നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 23


അധ്യായം-23
ഓര്‍ക്കാപ്പുറത്ത് തലയ്ക്കൊരടി കിട്ടിയത് പോലെ ദുര്‍ഗ നടുങ്ങിപ്പോയി
തൊട്ടു മുന്നില്‍ സംഹാര മൂര്‍ത്തിയെ പോലെ കലി പൂണ്ടു നില്‍ക്കുകയാണവള്‍.
ഊണിലും ഉറക്കത്തിലും ഒപ്പമുള്ളവളാണ്.
നുണകള്‍ കൊണ്ട് അവളെ നേരിടാന്‍ വയ്യ
' ഞാന്‍ വെള്ളം കുടിക്കാന്‍ .. '
മനസാന്നിധ്യം വീണ്ടെടുക്കാന്‍ ശ്രമിച്ച് ദുര്‍ഗ പറയാന്‍ ശ്രമിച്ചു
ജാസ്മിന്റെ മുഖത്തേക്ക് കോപമിരച്ചു വരുന്നതും അവിടെ പുച്ഛം പടരുന്നതും ദുര്‍ഗ കണ്ടു.
' വെള്ളമോ.. വെള്ളമല്ലേ ഈ മേശപ്പുറത്തിരിക്കുന്നത്'
സ്റ്റഡി ടേബിളിന് മുകളിലിരുന്ന രണ്ടു ലിറ്റര്‍ വരുന്ന മിനറല്‍ വാട്ടര്‍ ബോട്ടില്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.
കള്ളം കണ്ടുപിടിച്ചവളെ പോലെ ദുര്‍ഗയുടെ മുഖം വിളറിപ്പോയി.
' നുണ പറയാനാണോ നിന്റെ ശ്രമം. നീ അഭിഷേകിന്റെ റൂമിലേക്ക് കയറിപ്പോയതെന്തിനാ'
ജാസ്മിന്റെ ശബ്ദം നിലവിട്ട് ഉയര്‍ന്നു .
ഉറക്കത്തിലായിരുന്ന നേഹ ഞെട്ടിയുണര്‍ന്നു.
ഒരുവേള സ്വപ്നം കണ്ടതാണോ എന്ന് സംശയിച്ച് അവള്‍ അങ്ങനെ തന്നെ കിടന്നു.
അപ്പോഴും റൂമില്‍ സംസാരം കേള്‍ക്കുന്നുണ്ടെന്ന് ബോധ്യം വന്നതോടെ നേഹ പതിയെ എഴുന്നേറ്റിരുന്നു.
മങ്ങിയ ചുവന്ന വെളിച്ചത്തില്‍ ജാസ്മിന്‍ വാതിലിന് സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു.
' ജാസ്.. നിനക്കൊന്നും ഉറക്കമില്ലേ'
അസഹ്യതയോടെയാണ് നേഹ വിളിച്ചു ചോദിച്ചത്.
' നീയെഴുന്നേറ്റോ..ഇങ്ങോട്ടെഴുന്നേറ്റ് വാ'
ജാസ്മിന്‍ മറുപടി നല്‍കി.
പ്രശ്നം അല്‍പ്പം രൂക്ഷമാണെന്ന് നേഹയ്ക്ക് തോന്നി.
അല്ലെങ്കില്‍ ജാസ്മിന്റെ ശബ്ദം ഇത്ര രോഷാകുലമാകില്ല.
അവള്‍ വേഗം എഴുന്നേറ്റ് അടുത്തേക്ക് ചെന്നു.
' എന്താ .. എന്താടീ പ്രശ്നം'
വാതിലിനടുത്ത് വിരണ്ട് നില്‍ക്കുന്ന ദുര്‍ഗയെ കൂടി കണ്ടതോടെ നേഹ ഭയന്നു പോയി.
' നേഹ... നിനക്കറിയോ.. കിടന്നപ്പോള്‍ തന്നെ എനിക്കിവളെ സംശയം തോന്നിയിരുന്നു. ഇടയ്ക്കിടെ നമ്മള്‍ ഉറങ്ങിയോ എന്ന് ഇവള്‍ എഴുന്നേറ്റ് നോക്കുന്നത് കണ്ടു. എന്തോ കള്ളത്തരമുണ്ടെന്ന് അപ്പോഴേ എനിക്ക് മനസിലായി. ഞാന്‍ ഉറക്കം നടിച്ചു കിടന്നു.അപ്പോഴുണ്ട് ഇവള്‍.. ഈ പരിശുദ്ധയായ ദുര്‍ഗാ ഭാഗീരഥി എഴുന്നേറ്റ് റൂമിന് പുറത്തേക്ക് പോകുന്നു'
നേഹ ഒന്നും മനസിലാകാതെ രണ്ടുപേരെയും മാറിമാറി നോക്കി.
ദുര്‍ഗയുടെ ഉള്ളില്‍ ഒരു വന്‍മലയിടിഞ്ഞു വീണു.
അവളുടെ ശരീരം വിറകൊണ്ടു.
' അവളെവിടേക്കാ പോയത്... ദുര്‍ഗേ നീയെവിടേക്കാ പോയത്'
നേഹ ദുര്‍ഗയെ സമീപിച്ചു.
' അവള്‍ പറയില്ല'
ജാസ്മിന്‍ അമര്‍ഷത്തോടെ നിന്നു പുകഞ്ഞു
' അവള്‍ പോയിരിക്കുന്നു.. ആ അഭിഷേകിന്റെ റൂമിലേക്ക്'
' എന്ത്' നേഹ ഞെട്ടി.
ഒരു പ്രേതത്തെ കണ്ട നടുക്കത്തോടെ അവള്‍ ദുര്‍ഗയെ നോക്കി
' നീയെന്താ ജാസ് പറഞ്ഞത്... ദുര്‍ഗ അഭിഷേകിന്റെ റൂമിലേക്ക് പോയെന്നോ..'
ആള്‍ക്കൂട്ടത്തിനുമുന്‍പില്‍ നഗ്‌നയായ അനുഭവമായിരുന്നു ദുര്‍ഗയ്ക്ക്.
അത്രയധികം നാണക്കേട് ആ നില്‍പ്പില്‍ അവള്‍ അനുഭവിച്ചു.
നിന്ന നില്‍പ്പില്‍ ഇല്ലാതായി പോകണേ എന്ന ഭാവത്തോടെ അവള്‍ ജാസ്മിനെ നോക്കി.
' സത്യാണോ ദുര്‍ഗേ.. നീ ഈ രാത്രി അവന്റെ റൂമിലേക്ക് പോയോ..എന്തിന്'
നേഹ അവളുടെ ചുമലില്‍ പിടിച്ചുലച്ചു
ദുര്‍ഗ മുഖം കുനിച്ചു.
ആ മൗനത്തിന്റെ അര്‍ഥം ഊഹിച്ചപ്പോള്‍ നേഹയും വല്ലാതായി.
' നീ കള്ളിയേ പോലെ നില്‍ക്കല്ലേ.. മുഖത്ത് നോക്കി കാര്യം പറയ്' നേഹയ്ക്ക് ദേഷ്യം വന്നു.
ദുര്‍ഗ ഒരു അപരാധിനിയേ പോലെ അവളെ നോക്കി.
പക്ഷേ ഒരു നൊടിയിട കൊണ്ട് അവളുടെ മുഖഭാവം മാറി.
' ഞാന്‍ അഭിഷേകിന്റെ കൂടെ ബെഡ്ഷെയര്‍ ചെയ്യാന്‍ പോയതല്ല'
എതിര്‍ത്തു നില്‍ക്കാന്‍ ശക്തി നേടിയതു പോലെയായിരുന്നു അവളുടെ ഭാവം.
അവളുടെ തൊട്ടരികെ ധ്വനി നില്‍പ്പുണ്ടായിരുന്നു.
അവളെ കണ്ടതോടെ ഒരു വിപദി ധൈര്യം ദുര്‍ഗയ്ക്കുണ്ടായി.
സാരമില്ലെന്ന് ധ്വനി അവളെ കണ്ണടച്ചു കാട്ടി.
അതേ നിമിഷം ഒരു കാറ്റ് എവിടെ നിന്നെറിയാതെ പെട്ടന്നവരെ ചുറ്റി.
അതിന്റെ ശക്തിയില്‍ താന്‍ പറന്നു പോകുമെന്ന് ജാസ്മിന് തോന്നി. അവള്‍ വേവലാതിയോടെ പിന്നോട്ട് മാറി.
ആ ഗ്യാപില്‍ ദുര്‍ഗ അകത്തേക്ക് കയറി.
അതേ നിമിഷം വാതില്‍ വലിയൊരു ശബ്ദത്തോടെ ശക്തിയായി വന്നടഞ്ഞു
ദുര്‍ഗയും ജാസ്മിനും നേഹയും ഞെട്ടിപ്പോയി. അവരുടെ വസ്ത്രങ്ങള്‍ ചുഴലിക്കാറ്റില്‍ പെട്ടതു പോലെ പാറി.
ആ ശബ്ദം കേട്ടാണ് സ്വാതി ചാടിയെഴുന്നേറ്റത്.
ഉറക്കത്തിനിടെ ഭൂകമ്പം വന്നാലുണ്ടാകുന്ന വിറയലോടെ ചാടി എഴുന്നേറ്റിരുന്ന് അവള്‍ അന്തം വിട്ട് കൂട്ടുകാരികളെ നോക്കി.
കാറ്റ് മറി കടന്ന് ജാസ്മിന്‍ ചെന്ന് വാതിലിന്റെ ബോള്‍ട്ടിട്ടു.
ക്രമേണ കാറ്റൊതുങ്ങി.
' എന്താ.. ഭൂകമ്പമാണോ.. അതോ ചുഴലിക്കാറ്റോ'
ശരീരമാകെ കടന്നു പോയ വിറയല്‍ വിട്ടുമാറാതെ സ്വാതി തിരക്കി.
ചില്ലു ജനാലയ്ക്കപ്പുറം മഴ ആര്‍ത്തലച്ച് പെയ്യാന്‍ തുടങ്ങിയിരുന്നു.
കര്‍ട്ടന്‍ നീക്കി നോക്കി ആശ്വാസത്തോടെ നേഹ വന്ന് കിടക്കയിലിരുന്നു
' മഴയും കാറ്റും.. ഞാനങ്ങ് പേടിച്ചു പോയി. ' അവള്‍ സമാധാനിച്ചു.
ദുര്‍ഗ മേശമേല്‍ ചാരി നില്‍ക്കുകയായിരുന്നു.
' ദുര്‍ഗ പറയ് .. എനിക്കതിന് ആന്‍സര്‍ വേണം'
പരിസരം ശാന്തമായതോടെ ജാസ്മിന്‍ വീണ്ടും അവളോട് ്അടുത്തു.
' ഒന്നു മിണ്ടാതിരുന്നേ..'
നേഹ ക്ഷോഭിച്ചു കൊണ്ട് ജാസ്മിനെ തടുത്തു.
' മതി സംസാരിച്ചിരുന്നത്.. കാറ്റും മഴയും ഇടിയും മിന്നലുമൊക്കെയാ പുറത്ത്.. വല്ല കുരിശും വരച്ച് കിടക്കാന്‍ നോക്ക് ജാസ്മിനേ'
സ്വാതി കാണാതെ 'സ്വാതി' എന്ന് കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടിയാണ് നേഹ അതു പറഞ്ഞത്.
ജാസ്മിന് അപ്പോഴാണ് വീണ്ടു വിചാരമുണ്ടായത്.
ഇതുവരെ നാലുപേരും അറിയാത്ത രഹസ്യങ്ങളില്ലായിരുന്നു.
ഇത് പക്ഷേ സ്വാതി കേള്‍ക്കാന്‍ പാടില്ല.
അഭിഷേകിനൊപ്പം കിടക്ക പങ്കിടാനല്ല പോയതെന്ന് ദുര്‍ഗ പറഞ്ഞു കഴിഞ്ഞു.
ഇനി അറിയേണ്ടത് അവള്‍ എന്തിനു പോയി എന്നാണ്.
പക്ഷേ സ്വാതി കേള്‍ക്കെ അത് ചോദിക്കാന്‍ വയ്യ
മഹേഷ ്ബാലനറിഞ്ഞാല്‍ ഒരുപക്ഷേ പിന്നീടെന്ത് പറഞ്ഞാലും വിശ്വസിച്ചില്ലെന്ന് വരും.
കിടന്നിട്ടും ജാസ്മിന് ഉറക്കം വന്നില്ല.
എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന് അവള്‍ക്ക് തോന്നി.
താനും കൂട്ടുകാരികളുമറിയാത്ത എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് ദുര്‍ഗയ്ക്ക്.
അത് കണ്ടു പിടിച്ചേ പറ്റു
' നീയെന്താ കണ്ടത'
എല്ലാവരും ഉറങ്ങി എന്ന വിശ്വാസത്തോടെ അടുത്തു കിടന്ന നേഹ തിരിഞ്ഞു കിടന്ന് അവളുടെ കാതില്‍ തിരക്കി.
' റൂമില്‍ കയറി വാതിലടച്ചു.. എന്താ പറയുന്നതെന്ന് ഞാന്‍ പുറത്ത് നിന്ന് കാതോര്‍ത്തു.. ഒന്നും മനസിലായില്ല.'
ജാസ്മിനും ശ്വാസമടക്കി പറഞ്ഞു
അമ്പരന്നത് പോലെ നേഹ നിശബ്ദയായി രണ്ടുനിമിഷം കിടന്നു.
' കുറേ നേരം അവിടെ നിന്നോ അവള്‍'
വീണ്ടും നേഹ ചോദിച്ചു
' ഇല്ല.. നാലോ അഞ്ചോ മിനുട്ട്.. അത്രേയുള്ളു'
' അപ്പോള്‍ അവള്‍ പറഞ്ഞത് ശരിയായിരിക്കും.. വേറെ ഒന്നിനും പോയതാവില്ല.. എന്നാലും അവളെന്തിനാ ജാസ് അവന്റെ റൂമില്‍ പോയത്.. എന്തോ രഹസ്യമുണ്ടല്ലോ'
താന്‍ ചിന്തിക്കുന്നത് തന്നെയാണ് നേഹ പറയുന്നതെന്ന് ജാസ്മിന്‍ ചിന്തിച്ചു.
ഉറക്കം നടിച്ചു കിടന്ന ദുര്‍ഗയുടെ കാതില്‍ കാറ്റല പോലെ ആ സംസാരം നേര്‍ത്തു പതിഞ്ഞു.
കൂട്ടുകാരികള്‍ തന്നെ സംശയിക്കുകയാണ്
ധ്വനിയ്ക്ക് വാക്കു കൊടുത്തുപോയി.
ഇനി അത് പാലിച്ചേ പറ്റൂ.
ഇനി ഒരു തിരിച്ചു നടത്തം അസാധ്യമാണ്.
ശേഷക്രിയകളൊന്നും ചെയ്യാതെ ഒരു ഗതികിട്ടാ പ്രേതമായി അവളുടെ ആത്മാവ് നൂറ്റാണ്ടുകള്‍ക്കു ശേഷവും ഈ ഭൂമിയില്‍ അലഞ്ഞു നടക്കാന്‍ പാടില്ല.
അതിന് മുമ്പ് സമാധാനത്തോടെ ഈ ലോകം വിട്ടു പോകണമെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ അഭിഷേകിന് കൊടുത്തേ തീരൂ.
ഒരു പാവം പെണ്‍കുട്ടിയെ പിച്ചിചീന്തി മൃഗീയമായി കൊലപ്പെടുത്തിയ അവന് മാപ്പു കൊടുക്കാന്‍ തനിക്കുമാകില്ല.
ഒരര്‍ഥത്തില്‍ അവന്റെ മരണം താനും ആഗ്രഹിക്കുന്നു.
സ്വാതിയോട് അവന്‍ മോശമായി പെരുമാറിയതും നിഷ്‌കളങ്കരായ ഊര്‍മിളാന്റിയേയും രവിയങ്കിളിനെയും ചതിച്ച് സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതും കണ്ടില്ലെന്ന് നടിക്കാന്‍ തനിക്ക് കഴിയില്ല.
അവനെ പോലെയുള്ളവര്‍ ഈ ഭൂമിയ്ക്ക തന്നെ ശാപമാണ്.
പക്ഷേ ഭൂമിയില്‍ ജീവിട്ടിരിക്കുന്നവര്‍ക്ക് അന്തസും അഭിമാനവും വേണം.
പ്രത്യേകിച്ച് വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയുടെ അനന്തിരവള്‍ക്ക്
ദേവദത്തന്റെ അനിയത്തിയ്ക്ക്
ദുര്‍ഗ എന്ന പെണ്‍കുട്ടിയ്ക്ക്
അതിന് നേരെയാണ് ഇന്ന് ജാസ്മിന്റെ ചൂണ്ടുവിരലുയര്‍ന്നത്.
തൃപ്തികരമായ മറുപടി നല്‍കാതെ ആ കറ തന്നില്‍ നിന്നും നീങ്ങിപ്പോകി്ല്ല
............ ................. ............
രുദ്രയുടെ മുറിയില്‍, ദുര്‍ഗ വന്നാല്‍ ഉപയോഗിക്കാറുള്ള ബെഡില്‍ കിടന്ന് വേദവ്യാസിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു പവിത്ര
ഇന്നലെ സന്ധ്യയ്ക്ക് രുദ്രക്കുട്ടിയുടെ മുന്നില്‍ വെച്ച് അയാള്‍ പറഞ്ഞതെന്താണ്.
ദത്തട്ടനെ മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നോ.
പലപ്പോഴും പലയിടത്തു നിന്നും കുറ്റപ്പെടുത്തലിന്റെ കൂര്‍ത്ത വാക്കുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ദത്തേട്ടനെ താന്‍ ചതിച്ചു എന്ന മട്ടില്‍ ചില സംസാരങ്ങള്‍. അച്ഛന്‍ വരെ എന്തൊക്കെയോ അര്‍ഥഗര്‍ഭമായി പറഞ്ഞിരിക്കുന്നു.
സത്യത്തില്‍ താന്‍ ദത്തേട്ടനെ ചതിച്ചവളാണോ. അല്ല... ഒരിക്കലുമല്ല.
ആ ചിന്ത തന്നെ പവിത്ര തിരുത്തി.
കുട്ടിക്കാലത്ത് എപ്പോഴും ദത്തേട്ടന്റെ പുറകേയായിരുന്നു താന്‍.
രുദ്രക്കുട്ടിയും ദുര്‍ഗയും കുട്ടികളായിരുന്നപ്പോള്‍ കൂട്ടുകൂടാന്‍ സമപ്രായക്കാരിയായ താനായിരുന്നു ദത്തേട്ടന് കൂട്ട് .
സ്‌കൂളില്‍ വരുന്നതും പോകുന്നതുമെല്ലാം ഒന്നിച്ച്.
താന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും മുറപ്പെണ്ണും മുറച്ചെറുക്കനും തമ്മില്‍ പ്രണയമാണെന്ന് കുട്ടികളെല്ലാം പറഞ്ഞു തുടങ്ങിയിരുന്നു. ആരും അറിയാതെ മനസിന്റെ കോണില്‍ അങ്ങനെ ഒരു വിചാരവും കയറിപ്പറ്റിയിരുന്നു.
ശരിക്കും ദത്തേട്ടന് തന്നോട് സ്നേഹമുണ്ടോ എന്ന് ചോദിക്കണമെന്നും ഉറപ്പിച്ചു.
അതു ചോദിക്കാനാണ് ഒരിക്കല്‍ ഗോവണി കയറി ദത്തേട്ടന്റെ അടുത്തേക്ക് ചെന്നത്.
മുറിയില്‍ ഒരു ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്ന ദത്തേട്ടന്റെ പിന്നിലൂടെ ചെന്ന് കണ്ണുപൊത്തി.
'ആരാ..' എന്ന് ചോദിച്ച് ചാടിയെഴുന്നേറ്റ ദത്തേട്ടനെ കണ്ട് ഭയന്നു.
'ഇതെന്താ പവി .. ചോദിക്കാതെയും മിണ്ടാതെയുമാണോ ഒരു റൂമിലേക്ക് കയറി വരുന്നത് '.
എന്തോ ഒളിപ്പിക്കാനുള്ള ശ്രമമായിരുന്നു ദത്തേട്ടന്‍ നടത്തിയത്.
'ഒരാള്‍ എഴുതുന്നത് പാളി നോക്കുന്നത് നല്ല സംസ്‌കാരമാണെന്ന് പവിയോട് ആരാ പറഞ്ഞത് '
അടുത്ത ചോദ്യവുമെത്തി.
'ഞാന്‍ നോക്കീട്ടില്ല ദത്തേട്ടാ'. വിങ്ങിപ്പൊട്ടി നില്‍ക്കുമ്പോഴും വാശി തോന്നി.
'ഇനി മുന്നില്‍ നിന്ന് മോങ്ങാന്‍ നില്‍ക്കണ്ട. പണ്ടത്തെ ചെറിയ കുട്ടിയല്ല നീയിപ്പോ. അടുത്ത മാസം പതിനെട്ടാണ് മനസിലായോ . എന്തിനായിപ്പോ ഇങ്ങോട്ട് കയറി വന്നത്. താഴേക്ക് പൊയ്ക്കോളു .പുറം പണിയ്ക്ക് വരുന്ന ആ വാല്യക്കാരിയുണ്ട് അവിടെ. എന്തൊക്കെ വൃത്തികേടാണ് അവര്‍ നാടുനീളെ പറഞ്ഞു നടക്കാന്ന് പവിയ്ക്കറിയ്യോ.'
ക്ഷോഭം ചുവപ്പിച്ച മുഖത്ത് നോക്കാനേ കഴിഞ്ഞില്ല
നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടയ്ക്കാതെ തിരിച്ച് നടക്കുമ്പോള്‍ പാവം തോന്നിയിട്ടാവാം പുറകില്‍ നിന്ന് വിളിച്ചു.
'പവീ.. നീയിനി വരുമ്പോള്‍ ഞാനിവിടെ ഉണ്ടാവില്ല... ചെറിയമ്മാമ്മ പറഞ്ഞോ... ഞാന്‍ മംഗലാപുരത്തേക്ക് പോവാണ്. പഠിക്കാന്‍ വേണ്ടീട്ട്. '
മനസിലടിഞ്ഞുകൂടിയ വാശിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു പിടിച്ചു നിന്നു.
'നാളെ മുതല്‍ നീയും പോകുകയല്ലേ കോളജിലേക്ക് .. അതൊരു വ്യത്യസ്ത ലോകമാണ് . സൂക്ഷിക്കണം ട്ടോ'.
'ഉത്തരവ് ' എന്നു പറയാനാണ് തോന്നിയത്. എന്നിട്ടും തലയാട്ടിക്കൊണ്ട് ഗോവണി ഇറങ്ങിപ്പോന്നു.
കള്ളത്തരം മറയ്ക്കാനാണ് തന്നോട് ദേഷ്യപ്പെട്ടത്.
ഡയറിയില്‍ എഴുതി വെച്ചിരുന്ന രണ്ടു വരി വ്യക്തമായി കണ്ടതാണ്.
'ഞാന്‍ വരും പെണ്ണേ.. നിന്നെ കാണാനായി മാത്രം. പിന്നെ നിന്റെ കഴുത്തിലൊരു താലി കെട്ടണം.'
അതു താന്‍ കണ്ടെന്ന് ഭയന്നിട്ടാണ് വഴക്കു പറഞ്ഞത്.
ഒപ്പം പഠിച്ച കുട്ടിയായിരിക്കാം. താനിത് പറഞ്ഞു നടക്കുമെന്ന് ഓര്‍ത്തിട്ടാവാം വഴക്കു പറഞ്ഞത്. ഒരുമിച്ച് പഠിക്കാനാവും മംഗലാപുരത്തേക്ക് പോകുന്നത്. പഠിത്തം കഴിയുമ്പോള്‍ വിവാഹവും നടക്കും.
'എന്താ പെണ്ണേ നിന്റെ മുഖത്തൊരു വാട്ടം'
അന്ന് കൊച്ചു മനയിലേക്ക് തിരിച്ചെത്തിയപ്പോള്‍ അമ്മ അമ്പരപ്പോടെ പുറകെ വന്നു.
'ഒന്നൂല്യ ...' എന്ന് ഒറ്റ വാക്കില്‍ മറുപടി നല്‍കി മുറി അടച്ചിട്ടിരുന്ന് എത്ര നേരം കരഞ്ഞു.
കണ്ണീരുകൊണ്ടാണ് ദത്തേട്ടനോടുള്ള സ്നേഹം മുഴുവന്‍ മായിച്ചു കളയാന്‍ ശ്രമിച്ചത്. എഴുതിയ കവിതകളില്‍ നിന്നെല്ലാം ആ സ്നേഹം വെട്ടിമാറ്റിക്കളഞ്ഞു.
എല്ലാം സ്വയം തോന്നിയ പൊട്ടത്തരമെന്ന് കരുതി. പിന്നീട് വൈശാഖിനെ കണ്ടു. വീണ്ടും ഒരാളെ സ്നേഹിക്കാന്‍ പേടിയായിരുന്നു.
പക്ഷേ വൈശാഖ് പുറകേ നടന്നു. തിരിച്ച് സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് പാവമായിരുന്നു. സൗമ്യതയായിരുന്നു.
എന്തുവന്നാലും കൂടെ കൂട്ടുമെന്ന് വാക്കു നല്‍കിയപ്പോള്‍ മരിക്കേണ്ടി വന്നാലും കൂടെയുണ്ടാകുമെന്ന് തിരിച്ചുമൊരു വാക്കു കൊടുത്തു.
അതിനിടെ ഒരു ദിവസമാണ് രുദ്രക്കുട്ടി അടുത്ത് വന്ന് ദത്തേട്ടന് പവിയേട്ടത്തിയെ ഇഷ്ടമാണെന്ന് പറഞ്ഞത്.
പഴയ വിരോധം മനസില്‍ വെച്ച് അവളെ ഒരു പാട് ശാസിച്ചു.
ആ പ്രായത്തിന്റെ പൊട്ടത്തരം.
അതോ ദുര്‍വാശിയോ.
'പ്രേമിച്ച പെണ്ണിനെ കിട്ടിയില്ലെങ്കില്‍ പകരം വേളി കഴിക്കാനുള്ളവളല്ല താന്‍ ' എന്ന് തുറന്നടിച്ചു.
വലിയേടത്തെ പ്രതാപങ്ങളെല്ലാം വിട്ട് വൈശാഖിന്റെ കൂടെ ഇറങ്ങിപ്പോയപ്പോഴാണ് ദത്തനെ ചതിച്ചുവെന്ന് ആദ്യത്തെ പഴി കേട്ടത്.
അന്നത് കേട്ട് ഞെട്ടിപ്പോയി.
ഒരു വര്‍ഷം പോലും ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വൈശാഖിന്റെ വിധവയായി തിരിച്ചെത്തിയപ്പോള്‍ പലയിടത്തു നിന്നും ഒളിഞ്ഞും തെളിഞ്ഞും കേട്ടു കുറ്റപ്പെടുത്തലുകള്‍.
ദത്തേട്ടന്റെ മനസ് വേദനിപ്പിച്ചതിന്റെ ഫലമാണത്രേ.
രുദ്രക്കുട്ടി പിന്നീടിന്നേവരെ തന്നെ നോക്കി ഒന്ന് ചിരിച്ചിട്ടില്ല. അവസരം കിട്ടിയാല്‍ കുറ്റപ്പെടുത്തലും കുത്തുവാക്കുകളുമായി നോവിക്കും.
എന്ത് അപരാധം ചെയ്തിട്ടാണ് ഓരോരുത്തരും പഴിയ്ക്കുന്നതെന്ന് അത്ഭുതം തോന്നാറുണ്ട്.
ഇപ്പോള്‍ വേദവ്യാസ് കൂടി തനിക്കെതിരേ കുറ്റം ആരോപിക്കുകയാണ്.
എങ്ങനെയാണ് തന്റെ നിരപരാധിത്വമൊന്ന് തെളിയിക്കുക. ഒരു മാര്‍ഗമേയുള്ളു.
ആ പഴയ ഡയറി കിട്ടണം. ദത്തേട്ടന്‍ ഒളിച്ചു വെച്ച ഒരു പ്രണയമാണ് തന്നെ എല്ലാക്കാലവും തെറ്റുകാരിയാക്കിയതെന്ന് രുദ്രയെയും വേദവ്യാസിനെയുമെങ്കിലും ബോധ്യപ്പെടുത്തണം.
ആ പെണ്‍കുട്ടി എവിടെയെന്ന് തനിക്കും ചോദിക്കണം ദത്തേട്ടനോട്
എന്നാലേ ഈ പഴിയില്‍ നിന്നും തനിക്കു രക്ഷയുള്ളു.
മനസുറപ്പോടെ പവിത്ര മെല്ലെ എഴുന്നേറ്റു.
പരീക്ഷ അടുത്ത വരുന്നതിനാല്‍ രുദ്ര അവളുടെ പഠന മുറിയിലിരുന്ന് പഠിക്കുകയായിരുന്നു.
പവിത്രയെ കണ്ട് പുച്ഛഭാവത്തോടെ രുദ്ര മുഖമുയര്‍ത്തി നോക്കി.
' രുദ്രക്കുട്ടി ദീപാരാധന തൊഴാന്‍ വരില്ലേ '
പവിത്ര അടുത്ത് ചെന്ന് തിരക്കി.
'ഞാന്‍ വരുന്നില്ല. തനിച്ച് പോയാല്‍ മതി'
'അതെന്താ വരാത്തത്. വലിയമ്മാമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട് വരാതിരിക്കരുതെന്ന് .
പൂജ നടത്തിയിട്ട് പതിനാലാം ദിവസമാണിന്ന്. ഇന്നത്തെ ദീപാരാധന മുടക്കാന്‍ പാടില്ല വലിയേടത്തെ ആരും'.
രുദ്ര മുഖം വെട്ടിച്ചു.
എനിക്ക് അമ്പലത്തില്‍ കയറാന്‍ പറ്റാതിരിക്യാണ്'.
ഇത്തവണ അല്‍പ്പം സൗമ്യമായിരുന്നു മറുപടി.
പവിത്രയ്ക്ക് ആശ്വാസം തോന്നി.
വലിയേടത്ത് ഭട്ടതിരിയും ദേവദത്തനും വേദവ്യാസും ഉഷഃപൂജ മുതല്‍ കുടുംബക്ഷേത്രത്തിലാണ്.
ഇന്ന് പരദേവതാ പ്രീതിയ്ക്കുള്ള പ്രത്യേകപൂജാ വിധികളാണിന്ന്.
ശീവേലി മുതല്‍ വീണ്ടും നടത്തേണ്ട ചടങ്ങുകളുണ്ട്.
രുദ്ര വീണ്ടും പഠിത്തത്തില്‍ മുഴുകിയതോടെ പവിത്ര പതിയെ തിരിഞ്ഞു നടന്നു.
ദേവദത്തന്റെ മുറിയിലേക്കുള്ള ഗോവണി കയറുമ്പോള്‍ അവള്‍ക്ക് കാലുകള്‍ പൊള്ളുന്നുണ്ടെന്ന് തോന്നി.
അന്ന് ദത്തേട്ടന്റെ വഴക്ക് കേട്ടതില്‍ പിന്നെ ഒരിക്കലും ആ പടി കയറിയിട്ടില്ല. ഒരിക്കലും കയറില്ലെന്ന് മനസില്‍ പ്രതിജ്ഞയെടുത്തിരുന്നു.
എന്നിട്ടിപ്പോള്‍ ഒരു കള്ളിയെ പോലെ പതുങ്ങി പോകുകയാണ്.
പവിത്രയ്ക്ക് കുറ്റബോധം തോന്നി.
എന്നാല്‍ അതിലേറെ ആ ഡയറി കണ്ടെത്തണമെന്ന ആഗ്രഹവും തോന്നി.
ഒന്നു നിന്നിട്ട് പവിത്ര പിന്നെയും പടികള്‍ കയറി.
ദേവദത്തിന്റെ അറയ്ക്ക് മുമ്പിലെത്തിയപ്പോഴും അവള്‍ ഒരു നിമിഷം ഭയപ്പാടോടെ നിന്നു.
പിന്നെ ചേര്‍ത്തടച്ച വാതില്‍ ഒരല്പം ബലം പ്രയോഗിച്ച് തള്ളിത്തുറന്നു.
തേക്കിന്‍ തടികൊണ്ട് ഭിത്തിയും മച്ചും മിനുക്കിയ വീതിയും നീളവുമുള്ള മനോഹരമായ റൂമായിരുന്നു അത്.
വൃത്തിയും ചൈതന്യവുമുള്ള മുറി.
എഴുത്തുമേശയക്ക് മീതെ ഏതാനും പുസ്തകങ്ങള്‍ അടുക്കി വെച്ചിരുന്നു.
അതിലെങ്ങും ഡയറിയോ ഒരു നോട്ട് ബുക്കോ ഒന്നും കണ്ടില്ല.
ചുവരിലെ ബുക്ക് റാക്കിലും അവള്‍ പരതി നോക്കി.
ഇല്ല. മുഴുവന്‍ യൂണിവേഴ്സിറ്റി സംബന്ധമായ ഗവേഷണ പുസ്തകകങ്ങളും സാഹിത്യവുമാണ്.
നിരാശയോടെ തിരിച്ചു നടക്കാന്‍ തിരിഞ്ഞപ്പോഴാണ് റാക്കിന്റെ ഒരു അരികില്‍ ഒരു താക്കോല്‍ കൂട്ടം കണ്ണില്‍ പെട്ടത്.
വിറയ്ക്കുന്ന കൈകളോടെ പവിത്ര അതെടുത്തു.
ഹൃദയമിടിപ്പ് കൂടി വന്നു .
അവള്‍ അതെടുത്ത് വാഡ്രോബിന്റെ പൂട്ട് തുറന്നു.
ഹാംഗറില്‍ വൃത്തിയായി തൂക്കിയിട്ട ഷര്‍ട്ടുകള്‍.
അതിന്റെ താഴെ ഒരു ഡയറി ഭദ്രമായി വെച്ചിട്ടുണ്ട്.
ആകാംക്ഷയോടെ പവിത്ര അതെടുത്ത് നോക്കി.
പഴയതല്ല.
ഈ വര്‍ഷത്തേതാണ്.
അവള്‍ക്ക് നിരാശ തോന്നി.
എങ്കിലും എന്തെങ്കിലും അതിനുള്ളില്‍ കാണാതിരിക്കുമോ എന്ന് ഒരു പ്രതീക്ഷയും മനസില്‍ കടന്നു കൂടി.
അപ്പോഴാണ് മുറ്റത്ത് ബൈക്കിന്റെ ഇരമ്പല്‍ കേട്ടത്.പവിത്ര ഓടിച്ചെന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി.
ദേവദത്തന്‍
അവളുടെ ഉടലാകെ ഒരു തരിപ്പ് പടര്‍ന്നു.
വാഡ്രോബ് അടച്ചു പൂട്ടി താക്കോല്‍ പഴയപടി വെച്ച് ഡയറിയുമായി അവള്‍ ഗോവണിപ്പടികളിറങ്ങി ഓടി.
ദത്തേട്ടന്‍ വന്നതറിഞ്ഞ് ചുറ്റുവരാന്തയിലേക്കിറങ്ങി വരികയായിരുന്നു രുദ്ര.
അവള്‍ക്ക് മുന്നിലേക്കാണ് പവിത്ര അണച്ചു കൊണ്ട് ഓടിയെത്തിയത്.
അവളുടെ വരവു കണ്ട് രുദ്ര അമ്പരന്നു.
'ഇതെന്താ ഓട്ടമത്സരത്തിന് പോയോ.. '
സംശയത്തോടെ രുദ്ര അവളെ ആകമാനം വീക്ഷിച്ചു.
'ഒന്നൂല്ല.. ദത്തേട്ടനെ കണ്ടപ്പോള്‍ '
സാരി തലപ്പിനുള്ളില്‍ ഡയറി ഒളിപ്പിച്ചു വെച്ച് പവിത്ര കിതച്ചു.
' ഓ.. ദത്തേട്ടനെ കണ്ട് പേടിച്ച് ആരും ഇങ്ങനെ ഓടി ഒളിക്കുകയൊന്നും വേണ്ട. പവിയേട്ടത്തി തനിച്ചാണെങ്കിലും എന്റേട്ടന്‍ പിടിച്ച് തിന്നാനൊന്നും പോണില്ല.'
പവിത്രയ്ക്ക് ദേഷ്യമാണ് വന്നത്.
അവളുടെ മുഖമടച്ച് ഒരടി വെച്ചു കൊടുക്കാന്‍ തോന്നിയെങ്കിലും പവിത്ര മെല്ലെ അകത്തേക്ക് വലിഞ്ഞു.
രുദ്ര അകത്തേക്ക് വരുന്നതിന് മുമ്പ് ഡയറി ബെഡിന് അടിയിലേക്ക് തള്ളി വെച്ചു.
അപ്പോള്‍
'പവിത്രയെവിടെ രുദ്രക്കുട്ടി ' എന്ന് ദത്തന്‍ ചോദിക്കുന്നത് കേട്ട് പവിത്ര കാതോര്‍ത്തു.
'അകത്തുണ്ട്. ദത്തേട്ടനെ കണ്ട് പേടിച്ചോടി റൂമില്‍ ചെന്ന് ഒളിച്ചിരിക്കുകയാ'.
സ്ഥിരമായ അവജ്ഞാ ഭാവത്തില്‍ രുദ്ര പറയുന്നത് കേട്ടു.
' നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്' ദത്തേട്ടന്‍ അവളെ ശകാരിക്കുന്നത് പവിത്ര കേട്ടു.
'ഈ മനയിലെ ഐശ്വര്യത്തിന് വേണ്ടി അവള്‍ കുറച്ചല്ല കഷ്ടപ്പെടുന്നത്. അത് കണ്ടില്ലെന്ന് നടിക്കല്ലേ രുദ്രേ.
'ദേവദത്തന്‍ അവളെ ശാസിക്കുന്നത് കേട്ടപ്പോള്‍ പവിത്രയുടെ കണ്ണുകള്‍ നിറഞ്ഞു.
ഒന്നു വിങ്ങിയ മനസിനെ അവള്‍ നിയന്ത്രിച്ചു.
'നീ ചെന്ന് പവിയെ വിളിക്ക്. അവളെ കാണാനൊരാള്‍ വന്നിട്ടുണ്ട്'.
ദേവദത്തന്‍ പറഞ്ഞത് കേട്ട് പവിത്ര പുറത്തേക്കിറങ്ങി ചെന്നു.
'എന്താ ദത്തേട്ടാ.. ആരാ എന്നെ കാണാന്‍ വന്നത് '
അവള്‍ ആകാംക്ഷയോടെ ദത്തനെ നോക്കി.
'കലാമണ്ഡലം പാര്‍വതി നമ്പ്യാര്‍ .. കേട്ടിട്ടില്ലേ പവി.. വലിയമ്മാമ്മ കുടുംബക്ഷേത്രത്തിലാണെന്നറിഞ്ഞ് അവര്‍ അങ്ങോട്ട് വന്നു. പ്രത്യേക പൂജയുണ്ടെന്ന് പറഞ്ഞപ്പോള്‍ ദീപാരാധന തുടങ്ങും മുമ്പ് തിരിച്ച് പോകാമെന്നും പവിയോടൊന്ന് സംസാരിക്കണമെന്നും പറഞ്ഞ് വെയ്റ്റ് ചെയ്യുകയാണ് '
കലാമണ്ഡലം പാര്‍വതി നമ്പ്യാര്‍.
ആ പേര് കേട്ടപ്പോഴേ അമ്പരന്നു നില്‍ക്കുകയായിരുന്നു പവിത്ര
ലോകപ്രശസ്ത നര്‍ത്തകി.
അവരെന്തിനാണ് തന്നെ തിരഞ്ഞു വന്നത്.
ആശ്ചര്യത്തോടെ അവള്‍ ദേവദത്തനെ നോക്കി നിന്നു.
' സമയം കളയണ്ട .. വേഗം റെഡിയായി വരൂ '.
ദേവദത്തന്‍ നിര്‍ദേശിച്ചു.
കുളത്തില്‍ മുങ്ങി ദേഹശുദ്ധി വരുത്തി പവിത്ര വേഗം ഒരുങ്ങി ഇറങ്ങി വന്നു.അവള്‍ വെള്ളവസ്ത്രമായിരുന്നില്ല ധരിച്ചത് .
എന്തുകൊണ്ടോ അതു കണ്ടപ്പോള്‍ ദേവദത്തന് സന്തോഷം അനുഭവപ്പെട്ടു.
ഒതുക്കിറങ്ങിയപ്പോഴാണ് ദേവദത്തന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കുന്നത് പവിത്ര കണ്ടത്.
അവള്‍ അന്ധാളിച്ചു പോയി.'എന്താ നോക്കി നില്‍ക്കുന്നത് വന്ന് കയറ്'
ദേവദത്തന്‍ അവളുടെ നില്‍പ്പ് കണ്ട് തെല്ല് നീരസപ്പെട്ടു.
' ആ ടീച്ചര്‍ അവിടെ വന്നിട്ട് രണ്ടു മൂന്ന് മണിക്കൂര്‍ കഴിഞ്ഞു. ഒരാളെ കാത്തിരുത്തുന്നതിന് ഒരു പരിധിയില്ലേ.'
എന്നിട്ടും പവിത്ര ഒന്നു മടിച്ചു.
ചുറ്റുവരാന്തയില്‍ നിന്ന് ആ യാത്ര ഇഷ്ടപ്പെടാത്ത മട്ടില്‍ രുദ്ര അവളെ തീഷ്ണമായി നോക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടതോടെ പവിത്ര തറഞ്ഞു നിന്നു പോയി.
'എന്റെ കൂടെ വരുന്നില്ലെങ്കില്‍ സാരമില്ല. ഒരു ഓട്ടോ പിടിച്ചു വന്നേക്ക്. വലിയമ്മാമ്മ പറഞ്ഞത് കൊണ്ടു മാത്രം ഞാന്‍ വന്നെന്നേയുള്ളു'.
ദേവദത്തന്‍ അല്‍പ്പം ദേഷ്യപ്പെട്ടാണ് സംസാരിച്ചത്.
രംഗം കൂടുതല്‍ മോശമാകാതെ പവിത്ര വേഗത്തില്‍ ബൈക്കിനടുത്തേക്ക് നടന്നു ചെന്നു.
ദേവദത്തന്‍ ബൈക്ക് മുന്നോട്ടെടുത്തു.
ഇരുവര്‍ക്കുമിടയില്‍ ഏറെ നേരം മൗനം പടര്‍ന്നു.
'ആ വെള്ള വേഷം ഉപേക്ഷിച്ചോ പവീ..' ഇടയ്ക്ക് ദേവദത്തന്‍ തന്നെ നിശബ്ദത മുറിച്ചു.
പവിത്ര ഒന്നും മിണ്ടിയില്ല.എന്നാല്‍ അവളുടെ മുഖത്തൊരു ചിരി മിന്നി മാഞ്ഞത് റിവ്യു മിററിലുടെ ദേവദത്തന്‍ കണ്ടു.
'നീയൊരു വിധവാ കോലത്തില്‍ നടക്കുന്നത് കാണാന്‍ വയ്യ.. ചെറിയമ്മാമ്മ വിളിക്കുമ്പോള്‍ പോലും ഞാന്‍ കൊച്ചു മനയില്‍ വരില്ലായിരുന്നു. നിന്റെയാ വേഷം കാണാന്‍ കഴിയാഞ്ഞിട്ട് '
മുതിര്‍ന്നതില്‍ പിന്നെ ആദ്യമായിട്ടായിരുന്നു ദേവദത്തന്‍ അത്രയും അടുപ്പത്തോടെ അവളോട് സംസാരിക്കുന്നത്.
അതിന്റെ അത്ഭുതവും കൗതുകവും വിട്ടുമാറാതെ പവിത്ര ഇരുന്നു.
'ആ കലാമണ്ഡലം പാര്‍വതിയമ്മ കാണാന്‍ വന്ന കാര്യം വിജയിച്ചാല്‍ പിന്നെ പവിക്കൊരിക്കലും ആ വെള്ള വേഷം കെട്ടേണ്ടി വരില്ല.'.
'എന്തിനാ അവര്‍ വന്നത് '
പവിത്ര പതിയെ തിരക്കി.
'അതൊക്കെ അവര്‍ നേരില്‍ കാണുമ്പോള്‍ പറയും ... പോരേ '
മതിയെന്ന് പവിത്ര ശിരസനക്കി.
'രുദ്രക്കുട്ടി അവിടെ തനിച്ചല്ലേ... എല്ലാവരും അമ്പലത്തിലാകുമ്പോ '.
പവിത്രയുടെ ചോദ്യം ദേവദത്തനെ ചിരിപ്പിച്ചു.
' ശത്രുവിനോട് സ്നേഹമോ ... നല്ല ശീലം തന്നെ... ങാ.. പവിയതില്‍ പേടിക്കണ്ട. മുറ്റമടിക്കാന്‍ വരുന്ന സീതമ്മ വരും അവള്‍ക്ക് കൂട്ടിരിക്കാന്‍ .. പിന്നെ കാര്യസ്ഥനും ഉണ്ടല്ലോ.. '
കാറ്റിനൊപ്പം അവളുടെ കുറച്ചു മുടിയിഴകള്‍ പാറി അവന്റെ മുഖത്ത് വന്നു തട്ടി.
അതിലെ നേര്‍ത്ത സുഗന്ധം ദേവദത്തന്റെ പ്രജ്ഞയിലെങ്ങും പടര്‍ന്നു.
...... ....... .....
തനിക്ക് അഭിമുഖമായിരുന്ന് ഐസ്‌ക്രീം നുണയുന്ന ദുര്‍ഗയുടെ മുഖത്തു നിന്നും കണ്ണടുക്കാന്‍ തോന്നിയില്ല അഭിഷേകിന്
തുമ്പപ്പൂ പോലെ വിശുദ്ധിയോലുന്ന മുഖത്ത് തങ്ങി നില്‍ക്കുന്ന നേര്‍ത്ത മന്ദഹാസം പോലും എന്തൊരു അഴകാണ്.
'എന്താ അഭിയേട്ടനിങ്ങനെ നോക്കുന്നത് '
ലജ്ജ നടിച്ചു കൊണ്ട് ദുര്‍ഗ ചോദിച്ചു.
'നീയൊരു സുന്ദരിക്കുട്ടിയാണ്'
ആരാധനയോടെ അഭിഷേക് ദുര്‍ഗയുടെ വലതുകൈപ്പത്തിമേല്‍ തന്റെ കൈ വെച്ചു
ദുര്‍ഗ പെട്ടന്ന് കൈ വലിച്ചു.
' ഞാന്‍ ദുര്‍ഗ പറഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു'.
അഭിഷേക് പതിയെ പറഞ്ഞു.
'എന്ത് '. ദുര്‍ഗ നിഷ്‌കളങ്കത ഭാവിച്ചു.
'നമുക്ക് വിവാഹിതരാകാം... നിന്നെ പോലെ ഒരു പെണ്‍കുട്ടി ഭാര്യയാകുന്നത് പോലും ഒരു ഐശ്വര്യമാണ്.
ദുര്‍ഗയുടെ കണ്ണുകളില്‍ നാണം പൂത്തു.
' സമ്മതമാണോ എന്റെ ദുര്‍ഗ കുട്ടിയ്ക്ക്' കാതരമായിരുന്നു അവന്റെ ചോദ്യം.
' ഞാനത് എപ്പോഴേ ആഗ്രഹിച്ചതാണ്' ദുര്‍ഗ പതിയെ പറഞ്ഞു
' മഹിയേട്ടനോട് എന്തോ എനിക്ക് പൊരുത്തപ്പെടാനേ കഴിയുന്നില്ല. സ്വാതിയെ പിണക്കേണ്ടെന്ന് വെച്ച് മാത്രമാണ് ഞാന്‍..'
' സാരമില്ല... ഇപ്പോള്‍ ആരോടും ഒന്നും പറയാന്‍ നില്‍ക്കേണ്ട.. ഇവിടെ ഇങ്ങനെ ഇരിക്കുന്നത് പോലും ഇപ്പോഴത്തെ സാഹചര്യ.ത്തില്‍ സേഫല്ല.. മഹിയോ മറ്റാരെങ്കിലുമോ കണ്ടാല്‍ പോലും അതൊരു ടോക്കാകും'
' അഭിയേട്ടന്‍ പറഞ്ഞതാണ് ശരി.. എനിക്കതോര്‍ത്ത് പേടിയുണ്ടായിരുന്നു'
ദുര്‍ഗ വാച്ചില്‍ നോക്കി
' ഞാന്‍ പോട്ടെ.. അവര്‍ തെക്കേത്ത് എത്തിയിട്ടുണ്ടാവും.. ഞാനൊരുപാട് ലേറ്റായാല്‍ ശരിയാവില്ല'
' ദുര്‍ഗാ..' അവന്‍ ദയനീയമായി അവളുടെ കൈപിടിച്ചു
' തന്നോട് സ്വസ്ഥമായൊന്ന് സംസാരിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ'
' അഭിയേട്ടന്‍ ഒരു സ്ഥലം കണ്ടുപിടിക്ക്. സേഫായ ഒരു സ്ഥലം..ഞാന്‍ വരാം.. ' ബാഗുമെടുത്ത് ദുര്‍ഗ പുറത്തേക്കിറങ്ങിപ്പോയി
അഭിഷേകിന്റെ ചുണ്ടില്‍ ഒരു കുസൃതിചിരി പടര്‍ന്നു.
കണ്ണുകളില്‍ കൗശലം പടര്‍ന്നു.
ദുര്‍ഗ ഭാഗീരഥി തന്റെ കിടക്കയിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.
കരിമ്പിന്‍ ചണ്ടി പോലെ താനവളെ മഹേഷിന്റെ മുമ്പിലേക്ക് വലിച്ചെറിയും.
ദുര്‍ഗ തെക്കേത്ത് ചെല്ലുമ്പോള്‍ ഹാളിലിരുന്ന് ചര്‍ച്ചയിലായിരുന്നു രവിമേനോനും ഊര്‍മിളയും.
' തങ്കം എന്താ വൈകിയത്.. കൂട്ടുകാരികള്‍ നേരത്തേ എത്തിയല്ലോ'
ഊര്‍മിള ചോദിച്ചു.
' ഒന്നു രണ്ട് സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു '
' മോളിവിടെയിരിക്ക്'
രവിമേനോന്‍ പറഞ്ഞു.
' സ്വത്തെഴുതി വെക്കുന്ന കാര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നത്. ഇനി അതിന് നാലു ദിവസം കൂടിയേയുള്ളു'
ദുര്‍ഗയുടെ മുഖം അറിയാതെ കനത്തു.
' എന്താ തങ്കത്തിന് ഒരു സന്തോഷമില്ലാത്തത്.. ' രവി മേനോന്‍ വാത്സല്യത്തോടെ അവളെ നോക്കി.
' ഒന്നുമില്ലങ്കിള്‍' അവള്‍ മുഖം കുനിച്ചു.
' ആരാന്റെ ഔദാര്യം പറ്റാന്‍ താത്പര്യമില്ല അല്ലേ.. എനിക്കറിയാം.. എന്റെ മോള്‍ ഒരുപാട് ആഗ്രഹിച്ച് വാങ്ങിയ വീടാണ് തങ്കം.. ഇതിന്റെ ഓരോ മുക്കും മൂലയിലും അവളുടെ ഡക്കറേഷന്‍സുണ്ട്.. ഇത് കൂടി അഭിയ്ക്ക് കൊടുത്താല്‍.. എനിക്കറിയാം... ഞങ്ങളുടെയൊക്കെ കാലശേഷം അവന്‍ ചിലപ്പോ അബ്രോഡിലെങ്ങാനും സെറ്റില്‍ ചെയ്യാനും മതി.. അന്ന് ഒന്നുകില്‍ ഈ വീട് നശിക്കും.. അതല്ലെങ്കില്‍്അഭിയിത് വില്‍ക്കും.. അതൊഴിവാക്കാനാണ് ഇത് ദുര്‍ഗയുടെ പേരിലെഴുതുന്നത്'
' നിനക്കിത് വേണ്ടെങ്കില്‍ എന്നെങ്കിലും എന്റെ ധ്വനി മോള്‍ വന്നാല്‍ അവള്‍ക്ക് തിരിച്ചെഴുതി കൊടുത്തോളൂ'
ഊര്‍മിള വാത്സല്യത്തോടെ അവളെ തലോടി.
എത്ര നിയന്ത്രിച്ചിട്ടും ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞു.
അന്തരീക്ഷം പെട്ടന്ന് മാറിയതും ഊര്‍മിളയുടെ വസ്ത്രങ്ങള്‍ കാറ്റില്‍ ഉലയുന്നതും കണ്ട് ദുര്‍ഗ ധ്വനിയുടെ സാന്നിധ്യം മനസിലാക്കി.
' ദേവദത്തന് പൂജകഴിഞ്ഞ് സമയമുണ്ടാവില്ലേ ഇത്രടം വരാന്‍.. രജിസ്ട്രേഷന് ഒരു സാക്ഷിയായി ഞാന്‍ കരുതുന്നത് ദേവനെയാ'
രവിമേനോന്‍ പറഞ്ഞു.
' എന്നാല്‍ മോള്‍ ചെന്ന് ഫ്രഷായി വല്ലതും കഴിക്ക്.. വിശക്കുന്നുണ്ടാവില്ലേ'
ഊര്‍മിളയുടെ വാക്കു കേട്ടതും ദുര്‍ഗ എഴുന്നേറ്റു.
സ്റ്റെപ്പുകള്‍ കയറുമ്പോള്‍ തന്നെ പിന്തുടരുന്ന കാലൊച്ചകള്‍ അവള്‍ കേട്ടു.പിന്തിരിഞ്ഞു നോക്കി.
ധ്വനിയെന്തിനാണ് തനിക്ക് കൂടി പ്രത്യക്ഷയാകെ രഹസ്യമായി പിന്തുടരുന്നത്.
ദുര്‍ഗയ്ക്ക് ചിരി വന്നു.അപ്പോള്‍ കാതില്‍ ദുര്‍ഗ എന്ന വിളി കേട്ടു.
' എന്താ ധ്വനീ'
ദുര്‍ഗ അന്തരീക്ഷത്തിലേക്ക് നോക്കി ചോദിച്ചു.
' ഇനി നമുക്ക് സമയമില്ല.. വെറും മൂന്നു ദിവസം മാത്രം.. ആ രജിസ്ട്രേഷന്‍ നടക്കരുത്'
' നീയൊന്ന് പ്രത്യക്ഷയാകൂ ധ്വനി' അക്ഷമയോടെ ദുര്‍ഗ പറഞ്ഞു.
' എന്നിലെ ശക്തി നശിച്ചു കൊണ്ടിരിക്കുകയാണ് ദുര്‍ഗാ.. നിനക്കറിയ്യോ.. മരണത്തിനു ശേഷം ഒരാത്മാവിന് എത്രനാള്‍ കൂടി അരൂപിയായി തുടരാന്‍ കഴിയുമെന്ന്'
ഇല്ല എന്ന അര്‍ഥത്തില്‍ ദുര്‍ഗ നിന്നു.
' ആ കണക്ക് പറഞ്ഞാല്‍ നിനക്ക് മനസിലാവില്ല.. കര്‍മ്മങ്ങളൊന്നും നടക്കാതെ ഞാന്‍ ഒരു പുകപടലമായി ഒരു നികൃഷ്ട ശക്തിയായി.. ദുരാത്മാവായി ഈ അന്തരീക്ഷത്തില്‍ ലയിക്കാന്‍ ഇനി ഏതാനും ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ... '
ധ്വനി ഒരു ദുഷ്ട ശക്തിയാകുക..
' അതിന് പ്രതിവിധിയില്ലേ ധ്വനി.. നീയൊരു ദുഷ്ടാത്മാവായി അലയരുത്.. അതെനിക്ക് സഹിക്കില്ല..'
ദുര്‍ഗ വിതുമ്പിപ്പോയി.
' അതുണ്ടാവരുതെങ്കില്‍ രണ്ടു കാര്യങ്ങള്‍ നടക്കണം.. ഒന്ന് എന്റെ പക തീരണം.. രണ്ടാമത് എന്റെ ശരീരം കണ്ടെത്തി അര്‍ഹിക്കുന്ന ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി സംസ്‌കരിക്കണം'
' അതിന് വേണ്ടിയല്ലേ ഞാന്‍ നിനക്കൊപ്പമുള്ളത്'
' ദുര്‍ഗ.. അതുപക്ഷേ വേഗം വേണം.. നമുക്ക് പിഴയ്ക്കരുത്.. വെറും മൂന്നു ദിവസത്തിനുള്ളില്‍ അഭിഷേകിനെ എനിക്കു കിട്ടണം'
ധ്വനി പറഞ്ഞു തീര്‍ന്നതും ദുര്‍ഗയുടെ മൊബൈല്‍ ശബ്ദിച്ചു.
ബാഗില്‍ നിന്നും ദുര്‍ഗ അതെടുത്ത് നോക്കി
സേവ് ചെയ്യാത്തൊരു നമ്പര്‍.
' ഹലോ' ദുര്‍ഗ കോളെടുത്തു കൊണ്ട് പറഞ്ഞു.
' ദുര്‍ഗാ ഞാനാണ് അഭി..'
' പറയ് അഭിയേട്ടാ'
ദുര്‍ഗ പല്ലുകള്‍ ഞെരിച്ചു കൊണ്ടാണ് ശബ്ദിച്ചത്.
' നമുക്ക് നാളെ പോയാലോ.. എനിക്ക് വേണ്ടി ദുര്‍ഗ ഒരു ദിവസം കോളജില്‍ പോകാതിരിക്കണം..ഞാന്‍ കാറുമായി വരാം.. ദുര്‍ഗ പറഞ്ഞത് പോലെ നമുക്ക് ദൂരെ ഒരിടത്ത് പോകാം.. വൈകുന്നേരം തിരിച്ചു വരാം.'
' എവിടേക്കാ അഭിയേട്ടാ'
ദുര്‍ഗ ശബ്ദത്തില്‍ കഴിയുന്നത്ര താത്പര്യം നിറച്ചു.
' മാമലകള്‍ക്കപ്പുറത്ത്.. നിനക്കറിയ്യോ.. ഒരു കാടിന് നടുവില്‍.ഒരു വീട്ടില്‍.'
ദുര്‍ഗ ഞെട്ടിപ്പോയി
ധ്വനിയെ അവന്‍ കൊലപ്പെടുത്തിയ വീട്.
ദുര്‍ഗയുടെ രക്തമുറഞ്ഞു
...................തുടരും..........
കഴിഞ്ഞ ചാപ്റ്ററുകൾ എല്ലാം ഈ ലിങ്കിൽ വായിക്കാം.
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot