Slider

"പ്രവാസിയുടെ വീട്ടിലെ ഓണം"

0
No photo description available.
"എടാ ഇത്തവണ ഓണത്തിന് അച്ഛനും ഉണ്ടാവും.... നമുക്ക് കെങ്കേമമാക്കണം കേട്ടോ"
അച്ഛന്റെ കത്തു വായിച്ചുകൊണ്ട് 'അമ്മ അത് പറയുമ്പോൾ അമ്മയുടെ കണ്ണിൽ പൂത്തിരി കത്തുന്നത് എനിക്ക് കാണാമായിരുന്നു.
"ആണോ മോളേ... കഴിഞ്ഞ ഓണത്തിനും എന്റെ മോൻ ഇല്ലായിരുന്നല്ലോ... എന്റെ കണ്ണടയുംമുൻപ് ഓരോണം കൂടി അവനോടൊപ്പം കൂടാല്ലോ ....സന്തോഷമായി..."
അച്ചമ്മയുടെ മുഖത്തും വിരിഞ്ഞു ഒരായിരം പൂത്തിരികൾ.
"ഏട്ടന് പ്രഥമൻ ഭയങ്കര ഇഷ്ടാല്ലേ അമ്മേ...ഇത്തവണ നമുക്ക് പാൽപ്പായസം വേണ്ട, പ്രഥമൻ ആയിക്കോട്ടെ...അല്ലേ?"അമ്മ ഉത്സാഹം കൂട്ടി.
"ഓണത്തിന് ഇനിയും സമയമുണ്ടെടീ....ഈ പെണ്ണ് ഇപ്പഴേ തുടങ്ങിയോ ഒരുക്കങ്ങൾ..."
അച്ഛനിഷ്ടമുള്ള പാവയ്ക്കാ കൊണ്ടാട്ടം ഉണ്ടാക്കാൻ പാവയ്ക്ക അരിഞ്ഞുകൊണ്ടിരുന്ന അച്ചമ്മ ഇത് പറയുമ്പോൾ നാണം കൊണ്ട് അമ്മയുടെ കവിൾ തുടുത്തത് എന്തിനാണാവോ.....
അങ്ങനെ ഉത്രാട നാൾ വന്നെത്തി.... അമ്മയുടെയും അച്ചമ്മയുടെയും മനസ്സിലുള്ളതിന്റെ നൂറിരട്ടി സന്തോഷമായിരുന്നു എന്റേം പെങ്ങളുടേം മനസ്സിൽ. അച്ഛൻ കൊണ്ടുവരാൻ പോവുന്ന ഓണക്കോടികളും കളിപ്പാട്ടങ്ങളും തന്നെ കാരണം. ഈ ഓണം എന്നത്തേക്കാൾ കെങ്കേമമാക്കാൻ ഞങ്ങളും തീരുമാനിച്ചു. ഉത്രാടത്തിന്റെ രാവിലെ തന്നെ കൂട്ടുകാരായ കുട്ടിപ്പട്ടാളങ്ങളെയല്ലാം കൂടെക്കൂട്ടി താളിന്റെ കൊട്ടയും ഉണ്ടാക്കി കണ്ടത്തിലേക്ക് ഇറങ്ങി... കാക്കപ്പൂവും നെല്ലിപ്പൂവും തേടി.
" എടാ ഓണത്തിന് അച്ഛൻ വരുമ്പോ നിനക്ക് ഞാൻ നല്ലൊരു ഷർട്ട് തരാം കേട്ടോ" ഷർട്ടില്ലാതെ പൂപ്പറിക്കാനിറങ്ങിയ അനൂപിനോട് പെങ്ങളിതു പറഞ്ഞപ്പോ അവൻ പുഴുപ്പല്ല്കാട്ടി ചിരിച്ചു.
..
പൂക്കൾ കൊണ്ട് കൊട്ട നിറഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന സന്ദീപിന് ഒരു ആശയം ഉദിച്ചു.
" കിഴക്ക് റെയിൽവെ ലൈനിന്റെ അടുത്ത്പോയാൽ ഇഷ്ടംപോലെ തുമ്പപ്പൂ കിട്ടും".
അച്ഛൻ വരുന്നതല്ലേ...പൂക്കളവും നന്നായി ഒരുക്കണം.അതിന് തുമ്പപ്പൂ കൂടി കിട്ടിയാൽ ഗംഭീരമാക്കാമെന്ന് എനിക്കും തോന്നി.
അത്രയും ദൂരെയുള്ള റെയിൽവേ ലൈൻ എന്നത് വിലക്കപ്പെട്ട പ്രദേശം ആയത് കൊണ്ട് പെങ്ങൾ നയിക്കുന്ന പെൺപടകളെ വീട്ടിലേക്കു പറഞ്ഞുവിട്ടു.റെയിലിനടുത്ത് പോയ കാര്യം വീട്ടിൽ പറയരുതെന്ന് ചട്ടവും കെട്ടി.
കൊട്ടനിറയെ തുമ്പപ്പൂവുമായി വീട്ടിലേക്കു ചെല്ലുമ്പോൾ മുറ്റത്തു വടിയുമായി അമ്മ നിൽപ്പുണ്ടായിരുന്നു.
"അച്ഛനെ സന്തോഷിപ്പിക്കാൻ ഇത്തവണ നമുക്ക് പൂക്കളം നന്നായി ഒരുക്കണ്ടേ അമ്മേ ....അതിനല്ലേ ഞാൻ പൂ പറിക്കാൻ ദൂരെ പോയത്." എന്റെ മാപ്പപേക്ഷയിൽ അമ്മ ചെറുതായൊന്നലിഞ്ഞു...
"നീ ഓനെ തല്ലാനൊന്നും പോവണ്ട മോളെ ....ഓന്റെ അച്ഛനും പണ്ടിതുപോലൊക്കെ തന്നെയാ...." പല്ലു പാതിയും പോയ മോണകാട്ടി അച്ചമ്മ ചിരിച്ചപ്പോൾ ഞാൻ അച്ചമ്മയുടെ പുറകിൽ അഭയം തേടി.
ആ സമയത്ത് അപ്പുറത്തെ വീട്ടിലെ ചന്ദ്രേട്ടൻ വീട്ടിലേക്ക് വന്നു.
"ടാക്കീസിൽ വിജയന്റെ ഫോൺ വന്നിരുന്നു.അര മണിക്കൂർ കഴിഞ്ഞ് വിളിക്കുമെന്ന് പറഞ്ഞു."
അക്കാലത്തു വീടുകളിൽ ഫോണ് ഉണ്ടായിരിന്നില്ല.വിവരങ്ങൾ അറിയാൻ കത്തുകൾ തന്നെ ആശ്രയം.പ്രദേശത്തുള്ള ആൾക്കാർക്ക് അത്യാവശ്യത്തിന് ഫോൺ വരുന്നത് നാട്ടിലെ സിനിമാ തിയേറ്റർ ആയിരുന്ന 'ലീനാ ടാക്കീസിൽ' ആയിരുന്നു.
ടാക്കീസിൽ എത്തിയ അമ്മയ്ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല.ഫോൺ ബെല്ലടിച്ചു..
"എടീ എനിക്ക് വരാൻ പറ്റില്ല..പെട്ടെന്ന് കമ്പനിക്ക് കുറെ അർജന്റ് വർക്കുകൾ വന്നു.ഇതറിയിക്കാൻ ഇന്നലെ മുതൽ ഞാൻ ഫോൺ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.കിട്ടിയില്ല.കുട്ടികൾക്കും അമ്മയ്ക്കും ഓണത്തിന് ഒരു കുറവും വരുത്താതെ നോക്കിയേക്കണേ. അധികം സംസാരിച്ചാൽ പൈസ കുറെ ആവും.ഞാൻ വെക്കുവാണ്".
പിന്നീട് വീട്ടിൽ ഒരു മൂകത ആയിരുന്നു.സന്ധ്യയ്ക്ക് നാമ ജപം കഴിഞ്ഞ് അച്ചമ്മ പതിവുപോലെ മുറുക്കാൻ പെട്ടിയിൽ നിന്ന് വെറ്റിലയെടുത്ത് നൂറ് തേച്ചില്ല.പറിച്ചുകൊണ്ടുവന്ന പൂക്കളുടെ കവിളുകളും പെട്ടെന്ന് വാടിയത് പോലെ തോന്നി.അമ്മ അച്ഛന്റെ പഴയ കത്തുകൾ ചുമ്മാ നിവർത്തിനോക്കികൊണ്ടിരുന്നു.പെട്ടെന്നെന്തോ ഓർത്തത് പോലെ 'അമ്മ അടുക്കളയിൽ ചെന്ന് നാളെ ഉണ്ടാക്കാനുള്ള പ്രഥമന് ഒരുക്കം കൂട്ടി....ഓണത്തിന് ഒരു കുറവും വരാതെ നോക്കണമെന്ന് അച്ഛൻ പ്രത്യേകം പറഞ്ഞതാണല്ലോ.....ഞാനും പെങ്ങളും ഉറക്കം പിടിച്ചിരുന്നു.....ദിനചര്യയിൽ യാതൊരു മാറ്റവും വരുത്താത്ത ആകാശവാണിയിലെ ലളിതഗാനം ആ നിലാവത്ത് ഒഴുകി നടന്നു...
"ഉത്രാട രാത്രിയിൽ ഉണ്ണാതുറങ്ങാതെ, ഉമ്മറപ്പടിയിൽ ഞാൻ കാത്തിരുന്നു........."
ഉറങ്ങാൻ കിടന്ന അമ്മയുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ ഒലിച്ചിറങ്ങുമ്പോൾ ഒരു സാന്ത്വനം പോലെ
" ഒത്തിരി ദൂരത്ത്...ഓണ നിലാവത്ത് ഓമനേ നിന്നെ ഞാൻ ഓർത്തിരുന്നൂ......" എന്നൊരീണത്തോടെ ഒഴുകിവന്ന കാറ്റിന് മണലാരണ്യത്തിന്റെ സുഗന്ധമായിരുന്നോ......
Riju Kamachi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo