നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോഴി

Image may contain: 1 person, smiling, closeup
ഓ... ഒന്നും പറയണ്ടടാവ്വേ.... നമ്മടെ വീട്ടില് ആ കോഴിക്കൂടിന്റെ നേരേ മുന്നിലോട്ടു ചരിഞ്ഞുനില്ക്കുന്ന പ്ലാവില്ല്യോ ?? അതങ്ങനെ നിര്ത്തിയാല് ശെരിയാവില്ല, ലവള് കുടുംബശ്രീന്നു കുറെ കോഴികളേം മേടിച്ച് അതിലിട്ട് വളത്തുവാ, കഴിഞ്ഞകൊല്ലം ചക്കവീണ്‌ അതിന്റെ ഓടു രണ്ടെണ്ണം പോട്ടുവേം ചെയ്താരുന്ന്....
ചെറിയ പ്ലാവാ..... ന്നാലും അവിടെ നിര്ത്തിയാപ്പിന്നെ നാളെ പെരയ്ക്കാവും ദോഷം.....നിനക്ക് പരിചയവൊള്ള വെട്ടുകാര് വല്ലോം ഒണ്ടോ ?? ഒന്നുരണ്ടുപേരെ കണ്ടു കാര്യം പറഞ്ഞങ്കിലും ഒരുത്തനും സമയവില്ലന്നാ പറയുന്നേ .....
"എവിടെപ്പോയി കൊച്ചാട്ടാ" ന്നു കുശലം ചോദിച്ചപ്പോള് രായപ്പന്കൊച്ചാട്ടന് പറഞ്ഞ മറുപടി കേട്ടതും എന്തിനുമേതിനും തലകൊണ്ടുവെക്കുന്ന കുട്ടപ്പന് രായപ്പന്കൊച്ചാട്ടനെ ഇരുത്തിയൊന്നു നോക്കി....
"ആ വടക്കേത്ത് നില്ക്കുന്ന പൂങ്ങാംതടി വെട്ടാനാന്നോ കൊച്ചാട്ടന് കൂപ്പില് ആളിനെത്തപ്പി നടക്കുന്നേ" ??
"പിന്നെനിക്കാവതൊണ്ടോ" ന്ന് ചോദിച്ചുതീരുംമുന്പേ കുട്ടപ്പന് പറഞ്ഞു :-
ഒരു വെട്ടുകത്തീം കുറച്ചു കയറും അത്യാവശ്യം നല്ലൊരു മഴൂം കിട്ടുവോ ? വെട്ടുകത്തി ഞാന് കൊണ്ടരാം....വാക്കി കൊച്ചാട്ടനൊപ്പിക്കാവോ ?? തടി ഞാന് വെട്ടിത്തരാം ....നിങ്ങളവര്ക്കു കൊടുക്കുന്ന കൂലീടെ പാതിയിങ്ങു തന്നാമതി....
മനസ്സില്ലാമനസ്സോടെ രായപ്പന്കൊച്ചാട്ടന് വീട്ടിലേക്കു മെല്ലെ നടക്കുന്നതിനിടയില് എന്തോ പറയാനായി തിരിഞ്ഞതും എന്താണെന്ന് മനസ്സിലാക്കിയിട്ടെന്നപോലെ കുട്ടപ്പന് വിളിച്ചുപറഞ്ഞു......
"ങ്ങള് ചെല്ല് കൊച്ചാട്ടാ.... കിട്ടുവെങ്കില് ഒരു സഹായത്തിന് ആ ബേബിച്ചന്റെ മോനേം വിളിച്ചോണ്ടു കാലത്ത് ഞാനങ്ങ് വരാം......
രായപ്പന് കൊച്ചാട്ടന്റെയാ പോക്കിൽ സ്ലിപ്പറുചെരിപ്പുകൊണ്ട് ഉപ്പൂറ്റിക്കു കിട്ടുന്ന അടിശബ്ദം കുട്ടപ്പന്റെ വാക്കിലുള്ള വിശ്വാസമായിത്തോന്നി......
ഇതുവരെ കൈവെക്കാത്ത മേഖലയിലേക്കാണ് കുട്ടപ്പന് തലകൊണ്ടു വെച്ചതെങ്കിലും ആ ഒരു അഹങ്കാരമോ ഭയമോ മുഖത്തുവരുത്താതെ ബേബിച്ചന്റെ മോന് ജോണിയേം വിളിച്ച് പിറ്റേന്ന് കാലത്തുതന്നെ വീട്ടുമുറ്റത്തെത്തി നീട്ടിവിളിച്ചു ....
''രായപ്പന്കൊച്ചാട്ടോ "......
ആ...നീയെത്തിയോന്നും ചോദിച്ച് പെരേടെ വടക്കേത്തോട്ടു കൊച്ചാട്ടന് നടന്നുകൊണ്ടു പറഞ്ഞു
"സംഭവം ചെറിയ പ്ലാവൊക്കെയാണ്,
കോഴിക്കൂട്ടിലേക്ക് ചരിഞ്ഞു നില്ക്കുന്നതുകൊണ്ട് തടിവെട്ടുകാരുതന്നെ കൈ വെക്കേണ്ട കേസാ, നോക്ക്.... വെട്ടിയിടാന് പറ്റില്ലങ്കില് വേറെയാരേലും വിളിക്കാവെടാ"
തീരെ വിശ്വാസമില്ലാത്തതുപോലെ രായപ്പൻ കൊച്ചാട്ടന്റെ പറച്ചിലു കേട്ട് വലിയ ജ്ഞാനിയേപ്പോലെ കുട്ടപ്പന് :-
" ഏതു പണീം നമുക്ക് ചെയ്യാം
മനസ്സൊറപ്പും ധൈര്യോം മാത്രംമതി കൊച്ചാട്ടാ "
ഇച്ചേയി ഇട്ടോണ്ടുവന്ന ചായേം കുടിച്ച് പണിക്കിറങ്ങാനുള്ള തയ്യാറെടുപ്പാണ് കുട്ടപ്പന്....
കൊച്ചാട്ടന് ഒന്നുകൂടിയോര്മ്മിപ്പിച്ചു
"ഡാ ആ കോഴിക്കൂടിന്റെ കാര്യവേ"......??
ബാക്കി പറയാന് മുഴുവിക്കാതെ കുട്ടപ്പന് ഒച്ചകൂട്ടി വിളിച്ചുപറഞ്ഞു :-
" കൊച്ചാട്ടനൊന്നു മിണ്ടാതിരിക്കുന്നൊണ്ടോ.... പിന്നേ ഈ പൂങ്ങാംതടി വെട്ടിയിടുന്നതാ വല്ല്യകാര്യം"
അല്ലാ... ഞാന് പറഞ്ഞന്നേയൊള്ളൂന്നും പറഞ്ഞ് അവസാനം കിട്ടിയ ആ ഉറപ്പില് കൊച്ചാട്ടന് ഒരു ബീഡിക്കു തീയുംകൊളുത്തി നിന്നു.....
കൂട്ടപ്പന് താറുടുത്തു പ്ലാവേലേക്കു വലിഞ്ഞുകയറി ഇലച്ചിലെല്ലാം കോതുകയാണ്, താഴെ നിന്നോണ്ട്‌ വെട്ടിയിറക്കിയ ചില്ലകളും തൂപ്പുമൊക്കെ പെറുക്കിക്കൂട്ടിക്കൊണ്ട് കൊച്ചാട്ടനും സഹായി ജോണീം താഴെയുണ്ട്. ഏറ്റോം മുകളിലേക്കു പോകുന്ന ഇലച്ചിലവിടെ നിര്ത്തിയിട്ട് തടിയുടെ നടുക്കായി ഒരു കയറും കെട്ടിയിട്ട് ക്ഷീണിതനായി കുട്ടപ്പന് താഴേക്കുവന്നു....
വല്ല്യ വൃത്തിയില്ലാതെയാണെങ്കിലും മഴുകൊണ്ട് കുട്ടപ്പനും അണ്ണാന് കുഞ്ഞിനു തന്നാലായതുപോലെ വെട്ടുകത്തികൊണ്ടു ജോണീം ചന്നംപിന്നം വെട്ടുകയാണ്, മുക്കാല് ഭാഗം തീര്ന്നതും കുട്ടപ്പന് സഹായിയോട്‌ മതിയെന്ന സിഗ്നല് കൊടുത്തു, കടയ്ക്കല് ഇനി കാൽ ഭാഗം വെട്ടേ ബാക്കിയുള്ളൂ....
തടി മാറ്റിവീഴ്ത്താന് കുട്ടപ്പനുദ്ദേശിക്കുന്ന ഭാഗത്ത് അല്പ്പം മാറി സൈഡിലായി ഒരു തെങ്ങുനില്പ്പുണ്ട്, കുട്ടപ്പൻ ആ തെങ്ങിലേക്കു കയറി അതിന്റേം പകുതിക്കായി ഈ കയറ് കൊണ്ടുപോയി ചുറ്റിക്കൊണ്ടുവന്നതും ഇച്ചേയിയും കൊച്ചാട്ടനും പിന്നെ ആടിന് പ്ലാന്തൂപ്പെടുക്കാന് വന്ന കുറച്ചു പെണ്ണുങ്ങളും കയറില് പിടിക്കാന് തയ്യാറെടുക്കുമ്പോള് കുട്ടപ്പന് ആ വീട്ടിലെ മൂത്തമോനേപ്പോലെ ആജ്ഞാപിച്ചു .......
"കൊച്ചാട്ടന് അങ്ങോട്ടു മാറിക്കേ ...... വയ്യാതെ അവിടെങ്ങാണം പോയിരിക്ക്, പെണ്ണുങ്ങള് പിടിച്ചോളും" .....
കുട്ടപ്പനിത് പുഷ്പ്പം പറിക്കുന്ന പണിയാണെന്ന് തോന്നിയ രായപ്പന്കൊച്ചാട്ടന് രണ്ടുകയ്യുമെടുത്ത് ഏണിനു താങ്ങുംകൊടുത്തു ദൂരെപ്പോയിനിന്നു....
കോഴിക്കൂടിന്റെ നേരെ പ്ലാവ് പോകാനിരിക്കുന്ന വഴിയും താന് ബുദ്ധിപൂര്വ്വമൊരുക്കിയ ഭാഗത്തേക്ക്‌ കോഴിക്കൂടിനൊന്നും സംഭവിക്കാതെ തടി വരാന് പോകുന്ന സ്ഥലവും സ്കെച്ചും പ്ലാനുമൊക്കെ നിരത്തി കൂടിനിന്ന പെണ്ണുങ്ങള്ക്ക്‌ കുട്ടപ്പന് ക്ലാസ്സെടുക്കുമ്പോള് രായപ്പന്കൊച്ചാട്ടനും ദൂരെമാറിനിന്നു തലയാട്ടി ശെരി വെക്കുന്നുണ്ട് , അതൂടെ കണ്ടതും കുട്ടപ്പന് കുട്ടപ്പനോടുതന്നെ ലേശം ബഹുമാനം തോന്നി....
ജോണി തടി മുറിഞ്ഞുമാറാനുള്ള വെട്ടുതുടങ്ങിയതും കയറേല് ഞാന്നു നിരന്നുനിന്ന പെണ്ണുങ്ങള്ക്ക് ഏറ്റോം പിന്നിലായി വള്ളംകളിയുടെ അമരക്കാരനേപ്പോലെ നിന്നിട്ട് കുട്ടപ്പന് കയറിന്റെയറ്റം ദേഹത്തൂടെ മൂന്നാലു ചുറ്റുംചുറ്റി വരിഞ്ഞു മുറുക്കി നിന്നു.....
കുട്ടപ്പനെ ഒന്നിനും മാറ്റിനിര്ത്താനാവില്ല എന്ന ഭാവം ആ ചേഷ്ടകളില് നിന്നും മനസ്സിലാക്കാം ....
കയറുചുറ്റിയിരിക്കുന്ന ആ തെങ്ങിനേ വിശ്വസിച്ചാണ് കുട്ടപ്പന്റെ കട്ടഹീറോയിസം അരങ്ങേറാൻ തുടങ്ങുന്നത്.........
ഡാ കുട്ടപ്പാ.... കയറിന്റെയറ്റം ദേഹത്തു വാരിച്ചുറ്റരുതെന്നു രായപ്പന്കൊച്ചാട്ടന് കിടന്നലറുന്നുണ്ട്......ആരുകേള്ക്കാന് ??
"ഠമാര്ര്ര്ര്ര്......... പഠാര്ര്ര്ര്" ന്നുംപറഞ്ഞ് തടി കൃത്യം കോഴിക്കൂടും തകര്ത്ത് "പധുക്കോ" ന്നു പോയി വീണു....
> കയറേന്ന് പിടിവിട്ടു വെരണ്ടോടിയ പെണ്ണുങ്ങള്....
> തലയില് കൈവെച്ചുനില്ക്കുന്ന രായപ്പന് കൊച്ചാട്ടന്.....
> വണ്ട്‌ വട്ടംചുറ്റുന്നതുപോലെ കയറിനൊപ്പം പോയി തെങ്ങിനൊരു വലത്തടിച്ചശേഷം തെക്കേ പറമ്പിൽ കൊച്ചാട്ടന്റെ പാവലിന്റെ പന്തലുംപൊളിച്ചു ശരവേഗത്തിൽ പോയി വീണ കുട്ടപ്പൻ.......
സിനിമയില് ഡ്യൂപ്പുകള് പോലും
ചെയ്യാന് ഭയക്കുന്ന സാഹസികമായ പ്രകടനമായിരുന്നു കുട്ടപ്പന് കാഴ്ചവെച്ചത്......
വിളിച്ചുകൂവിക്കൊണ്ട് എല്ലാരൂടെ ഒടിച്ചെല്ലുമ്പോള് ദേഹത്തു ചുറ്റിയ കയര് കുട്ടപ്പനെ കണ്ടമാനമങ്ങു സ്നേഹിച്ചിട്ടാണ് വിട്ടുപോയിരിക്കുന്നത്....
കയറു നക്കിയാല് ആ കയറുതന്നെ കത്തിച്ചു കരിച്ചിട്ടാല് മതിയെന്ന് കൂടിനിന്നതിലെയൊരു മര്മ്മാണിത്തള്ള പറഞ്ഞ ഫസ്റ്റ് എയിഡ് വിവരക്കേട് സഹായി ജോണി ആത്മാര്ഥമായി ചെയ്തപ്പോള് ശരവേഗത്തില്ത്തന്നെ കുട്ടപ്പനെ അശൂത്രീലും ഐ. സി.യു വിലും കൊണ്ടെത്തിച്ചു ......
തടിവെട്ടു തുടങ്ങുന്നേനു മുന്നേ കുട്ടപ്പന്കഥകള് കേട്ടറിവുള്ള ഇച്ചേയി ബുദ്ധിപൂര്വ്വം കോഴികളേ ഔട്ടിങ്ങിനു വിട്ടതുകൊണ്ടു മരണം റിപ്പോര്ട്ട് ചെയ്തില്ല, പക്ഷെ ആശൂത്രീച്ചെലവിനും പുതിയ കോഴിക്കൂടു പണിക്കും കൂടി ചൊരണ്ടിസുഗതന്റെ കയ്യീന്നുവാങ്ങിയ പൈസ രായപ്പന്കൊച്ചാട്ടനിന്നും അടച്ചുകൊണ്ടേയിരിക്കുന്നു.....
പിന്നെ, കുട്ടപ്പനേക്കൊണ്ട് രായപ്പൻ കൊച്ചാട്ടന് ഉപകാരമുണ്ടായില്ലന്നു പറയരുത്....
"കോഴിക്കൂടിനു വേണ്ടിവന്ന തടി കുട്ടപ്പൻ വെട്ടിയ പ്ലാവുതന്നെയായിരുന്നു" 😝
സന്തോഷ് നൂറനാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot