----------
ദോഹയിലെ പാർട്ടീഷൻ ചെയ്ത ത്രീ ബെഡ്‌റൂം ഫ്‌ളാറ്റിലെ അഞ്ചാമത്തെ മുറിയിലെ താമസക്കാരാണ് ഉമ്മറും മറ്റ് മൂന്നുപേരും.
ഒറ്റക്ക് ഒരു മുറിയിൽ താമസിക്കുന്ന എറിത്രിയക്കാരിയായ ലിൻഡ,.
"അടുക്കളയിൽ നിങ്ങൾ ഇനി വേറെ അടുപ്പൊന്നും വെക്കേണ്ട, സ്ഥലം കുറവാണ്, അതിനാൽ നിങ്ങൾ എന്റെ ഗ്യാസ് അടുപ്പ് തന്നെ ഉപയോഗിച്ചോളൂ, ഞാൻ വല്ലപ്പോഴുമൊക്കെയേ കുക്കിങ് ചെയ്യുകയുള്ളൂ" എന്ന് അറബിയിൽ പറഞ്ഞ് അനുവാദം നൽകിയത് നാൽവർ സംഘത്തിന് വലിയ ആശ്വാസവുമായിരുന്നു.. വലിയ ആകാരമുള്ള ശരീരവും , ഇന്ത്യക്കാരുടെ കണ്ണിൽ, മുഖത്ത് സ്ത്രൈണമായ ആകർഷണത്വം അൽപ്പം കുറവാണെങ്കിലും, ലിൻഡയുടെ മനസ്സ് അവരുണ്ടാക്കാറുള്ള വലിയ എത്യോപ്യൻ ദോശയേക്കാൾ വലുതും, പിന്നെ നല്ല സൗഹാർദ്ദപരമായ പെരുമാറ്റവുമാണ്.
എത്യോപ്യക്കാരനും, അറബ് - ആഫ്രിക്കൻ ബാങ്ക് ജീവനക്കാരനുമായ മുഹമ്മദും, ഭാര്യ ആയിശയുമാണ് മറ്റൊരു മുറിയിലെ താമസക്കാർ.. മെലിഞ്ഞു, ശരാശരി നീളമുള്ള മുഹമ്മദിന് പൊതുവെ സ്വതസിദ്ധമായ പുഞ്ചിരി ഒട്ടിച്ചു വെച്ച പോലെ തോന്നിക്കുന്ന മുഖമാണ്. ഉമ്മറുൾപ്പെടെയുള്ള ബാച്ച്‌ലേഴ്‌സ് സംഘവുമായി നല്ല സൗഹൃദത്തിലുമാണ് . ഭാര്യ ആയിശ അൽപ്പം തടിച്ചു കൊഴുത്തുരുണ്ട ശരീരമുള്ളവളും.. ആവശ്യത്തിന് മാത്രമേ സംസാരിക്കാറുമുള്ളൂ.. അല്ലെങ്കിലും എത്യോപ്യൻ ഭാഷ ബാച്ച്ലേഴ്‌സിന് വശമില്ലാത്തതിനാൽ ആയിശയോട് എന്ത് സംസാരിക്കാൻ..
ഒരു വെള്ളിയാഴ്ച ദിവസം ഉച്ചക്ക് 'തട്ടാനുള്ള' കോഴിബിരിയാണി ഉണ്ടാക്കാൻ ക്രമപ്രകാരം ചുമതലയുള്ളത്ത് ഉമ്മറിനും സഹമുറിയൻ റഫീക്കിനുമായിരുന്നു.
ജുമുഅ നമസ്‌കാരത്തിന് മുൻപേ ബിരിയാണി പാകം ചെയ്തു, പള്ളിയിൽ പോയി വന്ന ഉടനെ അതുമായി ഒരു മൽപ്പിടുത്തം നടത്താലോ എന്നത് വെള്ളിയാഴ്ച്ച പാചകമെന്ന മഹത്കർമ്മത്തിന് നറുക്ക് വീഴുന്ന ഗൾഫിലെ ബാച്ച്ലേഴ്‌സ് ചങ്കുകളുടെ ന്യായമായ കണക്കുകൂട്ടലാണല്ലോ..
നറുക്കനുസരിച്ച്, ബിരിയാണി ഉണ്ടാക്കാൻ ഉമ്മറും റഫീഖും അടുക്കളയിലെത്തിയപ്പോൾ മുഹമ്മദിന്റെ ഭാര്യ ആയിശ അവർക്കുള്ള ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതൊക്കെ ആ അടുക്കളയിലെ യോദ്ധാക്കളുടെ ഇടയിൽ പതിവുള്ളതുമാണല്ലോ ..
ഉമ്മർ , ആദ്യം സവാള അരിയാനുള്ള കത്തിയും , പലകയുമെടുത്ത് കിച്ചൺ വർക്ക്‌ടോപ്പിന് മുകളിൽ വെച്ചു , തങ്ങളുടെ ഭാഗം കാബിനറ്റിൽ നിന്നും ബിരിയാണിക്കുള്ള അരിയെടുക്കുകയായിരുന്നു റഫീഖ്. സവാള അരിയാൻ തുടങ്ങിയ ഉമ്മറിന്റെ പലകക്ക് നേരെ ഒരു പാറ്റ എന്തോ വെച്ച് മറന്നത് എടുക്കാനായി തിരികെ വരുന്ന ആളെപ്പോലെ ബേജാറിലൊരു വരവ്.. പൊതുവെ പാറ്റകളെ കണ്ണെടുത്താൽ കണ്ടുകൂടാത്ത ഉമ്മർ തന്റെ നാടൻ ശൈലിയിൽ അൽപ്പം ഉച്ചത്തിൽ "കൂറ , കൂറ " എന്നും പറഞ്ഞു, ചൂണ്ടുവിരൽ അതിന്റെ മീശക്ക് മുട്ടിച്ചു അതിനെ ഓടിച്ചു .. പാറ്റ തിരികെ ഓടുന്നതിനേക്കാൾ വേഗത്തിൽ , "പ്ഫും.. " എന്നൊരു ശബ്ദവും, പിന്നാലെ മൂക്ക് ചീറ്റുന്ന ശബ്ദത്തിന്റെ അകമ്പടിയോടെയും ആയിശ അടുക്കളയിൽ നിന്നും തന്റെ മുറിയിലേക്കോടി..
വെള്ളിയാഴ്ച്ച അവധിയായതിനാൽ മുറിയിൽ തന്നെയുണ്ടായിരുന്ന മുഹമ്മദ് അൽപ്പ സമയത്തിന് ശേഷം അടുക്കളയിലെത്തി, ഉമ്മറിനോടും റഫീഖിനോടും , എന്താണ് അടുക്കളയിൽ സംഭവിച്ചതെന്ന് ചോദിച്ചു, കാര്യമൊന്നും മനസ്സിലാകാതിരുന്ന ഉമ്മർ മറുപടി പറഞ്ഞു "എന്ത് സംഭവിക്കാൻ .. ഒന്നുമില്ല.. "
"ഏയ് അങ്ങനെയല്ല, എന്റെ ഭാര്യ കരഞ്ഞു കൊണ്ടാണ് അടുക്കളയിൽ നിന്നും റൂമിലേക്ക് വന്നത്, ഇപ്പോളും അവൾ കരഞ്ഞു കൊണ്ടിരിക്കുകയാണ്.. നിങ്ങൾ അവളോട് മോശമായി എന്തോ സംസാരിച്ചു പോലും.. "കൂറ" എന്നോ മറ്റോ അവൾ കേൾക്കെ നിങ്ങൾ പറഞ്ഞതായി അവൾ പറയുന്നു.. എന്തിനാണ് നിങ്ങൾ അങ്ങനെ 'ബാഡ് വേർഡ്‌സ്' പറഞ്ഞു അവളെ ഇൻസൾട്ട് ചെയ്തത് ? ",
മുഹമ്മദിന്റെ സ്വതസിദ്ധമായ ആ പുഞ്ചിരി ആ സമയം മുഖത്തുനിന്നും അപ്രത്യക്ഷമായിരുന്നു !..
"ഓഹോ, അതോ, അതിനാണോ നിങ്ങളുടെ ഭാര്യ ഇവിടെ നിന്നും അടുപ്പത്തിരിക്കുന്ന, പാചകം ചെയ്ത് കൊണ്ടിരിക്കുന്ന പാത്രം അതേപടി അവിടെ ഇട്ടിട്ട് ഓടിപ്പോയത് ? അതിവിടെ കിച്ചണിൽ കോക്രോച്ച് ഉണ്ടായിരുന്നു.. അതിന് ഞങ്ങളുടെ മലയാളത്തിൽ 'കൂറ' എന്ന് പറയും.. അത് ഞാൻ പറഞ്ഞതാണ്, ഉമ്മർ പറഞ്ഞു..
"ആണോ ... , അങ്ങനെയാണോ, എന്തായാലും ബാങ്കിൽ എനിക്ക് ചില മലയാളി സുഹൃത്തുക്കളുണ്ട് , നാളെ ഞാൻ അവരോട് ഇതിന്റെ മലയാളം അർത്ഥം ചോദിച്ചു ഉറപ്പ് വരുത്തട്ടെ.. എന്നിട്ട് നമുക്ക് ബാക്കി സംസാരിക്കാം "
മുഹമ്മദിന് ഉള്ളിൽ ദേഷ്യമുണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ, എന്നാൽ ഗൗരവത്തിൽ തന്നെ പറഞ്ഞു.
"പടച്ചോനെ.. ഈ കൂറകളെക്കൊണ്ട് ഒരു രാത്രിയിലെ ഉറക്കം പോയത് തന്നെ.. ഇനി ഈ മുഹമ്മദ്, അവന്റെ മലയാളി സുഹൃത്തുക്കളോട് കൂറയെക്കുറിച്ച്, അന്വേഷിച്ച് തെളിയിച്ച് മറുപടി തരുന്നത് വരെ താൻ പ്രതിസ്ഥാനത്താണല്ലോ ... , "എന്നാൽ ഒന്നും പേടിക്കാനില്ല, അവന്റെ സുഹൃത്തുക്കൾ ഒറിജിനൽ മലയാളികൾ തന്നെയാണെങ്കിൽ അവർക്ക് കൂറയെക്കുറിച്ച് അറിയാതിരിക്കില്ലല്ലോ" എന്ന് സ്വയം സമാധാനിക്കുകയും ചെയ്തു ഉമ്മർ..
കുറയുടെ അറബി പദം എന്തായിരിക്കും എന്നും ഉമ്മർ ഒരു വേള ചിന്തിച്ചു..
അടുത്ത ദിവസം ജോലിത്തിരക്കിനിടയിൽ ഇതേക്കുറിച്ചുള്ള ചിന്തകൾ അതിക്രമിച്ചു കടന്നുവന്നില്ലെങ്കിലും, ഇടക്കെങ്കിലും സംഭവം ഓർക്കാതിരിക്കാൻ ഉമ്മറിന് കഴിഞ്ഞില്ല.. വൈകിട്ടോടെ ജോലി കഴിഞ്ഞ്, മുറിയിൽ വിശ്രമിക്കുകയായിരുന്ന ഉമ്മർ, വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് തുറന്നു
നോക്കിയപ്പോൾ അതാ നിൽക്കുന്നു..
നോക്കിയപ്പോൾ അതാ നിൽക്കുന്നു..
'അയൽവാസി' മുഹമ്മദ് .... ചുണ്ടിൽ ട്രേഡ്മാർക്ക് പുഞ്ചിരിയുണ്ട്.. അത് കണ്ടപ്പോളേ ഉമ്മറിന് സമാധാനമായി..
മുഹമ്മദ് മുഖവുരയില്ലാതെ കാര്യം പറഞ്ഞു..
മുഹമ്മദ് മുഖവുരയില്ലാതെ കാര്യം പറഞ്ഞു..
"ഇന്നലത്തെ 'കൂറ സംഭവം' , ഞാൻ മലയാളി സുഹൃത്തുക്കളോട് അന്വേഷിച്ചു, അവർ പറഞ്ഞു, കൂറ എന്ന മലയാളം പദം ഇംഗ്ളീഷിൽ കോക്രോച്ച് എന്ന് തന്നെയാണെന്ന് .. .. എന്റെ ഭാര്യ ആയിശക്ക് തെറ്റിധാരണയുണ്ടായതാണ്, അവൾ വളരെ സങ്കടത്തോടെ എന്നോട് കരഞ്ഞു പറഞ്ഞപ്പോ എനിക്കും വിഷമമായിപ്പോയി.. അതാ".. സോറി..
"എന്റെ നല്ല മലയാളീ.. നിനക്കെന്റെ ഷേക്ക് ഹാൻഡ്",... രക്ഷപ്പെട്ടു.. അജ്ഞാതനായ ആ മലയാളിക്ക് ഉമ്മർ മനസ്സിൽ നന്ദി പറഞ്ഞു ആശ്വാസം കൊണ്ടു ..
സഹമുറിയന്മാർ റൂമിലെത്തി , ഉമ്മറിനെ കണ്ടയുടൻ ചോദിച്ചു "കൂറ" എന്തായി...
'ദേ .. ഇതിലെ ഒരു മൂളിപ്പാട്ടും പാടി എത്യോപ്യയിലേക്ക് പോകുന്നത് കണ്ടു.. " ഉമ്മർ കളി പറഞ്ഞു..
"മുഹമ്മദ് വന്നിരുന്നു.. അവൻ അവന്റെ മലയാളി സുഹൃത്തിനോട് അന്വേഷിച്ചു.. ഉറപ്പു വരുത്തി 'കൂറ' എന്നാൽ നമ്മുടെ നാടൻ കൂറ തന്നേന്ന്".. അവിടെ ആ നാലുപേരുടെയും ഒരു പൊട്ടിച്ചിരി ഉയർന്നു കേട്ടു ..
രാത്രി ഉറങ്ങാൻ തുടങ്ങുമ്പോ റഫീഖിന്റെ വക ഉച്ചത്തിൽ . "ഉമ്മറെ , ദേ കൂറ "..
"പോടാ" എന്നും പറഞ്ഞു ഉമ്മർ പുതപ്പ് വാരി വലിച്ചു തന്റെ ദേഹത്തിട്ടു സമാധാനമായി കിടന്നുറങ്ങി..
'കൂറ' അറബി പദം അർത്ഥം "ബോൾ'.
ബോൾ പോലെ തടിച്ചുരുണ്ടിരിക്കുന്ന ആയിശക്ക് അങ്ങനെ കേട്ടപ്പോൾ കരച്ചിൽ വന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ....
-മുഹമ്മദ് അലി മാങ്കടവ്
14/09/2019
14/09/2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക