നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 12


വാഷിംഗ് മെഷീനിൽ അലക്കി നനവ് മാറ്റിയ വസ്ത്രങ്ങൾ ടെറസിൽ കൊണ്ടുപോയി വിരിച്ചിടുകയായിരുന്നു ദുർഗ .
താഴെ നിന്ന് അഭിഷേകിന്റെ പൊട്ടിച്ചിരികേട്ടു .ഒപ്പം നേഹയും ജാസ്മിനും സ്വാതിയും ചിരിക്കുന്നു.
"വായ് നോക്കി "
ദുർഗ പിറുപിറുത്തു.
വന്നിട്ട് മൂന്നു ദിവസമായി. തിരിച്ചു പോകണമെന്നില്ല
ക്ലാസ് കഴിഞ്ഞു വന്നാലുടനെ സ്വാതിയും നേഹയും ജാസ്മിനും അങ്ങോട്ട് പൊയ്ക്കോളും. പിന്നെ ചിരിയായി കളിയായി
തമാശകളായി.
ആസ്വദിച്ച് കൊണ്ട് ഊർമിളാന്റിയും രവിയങ്കിളും അടുത്തുണ്ടാകും.
" തങ്കം എന്നോട് വലിയ കൂട്ടില്ല ഉമാന്റി " എന്ന് തന്നെ കാണുമ്പോൾ അവനൊരു കിണുങ്ങലാണ് .
തങ്കം എന്ന് അവൻ വിളിക്കുന്നത് കേൾക്കുമ്പോൾ ദേഹമാകെ അഴുക്ക് പറ്റുന്നത് പോലെ തോന്നും ദുർഗയ്ക്ക്.
ഊർമിളാന്റി വിളിക്കുന്നത് കേട്ട് അനുകരിക്കുന്നതാണ്.
ഇഷ്ടക്കേട് അറിഞ്ഞോട്ടെ എന്നു തന്നെ കരുതി മൈൻഡ് ചെയ്യാറില്ല ദുർഗ .
പഠിക്കാനുണ്ട് എന്ന് പറഞ്ഞ് മിക്കവാറും അവൾ മുകളിൽ തന്നെ കഴിച്ചുകൂട്ടി.
വിരിച്ചിട്ട തുണികൾ പെട്ടന്ന് കാറ്റിൽ ഉലഞ്ഞു.
കാതരികെ ഒരു നിശ്വാസം കേട്ടു .
തിരിഞ്ഞു നോക്കാതെ തന്നെ ദുർഗ തിരിച്ചറിഞ്ഞു
ധ്വനി
കാലിലൂടെ ഒരു വിറയൽ പാഞ്ഞു.
ശരീരം തരിച്ചു.
എങ്കിലും ദുർഗ മനസിലാക്കി
പഴയ ഭയം അനുഭവപ്പെടുന്നില്ല.
ബോധം മറയുന്നില്ല. പകരം ധ്വനിയുടെ വാക്കുകൾക്ക് കാതോർത്ത് പോകുന്നു.
"ദുർഗ'' ധ്വനി വിളിച്ചു.
"നീയിങ്ങനെ അകന്ന് നിൽക്കരുത്.
അടുത്തിടപഴകണം. അവന്റെ വിശ്വാസം നേടണം. അവനെ നിന്നിലേക്ക് ആകർഷിക്കണം"
"എന്തിന് " ദുർഗ അറിയാതെയാണ് ആ ചോദ്യം അവളുടെ ഉള്ളിൽ നിന്നും പുത്തേക്ക് വന്നത്.
അങ്ങനെ ചോദിക്കാൻ കഴിഞ്ഞതിൽ തൊട്ടടുത്ത നിമിഷം
അവൾ തന്നെ ഞെട്ടിപ്പോയി.
ഒരു പ്രേതത്തിനോടാണ് താൻ കൂട്ടുകാരിയെ പോലെ ആ ചോദ്യം ഉയർത്തിയത്
ധ്വനി മന്ദഹസിച്ചു.
അവൾ ദുർഗയുടെ മുന്നിലേക്ക് വന്നു.
ആ മുഖത്തെ സന്തോഷം അവൾ കണ്ടു.
"നീ എന്നെ സഹായിക്കില്ലേ ദുർഗാ .. അതിന് .. അതിന് ആദ്യം അവനെ വലയിലാക്കണം... "
ദുർഗ തറഞ്ഞ് നിന്നു പോയി.
ധ്വനി അവളുടെ കൈ പിടിച്ചു
"നിനക്കറിയുമോ എന്റെ ഏറ്റവും വലിയ ഫ്രണ്ടായിരുന്നു അവൻ. എന്റെ പാതി.
ജനിച്ചപ്പോൾ മുതലുള്ള കൂട്ടുകാരൻ.. നിനക്കറിയേണ്ടേ എങ്ങനെ അവനെന്റെ ശത്രുവായി എന്ന് .. "
ദുർഗ അവളറിയാതെ ശിരസനക്കിപ്പോയി.
എതിർക്കാൻ വയ്യ.
മനസ് കൈമോശം വന്നു കഴിഞ്ഞു.
"ഞാനത് പറയാം .. "
ധ്വനി പറഞ്ഞു തീരുന്നതിന് മുൻപ് സ്കെയർ കേസ് കയറി സ്വാതി അവിടേക്ക് വന്നു.
ധ്വനി പെട്ടന്ന് പിൻവലിഞ്ഞു.
നോക്കി നിൽക്കവേ ഒരു പുകവലയമായി അവൾ അന്തരീക്ഷത്തിലേക്ക് അലിഞ്ഞു.
അതു കണ്ടിട്ടും സ്വാഭാവികമെന്ന പോലെ ദുർഗ നോക്കി നിന്നതേയുള്ളു.
ഒരു പക്ഷേ ധ്വനിയിൽ നിന്നും അതിലുമേറെ താൻ പ്രതീക്ഷിക്കുന്നത് കൊണ്ടാകുമോ.
"വാഷിംഗ് കഴിഞ്ഞോ തങ്കം". സ്വാതി അടുത്തുവന്നു.
" കഴിഞ്ഞു. എന്തേ..?." അൽപ്പം നീരസത്തോടെയാണ് ദുർഗ ചോദിച്ചത്.''
''കഴിഞ്ഞോ അവനോടുള്ള കിന്നാരം".?
ദുർഗയുടെ ദേഷ്യം കണ്ട് സ്വാതി ചിരിച്ചു.
"നിനക്ക് പുരുഷ വിദ്വേഷമാണോ ദുർഗേ... അഭിയേട്ടൻ പാവാടാ"
"അഭിയേട്ടൻ പാവാട "
ദുർഗ അരിശം പിടിച്ച് പറഞ്ഞു.
" അയാൾടെ മോന്ത കണ്ടാൽ അറിയാം ഫ്രോഡാണെന്ന് "
"പിന്നേ.. "
സ്വാതിയ്ക്ക് മടുത്തു.
"നീ വരുന്നുണ്ടോ.. ഇന്ന് ഞാനും അഭിയേട്ടനും ജാസും പിന്നെ ഉമാന്റിയും രവിയങ്കിളും കൂടി ഫസ്റ്റ് ഷോ കാണാൻ പോകുന്നുണ്ട്.
രാംദാസില്.. "
"ഓ.. നിങ്ങളും ഇപ്പോൾ ഉമാന്റിയാക്കിയോ "ദുർഗ അതിൽ കയറിപ്പിടിച്ചു.
"ഊർമിളാൻറി എന്ന് വിളിക്കുമ്പോ അരമണിക്കൂർ പിടിക്കും.ഇത് സോ സിംപിൾ .. ഉമാൻറി.. അഭിയേട്ടൻ അങ്ങനെയാ വിളിക്കണേ".
സ്വാതി അവളെ ദേഷ്യം പിടിപ്പിച്ചു.
" ഞഞ്ഞായി" .
ദുർഗ ബക്കറ്റുമെടുത്ത് റൂമിലേക്ക് പോയി.
സ്വാതി പുറകെ ചെന്നു.
"ഡീ തമാശ കളയ്.. നീ സിനിമയ്ക്ക് വരുന്നുണ്ടോ."
"ഞാൻ വരില്ല "
സംശയലേശമന്യേ ദുർഗ പറഞ്ഞു.
"ഡീ തങ്കം.. പ്ലീസ്.. നീയില്ലെങ്കിൽ പ്രോഗ്രാം ചീറ്റും .. വാടീ "
സ്വാതി കെഞ്ചി
" നിന്നോട് ചോദിക്കാൻ രവിയങ്കിൾ വിട്ടതാണ് എന്നെ ".
"എന്നാൽ ഞാൻ തന്നെ പറഞ്ഞോളാം ഞാൻ വരുന്നില്ലെന്ന്."
ദുർഗ സ്വാതിയെ മറികടന്ന് പുറത്ത് കടന്നു.
സ്റ്റെയർകേസിറങ്ങി താഴേക്ക് ചെന്നു.
പുറകെ സ്വാതിയും.
ഹാളിലിരുന്ന് ബാംഗ്ലൂർ ജീവിതത്തിലെ വീരസ്യങ്ങൾ വിളമ്പുകയാണ് അഭിഷേക്
ചുറ്റും ഇരുന്ന് കേൾവിക്കാർ ആർത്തു ചിരിക്കുന്നു.
ദുർഗയെ കണ്ട് ഒരു നിമിഷം അഭി നിശബ്ദനായി.
ആർത്തി പിടിച്ചാണ് അവൻ നോക്കുന്നതെന്ന് അവൾക്ക് തോന്നി.
" സിനിമയ്ക്ക് ഞാൻ വരുന്നില്ല ഊർമിളാന്റീ"
ചെന്ന പാടേ ദുർഗ പ്രഖ്യാപിച്ചു.
എല്ലാവരുടെയും മുഖത്തെ ചിരി മാഞ്ഞു.
" വെറുതേ ഒരു എന്റർടെയ്ന്റ്മെന്റ് തങ്കം". അഭിഷേക് വരില്ലേ എന്ന മട്ടിൽ അവളെ സൗമ്യമായി നോക്കി.
" രവിയങ്കിൾ നിങ്ങളെല്ലാവരും പൊയ്ക്കോളൂ.. എനിക്കിവിടെ ഒരു ഭയവുമില്ല.
ദുർഗ അയാൾക്ക് നീരസമുണ്ടാകാതെ ശ്രദ്ധിച്ചു.
"എനിക്ക് നല്ല സുഖമില്ല. തലവേദനയും വല്ലാത്ത ദേഹവേദനയും .അതുകൊണ്ടാണ്.. "
"അതൊക്കെ വെറുതേ..അവൾ വരാതിരിക്കാൻ പറയുന്നതാ അങ്കിളേ ".
ജാസ്മിൻ അവളെ ദേഷ്യത്തിലൊന്ന് നോക്കിയിട്ടാണ് പറഞ്ഞത്.
"അല്ലങ്കിളേ.. എനിക്ക് തീരെ വയ്യ.. പനിക്കാൻ വരുന്നത് പോലെ." ദുർഗ അവശത നടിച്ചു.
"ഇനി മഞ്ഞപ്പിത്തം പകർന്നതാവോ .. കോളജ് മുഴുവൻ ഇപ്പോ അതല്ലേ ".
സംശയിച്ചു കൊണ്ട് ഊർമിള രവി മേനോനെ നോക്കി.
സ്വാതിയുടെയും ജാസ്മിന്റെയും നേഹയുടെയും മുഖം മ്ലാനമായി.
ഊർമിള എഴുന്നേറ്റ് ചെന്ന് ദുർഗയുടെ നെറ്റിയിലും കഴുത്തടിയിലും കൈവെച്ചു പരിശോധിച്ചു.
ചെറിയൊരു പനി ഉണ്ടോന്നൊരു സംശയം രവിയേട്ടാ.. ആസ്പത്രിയിൽ കൊണ്ടായാലോ.. "
"പോണോ തങ്കം".രവി മേനോൻ തെല്ല് ആശങ്കയോടെ അവളെ നോക്കി
"വേണ്ടങ്കിൾ.. ഒന്നു കിടന്നാൽ മതി.മാ റിക്കോളും." ദുർഗ നിഷേധിച്ചു.
" ഞാൻ നല്ലൊരു ചുക്കുകാപ്പിയിട്ടു തരാം. ഒരു ഒറ്റമൂലി കൂടി ചേർത്ത കാപ്പി. പനി പമ്പ കടക്കും".
ഊർമിള എഴുന്നേറ്റു.
അഭിഷേക് നിരാശനായി പെൺ കുട്ടികളെ നോക്കി.
" ശരിയായിരിക്കും അഭിയേട്ടാ.. രണ്ടു മൂന്ന് ദിവസമായി അവൾ ശരിക്ക് ഫുഡ് പോലും കഴിക്കണില്ല. എന്തോ ഒരു മന്ദത പോലെ ''.നേഹ കാരുണ്യത്തോടെ ദുർഗയെ നോക്കി.
" അപ്പോൾ സിനിമ കാൻസൽ അല്ലേ''. നിരാശാജനകമായിരുന്നു അഭിഷേകിന്റെ ചോദ്യം.
" നിങ്ങള് വേണമെങ്കിൽ പൊയ്ക്കോളൂ.ഞാനിവിടെ കിടന്നോളാം. എന്തിനാ പേടിക്കുന്നത്. മൊബൈലില്ലേ. എന്തെങ്കിലും പേടി തോന്നിയാൽ വിളിക്കാലോ. പതിനഞ്ച് മിനിറ്റ് ദൂരമല്ലേയുള്ളൂ രാംദാസിലേക്ക് "
ദുർഗ അവരെ സമാധാനിപ്പിച്ചു.
അഭിഷേകിന് വീണ്ടും ഉത്സാഹമായി.
" അതു ശരിയാ. കുറച്ച് ദൂരമല്ലേയുള്ളു. പത്തു മണിയാകുമ്പോഴേക്കും നമ്മളിങ്ങെത്തില്ലേ. പിന്നെന്താ പ്രശ്നം ".
ഊർമിള
ചുക്കു കാപ്പിയുമായി വരുമ്പോഴേക്കും സിനിമയ്ക്ക് പോകാനുള്ള അഭിപ്രായം എല്ലാവരും കൈയ്യടിച്ച് പാസാക്കിയിരുന്നു.
"തങ്കമില്ലാതെങ്ങനെയാ".
ഊർമിള ഒന്നു മടിച്ചെങ്കിലും ദുർഗ തന്നെ അവരെയും പറഞ്ഞു വിട്ടു.
തുള്ളിച്ചാടിയാണ് സ്വാതിയും ജാസ്മിനും നേഹയും ഒരുങ്ങിയിറങ്ങിയത്.
ചുരുങ്ങിയ സമയം കൊണ്ട് അഭിഷേക് അവരെ എങ്ങനെ കൈയ്യിലെടുത്തുവെന്ന് ദുർഗ അതിശയിച്ചു.
രവി മേനോന്റെ കാറിലാണ് എല്ലാവരും പുറപ്പെട്ടത്.
ടാറ്റ നൽകി അവരെ യാത്രയാക്കിയിട്ട് ദുർഗ വാതിൽ അടച്ചു പൂട്ടി.
പെട്ടന്ന് വല്ലാത്തൊരു ശൂന്യത അവളെ വന്നു പൊതിഞ്ഞു.
ഒരു ഉൾഭയം.
എന്തിനാണ് താൻ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയത്.
മകളെ നഷ്ടപ്പെട്ട അങ്കിളും ആന്റിയും അവളുടെ സ്ഥാനത്താണ് തങ്ങളെ കാണുന്നത്. എന്നിട്ടും അവരുടെ ഒരിഷ്ടത്തിന് താൻ കൂടെ നിന്നില്ല.
ദേവിക പാണ്ഡേയുടെ നൃത്ത പരിപാടി കാണാൻ പോയത് അപ്പോൾ ദുർഗയ്ക്ക് ഓർമ വന്നു.
അവരോടൊരുമിച്ചുള്ള യാത്രയല്ല താൻ വെറുക്കുന്നത്. അഭിഷേകിന്റെ സാന്നിധ്യമാണ്. അവനെ എന്തിനാണ് താൻ വെറുക്കുന്നത് .. ഇത്രയധികം അവഗണിക്കുന്നത്.
മറുപടി ഇത്രയേയുള്ളു ധ്വനി പറഞ്ഞ സത്യം .
അവളെ കൊന്നത് അവനാണ്.
മകൾ ഒരിക്കൽ തിരിച്ചുവരുമെന്നു കാത്തിരിക്കുന്ന അങ്കിളിനും ആന്റിയ്ക്കും അറിയില്ല മകനെ പോലെ സനേഹിക്കുന്ന അവനൊരു പിശാചാണെന്ന്.
ധ്വനിയ്ക്ക് വേണ്ടി അവനെ വെറുക്കാൻ എന്താണ് തനിക്ക് അവളോടുള്ള ബന്ധം.
ഈ വീട്ടിൽ അവളുണ്ടെന്നറിയാം ആ ഭീകരരൂപം ഒരിക്കൽ കണ്ടതുമാണ്.
എന്നിട്ടും ഇന്നിവിടെ തനിച്ചിരിക്കാൻ എങ്ങനെ തനിക്ക് ധൈര്യം വന്നു. ഒരു പക്ഷേ ധ്വനിയെ സ്നേഹിക്കുന്നുണ്ടോ താൻ
അവളുടെ കഥയറിയാൻ മനസ് ആഗ്രഹിക്കുന്നുണ്ടോ.
ഒരു പ്രേതം എന്ന് ചിന്തിക്കുമ്പോൾ തോന്നുന്ന ഭയത്തിന് അപ്പുറം ധ്വനി തന്നെ അപകടപ്പെടുത്തുമെന്ന ചിന്ത തനിക്കില്ല.
എന്നോ എപ്പോഴോ അവളോട് ഒരു അലിവ് തോന്നിയിട്ടുമുണ്ടെന്ന് ദുർഗയ്ക്ക് തോന്നി.
എന്തോ മനസ് തന്റെ നിയന്ത്രണത്തിലല്ലാത്തതുപോലെ.
ദുർഗ അലസമായി സ്റ്റയർകേസിന്റെ ഏതാനും പടികൾ കയറി.
പിന്നെ തികച്ചും ഏകാകിനിയായി അതിലൊന്നിലിരുന്നു. ഹാൻഡിലിംഗിലേക്ക് ശിരസ് ചേർത്തു വെച്ചു.
അങ്ങനെയിരിക്കുമ്പോൾ ഒരു മന:സമാധാനം അനുഭവപ്പെട്ടു.
അപ്പോൾ പിന്നിൽ നിന്നും നനുത്ത കാലൊച്ച കാതിൽ പതിഞ്ഞു.
വസ്ത്രമുലയുന്ന ശബ്ദം.
ധ്വനി.
ദുർഗ തിരിഞ്ഞു നോക്കിയില്ല.
ഹാളിലെ ലൈറ്റുകൾ സ്വയം തെളിഞ്ഞു.
ഫാൻ കറങ്ങിത്തുടങ്ങി.
ധ്വനി വന്ന് ദുർഗയുടെ അടുത്തിരുന്നു. ചുമലിൽ കൈവെച്ചു.
"താങ്ക്സ് " ധ്വനി പറഞ്ഞു.
"നീയവരുടെ കൂടെ പോയില്ലല്ലോ ദുർഗാ. നീ എന്നെ ഒരു സുഹൃത്തായി അംഗീകരിച്ചു തുടങ്ങിയല്ലോ"
ദുർഗ ചലിച്ചില്ല
" അവൻ അടുത്ത വല വീശിത്തുടങ്ങി "
ധ്വനിയുടെ വാക്കുകളിൽ കനൽ ജ്വലിച്ചു.
" നിന്റെ കൂട്ടുകാരികളെ സൂക്ഷിക്കണം ദുർഗ "
"അത്രയ്ക്ക് ദുഷ്ടനാണോ അവൻ" ? എന്തോ ഒരു മായിക വലയത്തിൽ പെട്ടതു പോലെയായിരുന്നു ദുർഗയുടെ ചോദ്യം.
"ദുഷ്ടൻ "
ധ്വനിയുടെ മുഖത്ത് വന്യത തിങ്ങി.
ദുർഗയ്ക്ക് ഭയം തോന്നി.
അതു തിരിച്ചറിഞ്ഞത് പോലെ ധ്വനി ശാന്തയായി.
"ദുഷ്ടൻ എന്ന വാക്ക് കൊണ്ട് അവനെ നിർവചിക്കാൻ കഴിയില്ല ദുർഗ... നിനക്കറിയേണ്ടേ എനിക്കെന്തു പറ്റിയെന്ന്. തെക്കേത്ത് മനയിലെ
കോടീശ്വരനായ
രവി മേനോന്റെ ഏകമകൾ എങ്ങനെ ഒരു നിഴലായ് മാത്രം മാറിപ്പോയെന്ന്... "
കിതയ്ക്കുന്ന അവളെ നേരിടാൻ ദുർഗയ്ക്ക് കഴിഞ്ഞില്ല. അവൾ നിലത്തേക്ക് ദൃഷ്ടിയൂന്നി ഇരുന്നു.
" പറയാം.. ഒരു വരി തെറ്റാതെ പറയാം.. എന്നിട്ട് മതി ദുർഗ ഒരു തീരുമാനമെടുക്കൽ .. എന്നെ സഹായിക്കണമെന്ന് ദുർഗയ്ക്ക് തോന്നിയാൽ മാത്രം എന്റെ കൂടെ നിന്നാൽ മതി"
ദുർഗ അറിയാതെ ധ്വനിയെ ഒന്നു തിരിഞ്ഞു നോക്കി.
അവൾ കരയുകയായിരുന്നു.
കണ്ണുകളിൽ നിന്ന് കവിളിലേക്ക് ഒഴുകിയിറങ്ങിയത് പക്ഷേ മിഴിനീരല്ല.
കടും ചുവപ്പ് രക്തം
ഞെട്ടി വിറങ്ങലിച്ച് ദുർഗ നോട്ടം മാറ്റി.
ചുറ്റും രക്തത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധം പടർന്നു.
ദുർഗയ്ക്ക് മനംപുരട്ടി.
" അച്ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ വിനയങ്കിളിന്റെ മകനാണ് അഭിഷേക് . ഈ വീട് വാങ്ങുന്നതിന് മുൻപ് ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവുമായിരുന്നു ഞങ്ങൾ താമസം. പ്ലേ സ്കൂളിൽ പോയിത്തുടങ്ങുന്ന കാലം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു എപ്പോഴും "
ധ്വനി പറഞ്ഞു തുടങ്ങി.
"വലുതായപ്പോഴും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ബൈക്ക് റൈഡർ കൂടിയായിരുന്നു അവൻ.."
ധ്വനിയുടെ വാക്കുകൾക്കൊപ്പം ഒരു കണ്ണാടിയിലൂടെ എന്ന പോലെ ദുർഗയ്ക്ക് മുമ്പിൽ ത്തതെല്ലാം പ്രതിഫലിച്ചു.
കേൾക്കയല്ല താൻ കാണുകയാണെന്ന് അവൾക്ക് തോന്നി. മനസിൽ തെളിഞ്ഞ ചിത്രകളിലേക്ക് ദുർഗ മായാലോകത്തെന്ന പോലെ ഉറ്റുനോക്കി.
"ഹായ് ധ്വനി.."
പഴയ തെക്കേത്ത് മനയുടെ ഗേറ്റ് കടന്ന് അഭിഷേകിന്റെ ബുള്ളറ്റ് മിന്നൽ മുറ്റത്തേക്ക് വന്നു നിന്നു .
ധ്വനി ചാടി മാറി.
പുറത്തേക്ക് പോകാനൊരുങ്ങി വീടിന് മുന്നിൽ കാത്തു നിൽക്കുകയായിരുന്നു അവൾ.
"വന്ന് കേറ് പെണ്ണേ ... ഇപ്പോൾ പോയാൽ വൈകിട്ടാകുമ്പോഴേക്കും തിരിച്ച് വരാം".
ധ്വനി ബാഗുമായി ഓടിച്ചെന്ന് അവന്റെ പിന്നിൽ കടന്നിരുന്നു.
ബൈക്കിന്റെ ശബ്ദം കേട്ട് ഊർമിള അകത്തു നിന്നും ഓടി വന്നു.
"എവിടേക്കാ രണ്ടു പേരും കൂടി ... ധ്വനി എന്തെങ്കിലും കഴിച്ചിട്ട് പോ മോളേ.. "
"ഒന്ന് കറങ്ങീട്ട് വരാം ഉമയാന്റീ... പിന്നെ തീറ്റക്കാര്യം അതെന്നെ ഇവൾ മുടിപ്പിച്ചേ വിടൂ... പേടിക്കണ്ട ".
അഭിഷേക് ബുള്ളറ്റ് തിരിച്ചു.
ധ്വനി ഊർമിളയെ നോക്കി കൈ വീശി
നിമിഷ നേരം കൊണ്ട് ബുള്ളറ്റ് അവരെ കടന്ന് പോയി.
............തുടരും................
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot