Showing posts with label Riju. Show all posts
Showing posts with label Riju. Show all posts

അന്നാമ്മച്ചീടെ വിത്ഡ്രോവൽ സിംഡ്രോം (നർമ്മ കഥ)

"അന്നാമ്മച്ചീടെ വിത്ഡ്രോവൽ സിംഡ്രോം"

    സന്ധ്യമുതലേ ആന്റപ്പൻ ശ്രദ്ധിക്കുന്നതാ അന്നമ്മയ്ക്കൊരു പരവേശം...ഇടയ്ക്ക് വയറു തിരുമ്മുന്നു, ഇടയ്ക്ക് അടുക്കളയിൽ പോയി ചട്ടി തുറന്നു നോക്കി 'ശേ...ശേ' എന്ന് പറഞ്ഞു മുറ്റത്തു തേരാപ്പാരാ നടക്കുന്നു....

    "എടി അന്നമ്മോ നിനക്കെന്നാ പറ്റിയെടീ വല്ല തൊണ്ടവേദനയും പനിയും ഉണ്ടെങ്കിൽ പറയണം കേട്ടോ...നമുക്ക് കൊറോണ ഹെല്പ്ലൈനിൽ വിളിച്ചു പറഞ്ഞേക്കാം.."

    "എനിക്ക് കൊറോണയും മോണിക്കയും ഒന്നും അല്ലച്ചായോ ഇത് വിത്ഡ്രോവൽ സിൻഡ്രോം ആണെന്നാ തോന്നുന്നത്.."
   
   "നീയിതെന്നാ പറയുന്നേ അന്നാമ്മേ ദിവസം രണ്ടെണ്ണം അടിക്കാതെ ഉറക്കം വരാത്ത എനിക്കില്ലാത്ത വിത്ഡ്രോവൽ സിൻഡ്രം നിനക്കോ.."

   "അതെന്നാ വർത്താനാ മനുഷ്യാ...നിങ്ങള് കള്ളുകുടിയൻമാർക്ക് മാത്രേ ഇതുണ്ടാവാൻ പാടുള്ളോ...ലോക്ക് ഡൗൺ തുടങ്ങിയ അന്നു മുതൽ ഈ വീട്ടിൽ പരിപ്പും മത്തങ്ങയും പച്ചക്കറിയുമല്ലാതെ വല്ലതും ഉണ്ടാക്കാൻ പറ്റിയിട്ടുണ്ടോ..രണ്ടുനേരോം ഇച്ചിരി മീൻചാറ് കൂട്ടാതെ ചോറിറങ്ങാത്ത ഞാനാ....പച്ചക്കറി കൂട്ടിക്കൂട്ടി വാ മടുത്തു .അപ്പൊ എനിക്കും കാണില്ലേ വിത്ഡ്രോവൽ സിൻഡ്രോം...."

   അന്തം വിടുന്നത് പന്തിയല്ലെന്ന ചിന്തയോടെ 'ഫിഷ് വിത്ഡ്രോവൽ സിൻഡ്രോം' കാരണം കേരളത്തിൽ വല്ല അത്യാഹിതവും സംഭവിച്ചിട്ടുണ്ടോന്നറിയാൻ ആന്റപ്പൻ ടി വി ഓൺ ചെയ്തു.

Riju kamachi

ഒരു പ്രവാസിയുടെ ലോക്ക്ഡൗൺ (കഥ)

ഒരു പ്രവാസിയുടെ ലോക്ക്ഡൗൺ

    വെറുതേയിരുന്നും കിടന്നും ഓരോന്നാലോചിച്ചുകൊണ്ട് മൊബൈലിൽ മീനുവിന്റെയും മക്കളുടേയും ഫോട്ടോകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു വണ്ടി വന്നുനിർത്തിയ ശബ്ദം കേട്ടത്.വണ്ടിയുടെ ശബ്ദത്തിൽ നിന്നു തന്നെ മനസ്സിലായി അർബാബ്‌ ആണ്.ഇരുപത്തിനാലുമണിക്കൂറും ഉണർന്നിരിക്കുന്ന റോഡായിരുന്നു.ഈ മഹാമാരി വന്നതിൽപിന്നെ വണ്ടികളുടെ ഇരമ്പൽ പോലും കേൾക്കാതായി.ചില കോൾഡ്സ്റ്റോറുകളും സൂപ്പർ മർക്കറ്റുകളും ഒഴികെയുള്ള കടകളെലാം അടഞ്ഞുകിടക്കുന്നു.ഞാൻ ജോലി ചെയ്യുന്ന തയ്യൽക്കട ഇനി കുറച്ചു നാളത്തേക്ക് അടച്ചിട്ടേക്കൂ എന്ന് പറഞ്ഞു പോയിട്ട് അർബാബ്‌ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല.ഈ കുഞ്ഞു കടയിലെ തയ്യൽക്കാരനും, സെക്യുരിറ്റിയും,കളീനിങ് ബോയും എല്ലാം ഞാനോരാൾ തന്നെയായതിനാൽ കടയോട് ചേർന്നുള്ള ഒരു കുഞ്ഞുമുറിയിലാണ് എനിക്കുള്ള താമസ സൗകര്യവും.കടയിൽനിന്ന് വരുമാനം ഇല്ലാത്തതിനാൽ ഈ മാസം ശമ്പളമുണ്ടാവില്ലെന്നുകൂടി ഓർമിപ്പിച്ചിട്ടാണ് അന്നിവിടുന്നു പോയത്. വരുമാനമില്ലാത്ത കടയിലെ തൊഴിലാളിക്ക് ശമ്പളം കൊടുക്കേണ്ടതില്ലെന്ന ന്യായത്തിൽ ഒരു പ്രവാസിയെന്ന നിലയിൽ ഞാനും വിശ്വസിച്ചേ പറ്റൂ.

   അർബാബ്‌ ഇവിടെ വരുന്ന ദിവസങ്ങളിൽ എനിക്ക് ചീത്തവിളി ഉറപ്പാണ്.ചിലപ്പോ കൈയൊങ്ങാനും മടിക്കില്ല.അത്രയ്ക്ക് ദേഷ്യക്കാരനാണ്.കടയുടെ ഷട്ടർ തൂത്തില്ല,പുറത്തെ ബൾബ് മാറിയില്ല എന്നിങ്ങനെതുടങ്ങി ചീത്തവിളി കേൾക്കാനുള്ള എന്തെങ്കിലുമൊക്കെ അവസരം ഞാനും ഉണ്ടാക്കിവെക്കാറുണ്ട്.ഇന്നത്തെ ചീത്തവിളി എന്തിനായിരിക്കുമോ എന്ന ആകുലതയോടെ ലുങ്കിയുടെ മടക്കിക്കുത്തഴിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി.
    "അസ്സലാമു അലൈക്കും അർബാബ്‌."
  
   "വാ അലൈക്കും സലാം.....
   കൈഫ് ഹലക്ക് യാ റഫീക്ക്.?"

    തിരിച്ചു സലാം ചൊല്ലിയ കൂട്ടത്തിൽ പുഞ്ചിരിയോടെ അർബാബ്‌ സുഖവിവരവും അന്വേഷിക്കുന്നത് കേട്ടപ്പോൾ എനിക്ക് അതിശയമാണ് തോന്നിയത്.ഇത്രയും വർഷങ്ങൾക്കിടയിൽ ആ മുഖത്തൊരു ചിരി ഞാൻ കണ്ടിട്ടില്ല എന്നതാണ് എന്റെ അതിശയത്തിന് കാരണം.
  
    "ഇത് കുറച്ച് അരിയും ഇറച്ചിയും പച്ചക്കറികളും മറ്റുമാണ്.നാളെമുതൽ ഇവിടെ സമ്പൂർണ്ണ ലോക്ക്ഡൗണ് തുടങ്ങുകയാണ്.പുറത്തേക്കൊന്നും ഇറങ്ങാൻ നിക്കണ്ടാ.എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാമതി."

     കൈയിലുള്ള സഞ്ചി എന്നെ ഏൽപ്പിച്ച് തിരിഞ്ഞു നടക്കുന്ന അർബാബ് എന്നെ ഒന്നുകൂടി അമ്പരപ്പെടുത്തി.ഇനിയേതായാലും പട്ടിണി കിടക്കണ്ടല്ലോ എന്ന സന്തോഷത്തോടെ റൂമിലേക്ക് കയറി യപ്പോൾ മീനുവിന്റെ കോൾ.

    "ഏട്ടാ ഈ മാസം ഇനി പൈസ അയക്കാൻ കഴിയില്ലായിരിക്കും അല്ലേ..? സർക്കാരിന്റെ റേഷൻ കിട്ടിയതുകൊണ്ട് എനിക്കും മക്കൾക്കും ഭക്ഷണത്തിന് മുട്ടൊന്നും ഇല്ല.കഞ്ഞിയും പയറുമൊക്കെ മക്കൾക്ക് കഴിക്കാൻ ഇതിട്ടമുണ്ടായിട്ടൊന്നുമല്ല..
 മീനോ ഇറച്ചിയോയില്ലാതെ ചോറുണ്ട് ശീലമില്ലല്ലോ..വിശക്കുമ്പോൾ അവരും എല്ലാം ശീലിക്കട്ടെ.ഏട്ടൻ ഞങ്ങളെയോർത്ത് വിഷമിക്കയൊന്നും വേണ്ടാ.എല്ലാം ശരിയാവും...."
   
    ശരിയാണ് എല്ലാം ശരിയാവും.ഒരാപത്ത് വന്നപ്പോൾ ലോകം മുഴുവൻ പരസ്പര സ്നേഹത്തോടെ ഒരുമിച്ചു നിൽക്കുന്ന വാർത്തകളാണ് ദിവസേന കേൾക്കുന്നത്.ഒരിക്കലും ഒരു നല്ലവാക്കു പറഞ്ഞു ശീലമില്ലാത്ത അർബാബ്‌ പോലും എന്റെ വിശപ്പിനെപ്പറ്റിയോർത്തെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഒരു പ്രവാസിയുടെ കുടുംബത്തിന് ഒരിക്കലും വിഷമിക്കേണ്ടിവരില്ല.
   
   ജഗ്ഗിലെ തണുത്ത വെള്ളം കുടിച്ചപ്പോൾ വയറ്റിലെ തീയണഞ്ഞ ആശ്വാസത്താൽ ഞാൻ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.നെഞ്ചിലെവിടെയോ ഒരു തീ അപ്പോഴും എരിയുന്നുണ്ടായിരുന്നു.ഒരു പ്രവാസിയുടെ നെഞ്ചിലെ ഒരിക്കലും അണയാത്ത തീ.അർബാബ്‌ കൊണ്ടുവന്ന സഞ്ചിയുടെ കാര്യം ഞാനപ്പോൾ പാടേ മറന്നുപോയിരുന്നു.

  Riju Kamachi

പഴുത്ത ഇലകൾ

No photo description available.
രചന Riju Kamachi
നാളെ ഓഡിറ്റാണ്... ഒരു വൻകിട വാഹന നിർമ്മാണ കമ്പനിക്ക് "ISO 9000 സർട്ടിഫിക്കേഷൻ ഓഡിറ്റ്"(ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കാനുള്ളത്) എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന് പറയേണ്ടതില്ലല്ലോ...സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥർ വന്ന് ഓഡിറ്റിംഗ് നടത്തുമ്പോൾ ഒരു ചെറിയ പാളിച്ചപോലും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ ഗുണനിലവാരം കുറഞ്ഞതെന്ന് തോന്നുന്ന പഴക്കം ചെന്ന ഉപകരണങ്ങളും മെഷീനുകളും എല്ലാം കമ്പനിയുടെ തെക്കേ അറ്റത്ത് ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം ലക്ഷ്യമായി നീങ്ങി.
പത്ത് മിനുട്ടിന്റെ വിശ്രമവേളയിൽ ആ കെട്ടിടത്തിന്റെ ഒരു മൂലയിൽ ഒളിച്ചിരുന്ന്, അടുത്ത വർഷം നടക്കാനിരിക്കുന്ന റിട്ടയർമെന്റിനെക്കുറിച്ചുള്ള ചിന്തകളെ ഒരു നേടുവീർപ്പിൽ ചുരുട്ടിക്കെട്ടി ബീഡി വലിച്ചൂതിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ.മകളുടെ കല്ല്യാണവും മകന്റെ പഠനവും വരുത്തിവെച്ച കടങ്ങൾക്കിടയിൽ ജീവിതം ഒരു ബീഡിപ്പുക പോലെ ലക്ഷ്യത്തിലെത്താതെ നീങ്ങുകയായിരുന്നു.
ദൂരെ നിന്ന് ആളനക്കം കേട്ടതോടെ ബീഡി കയ്യിൽ ഒളിപ്പിച്ചു കൊണ്ട് അയാൾ പിൻവാതിൽ വഴി പുറത്തേക്കിറങ്ങി.ഗുണനിലവാരങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിൽ സംഭവിച്ച പാളിച്ചകൾ രേഖപ്പെടുത്തിയ ഫയൽ ഒളിപ്പിക്കാൻ വന്ന സൂപ്പർവൈസർ ഒരു ജാള്യതയുടെ അലങ്കാരം പതിച്ച മുഖവുമായി തൊട്ടു മുന്നിൽ നിൽക്കുന്നു.ജാള്യതയ്ക്ക് മീതെ അധികാരത്തിന്റെ ലിപ്സ്റ്റിക്ക് തേച്ചു പിടിപ്പിച്ച് മാനേജരുടെ ചുണ്ടുകൾ മന്ത്രിച്ചു..
"മിസ്റ്റർ മാധവൻ......ക്വാളിറ്റി ഓഡിറ്റിങ് നടക്കാൻ പോവുകയാണെന്ന് നിങ്ങൾക്കറിയാമല്ലോ...ഓഡിറ്റിംഗ് ടീം വരുമ്പോൾ പ്രെസന്റ് ചെയ്യാനായി സിറ്റിയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ടീമിൽ നിന്നും 23 നും മുപ്പത്തിനും ഇടയിൽ പ്രായം വരുന്ന ചെറുപ്പക്കാരെ ബുക് ചെയ്തിട്ടുണ്ട്.പ്രൊഡക്ഷനും ക്വാളിറ്റിയും എല്ലാം അവർ വേണ്ട വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാമെന്നേറ്റിട്ടുണ്ട്.നിങ്ങളെപ്പോലുള്ള "ഓൾഡ് എയ്ജ്ഡ് എംപ്ലോയീസ് " ചെയ്യേണ്ടത് ഇത്രമാത്രം.ഓഡിറ്റിംഗ് നടക്കുന്ന വേളയിൽ ആ ഭാഗത്തേക്കൊന്നും വന്നു പോകരുത്.ഈ കെട്ടിടത്തിൽ വന്ന് ഒളിച്ചിരിക്കാൻ എല്ലാവരോടും പറയണം.ഇക്കാലത്തെ കോർപ്പറേറ്റ് രീതികൾ ഞാൻ പറയേണ്ട കാര്യമില്ലല്ലോ. ഇത്രയും പ്രായമായവർ ആണ് ഇവിടുത്തെ തൊഴിലാളികൾ എന്നറിയുന്നത് ചിലപ്പോൾ നമ്മുടെ ISO സർട്ടിഫിക്കറ്റ്നെത്തന്നെ ബാധിച്ചേക്കാം..."
അയാൾ കയ്യിലിരുന്ന ബീഡി മൂന്നു തവണ ആഞ്ഞു വലിച്ച് പരാവധി പുകയെ ശ്വാസകോശത്തിന് സമർപ്പിച്ചുകൊണ്ട് ബീഡിക്കുറ്റി വലിച്ചെറിഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഓട്ടോമൊബൈൽ മാർക്കറ്റിൽ നമ്പർ വൺ എന്ന ബഹുമതി നേടിയതിന്റെ ആഘോഷച്ചടങ്ങിൽ കമ്പനി എം ഡി സംസാരിച്ച വാക്കുകൾ ഓർമ്മയിൽ മുഴങ്ങിക്കേട്ടു
" നമ്മുടെ കമ്പനി ഇന്ന് ഇന്ത്യയിലെ ഇരുചക്രവാഹന നിർമ്മാണത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്.കമ്പനിയുടെ തുടക്കം മുതൽ തന്നെ
ഏറ്റവും നല്ല ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകാനായതിനാലാണ് ഇന്നീ നേട്ടത്തിൽ നമുക്ക് എത്തിച്ചേരാനായത്.ആ ഒരു യത്നത്തിൽ സുപ്രധാന പങ്കു വഹിച്ച നമ്മുടെ കമ്പനിയുടെ ഏറ്റവും മികച്ച തൊഴിലാളിയായ ശ്രീ മാധവനെ ആദരിക്കുന്നതിനായി ഈ അവസരത്തിൽ ഞാൻ വേദിയിലേക്ക് ക്ഷണിക്കുകയാണ്."
സദസ്സിൽ അന്നുയർന്ന കയ്യടികളുടെ ആരവം മനസ്സിൽ നിന്ന് അലിഞ്ഞില്ലാതാവും മുൻപേ സൂപ്പർവൈസർ റേക്കിൽ ഒളിപ്പിച്ചുവെച്ച ഫയലുകൾക്കു പിറകിലായി തന്റെ ഒളിത്താവളം കണ്ടെത്തിക്കഴിഞ്ഞിരുന്നു അയാൾ.ഫയലുകളിൽ നിന്നുയർന്നുവന്ന കാലപ്പഴക്കത്തിന്റെ ഗന്ധം പേറുന്ന പൊടി മൂക്കിലേക്ക് ആഞ്ഞടിച്ചപ്പോഴുണ്ടായ തുമ്മലിന്റെ ശബ്ദം നിയന്ത്രിക്കാനായി മൂക്കും വായും പൊത്തിപ്പിടിച്ചു പാടുപെടുകയായിരുന്നു.

By: Riju

"പ്രവാസിയുടെ വീട്ടിലെ ഓണം"

No photo description available.
"എടാ ഇത്തവണ ഓണത്തിന് അച്ഛനും ഉണ്ടാവും.... നമുക്ക് കെങ്കേമമാക്കണം കേട്ടോ"
അച്ഛന്റെ കത്തു വായിച്ചുകൊണ്ട് 'അമ്മ അത് പറയുമ്പോൾ അമ്മയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് എനിക്ക് കാണാമായിരുന്നു.
"ആണോ മോളേ... കഴിഞ്ഞ ഓണത്തിനും എന്റെ മോൻ ഇല്ലായിരുന്നല്ലോ... എന്റെ കണ്ണടയുംമുൻപ് ഓരോണം കൂടി അവനോടൊപ്പം കൂടാല്ലോ ....സന്തോഷമായി..."
അച്ചമ്മയുടെ മുഖത്തും വിരിഞ്ഞു ഒരായിരം പൂത്തിരികൾ.
"ഏട്ടന് പ്രഥമൻ ഭയങ്കര ഇഷ്ടാല്ലേ അമ്മേ...ഇത്തവണ നമുക്ക് പാൽപ്പായസം വേണ്ട, പ്രഥമൻ ആയിക്കോട്ടെ...അല്ലേ?"അമ്മ ഉത്സാഹം കൂട്ടി.
"ഓണത്തിന് ഇനിയും സമയമുണ്ടെടീ....ഈ പെണ്ണ് ഇപ്പഴേ തുടങ്ങിയോ ഒരുക്കങ്ങൾ..."
അച്ഛനിഷ്ടമുള്ള പാവയ്ക്കാ കൊണ്ടാട്ടം ഉണ്ടാക്കാൻ പാവയ്ക്ക അരിഞ്ഞുകൊണ്ടിരുന്ന അച്ചമ്മ ഇത് പറയുമ്പോൾ നാണം കൊണ്ട് അമ്മയുടെ കവിൾ തുടുത്തത് എന്തിനാണാവോ.....
അങ്ങനെ ഉത്രാട നാൾ വന്നെത്തി.... അമ്മയുടെയും അച്ചമ്മയുടെയും മനസ്സിലുള്ളതിന്റെ നൂറിരട്ടി സന്തോഷമായിരുന്നു എന്റേം പെങ്ങളുടേം മനസ്സിൽ. അച്ഛൻ കൊണ്ടുവരാൻ പോവുന്ന ഓണക്കോടികളും കളിപ്പാട്ടങ്ങളും തന്നെ കാരണം. ഈ ഓണം എന്നത്തേക്കാൾ കെങ്കേമമാക്കാൻ ഞങ്ങളും തീരുമാനിച്ചു. ഉത്രാടത്തിന്റെ രാവിലെ തന്നെ കൂട്ടുകാരായ കുട്ടിപ്പട്ടാളങ്ങളെയല്ലാം കൂടെക്കൂട്ടി താളിന്റെ കൊട്ടയും ഉണ്ടാക്കി കണ്ടത്തിലേക്ക് ഇറങ്ങി... കാക്കപ്പൂവും നെല്ലിപ്പൂവും തേടി.
" എടാ ഓണത്തിന് അച്ഛൻ വരുമ്പോ നിനക്ക് ഞാൻ നല്ലൊരു ഷർട്ട് തരാം കേട്ടോ" ഷർട്ടില്ലാതെ പൂപ്പറിക്കാനിറങ്ങിയ അനൂപിനോട് പെങ്ങളിതു പറഞ്ഞപ്പോ അവൻ പുഴുപ്പല്ല്കാട്ടി ചിരിച്ചു.
..
പൂക്കൾ കൊണ്ട് കൊട്ട നിറഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന സന്ദീപിന് ഒരു ആശയം ഉദിച്ചു.
" കിഴക്ക് റെയിൽവെ ലൈനിന്റെ അടുത്ത്പോയാൽ ഇഷ്ടംപോലെ തുമ്പപ്പൂ കിട്ടും".
അച്ഛൻ വരുന്നതല്ലേ...പൂക്കളവും നന്നായി ഒരുക്കണം.അതിന് തുമ്പപ്പൂ കൂടി കിട്ടിയാൽ ഗംഭീരമാക്കാമെന്ന് എനിക്കും തോന്നി.
അത്രയും ദൂരെയുള്ള റെയിൽവേ ലൈൻ എന്നത് വിലക്കപ്പെട്ട പ്രദേശം ആയത് കൊണ്ട് പെങ്ങൾ നയിക്കുന്ന പെൺപടകളെ വീട്ടിലേക്കു പറഞ്ഞുവിട്ടു.റെയിലിനടുത്ത് പോയ കാര്യം വീട്ടിൽ പറയരുതെന്ന് ചട്ടവും കെട്ടി.
കൊട്ടനിറയെ തുമ്പപ്പൂവുമായി വീട്ടിലേക്കു ചെല്ലുമ്പോൾ മുറ്റത്തു വടിയുമായി അമ്മ നിൽപ്പുണ്ടായിരുന്നു.
"അച്ഛനെ സന്തോഷിപ്പിക്കാൻ ഇത്തവണ നമുക്ക് പൂക്കളം നന്നായി ഒരുക്കണ്ടേ അമ്മേ ....അതിനല്ലേ ഞാൻ പൂ പറിക്കാൻ ദൂരെ പോയത്." എന്റെ മാപ്പപേക്ഷയിൽ അമ്മ ചെറുതായൊന്നലിഞ്ഞു...
"നീ ഓനെ തല്ലാനൊന്നും പോവണ്ട മോളെ ....ഓന്റെ അച്ഛനും പണ്ടിതുപോലൊക്കെ തന്നെയാ...." പല്ലു പാതിയും പോയ മോണകാട്ടി അച്ചമ്മ ചിരിച്ചപ്പോൾ ഞാൻ അച്ചമ്മയുടെ പുറകിൽ അഭയം തേടി.
ആ സമയത്ത് അപ്പുറത്തെ വീട്ടിലെ ചന്ദ്രേട്ടൻ വീട്ടിലേക്ക് വന്നു.
"ടാക്കീസിൽ വിജയന്റെ ഫോൺ വന്നിരുന്നു.അര മണിക്കൂർ കഴിഞ്ഞ് വിളിക്കുമെന്ന് പറഞ്ഞു."
അക്കാലത്തു വീടുകളിൽ ഫോണ് ഉണ്ടായിരിന്നില്ല.വിവരങ്ങൾ അറിയാൻ കത്തുകൾ തന്നെ ആശ്രയം.പ്രദേശത്തുള്ള ആൾക്കാർക്ക് അത്യാവശ്യത്തിന് ഫോൺ വരുന്നത് നാട്ടിലെ സിനിമാ തിയേറ്റർ ആയിരുന്ന 'ലീനാ ടാക്കീസിൽ' ആയിരുന്നു.
ടാക്കീസിൽ എത്തിയ അമ്മയ്ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല.ഫോൺ ബെല്ലടിച്ചു..
"എടീ എനിക്ക് വരാൻ പറ്റില്ല..പെട്ടെന്ന് കമ്പനിക്ക് കുറെ അർജന്റ് വർക്കുകൾ വന്നു.ഇതറിയിക്കാൻ ഇന്നലെ മുതൽ ഞാൻ ഫോൺ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.കിട്ടിയില്ല.കുട്ടികൾക്കും അമ്മയ്ക്കും ഓണത്തിന് ഒരു കുറവും വരുത്താതെ നോക്കിയേക്കണേ. അധികം സംസാരിച്ചാൽ പൈസ കുറെ ആവും.ഞാൻ വെക്കുവാണ്".
പിന്നീട് വീട്ടിൽ ഒരു മൂകത ആയിരുന്നു.സന്ധ്യയ്ക്ക് നാമ ജപം കഴിഞ്ഞ് അച്ചമ്മ പതിവുപോലെ മുറുക്കാൻ പെട്ടിയിൽ നിന്ന് വെറ്റിലയെടുത്ത് നൂറ് തേച്ചില്ല.പറിച്ചുകൊണ്ടുവന്ന പൂക്കളുടെ കവിളുകളും പെട്ടെന്ന് വാടിയത് പോലെ തോന്നി.അമ്മ അച്ഛന്റെ പഴയ കത്തുകൾ ചുമ്മാ നിവർത്തിനോക്കികൊണ്ടിരുന്നു.പെട്ടെന്നെന്തോ ഓർത്തത് പോലെ 'അമ്മ അടുക്കളയിൽ ചെന്ന് നാളെ ഉണ്ടാക്കാനുള്ള പ്രഥമന് ഒരുക്കം കൂട്ടി....ഓണത്തിന് ഒരു കുറവും വരാതെ നോക്കണമെന്ന് അച്ഛൻ പ്രത്യേകം പറഞ്ഞതാണല്ലോ.....ഞാനും പെങ്ങളും ഉറക്കം പിടിച്ചിരുന്നു.....ദിനചര്യയിൽ യാതൊരു മാറ്റവും വരുത്താത്ത ആകാശവാണിയിലെ ലളിതഗാനം ആ നിലാവത്ത് ഒഴുകി നടന്നു...
"ഉത്രാട രാത്രിയിൽ ഉണ്ണാതുറങ്ങാതെ, ഉമ്മറപ്പടിയിൽ ഞാൻ കാത്തിരുന്നു........."
ഉറങ്ങാൻ കിടന്ന അമ്മയുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ ഒലിച്ചിറങ്ങുമ്പോൾ ഒരു സാന്ത്വനം പോലെ
" ഒത്തിരി ദൂരത്ത്...ഓണ നിലാവത്ത് ഓമനേ നിന്നെ ഞാൻ ഓർത്തിരുന്നൂ......" എന്നൊരീണത്തോടെ ഒഴുകിവന്ന കാറ്റിന് മണലാരണ്യത്തിന്റെ സുഗന്ധമായിരുന്നോ......
Riju Kamachi

ഒരു മിനിറ്റിലെ മാജിക്.

No photo description available.
(ഒരു ഹെയർ കളർ പരസ്യകഥ)
"എടീ ത്രേസ്യേ. എനിക്കിച്ചിരി വെള്ളം തായോ...."
വരാന്തയിലെ പ്ലാസ്റ്റിക് കസേരയിലിരുന്ന് നെഞ്ച് തടവിക്കൊണ്ടാണ് ഔസേപ്പച്ചൻ വെള്ളം ചോദിച്ചത്.
ഹാളിൽ ഉച്ചക്ക് 2 മണിയുടെ സീരിയലിനു മുന്നിൽ കുത്തിയിരിപ്പായിരുന്ന ത്രേസ്യാമ്മ കേട്ടുകാണില്ല എന്നോർത്ത് ഔസേപ്പച്ചൻ പിന്നേം വിളിച്ചു.
"എടി ത്രേസ്യേ....നീയെന്നായെടുക്കുവാടീ....മനുഷ്യനിച്ചരി വെള്ളം ചോദിച്ചിട്ട്...."
"നിങ്ങളൊന്ന് സമാധാനപ്പെടെന്റെ ഇച്ചായാ..സീരിയലിൽ പരസ്യം വരുന്ന സമയത്ത് ഞാൻ കൊണ്ടുവന്നേക്കാവേ..."
സീരിയലിൽ അമ്മായിയമ്മ വെള്ളം ചോദിച്ചപ്പോ കൊടുക്കാത്ത മരുമകളോടുള്ള കലിപ്പ് സ്വന്തം പല്ലുകടിച്ചു തീർത്തുകൊണ്ട് ത്രേസ്യാമ്മ പിന്നെയും ടീവിയിൽ കണ്ണുനട്ടിരിപ്പായി.
"എന്റെ കർത്താവേ....."കസേര മറിഞ്ഞു വീഴുന്ന ശബ്ദവും ഔസേപ്പച്ചന്റെ കരച്ചിലും ഒരുമിച്ചു കേട്ട് തേസ്യാമ്മ വരാന്തയിലേക്ക് ഓടിയെത്തി.
ഔസേപ്പച്ചൻ ദേ തറയിൽ വീണു കിടക്കുന്നു ."എടീ നെഞ്ചുവേദന സഹിക്കാൻ വയ്യേ...ഞാനിപ്പൊ ചത്തു പോവുവേ...എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ടു പോടീ..."
ഔസേപ്പച്ചനേക്കാൾ ഇരട്ടി ഉച്ചത്തിൽ തേസ്യാമ്മയും അലറാൻ തുടങ്ങി.
"എടാ മോനേ ടോണിക്കുട്ടാ....ഓടിവായോ....അപ്പച്ചൻ ദേ വീണെടാ...."
അകത്തെ മുറിയിൽ "ടിക് ടോക് " ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ടോണിക്കുട്ടൻ തന്റെ ഫ്രീക്ക് താടിയിൽ അമർത്തിച്ചൊറിഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയെത്തി.
"എന്ത് പറ്റി അമ്മച്ചീ...."
മോനേ അപ്പച്ചന് നെഞ്ചുവേദനയാടാ വേഗം ആശുപത്രിയിൽ കൊണ്ടുപോണം.
" ഓ ....ഇത്രയേ ഉള്ളാരുന്നോ....സിമ്പിൾ ടാസ്ക്..."
സുരേഷ് ഗോപിയുടെ "ഷോൾഡർ ഡാൻസ്" ആക്ഷൻ കാണിച്ചുകൊണ്ട് ടോണി പറഞ്ഞു.
"നീ നിന്നു കളിക്കാതെ എന്നെയൊന്ന് ആശുപത്രിയിൽ കൊണ്ടോവാൻ നോക്കെടാ..."
വേദന സഹിക്കാനാവാതെ ഔസേപ്പച്ചൻ അലറി വിളിച്ചു.
പെട്ടെന്ന് ഒരടി മാറിനിന്ന് ഒന്നു ചിണുങ്ങിക്കൊണ്ട് ടോണിക്കുട്ടന്റെ ഡയലോഗ്....
"ഇങ്ങനാണേൽ അപ്പനെന്റൊപ്പം വരണ്ട.... എന്റെ ഫ്രണ്ട്സെന്നെ കളിയാക്കും."
സീരിയലുകൾക്കിടയിൽ കേട്ടു മറന്ന ഏതോ പരസ്യവാചകം ഓർമ്മവന്ന ത്രേസ്യാമ്മ ഔസേപ്പച്ചന്റെ കഷണ്ടി കയറിയ തലയിലേക്കു നോക്കി. കരിമ്പാറയിലെ ഉണക്കപ്പുല്ലുപോലെ ആകെയുള്ള പത്തോ പതിനാറോ മുടികൾ. അതിൽ അഞ്ചാറ് വെള്ളി മുടികൾ ഇളം കാറ്റിൽ പ്രകമ്പനം കൊള്ളുന്നു.
" അതിനെന്താ ഇപ്പോൾ വെറും ഒരു മിനിറ്റിൽ മുടി കറുപ്പിക്കാനുള്ള മാജിക്‌ ഉണ്ടല്ലോ" എന്നും പറഞ്ഞു ത്രേസ്യാമ്മ അകത്തേക്ക് ഓടി.
"വെറും ഒരു മിനിറ്റിലോ......" തന്റെ ഡയലോഗ് പറഞ്ഞ് തീരും മുൻപ് ഔസേപ്പച്ചന്റെ ബോധവും പോയി.

by Riju Kamachi

മഞ്ഞിൽ കുതിർന്ന നാരങ്ങ മിട്ടായികൾ

Image may contain: 2 people, including Riju Kamachi, people smiling, selfie and closeup
രചന:- Riju Kamachi

ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് സ്കൂളിൽ പോവാൻ ഉണ്ണിക്കുട്ടന് ഭയങ്കര മടിയാണ്.അല്ലെങ്കിലും ജനുവരിയിലെ തണുപ്പത്ത് ഉറങ്ങിയെണീക്കാൻ ആർക്കാ മടിയില്ലാത്തത്.ഈ സ്‌കൂളും ഒന്നാം ക്ലാസ്സും എല്ലാം കണ്ടുപിടിച്ചവരെ കൊല്ലാൻ തോന്നും.രാവിലെ 'അമ്മ ഒരുവിധം കുത്തിയുർണത്തിയാൽ കണ്ണും തിരുമ്മി മുറ്റത്തേക്കിറങ്ങും.തെക്കുവശത്തെ കനകാംബര ചെടിയുടെ ചുവട്ടിൽ പോയി വിസ്തരിച്ചു മൂത്രം ഒഴിക്കുമ്പോൾ 'അമ്മ പുറകെ വടിയുംകൊണ്ട് വരുന്നത് കാണാം...
"നിനക്ക് കുറച്ചു ദൂരെ പോയി ഒഴിച്ചാലെന്താടാ... ആ ചെടിമുഴുവൻ നശിപ്പിക്കും.ഒരു കൂന ചാണകം തെളിച്ചാലും അവിടത്തെ നാറ്റം മാറില്ല.."
അമ്മയുടെ വടിക്ക് പിടികൊടുക്കാതെ നേരെ അടുക്കളപ്പുറത്തേക്ക് ഓടും.മൂലയിലെ തകരപ്പാട്ടയിൽ നിന്ന് ഒരു നുള്ള് ഉമിക്കരിയും വാരി ഇടത് കൈവെള്ളയിലിട്ടുകൊണ്ട് വീണ്ടും ഉമ്മറപ്പടിയിൽ വന്ന് കുത്തിയിരിക്കും..
നേരിയ പുകപോലെ പെയ്യുന്ന മഞ്ഞിൽ മുറ്റത്തെ മാവിൻ ചോട്ടിൽ മഞ്ഞു തുള്ളികൾ ഓരോന്നായി ഇറ്റു വീഴുന്ന ശബ്ദവും കാഴ്‌ചയും ആസ്വദിച്ചുകൊണ്ട് മടിപിടിച്ചി രിക്കുമ്പോൾ 'അടുക്കളയിൽ നിന്ന് 'അമ്മ വീണ്ടും..
"ഡാ വേഗം പല്ലുതേച്ച് വന്നില്ലെങ്കിൽ നിന്നെ ഞാൻ അപ്പ സ്വാമിക്ക് പിടിച്ചുകൊടുക്കും പറഞ്ഞേക്കാം"
അപ്പോൾ ഉണ്ണിക്കുട്ടന്റെ നോട്ടം പതുക്കെ തെക്കു ഭാഗത്തെ വൈക്കോൽകൂനയിലേക്ക് നീളും.വൈക്കോൽ കൂനയുടെ മുകളിൽ നിന്നും പുക ഉയരുന്നുണ്ട്.
മഞ്ഞുകാലത്ത് വൈക്കോൽ കൂനകളുടെ മുകളിൽ പുകപോലെ കാണുന്നത് സാധാരണമാണ് എങ്കിലും കുസൃതിയായ ഉണ്ണിക്കുട്ടനെ അനുസരിപ്പിക്കാൻ 'അമ്മ അതൊരു സൂത്രമാക്കി മാറ്റിയിരുന്നു.വൈക്കോൽകൂനയ്ക്കകത്തിരുന്ന് അപ്പസാമി ബീഡി വലിക്കുന്നതിന്റെ പുകയാണ് അതെന്നാണ് 'അമ്മ അവനോട് പറയാറുള്ളത്.
ഈ അപ്പസാമി ആരാന്നല്ലേ..ഉണ്ണിക്കുട്ടന്റെ നാട്ടിലെ വീടുകളിൽ ശനിയാഴ്ചതോറും ഭിക്ഷയെടുക്കാൻ വരാറുള്ള സ്വാമിയാണ്.കൈയിൽ ഒരു മുളവടിയും നീണ്ട വെള്ളത്താടിയും തോളിൽ ഭാണ്ഡക്കെട്ടും,കോർത്തുടുത്ത കാവി മുണ്ടും,തലമുടി മറക്കുന്ന തലപ്പാവും ഭസ്മക്കുറിയും,നെഞ്ചിൽ നിറയെ പരന്നു കിടക്കുന്ന രുദ്രാക്ഷമാലകളുമാണ് അപ്പസാമിയെ ഓർക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന രൂപം.ആരോടും ഒരക്ഷരം മിണ്ടാനോ ഉപദ്രവിക്കാനോ മെനക്കെടാത്ത ആ രൂപത്തെ അവന് പേടിയായിരുന്നു.
അപ്പസാമിയുടെ നിഴൽ കണ്ടാൽ അവൻ ഓടി അകത്തുകയറി ഒളിക്കും.'അമ്മ ഒരുപിടി അരിയോ നേല്ലോ ഭിക്ഷപ്പാത്രത്തിലേക്ക് ഇട്ടുകൊടുക്കുമ്പോൾ ഒന്നും മിണ്ടാതെ അത് തന്റെ തുണിസഞ്ചിയിലേക്കിട്ട് പകർന്ന് നീങ്ങുന്ന അപ്പസാമിയെ ഉണ്ണിക്കുട്ടൻ ജനാലവഴി പേടിയോടെ നോക്കുമായിരുന്നു.
'കിഴക്കേ അതിർത്തിയിലെ ചാഞ്ഞു നിക്കുന്ന ചെമ്പകത്തിന്റെ ചോട്ടിൽ തന്റെ ഭാണ്ഡക്കെട്ടെല്ലാം ഇറക്കിവച്ചു നിന്ന് ഒരു ബീഡി വലിച്ച ശേഷം എങ്ങോട്ടായിരിക്കും അപ്പസാമി പോവാറുള്ളത്.?..പിന്നീട് എപ്പഴായിരിക്കും ഈ വൈക്കോൽ കൂനയ്ക്കകത്ത് കയറിയിരിക്കാറുള്ളത്..?
ഇതെല്ലാം ഉണ്ണിക്കുട്ടന്റെ മനസ്സിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളായിരുന്നു.
ഒരുദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഉണ്ണിക്കുട്ടൻ പെട്ടെന്നൊരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുമുന്നിൽ അപ്പസ്വാമി നിൽക്കുന്നു.പെട്ടെന്നുള്ള കാഴ്‌ചയിൽ പേടിച്ചു സ്തംഭിച്ചു നിൽക്കാനേ ഉണ്ണിക്കുട്ടനും കഴിഞ്ഞുള്ളൂ.അപ്പസ്വാമി കുനിഞ്ഞു നിന്ന് ഉണ്ണിക്കുട്ടന്റെ മുടിയിൽ സൗമ്യമായി തലോടി.അതിനുശേഷം തന്റെ സഞ്ചിയിൽ നിന്നും ഒരു പിടി നാരങ്ങ മിട്ടായി ഉണ്ണിക്കുട്ടന്റെ കൈയിൽ വെച്ചുകൊടുത്തു.
അന്നാദ്യമായി ഉണ്ണിക്കുട്ടന് അപ്പസാമിയുടെ മുഖത്തേക്ക് നോക്കാൻ ധൈര്യമുണ്ടായി.തൂവെള്ള താടി മീശകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ചുണ്ടുകളിലെ വാത്സല്യം നിറഞ്ഞ പുഞ്ചിരി ഉണ്ണിക്കുട്ടൻ കൗതുകത്തോടെ നോക്കി നിന്നു.
അന്നുമുതൽ എല്ലാ ആഴ്ചകളിലും ഉണ്ണിക്കുട്ടൻ അപ്പസാമിയുടെ വരവിനായി കാത്തിരിക്കുന്നത് പതിവായി.ഒരു വാക്കുപോലും തമ്മിൽ സംസാരിക്കാറില്ലെങ്കിലും ആ തുണിസഞ്ചിയിലെ നാരങ്ങമിട്ടായിയും അപ്പസാമിയുടെ സ്നേഹപ്പുഞ്ചിരിയും അവന് ഏറെ പ്രിയപ്പെട്ടതായി മാറി.
മഞ്ഞും മഴയും വേനലും വൈക്കോൽക്കൂനയും മാറിവരുമ്പോഴും അവരുടെ സൗഹൃദം കൂടുതൽ മനോഹരമായിക്കൊണ്ടിരുന്നു.അങ്ങനെയിരിക്കെ കുറച്ചു നാൾ അപ്പസാമിയുടെ വരവില്ലാതായപ്പോൾ ഉണ്ണിക്കുട്ടൻ വൈക്കോൽക്കൂനയ്ക്കരികിൽ ചെന്ന് ഉറക്കെ വിളിച്ചുനോക്കി.
"അപ്പസാമീ.... അപ്പസാമീ.."
"അപ്പസാമി നാട്ടിൽ പോയതാ മോനെ....വരും..." അമ്മ ആശ്വസിപ്പിച്ചു.
"എവിടാ അമ്മേ അപ്പസാമിയുടെ നാട്?...."
" അപ്പസാമിയുടെ നാട് ഒരുപാട് ദൂരെയാ..."
തിരിച്ചുവരാനാവത്ത ദൂരത്തേക്ക് അപ്പ സാമി പോയെന്ന സത്യം അറിയിച്ച് ആ കുഞ്ഞുമനസ് വേദനിപ്പിക്കാൻ അമ്മയും ആഗ്രഹിച്ചില്ല.എന്നെങ്കിലും അപ്പസാമി തിരിച്ചുവരും എന്ന പ്രതീക്ഷയോടെ ഉണ്ണിക്കുട്ടനും വളർന്നു.
ഉണ്ണിക്കുട്ടൻ ഇപ്പോൾ വളർന്ന് ഡോക്ടർ ഉണ്ണികൃഷ്ണൻ ആയെങ്കിലും മഞ്ഞുവീണ് വിറങ്ങലിച്ചു നിൽക്കുന്ന വൈക്കോൽ കൂനയുടെ മുകളിൽ നിന്ന് പുകയുയരുന്നത് കാണുമ്പോൾ ഇന്നും അതിനകത്ത് അപ്പസാമി ഉണ്ടെങ്കിൽ എന്ന് അറിയാതെ കൊതിച്ചുപോവും..,അല്ല..അങ്ങിനെ വിശ്വസിക്കാനാണ് അവനിഷ്ടം....മഞ്ഞിന്റെ കുളിരുള്ള പുഞ്ചിരിയും കൈനിറയെ നാരങ്ങ മിട്ടായികളുമായി അപ്പസാമി വന്നെങ്കിൽ...

By: Riju Kamachi

ബഹാരോം ഫൂൽ ബർസാവോ

Image may contain: 2 people, including Riju Kamachi, people smiling, selfie and closeup

ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിങ് നു വരുന്നുണ്ടെന്നറിഞ്ഞ് രാവിലെ മുതൽ ടെൻഷനിൽ ആയിരുന്നു മനു.പല പെൻഡിങ്ങ് വർക്കുകളും തീർക്കാനുണ്ട്.അതിനിടയിലാണ് മൊബൈൽ റിങ്ങ് ചെയ്തത്.വീട്ടിൽ നിന്നും നിമിഷയുടെ കാൾ ....
'ഇവളിതിപ്പോ എന്തിനാണാവോ വിളിക്കണേ..'
മനു വല്യ താത്പര്യമില്ലാതെ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ മനുവേട്ടാ ഹാപ്പി വാലന്റൈൻസ് ഡേ...."
"ഓ...ഇത് പറയാനാണോ നിമ്മീ ഇപ്പൊ വിളിച്ചത്...ഇവിടെ തലക്ക് പ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാ ഒരു വാലന്റൈൻസ് ഡേ...ഒന്നു വെച്ചിട്ട് പോയേ..."
മനു ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ഓഫീസിലെ സെക്യൂരിറ്റി വർഗ്ഗീസേട്ടൻ മുന്നിൽ നിൽക്കുന്നു.റിട്ടയർമെന്റ് കഴിഞ്ഞിട്ടും 'കോണ്ട്രാക്റ്റ് ലേബർ' ആയി തുടരുകയാണ് വർഗ്ഗീസ്.
"സാറേ എനിക്ക് ഇന്ന് ഉച്ചയ്ക്കുശേഷം ലീവ് വേണം..."
"അതെന്താ വർഗീസ്സേട്ടാ വല്ല വയ്യായ്കയും....?"
"അതൊന്നും അല്ല സാറേ....ഇന്ന് വാലന്റൈൻസ് ഡേ അല്ലേ....ഭാര്യയോട് ഞാൻ പറഞ്ഞിരുന്നു നേരത്തേ വരാന്ന്.അവള് കാത്തിരിക്കും...."
ഒരു കുഞ്ഞു നാണമൊക്കെ വിരിയിച്ചുകൊണ്ടുള്ള വർഗീസ്സേട്ടന്റെ സംസാരം കേട്ടപ്പോൾ മനുവിന് ചിരിപൊട്ടി....ഒരു കൗതുകവും.
"എന്റെ വർഗീസ്സേട്ടാ നിങ്ങളൊക്കെ ഇതെന്ത് ഭാവിച്ചാ...ഇത്രേം പ്രായം ആയിട്ടും..ചുമ്മാ ഫ്രീക്ക് പിള്ളേരെപ്പോലെ...നാണമില്ലേ..."
" മനു സാറേ.....ഈ വാലന്റൈൻസ് ഡേ ആഘോഷങ്ങളും മറ്റും ഒരുതരം പ്രഹസനം ആണെന്ന് എനിക്കും അറിയാം...പിന്നെന്തിനാ ഇതൊക്കെ ന്ന് ചോദിച്ചാൽ....ഞാനും ഭാര്യയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 40 വർഷങ്ങൾ ആയി.അതിൽ ഭൂരിഭാഗവും മക്കൾക്ക് വേണ്ടി ചിലവഴിക്കുന്നതിനിടയിൽ പലപ്പോഴും പ്രണയവും സ്നേഹവും എല്ലാം മറന്നുപോയിട്ടുണ്ട്.എന്നാലിപ്പോൾ മക്കളെല്ലാം അവരവരുടെ നിലയിൽ സെറ്റിൽ ആയി.അപ്പൊ ഞങ്ങൾക്കും തോന്നി ഇനിയുള്ള കാലം മനസ്സമാധാനമായി പ്രണയവും കരുതലും എല്ലാം പരസ്പരം പങ്കുവെച്ച് സന്തോഷത്തോടെ ജീവിക്കാമെന്ന്.ഇതൊക്കെ എന്റെ ഭാര്യക്കും വലിയ സന്തോഷമാണ് സാറേ...അതുകൊണ്ട് ഇങ്ങനുള്ള ദിവസങ്ങൾ ഞങ്ങൾ ചുമ്മാ ഒന്നാഘോഷിക്കാനുള്ള കാരണമായി കരുതുന്നു.പിന്നെ പ്രണയം ആഘോഷിക്കാൻ പ്രായമൊന്നും ഒരു തടസ്സം അല്ലല്ലോ സാറേ..ചെറുപ്പം ആയിട്ട് പോലും പ്രണയം നൽകാനും തിരിച്ചറിയാനും സാറിനാവുന്നില്ല.അതുകൊണ്ടല്ലേ പ്രണയ സന്ദേശം അറിയിക്കാൻ വിളിച്ച ഭാര്യയെ സാറിപ്പോൾ വഴക്ക് പറഞ്ഞത്.അത് കേട്ടപ്പോൾ അവർക്കുണ്ടായേക്കാവുന്ന വിഷമം സാർ അറിയാതെപോയത്..."
പുഞ്ചിരിയോടെ ഇത്രയും പറഞ്ഞ് വർഗ്ഗീസേട്ടൻ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി.
നിശ്ചലനായി എല്ലാം കേട്ടുനിന്ന മനു മൊബൈൽ കയ്യിലെടുത്ത് നിമിഷയുടെ നമ്പറിൽ വിരലമർത്തി.
"എന്താ മനുവേട്ടാ....പതിവില്ലാതെ ഇങ്ങോട്ട് വിളിച്ചത്......"
മനു മൊബൈൽ ചുണ്ടോട് ചേർത്ത് പതുക്കെ മൂളി..
"ബഹാരോം ഫൂൽ ബർസാവോ......മേരാ മെഹബൂബ് ആയാ ഹെ...മേരാ...മെഹബൂബ് ആയാ ഹെ...."
മറുതലയ്ക്കൽ നിശ്ശബ്‌ദത.
"നിമ്മീ നിനക്കോർമ്മയുണ്ടോ പണ്ട് പ്രേമിച്ച കാലത്ത് എത്രതവണ ഫോണിൽ എന്നെക്കൊണ്ട് ഈ പാട്ട് പാടിച്ചിട്ടുണ്ട്....എത്ര കേട്ടാലും നിനക്ക് മതിവരാറില്ലല്ലോ..."
നിശ്ശബ്ദത ഒരു നേർത്ത തേങ്ങലായി മാറുന്നത് മനു കേട്ടു.
"അയ്യേ പൊട്ടീ... നീ കരയുകയാണോ.....എന്റെ പാട്ട് ഇപ്പൊ അത്രയ്ക്ക് ബോറായോഡീ....."
"പോടാ പൊട്ടാ.....പണ്ടും വല്ലാത്ത ബോർ ആയിരുന്നല്ലോ...പിന്നേ ഇഷ്ടം താങ്കളോടല്ലായിരുന്നു കേട്ടോ... മുഹമ്മദ് റാഫിയുടെ പാട്ടുകളെ ആയിരുന്നു....."
നിമിഷയുടെ പൊട്ടിച്ചിരി മണിമുത്തുകൾ പോലെ മനുവിന്റെ കാതിൽ പതിഞ്ഞു.
ഫോൺ വെച്ചതിനു ശേഷം പുറത്തേ ഗേറ്റിലേക്ക് നോക്കി മനു വിളിച്ചുപറഞ്ഞു.
"വർഗീസേട്ടാ.....ഉച്ചക്ക് പോവുമ്പോ പറയണം കേട്ടോ....വീട്ടിൽ വിട്ടേക്കാം...ഞാനും ആ വഴിക്കാ...."
വർഗ്ഗീസേട്ടൻ തലകുലുക്കി ചിരിക്കുമ്പോൾ "സരാ തും ദിൽ കൊ ബെഹ്‌ലാവോ....മേരാ മെഹബൂബ് ആയാ ഹേ..." ന്ന് പാടുന്നുണ്ടായിരുന്നു..അതോ മനുവിനു തോന്നിയതാണോ....മനുവും തലകുലുക്കിച്ചിരിച്ചു....

കാലം മാറി; കോലവും.

Image may contain: one or more people, selfie, closeup and indoor

ഇന്നിപ്പോ മാളിൽ പോയാൽ കിട്ടാത്ത സാധനം ഉണ്ടോ അല്ലേ.സുന്ദരമായിരുന്ന നമ്മുടെ ഗ്രാമത്തിൽ പോലും വന്നു മാർജിൻ ഫ്രീ മാർക്കറ്റും അവരെയും വെല്ലുന്ന ഷോപ്പിങ് മാളും.
എന്നാലും മറക്കാൻ പറ്റുമോ പണ്ടത്തെ ആ കാലം.കല്ലുപ്പും കുപ്പി സോഡയും റോബിൻ ബ്ലൂ വും കുപ്പിയിലെ കൽക്കണ്ടവും കിട്ടിയിരുന്ന ആ നാടൻ പീടികയും.നമ്മളെ നാടൻ ഭാഷയിൽ പറഞ്ഞാൽ പീട്യ.
എല്ലാ നാട്ടിലും ഉണ്ടാവും ഇത് പോലെ ഒരു പീട്യ അല്ലേ...
"ഡാ നൂറ് വെളിച്ചെണ്ണയും ഇരുന്നൂറ് പൻസാരയും വാങ്ങീട്ട് വാ ...."ന്നും പറഞ്ഞ് അമ്മ ഒരു തുണി സഞ്ചിയും കുപ്പിയും പിന്നെയൊരു പച്ച പുറം ചട്ടയുള്ള കുഞ്ഞു ബുക്കും തന്നു വിടും.കുപ്പി മിക്കവാറും എന്നോ ആരോ വാങ്ങിയ വല്യ വായുള്ള അന്നത്തെ ഹോർലിക്‌സ് കുപ്പി ആവാനാണ് സാധ്യത.
അന്ന് എന്നെപ്പോലുള്ള കുട്ടിച്ചെകുത്താന്മാർക്കെല്ലാം സ്വന്തമായുള്ള ബൈക്കോ കാറോ ബസ്സോ സ്റ്റാർട്ട് ചെയ്യുന്നത്പോലുള്ള ആക്ഷനും കാണിച്ചുകൊണ്ട് "ബ്രൂം..." ന്നുള്ള ശബ്ദത്തോടെ ഒരു കുതിപ്പാണ് നമ്മുടെ പീടികയിലേക്ക്.വണ്ടിയായി ഉപയോഗിക്കാൻ സ്വന്തമായി 'സൈക്കിൾ ടയറോ ഇരുമ്പു വളയമോ ഉള്ള ബൂർഷ്വാ മുതലാളിമാരും ഉണ്ടായിരുന്നു കേട്ടോ....
പീടിക വരാന്തയിലെ തൂണിൽ വണ്ടിയും പാർക്ക് ചെയ്ത് ഒരലർച്ചയാണ് "കോരാട്ടാ...നൂറ് ബെൾച്ചെണ്ണയും ഇരുനൂറ് പൻസാരയും...നൂറും ഇരുനൂറും മില്ലി ലിറ്ററും മില്ലി ഗ്രാമും ആണെന്നത് പറയാതെ തന്നെ വളരെ ക്ലീയർ....
സാധനം കിട്ടിക്കഴിഞ്ഞാൽ നുമ്മടെ പച്ച ബുക്ക് അങ്ങോട്ട് സബ്മിറ്റ് ചെയ്യും.കോരാട്ടന്റെ വല്യ ബുക്കിലും നുമ്മടെ കുഞ്ഞു ബുക്കിലും ഒരുപോലെ കണക്ക് കുത്തിക്കുറിച്ചു തിരിച്ചു തരുമ്പോ ഒരു ഓർമ്മപ്പെടുത്തൽ ...
"എടാ കടം കുറേ ആയി തീർക്കാൻ ഉണ്ട് ന്ന് വീട്ടിൽ പറയണേ...."
"അടുത്ത പ്രാവശ്യം അച്ഛൻ ഗൾഫ്ന്ന് പൈശ അയക്കുമ്പോ തീർക്കാപ്പാ.."
തിരിച്ചു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള വല്യ വായിലെ ഈ മറുപടി ആരും പഠിപ്പിച്ചതല്ല...ഇടക്കിടെ പറഞ്ഞു പറഞ്ഞു ശീലിച്ചതാ....
അച്ഛന്റെ പൈസ വന്നാലും കോരാട്ടന്റെ പീടികയിലെ കടം എപ്പളും പിന്നേം കൊറച്ചു ബാക്കി ഇണ്ടാവും... അതങ്ങനെ നുമ്മടെ സൈക്കിൾ ടയർ വണ്ടിപോലെ നീങ്ങി നീങ്ങി പൊയ്ക്കൊണ്ടേയിരിക്കും.അതല്ലേ അയിന്റെ ഒരു രസം.....
"സർ പ്ളീസ് എന്റർ യുവർ പിൻ നമ്പർ...."
ബിൽ കൗണ്ടറിലുള്ള പയ്യൻ സ്വൈപ്പിങ് മെഷീൻ എന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.സാധനങ്ങൾ നിറച്ച സഞ്ചിയുമായി പുറത്തേക്കിറങ്ങുമ്പോൾ തന്നെ കൈയിലുള്ള സെൻട്രൽ ലോക്ക്
റിമോർട്ട് ൽ വിരലമർന്നു....
ടൂ... ടൂ....ശബ്ദത്തോടെ ആ ബ്ലാക്ക്‌ കളർ സ്വിഫ്റ്റ് കാർ എന്നെ നോക്കി ഒന്നു കണ്ണു ചിമ്മിക്കാട്ടി.

Written By Riju Kamachi

ലിന്റ

Image may contain: 3 people, including Riju Kamachi, people smiling, text

രണ്ടുദിവസം മുൻപ് രാത്രിഭക്ഷണവും കഴിഞ്ഞ് ഞാനും മകൻ അദ്വൈതും 'ഗലി'യിൽ നടക്കാനിറങ്ങിയപ്പോഴാണ് മെലിഞ്ഞുണങ്ങിയ ഒരു കൊടിച്ചിപ്പട്ടി ചത്തുകിടക്കുന്നത് കണ്ടത്.ഞങ്ങൾ കുറച്ചു നേരം അതിനെ നോക്കി നിന്നതിനു ശേഷം നടത്തം തുടർന്നു.
"അച്ഛന് ആ ഡോഗ്ഗി(പട്ടി)യെ ഓർമ്മയുണ്ടോ..?" മോന്റെ ചോദ്യം.
"എനിക്ക് എങ്ങിനെ അറിയാനാടാ അതിനെ....?"
"അതാണച്ഛാ 'ലിന്റ'..അച്ഛനല്ലേ അന്നൊരു ദിവസം ഈ ഡോഗിക്കു ലിന്റ ന്ന് പേരിട്ടത്..."
അപ്പോഴാണ് ഞാനും ഓർത്തത്,ഒരുദിവസം പട്ടിക്ക് ഇടാൻ ഒരു പേര് അവൻ എന്നോട് ചോദിച്ചിരുന്നു.
"അച്ഛാ....മരിക്കുന്നവർ സ്വർഗത്തിൽ പോവും എന്ന് പറയുന്നത് ശരിയാണോ....?" ഒരു മൗനത്തിനു ശേഷം വീണ്ടും ചോദ്യം.
"അതൊക്കെ ചുമ്മാ ഓരോ അന്ധവിശ്വാസങ്ങൾ അല്ലേടാ...."ഞാൻ മറുപടിയും പറഞ്ഞു.
നടത്തം കഴിഞ്ഞുവന്ന് ഉറങ്ങാൻ വിളിച്ചപ്പോൾ അവൻ 'സ്റ്റഡി റൂമിൽ' എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.ഞാൻ ചെന്നു നോക്കി.ഡയറിയിൽ എന്തോ കുത്തിക്കുറിക്കുന്നു.എഴുതാൻ ഞാനൊരു ഡയറി കൊടുത്തിരുന്നെങ്കിലും അങ്ങിനൊരു ശീലം ഇതുവരെ തുടങ്ങിയിട്ടില്ലായിരുന്നു.എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഒളിപ്പിച്ചു. അവന്റെ കണ്ണു നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.അത് കാണാത്തതുപോലെ നടിച്ച് ഒന്നും ചോദിക്കാതെ ഞാൻ അവനെ കിടക്കാൻ നിർബന്ധിച്ചു.
അവൻ കിടന്നു എന്നുറപ്പുവരുത്തിയ ശേഷം ഞാൻ ഡയറി തുറന്നു നോക്കി.അതിൽ അവനറിയാവുന്ന ഭാഷയിൽ ,അവന്റെ ശൈലിയിൽ നാലുവരി കുറിച്ചിട്ടിരിക്കുന്നു.അത് വായിച്ചു കഴിഞ്ഞപ്പോൾ ആ കൊടിച്ചിപ്പട്ടിയുടെ മരണം എനിക്കും വല്ലാത്ത ഒരു വേദനയായി തോന്നി.ഞാൻ ബെഡ്റൂമിൽ അവന്റെ അടുത്ത് ചെന്ന് കിടന്നപ്പോൾ മോൻ ഉറങ്ങിയിട്ടുണ്ടാവും എന്നാണ് കരുതിയത്.
"അച്ഛാ.....ശരിക്കും സ്വർഗം ഇല്ലേ...?
പ്രതീക്ഷ കൈവിടണോ എന്ന ആശങ്കയിൽ കഴിയുന്ന ഒരു എട്ടുവയസ്സുകാരന്റെ മനസ്സു വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല.
"സ്വർഗം ഉണ്ടെടാ..അവിടെ എത്തുന്നവർ നല്ല ഭക്ഷണവും,നല്ല വീടും, നല്ല ആൾക്കാരും എല്ലാമായി നമ്മളെക്കാളും അടിപൊളിയല്ലേ...."
എന്റെ മറുപടി അവനു വലിയ ആശ്വാസമായതു പോലെ.ലിന്റയെന്ന അവന്റെ പ്രിയപ്പെട്ട കൂട്ടുകാരി സ്വർഗത്തിൽ സുഖമായി ജീവിക്കുന്നതു സ്വപ്നം കാണാനായി മനസ്സമാധാനത്തോടെ അവനുറങ്ങി.എന്റെ മനസ്സിൽ അവൻ ഡയറിയിൽ കുറിച്ചിട്ട വരികൾ ഒന്നുകൂടി തെളിഞ്ഞു വന്നു....
"ലിന്റ ഇന്ന് മരിച്ചു.എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പട്ടിയായിരുന്നു ലിന്റ.അവൾക്ക് എട്ടു വയസ്സായിരുന്നു. അവളിപ്പോൾ സ്വർഗ്ഗത്തിലായിരിക്കും.എനിക്ക് അവളെ വല്ലാതെ ഓർമ്മ വരുന്നു...ഐ ലവ് യൂ....."

By: Riju Kamachi

വിശ്വാസങ്ങൾ"

Image may contain: 2 people, including Riju Kamachi, people smiling, selfie and closeup
"ഡാ നാളെ ഞായാറാഴ്ചയല്ലേ പറശ്ശിനിക്കടവിലേക്ക് വിട്ടാലോ"...വൈകിട്ട് രണ്ടെണ്ണം അടിച്ചോണ്ടിരിക്കുമ്പോ സനീഷ് ആണ് 'സജഷൻ' വെച്ചത്‌..
പറശ്ശിനിക്കടവ് ന്ന് കേൾക്കുമ്പോൾ നിങ്ങളോർക്കും മുത്തപ്പനെ തൊഴാൻ പോവാണെന്ന്....ഏയ് ഇത് അതൊന്നും അല്ല.ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഇപ്പോ കുറച്ചു നാളായി തുടങ്ങിയ ഒരു പരിപാടിയാ....പറശ്ശിനിക്കടവിലേക്കെന്നും പറഞ്ഞു രാവിലെ ഒരു എട്ട് മണിക്ക് പുറപെടും.നേരെ നണിശ്ശേരി ഷാപ്പിലേക്ക്.നണിശ്ശേരി ഷാപ്പും മുത്തപ്പൻ മടപ്പുരയും തമ്മിൽ വലിയ ദൂരമൊന്നും ഇല്ലല്ലോ..മാത്രമല്ല മുത്തപ്പന്റെ പ്രസാദമല്ലേ കള്ള്.അപ്പൊ കാണുന്നവർക്ക് മൊത്തത്തിൽ ഒരു ഭക്തി ടച്ചും തോന്നും.
അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ ഷാപ്പിലെത്തിയ സ്ഥിരം കസ്റ്റമേഴ്‌സ് ആയ ഞങ്ങൾക്ക് വേണ്ടി സപ്ലയർ കണാരേട്ടൻ സ്പെഷ്യലായി മാറ്റിവെച്ച 'സൊയമ്പൻ' സാധനവും 'ചാക്കണ'യും വലിച്ചു കേറ്റിയപ്പോ എല്ലാ തവണയും ഉള്ളതുപോലെത്തന്ന കൂട്ടത്തിൽ ആർക്കോ ഒരു ബുദ്ധി തോന്നി....
"എടാ ഞായറാഴ്ചയായത് കൊണ്ട് പറശ്ശിനി അമ്പലത്തിൽ ഇഷ്ടം പോലെ 'കിളികൾ' വരാൻ സാധ്യതയുണ്ട് ...തിരക്കിനിടയിൽ തൊട്ടും ഉരുമ്മിയും.....ഹോ....അതൊരു സുഖം തന്നെയായിരിക്കും....."
അങ്ങനെ അവന്റെ അഭിപ്രായം ഉൾപ്പുളകത്തോടെ ശിരസാ വഹിച്ച് പാർക്കിങ് ൽ വണ്ടിയും വെച്ച് ഞങ്ങൾ മുത്തപ്പ സന്നിധിയിലേക്കുള്ള പടവുകൾ ഇറങ്ങാൻ തുടങ്ങി. മുത്തപ്പ ദർശനത്തിനായി പോകുന്നവരുടെയും കഴിഞ്ഞു മടങ്ങുന്നവരുടെയും തിരക്കിനിടയിലൂടെ ഏകദേശം പകുതിയോളം പടികൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ എതിർവശത്ത് നിന്നും ഞങ്ങളുടെ നാട്ടുകാരിയായ നാണിയമ്മ കഷ്ടപ്പെട്ട് പടികൾ കയറി വരുന്നത്‌ കണ്ടു.
"ഈ വയസ്സുകാലത്ത് വയ്യാത്ത കാലും വച്ച് ഇങ്ങോട്ടെഴുന്നള്ളേണ്ടുന്ന വല്ല കാരൃ വും ഉണ്ടായിരുന്നോ തള്ളേ..."
കള്ളിന്റെ മത്തിൽ ചുവന്ന കണ്ണും കുഴയുന്ന നാവുമായി ഞങ്ങളുടെ കൂട്ടത്തിലുളള സാബുവാണ്‌ അത്‌ ചോദിച്ചത്.
"മുത്തപ്പനെ തൊഴാൻ വന്നതാ മക്കളേ.എന്റെ സങ്കടം കാണാൻ എന്നും വേറെ ആരാ കൂടെയുള്ളത്‌".
ഇതും പറഞ്ഞു നാണിയമ്മ ഞങ്ങളെ കടന്ന് നടന്നു നീങ്ങി.
സാബു വിടാൻ തയ്യാറില്ലായിരുന്നു.
"നാണിയമ്മ പറഞ്ഞത് കേട്ടോഡാ....കെട്ടിയോൻ പണ്ടേ ചത്തു പണ്ടാരമടങ്ങി.ആകെയുള്ള മോനും തളളയെ ഉപേക്ഷിച്ച് പ്രേമിച്ച പെണ്ണിന്റെ കൂടെ പോയി.എന്നിട്ടും തള്ള പറയുന്നു കല്ല് കൊണ്ടുണ്ടാക്കിയ ആ ദൈവം കൂടെയുണ്ടെന്ന്‌.വല്ലാത്ത ജന്മങ്ങള് തന്നെ.തള്ളക്ക് വട്ടാ...കൂയ്....."
സാബുവിന്റെ പഞ്ച് ഡയലോഗ് കേട്ട് അവിടെ കൂട്ടച്ചിരിയുയർന്നു.
നാണിയമ്മ തിരിഞ്ഞു ഞങ്ങളുടെ അരികിലേക്ക് വന്ന് ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
"മക്കളേ...നിങ്ങൾ പറഞ്ഞത് ശരി തന്നെയാ....ഒൻപത് മാസം ചുമന്ന് നൊന്തു പ്രസവിച്ച മകന്റെ മനസ്സ് എന്റെ കണ്ണീരിന് മുന്നിൽ അലിഞ്ഞിട്ടില്ല... പിന്നെയാണോ അമ്പലങ്ങളിലെ കൽ വിഗ്രഹങ്ങൾ...അതെനിക്കും നന്നായറിയാം.എങ്കിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആ നടയിൽ ചെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു, ആവലാതികൾ പങ്ക് വെക്കുമ്പോൾ കിട്ടുന്ന ഒരാശ്വാസമുണ്ട്.അത് നിങ്ങൾക്ക് മനസ്സിലാവണമെന്നില്ല.ഞാൻ മാത്രമല്ല എന്നെപ്പോലെ ആരോരുമില്ലാത്ത പലരും അങ്ങിനെ തന്നെ.ദൈവം നേരിട്ട് ഇറങ്ങിവന്നു രക്ഷിക്കുകയോ സങ്കടം കേൾക്കുകയോ ഇല്ല എന്ന നല്ല നിശ്ചയത്തോടെത്തന്നെയാണ് മിക്കവരും ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത്.എന്നാലും ആ പ്രാർത്ഥനയിലും വിശ്വാസത്തിലുമെല്ലാം മനസ്സിന് ആശ്വാസം പകരുന്ന എന്തോ ഒരു ശക്തി കിട്ടാറുണ്ട്.അത് നിങ്ങൾ വിശ്വസിക്കണമെന്ന് ആരും നിർബന്ധിക്കാറില്ലല്ലോ...എങ്കിലും വിശ്വസിക്കുന്നവരെ നിന്ദിക്കാതിരിക്കാനുള്ള മനസ്സ് മക്കൾ കാണിക്കണം.കാരണം ആ വിശ്വാസമാണ് എന്നെപ്പോലുള്ള ആയിരങ്ങൾക്ക് ജീവിക്കാൻ പ്രേരണ നൽകുന്നത്.നിങ്ങൾക്ക് നല്ലത് വരട്ടെ......"
ആ വൃദ്ധയുടെ വാക്കുകൾ ഞങ്ങളുടെ നെഞ്ചിൽ തറച്ചു...വല്ലാത്ത കുറ്റബോധത്തോടെ കുനിഞ്ഞ ശിരസ്സുമായി ഞങ്ങൾ മുത്തപ്പ സന്നിധിയിലേക്ക് പടിയിറങ്ങി......
ഇതിലെ "ഞങ്ങളും" "നാണിയമ്മ"മാരും ഒരുപോലെ ജീവിക്കുന്ന പുണ്യഭൂമിയാണ് നമ്മുടേത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാം നമുക്ക്.നമ്മുടെ ദൈവ-മത-രാഷ്ട്രീയ പരമായ വിശ്വാസങ്ങൾ ചില ഗൂഢ ലക്ഷ്യക്കാരാൽ ചൂഷണം ചെയ്യപ്പെടാതിരിക്കട്ടേ....

ഒരു 'കുഞ്ഞൻ' പ്രണയം..

Image may contain: 3 people, including Riju Kamachi, people smiling, text

രചന :-Riju Kamachi
എന്റെ പേര് ആഗ്നേയ് കൃഷ്ണ,വയസ്സ് 2.നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡൽഹിയിലാണ് താമസം.എന്റെ സങ്കടം എന്താന്ന് വെച്ചാൽ..., കുയിലിന്റെ പ്രണയവും,കാക്കയുടെ ഒളിച്ചോട്ടവും, തവളയുടെ കല്ല്യാണവും വരെ ചർച്ച ചെയ്യാൻ ഇവിടെ ഒരുപാട് പേരുണ്ട് .എന്നാൽ എല്ലാവരും ശിശു,വാവ,ബേബി എന്നൊക്കെ വിളിച്ചു കൊച്ചാക്കുന്ന ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ല.അതുകൊണ്ട് ഞാൻ തന്നെ എന്റെ കഥ പറയാം....
ഞാൻ ജനിച്ചപ്പോ എന്റച്ഛൻ തപ്പി കണ്ടുപിടിച്ച പേരാണ് 'ആഗ്നേയ് കൃഷ്ണ'.വലിയ കിടിലൻ പേരൊക്കെ തന്നെയാണെങ്കിലും അച്ഛനും അമ്മയും എന്നെ 'കുഞ്ഞൻ'ന്ന് വിളിക്കും. ആൾക്കാരുടെ ഇടയിൽ അങ്ങിനെ വിളിക്കുമ്പോ എനിക്ക് ചെറിയ ചമ്മൽ ഉണ്ടെങ്കിലും ആ വിളി എനിക്ക് ഒരുപാടിഷ്ടാട്ടോ..തള്ള് നിർത്തി കാര്യത്തിലേക്ക് കടക്കാം.
ഈ കഴിഞ്ഞ ജൂലൈ മാസത്തിലെ ഒരു ഞായറാഴ്ച്ച ഉച്ച കഴിഞ്ഞപ്പോ എന്റെ അച്ഛനൊരു തോന്നൽ "നമുക്ക് ചുമ്മാ 'കുത്-അബ്‌ മിനാർ' വരെ ഒന്നു പോയാലോ" ന്ന്.അങ്ങനെ അച്ഛന്റെ ഉൾവിളിക്ക് അമ്മയുടെ സപ്പോർട്ടും കൂടി കിട്ടിയതിനാൽ ഞാനും ചേട്ടനും അച്ഛനും അമ്മയും കൂടി 'കുത്-അബ്‌ മിനാർ'ലേക്ക് തിരിച്ചു.ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു അരമണിക്കൂർ യാത്രചെയ്താൽ അവിടെത്താം.
ഞായറാഴ്ച്ചയായിട്ടും അന്ന് വലിയ തിരക്കുണ്ടായിരുന്നില്ല.ഇടക്കിടെ വരാറുള്ള സ്ഥലം ആയത്കൊണ്ടുതന്നെ അധികം ചുറ്റിക്കറങ്ങാതെ, പതിവ് സെൽഫി പിടുത്തവും കഴിഞ്ഞ് ഞങ്ങൾ നാലുപേരും കൂടി അവിടുള്ള പുൽത്തകിടിയിലിരുന്നു.എനിക്കാണെങ്കിൽ ഒരു മിനിറ്റ് പോലും വെറുതെയിരിക്കുന്ന സ്വഭാവം ഇല്ലല്ലോ.ഞാൻ ഓട്ടം തുടങ്ങി,ചേട്ടൻ പുറകെയും.അല്ലെങ്കിലും ഞാനും ചേട്ടനും കുറച്ചു കാറ്റും വെളിച്ചവും കൊണ്ട് ഓടിച്ചാടി കളിക്കട്ടെ എന്ന ഉദ്ദേശത്തിൽതന്നെയാണ് അച്ഛൻ ഞങ്ങളെ ഇവിടെ കൊണ്ടുവരാറുള്ളത്.
എന്റെ ഓട്ടവും വീഴ്ചയും അഭ്യാസവും കണ്ട് ആരാധന മൂത്തിട്ടാവണം തൊട്ടപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന,എന്നെക്കാൾ കുഞ്ഞായ ഒരു സുന്ദരി വാവ പിച്ച പിച്ച വച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. മഞ്ഞ കുഞ്ഞുടുപ്പുമിട്ട് എന്റെ മുന്നിൽ നിന്ന് വാ തുറന്നു ചിരിച്ചു.പല്ലിന്റെ എണ്ണത്തിൽ എന്നെക്കാൾ ദാരിദ്ര്യം.മുൻ നിരയിലെ മൂന്നെണ്ണം മാത്രം.എന്നാലും ഗോതമ്പിന്റെ നിറവും വെള്ളാരം കണ്ണുകളും ചെമ്പൻ മുടിയുമുള്ള ആ മാലാഖ കുഞ്ഞിനെ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടായി.അവളെക്കണ്ടപ്പോ അത്രയ്ക്കങ്ങ് ബോധിക്കാഞ്ഞിട്ടാണെന്നു തോന്നുന്നു,ഏട്ടൻ ഓടി അമ്മയുടെയും അച്ഛന്റെയും കൂടെ ചെന്നിരുന്നു.
അതോടെ വീണു കിട്ടിയ സ്വകാര്യ നിമിഷത്തിൽ ഞാനും ആ കുഞ്ഞാവയും പ്രഥമ ദൃഷ്ടിയാ പ്രണയത്തിന് വിധേയരായത് പോലെ ഒരു ഉൾപുളകവും കോരിത്തരിപ്പുമൊക്കെ തോന്നാൻ തുടങ്ങി.അവളെന്റെ അടുത്തോട്ട് ചേർന്ന്നിന്ന് ആ കുഞ്ഞു വിരൽ കൊണ്ടെന്റെ കവിളിൽ പതുക്കെ ഒന്ന് തൊട്ടു.ഞാനും ആദ്യ സ്പർശനത്തിനായി അവളുടെ മുഖത്തേക്ക് കൈ നീട്ടിയതും അച്ഛന്റെ ഗർജ്ജനം
"ഡാ കുഞ്ഞാ..."
അച്ഛൻ ഓടി വന്നെന്റെ കൈ തടഞ്ഞു.അച്ഛനെ പറഞ്ഞിട്ടും കാര്യമില്ല ഞാൻ ആരുടെ നേരെ കൈ നീട്ടിയാലും അവരുടെ മുഖത്ത് മിനിമം നാല് നഖക്ഷതങ്ങളെങ്കിലും ബാക്കിവെച്ചേ കൈ പിൻവലിക്കാറുള്ളൂ.പക്ഷേ ഇത്തവണ അതിനല്ലായിരുന്നു കേട്ടോ.
"ഇധർ ആവോ ബേട്ടീ...."
ഒരു കിളി നാദം.കുഞ്ഞാവയുടെ മോഡേൺ വേഷധാരിയായ നോർത്ത് ഇന്ത്യക്കാരി 'മമ്മി'യാണ്. അവരും ഞങ്ങളുടെയടുത്തേക്ക് വന്നു.മോളെപ്പോലെ തന്നെ സുന്ദരിയായ അമ്മ.അച്ഛന്റെ മനസ്സിൽ ലഡ്ഡുവും ഗുലാബ് ജാമുനും എല്ലാം ഒരുമിച്ചു പൊട്ടുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു.
"ക്യൂട്ട് ബോയ്...."എന്നും പറഞ്ഞ്
അവരെന്റെ കവിളിൽ നുള്ളിയപ്പോ
"എന്ത് നുള്ളായിത് തള്ളേ.."ന്ന് മനസ്സിൽ തോന്നിയെങ്കിലും ഭാവി അമ്മായിയമ്മയല്ലേന്നോർത്ത് ഞാനങ്ങ് സഹിച്ചു.
" ആപ് കി ബെട്ടീ ഭീ തൊ ബഹുത് ക്യൂട്ട് ഹേ..."കുഞ്ഞിന്റെ പേരും നാളുമൊക്കെ ചോദിച്ചുകൊണ്ട് അച്ഛൻ അവരെയങ്ങ് പരിചയപ്പെട്ട് കത്തിയടി തുടങ്ങി.'കുത്-അബ്‌ മിനാർ' പോലും തള്ളി മറിച്ചിടുമോ എന്നു തോന്നി.കിട്ടിയ അവസരത്തിൽ ഞാനും കുഞ്ഞു സുന്ദരിയും ഞങ്ങളുടെ ഭാഷയിൽ ഒരുപാട് കഥകൾ പറഞ്ഞു കളിച്ചു ചിരിച്ച് ഉമ്മകൾ കൊടുത്ത് ഉല്ലസിക്കുകയായിരുന്നു.
വടക്കേ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പൊടിക്കാറ്റുണ്ട്. ആ കാറ്റ് പെണ്ണിന്റെ കണ്ണിലും മൂക്കിലും ഒക്കെ ആഞ്ഞു വീശിയപ്പോ മൊഞ്ചൊന്നും കൂടിയില്ലാന്ന് മാത്രല്ല,അത് കിടന്ന് കാറാൻ തുടങ്ങി.നശിച്ച കാറ്റിനു വീശാൻ കണ്ട നേരം.
അവളെ 'മമ്മി' കോരിയെടുത്തു മുഖം തുടച്ച് സമാധാനിപ്പിച്ചു.അവരോട് അച്ഛൻ 'ബൈ' പറഞ്ഞ് തിരിഞ്ഞു നടന്നപ്പോൾ
അമ്മയുടെ നോട്ടത്തിന് "വീട്ടിൽ വാ മനുഷ്യാ നിങ്ങളെ ഞാൻ ശരിയാക്കിത്തരാം" എന്ന അർത്ഥമുണ്ടോ ന്ന് തൊന്നീട്ടാവണം അച്ഛൻ ഒന്ന് പതറുന്നുണ്ടായിരുന്നു.
അച്ഛന്റെ കൈ പിടിച്ചു നടക്കുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി പൊടികയറിയ കണ്ണുകൾ തിരുമ്മിക്കരയുമ്പോഴും ആ കുഞ്ഞു സുന്ദരി എന്നെ നോക്കി കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു.ഈ മഹാനഗരത്തിലെ ആൾതിരക്കിൽ നമ്മൾതമ്മിൽ ഇനി ഒരിക്കലും കണ്ടുമുട്ടില്ലായിരിക്കാം..എന്നാലും ഈ കുഞ്ഞന്റെ മനസ്സിലെ കുഞ്ഞു പ്രണയം എന്നെന്നും അവൾക്കായ് തിരയും.
(NB:- അത്രയും നേരം അവളുടെ 'മമ്മി' യോട് കത്തിയടിച്ച സ്ഥിതിക്ക് അച്ഛൻ വാട്സ്ആപ് നമ്പർ വാങ്ങാതിരിക്കാൻ വഴിയില്ല.ഇനി അതാണ് ഒരേയൊരു പ്രതീക്ഷ.അച്ഛാ...അച്ഛനാണച്ചാ അച്ഛൻ)

ഇനി ഞാനായിട്ട് കുറയ്ക്കുന്നില്ല

Image may contain: one or more people, selfie, closeup and indoor

ഈ ദുനിയാവിലെ സകലമാന ഉഡായിപ്പുകളും കളിച്ചു വിലസി നടന്നിരുന്ന വട്ടപ്പറമ്പിൽ ദിനേശൻ, ഏതോ ഒരു ഭാഗ്യത്തിന്റെ ഫലമായി സുന്ദരിയായ ഒരു പെണ്ണിനെക്കെട്ടിയതോടെ കുടിയും വലിയും പോലും കാട്ടിലെറിഞ്ഞു സൽഗുണ സമ്പന്നനായിമാറി.
'ദി നേഷൻ റിങ് ഫീൽഡ്' (വട്ടപറമ്പിൽ ദിനശൻ ) എന്ന തന്റെ ഫേസ് ബുക്ക് ഐ ഡി യിലൂടെ "ആരാന്റെ നല്ല ചിന്തകൾ" എന്ന ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനത്തിരുന്നുകൊണ്ട് ദിവസേന മൂന്ന് നേരം 'നല്ല ചിന്തകൾ' സുഹൃത്തുക്കൾക്കായി ഷെയർ ചെയ്ത് സ്വസ്ഥമായി വാഴുന്ന കാലത്തും തന്റെ ഭൂതകാല പുരാണങ്ങൾ സഹധർമ്മിണി അറിയാതിരിക്കാൻ ദിനേശൻ പ്രത്യേകം ശ്രദ്ധിച്ചു.ഇത്രയും നാൾ 'കള്ളുകുടിയാ...,പെണ്ണ് പിടിയാ..., തെമ്മാടീ...' എന്നൊക്കെ വിളിച്ചവർ തന്റെ സെൽഫിക്കു താഴെ 'സുന്ദരാ...സുശീലാ...ചങ്ക് ബ്രോ...' ന്നെല്ലാം കമെന്റ് ഇടുന്നതുകണ്ട് ദിനേശൻ സുക്കറണ്ണന് സ്നേഹ ചുംബനങ്ങൾ ചൊരിഞ്ഞു.
അങ്ങനെയിരിക്കെയാണ് ഫേസ്ബുക്ക് ൽ പുതിയ ഒരുതരം കളി കണ്ടത്.
'സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കുന്ന കളി'.
ദിനേശനായിട്ട് കുറച്ചില്ല..കിടക്കട്ടെ ഒരു പോസ്റ്റ്.
"സൗഹൃദങ്ങളുടെ ഈ കളിയിൽ ഞാനും പങ്ക് ചേരുകയാണ് .ഫോട്ടോ ഇല്ലാത്ത പോസ്റ്റുകൾ ആരൊക്കെ വായിക്കുന്നു എന്നറിയാം...നിങ്ങൾ എന്നെ ഓർമിക്കുന്നതെങ്ങിനെ...എന്നെ ഓർക്കുന്ന രംഗം,സിനിമ,സംഭവം,സ്ഥലം,യാത്ര അങ്ങനെ എന്തുമാവട്ടെ...ഈ കുറിപ്പിന് കമന്റായി ഇടുക."
പോസ്റ്റാവും മുൻപ് തന്നെ ആദ്യത്തെ 'നോട്ടി'വന്നു.ആദ്യത്തെ കമെന്റ് ചെത്ത്കാരൻ സുഗുണന്റെ വക.
"പെണ്ണുങ്ങളുടെ കുളക്കടവിൽ നിന്നെ കെട്ടിയിട്ട ആ രംഗം ഒരിക്കലും മറക്കില്ല ബ്രോ"
രണ്ടാമത്തെ കമെന്റ്ൽ രണ്ടാം ക്ലാസ്സിൽ കൂടെപ്പഠിച്ച സുകുമാരൻ
"നമ്മളൊരുമിച്ചു കണ്ട 'കിന്നാരത്തുമ്പികൾ' മറക്കാൻ പറ്റൂല മുത്തേ..."
മൂന്നാമത്തെ കമെന്റ് മൂക്കള പുരയിൽ മുകുന്ദൻ
" ഇടുക്കിയിൽ ഗോൾഡ്‌ വാങ്ങാൻ പോയപ്പോ നാട്ടുകാര് പൊക്കിയത് ഇന്നും കണ്മുന്നിലുണ്ട് ചങ്കേ ..."
നാലാമത്തെ കമെന്റ് ൽ നാലാം പീടിക വാസന്തി..ഇവൾക്കും ഫേസ് ബുക്കോ...
"നീലക്കുറിഞ്ഞി ലോഡ്ജ് ൽ നമ്മളെ പൊക്കിയപ്പോ പോലീസ് ജീപ്പിലെ ആ യാത്രയാണ് സേട്ടാ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല യാത്ര..."
പിന്നെയും കമെന്റുകൾ തിരുതുരാ വന്നുകൊണ്ടേയിരുന്നു...
നാച്ചേരി ഷാപ്പ്,കടത്തിണ്ണയിലെ പാമ്പ്,പോലീസ് സ്റ്റേഷൻ,സെൻട്രൽ ജയിൽ......അങ്ങനെയങ്ങനെ....
"ഈ കളിക്ക് ഞാനില്ലാ...."
'ദി നേഷൻ റിങ് ഫീൽഡ്'ന്റെ ഫേസ്ബുക് അക്കൗണ്ടും ഡിലീറ്റ് ചെയ്ത് ദിനേശൻ ചുരുണ്ടുകൂടി കിടന്നുറങ്ങി.


ഒരു രസ'തന്ത്രം

'No automatic alt text available.
പണ്ട് പണ്ട് ഒരു മഹാബുദ്ധിമാനായ കുട്ടിയുണ്ടായിരുന്നു.(ഇന്നും എനിക്ക് ഭയങ്കര ബുദ്ധിയാട്ടോ).ഒരുദിവസം രാവിലെ എണീറ്റപ്പോ മുതൽ കുട്ടി വല്ലാത്ത കരച്ചിൽ "എനിക്കിന്ന് ബാലവാടീൽ പോകണ്ടേ.....എനിക്ക് പാച്ചുവേട്ടന്റെ കൂടെ സ്കൂളിൽ പോയാ മതിയേ...."
കുട്ടീടെ അച്ഛന്റെ ചേച്ചിയുടെ മകനാണ് പ്രകാശൻ എന്നു പേരുള്ള അഞ്ചാം ക്ലാസ്കാരൻ പാച്ചുവേട്ടൻ.അവന്റെ ആസ്ഥാന ഗുരു.
കുട്ടീടെ അച്ഛൻ ഗൾഫിന്നു കൊണ്ടുവന്ന അക്കായ് യുടെ റേഡിയോയിൽ ഏഴ് മണിയുടെ "സംബ്രതി വാർത്തായ ശ്രുയന്ദ...ബലദേവാനന്ദ സാഗരാഹാ" യിൽ തുടങ്ങി, (അങ്ങിനെയെന്തോ അല്ലെ) എട്ട് മണിക്ക് 'ഓവർ ടു ഡൽഹി ഫോർ നാഷണൽ പ്രോഗ്രാം' ആവുന്നത് വരെ കരച്ചിൽ നിർത്താ തായപ്പോൾ അമ്മയുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു.
അങ്ങനെ നല്ലപോലെ വെളിച്ചെണ്ണ തേച്ചു മിനുക്കിയ മുടി ഇടത്തുന്നു വലത്തോട്ട് ചീകിയോട്ടിച്ചു കുട്ടി പാച്ചുവേട്ടനോടൊപ്പം സ്കൂളിലേക്ക് യാത്രയായി.
പാടത്തെ കുഞ്ഞുമീനുകളെയും വാൽമാക്രികളെയും പിടിച്ച് കുപ്പിയിലാക്കിയും വെള്ളത്തിൽ കളിച്ചും ഏട്ടന്റെ കൈപിടിച്ചു സ്കൂളിൽ എത്തിയപ്പോഴേക്കും ബെല്ലടിച്ചിരുന്നു പാച്ചുവേട്ടന്റെ ക്ലാസ്സിലെ ചേട്ടന്മാർക്കും ചേച്ചിമാർക്കും കുട്ടിയെക്കണ്ടപ്പോ ഭയങ്കര സന്തോഷം.കുട്ടിക്ക് കാറ്റു മിട്ടായിയും തേൻമിട്ടായിയും മോരും വെള്ളവും വാങ്ങിക്കൊടുക്കാൻ അവർ മത്സരിക്കുകയായിരുന്നു.എത്ര മനോഹരമായ ആചാരങ്ങൾ.
അക്കാലത്ത് ആരുടെയെങ്കിലുമൊക്കെ അനിയനോ അനിയത്തിയോ ഇതുപോലെ 'വിസിറ്റിംഗ് സ്റ്റുഡന്റ് ' ആയി ക്ലാസിൽ വരുന്നത് ഒരു പതിവായിരുന്നതുകൊണ്ട് ടീച്ചർമാർക്കും പരാതിയൊന്നും ഉണ്ടാവാറില്ല.പാച്ചുവേട്ടന്റെ ടീച്ചർ ക്ലാസ്സെടുക്കുന്നതും കുട്ടിക്ക് ഒരുപാട് ഇഷ്ടായി. ബാലവാടിയിലെ പോലൊന്നുമല്ല.എന്തൊക്കെ വല്യ വല്യ കാര്യങ്ങളാ ടീച്ചർ പഠിപ്പിക്കുന്നത്.ബാലവാടിയിലെ ടീച്ചർ ഉച്ചക്ക് ഉറങ്ങിയില്ലെങ്കിൽ കുട്ടിയെ വഴക്കു പറയാറുണ്ടായിരുന്നു. ഈ ടീച്ചർക്ക് കുട്ടികളെ ഉറക്കാൻ യാതൊരു നിർബന്ധവുമില്ല.മാത്രമല്ല ക്ലാസ്സിൽ ഇരുന്നുറങ്ങിയ ഒരു ചേട്ടന് ടീച്ചർ നല്ല പിച്ചും വച്ചുകൊടുത്തു.അങ്ങനെ മനോഹരമായ സംഭവങ്ങൾക്കൊടുവിൽ നാലു മണിക്ക് സ്കൂൾ ബെല്ലടിച്ചപ്പോൾ പാച്ചുവേട്ടനോടൊപ്പം അവൻ വീട്ടിലേക്കോടി.
അമ്മയോട് സ്കൂൾ വിശേഷങ്ങളെല്ലാം പറഞ്ഞു ചായകുടിച്ച കുട്ടിയെ കുറച്ചു കഴിഞ്ഞപ്പോൾ കാണാനില്ല.മുകളിലത്തെ റൂമിൽ നിന്ന് എന്തോ കത്തുന്ന മണം തോന്നിയ അമ്മ ചവിട്ടുപടികൾ പടപടാ ചവിട്ടിക്കയറിയപ്പോൾ കണ്ട കാഴ്ച്ച, കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കുട്ടിയുടെ അച്ഛൻ അമ്മയ്ക്ക് കൊണ്ടുവന്ന പുതുപുത്തൻ പട്ടു സാരി തറയിൽ കിടന്നു കത്തുന്നു.അത് നോക്കി ജിജ്ഞാസയോടെ മുട്ടും കുത്തിയിരിക്കുന്ന കുട്ടിയും.
"അയ്യോ.....വനജയുടെ കല്യാണത്തിന് ഉടുക്കാൻ വെച്ചിരുന്ന ന്റെ സാരി....."
നെഞ്ചത്തടിച്ചു കരഞ്ഞ അമ്മ പെട്ടെന്ന് തന്നെ സാരിയിലെ തീ തല്ലിക്കെടുത്തി.മിച്ചം വന്ന തല്ല് കുട്ടിയെ തൂക്കിപ്പിടിച്ച് അവന്റെ തുടയിലും സമർപ്പിച്ചു.
"എടാ കുരുത്തം കെട്ടവനേ എന്തിനാടാ എന്റെ സാരി കത്തിച്ചത്".
" അത് അമ്മേ പാച്ചുവേട്ടന്റെ ടീച്ചർ പറഞ്ഞിട്ടാ..."വെളുത്ത തുടയിൽ അമ്മയുടെ കൈവിരലുകൾ തീർത്ത സീബ്രാ ലൈനിൽ നോക്കി കുട്ടി വിതുമ്പി.
"ആഹാ... ആ ടീച്ചർ പറഞ്ഞോ അമ്മയുടെ സാരി കത്തിക്കാൻ....അല്ലെങ്കിലും എന്റെ സാരികാണുമ്പോ ടീച്ചർമാർക്കു പോലും അസൂയയാ"
"സാരി കത്തിക്കാനല്ലമ്മേ ടീച്ചർ പറഞ്ഞത്.എന്തെങ്കിലും കത്തിക്കുമ്പോ ഏതാണ്ടൊരു സാധനം പുറത്തുചാടുംന്നു ടീച്ചർ ഇന്ന് ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടാരുന്നു.ആ സാധനം ചാടുന്നത് കാണാനാ ഞാൻ സാരി കത്തിച്ചത്..."
"അതേത് സാധനം?....എടാ പാച്ചൂ...ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ച ബുക്ക് എടുത്തു വന്നേ....ടീച്ചർ എന്തു വേണ്ടാതീനമാ ഇന്ന് പഠിപ്പിച്ചത് ന്നു നോക്കട്ടെ"
അമ്മ വിളിച്ചു കൂവിത്തീരും മുൻപ് പാച്ചുവേട്ടൻ തുറന്നു വച്ച പുസ്തകവുമായി ഹാജർ.
അതിൽ വൃത്തികെട്ട കൈയക്ഷരത്തിൽ പാച്ചുവേട്ടൻ എഴുതിയ വരികൾ അമ്മ പാടുപെട്ട് വായിച്ചു...
"വസ്തുക്കൾ കത്തുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറപ്പെടുവിക്കുന്നു"
"എന്റെ പട്ടു സാരിയിൽ നിന്നു തന്നെ നിനക്ക് കാർബൺ ഡൈ ഓക്സൈഡ് പുറത്തു ചാടിക്കണമായിരുന്നു അല്ലെടാ..."
അമ്മ കൈയോങ്ങുമ്പോഴേക്കും കുട്ടി കാർബൺ ഡൈ ഓക്സൈഡ് പോലെ അവിടുന്ന് അപ്രത്യക്ഷമായിരുന്നു.
"അന്ന് അമ്മ തല്ലിക്കെടുത്തിയത് വെറും പട്ടു സാരിയിലെ തീ മാത്രമായിരുന്നില്ല സൂർത്തുക്കളേ.... എന്റെയുള്ളിൽ നിന്നും 'പുറപ്പെടുവിച്ചു പുറത്തുചാടാൻ' കൊതിച്ച ഒരു ശാസ്ത്രജ്ഞനെയാണ്.എന്ത് ചെയ്യാം...നിങ്ങൾക്ക് ഭാഗ്യമില്ലാതായിപ്പോയി...

വിലക്കപ്പെട്ട കനികൾ

Image may contain: one or more people, selfie, closeup and indoor
"ഞാനീ ചാമ്പയ്ക്കാ മരത്തിലിങ്ങനെ തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നേരമെത്രയായി. ഇന്നെന്താ മിന്നുമോൾ കളിക്കാനായ് മുറ്റത്തേക്കിറങ്ങാൻ ഇത്ര താമസം"
എന്റെ ആലോചനകൾക്കിടയിൽ മഞ്ഞ കുഞ്ഞുടുപ്പിട്ട മിന്നുമോൾ മുറ്റത്തേക്കിറങ്ങി വന്നു.ഞങ്ങൾ വവ്വാലുകൾക്ക് സാധാരണ ശബ്ദങ്ങൾ കേൾക്കാൻ കഴിയില്ല എന്നൊക്കെ ഈ മനുഷ്യന്മാർ ചുമ്മാ പറയുന്നതല്ലേ....മിന്നു മോളുടെ കൊലുസിന്റെ കൊഞ്ചൽ എനിക്കെന്തിഷ്ടാന്നോ...
മുറ്റത്തു വീണുകിടക്കുന്ന ചാമ്പയ്ക്കകൾ പതിവുപോലെ അവൾ പെറുക്കിയെടുക്കാൻ തുടങ്ങി...
"അയ്യോ മോളെ അത് പെറുക്കല്ലേ....വല്ല വവ്വാലും കൊത്തിയതായിരിക്കും" എന്നും പറഞ്ഞുകൊണ്ട് മിന്നുമോളുടെ അമ്മ ഓടിവന്ന് ചാമ്പയ്ക്കകൾ അവളുടെ കൈയ്യിൽ നിന്നും തട്ടി ദൂരേയ്ക്ക് തെറിപ്പിച്ചു.മോളുടെ കരച്ചിൽ കണ്ട് എനിക്ക് സങ്കടം വന്നു.
" മോളെ... ഇനിമുതൽ വവ്വാലുകൾ കടിച്ച പഴങ്ങളൊന്നും കഴിക്കരുത് കേട്ടോ ..മാത്രമല്ല വവ്വാലുകളെയെങ്ങാനും കണ്ടാൽ അപ്പൊത്തന്നെ എറിഞ്ഞോടിക്കണം ....."
മിന്നുക്കുട്ടിയെ അമ്മ ഉപദേശിക്കുന്നത് കേട്ട് ഞാൻ അമ്പരന്നുപോയി....
വവ്വാലുകളും അണ്ണാറക്കണ്ണൻമാരും കടിച്ച പഴങ്ങൾക്ക് നല്ല മധുരമാണെന്നും, കുട്ടിക്കാലത്ത് അത്തരം കശുമാങ്ങയുടെയും മാമ്പഴത്തിന്റെയും പ്രത്യക രുചി ഒരുപാടിഷ്ടമായിരുന്നെന്നും മറ്റും കുറച്ചു നാളുകൾക്കു മുൻപ് മിന്നുമോൾക്ക് വാതോരാതെ പറഞ്ഞുകൊടുത്ത ഈ അമ്മയ്ക്ക് ഇന്നെന്തുപറ്റി.
അന്നതു കേട്ടതിനു ശേഷമല്ലേ ഞാനെന്നും പാതി കഴിച്ച ചാമ്പയ്ക്ക മിന്നുമോൾക്കായി ബാക്കി വെക്കാറുണ്ടായിരുന്നത്. അവളതു നുകരുന്നത് കാണാനല്ലേ നേരം വെളുത്തിട്ടും കൂട്ടുകാരോടൊപ്പം മടങ്ങിപ്പോവാതെ ഈ മരക്കൊമ്പിൽ ഞാനിങ്ങനെ തൂങ്ങിക്കിടന്നിരുന്നത്.ആ ചാമ്പയ്ക്ക കഴിക്കുമ്പോൾ എന്നെ നോക്കി കണ്ണിറുക്കിക്കാണിക്കുന്ന മിന്നുമോളെക്കാണാൻ എന്ത് ചന്തമാണെന്നോ....അവൾക്കു ചുറ്റും രണ്ടു വട്ടമിട്ടതിനു ശേഷം പറന്നകലുന്ന എന്നെനോക്കി കുഞ്ഞരിപ്പല്ലുകൾ കാട്ടി കൈകൊട്ടിച്ചിരിക്കും അവൾ.
കാര്യമെന്തെന്നറിയാതെ അന്തിച്ചു നിന്ന എന്റെ നേർക്ക് ഒരു കല്ല് വരുന്നതായി തോന്നി.മിന്നുമോൾ കുഞ്ഞുകൈ വീശിയെറിഞ്ഞിട്ടും എന്റടുത്തു പോലും എത്തിയില്ലെങ്കിലും ആ കല്ല് വന്നു പതിച്ചത് എന്റെ ഹൃദയത്തിലായിരുന്നു.
അതിയായ മനോവേദനയോടെ ഞാൻ പറന്നകലുമ്പോൾ ആ അമ്മ പറയുന്നത് കേൾക്കാമായിരുന്നു...
"നശീകരണം പിടിച്ച വർഗ്ഗങ്ങൾ...ഓരോ പുതിയ അസുഖങ്ങൾ പരത്തി മനുഷ്യനെ കൊലയ്ക്കു കൊടുക്കാൻ നടക്കുവാ..."
'മിന്നുമോൾക്കുള്ള ചാമ്പയ്ക്ക കടിച്ചു വിഷമയമാക്കാൻ ഇനി ഞാനിങ്ങോട്ടേയ്ക്കില്ല...'എന്ന് മനസ്സിലുറപ്പിച്ച് എന്നെന്നേക്കുമായി അവിടുന്നു വിടപറയുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുനീർ താഴെ മണ്ണിൽ പതിയാതിരിക്കാൻ ഞാനൊരുപാട് കഷ്ടപ്പെട്ടു.. എന്റെ കണ്ണുനീർ വീണ് മനുഷ്യരുടെ മണ്ണ് മലിനമാവരുതല്ലോ...

പൊള്ളുന്ന മണലാരണ്യങ്ങൾ"

Image may contain: 1 person
അജിയേട്ടന്റെ അമ്മ നാട്ടിൽ നിന്നും കൊടുത്തുവിട്ട പൊതിയഴിച്ചു കല്ലുമ്മക്കായ അച്ചാറിന്റെ രുചി നോക്കുകയായിരുന്നു ഞങ്ങൾ.പ്രവാസജീവിതത്തിനിടയ്ക്കു വീണുകിട്ടുന്ന ചില കുഞ്ഞു സന്തോഷങ്ങളിലൊന്ന്.
ഈ കമ്പനിയിലേക്ക് ഇലക്ട്രിഷ്യനായി ജോലിക്കു വന്ന മംഗലാപുരംകാരനായ എനിക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയുന്നത് കൊണ്ടുതന്നെ മലയാളികളോടായായിരുന്നു കൂടുതൽ അടുപ്പം .ലേബർ ക്യാമ്പിലെ ഒരു കുഞ്ഞുമുറിയിൽ ഞാനും അജിയേട്ടനും പിന്നെ രണ്ടു ബംഗാളികളും ഒരുമിച്ചായിരുന്നു താമസം.
"എടാ ജിൻസാ നീയാ മൊബൈൽ തന്നേ..അമ്മയെ ഒന്ന് വിളിക്കട്ടെ".അച്ചാറിന്റെരുചി അറിഞ്ഞപ്പോ അമ്മയെ ഓർമ്മവന്നതുകൊണ്ടാവാം അജിയേട്ടൻ പ്രീ പെയ്ഡ് കാർഡ് നമ്പർ അടിച്ചു അമ്മയെ വിളിക്കാൻ തുടങ്ങി.
അക്കാലത്ത് ഡ്രൈവർമാർക്ക് കമ്പനി വാങ്ങിച്ചുകൊടുക്കുന്ന മൊബൈൽ ഫോൺ അല്ലാതെ വേറെ ആർക്കും ഫോൺ ഇല്ലായിരുന്നു.ഇലക്ട്രിഷ്യൻ കം ഡ്രൈവർ ആയതിനാൽ എനിക്കും കിട്ടി ഒരെണ്ണം.മലയാളികൾ മുഴുവൻ നാട്ടിലേക്ക് വിളിക്കാനും തിരിച്ചും എന്റെ ഫോണിനെയാണ് ആശ്രയിച്ചിരുന്നത്.അതിനു മുൻപ് പാക്കിസ്ഥാനി ഫോർമാന്റെ റൂമിലെ ലാൻഡ് ഫോണിന് മുന്നിൽ വെള്ളിയാഴ്ച്ചദിവസങ്ങളിൽ ക്യു നിൽക്കേണ്ടുന്ന അവസ്ഥയായിരുന്നു.
"ഹലോ അമ്മേ..കൊടുത്തുവിട്ട സാധനങ്ങൾ കിട്ടിയപ്പോ അമ്മയെ ഓർമ്മ വന്നു അങ്ങിനെ വിളിച്ചതാണ്..ഇവിടെല്ലാവരും അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി പറയുകയാ..."
"നീയിങ്ങനെ അവിടിരുന്നു അമ്മയെ ഓർത്താൽ മതിയോടാ...എനിക്ക് വയസ്സായി വരുവാ...നീ എത്രയും പെട്ടെന്ന് വന്നൊരു കല്യാണം കഴിയ്ക്കാൻ നോക്ക് .എനിക്കിങ്ങനെ ഒറ്റയ്ക്ക് വയ്യ.നിന്റെ ചേച്ചിക്കാണേൽ ഇപ്പൊ മക്കളുടെ സ്കൂളെല്ലാം കാരണം വന്നു നിക്കാനൊന്നും പറ്റാറില്ല."
"ഞാൻ ലീവിന് കൊടുത്തിട്ട് കുറെ നാളായി അമ്മേ..അറബി സമ്മതിക്കണ്ടേ...ഏതായാലും നാളെത്തന്നെ ഒന്നുകൂടി പോയി അന്വേഷിക്കാം.ശരി അമ്മേ ഇനി നാളെ വിളിക്കാട്ടോ"
ഫോൺ വെച്ചപ്പോ അജിയേട്ടന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
"പാവം ആണെടാ എന്റെ അമ്മ.അച്ഛൻ മരിച്ചപ്പോ മുതൽ എന്നേം ചേച്ചിയേം വളർത്താൻ കുറെ കഷ്ടപ്പെട്ടു.ചേച്ചിയുടെ കല്യാണവും കഴിഞ്ഞു ബാധ്യത തീർക്കാൻ ഞാനും ഇങ്ങോട്ട് വന്നതോടെ അമ്മ ഒറ്റയ്ക്കായി.തൊട്ടടുത്താണ് എന്റെ കൂട്ടുകാരൻ സുധിയുടെ വീട്.അത്യാവശ്യ കാര്യങ്ങൾ എല്ലാം അവൻ വേണ്ടവിധം ചെയ്തോളും അതാണ് ആകെയുള്ള ഒരു സമാധാനം.അടുത്ത ലീവിൽ ചെന്നു ഞാൻ കല്യാണം കഴിച്ചിട്ടുവേണം അമ്മയ്‌ക്കൊരു കൂട്ടായി നിർത്താൻ.നാലു വർഷം കഴിഞ്ഞവർക്കു പോലും ലീവ്‌ കൊടുക്കാത്ത കമ്പനി എനിക്കിനി എപ്പോ ലീവ് തരാനാ"
അടുത്ത ദിവസം രാവിലെ അജിയേട്ടനേയും വേറെ രണ്ടു ജോലിക്കാരെയും കൊണ്ട് സൈറ്റ് ലേക്ക് പോവുന്ന വഴി നാട്ടിലെ അറിയാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു.
"ഹാലോ അജിത്തിന്റെ കൂട്ടുകാരൻ അല്ലെ...അജിത്തിന്റെ അമ്മ മരിച്ചുപോയി...അറ്റാക്ക് ആയിരുന്നു.ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു"
ഞാൻ ഇടിവെട്ടേറ്റത് പോലെ അജിയേട്ടനെ നോക്കി.
"എന്താടാ ജിൻസാ....ആരാ വിളിച്ചത്"
ഞാൻ കാര്യം പറഞ്ഞു മുഴുമിച്ചപ്പോൾ ഷോക്കേറ്റതുപോലെ സ്തംഭിച്ചിരിക്കുന്ന അജിയേട്ടനെയാണ് കണ്ടത്.ഞാൻ വണ്ടി നേരെ കമ്പനിയിലേക്ക് തിരിച്ചു.ഓഫീസിൽ ചെന്ന് 'അർബാബിനെ' കണ്ട് കാര്യം പറഞ്ഞു അജിയേട്ടനു പോകാനുള്ള കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കണം.
ഞങ്ങളുടെ താമസ സ്ഥലത്തോട് ചേർന്നുള്ള കമ്പനി ഓഫീസ് ൽ എത്തിയപ്പോൾ 'അർബാബ്' അകത്ത് തന്നെയുണ്ടായിരുന്നു.ഞാൻ കയറി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൽ അജിയേട്ടനെ അകത്തോട്ട് വിളിപ്പിച്ചു.
"ഹായ് അജിത്ത് ....സങ്കടമുള്ള കാര്യം തന്നെയാണ് ...പക്ഷെ അമ്മ മരിച്ചല്ലോ ഇനിയിപ്പോ നീ ചെന്നിട്ട് എന്ത് ചെയ്യാനാ....മരിച്ചയാളെ ജീവിപ്പിക്കാൻ പോവാണോ?ഇവിടെ അല്ലെങ്കിൽ തന്നെ സൈറ്റ് ൽ ജോലി മുഴുവൻ ബാക്കി കിടക്കുവാണ്. ഇതിനിടയ്ക്ക് ലീവ് തരാനൊന്നും പറ്റില്ല.ഇന്നൊരു ദിവസം അവധി എടുത്തോളൂ.നാളെമുതൽ ജോലിക്ക് വരണം."
ദയയെന്ന വികാരം അശേഷമില്ലാതെയുള്ള അയാളുടെ സംസാരം കേട്ടപ്പോൾ എനിക്ക് ദേഷ്യം കൊണ്ട് കൈ തരിച്ചുവന്നു.പാസ്പോർട്ട് ൽ സ്റ്റാമ്പ് പതിഞ്ഞപ്പോൾ പ്രതികരണ ശേഷി പണയം വെക്കേണ്ടിവരുന്ന പ്രവാസികളിൽ ഒരാളാണ് ഞാനും എന്ന ബോധം എന്നെ ശാന്തനാക്കി..
ഞാൻ അജിയേട്ടനു വേണ്ടി സംസാരിക്കാൻ ശ്രമിച്ചു.
"നിനക്ക് സൈറ്റ് ൽ വർക്ക് ഉള്ളതല്ലേ...ഇവിടിരുന്നു ന്യായം പറയാതെ പെട്ടെന്ന് പോകാൻ നോക്ക്" ആ ദുഷ്ടൻ എനിക്ക് നേരെ ആക്രോശിച്ചു.....
അജിയേട്ടൻ അയാളുടെ കാല് പിടിച്ചു കരഞ്ഞപേക്ഷിച്ചിട്ടും ഒന്നും വകവെക്കാതെ അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി.അല്ലെങ്കിലും സ്വന്തം അച്ഛനെ തല്ലിച്ചതച്ചും പട്ടിണിക്കിട്ടും കമ്പനി പിടിച്ചടക്കിയ അയാളിൽനിന്നും എന്ത് ദയ പ്രതീക്ഷിക്കാനാണ്.
"എന്നെ കാണാനുള്ള അതിയായ ആഗ്രഹം ബാക്കിയാക്കി പോയ അമ്മയുടെ ചിതയ്ക്ക് കൊള്ളിവെക്കാൻ പോലും യോഗമില്ലാത്ത മകനായിപ്പോയല്ലോ ജിൻസാ ഞാൻ"
എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പുന്ന അജിത്തേട്ടനെ ഞാൻ എങ്ങിനെ ആശ്വസിപ്പിക്കാനാണ്.
"എന്റെ വിഷമം ഒന്നും സരമില്ലാ .....അമ്മയുടെ കാര്യങ്ങൾ എല്ലാം സുധി ഭംഗിയായി ചെയ്തോളും.....അവനാണല്ലോ എല്ലാം ചെയ്യാറ്"....
സ്വയം അശ്വസിപ്പിച്ചെന്നുവരുത്തി കണ്ണ്തുടച്ചുകൊണ്ട് റൂമിലേക്ക് നടന്നു നീങ്ങുന്ന അജിയേട്ടനെ നിർവികാരതയോടെ നോക്കി നിൽക്കാനേ എനിക്കും കഴിഞ്ഞുള്ളു....
(കുറച്ചു നാളത്തെ പ്രവാസ ജീവിതത്തിൽ കണ്ട ചില നൊമ്പരക്കാഴച്ചകൾ പകർത്താനുള്ള ഒരു ചെറിയ ശ്രമം മാത്രം)

"മുത്തശ്ശിയുടെ മത്തിക്കറി"

"മുത്തശ്ശിയുടെ മത്തിക്കറി"
ഒരു ഗർഭകാല ഓർമ്മയാണ്. ഇവനും ഗർഭകാലമോ എന്നാരും അന്തം വിട്ടു നോക്കണ്ടാ....ഭാര്യ ഗർഭിണിയായിരുന്ന കാലം...
അമ്പയർ ക്കു റിവ്യൂ അപ്പീൽ കൊടുത്തു കാത്തിരിക്കുന്ന ബൗളറുടെ ആകാംക്ഷയോടെ പ്രെഗ്നൻസി കിറ്റിൽ കണ്ണും നട്ടിരുന്ന എന്റെ സന്തോഷത്തിന്റെ കടിഞ്ഞാൺ പൊട്ടിച്ചുകൊണ്ടാ രണ്ടാമത്തെ പിങ്ക് വര തെളിഞ്ഞുവന്നു.
അന്ന് തുടങ്ങിയ ചർദ്ദിൽ പ്രസവം കഴിഞ്ഞ് ബാലൻസ് ഉള്ള ഒരെണ്ണം കൂടി കൊട്ടിയിട്ടാണവൾ നിർത്തിയത്.പാചകം ചെയ്യുന്ന മണം പോലും സഹിക്കാൻ വയ്യാത്തതിനാൽ അടുക്കള ഭരണം ഞാൻ തന്നെ ഏറ്റെടുത്തു. യാത്രചെയ്യാനുള്ള സാഹചര്യം അല്ലാത്തതിനാൽ നാട്ടിലേക്കു വിടാനും കഴിഞ്ഞില്ല.
ബാച്ചിലർ ലൈഫ് ൽ പായറ്റിതെളിഞ്ഞ തൈരും ഓംലെറ്റും പിന്നെ എന്റെ മാസ്റ്റർ പീസായ പരിപ്പുകറിയുമെല്ലാം അവൾക്കായി സമർപ്പിച്ചുകൊണ്ട് ഞാൻ മുന്നേറിയെങ്കിലും കഴിക്കും മുൻപേ വാഷ് ബേസിനടുത്തേക്ക് ഓടിക്കൊണ്ട് അവളെന്നെ പിന്നിലാക്കി.അല്ലേലും പണ്ട് എന്റെ പാചക കസർത്തിൽ റൂം മേറ്റ്സ് പോലും വാള് വെച്ചിട്ടുണ്ട് പിന്നാണോ ഒരു ഗർഭിണി.
അങ്ങിനൊരു ദിവസം പ്രഭാത വാളുവെപ്പുകഴിഞ്ഞു വിശ്രമിക്കുന്നതിനിടയിലാണ് അവളെന്നോട് ആദ്യത്തെ ആഗ്രഹം അറിയിക്കുന്നത്...
"ചേട്ടാ എനിക്കൊരു സാധനം കഴിക്കാൻ തോന്നുന്നു"
"നീ പറമുത്തേ.....ഈ ഞാനുണ്ടാക്കിത്തരും"
പുതിയ പ്രൊജക്റ്റ് തുടങ്ങാൻ പോവുന്ന ശാസ്ത്രജ്ഞന്റെ ഉത്സാഹം ആയിരുന്നു എനിക്ക്.
"പണ്ട് കുട്ടിക്കാലത്തു ബ്രഹ്മമംഗലത്തെ തറവാട് വീട്ടിൽ താമസിച്ചപ്പോ അടുത്ത വീട്ടിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു.അവരുണ്ടാക്കിത്തന്ന മത്തിക്കറി കഴിക്കാൻ വല്ലാത്ത പൂതി തോന്നുന്നു."
ഇന്റർനെറ്റ് ൽ തപ്പി 'ഉമ്മച്ചിയുടെ അടുക്കള'യിലെയും 'അമ്മച്ചിയുടെ കിച്ചൺ' ലെയുമെല്ലാം റെസിപ്പികൾ പരീക്ഷിച്ചു സ്വന്തം വയറ്റിലേക്കു തന്നെ തള്ളിക്കൊണ്ടിരുന്ന എനിക്ക് " മുത്തശ്ശിയുടെ മത്തിക്കറി" നൽകിയ സന്തോഷം ചില്ലറയല്ലായിരുന്നു.
ഇന്നുച്ചയ്ക്ക്തന്നെ അവൾക്ക് മത്തിക്കറി സർപ്രൈസ് നൽകണം. അതിനു ബ്രഹ്മമംഗലത്തെ മുത്തശ്ശിയുടെതല്ല ബ്രഹ്മോസ് മിസൈലിന്റെ രഹസ്യം വേണമെങ്കിലും ഞാൻ ഒപ്പിച്ചിരിക്കും എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് അവളെ അറിയിക്കാതെ ഞാൻ മാർക്കറ്റിലേക്ക് വണ്ടിവിട്ടു.
അന്ന് കടൽ മത്സ്യങ്ങൾ അത്ര സുലഭമല്ലായിരുന്ന ഈ നാട്ടിൽ ഒരു പിടിമത്തിക്കായുള്ള എന്റെ തിരച്ചിലിന്റ ഫലമായി ഒരു കൂട്ടം ബംഗാളി മത്സ്യങ്ങൾക്കിടയിൽ അഞ്ചാറു മത്തികൾ കൂട്ടിവെച്ചിരിക്കുന്നത് ഞാൻ കണ്ടെത്തി.
കരകയറിയിട്ട് ദിവസങ്ങൾ പിന്നിട്ടത്തിന്റെ ക്ഷീണം അവയുടെ കണ്ണുകളിൽ വ്യക്തമായി കാണാനുണ്ടായിരുന്നെങ്കിലും എന്റെ ലക്ഷ്യപ്രാപ്തിക്കു വേറെ വഴിയില്ലാത്തതിനാൽ ഞാനവരെയും കൂട്ടി വീട്ടിലേക്കുവന്നു.ഒരുവിധത്തിൽ മുറിച്ചു വൃത്തിയാക്കി കുളിപ്പിച്ചെടുത്തു.അടുത്ത ദൗത്യം മുത്തശ്ശിയുടെ റെസിപ്പി സംഘടിപ്പിക്കുക എന്നതാണ്.
ഞാൻ ഫോണെടുത്ത് അമ്മായിയമ്മയെ വിളിച്ചു.
"ഹലോ.... അമ്മേ..നമ്മുടെ ബ്രഹ്മമംഗലത്തെ വീടിനടുത്തുള്ള മുത്തശ്ശിയെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ കൈയിൽ"
"അയ്യോ മോനെ അവരെ വിളിച്ചാൽ കിട്ടാൻ സാധ്യതയില്ലല്ലോ...ആ മുത്തശ്ശി മരിച്ചിട്ട് പത്തുപന്ത്രണ്ട് വർഷത്തിലധികമായി.അന്ന് മൊബൈൽ ഫോണൊന്നും ഇല്ലാഞ്ഞത്കൊണ്ട് പോവുമ്പോ കൊടുത്തുവിടാനും പറ്റിയില്ലല്ലോ"
അമ്മായിയമ്മയുടെ ഗോളടിച്ചുകൊണ്ടുള്ള മറുപടിയിൽ "പ്ലിങ്ങായ" ഞാൻ തിരിഞ്ഞു നോക്കിയപ്പോ പുറകിൽ ഭാര്യയുടെവക ഒരു പൊട്ടിച്ചിരിയുയർന്നു.
"പെട്ടെന്നാവട്ടെ...ദേ വയറ്റിൽ നിന്നൊരാൾ ബഹളമുണ്ടാക്കുന്നു.....അവനു അച്ഛന്റെ സ്വന്തം മത്തിക്കറി മതിയെന്ന്"...ഇതും പറഞ്ഞ് അവളെന്റെ തോളോട് ചേർന്നു..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo