അധ്യായം-21
ദുര്‍ഗയുടെ ചിരിയിലെ ആ വശ്യഭാവം അഭിഷേകിനെ ആകര്‍ഷിച്ചു.
ആദ്യമായാണ് ദുര്‍ഗ തനിക്കൊരു ചിരിയെങ്കിലും വെച്ചുനീട്ടുന്നത്.
അതേറെ ഹൃദ്യമായി അവന് തോന്നി.
ഒരിക്കലും ഇണങ്ങാത്ത ഒരു മാന്‍കുട്ടി എന്നാണ് അവളെ പറ്റി കരുതിയിരുന്നത്.
എന്നാലിപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അവള്‍ വല്ലാതെ അടുത്തത് പോലെ.
ഹൃദയം തുറന്ന ഒരു മന്ദഹാസം അഭിഷേക് അവള്‍ക്ക് തിരികെ നല്‍കി.
ഇനി അവിടെ നില്‍ക്കാന്‍ പാടില്ലെന്ന് മനസിനെ ശാസിച്ചു.
അവളുടെ ഗുഡ് സര്‍ട്ടിഫിക്കേറ്റ് നേടുകയാണ് അടുത്തപടി
ഇന്നുവരെ കൂടെ വന്നതും ബലംപ്രയോഗിച്ചതുമായ ഒരു പെണ്ണിലും ദുര്‍ഗയോളം ആകര്‍ഷണം തോന്നിയ ഒരുത്തിയുമില്ലെന്നോര്‍ത്തപ്പോള്‍ മനസില്‍ അവേശം നുരഞ്ഞു.
ഇനി നിന്നെ അടുപ്പിക്കേണ്ട വഴി എനിക്കറിയാം. അവന്‍ നൊടിയിടകൊണ്ട് നൂറായിരം പദ്ധതികള്‍ ചിന്തിച്ചുകൂട്ടി.
വരട്ടെ ആവേശംകാണിക്കാന്‍ നിന്നാല്‍ അവള്‍ വഴുതിപ്പോകും.
അതിന് മുമ്പ് ഇരയെ ചൂണ്ടയില്‍ കുരുക്കിയിടണം.
ഒരു തവണയെങ്കിലും ആ ഭട്ടതിരിക്കുട്ടിയെ തന്റെ കിടക്കയിലെത്തിക്കണം.
കണക്കുകൂട്ടലുകളോടെ
അവന്‍ സ്റ്റെയര്‍കേസിറങ്ങി ഹാളിലെത്തി.
അപ്പോള്‍ ക്ലാസ് കഴിഞ്ഞ് സ്വാതിയും ജാസ്മിനും നേഹയും വാതില്‍ കടന്നു വന്നു
അഭിഷേകിനെ കണ്ട് അവരുടെ മുഖം വിളറി.
അഭിഷേകും ഒന്നു വിളറി
തിയേറ്ററില്‍ വെച്ച് സ്വാതിയോട് മോശമായി പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് അവന് തോന്നി
ആദ്യം ദുര്‍ഗയെ ലക്ഷ്യം വെക്കണമായിരുന്നു.
സ്വാതിയും നേഹയും ജാസ്മിനുമെല്ലാം കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളാണ്.
ഓരോരോ ചൂണ്ടയെറിഞ്ഞ് ഓരോന്നിനെയായി പിടികൂടണം.
അതിനാദ്യം ക്ഷമയായിരുന്നു വേണ്ടത്.
പക്ഷെ അന്ന് സ്വാതി അടുത്തിരുന്നപ്പോള്‍ , അവളുടെ ഗന്ധം നാസികയിലേക്കെത്തിയപ്പോള്‍ നിയന്ത്രണം വിട്ടുപോയി.
അവള്‍ സഹകരിക്കുമെന്നാണ് കരുതിയത്.
എതിര്‍ത്തപ്പോള്‍ വാശി തോന്നി
അതാണ് ഭീഷണിപ്പെടുത്താന്‍ ഇടയാക്കിയത്. അത് കൂട്ടുകാരികളോട് പറഞ്ഞെങ്കില്‍ തന്നെ സ്വയം വിശുദ്ധനാക്കാന്‍ ഒരു വഴി കണ്ടെത്തിയേ പറ്റൂ.
നിമിഷനേരം കൊണ്ട് അതിനുള്ള ഐഡിയ അവന്റെ മനസില്‍ തെളിഞ്ഞു.
' ഹായ് സ്വാതീ'
പെട്ടന്നു തന്നെ ഉറക്കെ വിളിച്ചു കൊണ്ട് അവന്‍ അവരുടെ അടുത്തേക്ക് ചെന്നു.
പെണ്‍കുട്ടികള്‍ വഴി തടസപ്പെട്ട് നിന്നു.
' പിണക്കമാണോ' അടുത്ത് ചെന്ന് അവന്‍ സ്വാതിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.
സ്വാതി അവനെ മൈന്‍ഡ് ചെയ്തതേയില്ല
' നോക്ക് ജാസ്.. ഇവളെ ഒന്നു പേടിപ്പിക്കാന്‍ തീയേറ്ററിനകത്ത് വെച്ച് ഞാനൊരു കുസൃതി കാണിച്ചു. പിന്നെ ഒന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു' നിഷ്‌കളങ്കതയ്‌ക്കൊപ്പം കുസൃതിയും അല്‍പ്പം കുറ്റബോധവും കൂടി ചേര്‍ത്താണ് അവനത് പറഞ്ഞത്.
രോഷം കൊണ്ട് നില്‍ക്കുകയായിരുന്ന ജാസ്മിനും നേഹയും അവനെ വിശ്വസിക്കാനാവാതെ നോക്കി
'സോറി.. സ്വാതി തിരിച്ച് എന്നോട് ദേഷ്യപ്പെടുമെന്നാണ് കരുതിയത്. പക്ഷേ അവള്‍ പിണങ്ങി.. ന്റെ തമാശ കൈവിട്ടു പോയത് പോലെ. അാം വെരി സോറി സ്വാതീ.. ' വിഷമത്തോടെ അഭിഷേക് അവളെ നോക്കി
നേഹയും ജാസ്മിനും അമ്പരപ്പോടെ നിന്നു
സ്വാതി എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു അവരുടെ ആശങ്ക
അവള്‍ പക്ഷെ പെട്ടന്ന് മുഖത്ത് ഒരു ചിരി വരുത്തി
' ഞാന്‍ പേടിച്ചു പോയി അഭിയേട്ടാ.. ഇറ്റ്‌സ് ഓകേ.. നമുക്ക് കാണാം'
സ്വാതിയുടെ ഭാവം അഭിഷേകിനെ ആശ്വസിപ്പിച്ചു
ദുര്‍ഗ അടുപ്പം കാണിച്ച സ്ഥിതിയ്ക്ക് സ്വാതിയോടുള്ള പെരുമാറ്റം ഒരു തടസമായി വരരുത്.
' താങ്ക്‌സ് സ്വാതി.. ഇനിയൊരിക്കലും എന്നില്‍ നിന്നൊരു മോശം അനുഭവം ഉണ്ടാകില്ല.. സ്വാതിയോട് എനിക്കിപ്പോള്‍ റെസ്‌പെക്ട് തോന്നുന്നു'
സമാധാനഭാവം മുഖത്ത് വരുത്തി അവന്‍ ചിരിച്ചു.
' എന്നാല്‍ മൂന്നുപേരും ചെന്ന് ഫ്രഷായിട്ട് വരൂ.. ഞാന്‍ പോകാനിറങ്ങിയതാണ്. പിന്നെ കാണാം'
അവന്‍ യാത്ര പറഞ്ഞു.
' ഓ.കെ.. കാണാം' ജാസ്മിനും സമ്മതിച്ചു.
ഊര്‍മിളയോട് യാത്ര പറയാനായി അവന്‍ അവരുടെ ബെഡ്‌റൂമിലേക്ക് പോയി.
ആ പോക്ക് അല്‍പ്പനേരം വീക്ഷിച്ചതിന് ശേഷം മൂന്നുപേരും മുകളിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി.
' അയ്യേ... നമ്മളെന്തൊക്കെ തെറ്റിദ്ധരിച്ചു.. അഭിയേട്ടന്‍ വെറുതെ സ്വാതിയെ പരീക്ഷിച്ചതാണ്'
റൂമിലേക്ക് നടക്കുന്നതിനിടെ നേഹ പറഞ്ഞു
ജാസ്മിന്റെ മുഖത്തൊരു സംശയം തങ്ങി നിന്നു
' ശരിയാണോ സ്വാതീ.. അഭിഷേക് പറഞ്ഞത്.. അയാളന്ന് കാട്ടിക്കൂട്ടിയതൊക്കെ ഒരു തമാശയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ'
ജാസ്മിന്‍രെ ചോദ്യം കേട്ട് സ്വാതി മുഖം ചെരിച്ച് അവളെ നോക്കി
' അറിഞ്ഞിട്ടിപ്പോ എന്താ കാര്യം'
അവള്‍ ശബദം കൂര്‍പ്പിച്ചു
' ഒന്നിനുമല്ല.. വൃത്തികെട്ടവനാണെന്ന് തന്നെ തോന്നുന്നുണ്ടെങ്കില്‍ പഴയ ഫ്രണ്ട്ഷിപ്പ് കണ്ടിന്യൂ ചെയ്യണ്ടല്ലോ'
' അഭിഷേക് നല്ലവനാണെങ്കിലും അല്ലെങ്കിലും ഇനിയാ ഫ്രണ്ട്ഷിപ്പ് നമുക്ക് വേണ്ട.. ദുര്‍ഗയുടെ സ്റ്റാന്‍ഡാണ് നല്ലത്. അപരിചിതരുമായി ഒരടുപ്പത്തിനും അവള്‍ പോകാറില്ല.. നമുക്കും അതുമതി.. ഇയാളോട് ഇനി ഒരുവിധ ബന്ധത്തിനും ഞാനില്ല' സ്വാതി തീര്‍ത്തു പറഞ്ഞു.
അഭിഷേകിന്റെ പെരുമാറ്റം അവളെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നെന്ന് നേഹയും ജാസ്മിനും അറിഞ്ഞു.
' അതാണ് അതിന്റെ ശരി.. നമുക്കെന്തിനാ വേറേ ഫ്രണ്ടസ്.. നമ്മുടെ ഫോര്‍ 'ദി ഗേള്‍സ്' കൂട്ടുകെട്ട് മാത്രം മതി.. ആണ്‍കുട്ടികളുടെ സൗഹൃദം വേണമെങ്കില്‍ അതിന് കോളജ് നിറച്ചും കുട്ടികളില്ലേ.. '
നേഹ ഏറ്റുപിടിച്ചു
കൂട്ടുകാര്‍ക്ക് അത് സമ്മതമായിരുന്നു.
' ശരിയാ.. ഒന്നാമത് ദുര്‍ഗയ്ക്ക് അഭിഷേകിനെ കണ്ണെടുത്താല്‍ കണ്ടുകൂടാ.പിന്നെ നമ്മളെന്തിനാ അവനോട് കൂട്ടുകൂടി നമ്മുടെ പാവം തങ്കത്തെ വിഷമിപ്പിക്കുന്നത്.'
ജാസ്മിന്റെ പറച്ചില്‍ കേട്ട് നേഹയും സ്വാതിയും ചിരിച്ചു.
അവരുടെ സംസാരം കേട്ട് വയലിനുമായി ദുര്‍ഗ ധ്വനിയുടെ വയലിനുമായി പുറത്തേക്കിറങ്ങി വന്നു
' അയ്യോ.. ഇതെന്താ വയലിനോ'
സ്വാതി അവള്‍ക്കടുത്തേക്ക് ഓടിച്ചെന്നു
' ഇതാരുടെയാ' സ്വാതി അത്ഭുതത്തോടെ തിരക്കി
' ധ്വനിയുടെ'
ദുര്‍ഗ ചിരിച്ചു.
സ്വാതിയുടെ മുഖത്ത് വെറുപ്പ് പ്രകടമായി
' എനിക്കതൊന്നും കാണുന്നതേ ഇഷ്ടമല്ല.. ആ തേപ്പുകാരിയുടെ കാര്യമോര്‍ത്താലേ എന്റെ മൂഡ് പോകും' സ്വാതി വെട്ടിത്തിരിഞ്ഞ് അവരുടെ റൂമിലേക്ക് പോയി.
ദുര്‍ഗ തനിക്ക് പിന്നില്‍ നിന്ന ധ്വനിയുടെ മുഖത്തേക്കൊന്നു നോക്കി.കടുന്നല്‍ കുത്തേറ്റത് പോലെ വീര്‍ത്ത ഭാവം.
റൂമിനുള്ളില്‍ പെട്ടന്നൊരു കാറ്റ് വട്ടം ചുറ്റി.
ചുവരിലിരുന്ന കപ്പലിന്റെ ആകൃതിയുള്ള വാള്‍ക്ലോക്ക് നിലത്തേക്ക് വീണു.
ദുര്‍ഗ ഭയന്നു പോയി.
അല്‍പ്പം ശാസനയോടെ അവള്‍ ധ്വനിയെ നോക്കി.
പിന്നെ അകത്തേക്ക് ചെന്ന് കുനിഞ്ഞ് ആ ഘടികാരം എടുത്ത് പരിശോധിച്ചു.
' പൊട്ടിയിട്ടില്ല ഭാഗ്യം.. എന്നാലും ഇതെങ്ങനെയാ നിലത്ത് വീണത്'
അവള്‍ക്കൊപ്പം ചെന്ന നേഹ അത്ഭുതപ്പെട്ടു.
' ആ.. ഈ വീടിനൊരു പ്രത്യേകതയുണ്ട് ചിലപ്പോഴൊക്കെ വല്ലാത്തൊരു കാറ്റു വീശും'
ജാസ്മിന്‍ ആ ക്ലോക്ക് വാങ്ങി മേശപ്പുറത്ത് വെച്ചു.
ദുര്‍ഗ തിരിഞ്ഞ് ധ്വനിയെ നോക്കി.
ഇപ്പോള്‍ മുഖത്ത് കുസൃതിച്ചിരിയാണ്.
സ്വാതിയോടു തോന്നിയ ദേഷ്യം മാറിക്കാണും.
സാരമില്ലെന്ന് ദുര്‍ഗ ഒരു കണ്ണ് അടച്ചുകാട്ടി
ധ്വനി തലയാട്ടി.
' നീയെന്താ തങ്കം നിന്ന് ഗോഷ്ഠി കാണിക്കുന്നത്'
ജാസ്മിന്‍ അവളുടെ ചുമലില്‍ ഒരടി വെച്ചു കൊടുത്തു.
' ഏയ്' ദുര്‍ഗ ചിരിച്ചു
എങ്കിലും ദുര്‍ഗയില്‍ പെട്ടന്നൊരു ജാഗ്രത പ്രകടമായി.
' ഈ വയലിനെങ്ങനെ സംഘടിപ്പിച്ചു.. നിനക്കിത് വായിക്കാനറിയ്യോ'
ജാസ്മിന്റെ കണ്ണുകളില്‍ കൗതുകം നിറഞ്ഞു. അവള്‍ വയലിന്‍ വാങ്ങി പരിശോധിച്ചു.
ദുര്‍ഗ വീണ്ടും ധ്വനിയെ നോക്കി.
ആ മുഖത്തെ ചിരി മാഞ്ഞിരുന്നു.
ജാസ്മിന്റെ പ്രവൃത്തി അവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി.അവളുടെ വയലിന്‍ അപരിചിതയായ ഒരുത്തി സ്പര്‍ശിച്ചത് ഇഷടമായിട്ടില്ല.
വീണ്ടും ഒരു കാറ്റില്‍ ജാലക വിരികള്‍ പറന്നു.
മേശപ്പുറത്ത് വെച്ച വാള്‍ ക്ലോക്ക് പിന്നെയും നിലത്തേക്ക് വീണു'
' ഈ റൂമിലെന്താ പ്രേതം ഉണ്ടോ' ജാസ്മിന്‍ അമ്പരപ്പോടെ നേഹയെ നോക്കി.
' പിന്നേ പ്രേതം.. ഒന്നല്ല ദേ ഇപ്പോ മൂന്ന് പ്രേതമുണ്ട്' നേഹ അവളെ പരിഹസിച്ചു.
' അതിങ്ങ് താ.. ഞാന്‍ കാണിച്ചു തരാം എങ്ങനെയാ വയലിന്‍ വായിക്യാന്ന്'
വിഷയം മാറ്റാനായി ദുര്‍ഗ സൂത്രത്തില്‍ അത് ജാസ്മിന്റെ കൈയ്യില്‍ നിന്നും തിരിച്ചു വാങ്ങി.
ജാസ്മിനും നേഹയും കൗതുകത്തോടെ നിന്നു.
' വണ്‍മിനിറ്റ്' ദുര്‍ഗ പറഞ്ഞു
പിന്നെ വയലിന്‍ കഴുത്തടിയിലേക്ക് അമര്‍ത്തിവെച്ചു.
നേര്‍ത്ത കമ്പികള്‍ തമ്മിലുരഞ്ഞു.
പിന്നെ അവിടെ നിന്നും ഉയര്‍ന്നത് മധുരമായ നാദധാരയാണ്.
' വൗ' അതു നിലച്ചതും നേഹയും ജാസ്മിനും കൈയ്യടിച്ചു.
' നീ ആള് കൊള്ളാമല്ലോ'
ജാസ്മിന്‍ അമ്പരപ്പു വിട്ടുമാറാതെ കൂട്ടുകാരിയെ അഭിനന്ദിച്ചു.
' ഇക്കൊല്ലത്തെ കോളജ് ഡേ വരട്ടെ.. നീയാണ് അവിടുത്തെ താരം.. വയലിന്‍, നൃത്തം എന്തൊക്കെയാ നിന്റെ കൈയ്യിലുള്ളത്... വലിയേടത്തെ കുട്ടിയായാല്‍ മതിയായിരുന്നെന്ന് നിന്റെയീ കഴിവ് കാണുമ്പോഴാ കൊതിയായി പോകുന്നത്'
' താങ്ക്‌സ് .. നില്‍ക്ക് ഞാനീ വയലിന്‍ എടുത്ത സ്ഥലത്ത് തന്നെ വെച്ചിട്ട് വരാം'
ദുര്‍ഗ അതുമായി ധ്വനിയുടെ റൂമിലേക്ക് തന്നെ കയറിപ്പോയി
ധ്വനി ഒരു മിന്നല്‍ പോലെ അവളുടെ അടുത്ത് വന്നു നിന്നു.
ദുര്‍ഗ വയലിന്റെ റാക്കിലേക്ക് അതു ഭദ്രമായി എടുത്തു വെക്കുകയായിരുന്നു
' ദുര്‍ഗ നര്‍ത്തകിയാണല്ലേ'
ധ്വനി തിരക്കി
' പ്രേതങ്ങള്‍ക്ക് അതറിയാനുള്ള കഴിവൊന്നുമില്ലേ'
വല്ലാത്തൊരു ലാഘവത്തോടെ ചിരിച്ചു കൊണ്ടായിരുന്നു ദുര്‍ഗയുടെ ചോദ്യം.
ധ്വനിയുടെ മുഖത്തും ചിരി വിടര്‍ന്നു.
' പ്രേതമല്ല.. നിഴല്‍ ഒരു നിഴല്‍ മാത്രം'
' പക്ഷേ ജീവിച്ചിരിക്കുന്ന ഞങ്ങളൊക്കെ ആ നിഴലിനെ പ്രേതമെന്നാ വിളിക്കുക'
അവള്‍ ധ്വനിയെ നോക്കി ചിരിച്ചു
' ഒരു പനിനീര്‍പ്പൂവ് വിടരുന്നത് പോലെയാണ് ദുര്‍ഗയുടെ ചിരി.. വെറുതെയല്ല അഭിഷേക് ആ ചിരിയില്‍ വീണത്'
ധ്വനി പ്രശംസിച്ചു
ആ വാക്കുകള്‍ ദുര്‍ഗയെ ചിരിപ്പിച്ചു
' നേര്‍ച്ചക്കോഴിയാണെന്ന് അവനറിയില്ലല്ലോ..' ദുര്‍ഗ അറിയാതെ അല്‍പ്പം ശബ്ദമുയര്‍ത്തിയാണ് പറഞ്ഞത്.
' നേര്‍ച്ചക്കോഴിയോ.. ആര്..'
ജാസ്മിന്‍ അവളുടെ നേരെ നടന്നു വന്നു.
ധ്വനി നില്‍ക്കുന്നിടത്തേക്കാണ് അവള്‍ വന്നത്.
ധ്വനിയുടെ ശരീരത്തിനുള്ളിലൂടെ ജാസ്മിന്‍ കയറി ഇറങ്ങുന്നത് കണ്ട് ദുര്‍ഗ ഭയന്നു പോയി.
' നീയാരോടാ സംസാരിച്ചത്'
അതൊന്നുമറിയാതെ ജാസ്മിന്‍ സംശയത്തോടെ നോക്കി.
അവളുടെ ചോദ്യം കേട്ട് ദുര്‍ഗയുടെ മുഖം പരിഭ്രമത്തില്‍ മുങ്ങി.
' ഞാന്‍ എന്നോട് തന്നെ സംസാരിച്ചതാണ് എന്റെ ജാസ്... '
ദുര്‍ഗ പൊട്ടിച്ചിരിക്കുന്നതായി ഭാവിച്ചു.
' ആത്മഗതം' ജാസ്മിന്‍ ശാസനയോടെ ഉച്ചരിച്ചു.
' നിന്റൊരു ആത്മഗതം.. കുറച്ച് നാളായിട്ട് നിന്റെ ആത്മഗതമിത്തിരി കൂടുതലാ..ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന് വേണ്ട'
ഒന്നുമറിയാതെയാണ് ജാസ്മിന്‍ പറഞ്ഞതെങ്കിലും ദുര്‍ഗയുടെ മുഖം വിളറി.
....... ............... ................ ............
ക്ലാസ് കഴിഞ്ഞ് ദുര്‍ഗ ഇറങ്ങിയതും മൊബൈലില്‍ മഹേഷ് ബാലന്റെ മെസേജെത്തി
' സ്‌കൂട്ടി നേഹയുടെ കൈയ്യില്‍ കൊടുത്തുവിട്ടേക്ക്.. ഞാനിവിടെ വെയ്റ്റ് ചെയ്യുന്നുണ്ട്'
അതു വായിച്ചതും അവളുടെ മുഖം ചുവന്നു.
സ്വാതിയുടെ പ്ലഷറില്‍ കയറാന്‍ നില്‍ക്കുകയായിരുന്നു നേഹ.
സാധാരണ അങ്ങനെയാണ് പോക്കുവരവ്.
സ്വാതിയ്ക്കും ദുര്‍ഗയ്ക്കുമാണ് സ്‌കൂട്ടറുള്ളത്.
നേഹയും ജാസ്മിനും അവരുടെ പിന്നില്‍ കയറും.
മൊബൈലുമായി ദുര്‍ഗ നേഹയുടെ അടുത്തേക്ക് ചെന്നു
' ഇന്നെന്റെ ത്രീജിയെ നിനക്ക് വിട്ടുതരുന്നു.. എന്തുവേണമെങ്കിലുമായിക്കോളൂ'
ബാഗില്‍ നിന്ന് കീയെടുത്ത് നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു
' ഏട്ടന്‍ വന്നിട്ടുണ്ടാകുമല്ലേ'
സ്വാതി മുഖം വീര്‍പ്പിച്ചു
' എന്നെ കാണേണ്ടി വരില്ല മഹിയേട്ടന്'
' നീയിപ്പോഴേ നാത്തൂന്‍ പോര് തുടങ്ങാതെ ചെല്ല് പെണ്ണേ' ദുര്‍ഗ അവളുടെ ചുമലില്‍ ഒരടിവെച്ചു കൊടുത്തു.
കൂട്ടുകാരികള്‍ സ്‌കൂട്ടിയില്‍ കയറിയപ്പോള്‍ ദുര്‍ഗ കൈവീശി
അവള്‍ നടന്നു ചെന്ന് ക്യാംപസിന് പുറത്തു കടന്നു.
വീതി കുറഞ്ഞ ടാറിട്ട റോഡാണ് എഞ്ചിനീയറിംഗ് കോളജിന് പുറത്ത്.
അതിന്റെ ഒരരികില്‍ മഹേഷ്ബാലന്റെ കാര്‍ കിടപ്പുണ്ടായിരുന്നു.
ദുര്‍ഗ ചെന്ന് ഡോര്‍ തുറന്ന് അവന്റെ അടുത്തിരുന്നു.
മഹേഷ്ബാലന്‍ നേര്‍ത്ത പുഞ്ചിരിയോടെ അവളെ ഉറ്റു നോക്കി
' എന്താ ഒരു കള്ളനോട്ടം'
ദുര്‍ഗ അവനെ നോക്കി
' ഒന്നുമില്ല.. സ്വപ്‌നം കാണുകയാണോ എന്ന് ഒരു സംശയം.. നീയെന്റെ ലൈഫില്‍ നിന്ന് ഇറങ്ങിപ്പോയവളല്ലേ'
' പോയത് പോലെ തിരിച്ചു വന്നില്ലേ .. പിന്നെന്താ കുഴപ്പം.. '
ദുര്‍ഗയുടെ ചോദ്യം കേട്ട് മഹേഷ് ബാലന്‍ ചിരിച്ചു.
പിന്നെ മുഖംതാഴ്ത്തി അവളുടെ കവിളില്‍ ഒരു ചെറിയ ഉമ്മ നല്‍കി.
ദുര്‍ഗ അവന്റെ മുഖം പിടിച്ചുമാറ്റി
' ക്ലാസ് കഴിഞ്ഞ് കുട്ടികളെല്ലാം വരുന്ന സമയത്ത്.. കാറെടുക്ക് മഹിയേട്ടാ'
അവളുടെ ലജ്ജ പടര്‍ന്ന മുഖത്ത് നോക്കി ചിരിയോടെ മഹേഷ് കാര്‍ സ്റ്റാര്‍ട്ടു ചെയ്തു
' എന്തുപറ്റി എന്നെ ഉപേക്ഷിച്ചിട്ടിങ്ങ് തിരിച്ച് പോരാന്‍'
ഡ്രൈവ് ചെയ്യുന്നതിനിടെ അവന്‍ കൗതുകത്തോടെ അവളെ നോക്കി.
' ഒന്നുമില്ല.. ഓര്‍ത്തുനോക്കിയപ്പോള്‍ പാവം തോന്നി'
ദുര്‍ഗ പൊട്ടിച്ചിരിച്ചു
' എന്റെ വിധി.. വിധി തടുക്കാന്‍ ആര്‍ക്കും പറ്റില്ലല്ലോ'
മഹേഷ് ബാലന്‍ ആത്മനിര്‍വൃതിയോടെ ആ ചിരി കണ്ടു.
ഇങ്ങനെ അടുപ്പത്തോടെ യാത്ര ചെയ്തിട്ട് എത്രയോ നാളുകളായി.
വലിയേടത്ത് പോകുമ്പോള്‍ മനസ് നിറയെ വേവലാതിയായിരുന്നു.
തിരിച്ചു വരുമ്പോള്‍ വലിയമ്മാമ്മയേയും ദത്തേട്ടനെയും വേദനിപ്പിച്ചതോര്‍ത്ത് യാത്രയിലുടനീളം ദുര്‍ഗ കരച്ചിലായിരുന്നു.
എത്രയെത്ര സംഘര്‍ഷങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിടയില്‍ വീണ്ടും പ്രണയം പൂത്തു തളിര്‍ക്കുന്നത്.
' എന്താ ഒരു കള്ളനോട്ടം' ദുര്‍ഗ അവന് നേരെ കൂര്‍പ്പിച്ചൊരു നോട്ടമെറിഞ്ഞു.
' ഒന്നുകൂടി ഒന്നുമ്മ വെക്കാന്‍'
മഹേഷ് ബാലന്‍ ചിരിച്ചു
' അയ്യടാ.. എനിക്കറിയാം.. വലിയ ഉമ്മവെക്കലുകാരനാണെന്ന്. '
ദുര്‍ഗ മുഖംകോട്ടി
' ഉമ്മ വെക്കലുകാരനോ.. അതാര് പറഞ്ഞു.. അതും ഈ പാവം എന്നെ'
മഹേഷ് തമാശയോടെ അവളെ നോക്കി.
' എനിക്കെല്ലാം ്അറിയാം.. ഉമ്മ വെക്കല്‍ മാത്രമല്ല.. ' ദുര്‍ഗ മുഖം വെട്ടിച്ചു
' ഇതൊക്കെ ആരാ നിന്നോട് പറഞ്ഞത്'
' ധ്വനി' ദുര്‍ഗയുടെ ശബ്ദം മഹേഷ്ബാലനെ ഞെട്ടിച്ചു കളഞ്ഞു
' ധ്വനിയോ'
പാളിപ്പോയ സ്റ്റിയറിംഗ് കൈയ്യിലൊതുക്കിയാണ് മഹേഷ് തിരക്കിയത്.
അവന്റെ മുഖത്തെ സന്തോഷമെല്ലാം നൊടിയിട കൊണ്ട് അപ്രത്യക്ഷമായിരുന്നു.
' ധ്വനി എപ്പോള്‍ പറഞ്ഞു'
മഹേഷിന്റെ ഭാവം കണ്ട് ദുര്‍ഗ ഭയന്നു പോയി.
അതീവ ലോലമായി ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട പ്രണയനിമിഷങ്ങള്‍ക്കിടയില്‍ ്അറിയാതെ നാവു പിഴച്ചു.
' ദുര്‍ഗ' അസഹ്യതയോടെ മഹേഷ് വിളിച്ചു.
' ധ്വനി എപ്പോള്‍ പറഞ്ഞെന്ന്' മഹേഷ് ബാലന്റെ വാക്കുകളിലെ ക്രോധം അവളെ തൊട്ടു
' സ്വപ്‌നത്തില്‍.. '
ദുര്‍ഗ ശ്രമപ്പെട്ട് മുഖത്ത് ചിരിവരുത്തി.
' എന്താ എനിക്ക് സ്വപ്‌നം കാണാനും പാടില്ലേ'
മഹേഷിന്റെ മുഖത്ത് പതിയെ പതിയെ ഒരു ചിരി തെളിഞ്ഞു.
' അതൊക്കെ പോട്ടെ .. എവിടേ്ക്കാണ് ഈ യാത്ര.'
എങ്ങനെയെങ്കിലും വിഷയം വഴിതിരിക്കാനായി ദുര്‍ഗ തിരക്കി.
' സ്‌നേഹ തീരം'
മഹേഷ് വീണ്ടും കാമുകനായി.
' സ്‌നേഹതീരത്തോ.. ഞാന്‍ ആശിച്ചതാണ് ബീച്ചിലേക്കൊന്നു പോകാന്‍'
ഉത്സാഹത്തോടെയാണ് ദുര്‍ഗ പറഞ്ഞത്.
'മനസിലായില്ലേ.. തങ്കം ആഗ്രഹിക്കുമ്പോഴേ ഞാനതറിയും'
' താങ്ക്‌സ്' ദുര്‍ഗ ചിരിച്ചു
അവളുടെ കണ്ണുകളില്‍ അഭിമാനം തിളങ്ങി.
ഉച്ചച്ചൂടിന്റെ തീഷ്ണത വെടിഞ്ഞ കടല്‍തീരം മനോഹരമായിരുന്നു.
തെങ്ങുകള്‍ നിറഞ്ഞ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ ഒതുക്കിയിട്ട് ദുര്‍ഗയും മഹേഷ്ബാലനും ഇറങ്ങി.
ഓരോ ഐസ്‌ക്രീമും വാങ്ങി അവര്‍ തിരകള്‍ക്കു നേരെ നടക്കുമ്പോള്‍ ്്അവരറിയാതെ രണ്ടുകണ്ണുകള്‍ അവരെ പിന്തുടരുന്നുണ്ടായിരുന്നു.
അഭിഷേക്.
ഏറെ താമസിയാതെ തുടങ്ങണമെന്ന് കരുതുന്ന തന്റെ കമ്പനിയെ കുറിച്ച് സുഹൃത്തിനോട് സംസാരിക്കാനായി വന്നതായിരുന്നു അവന്‍.
തിരഞ്ഞെടുത്ത സ്ഥലം തെറ്റിയിട്ടില്ലെന്ന് അഭിഷേകിന് തോന്നി.
ദുര്‍ഗയുടെ വിവാഹം ഏകദേശം തീരുമാനിച്ചിട്ടുണ്ടെന്ന് രവിയങ്കിള്‍ പറഞ്ഞിരുന്നു. അവള്‍ ആരോടോ പ്രണയത്തിലാണെന്നും.
പക്ഷേ അത് മഹേഷ് ബാലനുമായിട്ടാണെന്ന് സൂചനയൊന്നും തന്നില്ല.
അഭിഷേക്ിന്റെ ഉള്ളില്‍ പക നിറഞ്ഞു.
ഇപ്പോഴാണ് കളിയ്ക്ക് ത്രില്ല് വന്നത്.
വെറുമൊരു ദുര്‍ഗയെ പ്രാപിക്കുന്നതിനേക്കാള്‍ നൂറിരട്ടി ആവേശമുണ്ട് മഹേഷ്ബാലന്റെ പതിശ്രുത വധുവായ ദുര്‍ഗയെ വരുതിക്ക് വരുത്തുന്നതിന്.
അപ്രതീക്ഷിതമായി തന്റെ ജീവിതത്തിന്റെ താളം തെറ്റിച്ച് കടന്ന് വന്നവനാണ് അവന്‍.
ഇല്ലെങ്കില്‍ ധ്വനി ഇപ്പോഴും ജീവിച്ചിരുന്നേനെ.
ഇനി തന്റെ എച്ചില്‍ തിന്ന് ജീവിക്കട്ടെ നായ.
അതിനു വേണ്ടി എന്തു കളിയും താന്‍ കളിക്കും.
എന്ത് റിസ്‌ക്കെടുക്കേണ്ടി വന്നാലും ദുര്‍ഗയെ തന്റെ കിടപ്പറയില്‍ വരുത്തും.
അവന്റെ മുഖത്ത് നോക്കി അത് വിളിച്ചു പറയുകയും ചെയ്യും.
അഭിഷേക് പല്ലുഞെരിച്ചു.
ദുര്‍ഗയും മഹേഷും മണല്‍ത്തിട്ടയ്ക്ക് മുകളില്‍ തിരകള്‍ക്ക് അഭിമുഖമായി ചെന്നിരുന്നു.
വെയിലിന്റെ ഇളംചൂട് മണലില്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു.
ദുര്‍ഗ പ്രണയത്തോടെ മഹേഷ്ബാലന്റെ ചുമലിലേക്ക് തന്റെ മുഖം അര്‍പ്പിച്ചു.
' ദുര്‍ഗാ' മഹേഷ് ബാലന്‍ പതിയെ വിളിച്ചു
' ഉം' അങ്ങനെ കിടന്നു കൊണ്ടു തന്നെ അവള്‍ വിളികേട്ടു.
' നീ പറഞ്ഞത് ശരിയാണ്.. ധ്വനിയെ ഞാന്‍ ഉമ്മ വെച്ചിട്ടുണ്ട്..്അരുതാത്തത് എന്തൊക്കെയോ ചെയ്തു പോയിട്ടുണ്ട്'
ദുര്‍ഗ നിവര്‍ന്നിരുന്ന് അവനെ സംശയത്തോടെ നോക്കി.
മഹേഷ് അവളുടെ വലംകൈയ്യില്‍ കാതരമായി സ്പര്‍ശിച്ചു
' അതൊക്കെ എന്റെ ഭാര്യയാകുന്നവള്‍ എന്ന വിശ്വാസത്തിലായിരുന്നു.. പക്ഷേ അവള്‍ എന്നെ ചതിച്ചതോടെ എല്ലാം അവസാനിച്ചു'
ശാന്തമായിരുന്ന കടല്‍ പെട്ടന്ന് ഭീകര രൂപം പൂണ്ടു.
സുനാമി പോലെ ഒരു വലിയ തിര അവര്‍ക്കുനേരെ പാഞ്ഞുവന്നു
ഭയന്നു പോയ ദുര്‍ഗയ്ക്കു മുന്നില്‍ പൊട്ടിച്ചിതറി വിടവാങ്ങി.
വികാര വൈവശ്യ്തതാല്‍ മുഖം കുനിച്ചിരുന്ന മഹേഷ് ബാലന്‍ ആ തിരയുടെ ഭീകരത ശ്രദ്ധിച്ചതേയില്ല.
എന്നാല്‍ ദുര്‍ഗയുടെ മുഖം ഭയം കൊണ്ട് വിവര്‍ണമായി
്അവള്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി
ഇല്ല
ധ്വനിയില്ല.
കടല്‍ ശാന്തമായി
' ഇനി നീ ഒരിക്കലും എന്നോട് അവളേ കുറിച്ച് പറയരുത്.. ആ ഒരു അധ്യായം പോലും ഞാന്‍ വെറുത്തു പോയി.'
അന്തരീക്ഷത്തില്‍ നിന്നും ഒരു തേങ്ങല്‍ കേട്ടുവെന്ന് ദുര്‍ഗയ്ക്ക് തോ്ന്നി.
' ദുര്‍ഗാ..' മഹേഷ്ബാലന്‍ വിളിച്ചു
' ഇല്ല മഹിയേട്ടാ'
ദുര്‍ഗ അവന്റെ ചുമലിലേക്ക് വീണ്ടും മുഖമണച്ചു.
.......... ................ ............... .............
സ്‌നേഹതീരത്തു നിന്ന് ദുര്‍ഗ തിരിച്ചെത്തി കുളിച്ചു വന്നപ്പോഴേക്കും ഏഴുമണി കഴിഞ്ഞു.
പഠിക്കാനായി പാഠപുസ്തകം തുറന്നപ്പോഴാണ് നേഹ ഒരു ആഹ്‌ളാദ സ്വരം പുറപ്പെടുവിച്ചു കൊണ്ട് ഓടി വന്നത്.
' തങ്കത്തിന്റെ ദത്തേട്ടന്‍ വന്നൂ'
ദുര്‍ഗ അമ്പരപ്പോടെ ചാടി എഴുന്നേറ്റു
' ,സത്യം പറയ് നേഹാ.. എന്റെ ദത്തേട്ടന്‍ വന്നോ'
' ഇല്ലെങ്കില്‍ ചെന്നു നോക്ക്.. താഴെ രവിയങ്കിള്‍ സ്വീകരിക്കുന്നത് കണ്ടിട്ടാ ഞാനോടിപ്പോന്നത്'
ദുര്‍ഗയുടെ മിഴികളില്‍ നീര്‍ നിറഞ്ഞു
നെഞ്ചിടിപ്പോടെ അവള്‍ സ്‌റ്റെയര്‍കേസിറങ്ങി ഹാളിലേക്ക് ചെന്നു.
നേഹ പറഞ്ഞത് ശരിയായിരുന്നു.
ഹാളില്‍ രവിമേനോനോടും ഊര്‍മിളയോടും സംസാരിച്ചിരിക്കുകയായിരുന്നു ദേവദത്തന്‍.
ദുര്‍ഗ ഒരു അപരാധിനിയെ പോലെ ഹാളില്‍ വന്നു നിന്നു.
അവളെ ഒന്നു പാളിനോക്കിയിട്ട് ദേവദത്തന്‍ സംസാരം തുടര്‍ന്നു.
' അനിയത്തിക്കുട്ടിയ്ക്ക് ഫീസും കൊണ്ട് വന്നതാണ് ഏട്ടന്‍..'
ഊര്‍മിള അവളെ നോക്കി ചിരിച്ചു.
ദുര്‍ഗയ്ക്ക് ചിരി വന്നു
പണം തരാനാണെങ്കില്‍ അക്കൗണ്ടില്‍ ഇട്ടു തന്നാല്‍ മതി
പക്ഷേ ഇത് തന്നെ കാണാനുള്ള വരവാണ്.
അധിക ദിവസമൊന്നും തന്നോട് പിണങ്ങിയിരിക്കാന്‍ കഴിയില്ല ദത്തേട്ടന്.
ജനനത്തോടെ അമ്മ മരിച്ചു പോയ കുരുന്നിനെ വാരിയെടുത്ത് നെഞ്ചോട് ചേര്‍ത്തു വളര്‍ത്തിയതാണ് ഏട്ടന്‍.
താനെന്ത് തെറ്റു ചെയ്താലും ക്ഷമിക്കാതെ വയ്യ.
ദുര്‍ഗയുടെ കണ്ണുകള്‍ ഈറനായി.
ഹാളില്‍ അവള്‍ക്കൊപ്പം വന്നു നിന്ന ജാസ്മിനും നേഹയും സ്വാതിയും അത് കണ്ടുപിടിച്ചു
' ദത്തേട്ടാ മതി ഈ മസിലു പിടുത്തം.. ദുര്‍ഗ ദേ കരയുന്നു'
ജാസ്മിന്‍ പറഞ്ഞു.
': തങ്കം ഇങ്ങു വരൂ' ഊര്‍മിള വിളിച്ചു
ദുര്‍ഗ പതിയെ അടുത്ത് ചെന്നു.
' ചെല്ല് .. ചെന്ന് ഏട്ടന്റെ അടുത്തിരിക്ക്' ഊര്‍മിള പറഞ്ഞു
ദുര്‍ഗ ദേവദത്തന്റെ അടുത്ത് ചെന്നിരുന്നു.
പിന്നെ ദേവദത്തന്റെ ദേഹത്തേക്ക് ചാരി.
ആ സ്‌നേഹ പ്രകടനം തടുക്കാന്‍ വയ്യാതെ ദേവദത്തന്റെയും കണ്ണുകളില്‍ നീര്‍ത്തിളക്കം മിന്നി.
' കഴിഞ്ഞല്ലോ ഏട്ടന്റെയും അനിയത്തിയുടേയും പിണക്കം.. ഇനി.. മതി.. ഒന്നും അധികമാകരുതെന്നാണ്'
രവിമേനോന്‍ പുഞ്ചിരിയോടെ പറഞ്ഞു.
ജാസ്മിനും നേഹയും സ്വാതിയും നിറഞ്ഞ മിഴികള്‍ തുടച്ചു.
' ദേവാ.. മഹേഷിന് ഒരു കുറവുമില്ല.. നല്ലവനാണ്.. അല്ലെങ്കില്‍ എന്റെ ധ്വനി മോള്‍ക്ക് വേണ്ടി ഞാനവനെ തെരഞ്ഞെടുക്കില്ലല്ലോ'
രവിമേനോന്‍ അയാളെ സമാധാനിപ്പിച്ചു.
' ദേവനൊരു കാര്യത്തിലായിരുന്നു പിണക്കം..തങ്കം.. ധ്വനിയുടെ കാര്യം അവന്‍ നിന്നോട് മറച്ചുവെച്ചതില്‍.. അതും ഇപ്പോള്‍ പരിഹരിച്ചില്ലേ.. ഇനിയെല്ലാം നല്ലതിനാവട്ടെ'
രവിമേനോന്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്ക് അഭിഷേകിന്റെ കാര്‍ മുറ്റത്തു വന്നു നിന്നു.
അല്‍പ്പ നിമിഷത്തിനകം അഭിഷേക് ഉത്സാഹത്തോടെ അകത്തേക്ക് കയറി വന്നു
' രവിയെങ്കിളെന്തിനാ വരാന്‍ പറഞ്ഞത്'
വന്നപാടേ അവന്‍ തിരക്കി
' അഭി ഇരിക്ക്'
രവിമേനോന്‍ വാത്സല്യത്തോടെ പറഞ്ഞു
അഭിഷേക് അയാള്‍ക്കരികിലായി സോഫയിലിരുന്നു.
ആ നിമിഷം തന്നെ എവിടെ നിന്നോ പൊട്ടിവീണത് പോലെ ധ്വനി ദുര്‍ഗയ്ക്കരികില്‍ പ്രത്യക്ഷയായി.
' ഇത് ദേവദത്തന്‍..'
രവിമേനോന്‍ പരിചയപ്പെടുത്തി
' ദുര്‍ഗയുടെ ജ്യേഷ്ഠനാണ്'
അഭിഷേക് കൈ നീട്ടി ഒരു ഹസ്തദാനം നല്‍കി.
' ഞാന്‍ അഭിയെ വിളിച്ചത് മറ്റൊന്നിനുമല്ല.. ദേവദത്തനെയും.. ഒരു പ്രധാന തീരുമാനം പ്രഖ്യാപിക്കാന്‍ പോകുകയാണ്.'
രവിമേനോന്‍ പറഞ്ഞു.
എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി.
' എന്റെ സ്വത്തെല്ലാം ഞാന്‍ അഭിയുടെ പേരിലെഴുതി വെക്കാന്‍ തീരുമാനിച്ചു'
രവിമേനോന്റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ അഭിഷേകിനെ പോലും ഞെട്ടിച്ചു.
...................തുടരും..........
കഴിഞ്ഞ ചാപ്റ്ററുകൾ എല്ലാം ഈ ലിങ്കിൽ വായിക്കാം.
Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക