നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫ്രാൻസിസ് മ്യൂസ്: രണ്ടാത്മാക്കളുടെ പ്രണയകഥ

Image may contain: Athira Santhosh, smiling, outdoor
ഫ്രാൻസിസ് മ്യൂസിനെ ആദ്യമായി ഞാൻ കാണുന്നതും പരിചയപ്പെടുന്നതും ഇതേ നഗരത്തിൽ വെച്ചായിരുന്നു. കൃത്യമായി പറഞ്ഞാൽ കോഫി ഈസ്‌ അമേസിങ് എന്ന് പേരുള്ളതായ ഒരു കോഫി ഷോപ്പിൽ വെച്ച്. നീണ്ട ആറു വർഷങ്ങൾക്കു ശേഷവും നഗരത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ലെങ്കിൽ കൂടിയും ആ കോഫി ഷോപ്പ് അവിടെ ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മാറ്റം അത് തന്നെയായിരുന്നു താനും. ഷോപ്പ് സ്‌ഥിതി ചെയ്തിരുന്ന ഇടത്ത് ഇപ്പോൾ ഒരു പാർക്കിംഗ് ഗ്രൗണ്ടാണ് ഉള്ളത്. അതിനു മുകൾ നിലയിൽ ആന്റിക് സാധനങ്ങൾ വിൽക്കുന്ന ഒരു കടയും. താഴെ പാർക്കിങ്ങിന് മുൻപിൽ നിന്നു കൊണ്ട് ഞാൻ റോഡിന് എതിർവശത്തേക്ക് മിഴികൾ പായിച്ചു. അവിടെ ഉണ്ടായിരുന്ന കെട്ടിടങ്ങളിൽ ചുവർ പെയിന്റിന്റെ നിറം പോലും മാറിയിട്ടുണ്ടായിരുന്നില്ല എന്നത് എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തി.
ഞാൻ നിന്നിരുന്ന സ്‌ഥലത്ത്‌ ഞങ്ങൾ, ഞാനും ഫ്രാൻസിസും ആറു വർഷങ്ങൾ പിന്നിൽ പരസ്പരം സംസാരിച്ചതും പറഞ്ഞു തീർന്ന വിഷയത്തിനൊടുവിൽ അന്തരീക്ഷത്തിൽ ഒരു പൊട്ടിച്ചിരിയുടെ അല ഉയർന്നതും ഞാൻ അപ്പോഴോർത്തു. എപ്പോഴുമെന്നത് പോലെ ഓർമ്മകൾ എന്നെ വിഷാദം കലർന്ന ഒരവസ്‌ഥയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആദ്യത്തെ കൂടിക്കാഴ്ച പോലെ തന്നെ യാദൃശ്ചികമായിരുന്നു ഇവിടെത്തന്നെയുണ്ടായ അവസാനത്തെ കാഴ്ചയും ഓർമയുമെന്നു ഞാൻ ആലോചിച്ചു. അഞ്ചാറു വാര മുൻപോട്ട് നടന്നപ്പോൾ എനിക്ക് മുന്നിലൂടെ നടന്നു വരികയായിരുന്ന ആളോട് അവിടെയുണ്ടായിരുന്ന കോഫി ഷോപ്പിനെപ്പറ്റി ഞാൻ ചോദിച്ചു. അങ്ങനെയൊന്നിനെ പറ്റി മുൻപൊന്നും കേൾക്കുക പോലും ചെയ്തിട്ടില്ലാത്ത വിധം കണ്ണുകളിൽ ആശ്ചര്യം നിറച്ച് അയാൾ എന്റെ നേർക്കുറ്റു നോക്കി.
എനിക്കറിയില്ല മിസ്സ്‌ എന്ന അയാളുടെ വാക്കുകളിൽ വ്യവച്ഛേദിച്ചറിയാനാവാത്ത വിധം ഖേദം കലർന്നിരുന്നുവെന്ന് ഞാൻ കണ്ടെത്തി. ഞാൻ അയാളോട് നന്ദി പറഞ്ഞ് വീണ്ടും മുൻപോട്ട് നടന്നു. ആ അപരിചിതനെക്കുറിച്ച് ഞാനപ്പോൾ ആലോചിച്ചു.
നമ്മൾ കണ്ടു മുട്ടുന്ന, ഒരു വാക്കെങ്കിലും പരസ്പരം സംസാരിക്കുന്ന ഓരോ ആളുകളും അവരുടെ ഊർജ്ജത്തിന്റെ ചെറിയൊരു അംശമെങ്കിലും നമ്മളിലേക്ക്‌ പ്രവഹിക്കുമെന്ന ഫ്രാൻസിസിന്റെ തിയറി എന്റെ മനസിലേക്ക് കടന്നു വന്നു. മുൻപ് കണ്ട വ്യക്തി എന്തു തരം ഊർജ്ജമായിരിക്കും എന്നിലേക്ക് പകർന്നു നല്കിയിട്ടുണ്ടാവുക എന്ന് ഞാൻ ചിന്തിച്ചു. അറിയില്ല എന്ന പദത്തിൽ ഒരു തരം നെഗറ്റീവ് എനർജി ആയതിനാൽ എന്നിലേക്ക് വ്യാപിച്ചതും അതു തന്നെയാവണം എന്നു ഞാനൂഹിച്ചു. ചെറിയൊരു പുഞ്ചിരി എന്റെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു അപ്പോൾ.
*******
കുട്ടികൾ കളിച്ചുല്ലസിച്ചു കൊണ്ടിരുന്ന പ്ലേ ഗ്രൗണ്ടിന്റെ മുൻപിലെ ബെഞ്ചിലിരിക്കുകയായിരുന്നു ഞാൻ. അന്തരീക്ഷത്തിൽ കലർന്നിരിക്കുന്ന ഒരു തരം ചാരനിറം എന്റെ ഓർമകളെ വിഷാദഗ്രസ്തമാക്കി തീർത്തത് പോലെ എനിക്കന്നേരം അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിൽ കുട്ടികൾ കൂട്ടം ചേർന്നും തനിച്ചും പലവിധ കളികളിലേർപ്പെട്ടിരുന്നു. കാഴ്ചക്കാരിലൊരുവളായി മാറിയിരിക്കുന്നതിനു പകരം വിശാലമായ മൈതാനത്തേക്കിറങ്ങിച്ചെല്ലുവാനും അവരോടൊപ്പം പന്താടാനും എനിക്ക് അതിയായ ആഗ്രഹമുണ്ടായി.
ഞാൻ മുന്നിലുള്ള ദൃശ്യങ്ങളിൽ നിന്നും മനഃപൂർവം കണ്ണുകളെടുത്ത് വീണ്ടും ഫ്രാൻസിസിനെക്കുറിച്ചുള്ള ചിന്തകളിലേക്ക് മടങ്ങാൻ ശ്രമിച്ചു. കുട്ടികളുടെയും കാഴ്ചക്കാരായിരുന്നവരുടെയും ശബ്ദങ്ങളും കൂക്കി വിളികളും എന്റെ ചിന്താശ്രേണിയെ ഇടയ്ക്കിടെ മുറിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ എഴുന്നേറ്റു മുന്നോട്ടു നടന്നു. അതിനിടയിൽ മൈതാനത്തിനു വെളിയിൽ ഗേറ്റിനു സമീപമായി കണ്ട ഐസ്ക്രീം ഷോപ്പിൽ നിന്ന് ഒരു ചോക്ലേറ്റ് ഫ്ലേവർ ഐസ്ക്രീം വാങ്ങി അത് പൊതിഞ്ഞിരുന്ന കടലാസ് ശ്രദ്ധാപൂർവം അഴിച്ചെടുത്ത് ഞാൻ വേസ്റ്റ് നിക്ഷേപിക്കുന്ന ടിന്നിലേക്കിട്ടു.
ഫ്രാൻസിസും ഞാനും ഒരിക്കൽ പോലും ഇവിടെ വന്നിട്ടില്ലല്ലോ എന്ന ആശ്ചര്യം പൊടുന്നനെ എന്നിലുടലെടുത്തു. നഗരത്തിന്റെ മുക്കും മൂലയും തന്നെക്കാൾ പരിചയമുള്ള മറ്റാരുമുണ്ടാവില്ല എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഫ്രാൻസിസ് എന്തു കൊണ്ടാവാം എന്നെ ഒരിക്കൽ പോലും ഇവിടേക്ക് കൂട്ടിക്കൊണ്ട് വരാതിരുന്നതെന്ന ചോദ്യത്തിന് പിന്നിൽ നിന്നുമുയർന്ന കുട്ടികളുടെ ശബ്‌ദാരവങ്ങൾ എനിക്കുത്തരം നൽകി. കുട്ടികൾ ഉണ്ടാവില്ല എന്നറിഞ്ഞതിനു പിന്നാലെയാണ് ആദ്യഭർത്താവ് എന്നെ വെണ്ടെന്നു വെച്ചതെന്ന് ഫ്രാൻസിസിനറിയുമായിരുന്നു. എന്നാൽ ഒരിക്കൽപോലും അതേപ്പറ്റിയുള്ള സംസാരങ്ങളോ അത്തരം ഓർമ്മകൾ എന്നിലുണർത്തിയേക്കാവുന്ന പരാമർശങ്ങൾക്കോ ഫ്രാൻസിസ് മുതിർന്നിട്ടുണ്ടായിരുന്നില്ല. പുരുഷന്മാർക്കെല്ലാം ഒരേ മുഖമല്ല എന്ന് എന്നെ ബോധ്യപ്പെടുത്തി തന്നതും ഫ്രാൻസിസ് തന്നെയായിരുന്നു!
നടന്നു ക്ഷീണിച്ചുവെന്ന് തോന്നിയപ്പോൾ ഇന്നത്തെ യാത്ര അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ ഞാനെത്തി. തിരികെ മുറിയിലേക്ക് മടങ്ങുവാൻ ഞാൻ ടാക്സി ബുക്ക്‌ ചെയ്തു.
"മാഡം ഞങ്ങളുടെ നാട്ടിൽ ആദ്യമായിട്ടാണോ?"
ടാക്സി ഡ്രൈവർ മുന്നിലെ കണ്ണാടിയിലൂടെ എന്റെ മുഖത്തേക്ക് നോക്കി ആതിഥ്യമര്യാദയുടെ ഭാഷയിൽ ചോദിച്ചു.
അതേ എന്ന് അയാളോട് നുണ പറയുവാനാണ് എന്തുകൊണ്ടോ എനിക്കപ്പോൾ തോന്നിയത്. തൊട്ടടുത്ത നിമിഷം തന്നെ നിനക്ക് സത്യം പറഞ്ഞു കൂടായിരുന്നോ എന്ന് മനസ് എന്നെ ശാസിച്ചു.
"ഇന്ത്യയിൽ നിന്ന് ഒരുപാട് ആളുകൾ ഇവിടെ വരാറുണ്ട് മാഡം."
അയാൾ ചിരിച്ചു. എനിക്ക് എന്തോ അയാളോടുള്ള സംസാരം തുടരണമെന്നുണ്ടായിരുന്നില്ല. ചിലപ്പോൾ ഞാൻ മുൻപ് പറഞ്ഞത് കള്ളമാണെന്ന് അയാളെങ്ങാൻ കണ്ടു പിടിച്ചു കളഞ്ഞേക്കുമോ എന്ന് ഞാൻ ചെറുതായി ഭയപ്പെട്ടു. നിശ്ശബ്ദയായി പുറത്തേക്ക് നോക്കിയിരുന്ന എന്റെ താല്പര്യമില്ലായ്മ മനസിലാക്കിയിട്ടോ എന്തോ അയാൾ പിന്നീടൊന്നും സംസാരിച്ചതേയില്ല.
'ചില ആളുകൾക്ക്, നാം പറയുന്നത് കള്ളമാണെന്ന് മനസിലാക്കാൻ നമ്മുടെ മുഖത്തേയ്‌ക്കോ കണ്ണുകളിലേയ്ക്കോ നോക്കിയാൽ മതിയാവും.'
വർഷങ്ങൾക്ക് മുൻപ് ഫ്രാൻസിസ് പറഞ്ഞ വാചകം ഇപ്പോൾ മനസിലേക്ക് കടന്നു വന്നപ്പോൾ എനിക്ക് വീണ്ടും അതിശയം തോന്നി. ഈ നഗരത്തിലുണ്ടാവുന്ന എല്ലാ സന്ദർഭങ്ങളിലും ഫ്രാൻസിസിന്റെ ഓർമ്മകൾ കലർന്നേക്കും എന്ന വിചിത്രമായ തോന്നൽ അന്നേരം എന്നിലുണ്ടായി. ഫ്രാൻസിസ് അങ്ങനെ പറയുവാനുണ്ടായ സാഹചര്യം മാത്രം എത്രയാലോചിച്ചിട്ടും എനിക്ക് പക്ഷേ ഓർമ വന്നതേയില്ല.
ഡ്രൈവർക്കു പണം നൽകിയ ശേഷം ഞാൻ ധൃതിയിൽ മുറിയിലേക്ക് നടന്നു. മനോഹരമായ ഒരു അക്വേറിയം വെച്ചിരിക്കുന്നിടത്തു നിന്നും മുകളിലേക്കുള്ള പടികൾ കയറിച്ചെല്ലുന്ന നിലയിൽ മൂന്നാമത്തെ മുറിയായിരുന്നു എന്റേത്. അരമണിക്കൂറോളം ദീർഘിച്ച കുളിക്കു ശേഷം ഞാൻ മുറിയിലെ സോഫയിലിരുന്നു കൊണ്ട് ചില്ലുഭിത്തിയിലൂടെ കണ്ണുകൾ പുറത്തേക്ക് പായിച്ചു.
'ഒരാളിന്റെ നല്ല വശങ്ങൾ മാത്രം അറിയണം എന്നുണ്ടെങ്കിൽ അയാൾക്ക് വേണ്ടപ്പെട്ട നിരവധി ആളുകളോടൊപ്പം അയാളെ ഒരു ദിവസം ചെലവഴിക്കാൻ വിടുക.'
ഒരു സിഗരറ്റിന് തീ കൊളുത്തുന്ന ഇടവേളയിൽ, ഫ്രാൻസിസ് പറഞ്ഞത് എന്റെ മനസിലേക്ക് കടന്നു വന്നു.
അന്നത്തെ കോഫി ഷോപ്പ് സമയത്തിന് ശേഷം പുറത്തേയ്ക്കിറങ്ങി നടക്കുമ്പോഴാണ് ഫ്രാൻസിസ് അതു പറഞ്ഞതെന്ന് ഞാൻ ഓർത്തെടുത്തു. അന്തരീക്ഷത്തിൽ പതിവിലുമധികം തണുപ്പുണ്ടായിരുന്നത് കൊണ്ടു തന്നെ ഞാൻ കമ്പിളി കൊണ്ടുള്ള ഒരു മേൽവസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
'അപ്പോൾ മോശം വശമാണ് അറിയേണ്ടതെങ്കിലോ?'
ഞാൻ നടത്തമവസാനിപ്പിച്ച് ഫ്രാൻസിസിനു നേർക്ക് കൗതുകത്തോടെ നോക്കി.
'അതിന് ചുറ്റുപാടുമെങ്ങും ഒരാൾ പോലുമില്ല എന്നുറപ്പാക്കി അയാളെ ഒറ്റയ്ക്ക് താമസിക്കാൻ വിട്ടാൽ മതിയാവും. എന്നിട്ട് പുറത്തു നിന്നും അയാൾ ചെയ്യുന്നത് എന്തൊക്കെയാണ് എന്ന് ഒളിഞ്ഞു നിന്നു കണ്ടു പിടിക്കുക.'
ഫ്രാൻസിസ് ഗൗരവത്തിൽ പറഞ്ഞു നിർത്തിയതും ഞാൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. ചുറ്റിനുമുണ്ടായിരുന്ന ഏതാനും ആളുകൾ ഞങ്ങൾ ഇരുവർക്കും നേരെ അമ്പരപ്പോടെ ഒരു നിമിഷം നോക്കി നിന്നിട്ട് വീണ്ടും അവരവരുടെ തിരക്കുകളിലൂടെ മുന്നോട്ടു പോയി.
അന്നത്തേതു പോലെ പൊടുന്നനെ പൊട്ടിമുളച്ച ചിരി സിഗരറ്റ് പുകയുമായിച്ചേർന്ന് കനത്ത ഒരു ചുമയ്ക്ക് വഴി തെളിച്ചു. നശിച്ച ചുമ എന്ന് സിഗരറ്റ് ടീപ്പോയിൽ കുത്തിക്കെടുത്തുമ്പോൾ ഞാൻ ശപിച്ചു. ഇന്നിനി ഭക്ഷണം വേണ്ട എന്നു തീരുമാനിച്ച് മുറിയിലെ ബെഡിൽ ഞാൻ നീണ്ടു നിവർന്നു കിടന്നു. വീണ്ടും ഫ്രാൻസിസിന്റെ ഓർമ്മകൾ എന്നിലൂടെ
കയറിയിറങ്ങുവാൻ പൂർണമായും തയ്യാറെടുത്തു കൊണ്ട്!
*********
മുറിയിലാകെ വലിച്ചു വാരിയിട്ട പത്രമാസികകളിലും കുനുകുനുത്ത അക്ഷരങ്ങളാലെഴുതി നിറച്ചു വെച്ചിരുന്ന പേപ്പറുകളിലും ചവിട്ടാതെയിരിക്കാൻ ശ്രദ്ധിച്ചു ഞാൻ വാതിൽ തുറന്നിറങ്ങി. മുറി വൃത്തിയാക്കേണ്ടതില്ല എന്ന് റിസപ്‌ഷനിൽ പറഞ്ഞ ശേഷം ഞാൻ പുറത്തേയ്ക്കിറങ്ങി. നഗരത്തിലെ എന്റെ മൂന്നാമത്തെ ദിവസമായിരുന്നു അത്. ഫ്രാൻസിസിനെക്കുറിച്ചുള്ള ഓർമ്മകൾ തുടർച്ചയായി എന്റെ ബോധമണ്ഡലത്തിലൂടെ കടന്നു കയറി എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നിത്തുടങ്ങിയിരുന്നു. ഒരിത്തിരി സമാധാനത്തിനു വേണ്ടി മാത്രമാണ് ഞാൻ വഴിവക്കത്തു കണ്ട കോഫി ഷോപ്പിലേക്ക് കയറിയത്. കോഫിയോടുള്ള ഫ്രാൻസിസിന്റെ അടങ്ങാത്ത ലഹരിയെക്കുറിച്ചോർത്തു കൊണ്ടാണ് ഞാൻ ഒഴിഞ്ഞു കിടന്ന ഒരു കസേരയിൽ സ്‌ഥാനം പിടിച്ചത്. ഫ്രാൻസിസിനു ഏറ്റവും പ്രിയം ഡബിൾ എക്സ്പ്രസ്സോ കോഫികളോടായിരുന്നു. അതിന്റെ ഉത്ഭവം ഇറ്റലിയിലാണെന്നും ഫ്രാൻസിസ് തന്നെയാണ് എന്നോട് പറഞ്ഞു തന്നത്.
വീണ്ടും ഫ്രാൻസിസ് ആണല്ലോ ഓര്‍മകള്‍ക്കുള്ളില്‍ എന്ന് തല കുടഞ്ഞു നോക്കുമ്പോൾ മുന്നിൽ ഓർഡറെടുക്കാൻ വെയ്റ്റർ കാത്തു നിൽക്കുന്നു. എന്റെ പ്രവൃത്തി കണ്ട് അയാൾ എന്തു വിചാരിച്ചിട്ടുണ്ടാവണം എന്നോർത്തു കൊണ്ട് ഒരു കോള്‍ഡ് കോഫി പറഞ്ഞു ഞാൻ ചുറ്റുപാടും കണ്ണോടിച്ചു. അതിശയമെന്നു പറയട്ടെ, അത് കൃത്യമായും ആറു വർഷങ്ങൾക്ക് മുൻപ് ഞങ്ങളിരുവരും സമ്മേളിക്കാറുണ്ടായിരുന്ന കോഫി ഷോപ്പ് പോലെ തന്നെയിരുന്നു. ചുവരിൽ കാപ്പിയെക്കുറിച്ചുള്ള മനോഹരമായ ചില വരികൾ എഴുതി വെച്ചിരുന്നു. മേശകളുടെയും കസേരകളുടെയും സ്‌ഥാനവ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ മേശമേൽ വിരിച്ചിരുന്ന ടേബിൾ മാറ്റിന് പോലും അതേ നിറവും ചിത്രപ്പണികളുമാണെന്ന് ഞാൻ ഞെട്ടലോടെ മനസിലാക്കി. മുകൾ നിലയിലേക്കുള്ള പടികളിലേക്ക് എന്റെ കണ്ണുകൾ നീണ്ടു. ആദ്യത്തെ പടിക്ക് കൃത്യം മുകളിലായി തൂക്കിയിരുന്ന തൂക്കുവിളക്കിലേക്ക് എന്റെ നോട്ടം തെന്നി മാറി. അതിൽ നിന്നു പ്രവഹിച്ച ഒരുതരം മഞ്ഞ വെളിച്ചം എന്റെ കാഴ്ച ഒരു നിമിഷം മറച്ചു. ഇതേ പോലെ ഒരു സന്ദർഭത്തിൽ തന്നെയാണല്ലോ ഞാൻ ആദ്യമായി ഫ്രാൻസിസിനെ കണ്ടു മുട്ടിയതെന്ന് ഞാൻ ആശ്ചര്യം കൂറി. മുൻപിൽ കൊണ്ടു വെച്ച കോഫി ഞാൻ തൊട്ടതു പോലുമില്ല. പകരം എന്റെ എതിരെ ഒഴിഞ്ഞു കിടക്കുന്ന കസേരമേൽ ഒരപരിചിതൻ യാദൃശ്ചികമായി കടന്നു വന്നിരിക്കുന്നതും ക്ഷമിക്കണം, നിങ്ങൾക്ക് വിരോധമില്ലെന്ന് കരുതിക്കോട്ടെ എന്ന് തനിക്കു പ്രതികരിക്കാൻ ഇട നൽകാതെ ക്ഷമാപണം ചെയ്യുന്നതും ഞാൻ ഉൾക്കണ്ണിൽ കണ്ടു.
പൊടുന്നനെ ഉണ്ടായ ഒരുൾപ്രേരണയിൽ കൗണ്ടറിൽ പണമടച്ച് ചില്ലുവാതിൽ തുറന്നു ഞാൻ പുറത്തേയ്ക്കിറങ്ങി. കോഫി ഇഷ്ടപ്പെടാഞ്ഞിട്ടാവുമോ അവരിറങ്ങി പോയത് എന്നു കോഫി ഷോപ്പിലെ ജോലിക്കാരോ മറ്റോ ആലോചിക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്യുന്നുണ്ടാവാം എന്ന് ഞാൻ അനുമാനിച്ചു. പുറത്ത് തണുപ്പ് വർദ്ധിച്ചു വരികയായിരുന്നു. മുൻപോട്ട് നീങ്ങുന്ന വഴി ഞാൻ ഒരു നിമിഷം നടത്തം നിർത്തി കടയുടെ മുന്നിൽ എഴുതിയിരിക്കുന്ന പേര് എന്താണെന്ന് തിരിഞ്ഞു നോക്കി. അത് കോഫി ഈസ്‌ അമേസിങ് എന്നല്ല എന്ന് കണ്ട് എനിക്കാശ്വാസം തോന്നി. എന്നാൽ അതോടൊപ്പം കനത്ത വിഷാദത്തിലേക്ക് ആരോ തള്ളിവിട്ടതു പോലെ ഒരവസ്‌ഥയിലേക്ക് ഞാൻ വഴുതി വീഴുകയും ചെയ്തു.
*

ഉറക്കത്തിനും ഉണർവിനുമിടയിലെ ഏതോ നേരത്താണ് ഞാൻ ഫ്രാൻസിസുമായുള്ള ആ സംഭാഷണത്തിലേക്ക് വീണ്ടും കടന്നു ചെല്ലുന്നത്. കോഫി ഷോപ്പിൽ വെച്ചു തന്നെയുണ്ടായതാണ് അത്.
"ഫ്രാൻസിസ് എന്ന പേര് മനസിലാക്കാം, പക്ഷെ എന്താണീ മ്യൂസ്?"
ഫ്രാൻസിസ് കൗതുകത്തോടെയുള്ള എന്റെ ചോദ്യത്തിന് മറുപടിയായി ആദ്യം ചിരിച്ചു. ചിരിക്കുമ്പോൾ ഷേവ് ചെയ്ത വെളുത്ത മുഖത്ത് വലത്തേ കവിളിൽ, എപ്പോഴുമെന്നതു പോലെ നുണക്കുഴി വിടരുന്നത് ഞാൻ നോക്കിയിരുന്നു.
"പഠിക്കുന്ന കാലത്ത് കിട്ടിയ പേരാണ്."
ഫ്രാൻസിസ് പറഞ്ഞു.
"എന്റെ മുഖം എലിയുടേത് പോലെയാണ് എന്ന് ചെറുപ്പത്തിൽ എല്ലാവരും കളിയാക്കുമായിരുന്നു. മൗസ് എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. പിന്നീടത് എപ്പോഴോ മ്യൂസ് എന്നായിത്തീർന്നു. സ്കൂൾ വിട്ട ശേഷം അവരെയൊന്നും ഒരിക്കലും മറക്കരുത് എന്ന തോന്നലിൽ ഞാൻ അത് എന്റെ പേരിനോട് ചേർത്തു വെച്ചു."
ഞാൻ കൗതുകത്തോടെയാണ് കേട്ടിരുന്നത്. പറഞ്ഞു നിർത്തുമ്പോൾ ഫ്രാൻസിസിന്റെ മുഖത്തിനു ഇപ്പോഴും ഒരു എലിയുടെ ഛായ നിലനിൽക്കുന്നുണ്ടോ എന്ന് ഞാൻ സൂക്ഷ്മമായി പരിശോധിച്ചു. ഫ്രാൻസിസ് എന്റെ നോട്ടവും മുഖഭാവവും കണ്ട് അതിശയത്തിൽ പൊട്ടിച്ചിരിച്ചു.
ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന വേളകളിലൊക്കെ ഞാനോ ഫ്രാൻസിസോ, അല്ലെങ്കിൽ ഇരുവരുമൊന്നിച്ചോ ഒരു തവണയെങ്കിലും പൊട്ടിച്ചിരിച്ചിരുന്നു എന്നു ഞാൻ കണ്ടെത്തി. ജീവിതത്തിൽ മറ്റാരുടെയുമൊപ്പം എനിക്ക് അത്തരത്തിൽ ഒരോർമ ഉണ്ടായിരുന്നില്ല. ചിരിക്കുമ്പോൾ ഞങ്ങളുടെ മുൻപിൽ ലോകം നിശ്ചലമാവുകയും ചുറ്റിനുമുള്ള ആളുകൾ ആ മുഴുവൻ നിമിഷങ്ങളില്‍ അപ്രത്യക്ഷമാവുകയും ചെയ്തു പോന്നു. എന്നെപ്പോലെ ഫ്രാൻസിസിനും അത്തരമൊരു വിചിത്രമായ തോന്നലുണ്ടായിരുന്നുവെന്ന് പിന്നീടെപ്പോഴോ നടന്ന ഒരു സംഭാഷണത്തിനിടയിൽ എന്നോട് പങ്കു വെയ്ക്കുകയും ചെയ്തിരുന്നു.
പേരിനെപ്പറ്റിയുള്ള അന്നത്തെ സംസാരത്തിനു ശേഷം ഞങ്ങൾ എന്താണ് സംസാരിച്ചതെന്നും ചെയ്തത് എന്താണെന്നുമോർക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മയക്കത്തിൽ നിന്നുമെഴുന്നേറ്റ് ഞാൻ പടികളിറങ്ങി താഴേക്ക് ചെന്നു. ഒരു കോഫി ഉടനെ കിട്ടിയാൽ കൊള്ളാമെന്നുണ്ട് എന്ന് ഞാനറിയിച്ചപ്പോൾ റിസപ്ഷനിൽ ഇരുന്നിരുന്നയാൾ അതിശയത്തോടെ എന്റെ നേർക്ക് നോക്കി.
ഫോണിൽ പറഞ്ഞാൽ മതിയായിരുന്നുവല്ലോ മാഡം എന്ന് അയാൾ എന്നെ ഓർമപെടുത്തും വിധം ബഹുമാനം കലർത്തി താഴ്ന്ന സ്വരത്തിൽ പറഞ്ഞു. അയാൾക്ക് പകരമൊരു പുഞ്ചിരി സമ്മാനിച്ചു ഞാൻ മുറിയിലേക്ക് മടങ്ങി.
ആവശ്യങ്ങൾക്കായാലും അല്ലെങ്കിലും ആളുകളുടെ മുഖത്തു നോക്കി വേണം സംസാരിക്കുവാൻ എന്നും അല്ലാത്തവയൊക്കെ കപടമാണെന്നും ഫ്രാൻസിസ് പറഞ്ഞിട്ടുണ്ട് എന്ന് അയാളോട് പറയാമായിരുന്നു എന്നെനിക്ക് കുസൃതി തോന്നി. ഞാൻ ആ സന്ദർഭം ഓർത്തു നോക്കി. എന്റെ പറച്ചിൽ കേൾക്കുമ്പോൾ ഉറപ്പായും അയാൾ ഏത് ഫ്രാൻസിസ് എന്ന് കണ്ണുകൾ മിഴിച്ച് എന്റെ നേർക്ക് നോക്കും. അപ്പോൾ എന്റെ മുഖത്ത് ഞാനറിയാതെ ഒരു പുഞ്ചിരി വിടരുമെന്നും ഫ്രാൻസിസിനെപ്പറ്റി എനിക്കറിയുന്നതൊക്കെ വളരെ സമയമെടുത്ത് വിശദീകരിച്ച് അയാളോട് പറയുമെന്നും ഞാൻ കരുതി. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഫ്രാൻസിസിനെപ്പറ്റി അയാൾ അതിശയത്തോടെയും ആരാധനയോടെയും കേട്ടിരുന്ന ശേഷം 'എന്നിട്ട് ഫ്രാൻസിസ് എവിടെ' എന്ന് അതിനേക്കാൾ ആകാംക്ഷയോടെ ചോദിക്കും. അതാലോചിച്ചപ്പോഴേക്കും എന്റെ ചുണ്ടിലെ ചിരി കെട്ടു പോവുകയും ഹൃദയത്തിലും ഉടലിലുമൊന്നാകെ വിഷാദം വന്നു പൊതിയുകയും ചെയ്തു. ഒരിക്കലും അയാളോട് ഫ്രാൻസിസ് മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നു ഞാനോർത്തു. അതിനു പകരമായി എനിക്കറിയില്ല എന്നോ മറ്റോ തന്റെ വിഷാദം മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒരുവളുടെ നിസംഗത നിറഞ്ഞ ശബ്ദത്തിൽ ഞാൻ അയാളോട് പറഞ്ഞേക്കുമായിരിക്കണം എന്ന് ഞാൻ വിചാരിച്ചു.
ഭർത്താവുപേക്ഷിച്ച ശേഷവും നാട്ടിലേക്ക് മടങ്ങാതെ, സന്തോഷമുള്ള മറ്റെന്തോ തനിക്കു വേണ്ടി ഈ നഗരം കാത്തു വെച്ചിരിക്കുന്നുവെന്ന തോന്നലിൽ ജീവിച്ചു പോന്ന ഒരുവൾ ഇല്ലാതായതിനു സമമായിരുന്നു ഫ്രാൻസിസ് മരിച്ചുവെന്ന് താനറിഞ്ഞ നിമിഷം എന്നു ഞാൻ വീണ്ടുമോർത്തു. കുടിച്ചു കഴിഞ്ഞു കാപ്പിക്കപ്പ് കഴുകാതെ ഞാൻ മേശപ്പുറത്തു വെച്ചു.
നിന്നോളം ലഹരി പകരാൻ ഈ കാപ്പിക്കൂട്ടുകൾക്കൊന്നുമിപ്പോൾ കഴിയുന്നില്ലല്ലോ പ്രിയേ എന്ന് ഒരു വൈകുന്നേരം കോഫി ഷോപ്പിലിരുന്നു തുറന്നു പറഞ്ഞു പ്രണയമറിയിച്ച എന്റെ ഫ്രാൻസിസ്, നീ എന്തിനാണ് എന്നെയിത്രമേൽ വിഷാദയും വിരഹത്തിന്റെ ഓർമ്മകൾ പേറുന്നവളുമായി ഈ ഭൂമിയിൽ തനിച്ചാക്കിയത് എന്ന് ഞാൻ പതിവുപോലെ ചോദിച്ചു. ഓർമിക്കുവാൻ പോലും കുറേ ഓർമ്മകൾക്കപ്പുറം നിന്റേതായ ഒന്നും കൈവശമില്ലാത്ത ഒരുവൾക്ക്, ഒരു വാഗ്ദാനം പോലും തരാതെയിരിക്കാൻ നീ ശ്രദ്ധിച്ചിരുന്നത് എന്തു കൊണ്ടാണ്?
നമ്മൾ കുടിച്ചു വെച്ച കാപ്പിക്കപ്പിൽ നമ്മുടെ സ്വാദും അത് കുടിക്കുമ്പോഴുണ്ടായിരുന്ന നമ്മുടെ വികാരങ്ങളും അലിഞ്ഞു ചേർന്നിട്ടുണ്ടാവും എന്നു പറഞ്ഞ് ഞാൻ ബാക്കി വെച്ച കാപ്പിയെടുത്തു കുടിച്ച ഫ്രാൻസിസിനെ ഓർത്തുകൊണ്ട് എന്റെ മുൻപിലിരുന്ന കപ്പിനു മുന്നിലായി മേശയിലേക്ക് തല കുനിച്ചു വെച്ച് ഞാന്‍ ഇരിപ്പ് തുടർന്നു. മുറിക്കുള്ളിൽ ഇരുട്ട് കറുത്ത മഷി ചലിച്ചു തുടങ്ങിയിരുന്നു.
*

മുറിയിൽ അങ്ങോളമിങ്ങോളമായും ടീപോയ്‌മേലും ചിതറിക്കിടന്നിരുന്ന പേപ്പറുകൾ ഞാൻ അടുക്കി വെച്ചു. ചുവന്ന നേർത്ത ഒരു റിബ്ബൺ കൊണ്ട് അവ ചേർത്തു കെട്ടി. ചുവന്ന മഷി കൊണ്ടു തന്നെ ശൂന്യമായിക്കിടന്ന മുൻപേജിൽ ഒരെഴുത്തുകാരിയുടെ വിഭ്രാന്തികൾ എന്നു മുഴുത്ത അക്ഷരങ്ങളാൽ ഞാൻ എഴുതിച്ചേർത്തു.
"നിന്റെയത്ര ഭംഗിയിലെഴുതുന്ന മറ്റാരെയും ഞാൻ കണ്ടിട്ടേയില്ല."
ആദ്യ നോവൽ എഴുതി തുടങ്ങിയ സമയമായിരുന്നു ഫ്രാൻസിസ് അത് പറഞ്ഞത്. ഞങ്ങൾ ഒരുമിച്ചു താമസം തുടങ്ങിയതിന്റെ ആദ്യ നാളുകളിൽ ഒന്നു കൂടിയായിരുന്നു അത്. ആദ്യ നോവലിന് ഫ്രാൻസിസ് മ്യൂസ് എന്ന് പേരിടണമെന്ന് എന്നോട് പറഞ്ഞിരുന്നത് ഞാൻ ഇപ്പോൾ വീണ്ടുമോർത്തെടുത്തു. മുൻപെഴുതി വെച്ചിരുന്ന വാചകം വെട്ടി മാറ്റി തിളങ്ങുന്ന വലിയ അക്ഷരങ്ങൾ കൊണ്ട് ഞാൻ ഫ്രാൻസിസ് മ്യൂസ് എന്നെഴുതി രണ്ടാത്മാക്കളുടെ പ്രണയ കഥ എന്നു കൂടി ചേർത്തു. അടിയിലെന്റെ പേര് ഞാൻ മനഃപൂർവം എഴുതാതെ വിട്ടു. ശേഷം പേപ്പർകെട്ട് എന്റെ ബാഗിലേക്കിറക്കി വെച്ച് മുറി വാതിൽ ചാരിയിട്ട് പടികളിറങ്ങി. കൗണ്ടറിൽ താക്കോൽ ഏൽപ്പിച്ചു നന്ദി പറയുമ്പോൾ അവിടെയിരുന്ന മനുഷ്യൻ ഫ്ലൈറ്റിന്റെ സമയം തിരക്കുകയും ശുഭയാത്ര ആശംസിക്കുകയും ചെയ്തു.

മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ഇഷ്ടിക പാകിയ വഴിയരികിലൂടെ മുന്നോട്ടു നടക്കുമ്പോൾ ഫ്രാൻസിസ് മ്യൂസ് എന്നയാൾ മരണപ്പെട്ട വാർത്ത വന്ന പത്രക്കടലാസും എന്റെ എഴുത്തുകളോട് ചേർന്നിരിക്കുന്നത് ഞാൻ സങ്കൽപ്പിച്ചു. നീണ്ട തെരുവിന്റെ ഏതോ ഉൾവഴികളിലൊന്നിൽ മറഞ്ഞു നിന്ന് ഫ്രാൻസിസ് എന്നോട് യാത്ര പറയുന്നുണ്ട് എന്ന വിചിത്രമായ ഒരു തോന്നൽ അന്നേരമെന്നിലുണ്ടായി. പുറകിലേക്ക് തിരിഞ്ഞു നോക്കിയ ഇടവേളയിൽ എന്റെ മുന്നിലൂടെ നടന്നു വരികയായിരുന്ന മനുഷ്യനെ കാണാതെ അയാളുടെ ഉടലിൽ ഞാൻ ചെന്നിടിച്ചു. പെട്ടെന്നുണ്ടായ നടുക്കത്തിലും ഇടിയുടെ ശക്തിയാലും തോളിൽ നിന്നു താഴേക്ക് ഊർന്ന ബാഗ് പിടിക്കാനുള്ള ശ്രമത്തിൽ ഞാൻ വീഴാനാഞ്ഞു. എന്റെ നേർക്കു ചെരിഞ്ഞു വന്നു പിടിച്ചു മുകളിലേക്കുയർത്തിയ അയാളുടെ മുഖത്തേക്ക് ഞാൻ നന്ദിയോടെ നോക്കി. ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് അടയാളപ്പെടുത്തലിന്റെ സന്ദേശം കടന്നു പോവുമ്പോൾ ആ മനുഷ്യന്റെ മുഖം ഞാൻ അമ്പരപ്പോടെ വീണ്ടും വീണ്ടും നോക്കി. അത് ഒരെലിയുടെ കൂർത്ത മുഖവുമായി ഏറെ സാമ്യം പുലർത്തുന്ന ഒന്നായിരുന്നു! ചിരിക്കുമ്പോൾ അയാളുടെ വലത്തേക്കവിളിൽ ഒരു നുണക്കുഴി തെളിയുന്നുണ്ടോ എന്ന് ഞാൻ നോക്കി നിന്നു..!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot