നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജേക്കബ് പാസ്റ്റർ.

Image may contain: 1 person
ജേക്കബ് പാസ്റ്ററിനു വലിയ ദൈവവിളിയാണ്. പാസ്റ്റർ തലയിൽ കൈവച്ചു പ്രാർത്ഥിച്ചാൽ ഉടൻ കാര്യം നടക്കും. പൊതുവെ എല്ലാവർക്കും വലിയ വിശ്വാസം ആണെന്നാണ് പാസ്റ്റർ പറയുന്നത്. പൊങ്ങച്ചം പറയുകയാണെന്ന് പറയല്ലേ, ശരിക്കും നടക്കും, അല്ലെങ്കിൽ പാസ്റ്റർ തന്നെ പറഞ്ഞ ഈ സാക്ഷ്യം കേട്ട് നോക്ക്.
പാസ്റ്റർ ജോലി ചെയ്യുന്ന കമ്പനിയിലെ ഉടമ അറബിയുടെ മകൾ, കല്യാണം പോലും കഴിയാത്ത ഈ പെൺകുട്ടി ഒരു ഗോദ്‌റെജ്‌ അലമാരയുടെ വീതിയുള്ള ശരീരവുമായി നിരങ്ങി നീങ്ങിയിരുന്നു കാലം. മകൾക്കു വേണ്ടി പ്രത്യേകം വലിയ ഡോറുള്ള കാർ വാങ്ങിയിരുന്നു അറബി. ആ പെൺകുട്ടി ഓഫീസിൽ വന്നാൽ കടക്കാൻ വേണ്ടി മാത്രം മുൻവശത്തെ വാതിൽ വീതികൂട്ടി പണിതു വെച്ചു. വീട്ടിലെ ഡോറുകളും അങ്ങനെ തന്നെ.
ബ്യൂട്ടി പാർലറിൽ പോകുമ്പോളാണ് കൂടുതൽ പ്രശ്നം. ഫേഷ്യൽ, സ്പാ തുടങ്ങി എന്തിനും ഏതിനും മൂന്നിരട്ടി ചാർജ് വാങ്ങും. ആനക്കും ആടിനും ഒരേ ചാർജ് വാങ്ങൽ പറ്റില്ലാന്ന് ബ്യൂട്ടി പാർലർ ഉടമ പറഞ്ഞു.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ പ്രത്യേകം കസേര കൊണ്ടുപോണം.
പെണ്ണിന് കല്യാണപ്രായമായി. ഈ പെൺകുട്ടിയെ ആരാണ് കല്യാണം ആലോചിച്ചു വരിക, കുറെ കാശുണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വലിയ വലിയ വീടുകളിൽ പോലും ഒരുപാടു പെണ്ണുങ്ങൾ ഇങ്ങനെ കല്യാണം നടക്കാതെ നിൽക്കുന്നുണ്ട്.
(അറബിപെൺകുട്ടികൾക്കു ചെറുക്കന്റെ വീട്ടുകാർ കല്യാണം ആലോചിച്ചു വരണം. പെണ്ണിന്റെ വീട്ടിൽനിന്നും ആലോചന തുടങ്ങുന്നത് മാനക്കേടാണ്. പെൺകുട്ടികളെ വല്ല കല്യാണത്തിനോ പാർട്ടിക്കോ കണ്ടിഷ്ടപ്പെടുന്ന ഏതെങ്കിലും പെണ്ണുങ്ങൾ അവരുടെ വീട്ടുകാരായ ചെറുക്കന്മാർക്കായി അവളെ കല്യാണം ആലോചിക്കും. അല്ലാതെ നമ്മുടെ നാട്ടിലെ പോലെ പെണ്ണിന്റെ വീട്ടുകാർ ചെറുക്കനെ അനേഷിക്കുകയോ മാട്രിമോണിയൽ പോലെയുള്ള സംവിധാനങ്ങളോ ഇല്ല. ആരും അനേഷിച്ചു വരാത്ത പെൺകുട്ടികൾ വീട്ടിൽ നിന്ന് മുരടിക്കും. അങ്ങനെ ഒരുപാടു പെൺകുട്ടികൾ ഉണ്ട്.)
അങ്ങനെ വലിയ ദുഃഖിതനായി എംഡി കാലം കഴിക്കവേ, പാസ്റ്റർ ആ മകൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കാൻ തുടങ്ങി. പക്ഷെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചാൽ മാത്രമേ ഫലം ഉണ്ടാകൂ, അറബി പെണ്ണിന്റെ മേൽ കൈ വച്ചാൽ വിവരം അറിയും എന്നതിനാൽ പാസ്റ്റർ ആ സാഹസത്തിന് മുതിർന്നില്ല. എന്നാൽ ഒന്ന് കൈ വെച്ചു പ്രാർത്ഥിപ്പാനുള്ള അവസരത്തിനായി മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ ഇരിക്കെയാണ് ശരീരത്തിൽ നിന്നും കൊഴുപ്പു നീക്കം ചെയ്യുന്ന ഓപ്പറേഷൻ പ്രചാരത്തിൽ വന്നത്. കാശു ഒരു പ്രശ്നം അല്ലാതിരുന്ന അറബി മകളെ ഓപ്പറേഷൻ ചെയ്യാൻ കൊണ്ടുപോയി.
മാസങ്ങൾ കഴിഞ്ഞു,............. ശരീരത്തിലെ ആവശ്യമില്ലാതെ കൊഴുപ്പും അമിതവണ്ണവും നീക്കം ചെയ്യുന്ന വലിയ ഓപ്പറേഷനും അതിന്റെ വിശ്രമവും കഴിഞ്ഞു ഒരു ദിവസം പെൺകുട്ടി ഓഫീസിൽ വന്നു. തെച്ചിക്കോട്ട് രാമചന്ദ്രന്റെ തലയെടുപ്പോടെ നടന്നിരുന്ന പെൺകുട്ടി, മെലിഞ്ഞു ഐശ്വര്യ റായ് പോലെ റാമ്പ് വാക് ചെയ്യുന്ന കണ്ടു പാസ്റ്റർ വാ പൊളിച്ചിരുന്നു. മലയൊഴുകി വരുംപോലെ വന്നിരുന്നവൾ, മലയിലൊഴുകുന്ന കൊച്ചരുവി പോലെയായി. സമനില വീണ്ടുകിട്ടിയപ്പോൾ വേഗം പറഞ്ഞു.
"മാഡം, ഐ ഹാവ് ഡെയിലി പ്രയർ ഫോർ യുവർ ബിഗ് ബോഡി ടു ബി സ്മാൾ. നൗ യുവർ ബോഡി ഈസ് സ്മാൾ. യു ആർ വെരി ബ്യൂട്ടിഫൂൾ. പ്രയ്‌സ് ടു ലോർഡ്"
അതുകേട്ടവൾ കുപ്പിവള കിലുങ്ങും പോലെ ചിരിച്ചു. എന്നിട്ടു പറഞ്ഞു.
"ഓ ജക്കൂപ്, ദിസ് ഈസ് നോട് ബൈ യുവർ പ്രയർ. ഐ ഡിഡ് സർജറി, യു നോ. ടൂ മച്ച് പെയിൻ. ഇറ്റ്സ് ഹൊറിബിൾ യു നോ?"
“ഓ മൈ ഗോഡ്, യു ഡിഡ് സർജറി? വാട്ട് സർജറി?”
“യു നോ ദി ഡോക്ടർ കട്ട് മൈ എക്സ്ട്രാ ഫാറ്റ് ഫ്രം മൈ ബോഡി.”
ഇതും പറഞ്ഞു അവർ അകത്തേക്ക് പോയി. പാസ്റ്റർ തലയും കുത്തി ആലോചനയായി. എന്താണീ ഓപ്പറേഷൻ. എങ്ങനെയാണീ ഫാറ്റ് കട്ട് ചെയ്യുന്നത്. ചുറ്റിനും നോക്കി, കൂടെയുള്ളവർക്കൊന്നും അത് കേട്ടിട്ട് ഒരു കുലുക്കവും ഇല്ല. ചുമ്മാ ഇരുന്നു ജോലി ചെയ്യുന്നു. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാൽ വല്യ പാസ്റ്റർ ആണെന്നും വല്യ അറിവാണെന്നും ഒക്കെ പറഞ്ഞിട്ട്.... മോശമല്ലേ. തനിയെ കുത്തിയിരുന്ന് ആലോചിച്ചു. എഴുനേറ്റു നടന്ന് ആലോചിച്ചു.
ഒരു രക്ഷയുമില്ല. ഒടുവിൽ മൂത്രമൊഴിക്കാൻ പോകാനെന്ന പോലെ വാഷ്‌റൂമിൽ പോയിനിന്ന്, പതിഞ്ഞ സ്വരത്തിൽ പ്രാർത്ഥിക്കാൻ തുടങ്ങി.
"ഓ യഹോവേ, ഞാൻ സ്തുതിക്കുന്നു യഹോവേ, എനിക്ക് വെളിപ്പെടുത്തി തരണമേ യഹോവേ, അതെന്താണെന്നു എനിക്ക് മനസിലായില്ല കർത്താവെ, ഞാൻ പാപിയാണ് യഹോവേ. സത്യം വെളിപ്പെടുത്തണമേ യഹോവേ, സ്തോത്രം സ്തോത്രം സ്തോത്രം......യീ ഹ ഹ ഹ ഹ ലാല ല ലാല സ്തോത്രം..........."
അറിയാതെ ശബ്ദം ഉയർന്നു. പിന്നെ എന്തൊക്കെയോ അപശബ്ദങ്ങളോടൊപ്പം "ഓ ലോർഡ്", "മൈ ലോർഡ്" എന്നൊക്കെ ഉയർന്നു കേട്ടു. വാഷ് ഏരിയയിൽ സിഗരറ്റു വലിക്കാൻ വന്ന ഒരാൾ ജേക്കബ് പാസ്റ്റർ കരയുന്ന സ്വരം കേട്ടു മറ്റുള്ളവരെ വിളിച്ചു കൂട്ടി. എല്ലാവരും വാതിലിൽ തട്ടി വിളിച്ചു,
"ജേക്കബ്..... ജേക്കബ്...... വാട്ട് ഹാപ്പെൻഡ്?എനി തിങ് റോങ്ങ്? ആർ യു ഓക്കെ?"
തീവ്ര പ്രാർത്ഥനയിലായിരുന്ന ജേക്കബ് അതൊന്നും കേട്ടില്ല. അപ്പോഴേക്കും ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആംബുലൻസിനു ഫോൺ ചെയ്തു. പിന്നെയും തട്ടും മുട്ടും ബഹളവും കേട്ട്‌ ജേക്കബ് പാസ്റ്റർ പ്രാർത്ഥന നിർത്തി. പുറത്തെ ബഹളം കേട്ട്‌ ആർക്കു എന്ത് പറ്റി എന്നറിയാൻ വാതിൽ തുറന്നു ഓടി വന്നു.
അപ്പോൾ ജനറൽ മാനേജർ,
"ഓ ജക്കൂപ്, വാട്ട് ഹാപ്പെൻഡ്? ആർ യു ഓക്കേ? യു വാണ്ട് വാട്ടർ? ആംബുലൻസ് ഈസ് റെഡി. ലെറ്റ്സ് ഗോ ഹോസ്പിറ്റൽ."
"നോ സർ, ഐ ആം ഓക്കേ, ഐ വാസ് ജെസ്റ് പ്രേയിങ് ഒൺലി. നതിങ് റോങ്ങ്."
"യഹ് അല്ലാഹ്, യു വെർ പ്രേയിങ്!!!! ലൈക് ദിസ്!!!! യുവർ ഗോഡ് വിൽ റൺ എവേ"
അയാൾ തിരിഞ്ഞു നടന്നിട്ടു പറഞ്ഞു, "ഓ മുഹമ്മദ് ക്യാൻസൽ ദി ആംബുലൻസ്."
എല്ലാരും തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ജേക്കബ് പാസ്റ്റർ അവിടെ ഉണ്ടായിരുന്ന ഒരു മലയാളിയോട് ചോദിച്ചു.
"എന്താ ഇപ്പൊ ഉണ്ടായേ, എന്തിനാ എല്ലാരും ഇവിടെ കൂടി നിന്നെ?"
"എന്നാ പാസ്റ്ററെ ഇത് ഒരു മാതിരി കോപ്പിലെ പ്രാർത്ഥന. മനുഷ്യനെ പേടിപ്പിക്കാനായിട്ട്...."
പാവം ജേക്കബ് പാസ്റ്റർ ഇതിവർത്തവ്യതാമൂഢനായി നിന്ന് പോയി. അപ്പോഴാണ് ആ വെളിപാടുണ്ടായത്. എങ്ങനെയാണ് ഓപ്പറേഷൻ ചെയ്തത് എന്ന്. അവിടെ നിന്ന് ഒരു ചാട്ടം ചാടി.
"ഹീയ്യാ....."
രണ്ടു കൈയും മുകളിലേക്കുയർത്തി യഹോവെക്കു നന്ദി പറയാൻ തുടങ്ങി, അപ്പോഴേക്കും ഒരാൾ വരാന്തയിലേക്ക് വരുന്നത് കണ്ടു മനസ്സിൽ നന്ദി പറഞ്ഞു പതുക്കെ സീറ്റിലേക്ക് നടന്നു.
കുറച്ചു മാസങ്ങൾക്കുള്ളിൽ എംഡിയുടെ മകളുടെ കല്യാണം നടന്നു. അവർ ഒരു ദിവസം ഓഫീസിൽ വന്നപ്പോൾ എല്ലാവരും വിഷ് ചെയ്തു, കൂട്ടത്തിൽ ജേക്കബ് പാസ്റ്ററും. അപ്പോൾ അവർ പാസ്റ്ററിന്റെ പ്രാത്ഥനക്കു പ്രത്യേകം നന്ദി പറഞ്ഞു.
"ജക്കൂപ് താങ്ക് യു ഫോർ യുവർ പ്രയേഴ്സ്. നൗ എവെരിതിങ് ഓക്കേ, മൈ ഡോട്ടർ മാരീഡ്. താങ്ക് യു."
ഇതൊക്കെ കേട്ട്‌ അടുത്ത് നിന്ന പുതിയ പയ്യൻ ചോദിച്ചു,
"അച്ചായാ എന്തിനാ അവര് താങ്ക്സ് പറഞ്ഞെ?"
"അതോ എംഡിയുടെ മോള് ഭയങ്കര വണ്ണം ആയിരുന്നു. അതിന്റെ കല്യാണം നടക്കാതെ എംഡി ഭയങ്കര സങ്കടം. എന്നോട് പ്രാർത്ഥന ആവശ്യപ്പെട്ടു. വണ്ണം കുറക്കാൻ ഒരു ഓപ്പറേഷൻ ചെയ്തു. അതാണെങ്കിൽ ശരീരത്തെ ഫാറ്റ് എടുത്തു കളയുന്ന ഓപ്പറേഷൻ, ശരീരം മുഴുവൻ ഓപ്പറേഷൻ ചെയ്ത മുറിവിന്റെ പാടുകളല്ലേ. ആ പെണ്ണിന്റെ കല്യാണം വല്ലോം നടക്കോ. പിന്നെ ഞാൻ ഡെയിലി പ്രാർത്ഥന നടത്തി. തലയിൽ കൈ വെച്ചു പ്രാർത്ഥിക്കണം എന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ല. അറബികളല്ലേ. അവസാനം പ്രാർത്ഥന ഫലിച്ചു. ദേ കല്യാണം നടന്നു."
പാസ്റ്ററുടെ ഓപ്പറേഷൻ വിജ്ഞാനം കേട്ടു പുതിയ പയ്യൻ വല്ലാണ്ട് ഇമ്പ്രെസ്സ്ഡ് ആയി. അവൻ പറഞ്ഞു.
"അച്ചായൻ വലിയ സംഭവം ആണല്ലേ."
“പിന്നല്ലാതെ, നിനക്കറിയോ ഞാനൊരു പാസ്‌റ്റർ ആണ്. തലയിൽ കൈ വെച്ചു പ്രാർത്ഥിച്ചാൽ ഉടൻ കാര്യം നടക്കും."
"എങ്കിൽ പാസ്റ്റർ എന്റെ തലയിൽ കൈ വെച്ചു പ്രാർത്ഥിക്കണം. എനിക്ക് മൂത്രത്തിൽ കല്ലുണ്ട്. ഭയങ്കര വേദനയാ. ചിലപ്പോ രക്തം വരും. മരുന്ന് കുറെ കഴിച്ചതാ. പക്ഷെ ഒരു രക്ഷയുമില്ല. ഇനി ഓപ്പറേഷൻ വേണ്ടിവരും എന്നാ ഡോക്ടർ പറഞ്ഞെ."
"ഏയ് നിനക്ക് ഓപ്പറേഷൻ ഒന്നും വേണ്ടിവരില്ലെടാ, ഞാൻ പ്രാർത്ഥിക്കാം."
ഇതും പറഞ്ഞു രണ്ടു പേരും സ്റ്റോർ റൂമിൽ പോയി (ശബ്ദം പുറത്തു കേൾക്കില്ല), അവൻ മുട്ട് കുത്തി നിന്നു. പാസ്റ്റർ അവന്റെ തലയിൽ കൈ വെച്ചു പ്രാത്ഥിച്ചു. ഉറക്കെ ഉറക്കെ സ്തുതിച്ചു പ്രാർത്ഥിച്ചു.
"യഹോവേ ഞാൻ നിന്നോട് യാചിക്കുന്നു, ഈ മകന്റെ മൂത്രത്തിൽ കല്ല് പുറത്തു ചാടിച്ചു കളയണമേ. കല്ല് ദൂരെ എറിഞ്ഞു കളയണമേ. സ്തോത്രം ദൈവമേ സ്തോത്രം ..... കല്ല് പിശാചാണ്, പിശാചിനെ ദൂരെയാക്കണമേ. ദൂരെ.... ദൂരെ..... ദൂരെ........ എറിഞ്ഞു കളയണമേ. സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം,സ്തോത്രം, ........"
അര മണിക്കൂർ പ്രാർത്ഥന കഴിഞ്ഞു അവർ ഇറങ്ങി, അപ്പോൾ പയ്യന് മൂത്രം ഒഴിക്കാൻ തോന്നൽ ഉണ്ടായി. പാസ്റ്റർ പറഞ്ഞു,
"ധൈര്യമായി പോയിട്ട് വാ, ഞാൻ ഇവിടെ തന്നെ നിന്നു യഹോവയെ സ്തുതിച്ചു കൊണ്ടിരിക്കും. നീ വേഗം വാ."
ഒന്നും മനസിലായില്ലെങ്കിലും പയ്യൻ മൂത്രമൊഴിക്കാൻ പോയി. അത് കഴിഞ്ഞു ഓടി വന്നു സ്റ്റോർ റൂമിലേക്ക്. പിന്നീട് അതേപ്പറ്റി പാസ്റ്ററുടെ സാക്ഷ്യം.
“അവൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മുതൽ ഞാൻ മുട്ടിൽ നിന്നു കൈകൾ ഉയർത്തി പിടിച്ചു യഹോവയെ ഉച്ചത്തിൽ സ്തുതിച്ചു കൊണ്ടിരുന്നു, ആ നേരത്തു എന്റെ ശരീരം വിറച്ചു. അവൻ തിരിച്ചോടി വന്നു പൊട്ടിക്കരഞ്ഞു എന്നെ കെട്ടിപിടിച്ചു പറഞ്ഞു, പാസ്റ്റർ എന്റെ കല്ലുകൾ പോയി, ഞാൻ മൂത്രമൊഴിക്കാൻ നിന്നപ്പോൾ മൂത്രത്തിന് പകരം പത്തു പന്ത്രണ്ടു കല്ലുകൾ ആണ് വന്നത്. അത് ക്ലോസെറ്റിലേക്കു തെറിച്ചു വീണു. വലിച്ചെറിയുന്നപോലെ കല്ലുകൾ വീണു. ക്ലോസെറ്റ് പൊട്ടി. അവനു പിന്നെ പുതിയ ക്ലോസെറ്റ് വാങ്ങി കൊടുക്കേണ്ടി വന്നു കമ്പനിക്ക്. എന്നാലെന്താ എന്റെ പ്രാർത്ഥന കൊണ്ട് മൂത്രത്തിൽ കല്ലിനു ഓപ്പറേഷൻ ചെയ്യാതെ കഴിഞ്ഞില്ലേ? ഇനി നിങ്ങ പറ, ദൈവവിളി ഇല്ലേ എനിക്ക്?"
സ്‌നേഹപൂർവം
ട്രിൻസി ഷാജു
കുവൈറ്റ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot