ധ്വനിയും അഭിഷേകും തിരിച്ചെത്തുമ്പോള്‍ രവിമേനോനും ഊര്‍മിളയും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു
' ഇതെന്തൊരു പോക്കാണ് അഭീ.. സമയം പന്ത്രണ്ടായല്ലോ.. എന്താ തിരിച്ചു വരാന്‍ വൈകിയത്'
രവി മേനോന്‍ ശാസിച്ചു
അഭിഷേകിന് പിന്നില്‍ ആകെ നനഞ്ഞ് തണുത്ത് വിറച്ച് ചൂളിപ്പിടിച്ച് നില്‍ക്കുകയായിരുന്നു ധ്വനി.
' ഇവളെങ്ങനെ നനഞ്ഞു' ഊര്‍മിള അമ്പരന്നു.
' നല്ല മഴയായിരുന്നു ഉമാന്റീ.. എനിക്ക് മഴക്കോട്ടുണ്ടായിരുന്നത് കൊണ്ട് ഞാന്‍ നനഞ്ഞില്ല.. ഈ ഭ്രാന്തത്തിക്ക് മഴ കൊണ്ട് ബുള്ളറ്റിലിരിക്കണമെന്ന്.. രാത്രി ഇത്രയുമായതു കൊണ്ട് ഞാന്‍ മഴ നനഞ്ഞിങ്ങു കൊണ്ടു പോന്നു.. അവളുടെ ആഗ്രഹവും നടന്നു. എവിടെയും കയറി നില്‍ക്കാതെ ഇങ്ങെത്തുകയും ചെയ്തു'
' ഈശ്വരാ പനി പിടിക്കുമല്ലോ ഈ തലതെറിച്ച പെണ്ണിന്'
ഊര്‍മ്മിള ഓടിപ്പോയി ഒരു ടര്‍ക്കിയുമായെത്തി.
' അശ്രീകരം' അവര്‍ ശാസനയോടെ
ധ്വനിയുടെ ചുമലില്‍ ഒരടിവെച്ചു കൊടുത്തു. പിന്നെ വേഗത്തില്‍ അവളുടെ മുടി തുവര്‍ത്താന്‍ തുടങ്ങി.
ധ്വനി കൊച്ചുകുട്ടിയെ പോലെ അടങ്ങി നിന്നു .
' നിങ്ങളെന്തെങ്കിലും കഴിച്ചാരുന്നോ'
രവിമേനോന്‍ അഭിഷേകിനെ നോക്കി.
' നിളയിലെ കിടിലന്‍ സീഫുഡ്‌സ് കഴിച്ചിട്ടു വരുന്ന വഴിയാ.. മഴ നനഞ്ഞിട്ടും ദഹിച്ചു കാണില്ലങ്കിളേ'
അവന്‍ ചിരിച്ചു.
' എന്നാല്‍ ശരി.. ഗുഡ്‌നൈറ്റ് അങ്കിള്‍.. ഉമാന്റീ.. ഇനി അവിടെ ചെന്ന് മമ്മിയുടെ വായിലിരിക്കുന്നത് കേള്‍ക്കണം. പോട്ടെ'
അഭിഷേക് യാത്ര പറഞ്ഞു.
' ചെല്ല്... രശ്മി കുറേ നേരമായി ഫോണില്‍ വിളിക്കുന്നു കുട്ട്യോളെത്തിയോ എന്നു ചോദിച്ച്...'
ഊര്‍മ്മിള പറഞ്ഞു.
' എന്റെയങ്കിളേ എന്നാലിനി അവിടെ ചെന്നാല്‍ എന്റെ കൊലപാതകം ഉറപ്പാ.. ധ്വനീ.. നാളെ ഡെഡ്‌ബോഡി കാണാന്‍ വന്നേക്കണേ'
' രാത്രി തോന്ന്യാസം പറഞ്ഞു നില്‍ക്കാതെ പോയി കിടന്നുറങ്ങ് ചെറുക്കാ'
ധ്വനി അവനെ നോക്കി ചുണ്ടുകോട്ടി.
ബുള്ളറ്റ് ഇരമ്പിച്ചു കൊണ്ട് അഭിഷേക് പോയി.
'ഛെ.. ഇതെന്തു നാറ്റമാ രവിയേട്ടാ ഈ പെണ്ണിന്.. ഇവളെന്താ കള്ളു കുടിച്ചിട്ടുണ്ടോ' ധ്വനിയിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ച് ഊര്‍മ്മിള മുഖം ചുളിച്ചു.
രവിമേനോനും മദ്യത്തിന്റെ നേര്‍ത്ത ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.
' സോറി അച്ഛാ.. ഒരു ബിയര്‍.. ഒരേയൊരു ബിയര്‍.. അതും അഭീടെ കാലു പിടിച്ചിട്ട് വാങ്ങി തന്നതാ.. പക്ഷെ ഇനി കുടിക്കില്ല.. സത്യം.. എനിക്കതിന്റെ രുചി ഒട്ടും ഇഷ്ടപ്പെട്ടില്ല'
ധ്വനി രവിമേനോന്റെ കൈ പിടിച്ച കെഞ്ചി.
' വല്ലപ്പോഴും ഒരു ബിയറൊക്കെ കുടിക്കുന്നത് നല്ലതാ മോളേ.. ഒരു ഉഷാറൊക്കെ കിട്ടും'
അവളുടെ കവിളില്‍ പിടിച്ചൊന്നുലച്ചു കൊണ്ട്
രവിമേനോന്‍ ചിരിച്ചു
ധ്വനിയുടെ കണ്ണില്‍ അമ്പരപ്പ് പ്രകടമായി. പിന്നെയത് സന്തോഷത്തിന് വഴിമാറി.
' നല്ല അച്ഛന്‍.. അമ്മേ.. കണ്ടു പഠിക്ക്‌ട്ടോ'
പൊട്ടിച്ചിരിച്ചു കൊണ്ട് രവിമേനോന്റെ കവിളിലൊന്ന് ചുംബിച്ച് ധ്വനി അകത്തേക്ക് ഓടിപ്പോയി.
' രവിയേട്ടാ.. എന്തായിത്..രവിയേട്ടനാ ആ പെണ്ണിനെ നാശമാക്കുന്നത്'
ഊര്‍മ്മിള ക്ഷോഭിച്ചു
' നീ നന്നാക്കാന്‍ നിന്നിട്ടോ.. കണ്ടില്ലേ അവളുടെ റോള്‍മോഡല്‍ ഞാനാ... എന്റെ കുട്ടി അങ്ങനെ വഴിതെറ്റിപ്പോകില്ലെന്ന് എനിക്കറിയാം.. കണ്ടോ.. അവളുടെ ഉമ്മ കിട്ടിയത് എനിക്കാ.. നിനക്കല്ല'
രവിമേനോന്റെ ചിരി കണ്ട് ഊര്‍മ്മിള മുഖം വീര്‍പ്പിച്ച് അകത്തേക്ക് പോയി.
അവര്‍ സ്‌റ്റെയര്‍കേസ് കയറി ധ്വനിയുടെ റൂമിലേക്ക് ചെന്നെങ്കിലും വാതില്‍ അടച്ച് അകത്തു നിന്നും ബോള്‍ട്ട് ഇട്ടിരുന്നു
ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഊര്‍മ്മിള തിരിച്ചു പോന്നു.
താഴെ ബെഡ് റൂമിലേക്ക് ചെന്നപ്പോള്‍ രവിമേനോന്‍ ഉറങ്ങാന്‍ കിടന്നിരുന്നു.
' നാളെ പുലര്‍ച്ചെ അഞ്ചിന് വിളിക്കണം... ഒരു ബിസിനസ് മീറ്റിംഗ് ഉള്ളതാ.. വമ്പന്‍ സ്രാവ് ഒരെണ്ണം കൊത്തിയിട്ടുണ്ട്..നൂറ്റമ്പത് കോടിയുടെ ഒരു ഇടപാട് ചിലപ്പോള്‍ നടന്നേക്കും. നടന്നാല്‍ മൂന്നില്‍ ഒന്ന് നമുക്കു പോരും. അമ്പത് കോടി.. നമ്മുടെ കൈയ്യില്‍ നിന്നും ചെലവായത് കാറിന് പെട്രോളടിച്ചത് ഉള്‍പ്പെടെ വെറും പതിനായിരം .. കിട്ടാന്‍ പോകുന്നത് അമ്പത് കോടി'
മുടി വാരിക്കെട്ടിവെച്ച് ഊര്‍മിള അയാളുടെ അടുത്ത് ചെന്നിരുന്നു
' പാരമ്പര്യമായി കിട്ടിയതും സ്വന്തമായി ഉണ്ടാക്കിയതും എല്ലാം കൂടി പത്തറുനൂറ് കോടി രൂപേടെ സ്വത്ത് ഉണ്ടാക്കിയല്ലോ.. ഇനി നിര്‍ത്തിക്കൂടേ...പത്തും പതിനഞ്ചുമൊന്നുമില്ലല്ലോ നമുക്ക്.. ആകെ ഒരു മോളല്ലേയുള്ളൂ.. അവള്‍ക്ക് വേണ്ടതിലും പത്തിരട്ടി ഉണ്ടാക്കിയില്ലേ.. ടൗണില്‍ തന്നെ രണ്ട് സ്വര്‍ണക്കടയില്ലേ.. പിന്നെ എന്തിനാ ഇനിയും ശത്രുക്കളെ ഉണ്ടാക്കുന്ന ഈ റിയല്‍ എസ്റ്റേറ്റ് പണിയ്ക്ക് നില്‍ക്കുന്നത്. '
അവര്‍ അയാളുടെ അടുത്ത് കിടന്നു
രവിമേനോന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ചുംബിച്ചു.
' കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റിയ പണിയായതു കൊണ്ട് നോക്കിപ്പോയതാണ് പത്‌നീ.. അടിയന്‍ ഉടനെ അതെല്ലാം വിട്ട് സ്വര്‍ണക്കടകളുമായി ഒതുങ്ങിക്കോളാം.. അല്ലെങ്കിലും എല്ലാം അവസാനിപ്പിക്കാന്‍ സമയമായി. ഇനി മോള്‍ടെ വിവാഹം.. അതിന് വേണ്ടി മാറ്റി വെക്കണം സമയം.. നാടു മുഴുവന്‍ അറിയുന്ന രീതിയില്‍ വേണം അതു നടത്താന്‍'
എന്തോ ആലോചിച്ചുറപ്പിച്ചത് പോലെയായിരുന്നു രവിമേനോന്റെ പറച്ചില്‍
ഊര്‍മ്മിള അത്ഭുതത്തോടെ അയാളുടെ മുഖംപിടിച്ചുയര്‍ത്തി.
' മോളെ മാരേജ് കഴിപ്പിക്കാന്‍ പോവാണോ അച്ഛന്‍.. അവള് കുഞ്ഞല്ലേ.. ഇരുപത്തിരണ്ടു വയസല്ലേയുള്ളൂ'
അവരുടെ കണ്ണുകളില്‍ തെളിഞ്ഞ അത്ഭുതത്തിലേക്ക് നോക്കി രവിമേനോന്‍ ചിരിച്ചു
' ഉമേ.. എല്ലാ സൗഭാഗ്യങ്ങളും ഈശ്വരന്‍ വാരിക്കോരി തരുമ്പോള്‍ എന്തോ ഒരു ഉള്‍ഭയം. ഒരു വലിയ ദു:ഖം കാത്തിരിക്കുന്നത് പോലെ. ഇതൊന്നും പിടിക്കാത്ത ചില ചെകുത്താന്‍മാരും ഉണ്ടായിക്കൂടെന്നില്ലല്ലോ.. ചിലപ്പോള്‍ തോന്നും ഇനി അധിക കാലം ജീവിക്കില്ലെന്ന്.. മരിക്കുന്നതിന് മുന്‍പ് എനിക്ക് നമ്മുടെ കുട്ടീടെ വിവാഹം കാണണം.. അത് മാത്രമല്ല അവളുടെ കുഞ്ഞിനെയും കാണണം.. അതു കൊണ്ടാണ് തീരുമാനിച്ചത്..അവളുടെ എം.ബി.എ രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാവില്ലേ . അതിന് ശേഷം ധ്വനി നമ്മുടെ ബിസിനസ് നോക്കട്ടെ.. അല്ലെങ്കിലും അവള്‍ക്കതാണ് ഇഷ്ടം.. വിവാഹം നടത്തിയാല്‍ ഹസ്ബന്റും കാണുമല്ലോ അവള്‍ക്കൊരു സഹായത്തിന്'
ഊര്‍മ്മിളയുടെ മുഖത്ത് സന്തോഷം തുടിച്ചു.
' എല്ലാം തീര്‍ച്ചപ്പെടുത്തിയത് പോലെയാണല്ലോ സംസാരം.. എനിക്കറിയില്ലേ രവിയേട്ടനെ. സത്യം പറയ്.. മോള്‍ക്ക് ചെക്കനെ വരെ നോക്കി വച്ചിട്ടല്ലേ ഈ പറച്ചില്‍.'
രവിമേനോന്‍ പൊട്ടിച്ചിരിച്ചു
' അതുശരി.. നീയെന്നെ കണ്ടുപിടിച്ചു കളഞ്ഞല്ലോ..' ചിരിയ്ക്കിടയില്‍ അയാള്‍ പറഞ്ഞു.
' ആരാ രവിയേട്ടാ.. ആരാ.. പറയ്'
അവര്‍ ആകാംക്ഷ അടക്കാനാവാതെ അയാളെ തോണ്ടി
' എന്റെ കൂടെ പഠിച്ച ഒരു ബാലചന്ദ്രനുണ്ട്.. അന്നത്തെ കാലത്ത് ഞങ്ങള്‍ തമ്മില്‍ അടിപിടിയായിരുന്നു. കോളജില്‍ ഞാന്‍ എസ്.എഫ്.ഐ., അവന്‍ കെ.എസ്.യു.. പിന്നെ പറയണ്ടല്ലോ.. വെട്ടും കുത്തും വരെ കാര്യങ്ങളെത്തി. ആ കാലഘട്ടമൊക്കെ പോയില്ലേ. ഈ കഴിഞ്ഞയാഴ്ചയാ ഞാന്‍ പിന്നീട് അവനെ കണ്ടത്. ചെറിയൊരു ഭക്തി മാര്‍ഗത്തിലൂടെയൊക്കെയാ പുള്ളീടെ പോക്ക്. നീ വിചാരിക്കുന്ന പോലെ കാഷായ വസ്ത്രധാരിയൊന്നുമല്ലാട്ടോ ഉമേ.. ബാലചന്ദ്രന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. നായരാണ്..പക്ഷെ എനിക്ക് ജാതിയും മതവും പ്രശ്‌നമല്ല. പേരിന് പിന്നിലെ മേനോന്‍ തന്നെ ഞാന്‍ കൊണ്ടു നടക്കുന്നതല്ല.. മറ്റുള്ളവരങ്ങനെ വിളിച്ചു ശീലിച്ചതാണ്'
ഊര്‍മ്മിള മൂളി.
' എന്നെ കണ്ടപ്പോള്‍ അവന് ഭയങ്കര സന്തോഷം..വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ പോയി. അവിടെ വെച്ചാ ഞാന്‍ അവന്റെ മോനെ കണ്ടത്. നമ്മുടെ ഭാവിവരനെ.. നല്ല സുമുഖനായ ചെറുപ്പക്കാരന്‍..ഡോക്ടര്‍.. നമ്മുടെയത്ര സാമ്പത്തിക സ്ഥിതി ഇല്ലെങ്കിലും എന്തുകൊണ്ടും നല്ല കുടുംബം.. പിന്നെ പാര്‍ട്ടിയൊന്നും നോക്കിയില്ല.
അപ്പോഴേ ഞാനിതങ്ങുറപ്പിച്ചു. അവനെ കണ്ടാലറിയാം എന്തുകൊണ്ടും നല്ലവനാ.. നമ്മുടെ മോള്‍ക്ക് അതിലും നല്ലൊരു ചെറുപ്പക്കാരനെ കിട്ടില്ല'
അപ്പോഴേ ഞാനിതങ്ങുറപ്പിച്ചു. അവനെ കണ്ടാലറിയാം എന്തുകൊണ്ടും നല്ലവനാ.. നമ്മുടെ മോള്‍ക്ക് അതിലും നല്ലൊരു ചെറുപ്പക്കാരനെ കിട്ടില്ല'
' എന്നിട്ട് രവിയേട്ടന്‍ അവരോട് സംസാരിച്ചോ'
ഊര്‍മ്മിളയ്ക്ക അതറിയാനായിരുന്നു തിടുക്കം.
' നിന്റെ മോനെ എനിക്കു തന്നേക്കാന്‍ പറഞ്ഞിട്ടാ അവിടുന്നിറങ്ങിയത്. ബാലചന്ദ്രന് സന്തോഷമായി. പക്ഷേ അവരിപ്പോ കല്യാണം നോക്കുന്നില്ലായിരുന്നു. അവനൊരു പെങ്ങളുണ്ട്.. അവളുടെ വിവാഹം കഴിഞ്ഞിട്ടു മതി തന്റേത് എന്ന നിലപാടിലായിരുന്നു കക്ഷി.. ഞാന്‍ വിട്ടില്ല.. നാളെ അവര്‍ മോളെ കാണാന്‍ വരും.'
' നാളെയോ' ഊര്‍മിളയുടെ അമ്പരപ്പ് പൂര്‍ത്തിയായി.
' മോള് സമ്മതിക്കുമോ രവിയേട്ടാ'
' എന്താ അവള്‍ക്ക് വേറെ വല്ല അഫയറുമുണ്ടോ'
രവിമേനോന്‍ നെറ്റി ചുളിച്ചു.
' അങ്ങനൊന്നുമില്ലെന്ന് തോന്നുന്നു. പക്ഷെ അഭിയെ അവള്‍ എങ്ങനെയാ കാണുന്നത്. രവിയേട്ടന്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ...'
രവിമേനോന്റെ ചിരി മാഞ്ഞു
' അക്കാര്യം ഞാന്‍ ചിന്തിച്ചില്ല ഉമേ.. അവര്‍ തമ്മില്‍ സുഹൃത്തുക്കളാണെന്നാണ് എന്റെ വിശ്വാസം..അതുകൊണ്ടാണ് അഭിയെ ഞാന്‍ ആ സ്ഥാത്തേക്ക് സങ്കല്‍പിക്കാതിരുന്നത്. അവനെ നമുക്ക് കിട്ടുന്നത് ഭാഗ്യം തന്നെയാ. പണ്ടേ ബിസിനസ് മൈന്‍ഡുള്ളവനാ അവന്‍.. ശോഭിക്കും. പിന്നെ വിനയനും രശ്മിയും നമുക്ക് അറിയാത്തവരുമല്ലല്ലോ. നമ്മളില്ലാതായാലും അവര്‍ മോളെ പൊന്നുപോലെ നോക്കും.. '
' ഇനിയെന്തു ചെയ്യും' ഊര്‍മിള സംശയിച്ചു
' മോള്‍ടെ ഇഷ്ടമാണല്ലോ പ്രധാനം.. നാളെ വൈകിട്ടു വരെ സമയമുണ്ട്.. അതിനിടെ ബാലചന്ദ്രനോട് സംസാരിച്ച് വരണ്ടാന്ന് പറയാമല്ലോ.. എന്തായാലും നാളെത്തന്നെ ധ്വനിയോട് അഭിയെ പറ്റി ചോദിക്കണം'
രവിമേനോന്‍ സംസാരം അവസാനിപ്പിച്ചു.
രാവിലെ ധ്വനി ഉണര്‍ന്നു വരുമ്പോള്‍ ഊണുമുറിയിലും അതേപ്പറ്റി ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു.
' ആരുടെ കല്യാണക്കാര്യാ അച്ഛനുമമ്മേം പറയുന്നത്'
ഊണ്‍ മേശയ്ക്കരികിലിരുന്ന ധ്വനി അവരെ സംശയത്തോടെ നോക്കി
' നിന്റെ കാര്യം തന്നെ.. പഠിത്തമൊക്കെ കഴിഞ്ഞില്ലേ..ഇനി മാരേജ്.. അതാണല്ലോ നാട്ടുനടപ്പ്'
രവിമേനോന്‍ വന്നു മകളുടെ അടുത്തിരുന്നു.
ഊര്‍മിള അരിപ്പുട്ടും കടലക്കറിയും നേന്ത്രപ്പഴം പുഴുങ്ങിയതും അവള്‍ക്കായി വിളമ്പി.
' അമ്മേ .. ഞാന്‍ കല്യാണം കഴിക്കാറായോ' ധ്വനി അത്ഭുതത്തോടെ അവരെ നോക്കി.
രവിമേനോന്‍ അതുകേട്ട് ചിരിച്ചു
' വേണമെങ്കില്‍ രണ്ടോ മൂന്നോ കൊല്ലം താമസിപ്പിക്കാം. പക്ഷെ എനിക്കൊരു പേടി.. മുകളില്‍ നിന്ന് വിളി വരുമോ എന്ന്.. അതിന് മുമ്പ് എനിക്ക് നിന്റെ മാരേജ് കാണണം മോളേ:'
അയാള്‍ പ്രതീക്ഷയോടെ മകളെ നോക്കി.
' അങ്ങനെ പറയല്ലച്ഛാ'
ധ്വനി കൈനീട്ടി രവിമേനോന്റെ കൈയ്യില്‍ മുറുകെ പിടിച്ചു.
' അച്ഛന്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എനിക്ക പേടിയാകും. അച്ഛനിപ്പോ എന്റെ മാരേജ് നടത്തണോ.. അത് പറഞ്ഞാല്‍ മതിയല്ലോ'
അവള്‍ അയാളുടെ കൈപ്പത്തിയില്‍ ചുംബിച്ചു.
രവിമേനോന്റെ കണ്ണു നിറഞ്ഞു.
അയാള്‍ ശ്രമപ്പെട്ട് സ്വയം നിയന്ത്രിച്ചു
' ഞാനൊരു ഡോക്ടറോട് നിന്നെ പെണ്ണുകാണാന്‍ വരാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്‍ കണ്ടു അവനെ.. നിനക്ക് നല്ല ചേര്‍്ച്ചയാണ്.. എന്താ മോളുടെ അഭിപ്രായം'
അയാള്‍ തിരക്കി
ഊര്‍മ്മിളയും വന്ന് അവര്‍ക്കടുത്തിരുന്ന് കാതു കൂര്‍പ്പിച്ചു.
' ചുള്ളനാണോ അച്ഛാ'
ധ്വനിയുടെ മുഖത്ത് കുസൃതി നിറഞ്ഞു
' ഹാന്‍ഡ്‌സം.. പക്ഷേ എനിക്കറിയേണ്ടത് നിനക്കെന്തെങ്കിലും അഫയറുണ്ടോന്നാണ്. ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.. ജാതിയോ മതമോ സാമ്പത്തികമോ ഒന്നും എനിക്ക് പ്രശ്‌നമല്ല.. നല്ല ചെറുപ്പക്കാരനായിരിക്കണം.. ക്രിമിനലാകരുത്.. ആ ഒരൊറ്റ കണ്ടീഷനേ എനിക്കുള്ളൂ'
അയാള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ധ്വനി പൊട്ടിച്ചിരിച്ചു
' കാമുകനോ .. എനിക്കോ..ചിരിപ്പിക്കല്ലേ അച്ഛാ.. ഭൂമി സൂര്യനെ ചുറ്റുന്നത് പോലെ ഏതു സമയത്തും ആ അഭി എന്റെ കൂടെയില്ലേ.. പിന്നെ വേറൊരാളെ ഞാന്‍ എങ്ങനെ പ്രേമിക്കാനാണ്'
രവിമേനോന് ആശ്വാസം തോന്നി.
' അഭിയുമായി നിന്റെ റിലേഷനെന്താ..ഒന്നും ഭയക്കണ്ട തുറന്ന് പറഞ്ഞോളൂ.. നിങ്ങള്‍ തമ്മില്‍ മറ്റെന്തെങ്കിലും ഇഷ്ടമുണ്ടോ'
' അഭിയും ഞാനുമോ' ധ്വനി വീണ്ടും പൊട്ടിച്ചിരിച്ചു
ചിരിയ്ക്കിടെ അരിപ്പുട്ടിന്റെ അംശങ്ങള്‍ ശിരസില്‍ കയറി
അവള്‍ വിക്കിവിക്കി ചുമച്ചു
' ഈ പെണ്ണ്' ഊര്‍മ്മിള എഴുന്നേറ്റ് ചെന്ന് അവളുടെ ശിരസില്‍ തട്ടി.
' എനിക്ക് മറുപടി വേണം മോളേ'
ധ്വനിയുടെ ചുമ നിലച്ചപ്പോള്‍ രവിമേനോന്‍ വീണ്ടും പറഞ്ഞു.
' എന്റെ പൊന്നച്ഛാ ആ കൊരങ്ങനെ പ്രേമിക്കാന്‍ മാത്രം തറയാണോ ഞാന്‍.. അയ്യേ.. '
ധ്വനി വീണ്ടും ചിരിച്ചു.
' എനിക്കില്ലാതെ പോയൊരു ഏട്ടന്‍.. അത്ര വലിയ സ്ഥാനമാണ് എന്റെ മനസില്‍.. അഭിയ്ക്കും ഞാനൊരു അനിയത്തി തന്നെ.. അച്ഛനെന്തായാലും ഇക്കാര്യം എന്നോട് ചോദിച്ചത് നന്നായി. അഭിയോട് ചോദിച്ചെങ്കില്‍ അത് അവനൊരു ഷോക്ക് ആയേനെ'
അവളുടെ ഭാവം കണ്ട് ഊര്‍മ്മിളയും ചിരിച്ചു
' അല്ലെങ്കിലും ഞാന്‍ പറഞ്ഞില്ലേ രവിയേട്ടാ.. കുട്ട്യോള്‍ തമ്മിലൊന്നൂല്യാന്ന്'
' എന്റെ ദേവീ.. ' രവിമേനോന്‍ നെഞ്ചില്‍ കൈവെച്ചു.
' ഒന്നുമില്ലാതിരുന്ന എന്റെ മനസില്‍ സംശയം കുത്തിവെച്ചത് നിന്റെ അമ്മയാണ് മോളേ..'
' അതെനിക്കറിയാലോ.. ഇതുപോലെയുള്ള ഐഡിയാസ് അമ്മയ്‌ക്കേ തോന്നൂന്ന്'
ധ്വനി എഴുന്നേറ്റ് കൈ കഴുകി.
പിന്നെ നനഞ്ഞ കൈത്തലങ്ങള്‍ ടവലില്‍ തുടച്ചുകൊണ്ട് രവിമേനോന്റെ അടുത്തെത്തി.
' എന്തായാലും അച്ഛന്റെ ഡോക്ടര്‍ വരട്ടെ.. ഞാനൊന്നു നോക്കട്ടെ കൊള്ളാമോന്ന്.. എനിക്കിഷ്ടപ്പെട്ടാല്‍ ഞാന്‍ സമ്മതിക്കാം.. അല്ലെങ്കിലും കല്യാണം കഴിക്കാന്‍ പൂതി തോന്നിത്തുടങ്ങീട്ട് നാളു കുറേയായി'
ധ്വനി കുറുമ്പോടെ പറഞ്ഞു.
' അയ്യേ.. ഈ പെണ്ണിനിതെന്താ' ഊര്‍മ്മിള നാണക്കേടോടെ ചെവിപൊത്തി.
' ഞാനതിന് അമ്മ ഉദ്ദേശിച്ചതൊന്നും വിചാരിച്ചിട്ടേയില്ലാട്ടോ..മഴ നനഞ്ഞൊരു യാത്ര പോകാന്‍ എപ്പോഴും അഭിയെ വിളിക്കണ്ടല്ലോ.. എന്റെ കെട്ട്യോന്റെ കൂടെ പോയാല്‍ പോരേ.. അതു കൊണ്ടു മാത്രം ആഗ്രഹിച്ചതാ..'
ധ്വനി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോന്നു.
മുറ്റത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ട് അവള്‍ സിറ്റൗട്ടിലേക്ക് ചെന്നു.
പോര്‍ച്ചില്‍ ബൈക്ക് നിര്‍ത്തി വെച്ച് ഗേറ്റിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അഭി
ഒരു പെട്ടി ഓട്ടോ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു.
ധ്വനി ഓടിച്ചെന്ന് നോക്കി.
ഓട്ടോ ടെല്‍പതിച്ച മുറ്റത്ത് വന്നു നിന്നു
ഡ്രൈവറും ഒരു സഹായിയും കൂടി വലിയൊരു ചതുര പൊതിയും തലയില്‍ ഏറ്റിക്കൊണ്ട് സിറ്റൗട്ടിലേക്ക് വന്നു.
' എന്താടാ അഭീ അതില്‍'
ധ്വനി ആകാംക്ഷ സഹിക്കാന്‍ വയ്യാതെ ഉറക്കെ ചോദിച്ചു
അഭിഷേക് ' ശ്ശ്ശ്' എന്ന് ചുണ്ടിന് മീതെ വിരലമര്‍ത്തി നിശബ്ദമാകാന്‍ ആംഗ്യം കാട്ടി.
രവിമേനോനും ഊര്‍മ്മിളയും കൂടി സിറ്റൗട്ടിലേക്കെത്തി.
' എല്ലാവരും ഒന്നു മാറിക്കേ.. ഇവരതൊന്നു ധ്വനിയുടെ റൂമില്‍ വെയ്ക്കട്ടെ'
അഭിഷേക് പറഞ്ഞു
രവിമേനോനും ഊര്‍മിളയും വാതിലിനടുത്ത് നിന്ന് മാറി.
തൊഴിലാളികള്‍ രണ്ടുപേരും ചേര്‍ന്ന് സ്റ്റെയര്‍കേസ് കയറി അത് ധ്വനിയുടെ റൂമില്‍ ഇറക്കി വെച്ചു.
അവര്‍ക്ക് കാശ് കൊടുത്തു അഭി തിരിച്ചെത്തുമ്പോഴേക്കും ധ്വനി കടലാസ് നീക്കം ചെയ്തിരുന്നു.
അതിമനോഹരമായ ഒരു വലിയ ഫോട്ടോ ആയിരുന്നു അത്.
വെളുത്ത ഗൗണ്‍ ധരിച്ച് രാജകുമാരിയേ പോലെ ധ്വനി നില്‍ക്കുന്നു.
കഴുത്തടിയില്‍ വയലിന്‍ തിരുകി.. അതില്‍ നിന്നുയരുന്ന സംഗീതധാര ആസ്വദിച്ച്..
' ഇത് ഒരു വാള്‍ ഫുള്‍ ഉണ്ടാകുമല്ലോ അഭീ'
ധ്വനി അത്ഭുതത്തോടെ അഭിഷേകിനെ നോക്കി.
' മൈ.. അഡ്വാന്‍സ്ഡ് ഹാപ്പി ബര്‍ത്‌ഡേ ധ്വനീ'
അഭിഷേകിന്റെ ആശംസ കേട്ടപ്പോഴാണ് രണ്ടു ദിവസം കഴിഞ്ഞാല്‍ ധ്വനിയുടെ പിറന്നാളാണെന്ന് ഊര്‍മിള പോലും ഓര്‍മ്മിച്ചത്.
' താങ്ക്യൂ..' ധ്വനി ആവേശത്തോടെ അവനെ കൈ ചുരുട്ടി ഇടിച്ചു.
' സര്‍പ്രൈസായല്ലോ പൊട്ടാ'
അതിന്റെ ഭംഗി അസ്വദിച്ചതിന് ശേഷം രവിമേനോനും ഊര്‍മ്മിളയും താഴേക്ക് പോയി.
ധ്വനി തന്റെ ചിത്രത്തില്‍ വീണ്ടും വീണ്ടും നോക്കി
' എന്തൊരു ഭംഗി എന്നെ കാണാന്‍.. അല്ലേ അഭീ.. ശരിക്കും ഞാനിത്ര സുന്ദരിയാണോ'
അവള്‍ കൗതുകത്തോടെ അഭിഷേകിനെ നോക്കി.
അവന്‍ ഒന്നും മിണ്ടാതെ ചിരിച്ചതേയുള്ളു.
' സത്യം പറഞ്ഞാല്‍ നിറം സിനിമയിലെ പ്രേമം പോലെ നമുക്കങ്ങ് പ്രേമിച്ചാല്‍ മതിയായിരുന്നല്ലേ.. പക്ഷെ എനിക്ക് നിന്നോട് പ്രേമം വരുന്നില്ലെടാ'
ധ്വനി ചെന്ന് കിടക്കയില്‍ അവന്റെ അടുത്തിരുന്നു.
' ഇനി നിനക്ക് എന്റെ ഫ്രണ്ട്ഷിപ്പ് ഒരുപാട് ദിവസമൊന്നും കിട്ടില്ല അഭീ'
അവളുടെ ശബ്ദത്തില്‍ നിരാശ പടര്‍ന്നു.
' അതെന്താ' അഭിഷേക് അവളെ നോക്കി
' എന്റെ മാരേജ് തീരുമാനിച്ചു അച്ഛന്‍.. ഇനി പയ്യനും എനിക്കും തമ്മില്‍ ഇഷ്ടായാല്‍ മാത്രം മതി.. ബാക്കിയൊക്കെ ഫിക്‌സ്ഡായി'
അഭിഷേകിന്റെ മുഖത്തെ ഞെട്ടല്‍ ധ്വനി ശരിക്കും കണ്ടു
' കണ്ടോ.. നീ ഞെട്ടിയില്ലേ അഭീ.. ഞാനും ഞെട്ടി.. ഇന്ന് വൈകിട്ട് അയാളെന്നെ കാണാന്‍ വരും.. എന്നെ കെട്ടാന്‍ അവസരം കിട്ടാന്‍ ചാന്‍സുള്ള ഭാഗ്യവാന്‍'
ധ്വനി മുത്തുചിതറും പോലെ ചിരിച്ചു.
അഭിഷേകിന്റെ നടുക്കം മാറിയിരുന്നില്ല.
' നിനക്കൊരു കാര്യം കേള്‍ക്കണോ അഭീ അച്ഛന്‍ ചോദിക്ക്യാണ് നിന്നെ എനിക്കിഷ്ടാണോന്ന്... അയ്യേ... ഞാന്‍ പറഞ്ഞു എനിക്ക് എന്റെ ഏട്ടനാണ് അഭിയെന്ന്.. അച്ഛന്റെ കുനിഷ്ട് ചോദ്യമൊന്നും അഭി കേള്‍ക്കണ്ടാന്നും പറഞ്ഞു.. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ആണ്‍പെണ്‍ റിലേഷന്‍ഷിപ്പ് മനസിലാക്കുന്നതില്‍ പഴയ തലമുറയ്ക്ക് ഇപ്പോഴും തെറ്റുപറ്റുന്നു അല്ലേ അഭീ'
അഭിഷേക് ഒന്നും പറഞ്ഞില്ല. അവന്റെ മുഖത്തെ ചിരി വറ്റിയിരുന്നു.
'എനിക്കൊരു സ്ഥലം വരെ പോകണം ധ്വനീ.. പിന്നെ കാണാം'
അഭിഷേക് പെട്ടന്നെഴുന്നേറ്റു.
' എവിടേക്കാടാ.. ഞാനും വരട്ടെ'
റൂമിന് പുറത്തേക്കിറങ്ങിയ അഭിയ്ക്ക് പിന്നാലെ ധ്വനി ഓടിച്ചെന്നു.
' വരട്ടേ'
' വേണ്ട'
അഭിഷേക് വേഗം സ്‌റ്റെയര്‍കേസ് ഇറങ്ങി.
' അഭി പോയോ മോളേ'
ബുള്ളറ്റ് സ്റ്റാര്‍്ട്ടാക്കുന്ന ശബ്ദം കേട്ട് ഊര്‍മ്മിള ഓടി വന്നു.
' ദേ പോകുന്നു.. അര്‍ജന്റാേ്രത' ധ്വനി കൈമലര്‍ത്തി.
ഊര്‍മിള സിറ്റൗട്ടിലേക്ക് ഓടിച്ചെന്നു.
' അഭീ.. വൈകിട്ട് വരണേ.. ധ്വനി പറഞ്ഞോ.. വൈകിട്ട് അവളെ കാണാന്‍ ഒരു കൂട്ടര്‍ വരുന്നുണ്ട്'
കേട്ടു എന്ന ഭാവത്തില്‍ അഭിഷേക് തലയാട്ടി
അവന്റെ ബുള്ളറ്റ് അവര്‍ക്കു മുന്നിലൂടെ ചീറി കടന്നു പോയി.
അന്ന് വൈകിട്ട് നാലരയ്ക്ക് ധ്വനിയെ കാണാന്‍ ബാലചന്ദ്രന്‍നായരുടെയും അമ്മയുടെയും അനിയത്തിയുടെയും ഒപ്പം അവന്‍ വന്നു.
ആദ്യ കാഴ്ചയില്‍ തന്നെ ധ്വനിയുടെ മനസില്‍ ഇടംപിടിച്ച പയ്യന്‍
മഹേഷ് ബാലന്‍.
............തുടരും................
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക