""""""
മൂത്ത പെങ്ങൾ പുയ്യാപ്ലയുമായി വിരുന്നിനെത്തിയിരിക്കുകയാണ്. ആക്കറി ക്കച്ചോടക്കാരനായ വാപ്പ വളരെ കഷ്ടപ്പെട്ടാണ് എട്ടു മക്കളിൽ മൂത്തവളെ നിക്കാഹ് കഴിപ്പിച്ചയച്ചത്.അവരാണ് വിരുന്നു വന്നത്. ഉമ്മയും പെങ്ങമ്മാരും രാവിലെ മുതൽ അരക്കലും വറുക്കലും പൊരിക്കലുമൊക്കെയായി തിരക്കിലാണ്. വല്ലപ്പോഴുമാണടുക്കളയിൽ ഇങ്ങിനെ തിരക്കും ബഹളോമൊക്കെ.സാധാരണ എന്തെങ്കിലുമൊക്കെ ഒരു കാട്ടിക്കൂട്ടലുകളാണ്. കഞ്ഞിയോ, ചോറോ, കപ്പയോ, ചക്കയോ എന്തെങ്കിലുമൊക്കെയാവാം.രണ്ടു നേരവും അടുപ്പു പുകയാൻ വാപ്പ ഒരു പാട് കഷ്ടപ്പെടുന്നുണ്ട്.
എനിക്കാണെങ്കിൽ അടുക്കളയിൽ നിന്നുള്ള കൊതിപ്പിക്കുന്ന മണങ്ങൾ കാരണം ഇരിക്കപ്പൊറുതിയില്ലാണ്ടായി. ഇടക്കിടെ അടുക്കളയിലേക്കെത്തിയും നോക്കിയും ഞാനങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അവിടെങ്ങാനും പോയടങ്ങിയിരിക്കടാന്ന് ഉമ്മ മൂന്നാലു പ്രാവശ്യം പറഞ്ഞു. ഞാൻ വീട്ടിലെ ഇളയ കുട്ടിയാണ്. ചേച്ചിമാർ അടുക്കളയിലും ചേട്ടൻമാർ പുറത്ത് കളിയിലും മുഴുകിയിരിക്കുകയാണ്. പണികൾ ഏതാണ്ട് തീരാറായി. പപ്പടം കാച്ചുന്ന മണം വരുന്നുണ്ട് .എനിക്ക് പപ്പടം വലിയ ഇഷ്ടമാണ്. അളിയനും പെങ്ങളും ഉണ്ടു കഴിഞ്ഞേ ഞങ്ങൾക്ക് ഊണ് തരൂ എന്ന് ഉമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. വിഭവങ്ങൾ അഞ്ചെട്ടുതരമുണ്ടെങ്കിലും,അളവ് കുറവായിരിക്കുമെന്നും വിരുന്നുകാർ കഴിച്ച് കഴിഞ്ഞുള്ളവ കൊണ്ട് തൃപ്തിപ്പെടണമെന്നും മുൻ പരിചയം കൊണ്ടറിയാം. അതിനാൽ കാത്തിരിക്കയേ നിവൃത്തിയുള്ളു.
അവസാനം അവർ ഉണ്ണാൻ തുടങ്ങി.ഉമ്മ കൂടെ നിന്ന് സ്നേഹത്തോടെ വിളമ്പി നിർബ്ബന്ധിച്ച് ഊട്ടുകയാണ് രണ്ടാളെയും. ഞാൻ രണ്ടാമത്തെ പെങ്ങളെ ചുറ്റിപ്പിടിച്ച് അവർ കഴിക്കുന്നത് കൊതിയോടെ നോക്കി നിൽക്കുകയണ്. ഇറച്ചിയും മീനും വച്ചത്, വറുത്തത്, ഒഴിച്ചു കറികൾ, തോരൻ, അച്ചാർ. പപ്പടം... തുടങ്ങിയവയെല്ലാമുണ്ട്. പപ്പടപ്പാത്രത്തിലേക്ക് ഞാനൊന്നു പാളി നോക്കി. നാലോ അഞ്ചോ പപ്പടമേ ഉണ്ടായിരുന്നുള്ളു അളിയൻ ഏതാണ്ട് തീറ്റമത്സരത്തിനെന്ന പോലെ ഒന്നൊന്നായി പപ്പടം എടുത്ത് പൊടിച്ച് ചോറിൽ കുഴച്ചുരുട്ടി അടിച്ചടിച്ച് അതേതാണ്ടു തീരാറായി.പെങ്ങൾ ഒരെണ്ണമേ എടുത്തുള്ളു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അവൾക്കറിയാമല്ലോ ബാക്കിയും കാത്തിരിക്കുന്നവരുടെ വേവലാതി. അങ്ങനെ കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് അളിയനും പെങ്ങളും ഉണ്ടുണ്ട് പാത്രത്തിൽ ഇനി ഒരു പപ്പട മേയുള്ളു. എന്റെ കണ്ണ് ആ പപ്പടത്തിലാണ്. എന്റെ ശ്വാസഗതിയും ഇത്തിരി കൂടിയിട്ടുണ്ട്.... ഒടുവിൽ അളിയനാ പപ്പടത്തിലും കൈവച്ചു.ഉമ്മാ................. അളിയനാ പപ്പടോം തിന്നു......... ഞാൻ പരിസരം മറന്നൊരൊറ്റ ക്കരച്ചിലാണ്.
"എന്താ ഇങ്ങള് പപ്പടോം കയ്യീ പിടിച്ചിരുന്ന് കിനാവ് കാണാ.... "ഭാര്യ തട്ടി വിളിച്ചപ്പോളാണ് എനിക്ക് പരിസരബോധം വന്നത്. "എന്താ നിങ്ങൾ ഉച്ചക്ക് ലീവാ ? ഓഫീസിൽ പോകണ്ടേ.... ഉണ്ണാൻ വന്നിട്ട് നേരം കുറെയായില്ലേ .. എന്തു പറ്റി?"
"ഒന്നൂല്ല ലീവല്ല.... ദേ പോവ്വാ "
കഷ്ടപ്പെട്ട് പഠിച്ച് ജോലി സമ്പാദിച്ച എന്നെ കല്യാണം കഴിച്ചു വന്ന, കാശുള്ള വീട്ടിൽ ജനിച്ചു വളർന്ന ഇവൾക്കു പപ്പടക്കഥ വല്ലതും പറഞ്ഞാൽ അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാകുമോ?
By: Sushama PK @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക