നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 8


ദുർഗയുടെ നിലവിളി പുറത്തേക്കെത്തിയില്ല.
അതിന് മുമ്പേ ആരോ കൈയ്യിൽ പിടിച്ച് ചുഴറ്റി വലിച്ചെറിഞ്ഞതു പോലെ അവൾ പുറത്തേക്ക് തെറിച്ച് വീണു.
അവൾക്ക് മുന്നിൽ വലിയ ശബ്ദത്തോടെ 'വാതിലടഞ്ഞു.
എല്ലാം ഒരു നിമിഷം കൊണ്ടു സംഭവിച്ചു.
ദുർഗ നേരെ എതിർ ഭാഗത്തെ ഭിത്തിയിൽ തട്ടി നിന്ന് കിതച്ചു.
"ദുർഗേ.. " എന്ന വിളിയോടെ ജാസ്മിനും നേഹയും ഓടി വരുന്നുണ്ടായിന്നു.
"എന്താ .. എന്തു പറ്റി " ? ഭിത്തിയിലേക്ക് തളർന്നൊട്ടി നിൽക്കുന്ന ദുർഗയെ അവർ അത്ഭതത്തോടെ നോക്കി.
കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു അവൾ.
"എന്താടീ... തങ്കം". ?ജാസ്മിൻ അവളുടെ മുഖം പിടിച്ചുയർത്തി.
ദുർഗ പകച്ച മിഴികളുമായി അവളെ നോക്കി.
" പറയ് പെണ്ണേ"
നേഹ അക്ഷമയായി
"അവിടെ ആ റൂമിൽ " ദുർഗ ധ്വനിയുടെ റൂമിനു നേർക്ക് കൈ ചൂണ്ടി.
" അവിടെ എന്താ വല്ല പാറ്റയും പല്ലിയും വന്നോ "
ജാസ്മിന് അരിശം വന്നു.
പല്ലിയെയും പാറ്റയെയും പേടിയാണ് ദുർഗയ്ക്ക്.
"അതല്ല .. ജാസ്.. അവിടെ ആ പെണ്ണ്.... ധ്വനി "
"ഏത് ധ്വനി. രവിയങ്കിളിന്റെ മകൾ ധ്വനിയോ".?
നേഹയുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞു.
"അതെ.. ഞാൻ കണ്ടു. ആ വെള്ളയുടുപ്പൊക്കെ ഇട്ട് ..വയലിനും പിടിച്ച് "
"അതു ശരി. നീയത് ഇപ്പോഴാണോ കണ്ടത്. ഞങ്ങളൊക്കെ നേരത്തെ കണ്ടതാ. ഭിത്തിയിൽ ഒട്ടിച്ചേക്കുന്ന ആ വല്യ ഫോട്ടോയല്ലേ..." ജാസ്മിൻ ചിരിച്ചു.
ദുർഗയ്ക്ക് ദേഷ്യം വന്നു.
" ഫോട്ടോ ഞാനും കണ്ടതാ. പക്ഷേ ഇത് അതല്ല. ആ ചിത്രത്തിന് മുന്നിൽ അവൾ നിൽക്കുന്നത് ഞാൻ കണ്ടു. മുടി പോലും കാറ്റിൽ പറക്കുന്നുണ്ടായിരുന്നു."
"വട്ട് "നേഹ ഒച്ച വെച്ചു.
"പണ്ടേ ഒളിച്ചോടിപ്പോയ അവളെങ്ങനെ ഇപ്പോൾ അവിടെയെത്തി " അവൾ പരിഹസിച്ചു.
"നമ്മളെല്ലാവരും നൃത്തം കാണാൻ പോയപ്പോൾ ഇനി ആ പെണ്ണെങ്ങാനും തിരിച്ച് വന്നോ. ആന്റിയെയും അങ്കിളിനെയും ഫേസ് ചെയ്യാൻ വയ്യാതെ റൂമിൽ കയറി ഒളിച്ചിരിക്കുകയാണോ "
ജാസ്മിൻ സംശയിച്ചു.
" കാമുകനുമായി പിണങ്ങിപ്പോരാൻ ഇപ്പോ അത്ര സമയമൊന്നും വേണ്ടല്ലോ "
" അങ്ങനെയായിരിക്കുമോ"
നേഹയും ദുർഗയും ആശങ്കയോടെ അവളെ നോക്കി.
" വീട് പൂട്ടിയിട്ടല്ലേ നമ്മൾ പോയത്. പിന്നെ എങ്ങനെ അകത്തു കയറാൻ പറ്റും? നേഹ എതിർത്തു
"അവൾടെ കൈയ്യിൽ സ്പെയർ കീ ഉണ്ടാകില്ലേ." ജാസ്മിൻ സാധ്യത കണ്ടെത്തി.
"എന്തായാലും വാ തങ്കക്കട്ടി പറഞ്ഞതല്ലേ നോക്കിയേക്കാം". ജാസ്മിൻ ധ്വനിയുടെ റൂമിന്റെ വാതിലിന് നേരെ ചെന്നു.
പുറകെ നേഹയും ദുർഗയും .
ജാസ്മിൻ ചെന്ന് അടഞ്ഞ വാതിലിൽ തള്ളി. അകത്ത് നിന്ന് കൊളുത്തിട്ടത് പോലെ ഒരു തടസം .
വാതിൽ തുറക്കപ്പെട്ടില്ല.
നേഹയും ദുർഗയും കൂടി ബലം പ്രയോഗിച്ച് ആഞ്ഞു തള്ളി .
വാതിൽ പെട്ടന്ന് അകത്തേക്ക് തുറന്നു. തളളിന്റെ ശക്തിയിൽ മൂന്നുപേരും റൂമിനകത്തേക്ക് തെറിച്ചു.
" ഇവിടെയെങ്ങും ആരെയും കാണാനില്ല.. " ബാലൻസ് പിടിച്ച് നിൽക്കുന്നതിനിടെ കെട്ടഴിഞ്ഞ് ചിതറിയ മുടിയൊതുക്കി വെച്ച് ജാസ്മിൻ മുറിയിലാകെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.
"ഇവൾക്ക് തോന്നിയതാകും "
"എനിക്ക് തോന്നിയതല്ല.ഞാൻ കണ്ടതാ ". ദുർഗ വിട്ടുകൊടുത്തില്ല
" എന്നിട്ടെവിടെ...കുന്തം പോയാൽ കുടത്തിലും തപ്പണമെന്നല്ലേ." നേഹ കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി.
"നിനക്ക് കുന്തം കിട്ടിയോ "
അവളെ നോക്കി ജാസ്മിൻ കളിയാക്കി.
"ഒരു പൊടി പോലും ഇല്ല ." നേഹ നിവർന്നു.
"ബാത്റൂമിൽ ഒളിച്ചിരിപ്പുണ്ടെങ്കിലോ."
ജാസ്മിൻ ചെന്ന് ബാത്റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു.
എത്ര ശക്തി പ്രയോഗിച്ചിട്ടും അത് തുറന്നില്ല.
പെൺകുട്ടികളുടെ മുഖത്ത് പരിഭ്രാന്തി പരന്നു.
"ഏയ്.. ജാസ്.. ഇത് പുറത്ത് നിന്ന് ലോക്ക് ചെയ്തതാണ്. കീ ഇല്ലാതെ തുറക്കാൻ പറ്റില്ല." നേഹ അതും കണ്ടു പിടിച്ചു.
"അതു ശരി. വെറുതേ എക്സൈർസൈസ് ചെയ്തു. മതി. ഇവിടെയെങ്ങും ആരുമില്ല"
തെല്ല് വേദനിച്ച കൈപ്പത്തികളിലേക്ക് ഹോ." എന്ന് ശബ്ദമുണ്ടാക്കി ഊതിക്കൊണ്ട് ജാസ്മിൻ പുറത്തേക്ക് പോന്നു.
അവളുടെ പുറകെ നേഹയും.
ദുർഗ ഒരു മാത്ര സംശയത്തോടെ ടോയ് ലെറ്റിന്റെ അടഞ്ഞ വാതിലിലേക്ക് നോക്കിക്കൊണ്ട് നിന്നു.
ധ്വനിയുടെ ഫോട്ടോയിലേക്ക് നോട്ടം പാളി.ദുർഗയ്ക്ക് നേരെ
ആ ചിത്രത്തിന്റെ കണ്ണുകൾ ചലിച്ചു.
ചുണ്ടിലൊരു മന്ദഹാസം തെളിഞ്ഞു.
ദുർഗ ഭയന്നു പോയി.
അവൾ ഓടി കൂട്ടുകാരികളുടെയൊപ്പം പുറത്തിറങ്ങി.
"വല്ലാത്തൊരു ഫോട്ടോ യാണത്. ജീവനുണ്ടെന്ന് തോന്നും അടുത്ത് ചെന്നാൽ ." വാതിലടച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞു. ദുർഗയ്ക്ക് സമാധാനമായി. തനിക്ക് മാത്രമല്ലല്ലോ അതിന് ജീവനുണ്ടെന്ന് തോന്നിയത്.
അവർ റൂമിലേക്ക് ചെല്ലുമ്പോൾ വീതിയുള്ള കിടക്കയിൽ ചെരിഞ്ഞു കിടന്ന് ഉറങ്ങുകയായിരുന്നു സ്വാതി.
"ഈ ഉറക്ക ഭ്രാന്തി ഒന്നും അറിഞ്ഞിട്ടില്ല"നേഹ ആ കിടപ്പുകണ്ട് ചിരിച്ചു.
" ഒരെണ്ണം ഉറക്ക ഭ്രാന്തിയും ഒരെണ്ണം പേടിഭ്രാന്തിയും .എങ്ങനെ സഹിക്കുമെന്നാ ഓർക്കുന്നേ " ജാസ്മിൻ പരിതപിച്ചു." നാളെ മുതൽ കോളജിൽ കറക്ടായിട്ട് പോയിത്തുടങ്ങണം.
എക്സാം അടുത്തെത്തി " കിടക്കയിലേക്ക് ചാഞ്ഞു കൊണ്ട് നേഹ പറഞ്ഞു "
" കോളജ് മുഴുവൻ മഞ്ഞപ്പിത്തം പടരുകയാ.നാനൂറ് കുട്ടികൾക്ക് വരെയായെ ത്രേ. ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ടതും നന്നായി "ബാഗിൽ നിന്നും തന്റെ പുതപ്പെടുത്തുകൊണ്ട് "ജാസ്മിനും ചെന്നു കിടന്നു.
ദുർഗ ചാർജിലിട്ടിരുന്ന അവളുടെ മൊബൈൽ എടുത്തു നോക്കി.
27 മിസ്ഡ് കോൾ
നാലെണ്ണം ദത്തേട്ടന്റെ കോളുകൾ .
രണ്ടെണ്ണം മഹേഷ് ബാലന്റെ .
ബാക്കി എല്ലാം രുദ്രയുടെ വിളിയാണ്.
ദുർഗയ്ക്ക് എന്തുകൊണ്ടോ വല്ലാത്തൊരു ഭയം തോന്നി.
ഒരു ആപത് ശങ്ക.
രുദ്രേച്ചി എന്തിനാകും ഇത്രയും വിളിച്ചത്.
ആശങ്കയോടെ അവൾ തിരിച്ചുവിളിച്ചു.
"തങ്കം.. മോളേ.. ". കോൾ കണക്ടായ പാടേ രുദ്രയുടെ വിതുമ്പലാണ് കേട്ടത്.
"നീയെന്താ ഫോണെടുക്കാത്തേ... നമ്മുടെ വലിയമ്മാമ്മ " അവൾ വിങ്ങി.
"വലിയമ്മാമ്മയ്ക്കെന്താ '' ദുർഗ നടുങ്ങിപ്പോയി.
"വലിയമ്മാമ്മ മച്ചകത്ത് കുഴഞ്ഞു വീണു. നിനക്കറിയോ മോളേ നിറഞ്ഞു കത്തിയ കെടാവിളക്ക് അണഞ്ഞു. വിശ്വസിക്കാൻ വയ്യ. എന്തൊക്കെയോ അനർഥങ്ങൾ വരണുണ്ട്. തങ്കം സൂക്ഷിക്കണം"
" വലിയമ്മാമ്മയ്ക്ക് എന്ത് പറ്റിയെന്ന് പറയ രുദ്രേച്ചി"
ദുർഗയുടെ ശബ്ദം വിറച്ചു.
നേഹയും ജാസ്മിനും കിടന്ന് കൊണ്ട് തന്നെ അവളെ ശ്രദ്ധിച്ചു.
"പേടിക്കാനൊന്നുമില്ല മോളേ.കെടാവിളക്ക് കെട്ടു പോയത് വലിയമ്മാമ്മയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. അത് ഉൾക്കൊള്ളാനാവാതെ കുഴഞ്ഞ് വീഴുകയായിരുന്നു ഇപ്പോൾ കുഴപ്പമൊന്നുമില്ല. നാളെ രാവിലെ തന്നെ വലിയേടത്തേക്ക് പോകാം. ഒബ്സർവേഷനിൽ കടത്തിയിരിക്കുകയാ.. ഇവിടെ.. അശ്വതിയിൽ ...വേദവ്യാസും ഇവിടെയുണ്ട്. ദത്തേട്ടന് ഹെൽപിന് അയാളുണ്ട്."
"എനിക്കും വരണം രുദ്രേ ച്ചീ .. എനിക്ക് പേടിയാകുന്നു." ദുർഗ വേവലാതിയോടെ പറഞ്ഞു
" കെടാവിളക്ക് കെട്ടു പോകുകയോ. ഭഗവതീ.. വലിയമ്മാമ്മയ്ക്ക് എന്തോ പറ്റീട്ടുണ്ട്. നിങ്ങൾ പറയാതിരിക്വാണ് "
ദുർഗ കരഞ്ഞു.
"ദത്തേട്ടാ.. തങ്കം.. അവൾ കരയണ്".
മറുവശത്തു നിന്നും രുദ്രയുടെ ശബ്ദം കേട്ടു .തുടർന്ന് ഫോൺ കൈമാറുന്നതിന്റെയും.
" തങ്കം.. ഏട്ടനാണ് "
ദേവദത്തന്റെ ശബ്ദം വന്നു.
"മോള് പേടിക്കണ്ട. വലിയമ്മാമ്മയ്ക്ക് ഒന്നുമില്ല കുട്ടീ.വീഴ്ച ഇത്തിരി കടുത്ത തായിരുന്നു. ശരിക്കെഴുന്നേറ്റ് നടക്കാൻ കുറച്ച് ദിവസം പിടിക്കും. അത്രേയുള്ളു".
"എനിക്ക് വലിയമ്മാമ്മയെ കാണണം."
ദുർഗ വാശി പിടിച്ചു കരഞ്ഞു.
"ദത്തേട്ടൻ വന്നെന്നെ കൊണ്ടു പോകണം"
"ഞാൻ വരാം. നാളെ വൈകിട്ട്.. മറ്റന്നാൾ രാവിലെ തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം പോരേടാ " ദേവദത്തന്റെ ശബ്ദത്തിൽ വാത്സല്യം തിങ്ങി.
" ഉം " ദുർഗ മൂളി.
കരഞ്ഞുകൊണ്ടാണ് അവൾ കോൾ കട്ട് ചെയ്തത്.
"എന്താ പ്രശ്നം " അവളുടെ നനഞ്ഞ മുഖത്തേക്ക് നോക്കി ജാസ്മിൻ ചോദിച്ചു.
"വലിയമ്മാമ്മ കുഴഞ്ഞു വീണൂത്രേ". ഏങ്ങലടക്കി ദുർഗ സംഭവങ്ങൾ അറിയിച്ചു.
"നീ പേടിക്കണത് പോലെ ഒന്നും കാണില്ല. പ്രായമാകുമ്പോ ഒന്ന് വീഴുന്നതൊക്കെ സാധാരണമാ.. സീരിയസ് ആണെങ്കിൽ ഒബ്സർവേഷനിൽ വെക്കില്ലല്ലോ. നാളെ വീട്ടിൽ പോകാനും പറ്റില്ല "
നേഹ ആശ്വസിപ്പിച്ചു. മനസമാധാനം ഒട്ടുമില്ലാതെയാണ്
ദുർഗ ഉറങ്ങാൻ കിടന്നത്. വലിയമ്മാമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ഭയം അവളെ അടിമുടി ഉലച്ചു.
അടുത്തു കിടന്ന ജാസ്മിൻ അവളെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു.
" ഒന്നൂല്ലെടാ തങ്കം.. ഉറങ്ങിക്കോട്ടോ". അവൾ ദുർഗയുടെ ചുമലിൽ തട്ടി.
ആ കിടപ്പിൽ എപ്പോഴോ ദുർഗ ഉറങ്ങിപ്പോയി.
അൽപ്പം വൈകിയാണ് ഉണർന്നത്. കണ്ണു തുറക്കുമ്പോൾ റൂമിൽ
നേഹയും ജാസ്മിനും സുംബാ ഡാൻസ് വ്യായാമത്തിലാണ്. അൽപ്പനേരം
അതു നോക്കിയിട്ട് ആലസ്യത്തോടെ ദുർഗ തിരിഞ്ഞു കിടന്നു.
സ്വാതിയും ഉണർന്നിരുന്നില്ല.
ഉറക്കച്ചടവോടെ ദുർഗ അവളെ കെട്ടിപ്പിടിച്ചു.
അപ്പോഴാണ് ബാത്റൂമിന്റെ വാതിൽ തുറക്കപ്പെട്ടത്.
"ഈ പെണ്ണിതു വരെ ഉണർന്നില്ലേ..." സ്വാതിയുടെ ശബ്ദം.
ദുർഗ ഞെട്ടിത്തിരിഞ്ഞു.
കുളി കഴിഞ്ഞ് നെഞ്ചിൽ ടർക്കിയും കെട്ടി ഇറങ്ങി വരുകയാണ് സ്വാതി .
അപ്പോൾ താൻ ആരെയാണ് കെട്ടിപ്പിടിച്ചത്.
ദുർഗ ഞെട്ടിത്തരിച്ചു. കണ്ണുകൾ തുറിച്ചു.
ധ്വനി.
അവളുടെ തിളങ്ങുന്ന കണ്ണുകളും ചിരിയും അവൾ കണ്ടു.
ഒരു അലർച്ചയോടെ ദുർഗ ചാടി എഴുന്നേറ്റു.
ഡ്രസ് മാറുകയായിരുന്ന സ്വാതി ഞെട്ടിപ്പോയി.
"എന്താടീ." വെപ്രാളത്തോടെ അവൾ ചോദിച്ചു.
കിടക്കയിൽ എഴുന്നേറ്റി രുന്ന് കിതയ്ക്കുകയായിരുന്നു ദുർഗ.
നെഞ്ചിൽ കൈവെച്ച് ശ്വാസമെടുത്തു കൊണ്ട് അവൾ
ധ്വനി കിടന്നിടത്തേക്ക് നോക്കി .
ഒരു മനുഷ്യൻ ചുരുണ്ടുകൂടി കിടക്കുന്നത് പോലെ സ്വാതി പുതച്ച ബ്ലാങ്കറ്റ് കിടക്കുന്നു.
ദുർഗ അത് വലിച്ച് നീക്കി നോക്കി.
ഇല്ല.
ഒന്നുമില്ല.
അതിനിടയിൽ ആരുമില്ല
അവളുടെ മുഖം വിയർത്തു.
"എഴുന്നേറ്റ് കുളിച്ചൊരുങ്ങ് പെണ്ണേ..പട്ടാപ്പകൽ സ്വപ്നം കണ്ട് നിലവിളിക്കുന്നോ " സ്വാതി ശാസിച്ചു.
അതൊരു തോന്നലാണെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു ദുർഗ .
എന്നിട്ടും അവൾ എഴുന്നേറ്റു.
വേഗം കുളിച്ചൊരുങ്ങി.
ഡ്രസ് മാറി. ജാസ്മിനും നേഹയും ഒരുങ്ങിയിറങ്ങുന്നത് കാത്തു നിൽക്കുന്നതിനിടയിൽ അവൾ ഒരിക്കൽ കൂടി ധ്വനിയുടെ റൂമിലേക്ക് ചെന്നു.
തലേന്ന് അടച്ച വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.
പുറത്ത് നിന്ന് പൂട്ടിയ ബാത്റൂം തുറന്ന് കിടക്കുന്നു.
ഇപ്പോൾ ഉപയോഗിച്ചത് പോലെ നിലത്ത് വെള്ളം വീണു കിടക്കുന്നത് കണ്ടു.
ബെഡിലേക്ക് നോക്കിയ ദുർഗ നടുങ്ങിപ്പോയി.
തലേന്ന് താൻ കണ്ട വെള്ള ഗൗൺ കിടക്കയിൽ അഴിച്ചിട്ടിരിക്കുന്നു.
ദുർഗ അതെടുത്ത് നോക്കി.
മുഷിഞ്ഞ
വിയർപ്പുഗന്ധമുള്ള ഗൗൺ.
അവൾക്കെന്തൊക്കെയോ ദുരൂഹത തോന്നി.
ധ്വനി ഈ വീട്ടിൽ തന്നെയുണ്ട്. ഈ റൂമിൽ.ഈ വീട്ടിൽ. അവളെ ഒളിപ്പിച്ച് താമസിച്ചിരിക്കുകയാണോ
എങ്കിൽ എന്തിന് വേണ്ടി.
അവളുടെ ചിന്തകൾ പുകഞ്ഞു.
ഗൗൺ കിടക്കയിലിട്ടിട്ട് ദുർഗ റൂമിന് പുറത്തിറങ്ങി. ചുവരിലെ ചിത്രത്തിലേക്ക് നോക്കാൻ എന്തു കൊണ്ടോ ധൈര്യം വന്നില്ല.
അവൾ താഴെ എത്തിയപ്പോൾ കുളി കഴിഞ്ഞ് ഇളം മഞ്ഞ സാരിയുടുത്ത് മുടി വിടർത്തിയിട്ട് ഭക്ഷണം എടുത്തു വെക്കുകയായിരുന്നു ഊർമിള .അവർ കണ്ണകൾ കടുപ്പിച്ചെഴുതിയിരുന്നു. നെറ്റിയിൽ വലിയപൊട്ട്. ചന്ദനം. നെറുകയിൽ സിന്ദൂരം
" പ്രാതൽ വിളമ്പ് പ്രിയതമേ " എന്നു ചിരിയോടെ രവി മേനോനും ഊണുമേശയ്ക്കരികിലേക്ക് ചെന്നിരുന്നു.
നീല ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു വേഷം.
നെറ്റിയിൽ രക്തചന്ദനം
മകൾ നഷ്ടപ്പെട്ട ഒരു അമ്മയ്ക്കും അച്ഛനും ഇത്ര പ്രസാദമുണ്ടാകുമോ.
ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കാനാകുമോ.
ദുർഗ സംശയിച്ചു.
ഇവർ എന്തെങ്കിലും നേടിയെടുക്കാനാണോ ധ്വനിയെ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുന്നത് .
ജാസ്മിനും നേഹയും സ്വാതിയും വന്നതോടെ ഊൺ മുറിയിൽ കളി ചിരിയായി. ദുർഗയുടെ വലിയമ്മാമ്മ വീണത് പറഞ്ഞപ്പോൾ മാത്രം അന്തരീക്ഷം നിശബ്ദമായി.
"വൈകിട്ട് ദത്തേട്ടൻ എന്നെ കൊണ്ടുപോകാൻ വരും. വലിയമ്മാമ്മയെ വലിയേടത്ത് ആക്കിയിട്ട്. " ദുർഗ പറഞ്ഞു.
"പപ്പനമ്മാമ്മയ്ക്ക് വയ്യാണ്ടാവ്വേ.. ഈശ്വരാ."
ഊർമിള നെഞ്ചിൽ കൈവെച്ചു.
രവി മേനോന്റെ മുഖത്തും ആശങ്ക കണ്ടു. ദത്തേട്ടൻ വരുന്ന കാര്യം ഓർത്തപ്പോഴാണ് ദുർഗ ചരടിന്റെ കാര്യം ഓർമിച്ചത്.അത് അഴിച്ച് കളഞ്ഞുവെന്നറിഞ്ഞാൽ ദത്തേട്ടനും കുഴഞ്ഞു വീഴും.അത്രയ്ക്ക് വിശ്വാസമാണ് അവർക്ക് .
"എന്റെ ഏലസെവിടെ ". മുറിയിലെത്തിയതും അവൾ തിരക്കാൻ തുടങ്ങി.
അതെവിടെയും കണ്ടില്ല.
" ഷിറ്റ് ... അതെവിടെ പോയി ... ടൈം പോകുന്നു" ജാസ്മിൻ അക്ഷമയായി.
നേഹ സ്വാതിയുടെ കാതിൽ എന്തോ മന്ത്രിച്ചു.
രണ്ടു പേരും താഴേയ്ക്ക് പോയി.
തെക്കേത്ത് മനയുടെ പൂജാമുറിയിൽ പല നിറത്തിലുള്ള ചരടുകൾ കണ്ടിരുന്നു നേഹ. അതിൽ നിന്നും ചുവന്നൊരു ചരടെടുത്തു അവൾ പിരിച്ചു കെട്ടി.
കാര്യം മനസിലായ മട്ടിൽ സ്വാതി നോക്കി നിന്നു
''ആ ചരട് ഞാനാണെടുത്തു വെച്ചത് "നേഹപറഞ്ഞു.
ദുർഗയ്ക്കത് തിരിച്ചു കൊടുക്കാൻ വേണ്ടി ഞാൻ പല തവണ തിരഞ്ഞു നോക്കി. പക്ഷേ കണ്ടില്ല. നമ്മുടെ കൂടെ കൂടി അവൾക്ക് അതിലൊക്കെ അൽപ്പം വിശ്വാസം കുറഞ്ഞു എന്നേയുള്ളു. അവൾ ടെൻസ് ഡാണ്.
മുഖം നോക്കിയാലറിയാം. തത്ക്കാലം അവളെ സമാധാനിപ്പിക്കാൻ ഇതേയുള്ളു രക്ഷ. പോരെങ്കിൽ ദത്തേട്ടൻ ഇന്നു വരും. ഈ ചരടില്ലാതെ ദുർഗ ഇന്ന് ഇവിടുന്നിറങ്ങില്ല."
നേഹ ശബ്ദമടക്കി പറഞ്ഞു.
"അതു ശരിയാണ്. വലിയമ്മാമ്മയ്ക്ക് വയ്യെന്ന് കേട്ടതോടെ പുള്ളിക്കാരി ഇനി അടങ്ങില്ല .ഒതുക്കാൻ തത്ക്കാലം ഇതു മതി . ഈ ഡമ്മി ഏലസ് "
സ്വാതി വായ് പൊത്തി ചിരിച്ചു.
നേഹ തന്റെ കഴുത്തിൽ കിടന്ന സ്വർണ ചെയിൻ ഊരി അതിൽ കിടന്ന ഏലസും ചരടിൽ ബന്ധിച്ചു. ഒരു ഷോയ്ക്ക് വേണ്ടി മാത്രം നേഹ കഴുത്തിലിട്ടിരുന്നതായിരുന്നു ആ ഏലസ് മാല
"എപ്പടിയിരുക്ക്" ചരട് കാട്ടി അവൾ ചോദിച്ചു.
" റൊമ്പ നല്ലായിരുക്ക്.
ഒന്നിനോടൊന്ന് സാദൃശ്യം."സ്വാതി പ്രശ്നം പരിഹരിച്ച മട്ടിൽ സമാധാനത്തോടെ പറഞ്ഞു.
പുറത്ത് കാലൊച്ചയറിഞ്ഞ് അവർ വേഗം അലങ്കരിച്ച കൃഷ്ണരൂപത്തിന് മുന്നിൽ കൈകൾ കൂപ്പി നിന്നു.
ഊർമിള പുറത്ത് വാത്സല്യത്തോടെ അതുനോക്കി നിന്നു.
"നന്നായി കുട്ട്യോളേ... പ്രാർഥന മതി എല്ലാത്തിനും "
രണ്ടു പേരും ഇറങ്ങി ചെന്നപ്പോൾ ഒരു അനുഗ്രഹം പോലെ അവർ പറഞ്ഞു.
അവർ കള്ളച്ചിരിയോടെ സ്റ്റയർകേസ് കയറിച്ചെന്നു
ജാസ്മിനും ദുർഗയും അപ്പോഴും ഏലസ് തിരയുകയായിരുന്നു.
" കിട്ടിയില്ലേ ഇതുവരെ.. കോളജിലെത്താൻ ലേറ്റാവില്ലേ" ശാസനയോടെ
നേഹയും സ്വാതിയും അവരുടെ കൂടെ ചെന്ന് തിരയാൻ തുടങ്ങി. പിന്നെ ചരട് കണ്ടെത്തിയ മട്ടിൽ നേഹ ചരട് ഉയർത്തിക്കാണിച്ചു.
"ദേ കിടക്കുന്നു. സ്റ്റഡി ടേബിളിന്റെ ചോട്ടിൽ .ഒന്നും ഒരു ശ്രദ്ധയുമില്ല"
നേഹ കുറ്റപ്പെടുത്തി.
"നീയാണ് എന്റെ കൈയ്യിൽ നിന്നത് വാങ്ങി വെച്ചതെന്നാണ് എന്റെ ഓർമ്മ "
ദുർഗ ഓടിച്ചെന്ന് അതു വാങ്ങി.
എന്തൊക്കെ സംഭവിച്ചാലും അത് ഊരിമാറ്റാൻ പാടില്ലായിരുന്നു എന്ന് അവൾക്ക് തോന്നി. വലിയമ്മാമ്മയ്ക്ക് അനർഥം ഉണ്ടായതിന് അതും കാരണമായോ അവളുടെ മനസ് പിടച്ചു.
നേഹയും സ്വാതിയും കൂടി അത് അവളുടെ കൈത്തണ്ടയിൽ ബന്ധിച്ചു.
ക്ലാസിലേക്ക് പോകാനിറങ്ങുമ്പോഴും ദുർഗ ധ്വനിയുടെ റൂമിലേക്ക് നോക്കി.
ആ ഗൗൺ അവിടെ ഉണ്ടായിരുന്നില്ല.
പകരം കിടക്കയിൽ ആരോ വായിക്കാൻ നിവർത്തി വെച്ചത് പോലെ ഒരു പുസ്തകവും ഊരിയെറിഞ്ഞ കുറേ വളകളും കണ്ടു.
എന്തോ നിഗൂഢതയുണ്ടെന്ന് തീർച്ച
ഈ രഹസ്യം താൻ കണ്ടെത്തുമെന്ന് ദുർഗ മനസിൽ ഉറപ്പിച്ചു.
അവർ ക്ലാസ് കഴിഞ്ഞെത്തിയപ്പോഴേക്കും ദേവദത്തൻ കാറുമായി എത്തി കാത്തു നിൽക്കുന്നുണ്ടായിരുന്നു
കൂട്ടുകാരികളോടും രവിയങ്കിളിനോടും ഊർമിളാന്റിയോടും യാത്ര പറഞ്ഞ് അതേ വേഷത്തിൽ തന്നെ ദുർഗ കാറിൽ കടന്നിരുന്നു.
ഡ്രൈവ് ചെയ്യുന്നതിനിടെ ദേവദത്തൻ അനുജത്തിയെ നോക്കി.
എന്തോ വല്ലാത്തൊരു നിഗൂഢത അവളെ ചൂഴ്ന്നു നിന്നിരുന്നു.
മനസ് ഏകാഗ്രമാക്കി ഏതു യാത്രയിലും കൂടെക്കൂട്ടുന്ന ദിവ്യമായ സാളഗ്രാമത്തിൽ സ്പർശിച്ച് അവൻ അതിന്റെ പൊരുളറിയാൻ ശ്രമിച്ചു.
നിരാശയായിരുന്നു ഫലം.
കറുത്ത പുകപടലങ്ങൾ മൂടി പ്രജ്ഞയാകെ ഇരുൾ പടർന്നിരിക്കുന്നു.
തെളിയുന്നില്ല. ഒന്നും തെളിയുന്നില്ല. മന്ത്രങ്ങൾ പിഴയ്ക്കുന്നതു പോലെ.
ചിതറിപ്പോകുന്നത് പോലെ
ദുർഗ അയാളെ നോക്കി മന്ദഹസിച്ചു.
ദേവദത്തന്റെ മുഖം വിളറിപ്പോയി.
കാർ വലിയേടത്ത് മനയുടെ മുറ്റത്തേക്ക് ചെന്ന് ഇരമ്പി നിന്നു.
............തുടരും................
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot