Showing posts with label ജിഷരതീഷ്. Show all posts
Showing posts with label ജിഷരതീഷ്. Show all posts

സ്പെഷ്യൽ സെൽഫി


സ്പെഷ്യൽ സെൽഫി
*****&&&&&&&&******
"അമ്മേ .. ഈ സാരി ഒന്നുടുത്തെ... പെട്ടന്ന്... സമയം കളയാനില്ല പെട്ടന്ന്... എനിക്ക് കുറച്ച് തിരക്കുണ്ട്.... "
"എന്തിനാ മോനെ ... പുതിയ സാരി... ഇപ്പൊ ഉടുത്തത് ധാരാളം.... പുതിയ സാരി ഉടുത്താലും അമ്മ പഴയത് തന്നെയല്ലേ... നിൻ്റെ കല്യാണത്തിനു പോലും പുതിയ സാരി ഉടുത്തിട്ടില്ല ഈ അമ്മ.. നീ വാങ്ങിത്തന്നിട്ടുമില്ല"
"ശരത്തേട്ടാ ഓൾഡേജ് ഹോമിലെസിസ്റ്റർ വിളിച്ചിരുന്നു 10 മണി ആകുമ്പൊഴേക്ക് ആശ്രയയിലെത്താൻ... അഡ്മിഷൻ ഒകെ ആണ്... "
"...അമ്മെ..."
"സാധനങ്ങളൊക്കെ ഞാൻ എടുത്തു വച്ചു മോനെ...പോകാൻ അമ്മ റെഡിയാണ്... ഞാൻ ഇന്നേവരെ എൻ്റെ സന്തോഷത്തിനു വേണ്ടി ജീവിച്ചിട്ടില്ല... എൻ്റെ മക്കളുടെ സന്തോഷം അത് മാത്രമായിരുന്നു അമ്മയുടെ സ്വപ്നം
വൈകിക്കണ്ട... പോകാം.. "
"അമ്മ പോകുന്നതിനു മുൻപ് ഈ സാരി ഉടുക്കണം.. "
"എൻ്റെ മോൻ്റെ ആഗ്രഹമല്ലേ..".
"എന്താ ശരത്തേട്ടാ.. സാരിയൊക്കെ അവിടെപ്പോയുടുത്തോളും.. അമ്മയെ പെട്ടന്ന് കൊണ്ട് ചെന്നാക്ക്.. വന്നിട്ടു വേണം എൻ്റെ വീട്ടിൽ പോകാൻ.. ഇന്ന് മദേഴ്സ് ഡെ ആ.. എൻ്റെ അമ്മയ്ക്ക് നമുക്കൊരു സ്പെഷ്യൽ ഗിഫ്റ്റ് വാങ്ങണം...അമ്മേടെ കൂടെഒരു സൂപ്പർ സെൽഫിയുമെടുക്കണം... "
"ഡീ അമ്മയെ പുതിയസാരി ഉടുത്ത് കാണാനുള്ള കൊതികൊണ്ടൊന്നുമല്ല പുതിയ സാരി പൊക്കി ഞാൻ വന്നത്.. ഞാൻ സെൻ്റിമെൻറൽ ഫൂളാണെന്ന് കരുതിയോ നീ...
നീ മാത്രം സെൽഫി എടുത്താ മതിയാ... എനിക്കും ഫേസ് ബുക്കിൽ ഫോട്ടോ ഇടണം... ക്യാപ്ഷൻ എന്താന്നറിയോടി..
'ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മകനും അമ്മയും.... അമ്മയാണെൻ്റെ എല്ലാം.... എന്നും അമ്മയോടൊപ്പം '
"എങ്ങനുണ്ട്... "
"ഉം കൊള്ളാലോ.. ലൈക്കും കമൻ്റും നിറയും.... വൈറലാകും ";
"നീ ചെന്ന് അമ്മയോട് വരാൻ പറ..."
"അമ്മേ ദേ ഇങ്ങനെ എൻ്റെ മുഖത്തോട് ചേർത്ത് മുഖം വയ്ക്കു... ആ കൈ എൻ്റെ ചുമലിൽ...ചിരിക്കൂ..ഒ.കെ. സൂപ്പർ ഫോട്ടോ.... "
"ഇനി വൈകിക്കണ്ട ശരത്തേട്ടാ പാർട്ടി... "
"ആശ്രയ കൊള്ളാമോ.. അമ്മേ ഹാപ്പിയായിരിക്കണം.. ഞാൻ ഇറങ്ങട്ടെ... എന്താവശ്യമുണ്ടേലും സിസ്റ്ററോട് പറഞ്ഞാ മതി ഞാൻ ക്യാഷ് എത്തിക്കാം.. "
യാത്ര പറഞ്ഞിറങ്ങുന്ന മകനെ പുഞ്ചിരിയോടെ അവർ തലോടി.. യാത്രയയച്ചു..
"ശരത്തേട്ടാ പോകാം..? "
"ഹാ.. ജസ്റ്റ് എ മിനുട്ട്.. ഞാനീ ഫോട്ടോ ഒന്നെഡിറ്റി പോസ്റ്റട്ടെ .. "
ഫോട്ടോ എഡിറ്റിങ്ങിനിടയിൽ ഒന്നു സൂം ചെയ്ത മകൻ കണ്ടു ഒരു പ്രതിസന്ധിയിലും തളരാത്ത .. അമ്മയുടെ മുഖത്ത് പുഞ്ചിരിയിൽ ഒളിപ്പിച്ചു വെച്ച കണ്ണൂനീർ.... തന്നെ ഉടലോടെ കത്തിച്ചാമ്പലാക്കാൻ തക്ക വീര്യമുള്ള കണ്ണുനീർ..
ഹാപ്പി മദേഴ്സ് ഡെ
ജിഷ രതീഷ്
14/5/2017

നോട്ട്

Image may contain: 2 people, outdoor and closeup

പെട്ടന്നൊന്ന് മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കണം. തീരെ വയ്യ.......ആക്സിഡന്റ് പറ്റി ഇന്നലെ ഇവിടെ കൊണ്ടു വന്നതാ....
ഇവിടുത്തെ ഡോക്ടർമാർ ഒന്നും വിട്ടു പറയണില്ല..... ഇപ്പൊഴും അബോധാവസ്ഥയിലാ.... ഇനിയും കാത്തു നിന്നാൽ ജീവനപകടത്തിലാവും....
മംഗലാപുരത്തെത്തിച്ചാൽ ജീവൻ തിരിച്ചു കിട്ടുമെന്നാ കൂടെ വന്നോര് പറയണെ..... എനിക്ക്‌ വേറാരും ഇല്ല മോനെ...
രാത്രിയായോണ്ട് ... ആരും വരണില്ല.... രാവിലെ നോക്കാം എന്നാ പറയണെ....,
മോൻ ഒന്നു സഹായിക്കണം.... വണ്ടിക്കൂലി തരാം.... പൈസ കിട്ടില്ലാന്ന് കരുതി ആരും വരണില്ല.. "
രവി മൂളണേന് മുന്നെ ആരൊക്കെയോ സ്ട്രക്ചറിൽ കൊണ്ട് വന്ന് അയാളെ ആംബുലൻസിലേക്ക് കയറ്റി....കൂടെ ആ സ്ത്രീയും കയറി....
നിലവിളി ശബ്ദമിട്ട് അബുലൻസ് ചീറി പാഞ്ഞു.....
രാത്രിയായോണ്ട് റോഡിൽ വാഹനങ്ങൾ കുറവാണ്.......
മണിക്കൂറുകൾക്കുള്ളിൽ വാഹനം മംഗലാപുരത്തെ ആശുപത്രിയിലെത്തി.....
ഐ.സി.യു വിലേക്ക് അയാളെ പ്രവേശിപ്പിച്ചു.
വണ്ടിക്കൂലി വാങ്ങി പോകാമെന്നു കരുതി ആ സ്ത്രീയുടെ അടുത്തേക്ക് ഞാൻ ചെന്നു....
കൂട്ടിനാരും ഇല്ലാതെ നിറഞ്ഞ കണ്ണുമായ് പകച്ച് നിൽക്കുന്ന
ആ സ്ത്രീയോട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.......
ആംബുലൻസ് ഡ്രൈവർമാർക്ക് ഇമ്മാതിരി സെൻ്റിമൻസൊന്നും പാടില്ലാത്തതാ,ആശുപത്രീൽ എത്തിയ ഉടൻ പണം വാങ്ങണം ഇല്ലേ ചിലപ്പൊ കിട്ടില്ല, പല സുഹൃത്തുക്കളും പറഞ്ഞതോർമ്മ വന്നെങ്കിലും..... ഈ സ്ത്രീയുടെ മുഖത്ത് നോക്കി എനിക്കതു പറ്റിയില്ല....,
"ചേച്ചി .... ഞാനെന്ന "
"മോനെ വണ്ടിക്കൂലി എത്രയായെന്നറിയില്ല.. ഒരു പാടായെന്നറിയാം....
500 രൂപയെ എൻ്റെ കയ്യിലുള്ളൂ..
മോൻ ഈ മാല ഒന്നു പണയം വച്ച് തരണം... മോൻ്റെ കൂലി എടുത്തിട്ട് ബാക്കി കാശ് എനിക്ക് തന്നാ മതി... "
"ചേച്ചി വണ്ടിക്കൂലി വേണ്ട..." പെട്ടന്നങ്ങനെ പറയാനാണെനിക്ക് തോന്നിയത്.....
"മോനെ....."
"രാഘവൻ്റെ കൂടെ "
ഐ.സി.യു വിൽ നിന്നും വിളി ഉയർന്നു....
മലയാളം പറഞ്ഞൊപ്പിക്കുന്ന ഒരു നഴ്സ്.... ബിൽ 3500 അടച്ചാലേ ബാക്കി ചികിത്സ നടക്കൂ എന്ന് വന്നു പറഞ്ഞു....
എന്തു ചെയ്യണ മെന്നറിയാതെ പകച്ച് നിൽക്കുന്ന അവരുടെ കയ്യിലേക്ക് 5000 രൂപ ഞാൻ വച്ചു കൊടുത്തു..
''എൻ്റെ കയ്യിൽ ഇതേ ഉള്ളു ചേച്ചി .. "
പണം കയ്യിൽ വച്ച് കൊടുത്ത് ഒരു മറുപടിക്കു പോലും കാത്തു നിക്കാതെ ഞാൻ നടന്നു....
വണ്ടിയിൽ കയറുന്നതിനു മുന്നെ അവരെ ഞാൻ ഒന്നു കൂടെ നോക്കി.. കണ്ണീരോടെ കൈക്കൂപ്പി നിൽക്കുന്ന അവരോട് ഒന്നു തലയാട്ടുക മാത്രം ചെയ്തു.....
തിരിച്ച് വീട്ടിലെത്തിയപ്പോ പുലർന്നിരുന്നു......
"നല്ല ക്ഷീണുണ്ടല്ലോ മുഖത്ത് രാത്രി ഓട്ടം ഉണ്ടായിരുന്നുല്ലേ..?
" ഉം, "
കുളി കഴിഞ്ഞ് ചായ കുടിച്ചു....
"രാജു ഏട്ടാ " .. പാലിൻ്റേം പത്രത്തിൻ്റേം കാശ് കൊടുക്കണം...
"ഉം "ഞാനൊന്ന് മൂളി..
"സാധനങ്ങളൊക്കെ തീർന്നിരിക്കുവാ.. വൈകുന്നേരം നമുക്കൊന്നു മാർക്കറ്റു വരെ പോണം... നാളെ അമ്മയും ഏട്ടനുമൊക്കെ വരുന്നുണ്ട്..."
"പോകാം സന്ധ്യേ..."
എന്നും പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി....
പഴ്സ് ഒന്നു തുറന്നു നോക്കി... 100 രൂപയുടെ ഒരു നോട്ട് മാത്രം...അതെന്നെ നോക്കി പല്ലിളിച്ചു......
* * *
ജിഷ രതീഷ്
1/ 5 / 17

കപടമുഖങ്ങൾ (കഥ)



"ഡോക്ടർ ..... മീനൂട്ടിക്കിപ്പോ.. എങ്ങനുണ്ട് ?"
ഒന്നും പറയാറായിട്ടില്ല കണ്ണിൻ്റെ ചുറ്റിലുള്ള മുറിവ് ആഴത്തിലാണ്.. കൂടാതെ കഴുത്തിനും മുറിവുണ്ട്...
"ൻ്റെ മോൾടെ ജീവനാപത്തുണ്ടോ ഡോക്ടറെ....?
ൻ്റെ മീനൂൻ്റെ കാഴ്ചയ്ക്ക് വല്ല കുഴപ്പോം ഉണ്ടോ ഡോക്ടറെ... "
"അതു പറയാനായില്ല.. കുട്ടി
ഒബ്സർ വേഷനിലാണ്... ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ...നമുക്ക് നോക്കാം... പിന്നെ സംശയിക്കുന്നതു പോലെ റേപ്പ് അറ്റംറ്റ് ഒന്നും നടന്നിട്ടില്ല..."
എനിക്കെൻ്റെ മോള് മാത്രെ ഉള്ളൂ ഡോക്ടറെ... അവളെ അവളെങ്ങനേലും രക്ഷിക്കണം.....
ഏങ്ങലടിച്ച് കരഞ്ഞ് ആ സ്ത്രീ ചുമരിനോട് ചേർന്നിരുന്നു... ഒന്നാശ്വസിപ്പിക്കാൻ പോലും ആരും കൂട്ടിനില്ല........
സ്വന്തം മകളുടെ ജീവനു വേണ്ടി ഏങ്ങലടിച്ചു കരയുന്ന അമ്മയുടെ ചിന്ത കഴിഞ്ഞ നാളുകളിലേക്ക് പോയി
പഠിക്കാൻ മിടുക്കിയായിരുന്നു അവൾ.... എല്ലാർക്കും പ്രിയങ്കരി.. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പിന്നെ ഒക്കെ അമ്മയായിരുന്നു....ഗൗരി കൂലിപ്പണിക്കു പോയി ... മകളെ ഒരു കുറവും കൂടാതെ വളർത്തി.... മീനൂട്ടിക്ക് സദാ സമയം കൂട്ട് നീലിമ വേണായിരുന്നു... സ്കൂളിൽ പോകാനും കളിക്കാനും ഒക്കെ.... രണ്ടാളും ഉറ്റ ചങ്ങാതി മാരാണ്.... അസൂയയാണ് അവരോടെല്ലാർക്കും... ഒന്നു പിണങ്ങാൻ പോലും അവർക്കാകുമായിരുന്നില്ല..
അവർക്കിടയിലെന്തു സംഭവിച്ചെന്നറിയില്ല .... അവളെൻ്റെ മകളെ കുത്തിക്കീറാൻ കാരണമെന്താന്നും അറിയില്ല.... അവൾ അതെങ്ങനെ ചെയ്തുവെന്ന് എനിക്കറിയില്ല..... ചോദ്യങ്ങളെല്ലാം ബാക്കി!
"ഗൗരി....ൻ്റെ മകളെ നീ ശപിക്കരുത് " നീലിമയുടെ ....അച്ഛൻ്റെ സ്വരം... ഇതു വരെ വരാനുള്ള ധൈര്യം കിട്ടീല അതാ ഞാൻ.... മോൾക്കെങ്ങനുണ്ട്"
അയാളുടെ വാക്കുകൾ മുറിഞ്ഞു .
"രാമേട്ടാ.... എന്തിനാ എന്തിനാൻ്റെ മോളെ.... അവൾക്ക് നീലിമയെ ഒത്തിരി ഇഷ്ടായിരുന്നില്ലേ.....ൻ്റെ മോൾക്കിതു വരെ ബോധം വീണിട്ടില്ല"
"അവളൊന്നും ചെയ്തില്ല.... അവനാ ആ ദുഷ്ടൻ...ൻ്റെ മോള്... അവള് ഭ്രാന്തിയെപ്പോലെ കിടന്ന് നിലവിളിക്കാ... മൂന്നാല് ദിവസായിട്ട്.... ഇന്നലെ രാത്രി കരഞ്ഞ് തളർന്ന് അവളെന്നോട് പറഞ്ഞു ഒക്കെ... ഒരച്ഛന് സഹിക്കാൻ പറ്റണതിലും മീതെയായിരുന്നു.,
ൻ്റെ മോള് ..കഴിഞ്ഞ കുറേ മാസായിട്ട് ഒരുത്തൽ നശിപ്പിച്ചോണ്ടിരിക്കായിരുന്നു... അവളെ മാനസിക രോഗിയാക്കി മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു... അവനാരാന്ന് നിനക്കറിയോ....ഗൗരി.......?
നമ്മള് വെയിലത്തും മഴയത്തും നിന്ന് പണിയെടുക്കണതെന്തിനാ... നമ്മുടെ മക്കള പോറ്റാൻ... പഠിപ്പിക്കാൻ .. അവർക്ക് നമ്മുടെ ഈ അവസ്ഥ വരാതിരിക്കാൻ...
മക്കളെ വിശ്വസിച്ച് പള്ളിക്കൂടത്തിലയക്കുന്നു... നല്ല വിദ്യാഭ്യാസം നേടാൻ... അവിടം തൊട്ട് നമ്മൾ ചതിക്കപ്പെട്ടു തുടങ്ങുന്നു... അക്ഷരം പറഞ്ഞു കൊടുക്കേണ്ടവർ... മറ്റെന്തൊക്കെയോ ആയി മാറുന്നു.. "അക്ഷരം കൊണ്ട് വെളിച്ചം പകരേണ്ടവർ... ജീവിതത്തിൽ ഇരുട്ട് നിറയ്ക്കുന്നു...
''രാമേട്ടനെന്തൊക്കെയാ പറേണെ.... അപ്പൊ ആരാ ൻ്റെ മോളെ....?
"സത്യങ്ങൾ:..ആർക്കും ദഹിക്കാത്ത സത്യങ്ങൾ ....
..ൻ്റെ മകളെ നശിപ്പിച്ചത് നിൻ്റെ മകളെ കുത്തി കീറി ഈ അവസ്ഥയിലാക്കിയത്... അവനാണ് ..രഘു ....അദ്ധ്യാപകനെന്നു വിളിക്കാൻ അറപ്പാണെനിക്ക്..... "
"രഘു മാഷോ?
വേണ്ടാധീനം പറയരുത് രാമേട്ടാ... ൻ്റെ മോൾടെ പ്രിയപ്പെട്ട മാഷാ.. നീലിമയെ ഞാൻ ശപിക്കില്ല.. ... അതിനെനിക്കാവില്ല.... അവൾ ചെയ്ത തെറ്റ് മറയ്ക്കാൻ വല്ലതും വിളിച്ച് പറയരുത്.... ൻ്റെ മോള് ജീവിക്കോ മരിക്കോന്നു പോലും അറിയില്ല..."
"വിശ്വസിക്ക് ഗൗരി... നീലിമേ നശിപ്പിക്കണത് കണ്ട് എതിർത്തതിനാ, വീട്ടിൽ പറയും എന്ന് പറഞ്ഞിതിനാ, അവൻ്റെ ഇംഗിതത്തിന് അവൾ വഴങ്ങില്ല എന്നറിയാവുന്നതുകൊണ്ടാ, നമ്മളെ അറിയിക്കുമോ എന്ന ഭയം ,അവൻ്റെ യഥാർഥ മുഖം നമ്മൾ തിരിച്ചറിയുന്നത് തടയാൻ, മീനൂനെ അവൻ കുത്തിക്കീറി. എന്നിട്ട് ൻ്റെ മോളെ ഭീഷണിപ്പെടുത്തി.... അവള് ചെയ്തതാന്ന് വരുത്തി....നീ എൻ്റെ മോളെ വെറുക്കരുത്..... അവളിപ്പൊ ഭ്രാന്തിയാണ്..... ജീവനൊടുക്കാൻ പലവട്ടം നോക്കി... അവൾടെ അമ്മ കാവലിരിക്കയാണ് നൊന്തു പെറ്റ മകളുടെ ജീവന് "
"രാമേട്ടാ.... നമ്മടെ മക്കൾ.... എന്തു ചെയ്യാനാകും നമുക്ക്...... അവരൊക്കെ വല്യ ആൾക്കാരല്ലെ....
 പ്രതികരിക്കാൻ നമ്മളാരുമല്ല... ഒന്നിനും തെളിവുമില്ല... ഒക്കെ കൗമാരക്കാരായ കുട്ടികളുടെ കള്ളത്തരവും ചാപല്യവും മാത്രമാകും... "
മക്കളെ നഷടപ്പെടുമോ എന്ന ഭയത്തിൽ ഒരമ്മയും അച്ഛനും.... കാലത്തിൻ്റെ മുന്നിൽ നോക്കുകുത്തികളാകുന്നു....
..... കാലം ഇതെങ്ങോട്ട്? രക്ഷിക്കേണ്ടവർ ശിക്ഷിക്കുമ്പോൾ... ഗുരുക്കൻമാർ പോലും കാമവെറിയോടെ കുട്ടികളെ നോക്കുമ്പോൾ... പ്രതികരിക്കണം വാക്കുകളാലല്ല ആയുധങ്ങളാൽ...
നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ.... അവരെ സംരക്ഷിക്കേണ്ട ചുമതല മാതാപിതാക്കൾക്കു മാത്രമല്ല... സമൂഹത്തിനു കൂടിയാണ്...
ഇതൊരു മുന്നറിയിപ്പ് മാത്രം.... വിശ്വസിച്ച് കൂടെ നിർത്തുന്നവർ.. അതാരു മാകാം... മാന്യതയ്ക്കുള്ളിലെ കപടമുഖങ്ങൾ.... ശ്രദ്ധിക്കുക ലൈംഗികാതിക്രമങ്ങൾക്കിരയായി സമനില തെറ്റിയും... മരണത്തിന് സ്വയം കീഴടങ്ങുകയും ചെയ്ത കുട്ടികൾക്കു സമർപ്പിക്കുന്നു......
ജിഷ രതീഷ്
3/4/17

രണ്ടാനമ്മ


രണ്ടാനമ്മ
xxxxxxxxxxx
"ചിന്നൂ.... മോളേ ഓടല്ലേ അവിടെ നിക്ക്... മുത്തശ്ശിക്ക് പുറകേ ഓടാൻ വയ്യാ..... "
മുഖം വീർപ്പിച്ച് ചിന്നു വീട്ടിലേക്കുള്ള വഴി ലക്ഷ്യമാക്കി ഓടി...
"മോളെ അവിടെ നിക്ക്..... മുത്തശ്ശി പറേണ കേൾക്ക്.... "
"ഞാൻ നിക്കൂല...ൻ്റെ അച്ഛ ന്ത്യേ... വരാഞ്ഞെ....? "
"മുത്തശ്ശി എൻ്റെ കൈ പിടിക്കണ്ട..."
"ന്തൊരു വാശ്യാ... കൂട്ട്യേ... വലുതായില്ലെ"
"ഞാൻ തന്നേ നടന്നോളാ....."
വീട്ടിലെത്തീട്ടും ചിന്നൂൻ്റെ മുഖത്തെ വാട്ടം മാറീല...
" ൻ്റെ ചിന്നൂട്ടി ഇത് കഴിക്ക്.... "
''നിക്ക് വേണ്ട... അച്ഛയെന്ത്യേ ...? അച്ഛയല്ലേ എന്നെ സ്കൂളിന്ന് കൊണ്ട രാ.. അച്ഛയല്ലേ ചോറ് വാരിത്തരാ...ഞാൻ പിണക്കാ..."
ചിന്നു മുഖം വീർപ്പിച്ച് മൂലയിൽ ചെന്നിരുന്നു....
"മുത്തശ്ശി പറയണ കേൾക്ക് മോളെ ,..അച്ഛൻ അമ്മയെ കൊണ്ടരാൻ പോയതല്ലേ..... "
"അമ്മയോ...?ൻ്റെ മ്മ മരിച്ചു പോയിലേ ചിന്നൂനെ തനിച്ചാക്കി.... മോക്കൊരുമ്മ പോലും തരാതെ "
"പുതിയ ഒരമ്മ വരും
ൻ്റെ മോളെ നോക്കാൻ.. മുത്തശി എത്ര കാലമുണ്ടാവും ഇനി.. "
"പുതിയ അമ്മ യോ? ശരിക്കും
വര്വോ... അച്ഛേടെ കൂടെ....
ന്നാ മോള് ചോറ് തിന്നാ..... എനിക്കും അപ്പറത്തെ മാളൂനെ പോലെ അമ്മേടെ കൂടെ സ്കൂളി പോവാലോ.... എന്നെ അമ്മ ഒരുക്കിത്തരും മുടി കെട്ടിത്തരും,,,, നല്ല രസാവും ല്ലേ മുത്തശ്ശീ.... "
"പിന്നേ .....ൻ്റെ മോളെ രാജകുമാരിയെ പോലും നോക്കും...ഇത് കഴിച്ച് മോള് പോയി കളിച്ചോ..."
"ഉം ഞാൻ രാധേച്ചിയോടും
മാളൂൻ്റമ്മയോടും , മാളുവോടും ,പൊന്നുവോടും ഒക്കെ പറയട്ടെ, പുതിയ അമ്മ വരണ കാര്യം... എന്നിട്ട് കഴിക്കാ....''
സ്വർഗം കിട്ടിയ സന്തോഷത്തോടെ ചിന്നു അപ്പുറത്തെ വീട്ടിലേക്കോടി...
ഈ കുട്ടീടെ കാര്യം.... ഒന്നും കഴിക്കാതെ....
"രാധേച്ചീ...... മാളൂ.. മാളുൻ്റമ്മേ"
"ആരാത് രാധേച്ചീടെ ചിന്നക്കുട്ടിയോ ? വല്യ സന്തോഷത്തിലാണല്ലോ.... അച്ഛൻ മേലെ കാവിൽ പൂരത്തിനു കൊണ്ടോവാന്നു പറഞ്ഞോ ..."
"അതല്ല .... അച്ഛ പുതിയമ്മയെ കൊണ്ട് ഇപ്പ വരും... "
"ഇതാരാ പറഞ്ഞേ.... "
"മുത്തശ്ശി..... മുത്തശ്ശിയാ പറഞ്ഞെ..."
"ആണോ ,. ന്നിട്ട് രാധേച്ചിയോടാരും പറഞ്ഞില്ലല്ലോ... മുത്തശ്ശി വെറ്തേ പറഞ്ഞതാവും..."
"അല്ല അമ്മ വരും....."
"ന്നാ നിൻ്റെ കഷ്ടകാലം തുടങ്ങി കുട്ട്യേ....... "അകത്തീന്ന് മാളുൻ്റമ്മ പുറത്തേക്കിറങ്ങി... "നിനക്കാരുല്ലാണ്ടാവും.... വേറെ അമ്മ വന്നാൽ.."
"എന്തിനാ അമ്മേ ചിന്നുനെ സങ്കടപ്പെടുത്തണേ.... "
"രാധേ...നീ കേറി പോടി അകത്തേക്ക്.... പോയ് ആ കൂട്ടാൻ നോക്ക്.... "
രാധ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
"മോളിങ്ങ് വാ.... ഞാൻ പറയണ കേൾക്ക്... സമ്മതിക്കാൻ പാടില്ല പുതിയ അമ്മ വരണത്.. അവര് നിന്നെ നോക്കൂല..... നിൻ്റെ അച്ഛനേം കൊണ്ട് പോവും... പിന്നെ നിനക്കച്ഛനുല്ല അമ്മയുല്ല.... ചിലപ്പോ നിന്നെ കൊല്ലും... നിനക്ക് കഴിക്കാൻ തരില്ല, പുതിയ ഉടുപ്പ് തരില്ല, പൂരത്തിന് കൊണ്ടോവില്ല,അച്ഛൻ മോളെ എങ്ങും കൂട്ടില്ല..... അത് ഒരിക്കലും നിൻ്റമ്മയാവില്ല... രണ്ടാനമ്മയാ.... രണ്ടാനമ്മ, ദുഷ്ടത്തികളാ രണ്ടാനമ്മമാർ.... "
ചിന്നൂൻ്റെ മുഖം വാടി.... "ശരിക്കും എന്നെ നോക്കൂലെ മാളുൻ്റമ്മേ... "
"ഇല്ല മോളെ... അതൊരിക്കലും നിൻ്റെ സ്വന്തമ്മയല്ലല്ലോ.... "
ചിന്നു കരഞ്ഞോണ്ട് വീട്ടിലെത്തി ...അകത്ത് ഒരു മൂലക്കൽ പോയിരുന്നു.... അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു...
ശരിക്കും ന്നെ കൊല്ലുമോ? അതിനച്ഛ സമ്മതിക്ക്വോ... അവളോരോന്ന് ചിന്തിക്കാൻ തുടങ്ങി..
പെട്ടന്നാണ്....അച്ഛൻ്റെ ലോറീടെ ശബ്ദം അവൾ കേട്ടത്... അവൾ എണീറ്റ് ജനാലയ്ക്കൽ പോയി നോക്കി... അച്ഛൻ കൂടെ മുത്തശ്ശി പറഞ്ഞ പുതിയമ്മയും ഉണ്ട്. നല്ല ചന്തം... ഓറഞ്ച് സാരി... തലയിൽ നിറയെ മുല്ലപ്പൂവ്...
ചിന്നൂന് ഇഷ്ടാ മുല്ലപ്പൂവ്... അവൾ മനസിൽ പറഞ്ഞു.....
പക്ഷെ മാളൂൻ്റമ്മ പറഞ്ഞല്ലോ പുതിയ മ്മമാര് ദുഷ്ടത്തികളാന്ന്.....
" മോളെ..... "അച്ഛൻ്റെ വിളി...
"എവിടപ്പോയമ്മെ.മോള്.ലോറീടെ ശബ്ദം കേട്ടാ ഓടി വര്ണതാല്ലോ ...."
"അപ്പുറത്ത് പോയി മുഖം വീർപ്പിച്ച് വര്ണത് കണ്ടു... മാളൂ നോട് കളിക്കിടയിൽ പിണങ്ങി കാണും ... വാശിക്കാരിയല്ലേ...
. ഇന്ന് നീ സ്കൂളിന്ന് കൊണ്ടരാനും പോയില്ലല്ലോ... അതൊക്കെ ആവും....
മോള് അകത്ത് വാ.. ഈ വിളക്ക് പൂജാമുറി കൊണ്ടു വെക്ക്...
ലക്ഷ്മിയായിരുന്നു ഈ വീടിൻ്റെ വിളക്ക്... ഒരു മോളേം തന്ന് അവൾ പോയി... ഇനി നീ വേണം എല്ലാം നോക്കാൻ..."
ഒന്നു പുഞ്ചിരിച്ച് മൂളി ഗൗരി അകത്തേക്ക് കയറി..
"മോളിവിടെ ഇരിക്കാര്ന്നോ... അച്ഛ വന്നതറിഞ്ഞില്ലെ.... അമ്മ മോളെ വിളിച്ചൂലോ കേട്ടില്ലേ.. ദാ നോക്ക് മോൾടെ അമ്മയാ ഇത് ''
"വേണ്ട അച്ഛയെ നിക്കിഷ്ടല്ല.... അതെൻ്റമ്മയല്ല..... ദുഷ്ടത്തിയാ... "
"മോളെ.... ആരാതൊക്കെ പറഞ്ഞെ..
ഗൗരി.... നീ ഇതൊന്നും കാര്യാക്കണ്ട.കുട്ടിയല്ലേ... "
"ഉം.... ഗോപേട്ടാ നമ്മളെടുത്ത തീരുമാനം തെറ്റായോ....?"
" ഇല്ലെടോ....എന്തിനാ കണ്ണ് നിറഞ്ഞെ... സാരില്ല പോയ് വേഷൊക്കെ മാറ്.... അവൾക്ക് നിന്നെ ഇഷ്ടാവും...."
"മോളെ... അമ്മ പാവാ.... "
"അല്ല ദുഷ്ടത്തിയാ .. അപ്പറത്തെ മാളൂൻ്റമ്മ ' പറഞ്ഞല്ലോ... നിക്ക് പേടിയാ..."
"വെറ്തെ പറഞ്ഞതാ മോളെ.., "
"അല്ല ,നിക്ക് ചോറ് തരില്ല ,
ന്നെ കൊല്ലും.. മാളുൻ്റമ്മ പറഞ്ഞു... "
"അച്ഛ പറയണ കേൾക്ക് മോളെ... " "വേണ്ട നിക്ക് പേടിയാ നിക്ക് പേടിയാ ദുഷ്ടത്തിയാ.. മോളെ കൊല്ലും...അവൾ പേടിച്ച് വിറക്കാൻ തുടങ്ങി... മെല്ലെ അവൾ കട്ടിലിലേക്ക് ബോധമറ്റ് ചരിഞ്ഞു വീണു.
"മോളെ എണീക്ക്.. എന്താ പറ്റിയേ...ഗൗരീ ....ദേ മോള് "
"കുട്ടിയെ വെറ്തേ ഒരോന്ന് പറഞ്ഞ്.. പേടിപ്പിച്ചിട്ടാ ആ രമണിയേടത്തി..."
" ഗോപേട്ടാ പറഞ്ഞ് നിക്കാൻ നേരില്ല ആശുപത്രി പോവാം....
... വേഗം ...."
ആശുപത്രി കിടക്കയിൽ പുതിയമ്മേടെ മുഖം കണ്ടാണവൾ ഉണർന്നത്.... ഇന്നലെ രാത്രി തന്നെ വാരിയെടുത്തതും തലോടി കരഞ്ഞതും ഒക്കെ അവൾക്കോർമ്മ വന്നു..... . "മോളുണർന്നോ.. "
അവർ അവളുടെ നിറുകയിൽ ഒരു മുത്തം നൽകി.... ചിന്നുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
"അമ്മേ..... അമ്മേനെ നിക്ക് പേടിയില്ലാട്ടോ ..ഇഷ്ടാ..മോൾക്ക്...
അമ്മക്കെന്നോട് ദേഷ്യുണ്ടോ?"
"ൻ്റെ പൊന്നുമോളോട് അമ്മക്കെന്തിനാ ദേഷ്യം..."
അമ്മ എനിക്കൊത്തിരി ഉമ്മ തരുമോ... എന്നെ ഒരുക്കോ.. മുടി കെട്ടി തരുമോ.... മോളെ മേലെ കാവില് പൂരത്തിന് കൊണ്ടോവോ'...?"
"ൻ്റെ മോൾക്കല്ലാതെ ആർക്കാ അമ്മ ഇതൊക്കെ ചെയ്യാ.... അമ്മക്ക് മോളല്ലേ ഉള്ളു... അമ്മചോറ് തരും,മുടി കെട്ടിത്തരും മോളെ കൂട്ടാതെ അമ്മ എവിടേം പോവില്ല..."
ഗൗരി അവളെ വാരിപ്പുണർന്നു, ഉമ്മ വച്ചു.. ആരുടെ ദുർവാക്കുകൾക്കും പിരിക്കാനാവാത്ത വിധം അവർ അടുക്കുകയായിരുന്നു.....
'രണ്ടാനമ്മ ' എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മുഖം മങ്ങും. ദുഷ്ടത്തി എന്ന വാക്കാണ് രണ്ടാനമ്മുടെ പര്യായമായി നാം കണക്കാക്കുന്നത് തന്നെ.... രണ്ടാനമ്മ എന്ന പേര് വീണ് അശുദ്ധയാവുകയും അവഗണിക്കപ്പെടുകയും ചെയ്ത ഒട്ടേറെ അമ്മമാരുണ്ട്... സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മമാർ.... ചിലപ്പോൾ പെറ്റ വയറ് നൽകുന്ന അതേസ്നേഹം നൽകുന്ന അമ്മമാർ.. രണ്ടാം സ്ഥാനക്കാരിയായതുകൊണ്ട് മാത്രം ദുഷ്ടകളാക്കുന്നവർ... സമർപ്പിക്കുന്നു ,അവഗണിക്കപ്പെട്ട അമ്മമാനസങ്ങൾക്കായ്....
ജിഷ രതീഷ്
27/3/17

ദത്തുപുത്രി


ദത്തുപുത്രി
****************
ഇന്നെൻ്റെ പൊന്നുമോളുടെ മൂന്നാം പിറന്നാൾ.... പക്ഷെ അവളുടെ പിറന്നാൾ ദിനം ആഘോഷിക്കുമ്പോഴും മനസിലൊരു വിങ്ങലാണ്......
അവളുടെ ജന്മദിനം ഞങ്ങൾക്കൊരോർമ്മപ്പെടുത്തൽ കൂടിയാണ്.. അവൾ ഞങ്ങളുടെ സ്വന്തമല്ല എന്നൊരോർമപ്പെടുത്തൽ.,
അവൾ ഞങ്ങളുടെ ദത്തു പുത്രി... ഒന്നര വയസിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖയെ പ്പോലെ കടന്നു വന്നവൾ... ഞങ്ങളുടെ മോഹ സ്വപ്നങ്ങൾക്ക് നിറം പകർന്നവൾ....
ഒരു കുഞ്ഞ് എന്ന സ്വപനം ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ല എന്നത് മനസിലാക്കിയപ്പോൾ ഏറെ വൈകി.. ഡോക്ടർമാർ പരിഹസിച്ചപ്പോഴും ബന്ധുക്കളും നാട്ടുകാരും വാക്കുകളാൽ മുറിവേൽപ്പിച്ചപ്പോഴും ഞങ്ങൾ തളർന്നില്ല.... കുഞ്ഞിനായ് കരുതി വച്ച സ്നേഹവും ലാളനയും മനസിൽ ഒതുക്കി ഞങ്ങൾ കാത്തിരുന്നു..
 അമ്മതൊട്ടിലിലേക്കും, ചപ്പുചവറു കൂനയിലേക്കും മറ്റും വലിച്ചെറിയാൻ വിധിക്കപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ച് പത്രത്താളുകളിലും മറ്റും വായിക്കുമ്പോൾ അതിലേതെങ്കിലും ഒരു കുഞ്ഞിനെ ഏൻ്റെ വയറ്റിൽ ഞങ്ങളുടെ കുഞ്ഞായി ജനിപ്പിച്ചുകൂടെ എന്ന് ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും.. ദൈവം ചിലപ്പോഴൊക്കെ ക്രൂരത കാട്ടും എന്ന് ആ വാർത്തകളിൽ വ്യക്തമാണ്..
ഞങ്ങൾ ആഗ്രഹിച്ചത് പൊന്നോ, പണമോ അല്ല ഞങ്ങളുടെ സ്നേഹം പകരാൻ ഒരു കുഞ്ഞിനെയാണ്.. ദൈവം ഞങ്ങളുടെ കണ്ണുനീർ കണ്ടില്ല.... ഞങ്ങളുടെ മനസറിഞ്ഞില്ല
ഒടുവിൽ ദൈവം തരാത്ത ആ ഭാഗ്യം തട്ടിപ്പറിച്ചെടുക്കാൻ തന്നെ തീരുമാനിച്ചു ഞങ്ങൾ... ആ തീരുമാനം ഞങ്ങളെയെത്തിച്ചത് ... അനാഥാലയത്തിൻ്റെ പടിവാതിലിലാണ്.... സിസ്റ്റർ അമലയുടെ അടുത്ത്..
.. ആദ്യമായ് എൻ്റെ കയ്യിലേക്കവളെ തന്നപ്പോൾ തന്നെ എന്നിലെ അമ്മ ഉണർന്നു പൂർണതയിലേക്കെത്തുകയായിരുന്നു.
എനിക്കവൾ നൽകിയ ആദ്യത്തെ പുഞ്ചിരി മറക്കാൻ പറ്റില്ലൊരിക്കലും..... ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുഞ്ഞ്.. അവളെ കണ്ടതും എൻ്റെ കണ്ണു നിറയണമെങ്കിൽ .. ,എന്നെ കണ്ടതും അവൾ പുഞ്ചിരിക്കണമെങ്കിൽ കഴിഞ്ഞു പോയ ജന്മത്തിൽ അവൾ എനിക്ക് മകളായ് പിറന്നിരിക്കണം... എന്തോ വല്ലാത്തൊരാത്മബന്ധം ....
അവളുടെ ആ നിഷ്കളങ്ക മുഖം എൻ്റെ മനസിനെ ഏറെ വേദനിപ്പിച്ചു.. ഈ പൊന്നും കുടത്തിനെ ഉപേക്ഷിച്ചവർ ഒരിക്കൽ പോലും ഈ കുഞ്ഞിൻ്റെ മുഖം കണ്ടിട്ടുണ്ടാവില്ല എന്നു തോന്നി. കാരണം ആ മുഖം കണ്ടാൽ വലിച്ചെറിയാൻ കഴിയില്ല ഒരമ്മയ്ക്കും.. കുറ്റപ്പെടുത്തില്ല ആ അമ്മയെ ഞാൻ, ഏതു സാഹചര്യത്തിലാവും ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടാവുക എന്ന് ഞങ്ങൾക്കറിയില്ല...
മനസു കൊണ്ട് ഞങ്ങൾ അവർക്ക് കടപ്പെട്ടിരിക്കുന്നു... അങ്ങനെയൊരു തീരുമാനം ദൈവം വിധിച്ചതാവാം... ഞങ്ങളുടെ ജീവിതത്തിന് പ്രതീക്ഷയേകാൻ ആശ്വാസമാകാൻ.. സ്വപ്നങ്ങൾക്ക് നിറം പകരാൻ.... എൻ്റെ വയറ്റിൽ പിറന്നില്ലെങ്കിലും എന്നിലെ അമ്മയെ തൊട്ടറിഞ്ഞവൾ ... ഞങ്ങളെ ജീവിക്കാൻ കൊതിപ്പിച്ചവൾ.... ഞങ്ങളുടെ സ്വത്ത്.. അവൾ ജീവിക്കുന്നു ഞങ്ങളുടെ പൊന്നുമോളായി.. ഞങ്ങളുടെ എല്ലാമെല്ലാമായി...
അനാഥാലയത്തിലേക്കും അമ്മതൊട്ടിലുകളിലേക്കും കുഞ്ഞുങ്ങളെ വലിച്ചെറിയുന്നവരോട്.. നിങ്ങൾ ഏതു സാഹചര്യത്തിലാണ് ഈ പ്രവൃത്തി ചെയ്യുന്നതെന്നറിയില്ല ..എങ്കിലും നിങ്ങളറിയുന്നുണ്ടോ കുഞ്ഞുങ്ങളില്ലാതെ പ്രാർത്ഥനയും ചികിത്സയും നേർച്ചയുമായി കഴിയുന്നവരുടെ വേദന?
കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ സമ്മാനമാണ് അത് വലിച്ചെറിയേണ്ട ഒന്നല്ല... പക്ഷെ അനാഥാലയങ്ങളിലേക്കും, അമ്മതൊട്ടിലിലേക്കും, തെരുവിലേക്കും വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങൾ ... മക്കളില്ലാത്ത പല ദമ്പതിമാർക്കും ആശ്വാസമാകുന്നുണ്ട്, പുതുജീവനേകുന്നുണ്ട്, അവരുടെ സ്വന്തം മക്കളായ് മാറുന്നുണ്ട്...
ജിഷ രതീഷ്
15/3/17 ( ഇതൊരു കഥയാണ് )

ആദ്യത്തെകൺമണി


അന്നൊരു ഞായറാഴ്ചയായിരുന്നു.... രാവിലെ ഉണർന്നപ്പൊ തന്നെ വല്ലാത്തൊസ്വസ്ഥതയും തലചുറ്റലും... . ഏട്ടൻ നല്ല ഉറക്കമാ..പറഞ്ഞിട്ട് ഒരനക്ക വുമില്ല... ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.... അസ്വസ്ഥതയുടെ കാര്യം അമ്മയോട് പറഞ്ഞു:. അമ്മ പറയാ കല്യാണം കഴിഞ്ഞ കുട്ട്യോൾക്കുണ്ടാവണ സൂക്കേടാ.... ഇന്നു തന്നെ ഗൈനക്കോളജി ഡോക്ടറെ കാണണംന്ന്... അപ്പോഴാണ് എനിക്കും കാര്യം പിടികിട്ടിയത്.... കല്യാണം കഴിഞ്ഞ് 8 മാസമായി... ഞങ്ങളുടെ മനസിലും കുഞ്ഞ് എന്നുള്ള സ്വപ്നം വളർന്ന് തുടങ്ങിയിരുന്നു..... ആ സ്വപനം സഫലമായോന്നറിയില്ല..... വേഗം ഡോക്ടറുടെ അടുത്ത് ചെല്ലണം.. എന്നിലെ അമ്മ ഉണർന്നു വല്ലാത്തൊരാകാംക്ഷ.....
ഞായറാഴ്ച ആയതു കൊണ്ട് ഡോക്ടേർഴ്സ് കുറവാകും എന്ന് ഏട്ടൻ പറഞ്ഞു... പക്ഷെ എൻ്റെ തിടുക്കവും അസ്വസ്ഥതയും കണ്ടിട്ടാവണം പോകാം എന്ന് പറഞ്ഞു..
കൃത്യം 10 മണിക്ക് ഞങ്ങൾ ആശുപത്രിയിലെത്തി ... കൗണ്ടറിൽ ചോദിച്ചപ്പോ ഗൈനക്കോളജി ഡോക്ടർ മാരൊക്കെ ലീവായിരുന്നു.... ഒരു ഡോക്ടറൊഴിച്ച്.... ലേഡി ഡോക്ടറെ കാണണം എന്ന് കരുതിയാണ് വന്നത്... പക്ഷെ.. എല്ലാവരും ലീവാണ്.... കാണിക്കാതെ പോകാനും തോന്നിയില്ല... മുകളിൽ ഡോക്ടറുടെ ക്യാബിനു മുന്നിൽ ഏറെ നേരം കാത്തിരുന്നു ... ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോ ഡോക്ടർ വന്നു.. പ്രഗ്നൻസി ടെസ്റ്റിനെഴുതി .... ലാബിൽ ടെസ്റ്റ് കൊടുത്ത് കാത്തുനിന്നു... റിസൾട്ട് പെട്ടന്ന് കിട്ടി.. പ്രഗ്നൻസി പോസിറ്റീവ് ആണ്.... സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിപ്പോയി പെട്ടന്ന് തന്നെ ഞങ്ങൾ ഡോക്ടറുടെ അടുത്തെത്തി..
ഡോക്ടർ വല്ലാത്തൊരു മട്ടിലായിരുന്നു സംസാരിച്ചത്... വീക്ക് പ്രഗ്നൻസിയാണ് നിലനിൽക്കാൻ സാധ്യത കുറവാണ് എന്നൊക്കെ പറഞ്ഞു... ഈ ചെറിയപ്രായത്തിൽ റിസ്ക് എടുക്കണോ? അങ്ങനെ പല ചോദ്യങ്ങളും ഡോക്ടർ ഞങ്ങളോട് ചോദിച്ചു.... സന്തോഷം അലതല്ലിയ മനസിൽ പെട്ടന്ന് കാർമേഘങ്ങൾ ഇരുണ്ടുകൂടി..... ഒരു സ്കാൻ ചെയ്തു നോക്കാം ഡോക്ടർ പറഞ്ഞു....
എന്തിനാണ് സകാൻ എന്ന് പല തവണ മനസ് ചോദിച്ചു? സ്കാനിംഗ് ചെയ്യാൻ മാത്രം ദിവസായില്ലല്ലോ?.. ഡോക്ടറല്ലേ എന്ന് കരുതി ഞാനും ആശ്വസിച്ചു....
സ്കാൻ റൂമിൻ്റെ നമ്പറും തന്ന് ഞങ്ങളോട് അവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു...
ഏറെ നേരം കാത്തിരുന്നു. ഡോക്ടറല്ലേ തിരക്കാകും എന്ന് കരുതി ഞങ്ങൾ ക്ഷമയോടെ ഇരുന്നു... മണിക്കൂറുകൾ കഴിഞ്ഞ് പോയി ഡോക്ടർ വന്നില്ല .സിസ്റ്റർമാരോട് ചോദിച്ചപ്പോൾ വരും എന്ന പല്ലവി തന്നെ..... ആവശ്യം ഞങ്ങളുടെയും ഞങ്ങടെ ജനിക്കാനിരിക്കുന്ന കുട്ടിയുടെയും ആയതു കൊണ്ട്.... കാത്തിരുന്നു.
സമയം 2 മണി ഭക്ഷണം പോലും കഴിക്കാതെ.. മൂന്ന് മണിക്കൂറോളം നീണ്ട കാത്തിരിപ്പ്...
സഹികെട്ടപ്പോൾ എട്ടൻ കൗണ്ടറിലെ സിസ്റ്ററോട് ഡോക്ടറെ വിളിക്കാനാവശ്യപ്പെട്ടു... സിസ്റ്റർ ഡോക്ടറുമായി സംസാരിച്ച് അറിയിക്കാം എന്ന് പറഞ്ഞു...
അൽപസമയം കഴിഞ്ഞു ഒരു സിസ്റ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു. "ഡോക്ടർ വീട്ടിലാണ് നിങ്ങൾ ഇവിടെ ഇരിക്കുന്ന കാര്യം മറന്നു "
ഞങ്ങളൊന്നും പറഞ്ഞില്ല. ... സിസ്റ്ററെ ഒന്നു നോക്കി....
അവർ ദയനീയമായി ഞങ്ങളേം ഒന്നു നോക്കി....
. ഡോക്ടർമാരുടെ ഉത്തരവാദിത്തബോധം? ഇത്രേള്ളൂ...
എല്ലാവരും ഇങ്ങനെയാണെന്നല്ല കേട്ടോ... ഊണും ഉറക്കവും ഇല്ലാതെ രോഗികൾക്കുവേണ്ടി ജീവിതം മാറ്റിവെക്കുന്ന ഡോക്ടർമാരും ഉണ്ട് ...
കുറച്ചു കഴിഞ്ഞതും ഡോക്ടർ വന്നു ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്ത് വച്ചാണ് വരവ്..... വരവിൽ തന്നെ പന്തികേടുണ്ട്...കണ്ണുകൾ ചുവന്നിരിക്കുന്നു..
സ്കാനിംഗ് കഴിഞ്ഞു ഞങ്ങൾ ഡോക്ടറുടെ റൂമിലേക്ക് ചെന്നു....
ഞങ്ങളെ കണ്ടതും നേരത്തെ മുഖത്ത് ഫിറ്റ് ചെയ്ത ആ ചിരി ഉണ്ടായിരുന്നു....
കാര്യങ്ങൾ അറിയാൻ ഉള്ള ആകാംക്ഷയായിരുന്നു ഞങ്ങൾക്ക്... -
സ്കാൻ റിപ്പോർട്ട് മറിച്ചും തിരിച്ചും നോക്കി ഡോക്ടർ പറയാൻ തുടങ്ങി...
" സ്കാനിൽ ഒന്നും കാണുന്നില്ല.... നിങ്ങൾ പ്രഗ്നൻറ് ആണോ? 100 %ൽ 90% പേർ ഗർഭം ധരിച്ചാലും 20% മാത്രേ നില നിൽക്കൂ... ഞാനൊരു ഗുളിക തരാം അത് കഴിച്ചാ മതി .... അബോർഷൻ അതാണ് നല്ലത് .വീക്ക് പ്രഗ്നൻസി ആണ്...." ഇതൊക്കെ സംസാരിക്കുമ്പോൾ മദ്യത്തിൻ്റെ മണം ഞങ്ങളുടെ മൂക്കിലേക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു"... ഞാൻ ഏട്ടനെ ഒന്നു നോക്കി..
ഒന്നും മിണ്ടാതെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വാങ്ങി ഞങ്ങൾ പുറത്തേക്കിറങ്ങി.... എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഗുളിക വാങ്ങാൻ ഞങ്ങൾക്കു തോന്നിയില്ല....
വീട്ടിൽ ചെന്നിട്ട് അമ്മയോടൊന്നും പറഞ്ഞില്ല... ഡോക്ടർ ഞായറാഴച ഉണ്ടായില്ല എന്നു മാത്രം പറഞ്ഞു... അന്ന് രാത്രി ഒന്നും കഴിച്ചില്ല ഉറങ്ങിയില്ല ഞങ്ങൾ.. രാവിലെ വേറെ ഡോക്ടറെ കാണണം..... ഇത് മാത്രമായിരുന്നു മനസിൽ....
രാവിലെ തന്നെ മറ്റൊരു ഡോക്ടറെ കാണാനായി ഞങ്ങൾ ചെന്നു.... ഡോക്ടർ പരിശോധന കഴിഞ്ഞ് പുഞ്ചിരിയോടെ ഞങ്ങളെ നോക്കി പറഞ്ഞു..... പ്രഗ്നൻ്റ് ആണ്.... മൂന്ന് മാസം നല്ലവണ്ണം ശ്രദ്ധിക്കണമെന്ന്... ഞങ്ങളുടെ സന്തോഷത്തിനതിരി ല്ലായിരുന്നു.... ഇന്നലെ അബോർഷൻ നിർദ്ദേശിച്ച ഡോക്ടറെ മനസാൽ ശപിച്ചു. മദ്യത്തിൻ്റെ ലഹരിയിൽ അയാൾ ഡോക്ടറായിരുന്നില്ല.. ആരാച്ചാരായിരുന്നു....
വളരെ സന്തോഷത്തോടെ ഞങ്ങൾ വീട്ടിലെത്തി......
നീണ്ട 9 മാസം ഞാൻ പ്രസവിച്ചു പെൺകുട്ടി... അവളുടെ മുഖത്ത് നോക്കിയതും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... അന്നു ഡോക്ടർ പറഞ്ഞപ്പോൾ അബോർഷനു സമ്മതിച്ചെങ്കിൽ...? എൻ്റെ മോള്....
ഡോക്ടർമാർ ദൈവത്തിനു തുല്യരാണ്.. ജീവൻ കാത്തു സൂക്ഷിക്കേണ്ടവരാണ്... അങ്ങനെയുള്ള ഡോക്ടേർസ് മദ്യത്തിനടിമപ്പെട്ട് മദ്യലഹരിയിൽപരിശോധന നടത്താമോ? അബോർഷൻ ഒരു രസമായി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഡോക്ടർമാർ നമുക്ക് ചുറ്റും ഉണ്ട്. വിശ്വസിച്ചെത്തുന്ന രോഗികളുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം ഡോക്ടർമാർ മാന്യമായും അർപ്പണബോധത്തോടെയും ചികിത്സ നടത്തുന്ന ഡോക്ടേർസിനു കൂടി കളങ്കമാണ്........
ജിഷ രതീഷ്
1/3/17

മോക്ഷം


ഞാൻ ആശ്രയയിലെ ഒരന്തേവാസിയാണ്.... ആശ്രയിക്കാൻ ആരുമില്ലാത്ത എന്നെപ്പോലുള്ള ജന്മങ്ങൾക്ക് ആശ്രയമാണ് ഇതു പോലുള്ള വൃദ്ധസദനങ്ങൾ...
പ്രായമായപ്പോൾ മക്കൾക്ക് ഭാരമായ അമ്മയാണ് ഞാൻ....
ആർക്കും ഭാരാവണത് എനിക്കിഷ്ടല്ലാത്ത കാര്യാ.. അച്ഛൻ ജീവിച്ചിരിക്കുന്നിടത്തോളമേ മക്കൾ അമ്മമാരെ നോക്കൂ... അത് കഴിഞ്ഞാ അമ്മമാർ ഭാരാവും... 
എൻ്റെ മകൻ എനിക്കും അവൻ്റെ ഭാര്യക്കും ഇടയിൽ കിടന്ന് ശ്വാസം മുട്ടണത് കണ്ടു നിക്കാൻ പറ്റാതെ....ഒരുദിവസംഞാൻ തന്നെ എൻ്റെ മകനോട് എന്നെ ഇവിടെ കൊണ്ടു വിടാൻപറഞ്ഞു...
ഇവിടെ കൊണ്ടുവിട്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും എൻ്റെ മകൻ്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല....
ആശ്രയയിൽ ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് അത് ശീലമായി.. സിനിമകളിലും മറ്റും കാണുന്ന വൃദ്ധസദനം പോലെ വല്ല്യ സൗകര്യങ്ങളൊന്നും ഇല്ല.. ജീവൻ നിലനിർത്താനുള്ള ആഹാരവും കിടക്കാനൊരിടവും ഉണ്ടായിരുന്നു... 
ഞാൻ വന്നതിൽ പിന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു മരണങ്ങൾ നടന്നു... പക്ഷെ ബന്ധുക്കളാരും വന്നില്ല .. ഇവിടെ കൊണ്ടു വിട്ടാൽ പിന്നെ മരിച്ചാൽ മൃതദേഹത്തിനവകാശം പറയാൻ പോലും ആരുണ്ടാവില്ല എന്നത് അന്നാണ് ഞാൻ മനസിലാക്കിയത് 
.മരിച്ചാലുടൻ മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും.. 
അതൊക്കെയോർത്തപ്പോ എനിക്കെവിടെയോ ഒരു വേദന... പറക്കമുറ്റും വരെ നോക്കി വളർത്തിയ മാതാപിതാക്കളെ മരിച്ചാൽ പോലുംഒരു നോക്കു കാണാൻ വരാത്ത മക്കൾ.....
മരിക്കും വരെ കാത്തിരിക്കും പ്രതീക്ഷിക്കും തൻ്റെ മക്കൾ വരും വീട്ടിലേക്ക് കൊണ്ടോവുന്നൊക്കെ.... എനിക്കും ഉണ്ട് അങ്ങനെയൊരു പ്രതീക്ഷ... പക്ഷെ എൻ്റെ കാത്തിരിപ്പും പ്രതീക്ഷയും അവസാനിക്കുന്നത് മരണത്തിൽ തന്നെയാകും.. എൻ്റെ നാളുകളും എണ്ണപ്പെട്ടിരിക്കുന്നു.!

മരണങ്ങൾ മാസംതോറും ആവർത്തിച്ചു വരുന്നു. 
പതിയെ പതിയെ ആശ്രയയിൽ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി... പുറമെ ശാന്തമാണെങ്കിലും ഒരു തടവറയുടെ പ്രതീതിയായിരുന്നു.... പുറത്തേക്കിറങ്ങാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല...
ഏറെ വൈകാതെ എനിക്കൊരു കാര്യം മനസിലായി ഇനി ഇവിടെ നിന്നൊരു തിരിച്ചു പോക്കുണ്ടെങ്കിൽ അത് മെഡിക്കൽ കോളേജിലേക്കാണ്... ഉന്നതൻമാരുടെ മക്കൾക്ക് കീറി മുറിച്ചു പഠിക്കാൻ.... ഇവിടെയുള്ളവരിൽ പലരും അതറിയുന്നില്ല....അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുന്നു.... ഇവിടെ നിന്നിറങ്ങിയാൽ തെരുവ് മാത്രം അഭയമായുള്ളോർ അറിഞ്ഞിട്ടെന്ത് കാര്യം?, ആ നിസഹായതയാണ് ഇവർ മുതലെടുക്കുന്നത്..
ആദ്യ ദിവസങ്ങളിൽ മൂന്ന് നേരം ഭക്ഷണം തരുന്നത് പതിയെ പതിയെ ഇല്ലാതായി.. ചില ദിവസങ്ങളിൽ ഒരു നേരം മാത്രമായി ഭക്ഷണം .., വെള്ളത്തിനു പോലും കണക്കുണ്ട് . അസുഖം വന്നാൽ ചികിത്സ പോലുമില്ല..മരണം പെട്ടെന്നെത്താനുള്ള മാർഗങ്ങൾ..
മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ ശരീരം ആവശ്യമായി വരുമ്പോൾ ഓരോ അന്തേവാസികളെ മരണത്തിലേക്ക് തളളി വിടുന്നു... ആശുപത്രി അധികൃതരും വൃദ്ധസദനത്തിലെ ആൾക്കാരും തമ്മിലുള്ള ഒരു ബിസിനസ്..... ഒരുതരം വിൽപന.... ജീവനോടെയല്ലെന്നു മാത്രം
ഏകദേശം ആറു മാസക്കാലം കൊണ്ടു തന്നെ എനിക്കീ വൃദ്ധസദനത്തിൻ്റെ മറവിൽ ഇവിടെ നടക്കുന്ന ചതി മനസിലായെങ്കിലും അവിടെ നിന്ന് പോകാനെനിക്ക് തോന്നിയില്ല..കാരണം ജീവിതം എനിക്ക് മടുത്തിരുന്നു... ജീവിതത്തിലെ നല്ല നാളുകൾ മക്കൾക്ക് വേണ്ടിയായിരുന്നു... ഇന്ന് വാർദ്ധക്യത്തിൽ ആരും കൂട്ടിനില്ല... മക്കൾക്ക് ഭാരമാവുന്നതിനേക്കാൾ നല്ലതാണ് മരണം ....ആസന്നമായ മരണവും കാത്ത് ആശ്രയയിൽ ഞാൻ.... ഈ ജീവിതത്തിൽ നിന്ന് ഒരു മോക്ഷത്തിനായ്.... 
മക്കളോ കാത്തിരിക്കാനില്ല...പക്ഷെ എൻ്റെ നിർജീവ ശരീരത്തിനായ് കാത്തിരിക്കുന്നുണ്ട് ആശുപത്രികൾ......

വൃദ്ധസദനങ്ങളിൽ മക്കളെ കാത്തിരിക്കുന്ന അമ്മമാരെ അല്ലെങ്കിൽ അച്ഛൻമാരെ തേടിയെത്തുന്നത് മരണമാണ്.... മരണം... !.
ജീവിതത്തിലെ നല്ല കാലം മുഴുവൻ മക്കൾക്കായ് വിയർപ്പൊഴുക്കുന്നവർ വാർദ്ധക്യത്തിൽ ഒറ്റയ്ക്കാവുന്നു... 
വൃദ്ധസദനങ്ങളുടെ മറവിൽ ഇതു പോലെ പല ചതികളും നടക്കുന്നുണ്ടാകാം.... മാതാപിതാക്കളെ മരണം വരെ നെഞ്ചോട് ചേർത്തു നിർത്തുക കാരണം അവരുടെ നെഞ്ചിലെ ചൂട് പറ്റിയാണ് നാം വളർന്നത്... ഒരു മെഡിക്കൽ കോളേജുകൾക്കും കീറി മുറിക്കാൻ വിട്ടുകൊടുക്കരുത്....
ജിഷ രതീഷ്
1/ 3/17

വിഷം

ഞാൻ ദീപ.,,എൻ്റെ യും മോഹനേട്ടൻ്റെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം 9 വർഷം കഴിഞ്ഞു ..പക്ഷെ ഇത്രയും നാളായിട്ടും ദൈവം കുഞ്ഞ് എന്നൊരു ഭാഗ്യം ഞങ്ങൾക്ക് തന്നില്ല.. കാണിക്കാത്ത ഡോക്ടർമാരില്ല .. പോകാത്ത അമ്പലങ്ങളില്ല .. നേരാത്ത നേർച്ചയും ഇല്ല..
ഞങ്ങൾ അദ്ധ്യാപകരാണ്. ഒരു പക്ഷേ കുട്ടികളില്ലാത്ത ദുഃഖം ഒരു പരിധി വരെ സ്കൂളിൽ ചിലവഴിക്കുമ്പോൾ ഇല്ലാതാകുന്നു.വീട്ടിലെ ഏകാന്തത പലപ്പോഴും ഞങ്ങളെ തളർത്തിയിരുന്നു.... ജീവിതം തന്നെ മടുത്തിരിക്കുമ്പോഴാണ് നാട്ടിലെ ഹോസ്പിറ്റലിൽ ഒരു പുതിയ ഗൈനക്കോളജി ഡോക്ടർ എത്തിയത്... .. ഡോക്ടർമാരെ കണ്ടും, ട്രീറ്റ്മെൻ്റ് ചെയ്തും മടുത്തു എങ്കിലും ... ഒരു കുഞ്ഞ് എന്ന സ്വപ്നം ഞങ്ങളെ ഡോക്ടറുടെ അരികിൽ എത്തിച്ചു... 4 മാസത്തെ ചികിത്സക്കൊടുവിൽ ആ അത്ഭുതം സംഭവിച്ചു. ഞാൻ ഗർഭിണിയായി.ഡോക്ടറുടെ കൈപ്പുണ്യമാണോ അതോ ദൈവം പരീക്ഷണമവസാനിപ്പിച്ചതാണോ എന്നറിയില്ല.. ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്. മാസങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി. ആകാംക്ഷയോടെ ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കി....
അങ്ങനെ എട്ടാം മാസത്തിൽ ഞാൻ പ്രസവിച്ചു. ഒരു പൊന്നു മോൻ... വലിയ തൂക്കകുറവൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പ്രസവം നേരത്തേ ആയതിനാൽ ഏകദേശം മൂന്നാഴ്ചയോളം കുട്ടി 'എൻ ഐ സി യു വിൽ ആയിരുന്നു... ആശുപത്രിയിൽ നിന്ന് തിരിച്ച് ഒരു മാസം കഴിഞ്ഞാണ് വീട്ടിൽ എത്തിയത്...
വീട്ടിലെത്തിയതിൽ പിന്നെ കാണികളുടെ തിരക്കായിരുന്നു. അതിൽ ഞങ്ങക്ക് സന്തോഷവുമായിരുന്നു.... വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞ് മോഹനേട്ടൻ സ്കൂളിൽ പോയി തുടങ്ങി.. എനിക്കു കൂട്ടായി മോഹനേട്ടൻ്റെ അമ്മയുണ്ടായിരുന്നു ഇരുപത്തെട്ടാം ദിവസം പാലു കൊടുക്കൽ ചടങ്ങ് കെങ്കേമമായി ആഘോഷിച്ചു... ഞങ്ങളെ ഭാഗ്യമില്ലാത്തവർ എന്നു പറഞ്ഞവർ തന്നെ ഞങ്ങളെ ഭാഗ്യവാൻമാർ എന്നു വിളിച്ചു... പേരും വിളിച്ചു 'മനു' മോനൂ എന്ന് വിളിക്കാനും തുടങ്ങി..
എൻ്റെ .6 മാസത്തെ അവധി കഴിയാൻ ഇനി ഒരാഴ്ച കൂടിയെ ബാക്കിയുള്ളു...
മോനെ ഒരു നേരം പോലും പിരിയാൻ എനിക്കിഷ്ടമില്ലായിരുന്നു. എങ്കിലും അമ്മയുള്ള സമാധാനത്തിൽ ഞാൻ സ്കൂളിൽ പോയി തുടങ്ങി.ഞാൻ സ്കൂളിൽ നിന്ന് വരുമ്പോൾ അമ്മ മോനു നെം കൊണ്ട് വാതിക്കൽ കാത്തുനിൽപ്പുണ്ടാവും.. എന്നെ കാണുമ്പോൾ അവൻ്റെ ചിരി കാണണം...അമ്മമാരെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണല്ലോ മക്കളുടെ ചിരി...
വൈകി കിട്ടിയ കൺമണിയായതുകൊണ്ട് ഏറെ ലാളിച്ചു ഞങ്ങൾ മോനൂനെ .. വാശിയും കുറുമ്പും അവനിത്തിരി കൂടുതലായിരുന്നു... ആ വാശി ഞങ്ങൾക്ക് ഇഷ്ടമായിരുന്നു...
അവൻ്റ ശാഠ്യങ്ങൾക്കൊക്കെ ഞങ്ങൾ വഴങ്ങിക്കൊടുത്തു...ഒറ്റ മോൻ അല്ലേ.. എല്ലാ അച്ഛനമ്മമാരും അങ്ങനെയാണല്ലോ,,?
വർഷങ്ങൾ പെട്ടന്നാണ് കടന്നുപോയത്. മനുവിന് 6 വയസ്.ഞങ്ങൾ ജോലി ചെയ്യുന്ന സ്കൂളിൽ തന്നെ അവനേയും ചേർത്തു.
ഭക്ഷണപ്രിയനായിരുന്നു മോനു.... അതു കൊണ്ട് അവനു വേണ്ടതൊക്കെ ഞാൻ ഉണ്ടാക്കി കൊടുക്കുമായിരുന്നു.. എണ്ണ പലഹാരങ്ങൾ അവനു ജീവനായിരുന്നു... അവൻ കഴിക്കുന്നത് കണ്ടിരിക്കാൻ എന്തു രസമാണെന്നോ... ആഴ്ചകളിൽ ഒരു ദിവസം ഞങ്ങൾക്ക് ഹോട്ടലുകളിൽ പോയി ഭക്ഷണം
കഴിക്കുന്ന പതിവുണ്ടായിരുന്നു.. അന്ന് മോനു പറയുന്നതൊക്കെ വാങ്ങിക്കൊടുക്കും ..... ബർഗറും പിസയും ന്യൂഡിൽസും ബിരിയാണീം ഒക്കെ അവൻ്റെ ഇഷ്ട ഭക്ഷണമാണ്..
. വളരും തോറും അവൻ്റെ ഭക്ഷണത്തിലും ഞാൻ ശ്രദ്ധിച്ചു... അവനിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിയും ഹോട്ടലിൽ നിന്നും വാങ്ങി ക്കൊടുത്തും അവനെ സന്തോഷിപ്പിച്ചു.... അവൻ്റെ സന്തോഷത്തിനായി വേണ്ടതൊക്കെ ഞാനും മോഹനേട്ടനും ചെയ്തു. അത്രയ്ക്ക് ഞങ്ങളവനെ ശ്രദ്ധിച്ചു.
മനുവിനെ ഞങ്ങൾ വർക്ക് ചെയ്യുന്ന സ്കൂളിൽ തന്നെ ചേർത്തപ്പോൾ എനിക്കും മോഹനേട്ടനും ആശ്വാസമായി... ഇനി സ്കൂളിൽ വരുന്ന സമയത്ത് അവനെ പിരിഞ്ഞിരിക്കണ്ടല്ലോ... ഞങ്ങടെ കൂടെ തന്നുണ്ടല്ലോ.....
ചിത്രം വരക്കാൻ വലിയ ഇഷ്ടമായിരുന്നു അവന്. വീട്ടിലെ ചുമര് മുഴുവൻ മനുവിൻ്റെ ചിത്രങ്ങളാണ്.
ഒരു ദിവസം സ്കൂളിൽ ചിത്ര രചന മത്സരം നടത്തി... ആ ദിവസം അന്നായിരുന്നു ഞങ്ങളുടെ സന്തോഷങ്ങൾ അവസാനിച്ച ദിവസം..
. ചിത്രരചനയിൽ മനുവിനായിരുന്നു ഒന്നാം സമ്മാനം... അത് പറയാൻ. എൻ്റടുക്കലേക്ക് ഓടി വന്നതായിരുന്നു അവൻ... പടി കയറി വരുന്നതിനിടയിൽ അവൻ കുഴഞ്ഞു വീണു.... അമിതമായി ഓടിയതുകൊണ്ടാവാം എന്നാണ് ഞങ്ങൾ കരുതിയത്... ആശുപത്രിയിൽ ചെന്നതും (ഡിപ്പിട്ടു ... എന്നിട്ടും അവന് ബോധം വന്നില്ല.ഡോക്ടർ മോനെ ഐ സി യു വി ലാക്കണമെന്നും... കുറച്ച് ടെസ്റ്റുകൾ നടത്തിയാലെ എന്താണെന്ന് പറയാൻ പറ്റൂ എന്നും പറഞ്ഞു...
ഞങ്ങൾ ആശുപത്രി വരാന്തയിൽ പാതി മരിച്ചവരെ പോലിരുന്നു.....
ഒടുവിൽ ടെസ്റ്റ് റിസൾട്ട് വന്നു...... .ഡോക്ടർ ഞങ്ങളെ മുറിയിലേക്ക് വിളിപ്പിച്ചു
"ഇരിക്കൂ"
"വേണ്ട ഡോക്ടർ ഞങ്ങളിവിടെ നിന്നോളാം... ഞങ്ങടെ മോനെന്തു പറ്റിയെന്ന് പറയൂ "
"തുറന്നു പറയാതിരിക്കാൻ പറ്റില്ല. രോഗവിവരം കൃത്യമായി പറയുക എന്നത് ഡോക്ടർ എന്ന നിലയിൽ എൻ്റെ കടമയാണ്....കുട്ടിക്കിപ്പോൾ ബോധം വീണിട്ടുണ്ട്... പക്ഷെ നില വളരെ മോശമാണ്. കുട്ടിയുടെ ധമനികളിൽ കൊഴുപ്പടിഞ്ഞു കൂടിയിരിക്കുന്നു.അതുകൊണ്ടാണ് കുഴഞ്ഞു വീണത്.കൂടാതെ വൃക്കകൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട് "
"എന്താണ് ഡോക്ടർ പറയുന്നത്.. അവൻ ചെറിയ കുട്ടി അല്ലേ"
''സാധാരണയായി പ്രായമായവരിലാണ് ഇങ്ങനെയുള്ള കുഴപ്പങ്ങൾ കാണുക.. കുട്ടി പുറത്തു നിന്ന് ഭക്ഷണം കഴിക്കാറുണ്ടോ?"
"ഉണ്ട് ഡോക്ടർ ന്യൂഡിൽസ് ബർഗർ പിസ ബിരിയാണി ഇവയൊക്കെ അവൻ്റെ ഇഷ്ട ഭക്ഷണമാണ്... എണ്ണ പലഹാരങ്ങളും ഇഷ്ടമാണ്... ഞങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മോനാണ് ഡോക്ടർ ... ഞങ്ങൾ ജീവിക്കുന്നത് അവന് വേണ്ടിയാണ്. എങ്ങനെയെങ്കിലും രക്ഷിക്കണം.. ഞങ്ങളെ കൈവിടരുത്."
"ഈ ഭക്ഷണ സാധനങ്ങൾ തന്നാണ് വില്ലൻ... പുറത്തു നിന്നുള്ള ഭക്ഷണങ്ങളിൽ കളറുകളും.. രുചി കൂട്ടാനുള്ള കെമിക്കലുകളുo മറ്റും ചേർക്കുന്നു നിങ്ങൾ കുട്ടിക്ക് ചെറുപ്പം മുതൽ നൽകിയ കൊഴുപ്പടങ്ങി യ ഭക്ഷണമാണ് കുട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണം ഞങ്ങളുടെ പരമാവധി ഞങ്ങൾ ശ്രമിക്കാം.. ബാക്കിയൊക്കെ ദൈവത്തിൻ്റെ കയ്യിലാണ്.."
ഡോക്ടറുടെ ആ വാക്കുകളിൽ ഞങ്ങളുടെ മോൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ 100 ൽ 1% മാത്രമേ ചാൻസുള്ളു എന്ന് ഞങ്ങൾക്ക് മനസിലായി .ഞങ്ങളുടെ ഇടനെഞ്ച്കുത്തിക്കീറുന്ന പോലാണ് തോന്നിയത്, ഒരു നിമിഷം നിന്ന നിൽപിൽ ഭൂമി പിളർന്ന് താഴ്ന്ന് പോ യാ മതി എന്നു തോന്നി....
ചെറുപ്പം മുതൽ ഞങ്ങൾ അവനു നൽകിയ ഭക്ഷണം അതാണ് മോനെ ഈ നിലയിലാക്കിയത്.... ഞാൻ സ്നേഹത്തോടെ അവനെ ഊട്ടിയത് വിഷമാണോ?അവൻ വാശി പിടിക്കുമ്പോൾ വാങ്ങിക്കൊടുത്തത് വിഷമാണോ?
അവൻ്റെ ആരോഗ്യത്തിനു വേണ്ടി ഞാൻ നൽകിയത് ...വിഷമാണോ ?
നിറകണ്ണുകളോടെ എൻ്റെ മകൻ്റടുത്തേക്ക് ചെന്നു.... എന്നെ കണ്ടതും അവൻ ഇതുവരെ എനിക്ക് നൽകാത്ത തരത്തിലുള്ള ഒരു പുഞ്ചിരി എനിക്ക് തന്നു.......
ഒന്നു കരയാൻ പോലുമാകാതെ ഞാൻ അവൻ്റെ മുന്നിൽ നിന്നു ഒരു കുറ്റവാളിയെ പോലെ ....

ഇതുപോലെ ഒരുപാട് രക്ഷിതാക്കളുണ്ടാകും.. മക്കളുടെ ശാഠ്യത്തിന് വഴങ്ങി ഒക്കെ വാങ്ങിക്കൊടുക്കുന്നവർ... മക്കളുടെ സന്തോഷം മാത്രം കണക്കിലെടുത്ത് അവരുടെ വാശികൾ നടപ്പിലാക്കുമ്പോൾ അറിയുക നിങ്ങൾ മക്കളോട് തെറ്റ് ചെയ്യുകയാണ്,.... പിസയും ബർഗറും മറ്റു ആഹാരസാധനങ്ങളും വാങ്ങി കൊടുക്കുമ്പോൾ അതിലsങ്ങിയിരിക്കുന്ന കെമിക്കലുകൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവൻ തട്ടിയെടുത്തേക്കാം.....നിങ്ങളറിയാതെ നിങ്ങൾ കുഞ്ഞുങ്ങളെ ഊട്ടുന്നത് വിഷമാണ്.. തിരിച്ചറിയുക നിങ്ങളുടെ മക്കളുടെ സുരക്ഷ നിങ്ങളുടെ കയ്യിലാണ്.....
ജിഷ രതീഷ്
15/2/17

ലഹരിയിൽ നുരയുന്ന പ്രണയം (കഥ)


ലഹരിയിൽ നുരയുന്ന പ്രണയം (കഥ)
മീര.....,പ്ലസ് ടു കഴിഞ്ഞ് എം ബി ബി എസ് നു ചേരാനായിരുന്നു മോഹം... പക്ഷെ ഫീസ് അവളുടെ കുടുംബത്തിനു താങ്ങാൻ പറ്റാത്തതായിരുന്നു .അപ്പയുടെ നിർബന്ധത്തിൽ അവൾ എഴുതാൻ തീരുമാനിച്ചു. അപ്പയുടെആഗ്രഹമായിരുന്നു മോളെ ഡോക്ടറാക്കുക എന്നത്. മെറിറ്റ് സീറ്റിൽ ഒരു ഗവ:കോളേജിൽ അവൾക്ക് അഡ്മിഷനും കിട്ടി. അവിടെ ഹോസ്റ്റലിൽ താമസിച്ചു വേണം പഠിക്കാൻ .മീര ഏക മകളായതുകൊണ്ട് അപ്പയെയും അമ്മയ്ക്കും വിട്ടുപിരിയാൻ ബുദ്ധിമുട്ടായിരുന്നു. മീരയ്ക്കും അങ്ങനെ തന്നായിരുന്നു. എങ്കിലും മകളെ ഒരു ഡോക്ടറായി കാണാൻ ആ വേർപാട് ഒരു അനിവാര്യമായിരുന്നു. മകളെ സന്തോഷത്തോടെയും ഏറെ പ്രതീക്ഷയോടെയും അവർ കോളേജിലേക്ക് യാത്രയാക്കി. . ആദ്യ ദിനങ്ങളിൽ ഹോസ്റ്റലിലും ഏറെ വീർപ്പുമുട്ടി .ഏകാന്തതയിൽ അവൾ അപ്പയെയും അമ്മയെയും ഓർത്ത് ഒരുപാട് കരഞ്ഞു.. ഇടക്ക് കോളേജ് വിട്ട് തിരിച്ച് നാട്ടിലേക്ക് പോയാലോ എന്നു പോലും അവൾ ചിന്തിച്ചു.
ദിവസങ്ങൾ കടന്നുപോയി... അവൾ കോളേജുമായും ഹോസ്റ്റലുമായും ഇണങ്ങി ചേർന്നു.സൗഹൃദങ്ങൾ കുറവായിരുന്നു .. എന്നാലും അപ്പേടെ ആഗ്രഹമാണ് ഡോക്ടറാക്കാൻ. 'ഏകാന്തത അവളെ വല്ലാതെ തളർത്തി. അവൾ കോളേജ് ജീവിതം അവൾക്കൊരു തടവറയായ് തോന്നി. വീക്കെൻഡിൽ എല്ലാവരും വീട്ടിൽ പോകാൻ തയ്യാറായി.മീരയും.. അപ്പ യെയും അമ്മയെയും കാണാൻ അവളുടെ മനസ് കൊതിച്ചു.. ഒരാവേശമായിരുന്നു അവൾക്ക്.
രാവിലെ പുറപ്പെട്ടു.5 മണിക്കൂർ യാത്രയുണ്ട് വീട്ടിലേക്ക്. സ്റ്റേഷനിൽ അപ്പായും അമ്മയും കാത്തിരിപ്പുണ്ടായിരുന്നു. രണ്ടു പേരും അവളെ കെട്ടിപ്പുണർന്നു.
മോളേ.... യാത്രയൊക്കെ സുഖlയിരുന്നോ?
അതെ അമ്മേ,
"കോളേജും ഹോസ്റ്റലും എങ്ങനുണ്ട് മോളെ. അപ്പ അങ്ങോട്ട് വരാനിരിക്കുവായിരുന്നു. അപ്പൊഴാണ് മോള് ഇങ്ങോട്ട് വരുന്നുന്ന് പറഞ്ഞെ "
ഒരു കുഴപ്പോം ഇല്ലപ്പാ നന്നായി പോകുന്നു. തൻ്റെ ഏകാന്തതയെ കുറിച്ച് പറഞ്ഞ് വിഷമിപ്പിക്കണ്ട എന്ന് കരുതി അവളൊന്നും പറഞ്ഞില്ല.
വാ മോളെ യാത്ര കഴിഞ്ഞതല്ലേ. ബാക്കി വീട്ടിൽ ചെന്നാവാം. സ്റ്റേഷനിൽ നിന്ന് ഒരു 10 മിനിട്ട് അത്രേയുള്ളൂ വീട്ടിലേക്ക്..
മോള് ചെന്ന് കുളിക്ക് .അമ്മ ആഹാരം എടുത്ത് വയ്ക്കാം .. ഇവിടെത്തിയതല്ലേ ഉള്ളൂ അമ്മെ ഞാനൊന്ന് കിടക്കട്ടെ.
ഞാൻ കുളിച്ചോളാം.......
മീര കുളിച്ച് ഭക്ഷണം കഴിക്കാനിരുന്നു.
നിനക്കവിടത്തെ ഭക്ഷണം ശരിയാകുന്നുണ്ടോ മോളെ...
ഉം കുഴപ്പില്ലമ്മേ..
വീട്ടിൽ 2 ദിനം വേഗം കടന്നു പോയി. അവധി കഴിഞ്ഞ് അവൾ മടങ്ങി.വീട്ടിൽ നിന്ന് ഹോസ്റ്റലിൽ എത്തിയ ആ ദിനം അവൾക്ക് ഏറെ ദുസഹമായിരുന്നു... ആ രാത്രി അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.അപ്പയും അമ്മയും ആയിരുന്നു മനംനിറയെ...
രാവിലെ ഉണരാൻ ഏറെ വൈകി.... കോളേജിലെത്തുമ്പോ മണി 10 കഴിഞ്ഞിരുന്നു..... അന്ന് കോളേജിൽ സെമിനാർ ആയിരുന്നു. ഉച്ചവരെയേ ക്ലാസുണ്ടായിരുന്നുള്ളു. എല്ലാവരും സിനിമയ്ക്ക് പോയി. അവൾ കോളേജിലെ ആൽമരത്തറയിൽ ഒറ്റയ്ക്ക് കുറേ നേരം ഇരുന്നു. ഉച്ചയ്ക്ക് വെയിൽ ശകതമായിരുന്നു. അല്ലേലും സൂര്യനിപ്പോ ഒരു ദയയും ഇല്ലാതെ കത്തി നിക്കുവല്ലേ...
ഹോസ്റ്റലിൽ അന്ന് നേരത്തേ എത്തി .. റൂമിലെത്തി ഒന്നു കിടക്കുമ്പോഴാ ണ് ഫോൺ റിംഗ് ചെയ്തത്. വേഗം ചെന്നെടുത്തു. അപ്പുറത്ത് നിന്ന് പ്രതികരണമൊന്നും ഇല്ല. അവൾ ഫോൺ കട്ട് ചെയ്തു.. വീണ്ടും ഫോൺ റിംഗ് ചെയ്തു എടുത്തപ്പോൾ ആരും മിണ്ടുന്നില്ല. കട്ട് ചെയ്തപ്പോ വീണ്ടും റിംഗ്. അവൾ ഫോണെടുത്തു.
"എന്താ ഇന്ന് ആൽത്തറയിൽ തനിച്ചിരിക്കുന്നത് കണ്ടല്ലോ?"...
മീര ഒന്നും മിണ്ടിയില്ല... തന്നോടിങ്ങനെ ചോദിക്കാൻ ആരാ കോളേജിൽ ? ആലോചനക്കിടയിൽ അവൾ ഉറങ്ങിയതറിഞ്ഞില്ല...
പിറ്റേ ദിവസം രാവിലെ നേരത്തേ മീര കോളേജിലെത്തി. ഫസ്റ്റ് ഹവർ ഫ്രീയായ് രുന്നു.. അവൾ നേരെ ലൈബ്രറിയിലേക്ക് ചെന്നു.. പുസ്തകങ്ങൾ തിരയുന്ന സമയത്താണ് പുസ്തക ഷെൽഫുകൾക്കിടയിലൂടെയുള്ള ആ നോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്.ഇതിനു മുൻപ് കോളേജിലൊന്നും കണ്ടിട്ടില്ലാത്ത മുഖം. കണ്ടിട്ട് സ്റ്റുഡന്റ് അല്ല.. ഒട്ടുമിക്ക സീനിയേഴ്സിനേം പരിചയമൊന്നുമില്ലേലും മീരക്കറിയാം. പക്ഷെ ഇതാരാ....... എന്നെ ഇങ്ങനെ നോക്കാൻ !!അവള് മെല്ലെ പുറത്തേക്ക് നടക്കാൻ തുടങ്ങി
മീര.... ഒന്നു നിക്കൂ....
മീര പുറം തിരിഞ്ഞ് നോക്കാതെ അവിടെ നിന്നു.
ഞാൻ ഒരു കാര്യം പറയാൻ മീരയെ കാത്തു നിന്നതാ...
ആരാ എനിക്ക് മനസിലായില്ല...?
ഞാൻ രാഹുൽ ...
ഇവിടെ ലൈബ്രററിയിൽഔട്ട് സൈഡേർസിന് പ്രവേശനില്ല പിന്നെന്തിനാ ഇവിടെ വന്നെ... എന്തിനാ എന്നെ കാണുന്നെ,.. ??
ഞാൻ തന്നോട് ഒരു കാര്യം പറയാൻ വന്നതാ ഞാൻ ഔട്ട് സൈഡറൊന്നും അല്ല. ഫൈനൽ ഇയർ ആണ്,..തൻ്റെ സീനിയറാണ്...
മീര ആകെ പേടിച്ചു.
പേടിക്കണ്ട. ഞാൻ റാഗിങിനൊന്നും വന്നതല്ല ഒന്നു പരിചയപ്പെടാൻ അത്രേള്ളൂ. ഞാനിന്നലെ വിളിച്ചിരുന്നു... പക്ഷെ കോളെടുത്തപ്പോ താനൊന്നും മിണ്ടില്ല .. എന്താമിണ്ടാഞ്ഞെ .. ഒറ്റയ്ക്ക് കണ്ടപ്പോൾ അതാ വിളിച്ചേ ..
മീര ഒന്നും മിണ്ടാതെ ..വേഗത്തിൽ കോളേജ് വരാന്തയിലൂടെ നടന്നു.
അന്നു രാത്രി അവളുറങ്ങിയില്ല. പല ചോദ്യങ്ങളായിരുന്നു മനസിൽ.. എന്തിനായിരിക്കണ0 രാഹുൽ എന്നെ തിരക്കി വന്നത്.. എന്തിനായിരിക്കും എന്നെ ഫോൺ ചെയ്തത്... ആരാ എൻ്റെ നമ്പർ കൊടുത്തത്
പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്. അവൾ ഫോൺ നോക്കി .. അപ്പയാണ്.
"ഹലോ അപ്പാ ''
ആ മോളെ സുഖാണോ?.
അതെ അപ്പാ അമ്മ എവിടെ?
. ഇവിടുണ്ട് മോളെ
ഏറെ നേരം അവർ സംസാരിച്ചു. വിശേഷങ്ങളൊക്കെ പങ്കുവച്ചു. ഫോൺ വെച്ചു കഴിഞ്ഞപ്പോ അവൾക്കാകെ സങ്കടായി..
അപ്പോഴാണ് വീണ്ടും ഫോൺ റിംഗ് ചെയ്തത്. ഇന്നലത്തെ നമ്പർ.'. ഇത് രാഹുൽ തന്നെയാണ്. അവൾ എടുത്തില്ല. വീണ്ടും ഫോൺ ബെൽ തുടർന്നു കൊണ്ടേയിരുന്നു. സഹികെട്ട് അവൾ ഫോൺ എടുത്തു.
"ഹലോ
ഞാൻ രാഹുലാണ്. ബുദ്ധിമുട്ടായോ?"
" അത്......: "അവളൊന്നും പറഞ്ഞില്ല
" നാളെയൊന്നു കാണാൻ പറ്റുമോ? ഞാൻ ലൈബ്രറിയിൽ ഉണ്ടാകും "
മീര ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. അവൾ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
രാവിലെ കോളേജിലെത്തി. രാവിലെ ക്ലാസിലിരിക്കുമ്പോഴാണ് ഇന്നലത്തെ ഫോൺ വിളിയുടെ കാര്യം ഓർമ വന്നത്. എന്തോ അവൾക്ക് ലൈബ്രറിയിലേക്ക് പോകാനെ തോന്നിയില്ല.
വൈകിട്ട് ഹോസ്റ്റലിലേക്കുളള വഴിയിൽ അവൻ കാത്തു നിൽപുണ്ടായിരുന്നു.
" ഒന്നുവരായ്രുന്നു ലൈബ്രറിയിലേക്ക് "
" എനിക്ക് ക്ലാസുണ്ടായിരുന്നു"
"എനിക്ക് ഇഷs മാണ് ഇയാളെ .. അതു പറയാൻ പറ്റിയ ഇടമാണ് ലൈബ്രറി എന്ന് തോന്നി. തൻ്റെ ഏകാന്തത മാറ്റുന്ന ഇടല്ലേ.. അതാ അങ്ങോട്ട് വിളിച്ചെ... "
" ഞാൻ......"
"ആലോചിച്ച് പറഞ്ഞാ മതി " എന്ന് പറഞ്ഞ് രാഹുൽ തിരിഞ്ഞ് നടന്നു.
തന്നെ ഒരു പാട് മനസിലാക്കിയ പോലാണ് രാഹുൽ സംസാരിച്ചത്. എൻ്റെ ഏകാന്തതയും ഒറ്റപ്പെടലും ഒക്കെ മനസിലായപോലെ മീര ചിന്തിച്ചു. ആ നിമിഷം ഒരു പ്രണയത്തിൻ്റെ തുടക്കം എന്ന് തന്നെ പറയാം.....
പക്ഷെ ഒരു ചതിക്കുഴിയുടെ ഒരുക്കം മാത്രമായിരുന്നു അത്.
" .താൻ ലൈബ്രറിയിലേക്ക് ചെല്ലാത്തത് മോശമായിപ്പോയ് എന്നു അവൾക്ക് തോന്നി.... ഒന്ന് വിളിച്ചാലോ.. അവൾ ആലോചിക്കുമ്പോഴാണ് അപ്പയുടെ വിളി വന്നത്‌, കോളെടുത്ത് അപ്പ കാര്യങ്ങൾ ചോദിക്കുകയായിരുന്നു.അവൾക്കെന്തോ വല്ലാതെ സംസാരിക്കാൻ തോന്നിയില്ല. വായിക്കാനുണ്ടെന്ന് പറഞ്ഞ് അവൾ വേഗം ഫോൺ വെച്ചു.രാഹുൽ .. അവനെ വിളിക്കാം എനിക്കു വേണ്ടി ലൈബ്രറിയിൽ ഒരുപാട് കാത്തുനിന്നിട്ടുണ്ടാവും പാവം.. ഒരു നിമിഷം അപ്പയുടെ കോളിനേക്കാൾ വലുതായി അവൾക്ക് രാഹുലിൻ്റെ കോൾ ....
പക്ഷെ എന്ത് പറയും ഒരു ക്ഷമാപണത്തിൽ നിന്ന് തുടങ്ങാം എന്നവളുടെ മനസ് പറഞ്ഞു..
അവൾ വിളിച്ച് ഒരു പാട് സംസാരിച്ചു... അവളുടെ ഏകാന്തതയിൽ അവൾക്കൊരു കൂട്ടായ് രാഹുൽ മാറി.. . മറ്റ് കമിതാക്കളെ പോലെ കണ്ടു മുട്ടലും ഡേറ്റിങ്ങും ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല, പിന്നീടങ്ങോട്ട്
ഒരു പുതിയ മീര രൂപത്തിലും ഭാവത്തിലും സംസാരത്തിലും അത് ഒരു പ്രാവശ്യം വീട്ടിൽ ചെന്നപ്പോൾ അപ്പ പറഞ്ഞാണ് അവളും മനസിലാക്കിയത്.
പതിയെ വീട്ടിലേക്കുള്ള യാത്ര കുറഞ്ഞു.ഒഴിവു ദിനങ്ങൾ അധികവും രാഹുലിൻ്റെ കൂടെ ചിലവഴിച്ചു. അവൻ്റെ കൂടെയുള്ള നിമിഷങ്ങൾ അവൾക്ക് ആനന്ദം നിറഞ്ഞവയായിരുന്നു. അവൻ്റെ ആഗ്രങ്ങൾക്കൊക്കെ അവൾ വഴങ്ങി.. എല്ലാത്തരത്തിലും അവൻ്റേതു മാത്രമായിത്തീരാൻ അവൾക്കും ഇഷ്ടായിരുന്നു. അങ്ങനെ അവനോടൊപ്പം അവധി ദിനം ചിലവഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്പയുടെ കോൾ വന്നത്. പെട്ടന്ന് അവൾ കോളെടുത്തു.
"മോളെ. നീ എന്താ വരാഞ്ഞെ"
" അപ്പാ. സെമിനാർ വർക്ക് ഉണ്ട്. അവിടെ വന്നാലും എനിക്ക് അപ്പായോടും അമ്മയോടും ഒന്നും മിണ്ടാൻ പോലും പറ്റില്ല.അതാ ഞാൻ....." അവൾ പറഞ്ഞ് നിർത്തി
''ഓ അതാണോ മോളെ.അപ്പ ചോദിച്ചൂന്നെ ഉള്ളൂ.. അപ്പ വെക്കട്ടെ എന്നാൽ "
"ഉം " അവൾ ഫോൺ വെച്ചു.
ഒരു നിമിഷം അവൾ ഇരു കൈകളും കൊണ്ട് കണ്ണൂകൾ പൊത്തി ഇരുന്നു.
"എന്തു പറ്റിയെടോ?"
"ഞാനാദ്യമായി അപ്പായോട് കള്ളം പറഞ്ഞു"
"സാരില്ലെടോ.. എനിക്ക് വേണ്ടിയല്ലേ..... ,"
ആയിടക്കാണ് രാഹുൽ എപ്പഴും എന്തോ മൂക്കിലേക്ക് വലിച്ചു കേറ്റുന്നതും ഇഞ്ചക്റ്റ് അവളുടെ ശ്രദ്ധയിൽ പെട്ടത്. അതു കഴിഞ്ഞാ പിന്നെ അവൻ വേറൊരാളായ് മാറും. ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല... പിന്നീട് അത് മയക്കുമരുന്നാണെന്ന് അവൻ തന്നെ തുറന്നു പറഞ്ഞു. .എന്നിട്ടും അവനോടുള്ള ഇഷ്ടം ഒട്ടും തന്നെ കുറഞ്ഞില്ല. പിന്തിരിപ്പിക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല.അവനെ നഷsപ്പെടുമോ എന്ന് കരുതി അവൾ കൂടുതലൊന്നും പറഞ്ഞില്ല.
ഒരു ദിവസം അവനോടൊത്ത് ചിലവഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ്റെ നിർബന്ധത്തിൽ വഴങ്ങി ആദ്യമായി അവളും മയക്കുമരുന്ന് ഉപയോഗിച്ചു. അതിൻ്റെ ലഹരി ആദ്യമായി അവളും അറിഞ്ഞു. പിന്നീട് അതൊരു ശീലമായി.. മയക്കുമരുന്ന് ശൃംഖലയിലെ ഒരു കണ്ണിയായ് മാറി അവൾ . ഒരു കാര്യർ.വീട്ടിലേക്കാണ് എന്നും പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങി പല ദിവസങ്ങളിലും അവൾ അവനോടൊപ്പം ചിലവഴിച്ചു. അവനു വേണ്ടി മയക്കു മരുന്ന് കാര്യർ പോലുമായി..
മയക്കുമരുന്നിൻ്റെ ലഹരി അവനോടുത്തുള്ള പകലുകളുംസായാഹ്നങ്ങളും രാത്രികളും കൂടുതൽ ആനന്ദപ്രദമാക്കി.... അവൾ അതിൻ്റെ അടിമയായ് മാറുകയായിരുന്നു.... ഒപ്പം അവൻ്റെയും. ദിവസങ്ങൾ കഴിഞ്ഞു.രാഹുലിൻ്റെ അടുപ്പം കുറഞ്ഞു വന്നു. അവൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി.. വിളികൾ കുറഞ്ഞു. അങ്ങോട്ട് വിളിച്ചാലും എടുക്കാതെയായി. അവൾക്കത് സഹിക്കാൻ പോലും പറ്റാതായി.കോളേജ് ലൈബ്രററിയിൽ അവനെയും കാത്തിരുന്നു, കണ്ടില്ല ..
ഒരു ദിവസം അവൾ രാഹുലിനെ തേടി ... അവൻ താമസിക്കുന്ന സ്ഥലത്തെത്തി... പക്ഷേ ആരും ഉണ്ടായിരുന്നില്ല.. അവൾ മടങ്ങി... അവൻ്റെ വിളിക്കായ് അവൾ കാത്തിരുന്നു... അവൻ വിളിച്ചില്ല... അവനെ തേടി അവൾ ഒരുപാടലഞ്ഞു. കോളേജിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരാളെ അറിയില്ലെന്നാണ് സീനിയേഴ്സ് പറഞ്ഞത്... അപ്പോ രാഹുൽ?..അവൾക്ക് കയ്യും കാലും തളരുന്നതുപോലെ തോന്നി. എന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചു നിന്നു. തന്നെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞതാണെന്ന് മനസിലാക്കിയെങ്കിലും അത് സത്യമാകരുതേ എന്നവൾ പ്രാർത്ഥിച്ചു.
താൻ രാവും പകലും ചിലവഴിച്ചതാരോടൊപ്പമാ'...... തന്നെ മയക്കുമരുന്നിൻ്റെ കണ്ണിയാക്കി മാറ്റിയതെന്തിനാ...... ഒരു നിമിഷം അവൾ ഒരു വേശ്യയെക്കാൾ തരംതാണ പോലെ അവൾക്ക് തോന്നി .....
കണ്ണുകളിൽ ഇരുട്ടു പരന്നു... ഹോസ്റ്റൽ മുറിയിൽ ഒരു ഭ്രാന്തിയെപോലെ അവൾ.... ഇനി മുന്നോട്ട് ഒരു ജീവിതം ഇല്ല...... എല്ലാത്തരത്തിലും താൻ നശിച്ചു എന്നവൾക്ക് ബോധ്യമായ്.. അവൾ അലറിക്കരഞ്ഞു.... തെറ്റുകളിൽ നിന്നും തെറ്റിലേക്കാണ് ഞാൻ നടന്നത്. അവനു വേണ്ടി എൻ്റെ അപ്പയേയും അമ്മയേയും ഞാൻ മറന്നു.....
അലർച്ചകേട്ട് വാർഡൻ ഓടിയെത്തി.. മുറിയാകെ അലങ്കോലമായ് കിടകുന്നു. മുറിയുടെ മൂലയിൽ മീര .. വാർഡൻ ചെന്ന് വിളിച്ചിട്ടും അവൾ അനങ്ങിയില്ല.... വെറും നോട്ടം മാത്രം.... കണ്ണുകൾ നിറഞ്ഞൊഴുകുന്നു... അനക്കമില്ല..
പിറ്റേന്ന് രാവിലെ അപ്പയെയും അമ്മയെയും കണ്ടാണവൾ ഉണർന്നത് ആശുപത്രിക്കിടക്കയിൽ... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ കണ്ണുനീരിൽ അവൾ അവളുടെ പാപങ്ങളൊക്കെ കഴുകി.. ഒരായിരം മാപ്പുപറച്ചിലിന് തുല്യമായിരുന്നു ആ കണ്ണുനീർ............പെട്ടന്ന് മുഖഭാവം മാറി അമുറയിടാൻ തുടങ്ങി..
മകളുടെ ഭ്രാന്തൻ ചേഷ്ടകൾ കണ്ട് സംഭവിച്ചതെന്താണെന്നു പോലുമറിയാതെ നിസഹായതയോടെ നിൽക്കാനെ ആ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളൂ..
ഇതു പോലെ ഒരുപാടച്ഛനമ്മമാർ നമുക്ക് ചുറ്റിലും ഉണ്ട്.
മക്കളെ ഡോക്ടറാക്കാനും എഞ്ചിനിയറക്കാനും മത്സരിക്കുമ്പോൾ .കയറ്റി അയക്കുമ്പോൾ അവർ അവിടെ സുരക്ഷിതരാണ് എന്നു നാം ഉറപ്പിക്കണം. ഇതുപോലുള്ള ചതിക്കുഴികൾ മനസിലാക്കാൻ പ്രാപ്തരാക്കണം.. ജീവിതം ഒന്നേ ഉള്ളൂ.... അത് കപട സ്നേഹത്തിനും മയക്കുമരുന്നിനും അടിമപ്പെടാനുള്ളതല്ല....
ജിഷ രതീഷ്
29/1/17

ചുടലക്കാട്


എന്നാത്മാവുറങ്ങിക്കിടക്കുന്ന മണ്ണിത് 
എന്നാത്മാവു ചാമ്പലായ് ചേർന്നൊരീ മണ്ണിത്
എരിയുന്ന തീക്കനൽ കൂനയിൽ 
എന്നാത്മാവു വെന്തുരുകിക്കരിഞ്ഞീലയോ
വിട ചൊല്ലിയില്ല ഞാനാരോടും
വിട പറഞ്ഞതില്ലാരുമെന്നോടും
കണ്ണകന്നില്ലേ മനസും അകന്നു............
ഞാനകന്നില്ലേ എൻ ജീവാത്മാവിനോടും
ഈ മണ്ണിനാരും വിലപേശുകില്ല
ഈ മണ്ണിനാരും ആഗ്രഹിക്കീല :,,
ചുടലയെല്ലാർക്കും
ഭയവും അറപ്പും;
എന്നാ കിലുമിവിടെയെത്തും ഒരിക്കൽ
എന്നാത്മാവുറങ്ങിക്കിടക്കുന്ന മണ്ണിത്
നിന്നാത്മാവും അന്തിയുറങ്ങേണ്ട മണ്ണിത്
By: 
Jisha Ratheesh


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo