ന ഹൃദയമിടിപ്പ്‌ നിലച്ചുവോ? അച്ഛനമ്മമാരുടെ കയ്യില്‍ മുറുക്കെപ്പിടിച്ചിരുന്നതുകൊണ്ട് താഴെ വീണില്ല. ഗോപിക സ്റ്റേജില്‍ കയറുന്നതും, സമ്മാനം മേടിക്കുന്നതുമെല്ലാം ഒരു ഞെട്ടലോടെ അയാള്‍ കണ്ടു. രണ്ടു കൈകള്‍ അയാളെ തഴുകി സാന്ത്വനിപ്പിക്കുന്നത് അയാള്‍ അറിഞ്ഞു – അച്ഛന്റെയും അമ്മയുടെയും. കുറച്ചുനിമിഷങ്ങള്‍ക്കു ശേഷം ഞെട്ടലൊക്കെ മാറിയപ്പോള്‍ രാജീവന്‍ സ്വാമിജിയെ നോക്കി.
അദ്ദേഹം കണ്ണടച്ചിരിക്കുകയാണ്.
ശിവദാസ്‌ കെ വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo