Slider

നിഴലായ്‌ മാത്രം. - Part 28


അധ്യായം - 28
നീല താമരകൾ വിടർന്നു നിൽക്കുന്ന കറുത്ത നിറമുള്ള കുളം.
ഇലകൾ വീണു ചീഞ്ഞ അതിനുള്ളിലേക്ക് മുങ്ങാംകുഴിയിട്ടു പോയ ആൾ പൊന്തി വരുന്നത് നോക്കി പോലീസുകാർ ജാഗ്രതയോടെ നിന്നു. ഒരല്പം അകലമിട്ട് ജനങ്ങൾ എത്തി നോക്കി തിരക്കു കൂട്ടുന്നുണ്ടായിരുന്നു.
നൂറു കണക്കിന് ആളുകളാണ് നട്ടുച്ച പോലും വകവെക്കാതെ അരയൻ കോളനിയിലേക്ക് കുതിച്ചെത്തി കൊണ്ടിരുന്നത്.
മുങ്ങിയ ആൾ രണ്ടു മിനിറ്റിനകം പൊന്തി വന്നു.
" സർ... ബോഡി അടിയിലുണ്ട് ...ചെളിയിൽ പൂണ്ട് കിടക്കുകയാണ് "
അയാൾ അറിയിച്ചു
ഉയർത്തിയെടുക്കാനുള്ള വലിയ കൊളുത്തുകളുമായി അയാൾ വീണ്ടും മുങ്ങി.
പത്രഫോട്ടോഗ്രാഫർമാർ വല്ലാത്ത ധൃതിയോടെ ഓടിയെത്തി.
"ഒന്നു നീങ്ങി നിന്ന് സഹകരിക്ക് മാഷേ... എല്ലാർക്കും വിഷ്യൽ കിട്ടണ്ടേ ".
കാഴ്ച മറഞ്ഞ് ചാനൽ ക്യാമറമാൻമാർ അവരോട് അരിശപ്പെട്ടു.
മാസ്ക് ധരിച്ച രണ്ടു പേർ കുളത്തിലിറങ്ങി
ഏതാനും നിമിഷങ്ങൾ കൂടി കടന്നു പോയി
മുങ്ങിയവർ പിന്നീടുയർന്നു വന്നപ്പോൾ അവരുടെ കൈയ്യിൽ ഒരു പെൺകുട്ടിയുടെ മൃതദേഹവുമുണ്ടായിരു
ന്നു. പരിസരം പെട്ടന്ന് ശബ്ദമുഖരിതമായി
ക്യാമറ ഫ്ളാഷുകൾ മിന്നി.
റിച്ചാർഡിന്റെ തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു ശാലിനി.
മൂന്നാലു പോലീസുകാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു.
" സർ... ഇത് ധ്വനി തന്നെയല്ലേ..പൊന്നേത്ത് തെക്കേ മനയിലെ രവി മേനോന്റെ മകൾ .. "
ശാലിനി അടുത്തു നിന്ന സി.ഐ.പ്രകാശ് ലാലിനോട് തിരക്കി.
" അതേ എന്ന് തോന്നുന്നു... "
സി.ഐ കൂടുതൽ പറയാൻ നിൽക്കാതെ മൃതദേഹത്തിനടുത്തേക്ക് ഓടി.
പോലീസുകാർ നിലത്ത് ഒരു സ്ട്രെക്ചർ തയാറാക്കി വെച്ചിരുന്നു.
അതിൽ അവർ ആ പെൺകുട്ടിയെ കിടത്തി.
ആളുകൾക്കിടയിലൂടെ നൂണ്ടിറങ്ങി ചെന്ന് ശാലിനി അവളെ വീക്ഷിച്ചു.
സുന്ദരിയായ പെൺകുട്ടി. പക്ഷേ ആ മുഖം ബീഭത്സമായിരുന്നു.
അതിക്രൂരമായി കൊല്ലപ്പെട്ട എല്ലാ തെളിവും ആ മുഖത്ത് അവശേഷിച്ചിരുന്നു.
സി.ഐ.പ്രകാശ് ലാൽ തൊപ്പിയൂരി.
പിന്നെ കുനിഞ്ഞ് നിലത്തിരുന്ന് മൃതദേഹത്തെ കണ്ണുകൾ കൊണ്ടൊന്ന് പരിശോധിച്ചു.
നീരു വെച്ച് വീങ്ങിയതുകൊണ്ട് മുഖഛായ ശരിക്ക് വ്യക്തമല്ല.
അയാളുടെ കണ്ണുകൾ അവളുടെ ഇടത് കൈയ്യിലെ മോതിരവിരലിൽ പതിഞ്ഞു
അതിലൊരു തടിച്ച മോതിരം കിടപ്പുണ്ടായിരുന്നു.
കർചീഫ് എടുത്ത് അയാൾ തെളിവുകൾ നഷ്ടപ്പെടാത്ത വിധം ആ വിരൽ പരിശോധിച്ചു.
മഹേഷ്
അതിൽ കൊത്തിയ പേര് അയാൾ വായിച്ചു.
രവി മേനോന്റെ മകളെ വിവാഹം കഴിക്കാനിരുന്ന പയ്യന്റെ പേര് മഹേഷ് എന്നായിരുന്നു എന്ന് അയാൾ ഓർമിച്ചു. പക്ഷേ അവളെ കാണാതായിട്ട് ഒന്നര വർഷമായി.ഇത്രയും നാൾ ഈ മോതിരം ഇവൾ അണിഞ്ഞെങ്കിൽ പിന്നെ വീടുവിട്ട് ഈ കുട്ടി ഇറങ്ങിപ്പോയതെന്തിനാണ്
മൃതദേഹത്തിന് പഴക്കം തോന്നിക്കുന്നുമില്ല.
അയാളുടെ നെറ്റി ചുളിഞ്ഞു.
തനിക്കറിയാത്ത... താനിന്നുവരെ പരിചയിക്കാത്ത എന്തൊക്കെയോ പ്രത്യേകതകൾ ആ മൃതദേഹത്തിനുണ്ടെന്ന് അയാൾക്ക് തോന്നി.
വിവശതയോടെ അയാൾ എഴുന്നേറ്റു.
" സർ... ഇനി.." മറ്റ് പോലീസുകാർ അടുത്തേക്ക് വന്നു.
" ഇൻക്വസ്റ്റ് ചെയ്യണം.. അതിവിടെ വെച്ചു തന്നെ മതി... പിന്നെ ബോഡി മെഡിക്കൽ കോളജിലേക്ക് അയക്കണം. അതല്ലേ വേണ്ടത് "
അയാൾ പോലീസ് ഫോറൻസിക് സർജൻ ഉസ്മാനെ നോക്കി.
" പോസ്റ്റ്മോർട്ടം വീഡിയോയിൽ രേഖപ്പെടുത്തണം .. ഇത് വെറുമൊരു മരണമല്ല ... നമ്മൾ ആ മൊബൈൽ വീഡിയോ കണ്ടിട്ട് തന്നെ മണിക്കൂറുകളായി. പക്ഷേ അത്രയും മണിക്കൂർ പഴക്കം പോലും ബോഡിയക്ക് തോന്നുന്നില്ല."
"ആദ്യം ജനക്കൂട്ടത്തെ പിരിച്ച് വിടണം ... പിന്നെ മാധ്യമ പ്രവർത്തകരെയും .. എന്ത് കോപ്പിനാണ് അവർ ഇവിടെ വട്ടമിട്ടു നിൽക്കുന്നത് ".
സി.ഐ അതൃപ്തിയോടെ പോലീസുകാർക്ക് നേരെ തിമിട്ടി.
"മാധ്യമ പ്രവർത്തകരോട് ഒന്നും പറയാൻ പറ്റില്ല സർ.. സംയമനം പാലിച്ചില്ലെങ്കിൽ പ്രശ്നമാകും... സാറിന്റെ ബൈറ്റ് വേണമെന്ന് പറഞ്ഞാണ് അവർ നിൽക്കുന്നത് "
ഒരു പോലീസുകാരൻ പറഞ്ഞു.
അപ്പോഴേക്കും മൈക്കുമായി മാധ്യമപ്രവർത്തകർ അയാളെ വളഞ്ഞിരുന്നു
" സർ.. മരിച്ചതാരാണെന്ന് വല്ല സൂചനയും ... മറ്റെന്തെങ്കിലും വിവരം " ..
മിന്നുന്ന ഫ്ളാഷുകൾക്കിടയിൽ നിന്നും ആരുടെയോ ചോദ്യമെത്തി.
" മരിച്ചത് പ്രമുഖ വ്യവസായി രവി മേനോന്റെ മകൾ തന്നെയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് അധികം പഴക്കമില്ലാത്തതിനാൽ മരണം നടന്നിട്ട് അധിക സമയമായിട്ടില്ലെന്നാണ് അനുമാനം.. മറ്റൊന്നും ഇപ്പോൾ പറയാനായിട്ടില്ല".
"ഓ.കെ സർ... താങ്ക് യു ".
മാധ്യമ പത്മവ്യൂഹം അഴിഞ്ഞു.
രക്ഷപെട്ടവനെ പോലെ സി.ഐ പ്രകാശ് ലാൽ ഒന്നു നിശ്വസിച്ചു.
...... ....... .......
"ദുർഗാ..."
തൊട്ടു പിന്നിൽ നിന്നും ധ്വനിയുടെ വിളി കേട്ട് ദുർഗ ഞെട്ടിത്തിരിഞ്ഞു.
ബാൽക്കണിയിൽ വേകുന്ന മനസോടെ തനിച്ചു നിൽക്കുകയായിരുന്നു ദുർഗ .
"അവരെന്നെ കണ്ടെത്തി."ധ്വനി അവളുടെ ചുമലിൽ കൈവെച്ചു നിന്ന് മന്ദഹസിച്ചു.
തീരെ മങ്ങിപ്പോയ ഒരു ചിത്രം പോലെ മുഷിഞ്ഞ രൂപമായിരുന്നു ധ്വനിയുടേത്
ശക്തികളെല്ലാം അവൾ ഇല്ലാതാവാൻ ഇനി മണിക്കൂറുകൾ മാത്രം.
"ധ്വനി " ദുർഗ അവളുടെ തോളിലേക്ക് മുഖം അർപ്പിച്ചു വിങ്ങി.
"പോലീസ് ആകെ കൺഷ്യൂഷനിലാണ് .. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്റെ മരണം നടന്നിട്ട് ഒന്നര വർഷമായിരിക്കുന്നു. പക്ഷേ ഒട്ടും അഴുകാത്ത ദുർഗന്ധം പോലും ഇല്ലാത്ത മൃതശരീരവും... "
ധ്വനി ഒന്നു ചിരിച്ചു.
"ആത്മാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു. ആത്മചൈതന്യം ഇപ്പോഴും എന്റെ ശരീരത്തോടൊപ്പം നിലനിൽക്കുന്നു... അത് അവർക്കറിയില്ലല്ലോ .."
ദുർഗ അവളിൽ നിന്നും അകന്നു മാറി.
" ശാസ്ത്രം അമ്പരന്നു നിൽക്കുന്ന യാഥാർഥ്യങ്ങളിൽ ഒന്ന് ... ഡോക്ടർമാർക്കും പറയാനാവുന്നില്ല ഇതെന്തുകൊണ്ടാണെന്ന്... തർക്കവും ചർച്ചയും നടക്കുകയാണ്. നിനക്കറിയ്യോ ദുർഗ ഒടുവിൽ അവർ പുറത്ത് വിടാൻ പോകുന്നത് ഞാൻ രണ്ടു ദിവസം മുമ്പ് മരിച്ചൂന്നാണ്. ഇത്രയും നാൾ ഞാൻ അഭിയുടെ തടവിൽ ആയിരുന്നത്രേ. വിശ്വസനീയമായി ഇക്കാര്യം പറയാൻ അല്ലാതെ അവർക്ക് സാധിക്കില്ല.
" അപ്പോൾ ... ഇനി നിന്റെ സംസ്കാര ചടങ്ങുകൾ... ധ്വനി.. നീയും ഞാനും തമ്മിൽ വേർപിരിയുമോ.. "
ദുർഗ വിങ്ങലോടെ ചോദിച്ചു.അതോടൊപ്പം അവൾ ശക്തമായി നടുങ്ങി.
തൊട്ടരികെ നിൽക്കുന്നു ജാസ്മിനും നേഹയും സ്വാതിയും.
ദുർഗയുടെ കാലുകൾ നിശ്ചലമായി.
"നീയാരോടാ സംസാരിക്കുന്നത്. " ദുർഗയുടെ വിളറിയ മുഖത്തേക്ക് ജാസ്മിൻ സംശയത്തോടെ നോക്കി.
"ഇല്ല ... ആരുമില്ല.. ജാസ്... ഞാനിവിടെ തനിച്ച്.."
ദുർഗ വിക്കി .
"തനിച്ച് സംസാരിക്കാൻ നിനക്കെന്താടി വട്ടുണ്ടോ.."
നേഹയ്ക്ക് ദേഷ്യം വന്നു.
" കുറേയായി കാണുന്നു നിന്റെ ഓരോരോ ഭ്രാന്തുകൾ... സഹിച്ചു മടുത്തു."
സ്വാതിയും അവളെ ദേഷ്യത്തോടെ നോക്കി.
"നീയാ മരിച്ചു പോയ പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു ... ഞാൻ കേട്ടു .. "
ജാസ്മിൻ അവളുടെ അടുത്തുവന്ന് ദുർഗയുടെ ചുമലിൽ പിടിച്ചു.
" സത്യം പറയ്.. ധ്വനി .. ധ്വനി എന്ന് നീ വിളിക്കുന്നത് ഞാൻ കേട്ടതാ... നിനക്കെന്താടി പറ്റിയത് "
അവസാനമെത്തുമ്പോൾ ജാസ്മിനും കരഞ്ഞുപോയി.
ദുർഗയുടെ ശ്വാസഗതിയേറി.
ശ്വസിക്കാൻ വയ്യ
ഇതുവരെ അടക്കിപ്പിടിച്ച വേദനകളെല്ലാം ഉള്ളിൽ വന്നാർത്തലയ്ക്കുന്നു
എല്ലാം വിളിച്ച് പറഞ്ഞാലോ
ആർത്ത് കൂവിയാലോ
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ
പരിഹസിക്കുന്നവർ പരിഹസിക്കട്ടെ..
" തങ്കം." അവൾ ശബ്ദിക്കുന്നതിന് മുമ്പേ സ്വാതി വിളിച്ചു.
"താഴെ നടക്കുന്നതൊക്കെ നീയറിയുന്നുണ്ടോ മോളേ.. കുഴഞ്ഞ് വീണ് അങ്കിൾ ഹോസപിറ്റലിലാക്കി. ആന്റി മാനസിക രോഗം വന്നത് പോലെ പെരുമാറുന്നു ... പിന്നെ താഴെ എല്ലാ സത്യവും അറിഞ്ഞ് ഒരാൾ വന്നിരിപ്പുണ്ട്.. ആകെ തകർന്ന്.. "
അതാരാണെന്നറിയാതെ ദുർഗ അവളെ പകച്ചു നോക്കി.
"മഹിയേട്ടൻ... ധ്വനിയെ അഭിഷേക് തട്ടിക്കൊണ്ടുപോയി തടവിൽ വെച്ച് പീഡിപ്പിച്ച് കൊല്ലുകയായിരുന്നു എന്ന വാർത്ത ഏറ്റവും വേദനിപ്പിച്ചത് മഹിയേട്ടനെയാണ് ... നീയൊന്ന് ചെല്ല് മോളേ.. ഏട്ടനെ സമാധാനിപ്പിക്കാൻ നിനക്കേ കഴിയൂ"
സ്വാതി പൊട്ടിക്കരഞ്ഞുപോയി.
ഒരു സ്വപ്നാടകയെ പോലെയാണ് സ്വാതിയ്ക്ക് പുറകെ ദുർഗ താഴേക്ക് പോയത്.
" അവൾക്കെന്താണ് ജാസ് പറ്റിയത്.."
നേഹ ആ പോക്കു നോക്കി വേവലാതിയോടെ ചോദിച്ചു.
" അവളെ ചികിത്സിക്കണം... ഇല്ലെങ്കിൽ തങ്കത്തെ നമുക്ക് നഷ്ടപ്പെടും". അക്ഷോഭ്യമായിരുന്നു ജാസ്മിന്റെ ഭാവം.
" ചികിത്സ യോ..എന്തിന് ..."
നേഹ ഞെട്ടി
" എന്റെ ചിന്തകൾ ശരിയാണെങ്കിൽ ദുർഗയ്ക്ക് മൾട്ടിപ്പിൾ പേഴ്സണാലിറ്റിയാണ്. ഒരേ സമയം ദുർഗയും ധ്വനിയും ആയി കൂടുമാറുകയാണവൾ.. ധ്വനിയെ കുറിച്ചുള്ള കേട്ടറിവുകൾ അത്രത്തോളം അവളെ സ്വാധീനിച്ചിട്ടുണ്ട് "
നേഹ ഒന്നും മനസിലാകാതെ ജാസ്മിനെ തറച്ചു നോക്കി നിന്നു
....... ........ ...........
വലിയേടത്ത് മനയിൽ നിന്നും ദേവദത്തൻ പുറപ്പെടുമ്പോൾ നാലു മണി കഴിഞ്ഞിരുന്നു.
രുദ്രയും പത്മനാഭൻ ഭട്ടതിരിയും അപ്പോഴും ടെലിവിഷന് മുന്നിലായിരുന്നു.
എല്ലാ ചാനലുകളിലും ധ്വനിയുടെ മരണത്തെ കുറിച്ചായിരുന്നു വാർത്ത.
വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ സ്വത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയി. ഒന്നര വർഷത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചു. ഒടുവിൽ തനിക്ക് മാത്രമായി സ്വത്ത് ലഭിക്കുമെന്ന ഘട്ടം വന്നപ്പോൾ അവളെ ക്രൂരമായി കൊലപ്പെടുത്തി
പക്ഷേ കാലത്തിന്റെ നീതിന്യായം പോലെ ഒടുവിൽ അഭിഷേകും കൊല്ലപ്പെട്ടു. ഇനി കേസിൽ പിടി കിട്ടാനുള്ളത് ആ കൊലപാതകിയെ മാത്രം.
വാർത്താ അവതാരകൻ പറഞ്ഞു കൊണ്ടിരുന്നു
" ഇന്ന് ബോഡി വിട്ടുകിട്ടുമോ കുട്ടാ". വലിയേടത്ത് തിരക്കി.
"ഇന്നിനി സംസ്കാരം ഉണ്ടാവില്ല.. നാളെ നമുക്കെല്ലാവർക്കും കൂടി പോകാം... തത്കാലം ഞാനൊന്ന് അന്വേഷിച്ച് വരാം... രവിയങ്കിളിന്റെ നില അൽപ്പം സീരിയസാണെന്നാ അറിഞ്ഞത്. "
ദേവദത്തൻ പോകാനിറങ്ങുമ്പോൾ തൂണിന് മറവിൽ പവിത്രയെ കണ്ടു.
"തങ്കത്തിന് അവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെന്നച്ചാൽ കൊണ്ടുവരണം ട്ടോ..." അവൾ ഓർമിപ്പിച്ചു.
"പവി പറഞ്ഞത് ശരിയാ.. തങ്കത്തിന് പണ്ടേ മരണവീട് പിടിക്കില്ല. വല്ലാത്ത അസ്വസ്ഥത കാണിക്കും ... നീ അവളെ കൂട്ടിക്കോളു കുട്ടാ.."
"ഉവ്വ് വലിയമ്മാമ്മേ".
പറഞ്ഞപ്പോൾ നോട്ടം രുദ്രയിലേക്ക് നീണ്ടു.
ദാവണി തുമ്പ് കൊണ്ട് കണ്ണീരൊപ്പുകയായിരുന്നു അവൾ.
ധ്വനിയുടെ മരണവാർത്ത അവളെ പോലും വല്ലാതെ നോവിച്ചിരിക്കുന്നു. അപ്പോൾ തങ്കത്തിന്റെ മനോനില എന്തായിരിക്കും.
കാർ ഡ്രൈവ് ചെയ്യുമ്പോഴും ദേവദത്തൻ അതാണ് ചിന്തിച്ചത്.
തെക്കേത്ത് അപ്പോൾ മഹേഷിന്റെ അടുത്തു നിൽക്കുകയായിരുന്നു ദുർഗ .
കണ്ണീർ വീണ് ചുവന്ന ആ മുഖത്തെ വ്യഥ ദുർഗയുടെ ഹൃദയം പിളർത്തി.
എന്തൊക്കെ പറഞ്ഞാലും ഒരു അന്യ പെൺകുട്ടിയ്ക്ക് വേണ്ടിയാണ് മഹിയേട്ടൻ കരയുന്നത്.
അത് സഹിക്കാൻ വയ്യ.
ഹൃദയം വല്ലാതെ നോവുന്നു.
"നിനക്കറിയ്യോ ദുർഗ .. നമ്മൾ പ്രണയിച്ച് നടക്കുമ്പോഴൊക്കെ എന്റെ പെണ്ണ് ആ ചെകുത്താന്റെ പിടിയിലായിരുന്നു. നീയും ഞാനും സ്വപ്നം നെയ്യുമ്പോഴൊക്കെ അവൻ എന്റെ പെണ്ണിനെ ഇഞ്ചിഞ്ചായി ... "
ഒരു ആശ്രയം പോലെ മഹേഷ് ബാലൻ അവളുടെ കൈയ്യിൽ പിടിച്ചു.
"എല്ലാവരും പറഞ്ഞു നടന്നത് ഞാനും വിശ്വസിച്ചല്ലോ മോളേ.. അവളെ കണ്ടു പിടിക്കാൻ തനിച്ചിറങ്ങാൻ പോലും എനിക്ക് തോന്നിയില്ലല്ലോ .... പാവം.. എല്ലാവരെയും അവൾ സ്നേഹിച്ചു. ആരും അവളെ വിശ്വസിച്ചില്ല.. ആരും "
"മഹിയേട്ടാ.." ദുർഗ വിതുമ്പിപ്പോയി. അപ്പോൾ തൊട്ടരികെ ധ്വനിയുടെ സാന്നിധ്യം ദുർഗ അറിഞ്ഞു.
അന്തരീക്ഷത്തിൽ വല്ലാത്ത തണുപ്പു പടർന്നു പുറത്ത് നനുത്തൊരു മഴ ചാറിതുടങ്ങി.
ദുർഗ ധ്വനിയെ നോക്കി.
വല്ലാതെ വിങ്ങിപ്പൊട്ടി നിൽക്കുകയാണവൾ.
ഇടയ്ക്ക് കൈനീട്ടി അവൾ മഹേഷ് ബാലനെ സ്പർശിക്കാൻ ശ്രമിച്ചു.
കഴിഞ്ഞില്ല.
വായുവിലൂടെ എന്ന പോലെ ആ കൈ അവന്റെ ദേഹത്തിനകത്ത് കൂടി ചലിച്ചു.
കണ്ടു നിൽക്കാൻ വയ്യാത്തതുപോലെ പെട്ടന്ന് ഒരു പുകമഞ്ഞുപോലെ ധ്വനി വട്ടംചുറ്റി മാഞ്ഞു.
"മഹിയേട്ടാ".
ദുർഗ കരഞ്ഞുകൊണ്ട് അയാളുടെ ചുമലിലേക്ക് മുഖം ചേർത്തു.
"എന്നോടിങ്ങനെയൊന്നും പറയല്ലേ... വയ്യ.. സഹിക്കാൻ വയ്യെനിക്ക് .. "
അവളുടെ കണ്ണുനീരൊഴുകി വീണ് അവന്റെ ചുമൽ നനഞ്ഞു.
ദേവ ദത്തന്റെ കാർ മുറ്റത്തേക്ക് വന്ന് നിന്നതപ്പോഴാണ്.
മഹേഷ് ബാലനെയും ദുർഗയെയും നോക്കി കൊണ്ട് അയാൾ പടി കയറി സിറ്റൗട്ടിലേക്ക് വന്നു.
" മഹേഷ് " .പരിഭവങ്ങൾ എല്ലാം മറന്ന് ദേവദത്തൻ അവന്റെ ചുമലിൽ കൈവെച്ചു.
"സഹിക്കുക ... അതേ ഇനി ചെയ്യാനുള്ളു".
മഹേഷ് ബാലൻ അയാളെ നിറമിഴികളോടെ നോക്കി.
കാറിന്റെ ശബ്ദം കേട്ട് നേഹയും ജാസ്മിനും സ്വാതിയും അവിടേക്കിറങ്ങി വന്നു.
ദേവദത്തനെ കണ്ട് അവർ അൽപ നേരം മൗനം പാലിച്ചു.
" അങ്കിൾ ഹോസ്പിറ്റലിലാണ് ദത്തേ ട്ടാ... ആന്റി പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു " നിശബ്ദമായ ഏതാനും നിമിഷങ്ങൾക്ക് ശേഷം നേഹ പറഞ്ഞു.
"ഊർമിളാൻറി ഇടയ്ക്ക് ഏട്ടനെ അന്വേഷിച്ചിരുന്നു."
ദുർഗ നനഞ്ഞ ശബ്ദത്തിൽ അറിയിച്ചു.
"വല്ലാത്ത വിധി തന്നെ.. ഈശ്വരൻ ഇങ്ങനെ ആരെയും പരീക്ഷിക്കരുത് " സഹതാപം ഉളളിലടക്കി ദേവദത്തൻ പിറുപിറുത്തു
ഗേറ്റ് കടന്ന് ഒരു പോലീസ് ജീപ്പ് അകത്തേക്ക് വരുന്നത് അവർ കണ്ടു.
മുറ്റത്ത് ജീപ്പ് നിർത്തിയിട്ടിട്ട് സി.ഐ.പ്രകാശ് ലാലും ഒരു പോലീസുകാരനും ഇറങ്ങി.
"രവി മേനോനെ വിളിക്ക് " അവരുടെ അടുത്തെത്തി സി.ഐ പറഞ്ഞു.
" രവിയങ്കിൾ ഹോസ്പിറ്റലിലാണ്".
ദേവദത്തൻ ദുർഗയിൽ നിന്ന് അറിഞ്ഞ കാര്യം പറഞ്ഞു.
"എങ്കിൽ അയാളുടെ വൈഫിനെ ... അത്യാവശ്യമാണ്".സി.ഐ പറഞ്ഞു.
"ദുർഗാ... നീ ചെന്ന് ആന്റിയെ വിളിക്ക്."
ജാസ്മിൻ പറഞ്ഞു.
സി.ഐ പ്രകാശ് ലാലിന്റെ കാതിൽ വെടിച്ചില്ലുപോലെ ആ പേര് പതിഞ്ഞു.
ദുർഗ .
അയാൾ അവളെ ഉറ്റുനോക്കി.
" ദുർഗ ഭാഗീരഥി ". അയാൾ അവൾക്ക് നേരെ ചൂണ്ടുവിരൽ ഉയർത്തി.
"അതെ.. "
ദുർഗയുടെ ശബ്ദം വിറച്ചു.
..... ......... തുടരും ....
Written by 
Shyni John

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo