Slider

ദിഗംബരന്റെ ഉടയാടകൾ ... (കഥ)

ഉൾവനത്തിലകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തിയെന്ന പത്രവാർത്തയിലെ കൗതുകം ശ്രീദേവിക്കു പക്ഷെ അമ്പരപ്പാണ് നൽകിയത്. അവൾ ഒരാവർത്തികൂടെ മനസ്സിരുത്തി വായിച്ചുനോക്കി .... അതെ .. ഇതയാൾ തന്നെ .., ദിഗംബരൻ...!
ഒരുചെറിയ നെടുവീർപ്പോടവൾ സെറ്റിയിലേക്ക് തല താഴ്ത്തി " രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളൂ .. പക്ഷെ ഒരു പാട് നാളത്തെ അടുപ്പം തോന്നുന്ന പോലെ , ..."
ഓർമ്മകൾ ഞൊറിയഴിഞ്ഞു വീഴുന്നൊരംബരം കണക്കെ കുമിഞ്ഞുകൂടി.
നിന്നു തിരിയാൻ ഇടമില്ലാത്ത ബസ്സിൽ ശ്വാസം മുട്ടി നിൽക്കുമ്പോഴാണ് ആദ്യമായി അയാളെ കാണുന്നത്. സൈഡ് സീറ്റിലിരുന്ന് കാഴ്ചകൾ കാണുന്ന അയാൾ ബസ്സിലേക്ക് നോക്കിയതും പെട്ടെന്നെഴുന്നേറ്റ് ഉച്ചത്തിൽ ഒരു പ്രഖ്യാപനമായിരുന്നു. ...
"നിൽക്കാൻ ബുദ്ധിമുട്ടുള്ള,
ഇരിക്കാൻ വല്ലാതെ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ ഇരിക്കാം ... "
പലരും പരസ്പരം നോക്കി .. ഞൊടിയിടയിൽ അവകാശവാദങ്ങൾ നിറഞ്ഞു ...
"ഓ... കുറെ ആളുണ്ടല്ലോ... കണ്ടക്ടർ തീരുമാനിക്കട്ടെ .."
"മാഷേ നിങ്ങൾ മുത്തങ്ങയ്ക്കല്ലേ ടിക്കറ്റെടുത്തത് ...? മൂന്നു മണിക്കൂർ യാത്രയുണ്ട് ... " കണ്ടക്ടർ അയാളെ സംശയത്തോടെ നോക്കി .
മൂന്നു മണിക്കൂർ യാത്രയ്ക്ക് സൈഡ്സീറ്റ് കിട്ടിയിട്ടും അതൊഴിഞ്ഞ് പുറകിലത്തെ കമ്പിയിൽ ചാരി നിൽക്കുന്നയാളെ അവൾക്കു നോക്കാതിരിക്കാനായില്ല .
ടീപ്പോയിലിരുന്ന ആറിത്തണുത്ത ചായ നിശ്ചലമായിരുന്നു ....!
വേഷത്തിലും ഭാവത്തിലും വ്യത്യസ്തനായിരുന്നു അയാൾ . പിന്നീടൊരു ദിവസം കാറ്റൊഴിഞ്ഞ ടയറിന്റെ ചതിയെ രൂക്ഷമായി നോക്കിനിന്ന് സഹതപിക്കുമ്പോഴാണ് അയാൾ വന്നത് .
"ഊതിവീർപ്പിച്ചതൊക്കെ കൈവിട്ടു
പോയല്ലെ ..?
ഞാൻ സഹായിക്കാം ."
നല്ലൊരു മെക്കാനിക്കിനെ വെല്ലുന്ന കയ്യടക്കം ,
നിങ്ങൾ മെക്കാനിക്കാണോ ...?
"ബൈ പ്രൊഫഷൻ അല്ല , ഇലക്ട്രിസിറ്റിബോർഡിൽ എഞ്ചിനീയറാണ് ... ഇവിടെ ഡാം സൈറ്റിൽ ... പേര് ദിഗംബരൻ .."
ദിഗംബരൻ ... ശ്രീദേവിയ്ക്ക് പെട്ടെന്നൊരു ഭയം തോന്നി ... അതവളുടെ മുഖത്ത് ചെറുതായി നിഴലിക്കുകയും ചെയ്തിരുന്നു .
"ഭയം തോന്നുന്നുണ്ടോ ... സിനിമകൾ എത്രത്തോളം നമ്മെ സ്വാധീനിക്കുന്നു അല്ലെ ... കുട്ടിക്കൊരു കാര്യമറിയാമോ ..തൊണ്ണൂറു ശതമാനം പേർക്കും അവരുടെ പേരുകൾ തീരെ ഇഷ്ടമായിരിക്കില്ല .പക്ഷെ എനിക്കങ്ങനെയല്ല .. ഒരുപാടിഷ്ടമാണ് എന്റെ പേര് ."
ശ്രീദേവി ഒന്നമ്പരന്നു ... ശരിയാണെല്ലോ .. അച്ഛമ്മയുടെ പേര് തനിക്കിട്ട അച്ഛനോട് എപ്പോഴും ദേഷ്യം തോന്നാറുണ്ട് ..
"ഒരു പരിധിവരെ ശരിയാണ് ... ശ്രീദേവി എന്ന പേര് എനിക്കിഷ്ടമല്ല..."
"ശ്രീദേവി നല്ല പേരല്ലേ...? അർത്ഥമുള്ള പേര് .. കൈവിട്ട ഐശ്വര്യത്തിനു പകരം വേറൊന്ന് ഫിറ്റ് ചെയ്തിയിട്ടുണ്ട് ...ഇനി ധൈര്യമായി പൊയ്ക്കോളൂ ... "
എന്തെങ്കിലും പറയുന്നതിന് മുമ്പേ അയാൾ പോയിരുന്നു. .. കുറച്ചു നേരം ആ നടത്തം നോക്കി നിന്ന ശേഷം ശ്രീദേവി വണ്ടി സ്റ്റാർട്ടു ചെയ്തു ...
പിന്നീടയാളെ കാണുന്നത് ഒരുമാസം മുൻപാണ്...
സെൻട്രൽ ലൈബ്രറിയിൽ വെച്ച്.... അന്നയാൾ പറഞ്ഞിരുന്നതവളോർത്തു.
"കേട്ടോ കുട്ടീ ... ഞാൻ ഫ്രീയാകുമ്പോൾ ഇവിടെ വന്നിരിക്കും .. ഈ ബാൽക്കണിയിൽ .. പുസ്തകം വായിക്കാനല്ലാട്ടോ .. പ്രാവുകളോട് കിന്നരിക്കാൻ ... "
കൈയ്യിലുള്ള അരിമണികൾ വിതറിക്കൊണ്ടയാൾ തുടർന്നു .
"നമ്മൾ മനുഷ്യർ കെട്ടിയിട്ടോ കൂട്ടിലിട്ടോ വളർത്താത്ത ഏതെങ്കിലും ജീവികൾ വയസ്സായിട്ട് മരിച്ചത് കണ്ടിട്ടുണ്ടോ ..?"
പ്രാവുകളുടെ കുറുകൽ ഉച്ചത്തിലായി.
...................... .............. ..........................
കുളിച്ചു ഫ്രഷായി പ്രാതൽ കഴിക്കുമ്പോൾ അന്നത്തെ ആ ചോദ്യം ശ്രീദേവിയോർത്തു .അവളുടെ മിഴികൾ ജനലഴിയിലൂടെ തൊടിയിൽ തേടിനടന്നു.
കാറിൽ കയറുമ്പോൾ ചക്രങ്ങൾ നോക്കാനവൾ മറന്നിരുന്നില്ല .ലൈബ്രറിയുടെ ഓരത്തായി വണ്ടി പാർക്ക് ചെയ്ത് അവളിറങ്ങി .
അന്നത്തെ ആ ചോദ്യത്തിന്റെ മാനങ്ങളുരുക്കഴിച്ച് ശ്രീദേവി ലൈബ്രറിയുടെ ഗോവണികൾ കയറി ...
"ഇവിടെയുണ്ടാവും ഇല്ലെങ്കിൽ ഓഫീസിലേക്ക് പോവാം .... " അവളാരോടെന്നില്ലാതെ പറഞ്ഞു .
കയ്യിൽ കരുതിയ അരിമണികൾ അലസമായി വിതറി അവൾ കാത്തിരുന്നു ... കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒന്നു രണ്ടു പ്രാവുകൾ വന്നു .. അവളപ്പോഴേക്കും അയാളെത്തേടി ഡാമിലെ പവർഹൗസിൽ എത്തിയിരുന്നു .
ഓഫീസിൽ അന്വേഷിച്ചപ്പോൾ അയാളെ കണ്ടില്ല .. പലരുടെ മുഖത്തും ചോദ്യചിഹ്നങ്ങൾ അവിടെവിടെയായി പറ്റിപ്പിടിച്ചിരുന്നു .. പഴയ സഹപാഠി ലിനിയാണ് ദിഗംബരന്റെ ജീവചരിത്രം അവളുടെ മുന്നിൽ തുറന്നത് .
''ഒരു സാധാരണ കുടുംബത്തിൽ പിറന്ന പഠിക്കാൻ മിടുക്കനായ മകൻ ... മലയടിവാരത്തെ അന്തരീക്ഷത്തിന്റെ സ്വാധീനം ചെലുത്തിയ മാനസിക സമ്മർദ്ദം അയാളെന്ന എഞ്ചിനീയറിൽ ചെലുത്തിയ സ്വാധീനമാണ് ഇവിടെയെത്തിച്ചത് ... ഈ കാടിനോട് ചേർന്ന ഡാം സൈറ്റിൽ .
ഒലിച്ചു കുത്തിയ നവോഢകൾ സ്വന്തക്കാരെ തകർത്തെറിഞ്ഞതോടെ ദിഗംബരൻ മൗനിയായി .അയാൾക്ക് എല്ലാത്തിനോടും വാശിയായിരുന്നു .... അധിക സമയവും ഡാം സൈറ്റിലെ മുതലക്കുളത്തിനടുത്ത് നോക്കി നിൽക്കും .. ചിലപ്പോൾ അവിടെ കാണും .. നീ പോയി നോക്കിയിട്ടു വാ .. അപ്പോഴേക്കും എനിക്ക് ചെറിയ പണിയുണ്ട് ."
വാ പിളർത്തി തപസ്സനുഷ്ഠിക്കുന്ന മുതലകളോട് മൗനമായി സംവദിക്കുകയായിരുന്നു അയാൾ ...
"ഹലോ സാർ ..."
"ആഹാ കുട്ടിയോ ... സർപ്രൈസ് ആണല്ലോ .. എന്താ ഈ വഴി ... "
"എന്റെ ഫ്രണ്ടുണ്ട് ലിനി ... ഈ ഓഫീസിലാണ് .. ഇതു വഴി വന്നപ്പോൾ കയറിയെന്നു മാത്രം ... അവളാണ് പറഞ്ഞത് മുതലകളെപ്പറ്റി ... ഒന്നു കാണാൻ വന്നതാ .. പിന്നെ എനിക്കൊരു പേരുണ്ട് കേട്ടോ .." അവളൊന്നു പുഞ്ചിരിച്ചു ..
"ശ്രീദേവിയല്ലേ ... അറിയാം ..
പേരിടുന്നവർതന്നെ ആ പേര് വിളിക്കുന്നില്ല .. പിന്നെയാ ഈ ഞാൻ .. കുട്ടിക്കറിയാമോ നമ്മളൊക്കെ എന്തുമാത്രം വേഷമാണ് എടുത്തണിഞ്ഞിരിക്കുന്നതെന്ന് .. എനിക്കിഷ്ടം സാക്ഷാൽ ദിഗംബരനെയാണ് ... ദിക്കുകൾ വാരിയുടുത്ത് ഞാൻ നഗ്നനാണ് എന്ന് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കുന്ന കൗശലക്കാരനെ .. "
"അതിനാണോ സാർ കാടുകയറിയത് ...? "
"ഹ ഹ .. അതറിഞ്ഞോ ... മനുഷ്യരിങ്ങനെ കുമിഞ്ഞുകൂടുകയല്ലേ .. ജീവിച്ചു തീരുമ്പോൾ കാടുകയറണം .. അതാണ് പ്രകൃതിയുടെ രീതി .. ഈ മുതലകളൊക്കെ പച്ചരക്തം കണ്ടകാലം മറന്നുകാണും .. റേഷനായി കിട്ടുന്ന മാംസക്കഷ്ണങ്ങളിൽ നിർവൃതി തേടുന്ന പാവങ്ങൾ .. കാട്ടിലെ മൃഗങ്ങളുടെ അവസ്ഥ ഇതിലും പരിതാപകരമാണ് .. "
"മുമ്പുള്ള ആശ്രമങ്ങൾ തീർത്തട്ടില്ലേ
വാനപ്രസ്ഥം ...? "
"ശരീരം കൊണ്ടു മാത്രമല്ലല്ലോ മനസ്സുകൊണ്ട് ഞാൻ വൃദ്ധനാണ് . സന്യാസത്തോട് താൽപര്യമില്ലതാനും ."
"അപ്പോൾ മൃഗങ്ങൾക്ക് ഭക്ഷണമാവാനായിരുന്നോ ഈ കാടുകയറ്റം..!" ശ്രീദേവിയുടെ മുഖത്തെ അമ്പരപ്പ് അയാൾ പക്ഷെ ശ്രദ്ധിച്ചിരുന്നില്ല .
കൊഴിഞ്ഞുവീണ ദിനങ്ങളാൽ ശ്രീദേവി ദിഗംബരന് ഉടയാടകൾ തുന്നി .പലതും മടിയോടെയാണെങ്കിലും അയാൾ എടുത്തണിഞ്ഞു കൊണ്ടേയിരുന്നു. പരിസ്ഥിതി ദിനത്തിലെ കൂട്ടുകൂടലിന്റെ ഇടവേളയിലാണ് ശ്രീദേവി അയാളെ കുഴപ്പിക്കുന്ന ആ ചോദ്യമുന്നയിച്ചത് .
"വാനപ്രസ്ഥമുപേക്ഷിച്ച് ഗൃഹസ്ഥാശ്രമം സ്വീകരിക്കാൻ ഒരുക്കമുണ്ടോ ...? "
"പരാജയങ്ങളും തിരസ്ക്കരണവും ഒരലങ്കാരമായിട്ടുള്ളവനോടാണ്
കൂട്ടുകൂടുന്നതെന്ന ഉത്തമ ബോദ്ധ്യത്തോടെയാണോ ഈ ചോദ്യം .. "
"പകുത്തെടുത്താൽ പരാജയത്തിന്റെ ഭാരവും കുറയുമെന്നല്ലേ ...!" ശ്രീദേവി ഒന്നു ചിരിച്ചു.
അന്നാണ് ദിഗംബരൻ അന്നോളമണിഞ്ഞിട്ടില്ലാത്ത രത്നഘചിതമായ വസ്ത്രമേലാപ്പുകളുടെ കോരിത്തരിപ്പറിയുന്നത്. ചിലയിടങ്ങളിലെ തുന്നലുകൾ അയാളുടെ രോമങ്ങളിൽ ഒരിക്കലുമഴിയാത്ത കുരുക്കുകൾ തീർത്തു .. നെഞ്ചിന്റെ ഇടത് വശത്ത് വെട്ടിത്തിളങ്ങുന്നൊരു രത്നം അയാളുടെ മാംസം തുരന്ന് ഹൃദയസ്തരങ്ങളിൽ അള്ളിപ്പിടിക്കാൻ തുടങ്ങിയിരുന്നു. അയാളെപ്പോഴോ അറിയാതൊരു മൂളിപ്പാട്ടിന്റെ ഈണങ്ങളെ താലോലിക്കാൻ തുടങ്ങി ..
ദിഗംബരനോടുകയായിരുന്നു .... ഒരു കൈയ്യിൽ ശ്രീദേവിയുടെ കൈത്തലം ചേർത്ത് പിടിച്ച് വ്യത്യസ്തമായ വഴികളിലൂടെ ...
മുള്ളുവേലിയിൽത്തട്ടി രത്നങ്ങളിടയ്ക്കൂർന്നു വീഴുന്നതറിഞ്ഞിരുന്നില്ല.
തന്റെ കൈയ്യിൽ നിറയുന്ന ശൂന്യത അയാൾക്കുൾക്കൊള്ളാവന്നതിലുമപ്പുറമായിരുന്നു ... തുളഞ്ഞു കയറിയതൊക്കെ പറിച്ചെടുക്കുമ്പോൾ രക്തം ചീറ്റാൻ തുടങ്ങി ....!
വിവാഹ സുദിനത്തിന്റെ പതർച്ചയും പരിഭ്രമവുമയാളുടെ ശരീരഭാഷയിൽ ദൃശ്യമായിരുന്നു . വിറയ്ക്കുന്ന കാലടികളോടെ ഉയർത്തി കെട്ടിയ മുഹൂർത്ത മണ്ഡപത്തിന്റെ സോപാനങ്ങൾ താണ്ടി അയാൾനിന്നു . തിരിഞ്ഞുനിന്ന് തന്നിൽ പതിയുന്ന ദൃഷ്ടികളിലേക്ക് കൂപ്പുകൈയ്യോടെ നോക്കി . ശേഷമയാൾ തന്റെ ഉടയാടകളൊന്നൊന്നായി വലിച്ചുകീറി ..... പലതും തനിക്ക് പാകമായിരുന്നില്ലെന്ന തിരിച്ചറിവ് വേദനയോടെ അയാളറിഞ്ഞു ....!
ഉടയാടകളില്ലാത്ത ദിഗംബരൻ അംബരവീഥികളെ വകഞ്ഞുമാറ്റി
തുറന്നുപിടിച്ച വായ ലക്ഷ്യമാക്കി കുതിച്ചു.
അവസാനിച്ചു .
✍️ശ്രീധർ.ആർ.എൻ
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo