(ഒരു നുറുങ്ങു നർമ്മം )
"മോനെ ആ തോരനിങ്ങെടുത്തേ.. "
ഓണസദ്യ ഉച്ചക്കും രാത്രിയും കഴിഞ്ഞു.. ബാക്കി വന്ന വിഭവങ്ങൾ കണ്ടപ്പോൾ സുലോചനക്കു ആശ്വാസമായി....
"ഹാവു.. രണ്ടു ദിവസത്തേക്ക് ഒരു പണിയും ഇല്ല... ആവശ്യത്തിനുള്ള കറികൾ ബാക്കി.. കുറച്ചു ചോറ് മാത്രം വെച്ചാമതി.."
ബാക്കിവന്നത് എല്ലാം ഫ്രിഡ്ജിൽ അടുക്കി വെക്കുന്ന തിരക്കിലാണ് സുലോചന... കൂട്ടിനു മകനും..
"അമ്മെ അവിയൽ വെക്കേണ്ടേ... '
"ദേ ആ കാണുന്ന അടപ്പെടുത്തടക്ക് ആദ്യം.. ഭക്ഷണം വെക്കുകയാണെങ്കിൽ അടച്ചിട്ടേ വെക്കാവു "
സുലോചന നോക്കി.. ഇനി സാമ്പാറു കൂട്ടുകറി പുളിശ്ശേരി ബാക്കിയുണ്ടല്ലേ...
"പുളിശ്ശേരി വേണമെങ്കിൽ ഒരാഴ്ച ഇനിയും ഓടും "
"അയ്യോ അമ്മെ അപ്പൊ സാംബാർ ഒരാഴ്ച ഓടില്ലെ "
മകന്റെ സംശയം...
"സാംബാർ ഒരാഴ്ച്ച ഓടാൻ ശ്രമിച്ചാൽ ചിലപ്പോ പരിപ്പ് മുളച്ചു ചെടിയായി വരും "
സുലോചന ചിരിച്ചുകൊണ്ട് പറഞ്ഞു...
സുലോചന നടുവൊന്നു നിവർത്തി..
"ഇനി പപ്പടവും പായസവും കൂടി കേറ്റിയാൽ പണിതീർന്നു... "
അങ്ങിനെ സുലോചനയുടെയും ഭർത്താവ് വാസുദേവന്റെയും മകൻ സൂരജിന്റെയും തിരുവോണദിനം ഭംഗിയായി കഴിഞ്ഞു...
തിരുവോണം കഴിഞ്ഞ ഒന്നാം ദിനം.. ബാക്കി കെട്ടിവെച്ചിരുന്ന ഇലയെടുത്ത് അച്ഛനും മോനും തനിക്കുമായി സുലോചന സദ്യ വിളമ്പി...
"ഇന്നലെ തന്നെ രണ്ടുനേരം ഈ സാമ്പാറും അവിയലും കഴിച്ചു മടുത്തു.. വേറെ ഒന്നും ഇല്ലേടി.. "
"ദേ ഒരു മൂന്നു നാലു ദിവസത്തേക്ക് ഇത് തന്നെയേയുള്ളു.. കാശു കൊടുത്തു മേടിച്ച പച്ചക്കറിയ... ചുമ്മാ കളയാൻ പറ്റുവോ.. അത് കൊള്ളാം "
"എന്നാലും... "വാസുദേവന്റെ സ്വരം ദയനീയമായിരുന്നു...
"ഒരു എന്നാലും ഇല്ല.. അടുക്കളയിൽ കിടന്നു കഷ്ടപെടുന്നവർക്കേ അതിന്റെ ദെണ്ണം അറിയാവൂ.. ഞങൾ സ്ത്രീകൾക്കും കുറച്ചു റെസ്‌റ്റ് ഒക്കെ ആകാം...
തർക്കിച്ചിട്ടു കാര്യമില്ല എന്നറിയുന്നതു കൊണ്ട് വാസുദേവൻ പുഞ്ചിരിയോടെ സാമ്പാറിന് നമസ്കാരം പറഞ്ഞു കൊണ്ട് തുടങ്ങി...
അന്ന് രാത്രി ബാക്കിവന്ന കൂട്ടുകറിയും അച്ചാറും തോരനും ചോറിലേക്കു കൊട്ടിയിട്ടു ഒരു ഗുസ്തിക്കാരന്റെ പാടവത്തോടെ വലിയ ഉരുളകളാക്കി വാസുദേവൻ വായിലോട്ടു കുത്തിക്കയറ്റി... ആരോടൊക്കെയോ പക തീർക്കുന്നത് പോലെ.. ഇവൾ ഈ സദ്യവട്ടങ്ങൾ മൊത്തം നൂറു കോടി ക്ലബ്ബിൽ കേറ്റാ
നുള്ള പരിപാടിയാണെന്ന് തോന്നുന്നു.. വാസുദേവൻ മനസ്സിൽ കരുതി....
നുള്ള പരിപാടിയാണെന്ന് തോന്നുന്നു.. വാസുദേവൻ മനസ്സിൽ കരുതി....
മുന്നാം ദിവസം ഉച്ചക്ക് ഇല ബാക്കിയില്ലായിരുന്നു.. അതിനാൽ സുലോചന സ്റ്റീൽ പാത്രം കഴുകി മേശമേൽ വെച്ചു..
"അതേയ്.. ഇന്ന് പുളിശ്ശേരിയാണ് കേട്ടോ.. ഈ പുളിശ്ശേരി മൂന്നാമത്തെ ദിവസമാകുമ്പോഴേക്കും അങ്ങട് പുളിക്കും..ഹോ എന്താ സ്വാദു.... നിങ്ങളൊന്നു കഴിച്ചു നോക്കിയേ... "
വാസുദേവന്റെ ചോറിലേക്കു പുളിശ്ശേരി ഒഴിച്ചുകൊണ്ടു അഭിമാനത്തോടെ സുലോചന മൊഴിഞ്ഞു...
"ഞാനിപ്പോ വരാം "വാസുദേവൻ എഴുനേറ്റു.. സ്‌കൂട്ടറും എടുത്തു പുറത്തോട്ടിറങ്ങി...
നിമിഷങ്ങൾക്കകം വാസുദേവൻ കയ്യിലൊരു പാക്കറ്റുമായി തിരിച്ചു വന്നു.. മേശമേൽ വെച്ച് അഴിച്ചു.. വാഴയിലയിൽ പൊതിഞ്ഞ കരിമീൻ പൊള്ളിച്ചതും നാളികേരം അരച്ചുവെച്ച കോഴിക്കറിയും കുറച്ചു ചെമ്മീൻ ഉലത്തിയതും
"ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ.. അഹങ്കാരമാണ് അഹങ്കാരം... മൂന്നാം ദിവസത്തെ പുളിശ്ശേരിയുടെ ഏഴയലത്ത് നിൽക്കുമോ നിങ്ങടെ ഈ ഉലത്തിയ ചെമ്മീൻ "
വാസുദേവൻ ഭാര്യയെ തന്നോട് ചേർത്ത് നിർത്തി മകൻ കേൾക്കാതിരിക്കാൻ സുലോചനയോട് മെല്ലെ പറഞ്ഞു..
"അതേയ് നിന്റെ തന്തയല്ല എന്റെ തന്ത "
സുലോചനയും വിട്ടില്ല. സ്വരം താഴ്ത്തി പറഞ്ഞു
"അത് തന്നെയാ എനിക്കങ്ങോട്ടും പറയാനുള്ളത്.. നിങ്ങടെ തന്തയല്ല എന്റെ തന്ത "
അച്ഛന്റെയും അമ്മയുടെയും ലൂസിഫർ ഇഫക്റ്റ് കേൾക്കാൻ നിൽക്കാതെ മകൻ അമ്മയുടെ പുളിച്ച പുളിശ്ശേരിയും തോരനും അച്ഛന്റെ ചെമ്മീൻ ഉലത്തിയതും കരിമീൻ പൊള്ളിച്ചതും കൂട്ടി സുഖായി ചോറ് കഴിച്ചു...
അത് പുതിയ തലമുറയുടെ വിദഗ്ദ്ധമായഒരു നയതന്ത്ര വിജയമായിരുന്നു....
പുളിശ്ശേരിയുടെയും ചെമ്മീൻ ഉലത്തിയതിന്റെയും കൂട്ടായ വിജയം..
By Suresh Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക