നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടാനമ്മ


രണ്ടാനമ്മ
xxxxxxxxxxx
"ചിന്നൂ.... മോളേ ഓടല്ലേ അവിടെ നിക്ക്... മുത്തശ്ശിക്ക് പുറകേ ഓടാൻ വയ്യാ..... "
മുഖം വീർപ്പിച്ച് ചിന്നു വീട്ടിലേക്കുള്ള വഴി ലക്ഷ്യമാക്കി ഓടി...
"മോളെ അവിടെ നിക്ക്..... മുത്തശ്ശി പറേണ കേൾക്ക്.... "
"ഞാൻ നിക്കൂല...ൻ്റെ അച്ഛ ന്ത്യേ... വരാഞ്ഞെ....? "
"മുത്തശ്ശി എൻ്റെ കൈ പിടിക്കണ്ട..."
"ന്തൊരു വാശ്യാ... കൂട്ട്യേ... വലുതായില്ലെ"
"ഞാൻ തന്നേ നടന്നോളാ....."
വീട്ടിലെത്തീട്ടും ചിന്നൂൻ്റെ മുഖത്തെ വാട്ടം മാറീല...
" ൻ്റെ ചിന്നൂട്ടി ഇത് കഴിക്ക്.... "
''നിക്ക് വേണ്ട... അച്ഛയെന്ത്യേ ...? അച്ഛയല്ലേ എന്നെ സ്കൂളിന്ന് കൊണ്ട രാ.. അച്ഛയല്ലേ ചോറ് വാരിത്തരാ...ഞാൻ പിണക്കാ..."
ചിന്നു മുഖം വീർപ്പിച്ച് മൂലയിൽ ചെന്നിരുന്നു....
"മുത്തശ്ശി പറയണ കേൾക്ക് മോളെ ,..അച്ഛൻ അമ്മയെ കൊണ്ടരാൻ പോയതല്ലേ..... "
"അമ്മയോ...?ൻ്റെ മ്മ മരിച്ചു പോയിലേ ചിന്നൂനെ തനിച്ചാക്കി.... മോക്കൊരുമ്മ പോലും തരാതെ "
"പുതിയ ഒരമ്മ വരും
ൻ്റെ മോളെ നോക്കാൻ.. മുത്തശി എത്ര കാലമുണ്ടാവും ഇനി.. "
"പുതിയ അമ്മ യോ? ശരിക്കും
വര്വോ... അച്ഛേടെ കൂടെ....
ന്നാ മോള് ചോറ് തിന്നാ..... എനിക്കും അപ്പറത്തെ മാളൂനെ പോലെ അമ്മേടെ കൂടെ സ്കൂളി പോവാലോ.... എന്നെ അമ്മ ഒരുക്കിത്തരും മുടി കെട്ടിത്തരും,,,, നല്ല രസാവും ല്ലേ മുത്തശ്ശീ.... "
"പിന്നേ .....ൻ്റെ മോളെ രാജകുമാരിയെ പോലും നോക്കും...ഇത് കഴിച്ച് മോള് പോയി കളിച്ചോ..."
"ഉം ഞാൻ രാധേച്ചിയോടും
മാളൂൻ്റമ്മയോടും , മാളുവോടും ,പൊന്നുവോടും ഒക്കെ പറയട്ടെ, പുതിയ അമ്മ വരണ കാര്യം... എന്നിട്ട് കഴിക്കാ....''
സ്വർഗം കിട്ടിയ സന്തോഷത്തോടെ ചിന്നു അപ്പുറത്തെ വീട്ടിലേക്കോടി...
ഈ കുട്ടീടെ കാര്യം.... ഒന്നും കഴിക്കാതെ....
"രാധേച്ചീ...... മാളൂ.. മാളുൻ്റമ്മേ"
"ആരാത് രാധേച്ചീടെ ചിന്നക്കുട്ടിയോ ? വല്യ സന്തോഷത്തിലാണല്ലോ.... അച്ഛൻ മേലെ കാവിൽ പൂരത്തിനു കൊണ്ടോവാന്നു പറഞ്ഞോ ..."
"അതല്ല .... അച്ഛ പുതിയമ്മയെ കൊണ്ട് ഇപ്പ വരും... "
"ഇതാരാ പറഞ്ഞേ.... "
"മുത്തശ്ശി..... മുത്തശ്ശിയാ പറഞ്ഞെ..."
"ആണോ ,. ന്നിട്ട് രാധേച്ചിയോടാരും പറഞ്ഞില്ലല്ലോ... മുത്തശ്ശി വെറ്തേ പറഞ്ഞതാവും..."
"അല്ല അമ്മ വരും....."
"ന്നാ നിൻ്റെ കഷ്ടകാലം തുടങ്ങി കുട്ട്യേ....... "അകത്തീന്ന് മാളുൻ്റമ്മ പുറത്തേക്കിറങ്ങി... "നിനക്കാരുല്ലാണ്ടാവും.... വേറെ അമ്മ വന്നാൽ.."
"എന്തിനാ അമ്മേ ചിന്നുനെ സങ്കടപ്പെടുത്തണേ.... "
"രാധേ...നീ കേറി പോടി അകത്തേക്ക്.... പോയ് ആ കൂട്ടാൻ നോക്ക്.... "
രാധ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
"മോളിങ്ങ് വാ.... ഞാൻ പറയണ കേൾക്ക്... സമ്മതിക്കാൻ പാടില്ല പുതിയ അമ്മ വരണത്.. അവര് നിന്നെ നോക്കൂല..... നിൻ്റെ അച്ഛനേം കൊണ്ട് പോവും... പിന്നെ നിനക്കച്ഛനുല്ല അമ്മയുല്ല.... ചിലപ്പോ നിന്നെ കൊല്ലും... നിനക്ക് കഴിക്കാൻ തരില്ല, പുതിയ ഉടുപ്പ് തരില്ല, പൂരത്തിന് കൊണ്ടോവില്ല,അച്ഛൻ മോളെ എങ്ങും കൂട്ടില്ല..... അത് ഒരിക്കലും നിൻ്റമ്മയാവില്ല... രണ്ടാനമ്മയാ.... രണ്ടാനമ്മ, ദുഷ്ടത്തികളാ രണ്ടാനമ്മമാർ.... "
ചിന്നൂൻ്റെ മുഖം വാടി.... "ശരിക്കും എന്നെ നോക്കൂലെ മാളുൻ്റമ്മേ... "
"ഇല്ല മോളെ... അതൊരിക്കലും നിൻ്റെ സ്വന്തമ്മയല്ലല്ലോ.... "
ചിന്നു കരഞ്ഞോണ്ട് വീട്ടിലെത്തി ...അകത്ത് ഒരു മൂലക്കൽ പോയിരുന്നു.... അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു...
ശരിക്കും ന്നെ കൊല്ലുമോ? അതിനച്ഛ സമ്മതിക്ക്വോ... അവളോരോന്ന് ചിന്തിക്കാൻ തുടങ്ങി..
പെട്ടന്നാണ്....അച്ഛൻ്റെ ലോറീടെ ശബ്ദം അവൾ കേട്ടത്... അവൾ എണീറ്റ് ജനാലയ്ക്കൽ പോയി നോക്കി... അച്ഛൻ കൂടെ മുത്തശ്ശി പറഞ്ഞ പുതിയമ്മയും ഉണ്ട്. നല്ല ചന്തം... ഓറഞ്ച് സാരി... തലയിൽ നിറയെ മുല്ലപ്പൂവ്...
ചിന്നൂന് ഇഷ്ടാ മുല്ലപ്പൂവ്... അവൾ മനസിൽ പറഞ്ഞു.....
പക്ഷെ മാളൂൻ്റമ്മ പറഞ്ഞല്ലോ പുതിയ മ്മമാര് ദുഷ്ടത്തികളാന്ന്.....
" മോളെ..... "അച്ഛൻ്റെ വിളി...
"എവിടപ്പോയമ്മെ.മോള്.ലോറീടെ ശബ്ദം കേട്ടാ ഓടി വര്ണതാല്ലോ ...."
"അപ്പുറത്ത് പോയി മുഖം വീർപ്പിച്ച് വര്ണത് കണ്ടു... മാളൂ നോട് കളിക്കിടയിൽ പിണങ്ങി കാണും ... വാശിക്കാരിയല്ലേ...
. ഇന്ന് നീ സ്കൂളിന്ന് കൊണ്ടരാനും പോയില്ലല്ലോ... അതൊക്കെ ആവും....
മോള് അകത്ത് വാ.. ഈ വിളക്ക് പൂജാമുറി കൊണ്ടു വെക്ക്...
ലക്ഷ്മിയായിരുന്നു ഈ വീടിൻ്റെ വിളക്ക്... ഒരു മോളേം തന്ന് അവൾ പോയി... ഇനി നീ വേണം എല്ലാം നോക്കാൻ..."
ഒന്നു പുഞ്ചിരിച്ച് മൂളി ഗൗരി അകത്തേക്ക് കയറി..
"മോളിവിടെ ഇരിക്കാര്ന്നോ... അച്ഛ വന്നതറിഞ്ഞില്ലെ.... അമ്മ മോളെ വിളിച്ചൂലോ കേട്ടില്ലേ.. ദാ നോക്ക് മോൾടെ അമ്മയാ ഇത് ''
"വേണ്ട അച്ഛയെ നിക്കിഷ്ടല്ല.... അതെൻ്റമ്മയല്ല..... ദുഷ്ടത്തിയാ... "
"മോളെ.... ആരാതൊക്കെ പറഞ്ഞെ..
ഗൗരി.... നീ ഇതൊന്നും കാര്യാക്കണ്ട.കുട്ടിയല്ലേ... "
"ഉം.... ഗോപേട്ടാ നമ്മളെടുത്ത തീരുമാനം തെറ്റായോ....?"
" ഇല്ലെടോ....എന്തിനാ കണ്ണ് നിറഞ്ഞെ... സാരില്ല പോയ് വേഷൊക്കെ മാറ്.... അവൾക്ക് നിന്നെ ഇഷ്ടാവും...."
"മോളെ... അമ്മ പാവാ.... "
"അല്ല ദുഷ്ടത്തിയാ .. അപ്പറത്തെ മാളൂൻ്റമ്മ ' പറഞ്ഞല്ലോ... നിക്ക് പേടിയാ..."
"വെറ്തെ പറഞ്ഞതാ മോളെ.., "
"അല്ല ,നിക്ക് ചോറ് തരില്ല ,
ന്നെ കൊല്ലും.. മാളുൻ്റമ്മ പറഞ്ഞു... "
"അച്ഛ പറയണ കേൾക്ക് മോളെ... " "വേണ്ട നിക്ക് പേടിയാ നിക്ക് പേടിയാ ദുഷ്ടത്തിയാ.. മോളെ കൊല്ലും...അവൾ പേടിച്ച് വിറക്കാൻ തുടങ്ങി... മെല്ലെ അവൾ കട്ടിലിലേക്ക് ബോധമറ്റ് ചരിഞ്ഞു വീണു.
"മോളെ എണീക്ക്.. എന്താ പറ്റിയേ...ഗൗരീ ....ദേ മോള് "
"കുട്ടിയെ വെറ്തേ ഒരോന്ന് പറഞ്ഞ്.. പേടിപ്പിച്ചിട്ടാ ആ രമണിയേടത്തി..."
" ഗോപേട്ടാ പറഞ്ഞ് നിക്കാൻ നേരില്ല ആശുപത്രി പോവാം....
... വേഗം ...."
ആശുപത്രി കിടക്കയിൽ പുതിയമ്മേടെ മുഖം കണ്ടാണവൾ ഉണർന്നത്.... ഇന്നലെ രാത്രി തന്നെ വാരിയെടുത്തതും തലോടി കരഞ്ഞതും ഒക്കെ അവൾക്കോർമ്മ വന്നു..... . "മോളുണർന്നോ.. "
അവർ അവളുടെ നിറുകയിൽ ഒരു മുത്തം നൽകി.... ചിന്നുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
"അമ്മേ..... അമ്മേനെ നിക്ക് പേടിയില്ലാട്ടോ ..ഇഷ്ടാ..മോൾക്ക്...
അമ്മക്കെന്നോട് ദേഷ്യുണ്ടോ?"
"ൻ്റെ പൊന്നുമോളോട് അമ്മക്കെന്തിനാ ദേഷ്യം..."
അമ്മ എനിക്കൊത്തിരി ഉമ്മ തരുമോ... എന്നെ ഒരുക്കോ.. മുടി കെട്ടി തരുമോ.... മോളെ മേലെ കാവില് പൂരത്തിന് കൊണ്ടോവോ'...?"
"ൻ്റെ മോൾക്കല്ലാതെ ആർക്കാ അമ്മ ഇതൊക്കെ ചെയ്യാ.... അമ്മക്ക് മോളല്ലേ ഉള്ളു... അമ്മചോറ് തരും,മുടി കെട്ടിത്തരും മോളെ കൂട്ടാതെ അമ്മ എവിടേം പോവില്ല..."
ഗൗരി അവളെ വാരിപ്പുണർന്നു, ഉമ്മ വച്ചു.. ആരുടെ ദുർവാക്കുകൾക്കും പിരിക്കാനാവാത്ത വിധം അവർ അടുക്കുകയായിരുന്നു.....
'രണ്ടാനമ്മ ' എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മുഖം മങ്ങും. ദുഷ്ടത്തി എന്ന വാക്കാണ് രണ്ടാനമ്മുടെ പര്യായമായി നാം കണക്കാക്കുന്നത് തന്നെ.... രണ്ടാനമ്മ എന്ന പേര് വീണ് അശുദ്ധയാവുകയും അവഗണിക്കപ്പെടുകയും ചെയ്ത ഒട്ടേറെ അമ്മമാരുണ്ട്... സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മമാർ.... ചിലപ്പോൾ പെറ്റ വയറ് നൽകുന്ന അതേസ്നേഹം നൽകുന്ന അമ്മമാർ.. രണ്ടാം സ്ഥാനക്കാരിയായതുകൊണ്ട് മാത്രം ദുഷ്ടകളാക്കുന്നവർ... സമർപ്പിക്കുന്നു ,അവഗണിക്കപ്പെട്ട അമ്മമാനസങ്ങൾക്കായ്....
ജിഷ രതീഷ്
27/3/17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot