നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 22അധ്യായം-22
നഗരത്തില്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന രണ്ട് ജൂവലറികള്‍
ആയിരം കോടിയിലധികം വിലമതിക്കുന്ന ഭൂസ്വത്ത്.
കൊച്ചിയിലും തിരുവന്തപുരത്തും തൃശൂരുമായി നാല് ലക്ഷ്വറി ഫ്‌ളാറ്റുകള്‍.
മൂന്നുനാല് ബാങ്കുകളിലായി വന്‍ നിക്ഷേപങ്ങള്‍
ആഢംബര വാഹനങ്ങള്‍.
ഒരു നിമിഷം കൊണ്ട് അഭിഷേകിന്റെ മനസിലൂടെ രവിമേനോന്റെ സ്വത്തുവകകളുടെ കണക്ക് മിന്നി മറഞ്ഞു
അതിന് പുറമേയാണ് ആമ്പല്ലൂരിലെയും ഇവിടുത്തെയും രണ്ട് കൂറ്റന്‍ വീടുകള്‍.
ഉള്ളില്‍ നിന്നുയര്‍ന്ന ആഹ്‌ളാദ സ്വരം ശ്രമപ്പെട്ട് അവന്‍ അടക്കി.
രവിമേനോന്റെ വാക്കുകളുടെ ആഘാതത്തില്‍ ദുര്‍ഗ ഞെട്ടിത്തരിച്ചു
വേവലാതിയോടെ അവള്‍ ധ്വനിയെ നോക്കി
ആ കണ്ണുകളില്‍ നിന്നും തീപറക്കുന്നത് ദുര്‍ഗ കണ്ടു.
കഴുത്തിലെ സ്വര്‍ണ ഗോളക കെട്ടിയ രുദ്രാക്ഷമാലയുടെ ശക്തി കൊണ്ട് മാത്രമാണ് അഭിഷേക് ഇരുന്നയിരുപ്പില്‍ കത്തി
ദഹിക്കാത്തത്.
അതേ ഞെട്ടലില്‍ നില്‍ക്കുകയായിരുന്നു സ്വാതിയും ജാസ്മിനും നേഹയും.
ഊര്‍മിള വാത്സല്യത്തോടെ അഭിഷേകിനെ ചേര്‍ത്തുപിടിച്ചു.
' ഇനി ഞങ്ങള്‍ക്ക് ഇവനല്ലേയുള്ളു.. ധ്വനിമോള്‍ വരുമെന്ന പ്രതീക്ഷയൊക്കെ നശിച്ചു'
്അവരുടെ കണ്ണുകള്‍ പെട്ടന്ന് നിറഞ്ഞു
' പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. ഇത്ര പെട്ടന്നൊരു തീരുമാനം വേണോ..'
ദേവദത്തന്‍ രവിമേനോനെ നോക്കി
അഭിഷേകിന്റെ മനസില്‍ ആ വാക്കുകള്‍ തീകോരിയിട്ടു. അടക്കാനാവാത്ത പക അവന്റെ ഉള്ളില്‍ നുരകുത്തി.
എന്നിട്ടും അവന്‍ ചിരിക്കാന്‍ ശ്രമിച്ചു.
' ദേവേട്ടന്റെ അഭിപ്രായം തന്നെയാണ് എനിക്കും.. അങ്കിള്‍ ധ്വനി വരില്ലെന്ന് അങ്കിളിന് തീര്‍ച്ചയാണോ.. അല്‍പ്പം കാത്തിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്'
ഓരോ വാക്കുകളും ശ്രദ്ധയോടെയാണ് അഭിഷേക് ഉച്ചരിച്ചത്.
അതുകേട്ടതോടെ രവിമേനോനും കണ്ണു നിറഞ്ഞു.
' എനിക്കറിയാമായിരുന്നു അഭി ഇതേ പറയൂ എന്ന്.. ഇന്നലെ വീണ്ടും ഹാര്‍ട്ടൊരു ചെറിയ പ്രശ്‌നമുണ്ടാക്കി..വല്ലാത്തൊരു വേദന.. ഉമയെ അറിയിക്കാതെ ഞാനും സുഹൃത്തുക്കളും ഒന്നിച്ച് പോയി ഡോക്ടറെ കണ്ടു.. പഴയ പല്ലവി തന്നെ.. ശ്രദ്ധിക്കണം.. റെസ്റ്റ് വേണം.. ഇനി ഈ വാഹനം അധികം ഓടുമെന്ന് തോന്നുന്നില്ല'
രവിമേനോന്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് ദേവദത്തനെ നോക്കി.
' ദത്തനറിയ്യോ മോള്‍ പോയതിന് പുറകേയാണ് ആദ്യത്തെ അറ്റാക്കുണ്ടായത്. ആറുമാസം കഴിയുന്നതിന് മുമ്പ് അടുത്ത അറ്റാക്കും ഉണ്ടായി.. ഇനി ഒന്നു കൂടിയേ ബാക്കിയുള്ളു.. അതെപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.. ഞാന്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങിയവനാണ് ദത്താ.. വലിയേടത്തെ ചാര്‍ച്ചക്കാരിയായ ഈ ഊര്‍മിളയെ ഒപ്പം കൂട്ടുമ്പോള്‍ ഒഴിഞ്ഞ കൈയ്യുമായിട്ടാണ് തറവാട്ടില്‍ നിന്നും ഇറക്കി വിട്ടത്. ആ വാശിയാണ് രവിയെ വളര്‍ത്തിയത്.. ഇത്രത്തോളമെത്തിച്ചത്.. ഇപ്പോള്‍ ആട്ടിയിറക്കിയവരെല്ലാം ചോരക്കൊതിയന്‍മാരായ ചെന്നായ്ക്കളെ പോലെ എന്റെ സമ്പത്തില്‍ കണ്ണു നട്ടിരിക്കുകയാണ്. ധ്വനി മോള്‍ തിരിച്ചു വരാത്ത പക്ഷം ഇതെല്ലാം വെട്ടിക്കീറി പങ്കുവെക്കാന്‍ വേണ്ടി.. അതുണ്ടാകരുത്.. '
രവിമേനോന്റെ മുഖത്ത് ക്ഷോഭം പടര്‍ന്നു.
' അഭിയെ ഞാനെന്റെ മകനായി ദത്തെടുക്കുകയാണ്.. അതല്ലെങ്കിലും കുഞ്ഞുനാള്‍ മുതല്‍ എന്റെ മോള്‍ക്കൊപ്പം എന്റെ നെഞ്ചില്‍ കിടന്നു വളര്‍ന്നവനാണ് അഭി.. എനിക്കവന്‍ മകന്‍ തന്നെയാണ്.'
ദുര്‍ഗയുടെ നോട്ടം വീണ്ടും ധ്വനിയിലേക്ക് നീണ്ടു.
അവളുടെ മുഖത്ത് നിസ്സഹായതയായിരുന്നു.
ഒരൊറ്റ ആക്രമണം കൊണ്ട് അവനെ ഇല്ലാതാക്കാന്‍ കഴിയാത്ത നിസ്സഹായത.
' പക്ഷേ ധ്വനി എന്നെങ്കിലും തിരിച്ചു വന്നാല്‍..'
ദേവദത്തന്‍ പാതിയില്‍ നിര്‍ത്തി.
' അവള്‍ എന്നു വന്നാലും അവള്‍ ആവശ്യപ്പെടുന്നതെല്ലാം അവള്‍ക്ക് തിരിച്ചു കിട്ടും.. ആവശ്യപ്പെടുന്നതിലേറെ അഭി കൊടുക്കുമെന്നും എനിക്കറിയാം... അങ്ങനെയായിരിക്കും ഞാന്‍ വില്‍പത്രം എഴുതുക'
അഭിഷേകിന് ഒന്നു പൊട്ടിച്ചിരിക്കണമെന്ന് തോന്നി.
തന്റെ മുഖത്തെ പരിഹാസം ആരും കാണാതിരിക്കാനായി അവന്‍ മുഖം കുനിച്ചിരുന്നു
ധ്വനി ഒരിക്കലും തനിക്ക് പ്രതിയോഗിയല്ല.
ഒരു തരി സ്വത്ത് ആവശ്യപ്പെട്ട് അവള്‍ തിരിച്ചു വരില്ല.
അവനെ ഉറ്റു നോക്കിക്കൊണ്ട് ധ്വനി ദുര്‍ഗയുടെ അടുത്ത് ചെന്നു നിന്നു
സാന്ത്വനിപ്പിക്കും മട്ടില്‍ ദുര്‍ഗ അവളുടെ കൈ പിടിച്ചു.
രക്തമിറ്റു വീഴുന്ന കണ്ണുകളില്‍ അഗ്നി ജ്വലിച്ചു നിന്നു.
' ഇവനെ കൊല്ലണം.. നീയുണ്ടാവില്ലേ കൂടെ' ധ്വനിയുടെ തീപിടിച്ച ശബ്ദം ദുര്‍ഗ കേട്ടു.
ദുര്‍ഗ അവളെ നോക്കി തലയാട്ടി
അതേ സമയം തന്നെ ദേവദത്തന്റെ നോട്ടം അവളില്‍ പതിച്ചു.
എന്തോ അദൃശ്യ സാന്നിധ്യം മനസിലാക്കിയത് പോലെയായിരുന്നു ആ നോട്ടം.
ദത്തേട്ടന്‍ തന്റെ മനസിലുള്ളതെല്ലാം ചൂഴ്‌ന്നെടുക്കുമെന്ന ഭീതിയോടെ ദുര്‍ഗ മുഖംകുനിച്ചിരുന്നു.
'ദത്തന്‍ ഒന്നും പറഞ്ഞില്ല' എന്ന രവിമേനോന്റെ ചോദ്യമാണ് ദേവദത്തനെ ദുര്‍ഗയില്‍ നിന്നും പിന്തിരിപ്പിച്ചത്.
' അതു നല്ല ഓപ്ഷനാണ്.. ' ദേവദത്തന്‍ മനസ് നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു
' പക്ഷെ ധ്വനി വന്നാല്‍ എന്തൊക്കെ തിരിച്ചു കൊടുക്കണമെന്ന് ധാരണ വേണം'
' അത് പ്രശ്‌നമല്ല' അഭിഷേക് ചിരിച്ചു.
അവള്‍ വന്നാല്‍ ഒരു ചില്ലറപൈസ പോലും വിട്ടു കൊടുക്കാന്‍ ഞാന്‍ തയാറാണ്.. എല്ലാ രേഖകളിലും അത് വ്യക്തമായി എഴുതിക്കോളൂ'
ആ മറുപടിയില്‍ ദേവദത്തന് അവനോട് ബഹുമാനം തോന്നി.
രവിമേനോന്റെ തീരുമാനം പിഴച്ചിട്ടില്ല
അത്രയും നല്ലൊരു ചെറുപ്പക്കാരനാണ് അഭിഷേക്.
രവിമേനോനും ഊര്‍മിളയും ആ വാക്കുകള്‍ കേട്ട് മനം കുളിര്‍്‌നന് ചിരിച്ചു.
എല്ലാത്തിനും സാക്ഷിയായിരുന്ന നേഹയ്ക്കും ജാസ്മിനും സ്വാതിയ്ക്ക് പോലും അവനോട് ബഹുമാനം തോന്നിപ്പോയി.
' ഒന്നും എഴുതിവെക്കാതെ മരിച്ചാല്‍ എന്റെ ഉമയെ എല്ലാവരും കൂടി കഷ്ണമാക്കി പങ്കിട്ടെടുക്കും.. സ്വത്തിന് വേണ്ടി.. അഭിയാകുമ്പോള്‍ ഉമയെ രശ്മിയേ പോലെ തന്നെ നോക്കും.. എനിക്കത് ഉറപ്പാണ്.'
രവിമേനോന്‍ തന്റെ തീരുമാനത്തിന് അടിവരയിട്ടു.
' പിന്നെ യാദൃശ്ചികമായി ഞാനിന്നലെ കിഴക്കേടത്തെ തിരുമേനിയെ കണ്ടിരുന്നു. അദ്ദേഹത്തിന് മുന്നില്‍ എല്ലാം പറഞ്ഞ് ഒന്ന് സമാധാനിക്കാന്‍ ശ്രമിച്ചു. '
രവിമേനോന്റെ സ്വരമിടറി.
' മോളെ കാത്തിരിക്കണ്ട.. അവളിനി വരില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു'
ഊര്‍മിളയില്‍ നി്ന്ന് ഒരു കരച്ചിലിന്റെ ശബദം പുറത്തേക്ക് വന്നു.
ദേവദത്തന്‍ നിശ്വസിച്ചു.
കിഴക്കേടത്ത് തിരുമേനി.
വേദവ്യാസിന്റെ പിതാവ്.
ഒരു കാലത്തെ മഹാ മാന്ത്രികനും വലിയമ്മാമ്മയോട് നേര്‍ക്കുനേര്‍ നില്‍ക്കുകയും ചെയ്ത ജ്ഞാനി.
അദ്ദേഹത്തിന് പിഴയ്ക്കില്ല.
' മോള്‍ക്ക് എന്തു പറ്റിയെന്നോ എവിടെയാണെന്നോ അദ്ദേഹം പറഞ്ഞോ'
ദേവദത്തന്‍ തിരക്കി.
' ഇല്ല.. ഞാന്‍ ചോദിച്ചു.. അതറിയാന്‍ അദ്ദേഹം ദൈവമല്ലാന്ന് പറഞ്ഞു. പിന്നെ അവളെ പറ്റി അറിഞ്ഞാല്‍ തന്നെ പറയില്ലെന്നും... ആദ്യം മേനോന്‍ പോയി ആരോഗ്യം വീണ്ടെടുക്കൂ എന്ന് ഒരു ഉപദേശവും'
ദേവദത്തന്റെ നെറ്റി ചുളിഞ്ഞു
കിഴക്കേടത്തിന്റെ ആ വാക്കുകളുടെ അര്‍ഥമെന്താണ്.
ധ്വനി ജീവിച്ചിരിപ്പില്ലെന്നോ. അതു പറഞ്ഞാല്‍ താങ്ങാനുള്ള ശേഷി രവിമേനോന് ഇല്ലെന്നാണോ.
മുഷ്ടി ചുരുട്ടി നെഞ്ചോട് ചേര്‍ത്തു പിടിച്ച് ദേവദത്തന്‍ ഒന്നു ധ്യാനിച്ചു
ഇല്ല.. ഒന്നും തെളിയുന്നില്ല.
കണ്‍മുന്നിലും പ്രജ്ഞയിലും ഇരുട്ടു മാത്രം.
എങ്കിലും തന്റെ സംശയം രവിമേനോനോട് ചോദിക്കാന്‍ അയാള്‍ തയാറായില്ല.
്ധ്വനിയുടെ പരാമര്‍ശം വന്നതോടെ ദുര്‍ഗ അഭിഷേകിനെ ഒന്നു തറച്ചു നോക്കി.
യാതൊരു ഭാവവ്യത്യാസവും ആ മുഖത്തു കണ്ടില്ല.
അവന്‍ പഠിച്ച കള്ളനാണെന്ന് ദുര്‍ഗ മനസില്‍ ഒന്നുകൂടി കുറിച്ചു.
' അതോടെ ഇനി ഒന്നും വൈകരുതെന്ന് തോന്നി. പിന്നെ ദത്തനെ വിളിച്ചു വരുത്തിയതിന്റെ ഉദ്ദേശ്യം വേറെയാണ്'
രവിമേനോന്‍ പറഞ്ഞു.
എല്ലാ നോട്ടവും ആകാംക്ഷയോടെ അയാളില്‍ പതിഞ്ഞു.
' ഈ വീട് ഞാനെന്റെ മോള്‍ക്കു വേണ്ടി വാങ്ങിയതാണ്. മോള്‍ക്ക് വേണ്ടി എന്നുവെച്ചാല്‍ മഹേഷിന് വേണ്ടി..'
ദേവദത്തന്‍ ഒന്നും മനസിലാകാത്ത മട്ടില്‍ അയാളെ നോക്കിയിരുന്നു.
' ഇത് എന്റെ മകളെ പോലെ കരുതുന്ന ദുര്‍ഗയ്ക്ക് നല്‍കാനാണ് എനിക്കിഷ്ടം..'
ദേവദത്തനും ദുര്‍ഗയും പകച്ചു പോയി.
അഭിഷേകിന്റെ നെറ്റി ചുളിഞ്ഞു.
അമ്പത് കോടി രൂപ.
അവന്‍ മനസില്‍ കുറിച്ചു.
അതു പോട്ടേന്ന് വെക്കാം.. എല്ലാം കൂടി ഏതാണ്ട് അരലക്ഷം കോടിയിലേറെ സ്വത്താണ് തനിക്ക് ലഭിക്കാന്‍ പോകുന്നത്. അവന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.
' തങ്കത്തിന് എന്തിനാണ് ഈ വീട്' തടസം പറയുന്നത് പോലെ ദേവദത്തന്‍ ചോദിച്ചു.
' വലിയേടത്ത് സ്വത്തിനും പണത്തിനും ഒരു കുറവുമില്ലെന്ന് രവിയങ്കിളിന് അറിയാമല്ലോ...എല്ലാം അനുഭവിക്കാന്‍ ഞാനും രുദ്രക്കുട്ടിയും തങ്കവും മാത്രമേയുള്ളു'
' അതൊക്കെ ഞങ്ങള്‍ക്കറിയാം ദത്താ'
ഊര്‍മിള മന്ദഹാസത്തോടെ അവനെ നോക്കി.
' ഇതെന്തായാലും മഹേഷിന് വേണ്ടി വാങ്ങിയ വീടാണ്.. ഞങ്ങളുടെ മകള്‍ ഇറങ്ങി പോയതു കൊണ്ട് മഹിയ്ക്കിത് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.. പക്ഷേ ഈശ്വരനിശ്ചയം ഇത് അവനു് തന്നെ കിട്ടണമെന്നാണ്.. അതല്ലെങ്കില്‍ ഇതിങ്ങനെയൊന്നും വരില്ലല്ലോ'
' മഹിയെ ഞങ്ങള്‍ മനസറിയാതെയാണെങ്കിലും ഒരുപാട് വേദനിപ്പിച്ചു. അതിന് പ്രായച്ഛിത്തമായെങ്കിലും ദുര്‍ഗ ഇത് സ്വീകരിക്കണം' രവിമേനോന്‍ യാചനയുടെ മട്ടിലാണ് പറഞ്ഞത്.
ദുര്‍ഗ അറിയാതെ ധ്വനിയെ നോക്കി
ധ്വനിയുടെ മുഖത്ത് അപ്പോള്‍ നിറയെ സന്തോഷമായിരുന്നു.
വാങ്ങിക്കോളൂ എന്ന അര്‍ഥത്തില്‍ ധ്വനി മുഖം ചലിപ്പിച്ചു.
' അടുത്തയാഴ്ച രാവിലെ പതിനൊന്നിന് രജിസ്‌ട്രേഷന്‍ നടത്താനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.. ഞങ്ങളുടെ കാലശേഷം എല്ലാം അഭിയ്ക്ക്.. ദേവന്‍ വരണം.. വിശ്വസിക്കാവുന്ന ഒരു ബന്ധു ഇപ്പോള്‍ താന്‍ മാത്രമേയുള്ളു'
രവിമേനോന്റെ വാക്കുകള്‍ക്ക് ദേവദത്തന്‍ തലയാട്ടി സമ്മതം നല്‍കി.
............ .............. ........................
പൂജയ്ക്ക് വേണ്ട തെച്ചിപ്പൂക്കള്‍ പൂങ്കുലയോടെ തന്നെ പൊട്ടിച്ചെടുക്കുകയായിരുന്നു രുദ്ര.
കൈകള്‍ സ്പര്‍ശിക്കാതെ വേണം ഓരോ പൂങ്കുലയും പറിക്കാന്‍
നന്നേ മൂര്‍ച്ചയുള്ളൊരു ബ്ലേഡ് കൊണ്ട് തണ്ടുകളറുത്ത് പൂക്കള്‍ നേരെ പൂക്കൊട്ടയിലേക്കു വീഴ്ത്തും.
അതിനിടെ പകലിലെ പൂജാദി കര്‍മ്മങ്ങളെല്ലാം തീര്‍ത്ത് സന്ധ്യയോടെ കുളത്തില്‍ മുങ്ങിക്കുളിച്ച് വസ്ത്രം മാറി
വേദവ്യാസ് അടുത്തു വന്നു.
ഇനി പാതിരാവിന്റെ നാലാംയാമത്തിലേ അടുത്ത പൂജ തുടങ്ങേണ്ടൂ.
അതു വരെ വിശ്രമം ആവാം
തൃസന്ധ്യ കഴിഞ്ഞാല്‍ ഉറക്കവും.
കാര്യസ്ഥനുമായി സംസാരിച്ചു കൊണ്ട് വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി ചുറ്റു വരാന്തയുടെ പടിഞ്ഞാറ് ഭാഗത്ത് നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിനടുത്തേക്ക് പോകാനുള്ള
ആ വരവിലാണ് കിഴക്കേ മുറ്റത്തെ കോണില്‍ രുദ്രയെ കണ്ടത്. ചുവന്ന സാരിയില്‍ അവള്‍ക്ക് വ്്ല്ലാത്തൊരു ശാലീനത തോന്നി.
' അകത്തമ്മയെ മൂവന്തിച്ചോപ്പില്‍ കാണാന്‍ എന്തൊരു മനോഹരി'
ചുറ്റുവരാന്തയില്‍ നിന്ന് അവന്റെ ശ്ബദം കേട്ടതും രുദ്രയുടെ ശ്രദ്ധപാളി.
ബ്ലേഡ് വന്നു തട്ടി വിരലിനൊരറ്റം അല്‍പ്പം മുറിഞ്ഞു.
രണ്ടു തുള്ളി രക്തം പൂവട്ടികയിലെ പൂക്കളിലേക്ക് ഇറ്റു വീണു.
' അശുദ്ധാക്കിയല്ലോ'
കോപിക്കുന്ന മട്ടില്‍ വേദവ്യാസ് ശബ്ദമൊന്നുയര്‍ത്തി.
രുദ്ര ഭയന്നു പോയി.
' ഇനിയതെടുക്കണ്ട.. പൂജയ്ക്ക് ശുദ്ധവും വൃത്തിയുമുള്ള പൂക്കള്‍ വേണംന്ന് വലിയമ്മാമ്മ പറഞ്ഞതല്ലേ'
അവന്‍ അടുത്തേക്ക് വന്നപ്പോള്‍ രുദ്ര മുഖം വെട്ടിത്തിരിച്ചു
' എന്നെ പിന്നില്‍ നിന്ന് പേടിപ്പിച്ച് കൈമുറിച്ചതും പോരാ ഇപ്പോള്‍ കുറ്റം എന്റെ തലയില്‍ വെക്കുകയാണല്ലേ'
്‌വളുടെ പരിഭവം വേദവ്യാസിനെ ചിരിപ്പിച്ചു.
' നോക്കട്ടെ.. കൈ കാണിക്കൂ.. ഒരുപാട് മുറിഞ്ഞോ'
അവന്‍ അടുത്ത് വന്നു നിന്നപ്പോള്‍ വല്ലാത്തൊരു താരള്യം രുദ്രയുടെ ഉടലിനെ പൊതിഞ്ഞു.
' നോക്കട്ടെ'
വേദവ്യാസ് ഒന്നു കൂടി പറഞ്ഞതോടെ രുദ്ര വിരലറ്റം അവന് നേരെ നീ്ട്ടി.
' ആഹ ഇതിത്തിരിയേ ഉള്ളല്ലോ.. നിസാരം..' വേദവ്യാസ് പൂക്കുടയില്‍ നിന്നും നാലഞ്ച് തെച്ചിയിതളുകളെടുത്ത് ഞെരിച്ചു.
അതിന്റെ നീര് മുറിവിലേക്കിറ്റിച്ചു.
പിന്നെ കണ്ണടച്ച് എന്തോ മന്ത്രം ചൊല്ലി.
' ഒറ്റമൂലിയാണ്.. വേഗം ഉണങ്ങും'
അവന്റെ സ്പര്‍ശനം ഉടലാകെ നനുത്തൊരു സുഖമുണര്‍ത്തുന്നത് രുദ്ര അറിഞ്ഞു.
' എന്താ അവിടെ.. '
പിന്നില്‍ നിന്നും പവിത്രയുടെ ചോദ്യമുയര്‍ന്നു.
രുദ്രയുടെ മുഖത്ത് ചുവപ്പു പടര്‍ന്നു.
' ഒരു ചെറിയ വൈദ്യം..' അടുത്തേക്ക് വന്ന അവള്‍ക്ക് ചിരിയോടെ വേദവ്യാസ് മറുപടി നല്‍കി.
' മനസിനോ ശരീരത്തിനോ'
പവിത്രയുടെ കുസൃതിചോദ്യത്തെ കൂര്‍ത്തൊരു നോട്ടം കൊണ്ടാണ് രുദ്ര നേരിട്ടത്.
' ഉണ്ടക്കണ്ണി.. നോട്ടം കണ്ടില്ലേ.. ഞാന്‍ കാര്യമായിട്ട് ചോദിച്ചതാണ്'
പവിത്ര അവളുടെ ഭാവം കണ്ട് ചിരിച്ചു.
' മനസിന് ചികിത്സിക്കണമെങ്കില്‍ ഇവിടെ അത് ആദ്യം വേണ്ടത് പവിത്രയ്ക്കും ദേവദത്തനുമാണ്'
വേദവ്യാസ് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി
പവിത്രയുടെ ചിരി മാഞ്ഞു.
' എന്തിനാണ് ഇങ്ങനെ സ്വയം വഞ്ചിച്ച് ജീവിക്കുന്നത് പവിത്ര.. ഒരിക്കല്‍ ദേവനെ മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞില്ല.. ഇപ്പോഴോ.. ഇന്നും ആ മനസ് മനസിലാക്കാന്‍ കഴിയുന്നില്ലെന്നുണ്ടോ'
പവിത്ര അവനെ നേരിടാനാവാതെ നിന്നു.
................ ............................ .................
' അഭിയേട്ടാ..'
വാതിലില്‍ ചെറുതായി തട്ടുന്നതിനൊപ്പം നേര്‍ത്തൊരു വിളി കൂടി കേട്ടു അഭിഷേക്.
കംപ്യൂട്ടറിന് മുന്നിലിരുന്ന് രവിമേനോന്റെ സ്വത്തു വകകളുടെ കണക്ക് വീണ്ടും വീണ്ടും കൂട്ടിനോക്കുകയായിരുന്നു അഭിഷേക്.
എന്നെങ്കിലും ഒരു ദിവസം രവിമേനോന്റെ എല്ലാ സ്വത്തും തന്റെ പേര്‍ക്കാക്കുമെന്ന് ഒരു ദൃഢനിശ്ചയം ഉള്ളിലുണ്ടായിരുന്നു.എന്നാലിപ്പോള്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത സമയത്ത് എല്ലാം തന്‍രെ കൈക്കുമ്പിളിലേക്ക് വെച്ചു തരികയായിരുന്നു
അതിന്റെ ഉന്മാദവും ത്രസിപ്പും വിട്ടുമാറിയിരുന്നില്ല അവന്.
വീ്ട്ടിലേക്ക് വിളിച്ച് വിനയകുമാറിനോടും രശ്മിയോടും ആ വിവരം പറഞ്ഞത് ഊര്‍മിളയാണ്.
ഉടന്‍ തന്നെ അവര്‍ മകന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും അഭിഷേക് അത് കട്ട് ചെയ്തു കളഞ്ഞു.
തന്റെ മുഖത്തെ സന്തോഷം അതിരു വി്ട്ട്ു പോകുന്നത് ആരും കാണരുത് എന്ന കരുതലായിരുന്നു അതിന് പിന്നില്‍.
അന്നവിടെ നില്‍ക്കണമെന്ന് ഉമയാന്റി നിര്‍ബന്ധിച്ചത് കൊണ്ട് സമ്മതിച്ചു.
നേര്‍ത്ത ഒരു അലോസരം പോലും തത്ക്കാലം ഉണ്ടാക്കരുത്.
അത്താഴം കഴിഞ്ഞതോടെ റൂമില്‍ കയറിപ്പറ്റി.
ഉടനെ അമ്മയേയും അച്ഛനേയും വിളിച്ചു.
അവരോടും പക്വതയോടെ പെരുമാറാന്‍ ശ്രദ്ധിച്ചു.
പിന്നെ കംപ്യൂട്ടറിന് മുന്നില്‍ ഒരു തപസായിരുന്നു.
കോടികളുടെ കണക്കുകള്‍ മാറിമറയുന്നത് കൗതുകത്തോടെ അഭി്‌ഷേക് കണ്ടു.
ഇനി എത്രയും പെ്ട്ടന്ന് സ്വപനം കണ്ട കമ്പനി യാഥാര്‍ഥ്യമാക്കണം.
പിന്നെ മുന്തിരിച്ചാറു പോലെ ഈ ജീവിതം ആസ്വദിക്കണം.
ധ്വനി മരിച്ചത് എന്തു കൊണ്ടും നന്നായി.
സ്‌ക്രോള്‍ ചെയ്തു പോകുന്ന കോടി കണക്കില്‍ കണ്ണുനട്ട് അഭിഷേക് ചിന്തിച്ചു
ഒരു മൂളിപ്പാട്ട് അവന്റെ ചുണ്ടിലെത്തി.
അവളെ ഭാര്യയാക്കിയിരുന്നെങ്കില്‍ എപ്പോഴും അവളുടെ ഇഷ്ടങ്ങല്‍ പരിഗണിക്കേണ്ടി വരുമായിരുന്നു.
ഇപ്പോള്‍ സര്‍വ സ്വതന്ത്ര്യം..
താങ്ക്യൂ.... ധ്വനി.. താങ്ക്യൂ..
മൂളിപ്പാട്ടില്‍ ആ വരി കൂടി ചേര്‍ത്ത് പാടി അവന്‍.
അപ്പോഴാണ് വാതിലില്‍ മു്ട്ടുന്നത് കേട്ടത്.
അഭിഷേക് ചെവിയോര്‍ത്തു
തൊട്ടു പുറകേ കാറ്റല പോലെ അഭിയേട്ടാ എന്ന വിളി കേട്ടു.
ഈ നേരത്ത് ആരാണ് തന്നെ വിളിക്കുന്നത്.
ഒരു പെണ്‍സ്വരം.
അഭിഷേക് ക്ംപ്യൂട്ടര്‍ ഡിസ്‌പ്ലേയില്‍ സമയം നോക്കി.
പന്ത്രണ്ട്.
അഭിഷേകിന്റെ ഉള്ളില്‍ നേഹയുടേയും ജാസ്മിന്റെയും സ്വാതിയുടേയും രൂപം തെളിഞ്ഞു.
അവരില്‍ ആരെങ്കിലുമാണെന്ന ധാരണയോടെയാണ് അവന്‍ വാതില്‍ തുറന്നത്.
എന്നാല്‍ മുന്നില്‍ നില്‍ക്കുന്ന ദുര്‍ഗയെ കണ്ട് അവന്‍ ഞെട്ടിപ്പോയി
ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അവളുടെ ആ വരവ്.
' ഞാനകത്തേക്ക് വരട്ടെ.. ഇവിടെ നിന്നാല്‍ ആരെങ്കിലും കാണും'
ദുര്‍ഗ മന്ത്രിക്കുന്നത് പോലെ ചോദിച്ചു
ഇന്ന് ആരെയാണ് കണികണ്ടതെന്നാണ് അത്ഭുതത്തോടെ അഭിഷേക് ചിന്തിച്ചത്.
മോഹിച്ചതെല്ലാം കൈവെള്ളയില്‍ കിട്ടുന്ന സുവര്‍ണ ദിനം.
അമിതാഹ്‌ളാദം മറച്ചു വെക്കാതെ അഭിഷേക് വഴി മാറി
ദുര്‍ഗ റൂമിനകത്തേക്ക് കയറി.
' വാതിലടയ്ക്ക് അഭിയേട്ടാ' ദുര്‍ഗ പറഞ്ഞു
അഭിഷേക് വാതിലടച്ചിട്ട് തിരിഞ്ഞ് ദുര്‍ഗയെ നോക്കി.
അതിലോലമായ ഇളംറോസ് സ്ലീവ്‌ലെസ് നൈറ്റ് ഗൗണില്‍ ഒരു രതിദേവത പോലെ അവള്‍ നില്‍ക്കുന്നു.
കടഞ്ഞെടുത്ത ഉടല്‍ വടിവുകള്‍.
കണ്ണുകളില്‍ തുളുമ്പുന്ന അഭിനിവേശം
മുഖം നിറയെ പ്രണയം.
അഭിഷേകിന് നിയന്ത്രണമറ്റു
' ദുര്‍ഗ..'
അവന്‍ അടുത്തേക്ക് ചെന്ന് അവളുടെ താടിയില്‍ സ്പര്‍ശിച്ചു.
' നീയെന്താ വന്നത്.. ഞാനൊട്ടും പ്രതീക്ഷിച്ചില്ല'
' അഭിയേട്ടനെന്നോട് ദേഷ്യമുണ്ടോ എന്നു ചോദിക്കാന്‍..'
അവള്‍ ശബ്ദമടക്കി പറഞ്ഞു
' ദേഷ്യമോ എന്തിന്..' അവളെ കരവലയത്തില്‍ ഒതുക്കാനുള്ള ആവേശത്തോടെ അവന്‍ അടുത്തു ചെന്നു.
ദുര്‍ഗ ലജ്ജയോടെ ഒഴിഞ്ഞു മാറി.
' ഈ വീട് എനിക്ക് തന്നതിന്'
അഭിഷേകിന്റെ മുഖമൊന്നിരുണ്ടു.
പക്ഷേ ഒരു കോടീശ്വരന്‍ ഒരിക്കലും നഷ്ടപ്പെട്ട ചില്ലറയോര്‍ത്ത് വേദനിക്കില്ലെന്ന് സ്വയം പറഞ്ഞു.
' എനിക്കതില്‍ സന്തോഷം മാത്രം ദുര്‍ഗാ'
അഭിഷേക് വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു.
' സത്യം പറയട്ടെ.. ആദ്യം കണ്ടപ്പോള്‍ മുതല്‍ എനിക്ക് അഭിയേട്ടനോട് വല്ലാത്തൊരിഷ്ടമായിരുന്നു. പക്‌ഷേ അഭിയേട്ടന്‍ എന്റെ ഫ്രണ്ട്‌സിനോടൊക്കെ അടുത്തപ്പോള്‍ എനിക്കത് ഇഷ്ടമായില്ല.. അതു കൊണ്ടാണ് ഞാന്‍ ദേഷ്യം കാണിച്ചത്.'
അഭിഷേക് അമ്പരന്നു പോയി.
വെറും പെണ്ണ്..
പെട്ടന്നവന് ചിരി വന്നു.
അടുത്ത് വന്ന് അവന്‍ ചുമലില്‍ കൈ വെച്ചപ്പോള്‍ ദുര്‍ഗ എതിര്‍ത്തില്ല.
' അഭിയേട്ടനറിയ്യോ എനിക്ക് മഹേഷിനോട് ഒരു താത്പര്യവുമില്ല.. ഒരിക്കല്‍ ഞാനാ റിലേഷന്‍ ബ്രേക്ക് ചെയ്തതാ.. പിന്നെ ശല്യമായി.. അതുകൊണ്ട് മാത്രം സഹിക്കുന്നു. പക്ഷേ ഇപ്പോള്‍ തോന്നുന്നു നമുക്കൊന്നിച്ച് കൂടേ അഭിയേട്ടാ.. ഇപ്പോള്‍ അഭിയേട്ടനൊരു കോടീശ്വരനുമായില്ലേ.. സുഖമായി ജീവിച്ചൂടേ നമുക്ക്'
പെണ്ണ് മോശമല്ലല്ലോ എന്ന ചിന്തയോടെ അഭിഷേക് ഒരു നിമിഷം നിന്നു.
പണത്തില്‍ തന്നെയാണ് അവളുടേയും കണ്ണ്.
' ഒരു മറുപടി പറയില്ലേ.. അഭിയേട്ടനെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം' ദുര്‍ഗ കുറുകി.
' ഇഷ്ടമാണ്..'
കൗശലത്തോടെ അഭിഷേക് അവളെ തന്നോട് ചേര്‍ത്തു പിടിക്കാനാഞ്ഞു.
' പക്ഷേ.. നിനക്കിഷ്ടമാണോ എന്നെ.. ഒന്ന് ടെസ്റ്റ് ചെയ്‌തോട്ടെ ഞാന്‍'
ദുര്‍ഗ ലജ്ജയോടെ അവനെ നോക്കി ചിരിച്ചു.
വൈദ്യുത വെളിച്ചത്തില്‍ അവളൊരു ദേവ ശില്‍പ്പം പോലെ തോന്നി.
' ഇപ്പോള്‍ വേണ്ട.. ' ദുര്‍ഗ പതിയെ അവന്റെ കൈ വിടുവിച്ചു.
വേഗം ചെന്ന് വാതിലിന്റെ ലോക്കെടുത്തു.
' ഇവിടെ വെച്ച് വേണ്ട..ഇവിടെ എനിക്ക് പേടിയാ.. അങ്കിള്‍.. ആന്റി.. പിന്നെ മുകളിലാണെങ്കില്‍ ഫ്രണ്ട്‌സ്.. ആരെങ്കിലും അറിഞ്ഞാല്‍..'
തിരമാലകളെ പോലെ മനസില്‍ വന്നലച്ച വികാരങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ട് അഭിഷേക് നിന്നു.
അവന്റെ മുഖത്ത് നിരാശ പ്രതിഫലിച്ചു.
വേണമെങ്കില്‍ ബലം പ്രയോഗിക്കാവുന്നതേയുള്ളു.
പക്ഷേ വേണ്ടെന്ന് മനസ് പറഞ്ഞു.
അവള്‍ പറഞ്ഞത് പോലെ ആരെങ്കിലും കണ്ടാല്‍ ഈ സാഹചര്യത്തില്‍ അത് തനിക്കൊരു നെഗറ്റീവ് മാര്‍ക്ക് ആകും.
' ഞാന്‍ വരാം്അഭിയേട്ടാ.. എന്നെ വിളിച്ചാല്‍ മതി.. എവിടേക്ക് വേണമെങ്കിലും വരാം'
അവനെ നോക്കി മനം മയക്കുന്ന ഒരു ചിരി സമ്മാനിച്ചിട്ട് ദുര്‍ഗ ഒരു പൂച്ചയേ പോലെ പതുങ്ങി സ്റ്റെയര്‍കേസ് കയറി മുകളിലേക്ക് ചെന്നു.
മുകളിലെത്തിയതും പൊട്ടി വീണത് പോലെ പെട്ടന്ന് ധ്വനി മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
' ദുര്‍ഗാ.. അഭിഷേക് മൂക്കുകുത്തി വീണു.. ധ്വനി ആരാണെന്ന് അവന്‍ കാണാന്‍ പോകുന്നതേയുള്ളു' ധ്വനി ഉറക്കെ പറഞ്ഞു.
പിന്നെ ഓടി വന്ന് ആവേശത്തോടെ ദുര്‍ഗയെ ആലിംഗനം ചെയ്തു.
ദുര്‍ഗയും അവളുടെ സന്തോഷപ്രകടനത്തില്‍ ലയിച്ചു.
ഏതാനും നിമിഷം കഴിഞ്ഞ് ഇരുവരും അകന്ന്മാറി.
' ഇനി നീ ചെന്നുറങ്ങിക്കോളൂ.. ഞാനെന്റെ അച്ഛന്റെ അടുത്തേക്ക് പോവാ.. പാവം.. എന്റെ അച്ഛന്‍.. എന്റെ അമ്മ..
എന്നും ചതിച്ചിട്ടേയുള്ളു അവന്‍'
ധ്വനിയുടെ പക നിറഞ്ഞ സ്വരം ദുര്‍ഗ കേട്ടു.
അടുത്ത നിമിഷം അവള്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞു.
ദുര്‍ഗ അവരുടെ റൂമിന്റെ വാതില്‍ മെല്ലെ തള്ളിത്തുറന്നു.
അകത്തേക്ക് കടക്കുന്നതിന് മുന്‍പ് വാതിലിന് കുറുകെ ഒരു കൈ അവളെ തടഞ്ഞു.
ദുര്‍ഗ ഞെട്ടിപ്പോയി.
ജാസ്മിന്‍.
സീറോ ബള്‍ബിന്റെ ചുവന്ന വെട്ടത്തില് അവളുടെ മുഖത്ത് കോപം കത്തുന്നത് ദുര്‍ഗ കണ്ടു.
...................തുടരും..........
കഴിഞ്ഞ ചാപ്റ്ററുകൾ എല്ലാം ഈ ലിങ്കിൽ വായിക്കാം.
Written by 
Shyni John


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot