Slider

നിഴലായ്‌ മാത്രം. - Part 29

0

അധ്യായം-29
ദേവദത്തന്റെ ഒപ്പം വലിയേടത്തേക്ക് പോകാനിറങ്ങുമ്പോള്‍ കാരണമറിയാതെ ദുര്‍ഗയുടെ മനസ് ആശങ്കപ്പെട്ടിരുന്നു.
സി.ഐ പ്രകാശ് ലാലിന്റെ ആ നോട്ടം മനസില്‍ നിന്നും മായുന്നില്ല.
എന്തോ കണ്ടെത്തിയ ഭാവമായിരുന്നു അയാള്‍ക്ക്.
രവിമേനോനെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിട്ടതിന് ശേഷമാണ് ദേവദത്തന്‍ അനിയത്തിയേയും കൂട്ടി തിരിച്ചു പോകാനിറങ്ങിയത്.
രാത്രി പന്ത്രണ്ടുമണിയോട് അടുത്തിരുന്നു അപ്പോള്‍.
'പോട്ടെ' ദുര്‍ഗ ഇറങ്ങാന്‍ നേരം മഹേഷ് ബാലനെ നോക്കി.
ഏതാനും നിമിഷം ദുര്‍ഗയെ നോക്കി നിന്നതിന് ശേഷം യാന്ത്രികമായി അവന്‍ തലയാട്ടി.
മഹേഷ് ബാലന്‍ ഇനി വരുന്ന നൂറായിരം ആവശ്യങ്ങള്‍ക്കായി തെക്കേത്ത് മനയില്‍ തന്നെ തങ്ങാനായിരുന്നു മഹേഷ് ബാലന്‍ തീരുമാനിച്ചത്.
ധ്വനിയ്ക്ക് വേണ്ടി ചെയ്യാവുന്ന അവസാനത്തെ കടമകള്‍ അവന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.
സ്വാതിയും ദുര്‍ഗയും ജാസ്മിനും അവനൊപ്പം നിന്നു.
ഈ അവസരത്തില്‍ ഊര്‍മിളയ്ക്കും രവിമേനോനും മഹേഷിനും കൈത്താങ്ങായി നില്‍ക്കേണ്ടത് തങ്ങളാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ രാവിലെ ധ്വനിയുടെ ശരീരം തെക്കേത്തേക്ക് വിട്ടു കൊടുക്കുമെന്ന് സി.ഐ അറിയിച്ചിരുന്നു.
അധികം വൈകാതെ സംസ്‌കാരം നടക്കും.
ഈ വേളയില്‍ ദുര്‍ഗ ഇറങ്ങിപ്പോകുന്നത് മോശമാണെന്ന് തോന്നിയെങ്കിലും അവളുടെ മാനസികനില കണക്കിലെടുത്ത് കൂട്ടുകാരികള്‍ തടഞ്ഞില്ല.
അവള്‍ അടുത്തു വേണമെന്ന് മഹേഷ് ബാലനും ആഗ്രഹിച്ചില്ല.
നാളെ നടക്കേണ്ടത് താന്‍ ജീവനേക്കാള്‍ സ്‌നേഹിച്ച പെണ്ണിന്റെ.. താലി കെട്ടാന്‍ കാത്തിരുന്നവളുടെ സംസ്‌കാരമാണ്.
തന്റെ ഭാര്യ
അതായിരുന്നു ധ്വനി.
ഒരു രാക്ഷസന്റെ തടവറയില്‍ ഒന്നരവര്‍ഷത്തോളം അവള്‍ എന്തെല്ലാം അനുഭവിച്ചു കാണും
എല്ലാവരും അവളെ ശപിക്കുമ്പോള്‍.. വെറുത്തപ്പോള്‍ രക്ഷപെടാനൊരു അവസരം കിട്ടാതെ ആ പാവം.
മഹേഷ് ബാലന്റെ കണ്ണുകള്‍ നിറഞ്ഞു.
ദുര്‍ഗയുടെ മനസു നൊന്തു.
ധ്വനിയെ പറ്റി അറിഞ്ഞതില്‍ പിന്നെ മഹിയേട്ടന്‍ തന്നെയൊന്നു സ്‌നേഹത്തോടെ നോക്കിയിട്ടില്ല.
ദുര്‍ഗ എന്ന ഒരു ഭാരം എടുത്ത് തലയില്‍ വെക്കേണ്ടിയിരുന്നെന്ന് മഹിയേട്ടന്‍ ഇപ്പോള്‍ കരുതുന്നുണ്ടാകുമോ.
്അവളുടെ നോട്ടമേറ്റ് മഹേഷ്ബാലന്‍ മുഖംകുനിച്ചു.
ദേവദത്തന് പിന്നാലെ ബാഗുമെടുത്ത് ഇറങ്ങിയപ്പോള്‍ പുറകെ വന്ന് നേഹ അവളുടെ കൈപിടിച്ചു
' ദുര്‍ഗ.. നീ സൂക്ഷിക്കണം'
നേഹയുടെ വാക്കുകള്‍ ഇടറി.
' എന്തിന്'
ദുര്‍ഗ അവളെ പകച്ചു നോക്കി.
' എനിക്ക് പേടിയാകുന്നു മോളെ.. ആ സി.ഐ നിന്നെപറ്റി എന്തൊക്കെയോ ആന്റിയോട് ചോദിക്കുന്നുണ്ടായിരുന്നു. നീ എവിടെയാണ് താമസം..എന്താണ് ബന്ധം.. എത്രനാളായി തെക്കേത്ത് വന്നിട്ട്.. ഇനി എവിടേക്കെങ്കിലും പോകാനിടയുണ്ടോ.. ഇങ്ങനെ നൂറ് ചോദ്യങ്ങള്‍'
ദുര്‍ഗയുടെ മനസിലൊരു തീമല വീണു.
അയാളുടെ ആ മുഖഭാവം കണ്ടിട്ടെനിക്ക് പേടിയാകുന്നു മോളെ.. ' നേഹ അവളെ തഴുകി.
' എന്തായാലും നീ ധൈര്യമായിരിക്ക് .. ഞങ്ങള്‍ ഉണ്ടാകും കൂടെ.. നിനക്കിപ്പോ ചിന്തിക്കാനൊന്നും വയ്യാത്ത അവസ്ഥയാണ്... ഞങ്ങള്‍ക്കറിയാം.. ഈ ബഹളമൊക്കെ കഴിഞ്ഞിട്ട് എല്ലാം പരിഹരിക്കാമെടാ തങ്കം'
നേഹയ്ക്ക് പിന്നില്‍ ജാസ്മിനും സ്വാതിയും കൂടി വന്നു നിന്നു.
' നേഹ..അവള്‍ പോട്ടെടാ..തിരിച്ചു വന്നിട്ടു മതി.. എല്ലാം'
എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെയാണ് ജാസ്മിന്‍ പറഞ്ഞത്.
' ചെല്ല് തങ്കം.. ഏട്ടനെ ഓര്‍ത്ത് വിഷമിക്കരുത്.. ഏട്ടന്റെ വിഷമം എന്തായിരിക്കുമെന്ന് ചിന്തിച്ച് നോക്ക്.. പാവം എല്ലാം സഹിക്യാണ്'
സ്വാതി കണ്ണു തുടച്ചു.
ദേവദത്തന്‍ കാര്‍ തിരിച്ചു നിര്‍ത്തി.
'പോയിട്ട് വരാം' ദുര്‍ഗ യാത്ര പറഞ്ഞു.
അപ്പോള്‍ അവളുടെ കൈയ്യിലൊരു പിടുത്തം വീണു.
ദുര്‍ഗ കണ്ടു
ധ്വനി.
അവളുടെ മുഖം വിഷാദം കൊണ്ട് മങ്ങി കാണപ്പെട്ടു.
' നാളെ..' ധ്വനി പറഞ്ഞു.
' നാളെ ഞാനുണ്ടാവില്ല.. എല്ലാത്തിനും നന്ദി ദുര്‍ഗാ.. സങ്കടപ്പെടണ്ട.. എന്റെ മഹിയേട്ടന്റെ കൂടെ ഒരു ജീവിതം മോഹിച്ചിട്ട് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് മാത്രമാണ് ഞാന്‍ സങ്കടപ്പെടുന്നത്.. പിന്നെ നിന്നെ പോലെ ഒരു കൂട്ടുകാരിയെ എനിക്ക് നഷ്ടപ്പെടുമല്ലോ എന്നും.. എങ്കിലും ഞാന്‍ കാത്തിരിക്കും.. മേഘങ്ങള്‍ക്ക് മുകളില്‍... എല്ലാവരും എന്നിലേക്കെത്തുന്നതും കാത്ത്.. '
അവളുടെ സങ്കടം ദുര്‍ഗയുടെ ഹൃദയം പിളര്‍ത്തി.
ദുര്‍ഗ അവളുടെ കൈ പിടിച്ചു.
' വിഷമിക്കരുത് ധ്വനി.. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.. ഒരുപാട്.'
പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് ദുര്‍ഗ അബദ്ധം തിരിച്ചറിഞ്ഞത്.
അന്തരീക്ഷത്തിലേക്ക് നോക്കി താന്‍ സംസാരിക്കുന്നതിന് സാക്ഷിയായി നില്‍ക്കുകയാണ് കൂട്ടുകാരികള്‍.
ജാസ്മിന്‍ അര്‍ത്ഥ ഗര്‍ഭമായി സ്വാതിയേയും നേഹയേയും നോക്കി.
ഒന്നും പറയേണ്ട എന്നവള്‍ കണ്ണടച്ചു കാണിച്ചു.
'തങ്കം വരൂ.. ' ദേവദത്തന്‍ ഡോര്‍ തുറന്നു വെച്ച് വിളിച്ചതോടെ ദുര്‍ഗ വേഗത്തില്‍ കാറിന് നേര്‍ക്ക് നടന്നു പോയി.
'കേട്ടില്ലേ..അവള്‍ക്കൊപ്പം ധ്വനിയുണ്ടെന്നാണ് അവളുടെ സങ്കല്‍പം.. അതോ ധ്വനി അവളാണെന്നോ... എന്തായാലും എനിക്കീ സംശയം തോന്നിത്തുടങ്ങിയിട്ട് നാളു കുറച്ചായി'
ജാസ്മിന്‍ അടക്കം പറഞ്ഞു.
ദുര്‍ഗ കാറിലിരുന്ന് അവരെ നോക്കി.
കൂട്ടുകാരികള്‍ അവളെ നോക്കി കൈവീശി.
അവര്‍ക്ക് മുന്നില്‍ നിന്ന് ധ്വനിയും കൈവീശി.
ഇനി അവളെ കാണാന്‍ സാധിക്കുമോ.
അവസാന യാത്രാമൊഴി പോലെയാണ് ധ്വനി ഇപ്പോള്‍ തന്നോട് സംസാരിച്ചത്.
ദുര്‍ഗയുടെ ഹൃദയം വിങ്ങി.
................. ............................ .......
ഐ.ജി രതീഷ് ബിന്ദ്രയെ സല്യൂട്ട് ചെയ്ത് അദ്ദേഹത്തിന് മുന്നിലിരിക്കുമ്പോള്‍ സി.ഐ. പ്രകാശ് ലാലിന്റെ മുഖം പ്രസന്നമായിരുന്നു.
' സര്‍.. ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടെത്തി.. അഭിഷേക് വധക്കേസില്‍ സംശയിക്കുന്ന ആ ദുര്‍ഗ ഭാഗീരഥിയെ'
അന്വേഷണ ഉദ്യോഗസ്ഥര്‍ താത്പര്യത്തോടെ അയാളെ വീക്ഷിച്ചു
' ഗുഡ്.. ' ഐ.ജി അഭനന്ദനങ്ങളോടെ നോക്കി.
' ഇനിയിപ്പോള്‍ എന്താണ് അടുത്ത നീക്കം'
' സര്‍ തത്ക്കാലം ആ കുട്ടിയെ നിരീക്ഷണത്തില്‍ വെക്കുകയാണ്. അതിനിടെ സംശയങ്ങള്‍ക്കെല്ലാം വ്യക്തത വരുത്തണം.. വെറുതേ ചെന്ന് ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും നിന്നാല്‍ അത് പ്രശ്‌നമാകും. പ്രത്യേകിച്ച് വിദ്യാര്‍ഥി സംഘടനകളൊക്കെ ശക്തമായ ഇക്കാലത്ത്.. '
' അതുമതി' ഐ.ജി സമ്മതിച്ചു.
' ദുര്‍ഗയ്‌ക്കെതിരേ എന്തൊക്കെ തെളിവാണ് ഇതിനകം കിട്ടിയിരിക്കുന്നത്.'
' ഒന്നാമത് ദുര്‍ഗയുടെ ആ ഫോണ്‍ എങ്ങനെ സംഭവ സ്ഥലത്ത് വന്നു.. രണ്ടാമത്.. സിസിടിവി ദൃശ്യത്തില്‍ നിന്നും അഭിഷേക് കൊല്ലപ്പെട്ട ദിവസം ദുര്‍ഗ അയാളുടെ കാറില്‍ കയറി പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിന്നെ അഭിഷേകിന്റെയും ദുര്‍ഗയുടെയും പേരുകളിലേക്ക് രവിമേനോന്‍ സ്വത്ത് എഴുതി വെക്കാന്‍ തീരുമാനിച്ചിരുന്നു.. അതിന്റെ എന്തെങ്കിലും പ്രശ്‌നങ്ങളാണോ ഇരുവരെയും തമ്മില്‍ ശത്രുക്കളാക്കിയതെന്ന് സംശയിക്കാമല്ലോ... അഭിഷേകിന്റെ ഡെഡ്‌ബോഡിയുടെ ചുമലില്‍ ഒരു സ്ത്രീയുടെ പല്ലുകള്‍ ആഴത്തില്‍ പതിഞ്ഞതായി ഇന്‍ക്വസ്റ്റ് ചെയ്തപ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു. ആ പല്ലിന്റെ ഉടമ ദുര്‍ഗയാണോ എന്നാണ് എന്റെ സംശയം'
' നല്ല ഇംപ്രൂവ്‌മെന്റ്.. ഓ.കെ.. യുക്തം പോലെയേ ദുര്‍ഗയെ കേസിലേക്ക് വലിച്ചിഴക്കാവൂ.. അതൊരു ചെറിയ പെണ്‍കുട്ടിയാണ്. ഇതിലൊന്നിനും ബന്ധമില്ലെങ്കില്‍ ഈ കേസ് അവളുടെ ഭാവിയെ ബാധിക്കാനിട വരരുത്'
ഐ.ജിയുടെ മുഖം സംതൃപ്തമായിരുന്നു.
' ഓ.കെ. സര്‍ താങ്ക്യൂ.. നാളെ അഭിഷേക് കൊലപ്പെടുത്തിയ കുട്ടിയുടെ ഫ്യൂണറലാണ്.. അതു കഴിഞ്ഞിട്ടാവാം ചോദ്യം ചെയ്യലെന്ന് കരുതുന്നു'
' അതുമതി.. പതിയെ മതി.. പഴുതുകള്‍ അടച്ചതാവണം അന്വേഷണം... '
ഐ.ജി ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ സി.ഐ. പ്രകാശ് ലാലിന്റെ മനസില്‍ ഇനി എന്തു ചെയ്യണമെന്ന വ്യക്തമായ രൂപ രേഖയുണ്ടായിരുന്നു.
ഈ കേസില്‍ തെളിവുകള്‍ താന്‍ കണ്ടെത്തുകയല്ല. തെളിവുകള്‍ ഓരോന്നും തന്നെ തേടിയെത്തുകയായിരുന്നു എന്ന് അയാള്‍ വിസ്മയത്തോടെ ഓര്‍ത്തു.
........... ............. .............
മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ നിന്നും ധ്വനിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് തെക്കേത്ത് മനയുടെ ഗേറ്റ് കടന്നപ്പോഴേക്കും കൂട്ടക്കരച്ചിലുയര്‍ന്നു.
' ധ്വനി മോളേ.. അമ്മേടെ വാവേ..' എന്ന് ഉറക്കെ നിലവിളിച്ച് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഊര്‍മിളയെ ബന്ധുക്കളായ സ്ത്രീകള്‍ അടക്കിപ്പിടിച്ചു.
' എന്നെ വിട്.. എന്റെ മോള് വന്നു.. എനിക്കവളെ കാണണം..'
ഇരട്ടി ശക്തിയായിരുന്നു ഊര്‍മിളയ്ക്ക്. ചുറ്റുമുള്ളവരെ കുതറിത്തെറിപ്പിച്ച് അവര്‍ ഓടിയെത്തിയപ്പോഴേക്കും ധ്വനിയുടെ ശരീരം കിടത്തിയ മൊബൈല്‍ മോര്‍ച്ചറി ഹാളില്‍ എത്തിച്ചിരുന്നു.
' ഉമയെ പിടിക്ക്..' എന്ന് ആരോ ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴേക്കും ആര്‍ത്തലച്ചു കൊണ്ട് ഊര്‍മിള അതിന് മീതേക്ക് വീണു.
മുഖത്തും ചുണ്ടിലും ഉള്ള മുറിവുകളൊഴിച്ചാല്‍ ശാന്തമായിരുന്നു ധ്വനിയുടെ മുഖം.
കഠിന വേദനകള്‍ അനുഭവിച്ചതിന്റെ ഭാവമൊന്നുമില്ലാതെ ഒരു ചെറിയ മന്ദഹാസത്തോടെ അവള്‍ ഉറങ്ങിക്കിടക്കുകയാണ്.
' എന്റെ പൊന്നു മോളേ..'
ഊര്‍മിള ഒന്നേ നോക്കിയുള്ളു.
ഒരു ദയനീയ വിലാപത്തോടെ അവര്‍ നിലത്തേക്ക് കുഴഞ്ഞു വീണു.
ആളുകള്‍ക്കിടയില്‍ ഒരു ആരവമുണ്ടായി.
പ്രമാദമായ കേസായതിനാല്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ ആര്‍ത്തിയോടെ മിന്നി.
' വേഗം കാര്‍ തിരിച്ചിട്.. ഉമയ്ക്ക് അനക്കമില്ല'
ആരൊക്കെയോ വിളിച്ചു പറയുന്നത് കേട്ട് രവിമേനോന്‍ ദേവദത്തന്റെ ചുമലില്‍ അമര്‍ത്തിപ്പിടിച്ചു.
മകളുടെ കാല്‍ക്കല്‍ വന്നു നിന്ന് അവളുടെ ഓമനമുഖം അവസാനമായി മതിവരെ കാണുകയായിരുന്നു അയാള്‍.
സംഭവിച്ചതെല്ലാം അംഗീകരിക്കുന്ന ഭാവമായിരുന്നു അയാള്‍ക്ക്.
ഊര്‍മിള വീണത് കണ്ടതോടെ അയാളുടെ ഉടല്‍ വിറച്ചു.
ദേവദത്തന്‍ അയാളെ താങ്ങി.
' അങ്കിള്‍ ടെന്‍ഷനാകരുത്..ആന്റിയ്‌ക്കൊന്നും വരില്ല'
ദേവദത്തന്‍ പറയുമ്പോഴേക്കും മഹേഷ്ബാലന്‍ രവിമേനോന്റെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിരുന്നു.
ഊര്‍മിളയെ താങ്ങിപ്പിടിച്ച് ആരൊക്കെയോ അതിന് നേര്‍്ക്ക് പായുന്നത് നിറകണ്ണുകളോടെ രവിമേനോന്‍ കണ്ടു നിന്നു.
' ഒടുവില്‍ എന്റെ മോളു വന്നിട്ടും ഉമയ്ക്ക് അവളെയൊന്ന് കണ്ണു നിറച്ച് കാണാന്‍ പറ്റിയില്ലോ ദേവാ'
അയാളുടെ വാക്കുകള്‍ വിങ്ങി.
' അങ്കിള്‍ സംയമനം പാലിക്കണം.. ഈ അവസരത്തില്‍ എല്ലാവരും തളര്‍ന്നു വീഴരുത്.. മോളെ യാത്രയാക്കണം..അതിന് ചടങ്ങുകള്‍ നടക്കണം.. അധിക നേരം വെച്ചു കൊണ്ടിരിക്കാന്‍ പറ്റില്ല'
ദേവദത്തന്റെ വാക്കുകള്‍ അയാളില്‍ ഒരു മരവിപ്പു പടര്‍ത്തി.
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി രവിമേനോന്റെ അടുത്തേക്ക് വന്നു.
' സഹിക്യാ.. അതല്ലാതെ വേറെ മാര്‍ഗംണ്ടോ രവീ'
അയാള്‍ രവിമേനോന്റെ ശിരസില്‍ വലതു കൈയുടെ പെരുവിരല്‍ ഊന്നി എന്തോ മന്ത്രം ഉരുവിട്ടു.
തളര്‍ന്ന ശരീരത്തില്‍ എന്തോ ഊര്‍ജ്ജം പടരുന്നത് പോലെ തോന്നി രവിമേനോന്.
ഊര്‍മിളയുമായുള്ള വിവാഹത്തിന് ശേഷം നാളിത്രയായിട്ടും ദേവനല്ലാതെ അവളുടെ ബന്ധത്തില്‍ നിന്നും ഈ പടി ആരും ചവുട്ടിയിട്ടില്ല.
ഒടുവില്‍ സാക്ഷാല്‍ വലിയേടത്ത് തന്നെ എത്തിയിരിക്കുന്നു.
പക്ഷേ..
അയാള്‍ വിങ്ങിപ്പോയി.
............. ................. ...........
നിലവറയുടെ കുത്തനെയുള്ള പടികളിലേക്ക് അമര്‍ത്തി ചവുട്ടിയിറങ്ങുമ്പോള്‍ ദുര്‍ഗയുടെ കാലുകള്‍ വിറച്ചു.
കടുംടുവപ്പ് ചേലചുറ്റി അഴിച്ചിട്ട മുടി നിറയെ സിന്ദൂരം തൂവി കത്തി ജ്വലിയ്ക്കുന്ന ഒരു ദേവീ രൂപം പോലെ ദുര്‍ഗ ഓരോ അടിയും വെച്ചു.
കത്തിച്ചു പിടിച്ച ചങ്ങലവട്ടയുടെ വെളിച്ചത്തില്‍ വൈദ്യുതിയില്ലാത്ത , പകലിലും ഇരുട്ടുറങ്ങുന്ന ആ രഹസ്യത്തിലേക്ക് ദുര്‍ഗ ഇറങ്ങിച്ചെന്നു.
കാലാകാലമായി സ്ത്രീ സ്പര്‍ശമേല്‍ക്കാത്ത നിലവറ.
വലിയമ്മാമ്മ പറഞ്ഞിട്ടുണ്ട്.
നിലവറയില്‍ ഒരു സ്ത്രീ ഇറങ്ങി ചെന്നാല്‍ അത് എന്തെങ്കിലും ഒരു അപകടത്തിലേ കലാശിക്കൂ.
ചുവപ്പ് പരവതാനി വിരിച്ച വിശാലമായ നിലവറ.
കോല്‍വിളക്കുകളുടെയും കുത്തു വിളക്കുകളുടെയും നിലവിളക്കുകളുടെയും സ്വര്‍ണ തിളക്കം.
നടുവില്‍ അതിഘോര പൂജാ കര്‍മ്മങ്ങള്‍ നടക്കുന്ന ഹോമത്തട്ട്
അതിന് നടുവിലെ പീഠത്തില്‍ ലോകം അറിയാത്ത അതിഘോര കര്‍മ്മങ്ങളുടെ രഹസ്യം ഉറഞ്ഞ ഗ്രന്ഥങ്ങള്‍.
മരിച്ചവരുടെ ആത്മാവിനെ ഭൂമിയില്‍ തന്നെ പിടിച്ചു നിര്‍ത്തുന്ന ക്രിയ
അതാണ് വേണ്ടത്.
ഹോമത്തട്ടിലേക്ക് കാല്‍ വെച്ചതും എവിടെ നിന്നോ കരിനാഗങ്ങളുടെ ചീറ്റല്‍ ദുര്‍ഗ കേട്ടു.
അനന്തതയില്‍ നിന്നും പൊഴിഞ്ഞു വീണത് പോലെ ഭീമാകാരമായ രണ്ടു നാഗങ്ങള്‍ ഹോമത്തട്ടിനെ ചുറ്റി അവളുടെ ഇടവും വലവും ഫണങ്ങളുയര്‍ത്തി നിന്നു.
ചങ്ങലവട്ടയുടെ വെളിച്ചത്തില്‍ ്അവയുടെ പത്തികളിലെ മുദ്ര വെട്ടിത്തിളങ്ങുന്നത് ദുര്‍ഗ കണ്ടു.
്അവളുടെ പാദങ്ങള്‍ വിറച്ചു.
..... ......... തുടരും ....
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo