Slider

നാലാമതൊരാൾ

0

******************
ഇരു കാലുകളിലേക്കും രക്തം ഒഴുകിയിറങ്ങിയിരുന്നു , ബോധം മറയുന്നതിന് മുൻപായി അവൾ അതുകൂടി കേട്ടു , ആളുകൂടിയാൽ പാമ്പുചാകില്ല എന്ന ചൊല്ലൊക്കെ വെറുതേയാണ് , നമ്മൾ തന്നെ നാലുപേരില്ലേ ? ഇരയെ വേഗത്തിൽ കീഴ്പ്പെടുത്തി കടിച്ചു കുടയാൻ വേട്ടപ്പട്ടികളുടെ കൂട്ടം തന്നെയാണ് നല്ലത് .
മൂന്ന് പേരെ ഞാൻ കണ്ടുകഴിഞ്ഞു , ബോധം മറയുന്നതിന് മുൻപ് നാലാമനെക്കൂടി കാണുവാൻ സാധിച്ചിരുന്നെങ്കിൽ ....
ഇല്ല എനിക്കതിന് സാധിക്കുമെന്ന് തോന്നുന്നില്ല എന്റെ കണ്ണുകൾ അടയുകയാണ് ...
' പ്രതികരണ ശേഷി നഷ്ടപ്പെട്ടതിനെ പ്രാപിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെയാണ് , നിന്നോടൊന്നും അത് പറഞ്ഞിട്ട് കാര്യമില്ല , നിനക്കൊന്നും അത് ഒരിക്കലും മനസ്സിലാവുകയുമില്ല , അത് പറയുമ്പോൾ അവന്റെ നീലകണ്ണുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു .
**************
സനാ ... മോളേ ....
ഹോസ്പിറ്റൽ ഐസിയുവിൽ ആ ഇരുപത്തിരണ്ടുകാരിയുടെ കൈകൾ നെഞ്ചോടു ചേർത്ത് പൊട്ടിക്കരയാൻ മാത്രമേ ആ പാവത്തിന് കഴിയുമായിരുന്നുള്ളൂ .
ആരാ മോളേ ഇത് ചെയ്തത് ?
അതിനുള്ള അവളുടെ മറുപടി കണ്ണുനീരിൽ മാത്രമൊതുങ്ങി .
വേണ്ട , അധികം സ്‌ട്രെസ് ചെയ്യിക്കണ്ട , സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും , അത്രയ്ക്ക് ഉപദ്രവിച്ചിട്ടുണ്ട് .
ഇന്ന് മൊഴിയെടുക്കാൻ വന്ന പൊലീസുകാരോടുപോലും നാളെ വരാനാണ് പറഞ്ഞിരിക്കുന്നത് . ഡോക്ടറുടെ നിർദ്ദേശം അയാളെ പുറത്തേക്ക് നയിച്ചു .
ഏറെ നാളത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം വീട്ടിലെത്തുമ്പോഴും മനസ്സ് എന്റെ കൈപ്പിടിയിലെത്തിയിരുന്നില്ല .
സമൂഹത്തിന്റെ കണ്ണിൽ ഞാനിന്ന് എല്ലാം നഷ്ടപ്പെട്ടവളാണ് . സ്ത്രീമാത്രം കാത്തുസൂക്ഷിക്കേണ്ടതെന്ന് സമൂഹം വിധിയെഴുതിയ പലതും .
പക്ഷെ എനിക്ക് ഇപ്പോഴും പലതും നഷ്ടമായിട്ടില്ല , അച്ഛനെയും അമ്മയെയും അവരുടെ സ്‌നേഹവും ഒന്നും തനിക്ക് ഇപ്പോഴും നഷ്ടമായിട്ടില്ല. ഇനി അവരെക്കൂടി നിനക്ക് നഷ്ടപ്പെടണോ ?
ഹോസ്പിറ്റൽ ഐസിയുവിൽ ഒരു നേഴ്‌സ് തന്നെ തന്നോടിങ്ങനെ ചോദിക്കണമെങ്കിൽ , അവരുടെ സ്വാധീനം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ അതുകൊണ്ടുതന്നെയാണ് ഇപ്പോഴും മനസ്സിൽ വ്യക്തമായി തെളിഞ്ഞു നിൽക്കുന്ന ആ മൂന്ന് മനുഷ്യമൃഗങ്ങളുടെ മുഖങ്ങൾ പൊലീസിന് മുൻപിൽ പോലും ഞാൻ കൊട്ടിയടച്ചത് .
***************
ടിവിയിൽ കാണുന്ന ഇവന്റെ മുഖം ....
അതേ അവൻ തന്നെ , അതി ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടതായി ഇപ്പോൾ വാർത്തയിൽ പറഞ്ഞ ഇവൻ തന്നെയാണ് അന്ന് തന്നെ ബലമായി ആ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത് .
അന്ന് വൈകുന്നേരം എനിക്ക് വന്ന ഒരു കത്തിൽ ഇപ്രകാരമാണ് എഴുതിയിരുന്നത്
' നീതി , അത് ലഭിക്കുക തന്നെ ചെയ്യും ' . അജ്ഞാതൻ .
തുടന്നുള്ള ദിവസങ്ങൾ അൽപ്പം ശാന്തതനിറഞ്ഞതായിരുന്നു .
എന്നെ നിഷ്കരുണം പിച്ചി ചീന്തിയ നാലുപേരിൽ ഒരുവൻ ഇന്ന് ഈ ഭൂമിയിലില്ല .
പാവങ്ങൾക്ക് നീതി അപ്രാപ്യമായ ഒന്നാകുമ്പോൾ ഭൂമിയിൽ ഒരു രക്ഷകൻ പിറക്കും , നീതി സ്വന്തം കയ്യാൽ നടപ്പിലാക്കുന്നവൻ .
ആദ്യ മരണത്തിന് നാലാം ദിവസമാണ് എന്റെ കണ്ണുകളിൽ പതിഞ്ഞ നാലാമത്തെ മുഖം ഞാൻ കാണുന്നത് . ഞാൻ ആഗ്രഹിച്ചതിലും എത്രയോ ഭീകരമായ രീതിയിൽ രണ്ടാമനും .
അതിന് ശേഷവും എനിക്ക് ആ കത്ത് ലഭിച്ചു , മൂന്നാമത്തെ മനുഷ്യമൃഗവും ഈ ഭൂമിയിൽ നിന്ന് യാത്രയായത്തിന് ശേഷം നിന്നെ കാണുവാൻ ഞാൻ വരും , നാലാമനെ തേടിയിറങ്ങുന്നതിന് മുൻപ് .
മൂന്നാമത്തവന്റെ മരണമാണ് എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് .
ലിംഗം പോലും ഛേദിക്കപ്പെട്ടരീതിയിൽ ....
എനിക്കായി ഈ ഭൂമിയിൽ നീതിതേടിയിറങ്ങിയ ആ മാലാഖ ഇന്ന് എന്നെ തേടിവരും .
കുറച്ചു നേരം എന്നോടൊപ്പം ഇരുന്ന് , എല്ലാ ചോദ്യങ്ങൾക്കും ഒരു മൗനം മാത്രം ഉത്തരമായി സമ്മാനിച്ചു തിരികെ പോകുവാനായി എഴുന്നേറ്റ അയാളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു .
പുറത്ത് തന്റെ ബുള്ളറ്റിലിരുന്ന് യാത്രപറയുവാൻ ഒരിക്കൽകൂടി കൈകളുയർത്തുമ്പോൾ ഇളം വെയിലിൽ അയാളുടെ നീലക്കണ്ണുകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു .
അയാളോട് യാത്ര പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ അപ്പുറത്ത് ടിവിയിൽ എല്ലാ സഹായഹസ്തങ്ങളും ദൈവത്തിന്റെ മാലാഖമാരുടേതല്ല എന്ന് ഏതോ സീരിയലിൽ ആരോ ആരോടോ മന്ത്രിക്കുന്നുണ്ടായിരുന്നു .
************************
ഇതുവരെയുള്ള ഓരോ പ്ലാനിങ്ങും കിറുകൃത്യമാണ് . ഇനി ഒരുവനെക്കൂടി തീർക്കണം , ഏതെങ്കിലുമൊരു നിരപരാധിയെ ...
അപ്പോൾ നാല് എന്ന കോളം പൂർത്തിയാകും .
വേട്ടയാടിപ്പിടിക്കാൻ കൂട്ടമായി സഞ്ചരിക്കുന്ന വേട്ടപ്പട്ടികൾ തന്നെയാണ് നല്ലത് , എന്നാൽ വേട്ട കഴിഞ്ഞാൽ സഹ വേട്ടപ്പട്ടികളെയും വേട്ടയാടുന്നതാണ് തന്റെ രീതി . ഇല്ലെങ്കിൽ ഒരുനാൾ അവ തനിക്കെതിരെ തിരിഞ്ഞേക്കാം .
ഇപ്പോപ് താനവൾക്ക് നീതിയുടെ മാലാഖയാണ് , അവൾക്കായി നീതി നടപ്പാക്കിയവൻ .
ഇനി അടുത്ത വേട്ടപ്പട്ടികളെ കണ്ടെത്തണം സൗഹൃദം സ്ഥാപിക്കണം , അടുത്ത ഇരയെ വേട്ടയാടണം .
ആലോചനകളിൽ മുഴുകി സന്തോഷവാനായി ആ കൊടും വളവിൽ അസിസിഡന്റ് പ്രോൺ ഏരിയ എന്ന സൂചനാ ബോർഡും പിന്നിട്ട് റോങ് സൈഡിൽ അതിവേഗതയിൽ ചലിക്കുമ്പോൾ അയാളുടെ നീലക്കണ്ണുകളിലെ തിളക്കം തനിക്കെതിരെ പാഞ്ഞുവരുന്ന ലോറിയിൽ പതിഞ്ഞില്ല .
ലോറിയിടിച്ച് തെറിച്ചുവീണ് രക്തത്തിൽ കുതിർന്നുകിടക്കുന്നവന് ജീവനുണ്ടോ എന്നുനോക്കാനായി ചാടിയിറങ്ങുമ്പോൾ ആ ഡ്രൈവറുടെ നീലക്കണ്ണുകളും പ്രകാശിക്കുന്നുണ്ടായിരുന്നു .
BY : JENSON PAULOSE .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo