നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നമ്മ പുന്നൂസ്

Image may contain: Saji M Mathews, smiling, selfie and closeup
----------------------------
വാർഡിലെ രോഗികളുടെ ചാർട്ടുകൾ അടുത്ത ഷിഫ്‌റ്റിന്റെ ഇൻചാർജിന് എൻഡോർസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്റർകോം അടിച്ചത്.
സിജി ഫോൺ അറ്റൻഡ് ചെയ്തു.
"സിജി സിസ്റ്റർ അല്ലെ. ഞാൻ ജെസ്സിയാ എമർജൻസി വാർഡിൽ നിന്ന്.. ഒരു ചെറിയ സഹായം വേണം ഒന്ന് വരാമോ? "
"എന്താ ജെസ്സി.."
"ഒരു ആക്‌സിഡന്റ് കേസ്, അത്യാവശ്യമായിട്ട് AB നെഗറ്റീവ് രക്തം വേണം.. ഹോസ്പിറ്റൽ സ്റ്റോക്ക് തീർന്നിരിക്കുവാ, ഡോണേഴ്‌സിനെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല, അപ്പോഴാ ഞാൻ സിജി സിസ്റ്ററിന്റെ കാര്യം ഡോക്ടറോട് പറഞ്ഞത്. ഡോക്ടർ സിസ്റ്ററിനോട് ഡ്യൂട്ടി കഴിഞ്ഞുപോകും മുൻപ് എമെർജെൻസി വാർഡിലൊന്ന് വന്നിട്ട് പോകാൻ പറഞ്ഞു."
"എന്റെ ജെസ്സി, സമയം പത്തു കഴിഞ്ഞു. ഈ രാത്രിയിൽ വീട്ടിലേക്ക് വണ്ടിയോടിച്ചു പോകാനുള്ളതാ. ഇപ്പോഴാണേൽ ആ വഴിക്ക് ഡ്യൂട്ടി കഴിഞ്ഞു പോകുന്നവരാരെങ്കിലും കൂട്ടുണ്ടാകും. വൈകിയാൽ പിന്നെ ഒറ്റയ്ക്ക് പോകണം. പോരാത്തതിന് വല്ലാത്ത മഴയും. മെയിൻ റോഡിൽ വെള്ളം കയറിയ കാരണം ഒരൂടുവഴിയിലൂടെ വേണം വീട്ടിലെത്താൻ. എനിക്കെങ്ങാൻ വയ്യ,.. നീയാ ഡോക്ടറോട് പറ ഞാൻ വീട്ടിലേക്ക് പോയെന്ന് "
"സിജി പ്ളീസ്, ഒരു കൊച്ചുകുട്ടിയ്ക്കാണ് രക്തം വേണ്ടത് .. ആക്‌സിഡന്റ് കേസ് ആണ്‌. കൂടെ ബൈസ്റ്റാൻഡേർസ് ആരുമില്ല. അതുകൊണ്ടാ ഞാൻ നിർബന്ധിക്കുന്നത് "
"ശരി വരാം " സിജി ഫോൺ കട്ട് ചെയ്തു. നഴ്സസ് റൂമിൽ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു. ഹാൻഡ്ബാഗ് തുറന്ന്
മകൻ ജോക്കുട്ടന് വേണ്ടി വാങ്ങിയ മരുന്നതിനുള്ളിൽ ഉണ്ടെന്നുറപ്പാക്കി. ഡ്യൂട്ടിക്ക് പോരുമ്പോൾ അവന് ചെറുതായി പനിക്കുന്നുണ്ടായിരുന്നു. വീട്ടിൽ പാരസെറ്റമോൾ തീർന്നിരിക്കുകയാണ്. രാത്രി മരുന്ന് കൊടുത്തില്ലെങ്കിൽ ചിലപ്പോൾ പനി കൂടും.
മടിച്ചുമടിച്ചാണ് എമെർജെൻസി വാർഡിൽ എത്തിയത്. സിജിയെ കണ്ടപ്പോൾ ജെസ്സി ഓടി വന്നു അവളെ ഒരു ബെഡിനരുകിലേക്ക് കൂട്ടികൊണ്ടുപോയി ഡോക്ടർ ഫിലിപ്പും വേറൊന്നുരണ്ടു ജൂനിയർ ഡോക്റ്റേഴ്സും കട്ടിലിനു ചുറ്റും നിൽക്കുന്നുണ്ട്. അവൾ ബെഡിലേക്കെത്തി നോക്കി. ഒരു നിമിഷം നെഞ്ചിലൊരു വിങ്ങൽ. ജോക്കുട്ടന്റെ പ്രായമുള്ളൊരു കുട്ടി, തലയിലെ ബാൻഡേജിൽ നിന്ന് രക്തം കിനിയുന്നുണ്ട്.
"പാവം, എന്ത് പറ്റിയതാ ജെസ്സി "
"ആക്‌സിഡന്റ് ഏതോ വണ്ടിക്കാരാ ഇവിടെയെത്തിച്ചത്".
"കൂടെ ആരും ഉണ്ടായിരുന്നില്ലേ"
"ഒന്നും അറിയില്ല, ഞാൻ ഡ്യൂട്ടിക്ക് കയറുന്നതിനു കുറച്ചു മുൻപാണ് വന്നത്"
ആ കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ അവൾക്ക് ഒഴിഞ്ഞുമാറാൻ തോന്നിയില്ല. ബ്ലഡ്‌ കൊടുത്തിട്ട് പുറത്തെത്തിയപ്പോൾ സിജി വാച്ചിൽ നോക്കി, സമയം പത്തേമുക്കാൽ കഴിഞ്ഞിരിക്കുന്നു. മനസ്സിലാകെ ഒരങ്കലാപ്പ്‌.
"കർത്താവെ ഇനി ഈ രാത്രി എങ്ങിനെ ഒറ്റയ്ക്ക് വീട്ടിലേക്ക് പോകും..."
രണ്ട് ദിവസമായി തോരാത്ത മഴയാണ്. ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വരുമ്പോൾ തന്നെ മെയിൻ റോഡിൽ ആറ്റു വെള്ളം കയറിയിരുന്നു , ഒരു മലചുറ്റി റബ്ബർ തോട്ടത്തിലെ ഊടു വഴിയിലൂടെയാണ് വന്നത്. രാത്രിയിൽ ഒറ്റയ്ക്ക് അതിലെ പോകുന്നതോർക്കുമ്പോൾ തന്നെ ഭയമാകുന്നു. പകല് പോലും ആൾസഞ്ചാരമില്ലാത്ത വഴിയാണ്.
മഴക്കോട്ടും ഹെൽമറ്റും ധരിച്ച് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ അവൾ ചുറ്റും നോക്കി, പത്തുമണിയുടെ ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയവരാരെങ്കിലും ഇനിയും പുറപ്പെടാൻ ബാക്കിയുണ്ടെങ്കിലെന്ന പ്രതീക്ഷയോടെ. ആരെയും കണ്ടില്ല.
ഹോസ്പിറ്റലിന് പുറത്തുള്ള ഓട്ടോ സ്റ്റാൻഡും കാലിയാണ്, എപ്പോഴും ഒന്ന് രണ്ട് ഓട്ടോകൾ ഉണ്ടാകാറുള്ളതാണ്. എവിടേക്കെങ്കിലും ഓട്ടം പോയിട്ടുണ്ടാവും, ചിലപ്പോൾ മഴ കാരണം രാത്രി ഓട്ടം വേണ്ടെന്നു വെച്ച് പോയതുമാകാം. ഒരു ഓട്ടോ കിട്ടിയിരുന്നെങ്കിൽ സ്കൂട്ടർ ഇവിടെ വെച്ചിട്ട് അതിൽ പോകാമായിരുന്നു.
വണ്ടിയുമായി ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്ന് നിരത്തിലെത്തി. മഴത്തുള്ളികൾ ഹെൽമറ്റിലെ കണ്ണാടിയിൽ വീണു ചിതറി കാഴ്ച്ച മങ്ങുന്നു. മെയിൻ റോഡിലേക്ക് തിരിയുന്നിടത്ത് ഗീവർഗീസ് പുണ്യാളന്റെ കുരിശ്ശ്പള്ളിയുടെ മുൻപിൽ വണ്ടി നിർത്തി. കണ്ണടച്ച് അൽപ്പനേരം പ്രാർത്ഥിച്ചു. തിരികെ വന്ന് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ പിന്നിൽ നിന്ന് ഒരു വിളി.
"മോളേ.. ഒന്ന് നിന്നേ.. "
തൊട്ടപ്പുറത്തുള്ള വെയിറ്റിങ് ഷെഡിൽ നിന്ന് ഒരു സ്ത്രീ കുടയും ചൂടി പുറത്തേക്ക് വന്നു. ചട്ടയും മുണ്ടുമാണ് വേഷം, കഴുത്തിലും കാതിലും അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ നിയോൺ വെളിച്ചത്തിൽ തിളങ്ങി. നല്ല ചുറ്റുപാടുള്ള വീട്ടിലേതാണെന്നു തോന്നുന്നു.
"ഹോസ്പിറ്റലിൽ ഒരു രോഗിയെ കാണാൻ വന്നതാ മോളെ, തിരിച്ചിറങ്ങിയപ്പോൾ ലേശം വൈകിപ്പോയി, തൊടുപുഴയാ വീട്, ഇവിടെ വന്നപ്പോഴേക്കും ബസ് പോയി, ഒരു ഓട്ടോ പോലും കാണുന്നില്ല..മോളെങ്ങോട്ടാ"
"ഞാൻ രാമംഗലത്തേക്കാ.. തൊടുപുഴയ്ക്ക് ഇനി പുലർച്ചയെ ബസ് കിട്ടൂ, ചേട്ടത്തി തിരികെ ഹോസ്പിറ്റലിലേക്ക് ചെല്ല്, ഇനി രാവിലെ പോകാം, ". അവൾ സ്കൂട്ടർ മുന്നോട്ടെടുത്തു, വർത്തമാനം പറഞ്ഞ് നിന്ന് സമയം കളയാനില്ല.
"രാമംഗലത്തേക്കാ..നന്നായി ഞാനും വരാം, അവിടെ പള്ളീടെയടുത്ത് എന്റെ സ്വന്തക്കാരുടെ വീടുണ്ട്, അവിടെക്കിടന്നിട്ട് രാവിലെ എഴുന്നേറ്റ് തൊടുപുഴയ്ക്ക് പോകാം, സത്യം പറയാമല്ലോ കൊച്ചെ, എനിക്കീ ആശുപത്രിയിൽ കിടന്നാൽ ഉറക്കം വരത്തില്ല"..
"അതിന് ചേട്ടത്തി ഞാൻ ഈയിടെയാ സ്കൂട്ടർ ഓടിക്കാൻ പഠിച്ചത്, പുറകിൽ ആളെ ഇരുത്തി ഓടിക്കാനുള്ള ബാലൻസ് ഒന്നും ആയിട്ടില്ല, .."
"പേടിക്കണ്ട പതിയെ ഓടിച്ചാ മതി മോളെ.. " പറഞ്ഞു തീരും മുൻപ് അവർ വന്ന് ബാക്ക് സീറ്റിൽ കയറിയിരുന്നു.
സിജിക്ക് അവരോടൊരൽപ്പം ഈർഷ്യ തോന്നി, എങ്കിലും ഒന്നും പറയാതെ വണ്ടി മുന്നോട്ടെടുത്തു.. ചേട്ടത്തി കുടയും ചൂടി പുറകിലുണ്ട്.
" ചേട്ടത്തി ആ കുടയൊന്നു മടക്കിവെക്കാമോ, കാറ്റുപിടിച്ചിപ്പോ വണ്ടി മറിയും " സിജിയുടെ ശബ്ദം ഒരൽപം കടുത്തു.
"ഓ മറന്നു പോയി കൊച്ചേ ... ആട്ടെ എന്താ മോളുടെ പേര് ?" കുടമടക്കി അവളോട് ചേർന്നിരുന്ന് തോളിലൂടെ കൈയിട്ടുകൊണ്ട് ചേട്ടത്തി ചോദിച്ചു ..
"സിജി"
"സിജി എവിടെ പോയതാ, ആശുപത്രിയിൽ ആരെങ്കിലും കിടക്കുന്നുണ്ടോ"..
"ഇല്ല ഞാനവിടെത്തെ നഴ്സാ.. "
"എന്നും ഇത്രേം വൈകിയാണോ പോകാറ്.. അതും തനിച്ചിത്രേം ദൂരം ? "
"ഏയ്, നൈറ്റ് ഡ്യൂട്ടി രാത്രി പത്തുമണിക്ക് കഴിയും , ആ സമയത്ത് ഞങ്ങടങ്ങോട്ട് കുറേപ്പേര് കാണും.. ഇന്ന് ഒരു രോഗിക്ക് രക്തം കൊടുക്കാൻ നിന്നതു കൊണ്ടല്പം വൈകി"
"അപ്പൊ ഒരു ജീവൻ രക്ഷിച്ചിട്ട് വരികയാണല്ലോ, മിടുക്കി. ആട്ടെ മോക്കടെ കല്യാണം കഴിഞ്ഞോ " ചേട്ടത്തി വിടാനുള്ള ഭാവമില്ല, ഈ മഴയത്ത് വണ്ടി ഓടിക്കാൻ തന്നെ ബുദ്ധിമുട്ടാണ് അതിനിടയിലവരുടെയൊരു കുശലാന്ന്വേഷണം.
"ഉവ്വ്"
"എങ്കിപ്പിന്നെ കെട്ട്യോനോടൊന്നിവിടം വരെ വന്ന് കൂട്ടികൊണ്ടു പോകാൻ പറയാമായിരുന്നില്ലേ"
"അതിനച്ചായൻ ഇവിടില്ല ഗൾഫിലാ"..
"വീട്ടിൽ വേറാരൊക്കെയുണ്ട് "
"മോനും, അമ്മയും "
"മോനെത്ര വയസ്സായി"
"മൂന്ന്"
കുറച്ചു നേരത്തേക്ക് പിന്നിൽ നിന്ന് ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. വണ്ടി ഒരിറക്കം ഇറങ്ങി വളവുതിരിഞ്ഞപ്പോൾ താഴെ റോഡിൽ നിറയെ വെള്ളം. ഉച്ചയ്ക്ക് വരുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടിയിട്ടുണ്ട്. സിജി വണ്ടി റബ്ബർ തോട്ടത്തിനിടയിലൂടെയുള്ള റോഡിലേക്ക് തിരിച്ചു. റോഡ് എന്ന് പറയാൻ പറ്റില്ല, പണ്ടെങ്ങോ ഇട്ട മെറ്റൽ ഇളകി ആകെ കുണ്ടും കുഴിയുമായൊരു ഇടവഴി.
വണ്ടി ഒരു കയറ്റം കയറികൊണ്ടിരുന്നപ്പോൾ ഒരു ഗട്ടറിൽ ചാടി തനിയെ ഓഫായി. ചുറ്റും കണ്ണിൽ കുത്തിയാലറിയാത്ത ഇരുട്ട്. വണ്ടി സെൽഫ് സ്റ്റാർട്ട് ചെയ്യാൻ ആവുന്നത്ര ശ്രമിച്ചു. അനങ്ങുന്നില്ല. ബാറ്ററിയിൽ വെള്ളം കയറിയോ ആവോ. വണ്ടിയിൽ നിന്നിറങ്ങി, സെന്റർ സ്റ്റാൻഡിലിട്ട് കിക്കർ അടിച്ചു നോക്കാം. ചേട്ടത്തി ചെളിയിൽ ചവിട്ടാൻ മടിച്ചിട്ടെന്ന പോലെ വണ്ടിയിൽ തന്നെ ഇരിപ്പാണ്.
"ഒന്നിങ്ങ് ഇറങ്ങാമോ ... " സിജിയുടെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടപ്പോൾ ചേടത്തി വണ്ടിയിൽ നിന്ന് ചാടിയിറങ്ങി.
സ്കൂട്ടർ സെന്റർ സ്റ്റാൻഡിൽ ഇടാൻ കഷ്ടപെട്ടുകൊണ്ടിരിക്കുമ്പോഴാണ് ചേടത്തിയുടെ വക അടുത്ത ചോദ്യം
"എന്നതാ കൊച്ചേ വണ്ടിക്ക് പറ്റിയത്, നീ ഇതിൽ പെട്രോൾ ഒന്നും ഒഴിക്കാറില്ലേ".
"ഇല്ല ഇന്ന് രണ്ടു ലിറ്റർ പച്ചവെള്ളമാ ഒഴിച്ചത് " സിജിക്ക് അവരുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യമിരട്ടിച്ചു. കിക്കറിൽ ചവിട്ടിയപ്പോൾ കാല് തെന്നിപ്പോയി എവിടെയോ ഇടിച്ചു. ഹൌ വല്ലാത്ത വേദന..
"ദയവ് ചെയ്ത് ഒന്ന് മിണ്ടാതിരിക്കാമോ തള്ളേ". അവളുടെ ദേഷ്യവും സങ്കടവും കണ്ടപ്പോൾ ചേടത്തിയ്ക്കാകെ വല്ലാതായി. അവർ ഹാൻഡ് ബാഗ് തുറന്ന് ഒരു ചെറിയ ടോർച്ചുലൈറ്റെടുത്തു.
"നീയിങ്ങനെ വെപ്രാളപ്പെടാതെടി കൊച്ചെ.. കുഴിയിൽ ചാടിയപ്പോൾ സ്വിച്ച് വല്ലതും ഓഫ് ആയിക്കാണും".
ടോർച്ചുലൈറ്റ് തെളിച്ച് അവളുടെ കൈയിൽ കൊടുത്തു.
സിജി വണ്ടിയുടെ സ്വിച്ച് പരിശോധിച്ചു, ശരിയായിരുന്നു, ഗട്ടർ ചാടിയപ്പോൾ അറിയാതെ കൈതട്ടി ഇഗ്നിഷൻ സ്വിച്ച് ഓഫ് ആയതാ. സ്വിച്ച് ഓൺ ചെയ്ത് സ്റ്റാർട്ട് ചെയ്തപ്പോൾ വണ്ടിക്ക് ജീവൻ വെച്ചു. ടോർച്ച് തിരികെ കൊടുത്തിട്ട് അവൾ വണ്ടിയിൽ കയറി. സ്വരം മയപ്പെടുത്തി ചേടത്തിയെ വിളിച്ചു..
"വാ പോകാം"
സ്കൂട്ടർ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മുന്നോട്ട് നീങ്ങി
" അല്ല, നീ ഒറ്റയ്ക്കായിരുന്നെങ്കിൽ എന്ത് ചെയ്തേനെ "
"ഒന്നും ചെയ്യില്ല പേടിച്ചു ബോധംകെട്ട് അവിടെ കിടന്നേനെ" ആദ്യമൊക്കെ ഒരു ശല്യമായി തോന്നിയെങ്കിലും അവർ കൂടെയുള്ളത് എത്ര നന്നായെന്ന് സിജിക്ക് തോന്നി.
"ചേടത്തിയുടെ പേരെന്താ " ഇത്രയും നേരമായിട്ടും ഒന്ന് പരിചയപ്പെടാതിരുന്നത് ശരിയായില്ലെന്ന് അവൾക്ക് തോന്നി.
"അന്നമ്മ പുന്നൂസ്, എന്റെ വീട് തൊടുപുഴയാ, പുളിമൂട്ടിൽ ന്നാ വീട്ടുപേര്."
"മക്കളൊക്കെ "
"ഒറ്റ മോനാ എനിക്ക്, അവനും പെണ്ണുമ്പിള്ളേം അങ്ങ് ലണ്ടനിലാ. അവളവിടെ നഴ്സാ. അവനേം കൊണ്ട് പോയി. ആട്ടെ നിനക്കും ലണ്ടനിലേക്കൊന്ന് ശ്രമിച്ചു കൂടായിരുന്നോ.. കിട്ടിയാൽ പിന്നെ കെട്ടിയോനേം പുള്ളേരേം എല്ലാം കൊണ്ട് പോകാല്ലോ... ഇവിടെകിടന്ന് ഇങ്ങനെ കഷ്ടപെടണ്ടല്ലോ.. "
" ശ്രമിക്കുന്നുണ്ട് ചേടത്തി... IELTS കിട്ടാൻ വെല്ല്യ പാടാ ഇപ്പൊ "
ഇടവഴി പിന്നിട്ട് അവർ മെയിൻ റോഡിലെത്തി.. സിജിയൊരു ദീർഘനിശ്വാസമെടുത്തു.
രാമംഗലം പള്ളിക്കവലയിലെത്തിയപ്പോൾ അവൾ വണ്ടിയുടെ വേഗത കുറച്ചു. ചേടത്തിക്കെവിടെയാ പോകേണ്ടത് ഞാൻ കൊണ്ട് പോയ് വിടാം.
"ഓ ദേ ആ വളവിന്റെ അപ്പുറത്താ വീട്, ഞാൻ നടന്നു പൊക്കോളാം.. മോള് വേഗം വീട്ടിൽ പോകാൻ നോക്ക്"
"അതേ ഞാൻ ദേഷ്യപ്പെട്ടതിന് ചേടത്തിയെന്നോട് ക്ഷമിക്കണം, ചേടത്തി കൂട്ട് ഇല്ലായിരുന്നെങ്കിൽ ഈ രാത്രിയിൽ ഞാൻ ഒറ്റയ്ക്ക് എങ്ങിനെ വരുമായിരുന്നെന്ന് ഓർക്കാൻ പോലും വയ്യ"
"ഒന്ന് പോ കൊച്ചേ. അവക്കടെയൊരു ക്ഷമ ചോദ്യം, നീ നന്നായി വരും" അത് പറഞ്ഞിട്ട് അന്നമ്മ ചേടത്തി സിജിയുടെ തലയിൽ കൈവെച്ചു പ്രാർത്ഥിച്ചു. പിന്നെ യാത്ര പറഞ്ഞ് പള്ളിയുടെ സൈഡിലുള്ള ഇടവഴിയിലേക്കിറങ്ങി നടന്നു മറഞ്ഞു. സിജിക്ക് പിന്നെയും ഒരു കിലോമിറ്ററോളം പോകണമായിരുന്നു വീട്ടിലേക്ക്. മഴയ്ക്കൊരല്പം കുറവുണ്ട്.
വീട്ടിലെത്തിയപ്പോൾ അമ്മ പുറത്തു തന്നെയുണ്ട്.
"ഇതെന്നാ പറ്റി നീയിത്ര വൈകിയത്, ഞാനാരെയെങ്കിലും വിളിച്ചന്വേഷിച്ചുവരണമെന്നാലോചിച്ചതാ, നിന്റെ ഫോൺ എന്തിയെ അതിൽ വിളിച്ചിട്ട് എടുക്കുന്നില്ലലോ " അപ്പോഴാണ് സിജി ഫോണിന്റെ കാര്യം ഓർത്തത് ബ്ലഡ് കൊടുത്തു കൊണ്ടിരുന്നപ്പോൾ സൈലന്റാക്കി അവിടെ വെച്ചതാ, എടുക്കാൻ മറന്നു.
അവൾ റെയിൻ കോട്ടൂരി വീടിനുള്ളിൽ ചെന്നു.
"ഒരു ആക്‌സിഡന്റ് കേസ്. അത്യാവശ്യമായി രക്തം വേണമെന്ന് പറഞ്ഞപ്പോൾ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല, ജോക്കുട്ടനെവിടെ പനിയുണ്ടോ അവന് ?"
"അവനുറങ്ങി ഇപ്പൊ പനിക്കുന്നില്ല"
ഡ്രസ്സ് മാറി ദേഹത്തെ മഴവെള്ളമെല്ലാം തുടച്ചിട്ട് അവൾ അമ്മയുടെ ഫോൺ എടുത്ത് ഹോസ്പിറ്റലിലേക്ക് വിളിച്ചു. എമർജൻസി വാർഡിലെ ജെസ്സി സിസ്റ്ററോട് സംസാരിക്കണമെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ജെസ്സിയെ ലൈനിൽ കിട്ടി.
"ജെസ്സി, ഇത് ഞാനാ സിജി.. എന്റെ ഫോൺ അവിടെ ബ്ലഡ് എടുക്കുന്നിടത്തു മറന്നു വെച്ചു.. അത് കിട്ടുവാണെങ്കിൽ ഒന്നെടുത്തു വെക്കാൻ പറയാനാ വിളിച്ചത്".
"അത് അപ്പോഴേ എടുത്ത് റിസപ്ഷനിൽ കൊടുത്തു, നാളെ നീ ഡ്യൂട്ടിക്ക് വരുമ്പോ വാങ്ങിക്കോ"
"ആ കൊച്ചിനിപ്പോ എങ്ങിനെയുണ്ട് ജെസ്സി"
"നീ ആ സമയത്ത് ബ്ലഡ്‌ കൊടുത്തത് കൊണ്ട് അതിന്റെ ജീവൻ രക്ഷപെട്ടു.. ഇപ്പോൾ icu വിലേക്ക് മാറ്റി, ഇനി പേടിക്കാനില്ലെന്നാ ഡോക്ടർ പറഞ്ഞത്"
"അതെന്നാ പറ്റിയതാ, ആരെങ്കിലും വന്നായിരുന്നോ ആ കുട്ടിയെ അന്വേഷിച്ച് ?"
"ഉവ്വ്, നീ പോയി കഴിഞ്ഞപ്പോ ഒരുപാടുപേര് വന്നു, തൊടുപുഴയിലെവിടെയോ ആണ് അവരുടെ വീട്, അപ്പച്ചിയുടെ കൂടെ നഴ്സറിയിൽ പോയിട്ട് വരും വഴി രണ്ട് പേരെയും ഏതോ വണ്ടിയിടിച്ചിട്ട് നിർത്താതെ പോയി"
"എന്നിട്ട് കുട്ടിയുടെ അപ്പച്ചിയ്‌ക്ക് വല്ലതും പറ്റിയോ"
"വണ്ടി ഇടിച്ചപ്പോൾ അവര് റോഡ് സൈഡിലെ വയലിലേക്ക് തെറിച്ചുപോയി , കുറെ കഴിഞ്ഞാ കണ്ടത്. ഇവിടെ എത്തിച്ചിരുന്നു, അപ്പോഴേക്കും മരിച്ചു പോയിരുന്നു . മോർച്ചറിയിലേക്ക് മാറ്റി. പാവം,.. മകനും ഭാര്യയും ലണ്ടനിലാ.. പുളിമൂട്ടിൽ ന്നാ വീട്ടുപേര്.. പേര്.. അന്നമ്മ പുന്നൂസ്. എന്നാ ഞാൻ ഫോൺ വെക്കുവാണേ"
അന്നമ്മ പുന്നൂസ് -
ഒരു വിറയലോടെ സിജി ആ പേര് മന്ത്രിച്ചു.
മാതാവിന്റെ രൂപക്കൂടിനു മുൻപിൽ കണ്ണടച്ചു നിന്ന് പ്രാർത്ഥിച്ചു. തുണയായി വന്നൊരാ ആത്മാവിന് വേണ്ടി.
ഒരു നനുത്ത കരതലം മൂർദ്ധാവിൽ വീണ്ടും തലോടുന്നത് പോലെ..
Saji. M. Mathews..
22/09/19

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot