Slider

നിഴലായ്‌ മാത്രം. - Part 16

0

അധ്യായം-16
പൂങ്കുന്നത്ത് ധ്വനിയുടെ പേരില്‍ മഹേഷ്ബാലന് വിവാഹ സമ്മാനമായി വാങ്ങിയ പുതിയ വീട്ടിലായിരുന്നു രവിമേനോന്‍.
കുറേ നാളായി വില്‍പ്പനയ്ക്ക് കൈയ്യില്‍ വന്ന പ്രോപ്പര്‍ട്ടിയാണ്.
മുക്കാല്‍ ഏക്കര്‍ സ്ഥലവും വീടും അടക്കം അമ്പത്തഞ്ച് കോടിയുടെ മുതലാണ്.
ധ്വനിയുടെ വിവാഹം അപ്രതീക്ഷിതമായി വന്നപ്പോഴാണ് ഈ മന വാങ്ങിയാലോ എന്ന ചിന്തയുണ്ടായത്.
രണ്ടോ മൂന്നോ വര്‍ഷത്തെ പഴക്കമേയുള്ളു.
അമേരിക്കയില്‍ സെറ്റിലായ ഒരു ഫാമിലിയ്ക്ക് വേണ്ടി പഴയ രൂപകല്‍പനയില്‍ പണികഴിപ്പിച്ച ആധുനികത തികഞ്ഞ വീടാണ്.
അവരിവിടെ താമസിച്ചിട്ടുമില്ല.
ഒടുവില്‍ നാട്ടിലേക്ക് വരുന്നില്ലെന്ന് അവര്‍ തീരുമാനിച്ചതോടെയാണ് വില്‍പനയ്ക്ക് വെച്ചത്.
ധ്വനിയെ കൂട്ടിക്കൊണ്ടു വന്ന് കാണിച്ചപ്പോള്‍ അവള്‍ക്ക് ഈ വീട് മാത്രം മതി.
അത്രയ്ക്കിഷ്ടപ്പെട്ടു പോയി.
സ്‌റ്റെയര്‍കേസ് കയറിച്ചെന്നാല്‍ ആദ്യം കാണുന്ന റൂം തന്റെ ബെഡ്‌റൂമായി തിരഞ്ഞെടുത്തു.
' അച്ഛാ ദാ ഈ വാളില്‍ വേണം അഭി എനിക്ക് വാങ്ങി തന്ന വലിയ ഫോട്ടോ വെക്കാന്‍.. നോക്ക്.. ഇവിടെ കറക്ടായിരിക്കും അത്.'
അവള്‍ സന്തോഷത്തോടെ പറഞ്ഞു.
വീട് മുഴുവന്‍ ചുറ്റി നടന്ന് കണ്ട് ഒന്നു രണ്ട് നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു.
അടുത്ത ദിവസം തന്നെ രവിമേനോന്‍ പണിക്കാരെ വിളിച്ച് അതെല്ലാം പറഞ്ഞേല്‍പിച്ചു.
പുതുക്കിപ്പണിത വീട് കണ്ട് ധ്വനി അത്ഭുതപ്പെട്ടു പോയി.
' മഹിയേട്ടന് വീട് ഇഷ്ടപ്പെടും അല്ലേ അച്ഛാ' മിഴികളില്‍ ഹര്‍ഷാതിശയം നിറച്ച് അവള്‍ ചോദിച്ചു.
' അത് മഹിയ്ക്കല്ലേ അറിയൂ..മോളേ'
രവിമേനോന്‍ അവളുടെ കവിളില്‍ തട്ടി.
' പക്ഷേ മഹിയോട ്ഇപ്പോ പറയണ്ട... വിവാഹത്തിന്റെ അന്ന് താക്കോല്‍ ഞാന്‍ അവന്റെ കൈയ്യില്‍ വെച്ചു കൊടുക്കും. അപ്പോള്‍ അറിഞ്ഞാല്‍ മതി'
ധ്വനി തലയാട്ടി
' എനിക്ക് പക്ഷേ മഹിയേട്ടന്റെ വീട്ടില്‍ താമസിക്കാനാ അച്ഛാ ഇഷ്ടം.. ഇവിടെ ഞാനും മഹിയേട്ടനും മാത്രമാവില്ലേ.. കുക്കിംഗൊന്നും എനിക്കറിയില്ല'
അവളുടെ മുഖത്തെ കുട്ടിത്തം കണ്ട് രവിമേനോന് ചിരി വന്നു.
' അതിനല്ലേ സര്‍വെന്റിനെ വെക്കുന്നത്'
' സര്‍വന്റൊന്നും വേണ്ടച്ഛാ.. അമ്മയെ കണ്ടില്ലേ തെക്കേത്ത് മുറ്റമടിക്കാന്‍ രമണിചേച്ചി ഉണ്ടെന്നല്ലാതെ വേറെ ആരെങ്കിലുമുണ്ടോ വേലക്കാരിയായിട്ട്.. എനിക്കങ്ങനെ മതി.. കുക്കിംഗൊക്കെ ഞാന്‍ ഇന്ദിരാമ്മയില്‍ നിന്ന് പഠിച്ചെടുത്തോളാം..'
' നീയന്തിനാ മോളേ ടെന്‍ഷനടിക്കുന്നത്. നിനക്ക് മഹിയുടെ വീട്ടിലും ഇവിടെയും പിന്നെ തെക്കേത്തും ഒക്കെ വന്ന് താമസിക്കാലോ..കുട്ടികളൊക്കെയാകുമ്പോള്‍ ഇവിടെ സ്ഥിരമാക്കുകയും ചെയ്യാം. ബാലനേം ഇന്ദിരയേം ഇവിടേക്ക് കൊണ്ടുവന്നാല്‍പ്പോരേ.. മഹിയുടെ വീട് അവര്‍ ആ പെണ്‍കുട്ടിയ്ക്ക് കൊടുത്തോട്ടെ.. അതല്ലേ ശരി'
' എന്റെ അച്ഛന്‍ പണക്കാരനായത് കൊണ്ട് നന്നായി.. ഇല്ലെങ്കില്‍ ഞാനവിടെ ചെന്ന് സ്വത്തിനൊക്കെ വഴക്കുണ്ടാക്കുമായിരുന്നു. അല്ലേ അമ്മേ'
പുതിയ വീട്ടിലെ സ്വീകരണ മുറിയില്‍ അല്ങ്കാര വസ്തുക്കള്‍ ക്രമീകരിക്കുകയായിരുന്ന ഊര്‍മിള അവളെ നോക്കി മന്ദഹസിച്ചു.
' വഴക്കുണ്ടാക്കിയാല്‍ നീ അടിമേടിക്കും. മഹിയുടെ വീട്ടില്‍ നിന്നെച്ചൊല്ലി ഒരു പിണക്കമോ മുഖം വീര്‍പ്പിക്കലോ ഉണ്ടാകരുത്. എനിക്കത് സഹിക്കില്ല.. എന്റെ വളര്‍ത്തു ദോഷമാണെന്നേ എല്ലാവരും പറയൂ'
' കുട്ടിയെ ശാസിക്കുകയൊന്നും വേണ്ട ഉമേ.. ധ്വനി മോള്‍ എന്റെ മോളാ..ആ സ്റ്റാന്‍ഡേര്‍ഡ് അവള്‍ കളയില്ല'
'നമുക്കിന്ന് ഇവിടെ താമസിക്കണം അച്ഛാ.. നാളെ പോകാം വീട്ടില്‍.. ഇന്നെനിക്ക് ഇവിടെ എന്റെ റൂമില്‍ കിടക്കണം. ഇനി മാരേജ് കഴിഞ്ഞല്ലേ ഇവിടെ താമസിക്കാന്‍ പറ്റൂ'
ഗൃഹപ്രവേശനം കഴിയാത്ത വീട്ടില്‍ താമസിക്കുന്നത് അശുഭമാണെന്ന് ഊര്‍മിള എതിര്‍ത്തിട്ടും ധ്വനി വാശിപിടിച്ചു.
ഭക്ഷണം പുറത്ത് നിന്ന് വരുത്തിയിട്ട് അന്നവിടെ നിന്നു.
അതൊക്കെ ഓര്‍ത്തപ്പോള്‍ രവിമേനോന് ചിരി വന്നു
ഇന്നലെയാണ് ഊര്‍മിള അവളെ പ്രസവിച്ചതെന്ന് തോന്നും ചിലപ്പോള്‍.
കരഞ്ഞും ചിരിച്ചും തന്റെ നെഞ്ചില്‍ കിടന്നുറങ്ങിയും എത്ര പെട്ടന്നാണവള്‍ വളര്‍ന്നു വലുതായത്.
മോളുടെ വിവാഹമാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നും
മൊബൈല്‍ റിംഗ് ചെയ്തു.
ജൂബയുടെ പോക്കറ്റില്‍ നിന്നും രവിമേനോന്‍ ഫോണെടുത്ത് നോക്കി
ഊര്‍മിളയാണ് വിളിക്കുന്നത്.
രവിമേനോന്‍ സമയം നോക്കി.
ഒമ്പത് പതിനഞ്ച്
ഉച്ചയ്ക് ഇറങ്ങിയതാണ്.
' രവിട്ടേനിതെവിടെയാ ..' മോള്‍ എത്ര പ്രാവശ്യം ചോദിച്ചൂന്നറിയ്യോ അച്ഛന്‍ വന്നില്ലേന്ന്.. അവള്‍ കഴിച്ചിട്ട് ഉറങ്ങാന്‍ പോയി' ഊര്‍മിള പരിഭവിച്ചു
' ഞാന്‍ നമ്മുടെ പുതിയ തെക്കേത്ത് മനയില്‍... ഇവിടെ ഇത്തിരി പെന്‍ഡിംഗ് വര്‍ക്ക്‌സ ഉണ്ടായിരുന്നു. പണിക്കാര് പോയപ്പോള്‍ വരാന്തയില്‍ കിടന്ന് ഒന്നു മയങ്ങിപ്പോയി.'
' മഹി വന്നപ്പോഴും ചോദിച്ചും അച്ഛനെവിടേന്ന്... അവന്‍ മോളെ ഇവിടെ ആക്കിയിട്ട് പോയി.. മോള്‍ ഭയങ്കര ഹാപ്പിയാ രവിയേട്ടാ. നാളെ ഡ്രസും ഓര്‍ണമെന്റ്‌സും എടുക്കാന്‍ പോകണം നമുക്ക്..'
' ശരി.. ഉമേ.. ബാക്കി അവിടെ വന്നിട്ട് പറയാം.. ഞാനിറങ്ങട്ടെ'
രവിമേനോന്‍ കോള്‍ കട്ട് ചെയ്തു.
അയാള്‍ ചെല്ലുമ്പോള്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഊര്‍മിള.
' നല്ലയാളാ.. ഒരു പോക്ക് പോയാല്‍ പോയ വഴി.. ഞാനൊന്നും പറയണില്യ'
വാതില്‍ തുറന്ന് കൊണ്ട് ഉൗര്‍മിള പറഞ്ഞു.
' വൈകിപ്പോയി പത്‌നീ.. ക്ഷമിക്കൂ'
രവിമേനോന്‍ ്‌വരുടെ മുടിയില്‍ തഴുകി.
' സോപ്പിടാന്‍ പഠിച്ച് വച്ചിട്ടുണ്ടല്ലോ.. പിന്നെന്താ വേണ്ട്യത്.'
ഊര്‍മിള കുറ്റപ്പെടുത്തിക്കൊണ്ട് ഊണ്‍മുറിയിലേക്ക് പോയി.
' മോളുടെ റൂമില്‍ വെളിച്ചമുണ്ടല്ലോ.. ഉറങ്ങിയോ അവള്‍.'
രവിമേനോന്‍ മുകളിലേക്ക് ഒന്നു പാൡനോക്കിയിട്ട് ഊര്‍മിളയുടെ പിന്നാലെ ചെന്നു
' ഞാനൊന്ന് കയറി ചെന്നിരുന്നു. അപ്പോള്‍ ഫോണില്‍ സംസാരം കേട്ടു. മഹേഷിനോടാണ്.. അവിടത്തെ കാര്യങ്ങളാ..മഹിയേട്ടന്റെ അമ്മ പോരെടുക്കുമോ.. മഹിയേട്ടനെന്താ രാവിലെ ബ്രേക്ക്ഫാസ്റ്റ് വേണ്ടത്.. മഹിയേട്ടന്‍ കള്ളു കുടിക്കുമോ.. എന്തൊക്കെയാ പെണ്ണിന് അറിയേണ്ടത്.. '
' എന്നിട്ട് മോളുടെ സീക്രട്ട് കോള്‍ നീ കേട്ടുകൊണ്ട് നിന്നോ' രവിമേനോന്‍ ശാസനാ രൂപത്തില്‍ നോക്കിയത് കണ്ട് ഊര്‍മിള ചിരിച്ചു
' പിന്നേ എനിക്കതല്ലേ പണി.. ഞാനിങ്ങ് ഇറങ്ങിപ്പോന്നു. ഇപ്പോ ഏതു നേരത്തും ഫോണ്‍ വിളിയാ.. കല്യാണം വരെ കാത്തിരിക്കാന്‍ വയ്യാതായിരിക്കണു'
' അതുപിന്ന അവള്‍ ആദ്യമായിട്ടല്ലേ അഭിയല്ലാതെ ഒരു പുരുഷനോട് അടുക്കുന്നത്. അതിന്റെ ഒരു പുതുമ തോന്നില്ലേടീ'
' അതു പറഞ്ഞപ്പോഴാ.. അഭി വിളിച്ചിരുന്നോ രവിയേട്ടാ.. അവനെന്നാ വരുന്നത്.'
ഊര്‍മിള ഭക്ഷണം വിളമ്പി വെക്കുന്നതിനിടെ തിരക്കി
' ഇന്നലെ വിളിച്ചു. രണ്ടു ദിവസം കൂടി വൈകുമത്രേ. പാവം.. ആ കമ്പനി അവന്റെ സ്വപ്‌നമാ..അതിന് വേണ്ടിയുള്ള ഓട്ടത്തിലാ അവന്‍.. അഭിയ്ക്കും ഞാനൊരു സര്‍പ്രൈസ് വെച്ചിട്ടുണ്ട്.'
' എന്തു സര്‍പ്രൈസ്.. ' ഊര്‍മിള അയാളെ കൗതുകത്തോടെ നോക്കി.
' ആ കമ്പനി അവന് ഞാന്‍ യാഥാര്‍ഥ്യമാക്കി കൊടുക്കും ഉമേ.. ഇല്ലെങ്കില്‍ അവന്‍ നമ്മുടെ മകനെ പോലെയാണെന്ന് പറയുന്നതില്‍ എന്താ അര്‍ഥം. പക്ഷെ നാളെ വിളിച്ച് മുഴുവന്‍ തുകയും കൈയ്യില്‍ വെച്ചു കൊടുക്കാനൊന്നും ഞാന്‍ തയാറല്ല. അഭി കുറച്ച് കഷ്ടപ്പെടട്ടെ..അവന്റേതായ എഫോര്‍ട്ട് വരട്ടെ.. കാരണം കഷ്ടപ്പെട്ട് നേടുന്നതിനോടേ ഒരു കമ്മിറ്റ്‌മെന്റ് ഉണ്ടാകൂ'
' നല്ല തീരുമാനം..'
ഊര്‍മിള രവിമേനോന്‍ കഴിക്കുന്നത് നോക്കി അടുത്തിരുന്നു
' ഞാനിത് രവിയേട്ടനോട് അവതരിപ്പിക്കാനിരിക്കുകയായിരുന്നു. എന്തിനാ നമുക്കിത്രയധികം സ്വത്തുക്കള്‍. എത്ര കാലമായി രശ്മിയും വിനയനും നമുക്കൊപ്പമാണ്. ശരിക്കും കൂടപ്പിറപ്പുകളേ പോലെ.. അവര്‍ക്കു കൊടുത്താല്‍ ഒന്നും കുറഞ്ഞു പോകില്ല.'
ഉറങ്ങാന്‍ പോകുമ്പോഴും ഊര്‍മിള മുകളിലേക്ക് ഒന്ന് മിഴി പായിച്ചു
വെളിച്ചം കെട്ടിട്ടില്ല.
ധ്വനി ഉറങ്ങിയിട്ടില്ലെന്ന് തോന്നി.
പുലര്‍ച്ചെ എഴുന്നേറ്റപ്പോഴും ആ മുറിയില്‍ വെട്ടമുണ്ട്.
ഊര്‍മിളയുടെ നോട്ടം പ്രധാന വാതിലിന് നേര്‍ക്ക് നീണ്ടു.
അവര്‍ ഒന്ന് അമ്പരന്നു.
രാത്രി ലോക്ക് ചെയ്തു പോയ ആ വാതില്‍ ഇപ്പോള്‍ അടച്ചിട്ടില്ല.
ചാരിയിട്ടേയുള്ളു.
ഗേറ്റില്‍ നിന്നും ഒരു വാഹനത്തിന്റെ ഇരമ്പല്‍ കേട്ടു.
ഊര്‍മിളയ്‌ക്കെന്തോ ഒരു ഭയം തോന്നി.
വാതിൽ ലോക്ക് ചെയ്തിട്ട് അവര്‍ സ്‌റ്റെയര്‍കേസ് കയറി ധ്വനിയുടെ റൂമിലേക്ക് ചെന്നു.
അതിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്.
ധ്വനിയില്ല.
ബാത്‌റൂമിലുണ്ടോ എന്ന് ഊര്‍മിള ചെന്നു നോക്കി.
ഇല്ല.
ഒരു തരിപ്പ് അവരുടെ ശരീരത്തെ പൊതിഞ്ഞു
പെട്ടന്നുണ്ടായ ഒരു ഉള്‍പ്രേരണയോടെ അവര്‍ മുകളിൽ മുഴുവന്‍ അവളെ തിരഞ്ഞു.
ഇല്ല.
ഊര്‍മിള പടികള്‍ ഓടിയിറങ്ങി താഴേക്ക് ചെന്നു.
അവിടെയും ഒരിടത്തും അവളില്ലായിരുന്നു.
ഊര്‍മിള ആ പുലര്‍ച്ചയിലും വിയര്‍ത്തു.
ധ്വനിയെ ആരെങ്കിലും അപകടപ്പെടുത്തിയോ എന്നായിരുന്നു ചിന്ത.
അവര്‍ മുറിയിലേക്കോടി മേശപ്പുറത്തിരുന്ന തന്റെ മൊബൈലെടുത്ത് രശ്മിയുടെ നമ്പറിലേക്ക് വിളിച്ചു,
രശ്മി ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല
അതുകൊണ്ടു തന്നെ ഏറെ നേരം ബെല്ലടിച്ചിട്ടാണ് അവള്‍ കോളെടുത്തത്.
' എന്താ ഉമേച്ചീ' എന്ന ഉറക്കച്ചടവുള്ള ശബ്ദം ഫോണിലൂടെയെത്തി.
' മോള്‍ അ്‌ങ്ങോട്ടു വന്നോ രശ്മീ..'
വേവലാതിയോടെ അവര്‍ ചോദിച്ചു
' ആര്.. ധ്വനിമോളോ.. ഇല്ലല്ലോ.. എവിടെ പോയി ഈ നേരത്ത്'
രശ്മിയുടെ അമ്പരന്ന ചോദ്യം കേട്ടു.
' ഈ വീട്ടിലെങ്ങും അവളില്ല.. വാതില്‍ തുറന്ന് കിടപ്പുണ്ടായിരുന്നു. ഗേറ്റിനടുത്ത് നിന്ന് ഒരു വാഹനത്തിന്റെ ശബ്ദവും കേട്ടു.'
നിലവിളി പോലെയുള്ള ഊര്‍മിളയുടെ ശബ്ദം കേട്ടാണ് രവിമേനോന്‍ കണ്ണ് തുറന്നത്.
' എന്താ ഉമേ.. ആരെയാ നീയീ വെളുപ്പിനേ വിളിക്കുന്നത്'
അയാള്‍ ഒന്നും മനസിലാകാതെ അവരെ നോക്കി
' രവിയേട്ടാ..മോളെ കാണാനില്ല.. അവള്‍ ഈ വീട്ടിലില്ല'
ഊര്‍മിള കരഞ്ഞു പോയി.
ഒരു നിമിഷം കൊണ്ട് രവിമേനോന്റെ ഉറക്കച്ചടവ് വിട്ടുമാറി.
അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു.
പെട്ടന്ന് ആ മുഖത്ത് ചിരി പടര്‍ന്നു
' അവള്‍ ഇന്ന് മുതല്‍ കല്യാണതലേന്ന് വരെ പുലര്‍ച്ചെ ഓടാന്‍ പോകുമെന്ന് എന്നോടിന്നലെ പറഞ്ഞിരുന്നു ഉമേ..നീയും ഉണ്ടായിരുന്നല്ലോ എന്റെയടുത്ത്. രണ്ടുമൂന്ന് കിലോ ഭാരം കുറയ്ക്കണമെന്ന് എത്രതവണ പറഞ്ഞു'
' എന്റീശ്വരാ..' ഊര്‍മിള നെഞ്ചില്‍ കൈവെച്ചു.
' ഞാനത് മറന്നു.. വല്ലാതെ പേടിച്ചു പോയി ഞാന്‍'
അവര്‍ നനഞ്ഞ കണ്ണുകളുമായി ചിരിച്ചു
' രാവിലെ മനുഷ്യനെ പേടിപ്പിക്കാന്‍ ഇറങ്ങിക്കോളും.ചെന്ന് ചായയെടുക്ക്.. ഞാനൊന്ന് ഫ്രഷാവട്ടെ' രവിമേനോന്‍ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി.
ഊര്‍മിള അടുക്കളയിലേക്ക് നടന്നു.
..................................
കോടമഞ്ഞു പടര്‍ന്നു കയറുന്ന മലഞ്ചെരിവിലൂടെ അഭിയുടെ കാര്‍ കയറ്റം കയറിക്കൊണ്ടിരുന്നു.
ധ്വനി മാഞ്ഞു തുടങ്ങുന്ന ഇരുട്ടിലേക്ക് നോക്കി അത്ഭുതത്തോടെ ഇരുന്നു
' ഇതെവിടെയാ അഭീ ഈ സ്ഥലം.. നമ്മുടെ തൃശൂര് ഇങ്ങനേം ഒരു സ്ഥലമുണ്ടോ'
്അവളുടെ കണ്ണിലെ കൗതുകത്തിലേക്ക് നോക്കി അഭിഷേക് ചിരിച്ചു.
' എന്റെ ഡാഡിയ്ക്ക് ഒരു മലമുകളില്‍ അമ്പതേക്കര്‍ സ്ഥലമുണ്ടെന്ന് അമ്മ പറയുന്നത് കേട്ടിട്ടില്ലേ നീ'
അവന്‍ ചോദിച്ചു.
' ഈശ്വരാ.. രശ്മിയാന്റിയെ ആന ഓടിപ്പിച്ച കഥയിലെ സ്ഥലമോ.. അവിടേക്കാണോ നമ്മള്‍ പോകുന്നത്.. എടാ അഭീ.. എനിക്ക് പേടിയാകുന്നുണ്ട്‌ട്ടോ'
അവള്‍ മുഖം ചുളിച്ചു
' അതേ .. ആ സ്ഥലം തന്നെ.. ആ സംഭവത്തിന് ശേഷം അമ്മ ഇങ്ങോട്ട് വന്നിട്ടേയില്ല. എന്നെയും വിടില്ല. ഡാഡി മാത്രം വല്ലപ്പോഴും വരും.. പണിക്കാരെ നിര്‍ത്തി കൃഷിയൊക്കെ ചെയ്യിക്കും.. അവിടെ ഒരു ഒറ്റനില വീടുണ്ട്.. നല്ല രസാണ.. അടുത്തെങ്ങും ആരുമില്ല.. ഇന്ന് സണ്‍ഡേയായത് കൊണ്ട് പണിക്കാരും കാണില്ല'
' നമ്മളെന്തിനാ ഈ പുലര്‍ച്ചയ്ക്ക് അങ്ങോട്ട് പോകുന്നത് അഭീ'
' അതൊക്കെയുണ്ട്.. ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ.. പിന്നെ ഞാന്‍ വരുമെന്ന് നീ ഉമയാന്റിയോട് പറഞ്ഞോ'
അവന് അതറിയാനായിരുന്നു ആകാംക്ഷ'
' നീയല്ലേ പറഞ്ഞത് ആരോടും പറയരുതെന്ന്'
' ഗുഡ്‌ഗേള്‍' അഭി അവളെ നോക്കി ചിരിച്ചു.
' ഡയറിയിലും നീ പറഞ്ഞത് പോലെയൊക്കെ എഴുതീട്ടുണ്ട്.. എന്താ പരിപാടി അത് ഇനിയെങ്കിലും പറയെടാ'
ധ്വനി കെഞ്ചി.
' പറയാം.. സ്ഥലമെത്താറായി.. അവിടെ ചെല്ലട്ടെ'
അഭി പറഞ്ഞു
' നീ പറയ് അഭീ എനിക്ക് ദേഷ്യം വരുന്നു'
ധ്വനി നിര്‍ബന്ധിച്ചു
' ഇത്രയേയുള്ളൂ..നിന്നെ കാണാതെ വരുമ്പോള്‍ അവരൊക്കെ ആ ഡയറി നോക്കും. പേടിക്കും. ഒടുവില്‍ എന്നെ വിളിക്കും. അപ്പോള്‍ പറ്റിച്ചെന്നു പറഞ്ഞ് നമ്മള്‍ അവരെ ഫൂളാക്കും'
അഭിഷേകിന്റെ ചിരി നോക്കിയിരുന്നപ്പോള്‍ ധ്വനിയ്ക്ക് മനസില്‍ അനുഭവപ്പെട്ട അരുതായ്മ നീങ്ങി
' കുഴപ്പമാകുമോ അഭീ'
അവളുടെ മുഖത്ത് ആശങ്ക പ്രകടമായി.
' അത് ഉറപ്പല്ലേ.. പക്ഷേ കുഴപ്പമാകുന്നതിന് മുന്‍പ് നമ്മള്‍ തിരിച്ചെത്തും.'
ധ്വനി കണ്ണിമയ്ക്കാതെ അവനെ നോക്കി
' പേടിക്കണ്ട പെണ്ണേ. .. ഞാനല്ലേ കൂടെ.. പിന്നെ ഇവിടെ നിന്നെ കൊണ്ടു വരാമെന്ന് പണ്ട് ഞാന്‍ പ്രോമിസ് ചെയ്തിരുന്നു. ഓര്‍മയില്ലേ.. കല്യാണം കഴിഞ്ഞാല്‍ നിന്നെ കൊണ്ടു വരാന്‍ പറ്റുമോ.. ആ കടം ഇങ്ങനെ വീട്ടി'
അവന്റെ ശബ്ദമൊന്നിടറിയോ അവള്‍ക്ക് സംശയം തോന്നി.
അവള്‍ക്കു വിഷമം തോന്നി.
ധ്വനി പുറത്തേക്ക് നോക്കിയിരുന്നു.
വീതി കുറഞ്ഞ റോഡാണ്
ഇടയ്ക്കിടെ ഒന്നു രണ്ട് വീടുകള്‍ കണ്ടു.
അവിടെയൊന്നും ആരും ഉണര്‍ന്നിട്ടില്ലെന്ന് തോന്നി.
പിന്നെ തീര്‍ത്തും വിജനമായ വഴിയായി.
റബര്‍ തോട്ടത്തിന് നടുവിലൂടെയാണ് ഇപ്പോള്‍ കാര്‍ ഓടുന്നത്.
പതിനഞ്ച് മിനിറ്റോളം അങ്ങനെ പോയപ്പോള്‍ അഭി പറഞ്ഞതു പോലെ ഒര ഒറ്റനില വീട് കണ്ടു.
വിശാലമായ പൂന്തോട്ടത്തിന് നടുവിലായിരുന്നു ആ വീട്. ഒരു വശത്ത് മാവിലകള്‍ വീണ് മലിനമായ ഒരു ഇടത്തരം താമരക്കുളം. അതില്‍ നിറയെ വയലറ്റ് നിറമുള്ള ആമ്പല്‍പ്പൂക്കള്‍ വിടരാന്‍ വെമ്പുന്നു.
വീടിനപ്പുറം മലഞ്ചെരിവാണ്. മരനിരകളുടെ നീലിമ. മനോഹരമായ പുലര്‍കാല കാഴ്ചയായിരുന്നു അത്.
' സൂപ്പര്‍.. എന്തിനാ ഇവിടിങ്ങനെ ഒരു വീട് പണിതത്.. അഭീ.. ഇവിടെ താമസമൊക്കെ ഉണ്ടായിരുന്നോ'
കാറില്‍ നിന്നിറങ്ങി ധ്വനി അമ്പരപ്പോടെ ചോദിച്ചു
' വേനല്‍ക്കാലത്തൊക്കെ ഒരു ചേഞ്ചിന് വന്ന് നില്‍ക്കുമായിരുന്നത്രേ.. ആദിവാസികളുടെ കൈയ്യില്‍ നിന്നും മുത്തച്ഛന്‍ വാങ്ങിയ സ്ഥലമാ..അന്നൊക്കെ ഇവിടെ കാടായിരുന്നു. ആ സമയത്താ ഇവിടം കാണാന്‍ വന്ന അമ്മയെ ആന ഓടിച്ചതൊക്കെ. റബര്‍ വെച്ചിട്ട് എട്ടോ പത്തോ കൊല്ലം ആകുന്നതേയുള്ളു... ആദിവാസികളൊക്കെ ഇല്ലാതായി. ഇപ്പോ ഇവിടെങ്ങും നാട്ടുവാസികളുടെ സ്ഥലം മാത്രമേയുള്ളു'
ധ്വനി മൊബൈലെടുത്തു നോക്കി
അവളുടെ സിംകാര്‍ഡിന് അവിടെ നെറ്റ് വര്‍ക്ക് ലഭ്യമല്ലായിരുന്നു.
' വേഗം തിരിച്ച് പോകണം അഭീ.. അവരൊക്കെ വല്ലാതെ പേടിക്കുന്നതിന് മുമ്പ് ' അവള്‍ പറഞ്ഞു.
' അതെനിക്കറിയില്ലേ..നീ വാ..' അഭിഷേക് പേഴ്‌സില്‍ നിന്നും കീയെടുത്ത് വാതില്‍ തുറന്നു.
ആള്‍പ്പെരുമാറ്റം ഇടയ്ക്കിടെ ഉണ്ടാകുന്ന വീട് പോലെ തോന്നിച്ചു അതിന്റെ ഉള്‍വശം.
എല്ലാം വൃത്തിയായും ഭംഗിയായും കാണപ്പെട്ടു.
' കിച്ചനില്‍ എല്ലാ സാധനങ്ങളും ഉണ്ട്.. എല്ലാം ് ഞാനിന്നലെ തന്നെ അറേഞ്ച് ചെയ്തിരുന്നു. നീ വാ.. ഞാന്‍ നിനക്കൊരു ചായ ഉണ്ടാക്കിത്തരാം.. എന്നിട്ട് എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്'
അഭിഷേക് വാതില്‍ അടച്ചിട്ട് വീട്ടിനുള്ളിലെ ലൈറ്റുകള്‍ പ്രകാശിപ്പിച്ച് അകത്തേക്ക് നടന്നു.
്അവന്‍ ചായ ഉണ്ടാക്കുന്നത് ധ്വനി നോക്കി നിന്നു.
ആവി പറക്കുന്നചായ രണ്ടു കപ്പുകളെടുത്ത് കഴുകി കപ്പിലേക്ക് പകര്‍ന്നിട്ട് അതിലൊന്ന് അഭിഷേക് ധ്വനിയ്ക്ക് നേരെ നീട്ടി.
' ടേസ്റ്റി' ഒന്ന് സിപ്പ് ചെയതു കൊണ്ട് ധ്വനി പറഞ്ഞു.
' മഞ്ഞിന്റെ തണുപ്പുണ്ട്.. അതു കൊണ്ടാണെന്ന് തോന്നുന്നു ചൂട് ചായ് കൂടുതല്‍ രുചി'
' ഉയരം കൂടും തോറും ചായയ്ക്ക് രുചി കൂടും.. കേട്ടിട്ടില്ലേ.. ലാലേട്ടന്‍ പറഞ്ഞതാണ്'
അഭി ചിരിയോടെ അവള്‍ക്ക് അഭിമുഖമായി വന്നു നിന്നു.
ചായ മുഴുവന്‍ കുടിച്ച് കഴിഞ്ഞ് കപ്പ് സ്ലാബിന് മീതെ വെച്ച് ധ്വനി അവനെ നോക്കി
' എന്താ അഭീ നിനക്കെന്നോട് സംസാരിക്കാനുള്ളത്. '
' ഇത്രേയുള്ളു...ധ്വനി നീയുണ്ടാകണം എന്റെ കൂടെ .. എപ്പോഴും.. ഇതുപോലെ .. ഇങ്ങനെ തമാശകള്‍ പറഞ്ഞ്... അതിന് നീ എന്റെ പെണ്ണാകണം.. എന്റെ മാത്രം.'
ധ്വനി ഞെട്ടിപ്പോയി
' എന്തിനാ ഞെട്ടുന്നത്.. നീ അന്ന് പറഞ്ഞില്ലേ.. നമ്മുടെ കാര്യം ഒന്ന് ചിന്തിച്ച് നോക്കാമായിരുന്നുവെന്ന്.. നിനക്കപ്പോള്‍ എന്നെ ഇഷ്ടമല്ലേ.. പറയ്.. ഇപ്പോഴും സമയം വൈകിയിട്ടില്ല.. ആ നായിന്റെ മോന്‍ മഹേഷ് പോയി തുലയട്ടെ..'
' അഭീ.. സ്‌റ്റോപിറ്റ്'
ധ്വനി പെട്ടന്ന് സമനില വീണ്ടെടുത്തു
അവളുടെ മുഖം രോഷം കൊണ്ട് തുടുത്തു.
' നീയെന്താ തമാശ പറഞ്ഞ് കളിക്കുകയാണോ' അവള്‍ അവനെ തന്റെ മുന്നില്‍ നിന്നും തള്ളി മാറ്റി.
'ധ്വനീ പ്ലീസ്.. ഞാന്‍ തമാശ പറയുകയാണെന്ന് തോന്നിയോ നിനക്ക്.. ഇവിടെ ഒരു നാലു ദിവസം നമുക്ക് സ്‌പെന്‍ഡ് ചെയ്യാം.. പിന്നെ ഇവിടുന്ന് പറക്കാം.. ഞാന്‍ വിളിച്ചു പറഞ്ഞോളാം വീട്ടിലേക്ക്.. നീയും ഞാനും ഇനി ഒന്നിച്ചാണെന്ന്. ' അഭിഷേക് വീണ്ടും അവളോടടുത്തു.
' കുറച്ചുനാള്‍ കഴിയാനുള്ള എല്ലാ സെറ്റപ്പും ബാംഗ്ലൂരില്‍ ചെയ്തിട്ടാണ് ഞാന്‍ വന്നത്.. ഒരു മാസം.. അതിനുള്ളില്‍ എല്ലാവരും നമ്മളോട് ക്ഷമിക്കും.. എല്ലാം പഴയത് പോലെയാകും.. നിനക്കറിയുമോ നിന്നെ മാത്രമേ ഞാന്‍ പ്രണയിച്ചിട്ടുള്ളൂ.. നീയാണ് എന്റെ പ്രണയിനി.. പറയാന്‍ പേടിയായിരുന്നു. നീ വലിയ കോടീശ്വരി.. പിണങ്ങിപ്പോയാലോ.. പിന്നെ മിണ്ടിയില്ലെങ്കിലോ.. എന്റെ സ്‌നേഹം പറയാനോ.. ഒന്നു തൊടാനോ എത്ര കൊതിച്ചിട്ടും ശ്രമിക്കാതിരുന്നത് അതുകൊണ്ടാണ്. നിനക്കെന്നോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നുമെന്ന് കരുതി കാത്തിരുന്നു.. പക്ഷേ.. ഞാന്‍ വിഡ്ഢിയായി..'
ഭ്രാന്തു പിടിച്ചത് പോലെയുള്ള അവന്റെ ഭാവം കണ്ട് ധ്വനി പതറി.
അതിലേറെ ആഘാതമായിരുന്നു അവന്റെ വാക്കുകള്‍.
അവള്‍ അവന്റെ മുന്നില്‍ നിന്ന് രണ്ടു ചുവട് മാറി നിന്നു
' അഭീ ഭ്രാന്ത് പറയാതെ.. വാ നമുക്ക് പോകാം.. മഹിയേട്ടനല്ലാതെ വേറൊരാളും എന്റെ ലൈഫില്‍ ഉണ്ടാവില്ല.. നീയത് മനസിലാക്ക് .. വാ.. പോകാം'
കഴിയുന്നത്ര ശാന്തത കൈവരിക്കാന്‍ ശ്രമിച്ച് കെഞ്ചുകയായിരുന്നു അവള്‍.
' ധ്വനീ.. പ്ലീസ്.. ഞാനീ കാലു പിടിക്കാം.. എന്നെ തള്ളിക്കളയരുത്.. എന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുത്'
ധ്വനി പ്രതീക്ഷിക്കാതെ അവന്‍ നിലത്തിരുന്ന് അവളുടെ കാലുകളില്‍ അമര്‍ത്തിപ്പിടിച്ചു.
യാചന നിറഞ്ഞ ഭാവം കണ്ട്
ധ്വനി സ്തബ്ധയായി നിന്നു.
അടുത്ത നിമിഷം സഹതാപമല്ല വെറുപ്പാണ് അവള്‍ക്ക് തോന്നിയത്.
എത്ര സമര്‍ഥമായാണ് അവന്‍ തന്നെ ഇവിടെ എത്തിച്ചതെന്ന് ഓര്‍ത്തപ്പോഴേക്കും അതിന്റെ ആഴം കൂടി.
' അഭി.. ഇനി എനിക്കൊന്നും പറയാനില്ല.. നീയെത്ര കെഞ്ചിയിട്ടും കാര്യമില്ല.. പറയാനുള്ളത് പറയേണ്ട സമയവും ഇതല്ല.. '
ധ്വനി അവന്റെ കൈപ്പിടിയില്‍ നിന്നും കാലുകള്‍ സ്വതന്ത്രമാക്കി.
ആ വാക്കുകളുടെ കാഠിന്യത്തില്‍ നിന്നു തന്നെ അവളുടെ മനസ് വ്യക്തമായിരുന്നു.
അതോടെ അഭിഷേക് എഴുന്നേറ്റു
അവന്‍ അടുത്തു വരുമ്പോഴും അക്ഷോഭ്യയായി നില്‍ക്കുകയായിരുന്നു ധ്വനി
' ' മതി.. എന്നെ കൊണ്ടു വിട്ടേക്ക് അഭീ.. ഇവിടെ നടന്നതൊന്നും ഞാന്‍ ആരോടും പറയില്ല..'
' അപ്പോള്‍ നീയെന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ക്കും അല്ലേ..' '
അഭിഷേകിന്റെ വാക്കുകളില്‍ പക എരിഞ്ഞു.
അവന്‍ തൊട്ടു മുന്നില്‍ വന്നു നിന്നപ്പോള്‍ അവന്റെ നിശ്വാസം അവളുടെ മുഖത്ത് തട്ടി.
' നിന്നെക്കൊണ്ട് ഞാന്‍ സമ്മതിപ്പിച്ചാലോ'
അവള്‍ക്ക് അപരിചിതനായ ഒരാളായിരുന്നു അപ്പോള്‍ അഭിഷേക്.
അവന്റെ മുഖത്തെ ക്രൂരതയിലേക്ക് ധ്വനി പകച്ചു നോക്കി.
' നീയെന്ന നിധി കൈവിട്ട് കളയാന്‍ എനിക്ക് മനസില്ലെങ്കിലോ.. നിന്റെ തന്ത.. ആ രവി മേനോന്‍ സമ്പാദിച്ച് കൂട്ടിയതൊക്കെ എന്റെ കൈയ്യിലേ വരൂ.. ഈ അഭിയുടെ കൈയ്യില്‍.. എന്റെ ബിസിനസ്.. എന്റെ ഫ്യൂച്ചര്‍.. എന്റെ കരിയര്‍.. എല്ലാം നിന്നില്‍ നിന്നും വെട്ടിപ്പിടിക്കണം എനിക്ക് .. ഈ ലോകം പോലും'
ധ്വനി കേട്ടതൊന്നും വിശ്വസിക്കാനാവാതെ പിന്നിലേക്ക് നീങ്ങി ഭിത്തിയില്‍ തട്ടി നിന്നു.
' അതിന് എനിക്ക് കിട്ടിയ നേര്‍ച്ചക്കോഴിയാടീ നീ'
അഭിഷേക് വലതു കൈ കൊണ്ട് അവളുടെ കവിളില്‍ കുത്തിപ്പിടിച്ചു.
ധ്വനി സര്‍വ ശക്തിയും ഉപയോഗിച്ച് ആ കൈ തട്ടി മാറ്റിയതും അവളുടെ മുഖമടച്ച് അഭിഷേകിന്റെ ആദ്യത്തെ അടിയേറ്റു.
............തുടരും................
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo