നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരമാലകളും സദാചാരവും...

Image may contain: 1 person, smiling, outdoor
''ബെവ്‌യ്ന്യു ഡോണ തോപ്പെയ്? " "കമാലി വ്യൂ? " ...ഞങ്ങളുടെ നാട്ടിലേയ്ക്ക് സ്വാഗതം, സുഖം തന്നെയല്ലേ... ? അതാണർത്ഥം. അവരെ കണ്ടപ്പോഴേ ഞാനൂഹിച്ചു ഫ്രാൻസിൽ നിന്നുള്ളവരാണെന്ന്...
നോക്കൂ എന്റെ ഊഹം തെറ്റിയിട്ടില്ല. അറബിക്കടലിന്റെ റാണിയെ തേടിവന്ന ഫ്രഞ്ച് സഞ്ചാരികളായ, ലൂയിയും ഗബ്രിയേലയും ആണവർ.
മാലിനി കൈവീശി അവരെ യാത്രയാക്കി. തിരമാലകളപ്പോൾ അവരുടെ നഗ്നപാദങ്ങളെ മൃദുവായ് ചുംബിച്ചു തിരികെപ്പോയി...
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് നിനക്ക് തോന്നുന്നുണ്ടോടാ..?"
അറബിക്കടലിലേക്ക് താഴ്ന്നിറങ്ങുന്ന അസ്തമയസൂര്യനിലേയ്ക്ക് നോക്കി മാലിനി ചോദിച്ച, ആ ചോദ്യം കേട്ടിട്ട് അലോഷിയ്ക്ക് ചിരി വന്നില്ല...കാരണം അവനും അതുതന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. " സത്യത്തിൽ സ്വാതന്ത്ര്യം കിട്ടിയ നാടാണോ നമ്മുടേത്???"
കടൽതീരത്തൂടെ കുളിർകാറ്റുകൊണ്ട് നടക്കാൻ ഇറങ്ങിയതായിരുന്നു മാലിനിയും അലോഷിയും ... പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ച..
ദീർഘകാലമായുള്ള ഒരു സ്വപ്നം... ഒരുമിച്ച് അസ്തമയം കാണുക എന്നത് സാക്ഷാത് കരിക്കാൻ എത്തിയതായിരുന്നു അവർ.... അല്ലെങ്കിലും ഒരുമിച്ച് ഉദയം കാണാനുള്ള വിധി അവർക്കില്ലായിരുന്നല്ലോ....
ഏതാനും ചുവടുമാറി തങ്ങളെ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരോട് അവർക്ക് ഉള്ളിൽ പുച്ഛം തോന്നി. എന്തിനാണ് ഇങ്ങനെ ഒരു കാവൽ? ഇവരുടെ ജാഗ്രതയുടെ സൂചിമുനകളിൽ ആണോ സദാചാരത്തിന്റെ താക്കോൽ തൂക്കിയിട്ടിരിക്കുന്നത്?!
" നീ ഉത്തരം പറഞ്ഞില്ലല്ലോ? ... എന്ത്യേ നീ തിരകൾ എണ്ണുകയാണോ അലോഷീ? " അവൾ ചോദിച്ചു. അപ്പോൾ അവനൊരു കുസൃതി തോന്നി... മാലിനീ, നീ അത് കണ്ടോ, ഇപ്പോൾ പന്തെന്റെറ കോർട്ടിലാണ്... അത് പറഞ്ഞുകൊണ്ട് എതിരെ വരുന്ന സ്പാനിഷ് ദമ്പതികളിലേക്ക് അവൻ വിരൽചൂണ്ടി.
ഒരു മന്ദസ്മിതത്തോടെ അവർക്ക് ഹസ്തദാനം ചെയ്ത്..."തേ ആ ഗുസ്താദൊ മി തിയറ, എസ് മുയി ബൊനീത്ത നോ? " സ്പാനിഷ് സഞ്ചാരികളായ സാന്റിയാഗോയും മിലിയും...അവന്റെ കുശലാന്വേഷണങ്ങൾക്ക് സന്തോഷത്തോടെ മറുപടി ചൊല്ലി കടന്നുപോയി...
സദാചാര ഗുണ്ടകൾ ബോറടിച്ച് നാരങ്ങാവെള്ളം തേടിപ്പോയപ്പോൾ... പൊട്ടിച്ചിരികളും സന്തോഷവും നിറഞ്ഞ ആ നിമിഷങ്ങൾ ഒരു ഗ്രൂപ്പ് സെൽഫിയിൽ അവസാനിച്ചപ്പോൾ... പതിനാല് വർഷം മുൻപുള്ള ഒരു നിമിഷത്തിൽ, രണ്ടുപേരുടെയും മുഖം പതിഞ്ഞ മറ്റൊരു ചിത്രത്തെ കുറിച്ചായിരുന്നു മാലിനി അപ്പോൾ ഓർത്തത്...
അലങ്കരിച്ച മട്ടാഞ്ചേരി പള്ളി... ക്രിസ്റ്റിയുടെ താലിയ്ക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന മാലിനി... അൾത്താരയിൽ അച്ചന്റെ സഹായിയായി അലോഷിയും. കാഴ്ചയും കാഴ്ചക്കാരനു ഒരുമിച്ച് ഒരു ചിത്രത്തിൽ.
സ്പാനിഷ് ദമ്പതികൾക്ക് വിടചൊല്ലി വീണ്ടും അസ്തമയ സൗന്ദര്യത്തിലേക്ക്... തീരത്തണഞ്ഞ തിരമാലകൾ അവരുടെ സൗഹൃദം കണ്ട് അസൂയപ്പെട്ടെന്ന പോലെ വീണ്ടും വീണ്ടും വന്നലച്ചുകൊണ്ടേയിരുന്നു...
പാരീസിന്റെ ദത്തുപുത്രിയും, അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമായ മാലിനിയുടെയും മാൻഡ്രിഡിൽ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ആയ അലോഷ്യസിന്റെയും സംസാരത്തിൽ അവരുടെ വർത്തമാനകാലത്തിലെ തിരക്കുകളോ, ആകുലതകളോ കടന്നുവന്നതേയില്ല. നഷ്ടപ്പെട്ടുപോയ ബാല്യകാലത്തെ തിരകൾ തിരയുകയായിരുന്നു അവരപ്പോൾ...
ഒരു ഇളംകാറ്റിന് കടന്നുപോകാൻ ഒരു വിടവ് മനപ്പൂർവ്വം, രണ്ടുപേരും അവർക്കിടയിൽ സൂക്ഷിച്ചിരുന്നതും, അവർ ഒരിക്കലും കൈകൾകോർത്ത് പിടിക്കുകയോ അവളുടെ മുടിയിഴകൾ അവൻറെ മുഖത്തിനെ സ്പർശിക്കുകയോ ചെയ്തില്ല എന്നതിനാലും, ദുരൂഹമായ എന്തോ ഒന്ന് അവരുടെ ഇടയിൽ ഉണ്ടെന്നും, അത് ഉടനെ തന്നെ വെളിച്ചത്ത് കൊണ്ടുവരണമെന്നും ഉള്ള ഉദ്ദ്യേശത്താൽ സദാചാര ഗുണ്ടകൾ വീണ്ടും അവർക്കായി വലവിരിച്ചു !
"എനിക്ക് ഈ എത്തിനോട്ടത്തിനോട് അറപ്പ് തോന്നുന്നു അലോഷീ... ഒരുപക്ഷേ കളക്ടറുടെ പോലെയുള്ള നിന്റെയീ ഗെറ്റപ്പും എന്റെയീ മോഡൽ ലുക്കും ആകാം അതിനു കാരണം അല്ലേ...?"
അവരുടെ പൊട്ടിച്ചിരി അകലങ്ങളിൽ നിന്നും വന്ന തിരമാലകൾ ഏറ്റെടുത്ത് ഭൂഖണ്ഡങ്ങളുടെ അപ്പുറത്തേക്ക് കൊണ്ടുപോയി...
"മലിനീ.. . അല്ലെങ്കിലും ഈ ഉപഭൂഖണ്ഡത്തിന് സദാചാരം ഇത്തിരി കൂടുതലാണല്ലോ? ഒരാണും പെണ്ണും അടുത്തിടപഴകിയാൽ തകർന്നടിയുന്ന സദാചാരമാണല്ലോ ഞാനും നീയും ജനിച്ചുവീണ ഈ മണ്ണിന്റേത്? ആരും അത് സമ്മതിച്ചു തരുകയില്ലെങ്കിലും... "
"എടാ അലോഷീ നിനക്ക് എപ്പോഴാണ് ഇത്രയും ഗ്ലാമർ വച്ചത് ?!"
"വേണ്ട വേണ്ട, നിന്റെയാ പഴയ 'ഉരുളക്കിഴങ്ങ്' എന്നുള്ള വിളിതന്നെ തന്നെ മതിയെടി.. " അവൻ പറഞ്ഞു...
"എടാ നിനക്ക് പൊട്ടറ്റോയുടെ സ്പെല്ലിംഗ് അറിയാമോ? ഉരുളക്കിഴങ്ങു കൊണ്ടുള്ള വിഭവങ്ങൾ എന്തെല്ലാം തുടങ്ങി ഒളിഞ്ഞും തെളിഞ്ഞുമുള്ള നിങ്ങളുടെ കളിയാക്കലുകൾക്ക് മുന്നിൽ , പൊക്കം കുറഞ്ഞു ആവശ്യത്തിൽ കൂടുതൽ വണ്ണമുണ്ടായിരുന്ന ഞാൻ കൂട്ടുകാരുടെ മുൻപിൽ എത്രമാത്രം ചൂളി പോയിരിക്കുന്നു എന്നോർക്കുമ്പോൾ..
" അവൻ ആ കാര്യം ഓർത്ത് അസഹ്യതയോടെ ചുമലുകൾ മുകളിലേക്ക് ഉയർത്തി. എന്നിട്ട് തുടർന്നു...
"എടീ, അല്ലെങ്കിൽ തന്നെ ഏതു പട്ടിക്കും ഒരു ദിവസം ഉണ്ടെന്നല്ലേ?? കേട്ടിട്ടില്ലേ പൊട്ടറ്റോ വെഡ്ജ്സ്, ഫ്രഞ്ച് ഫ്രൈ, സായിപ്പിന് ഇപ്പോഴും പൊട്ടറ്റോ തന്നെ പ്രിയം ... ലുക്കിൽ മാത്രമേ മാറ്റം ഉള്ളൂ ഉള്ളിൽ ഇന്നും ആ പഴയ പൊട്ടറ്റോ തന്നെ ഞാൻ.. . "
"മാലിനി നീ ഓർക്കുന്നുവോ പണ്ടു നമ്മൾ കാർണിവൽ കാണാൻ ഇവിടെ ഈ ഫോർട്ട് കൊച്ചി ബീച്ചിൽ വന്നത്.. അന്ന് നിന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയതെന്താണെന്ന് നിനക്ക് ഓർമ്മയുണ്ടോ? " അപ്പോൾ അവളുടെ മുഖം നാണം കൊണ്ടോ എന്തോ വല്ലാതെ തുടുത്തു.
കാർണിവലിൽ പട്ട് സാരി ചുറ്റി, നിറയെ ആഭരണങ്ങൾ ധരിച്ച് മുഖത്ത് ആവശ്യത്തിലേറെ മേക്കപ്പ് വാരിവിതറിയ പെണ്ണുങ്ങളെ കണ്ടപ്പോൾ അതിശയത്തോടെ നോക്കിയ താൻ 'ഹിജഡ' എന്ന വാക്കുകേട്ട് കണ്ണുമിഴിച്ചത് അവളുടെ ഓർമ്മയിലേക്ക് വന്നു.
അലോഷീ, പിന്നീട് നീ ആ ജന്മരഹസ്യം പറഞ്ഞുതന്നതും, പിറ്റേദിവസം ലീലാമ്മ ടീച്ചർ ചെമ്പരത്തി പൂവിൻറെ പരിച്ഛേദം ചിത്രം വരച്ചു വിവരിച്ചപ്പോൾ, എഴുന്നേറ്റുനിന്ന് ടീച്ചറേ ചെമ്പരത്തിപ്പൂ 'ശിഖണ്ഡി 'ആണോ എന്നും, അതുകൊണ്ടാണോ അതിൽവിത്തുകൾ ഉണ്ടാകാത്തത് എന്നും ചോദിച്ചതും ... ടീച്ചറുടെ തീപാറുന്ന നോട്ടവും ഇന്നലെയെന്നപോലെ അവളുടെ മുന്നിലേക്കോടി എത്തി.
"നീ അറിഞ്ഞോ കന്യാകുമാരിയിൽ വള്ളുവനാർ പ്രതിമവന്നത്? "അവൾ ചോദിച്ചു.
" മലിനീ, നീ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണോ? അത് അവിടെ വന്നിട്ട് വർഷങ്ങളായി... അടുത്ത തവണ നമുക്ക് ഒരുമിച്ചുപോകാം...ഒറ്റയ്ക്കുള്ള യാത്രകൾ മടുപ്പായിത്തുടങ്ങിയിരിക്കുന്നു... നമുക്കൊന്ന് പ്ലാൻ ചെയ്യാം..തൃവേണിസംഗമത്തിലെ തിരമാലകൾ... അതിനായി നമുക്ക് കാത്തിരിക്കാം.."
"സൂര്യൻ പൂർണമായും കടലിൽ താഴ്ന്നുകഴിഞ്ഞു.. അല്ല ഭൂഗോളത്തിന്റെ മറുഭാഗത്തേയ്ക്ക് യാത്രയായി... അതല്ലേ ശരി, അലോഷീ ?"
"സൂര്യനല്ല, ഭൂമിയാണ് സൂര്യനെ വിട്ടുപോയത്... സൂര്യൻ എന്നും അവിടെത്തന്നെയുണ്ടല്ലോ, എങ്ങും പോകാതെ, ഇമ ചിമ്മാതെ, ചൂടും വെളിച്ചവും പിന്നെ എല്ലാമെല്ലാമായി... "
അവൾ ഭൂമിയിലേയ്ക്ക് നോക്കിയാണ് അപ്പോൾ നടന്നിരുന്നത്...അതേ ആർക്കും സ്വന്തമല്ലാത്ത ഭൂമി...സർവ്വംസഹയായ ഭൂമി...വെട്ടിപ്പിടിച്ച ഭൂമി... അതിൻറെ അളന്നുമുറിച്ച അതിരുകളിൽ ചെന്ന് അവളുടെ ചിന്തകൾ അപ്പോൾ തളയ്ക്കപ്പെട്ടു.
സദാചാര പാലകർക്ക് വിറളിപിടിച്ചു, അവർ ചാടി വീണു. " ഇതൊന്നും ഇവിടെ നടക്കില്ല കേട്ടോ.. സന്ധ്യാസമയത്തെ കറക്കവും ഇരുട്ടിന്റെ മറവിലെ കച്ചവടവും... അത്രയും പുരോഗമനമൊന്നും ഇവിടെയായിട്ടില്ല മാഡം....ഇത് കൊച്ചിയാ കൊച്ചി... ബാംഗ്ലൂരോ മുംബൈയോ അല്ല...അല്ല സാറേ ഇനി നിങ്ങൾ വല്യ കളക്ടർ ആണെങ്കിലും ഇതൊന്നും ഞങ്ങൾ സമ്മതിക്കില്ല... "
ആർത്തിരമ്പി തങ്ങളെ വിഴുങ്ങാൻ ആഞ്ഞടിച്ചുയരുന്ന തിരമാലകൾ ഇതിലും എത്രയോ ഭേദം.. നാലുപാടും മിന്നി തെളിയുന്ന മൊബൈൽ ഫ്ലാഷുകൾ.. ചൂടുള്ള വർത്തയ്ക്കായി ചുറ്റും കൂടിയവർ..
പെട്ടെന്നായിരുന്നു ഗബ്രിയേലയും ലൂയിസും ബഹളത്തിലേയ്ക്ക് കടന്നു വന്നത്. കൂടെ സാന്റിയാഗോയും മിലിയും..ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടുത്തിയ അവരോട് പറയാൻ അലോഷിയ്ക്ക് ഒരു ഉത്തരമേയുണ്ടായിരുന്നുള്ളൂ... ജന്മം കൊണ്ട് ഞങ്ങൾ ഈ നാട്ടുകാരായി പോയെന്ന ഒരേയൊരു കുറ്റം... അത് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ...
ചരിത്രം മണക്കുന്ന ഫോർട്ടുകൊച്ചിയുടെ വഴികളിലൂടെ മഴച്ചാറ്റലിൽ അവരുടെ ഇരുചക്രവാഹനം സഞ്ചരിക്കുമ്പോൾ സൗഹൃദം എന്നത്, കാണുന്നതിനും പറയുന്നതിനും അനുഭവിക്കുന്നതിനും അപ്പുറത്ത് മറ്റെന്തൊക്കെയോ ആണെന്ന് തിരിച്ചറിയുകയായിരുന്നു... അല്ല ആഘോഷിക്കുകയായിരുന്നു അവർ...
ദേഹത്തിനപ്പുറം ദേഹിയേയും പ്രണയത്തിനപ്പുറം... കറതീർന്ന സ്നേഹത്തെയും, കാമത്തിനപ്പുറം...
കരുതലിനേയും മനസ്സിലാക്കിയ, അല്ല തിരിച്ചറിഞ്ഞ രണ്ടുപേർ......തിരമാലകളും തീരവും പോലെ...ഇത്രയേറെ തീരത്തേക്ക് ആഞ്ഞടിച്ചാലും തിരിച്ചു പോകുന്ന തിരമാലകളെ പോലെ...
Lini Jose

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot