Slider

പട്ടിനക്കിയ കാമുകഹൃദയം

0
Image may contain: Anish Kunnathu, smiling
കാമുകിയുടെ വീടിന്റെ കുറേ പിൻവശത്ത്
മാറിയുള്ള വലിയ മരത്തിന്റെ മറവിൽ ഞാൻ പമ്മി നിന്നു.അവൾ ഇപ്പോ വരും. ഫോൺ വിളിച്ചിട്ട് പത്ത് നിമിഷമായി.ഞാൻ വളരെ അക്ഷമനായി കാത്തു നിന്നു. കുറച്ച് കഴിഞ്ഞ് കരിയിലകൾ ഞെരിയുന്ന ശബ്ദം കേട്ടുകൊണ്ട് ഞാൻ പമ്മി നോക്കി. അവൾ
വരുന്നുണ്ട്. എന്റെ ഹൃദയമിടിപ്പ് കൂടി വന്നു...
മനസ്സ് , സന്തോഷം കൊണ്ട് ഞാനിപ്പം
മാനത്ത് വലിഞ്ഞ് കേറും എന്നയവസ്ഥ.
ആദ്യമായിട്ടാ ഇങ്ങനെ അടുത്ത് ഒന്ന് കാണാൻ അവസരം കിട്ടുന്നത്..
അവൾ എല്ലായിടവും നിരീക്ഷിച്ച് കൊണ്ട് മരത്തിനടുത്ത് നടന്ന് എത്തി.
ഞാൻ ചാടി കയ്യിൽ പിടിച്ചു വലിച്ച്
അടുപ്പിച്ചു...ഇറുക്കെ കെട്ടി പിടിച്ച് ഉമ്മവെക്കാൻ ശ്രമിച്ചു... ഫൂലൻ ദേവി
ആക്രമിക്കുന്നത് പോലല്ലായിരുന്നോ അവൾ ആക്രമിച്ചത്. മാന്തും ഇടിയും.. എന്നിട്ട് അവൾ പറഞ്ഞു " ദർശനം പുണ്യം.. സ്പർശനം പാപമാണത്രേ... " എവിടൊക്കെയോ നീറ്റൽ അനുഭവപ്പെട്ടു എനിക്ക്...
" ഇത്ര നേരം എവിടാർന്നുടി മാക്കാച്ചീ... ഫോൺ ചെയ്ത്ട്ട് ഒരുമണിക്കൂറായല്ലോ..."?
" അങ്ങനങ്ങ് ഇറങ്ങി വരാൻ പറ്റോ... താഴെ വീട്ടിലെ ചേച്ചിലുണ്ടായിരുന്നവിടെ. ആ ചേച്ചി പോയിക്കഴിഞ്ഞാ വരാൻ പറ്റിയത്.. എന്നെ കാണണമെങ്കിൽ കുറച്ച് കാത്തിരിപ്പ് ഒക്കെ വേണ്ടി വരും.. വേണങ്കി മതി.. ഹും.. ആരേലും കണ്ടാൽ,, വീട്ടിൽ അറിഞ്ഞാൽ വെട്ടി രണ്ട് പീസാക്കും..". അവൾ വലിയ ഭാവമൊക്കെ മുഖത്ത്
വരുത്തിക്കാണിച്ചു.
അപ്പോഴേക്കും മൽപ്പിടിത്തത്തിനിടക്ക് എന്റെ കയ്യിൽ അവളുടെ വാച്ച് കൊണ്ട് ചെറിയ ഒരു മുറിവ് വന്നതിൽ രക്തം കിനിഞ്ഞു. ഞാനത് നോക്കിയപ്പോഴാണ് അവളും കണ്ടത്. അവൾ എന്നോട് കുറെ
സോറിയൊക്കെ പറഞ്ഞിട്ട് ,അടുത്ത് നിന്ന കമ്മൂണിസ്റ്റ് പച്ചയുടെ ഇല പറിച്ചെടുത്ത് ചതച്ച് തേച്ചു. ആ ഗ്യാപ്പിൽ ഞാൻ അവളെ ചേർത്ത് പിടിച്ചു. മിഴികളിൽ മാറി മാറി ഞാൻ ചുംബിച്ചു. അവൾ നിന്ന് കുറുകി, ഒരു വെൺ പ്രാവിനെപ്പോലെ...! എനിക്കും കിട്ടി ഉമ്മകൾ രണ്ട് കവിളിലും.. രണ്ട് പ്രണയ ഹൃദയങ്ങളും ദ്രുതവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു...
ആരോ നടന്ന് വരുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ടും ഞെട്ടി. അവൾ പമ്മി നോക്കി. അവൾടെ വീടിന്റെ മുകളിലെ വീട്ടിലെ ചേച്ചി പശുവിന് പുല്ല് ചെത്താൻ പോകുന്നു.ഞാൻ അവൾടെ കയ്യിൽ പിടിച്ച്, ആ ചേച്ചിയുടെ നടത്തത്തിന് അനുസരിച്ച്
മരത്തിന് വട്ടം കറങ്ങി വന്നു..
ആ ചേച്ചി പോയിക്കഴിഞ്ഞ് ഞങ്ങൾ രണ്ടും ദീർഘനിശ്വാമെടുത്തു. അവൾ എന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു...
"കള്ളൻ.."!! ഞാനും തിരിച്ച് വിളിച്ചു..
"കളളി.. "!!.
അങ്ങനെ ഞങ്ങൾ നിൽക്കുമ്പോഴാണ്
വീണ്ടും രണ്ടു പേര് സംസാരിച്ചുകൊണ്ട് വരുന്നത്. ഇത്തവണ അവൾ ശരിക്ക് ഞെട്ടി....
"ദൈവമേ.. പപ്പാ..! പപ്പ കണ്ടാൽ ഇന്ന് തന്നെ നമ്മളെ രണ്ടിനേം കൊല്ലും... ഉറപ്പാ..!
അവൾ നിന്ന് കൈ കുടഞ്ഞു. വിയർക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു. "നീ പേടിക്കാതെ. കുഴപ്പം ഒന്നും ഉണ്ടാവില്ല. ഞാൻ മുങ്ങാം.. "
ഞാൻ നിന്ന നിൽപിൽ മണ്ണിലേക്ക് കമഴ്ന്ന്
കിടന്നു.. മുന്നോട്ട് ഇഴഞ്ഞ് ഏലച്ചെടികളുടെ
അടിയിൽ മറഞ്ഞു.അവളുടെ പപ്പ അവളെ കണ്ടു.അവളോട് ചോദിച്ചു "എന്താ കൊച്ചേ
പറമ്പിൽ കൂടി നടക്കുന്നെ.. "എന്ന്. അവൾ പറഞ്ഞു " തുമ്പികളുടെ ഫോട്ടോ എടുക്കാൻ വന്നതാ പപ്പേ... പ്രോജക്റ്റ് ചെയ്യാനുണ്ട്... " എന്ന് .ഞാൻ എലക്കാട്ടിൽ ഒച്ചയില്ലാതെ കൈപൊത്തി ചിരിച്ചു.. പ്രോജക്റ്റേ... അതും തുമ്പി.. ഹി ഹി.
"എന്നാൽ എടുത്തിട്ട് വേഗം വാ.. " പപ്പ അങ്ങനെ പറഞ്ഞിട്ട് മുന്നോട്ട് നടന്നു...
അപ്പോഴാണ് അത് സംഭവിച്ചത്. അവൾടെ ശബ്ദം കേട്ട്, അവളുടെ പപ്പയുടെ കൂടെ വന്ന അവരുടെ
പട്ടി അവൾക്കരികിലേക്ക് വന്നത്.അത് അവളുടെ ചുറ്റും നടന്നിട്ട് മണം പിടിച്ച് പിടിച്ച് ഞാൻ കിടന്നിടത്തേക്ക് വന്നു."പണി പാളി"ഞാൻ മനസിൽ പറഞ്ഞു. അവൾ വിളിച്ചിട്ടും പട്ടി പോണില്ല. എന്റെയടുത്ത് തന്നെ നിന്നു. ഭാഗ്യം.. അവൻ കുരക്കുന്നില്ല. ഞാനാണെങ്കി ചത്തതുപോലെ മലർന്ന് കിടന്നു.പട്ടി മണത്ത് മുഖത്തിനടുത്തെത്തി. രാവിലെ തിന്ന ബീഫിന്റെ മണം കിട്ടിയിട്ടാണെന്ന് തോന്നുന്നു അവൻ മുഖമാകെ നക്കാൻ തുടങ്ങി. ഞാനാണെങ്കി വിസ് അച്ചുതാനന്ദൻ പ്രസംഗത്തിനിടക്ക്
മുഖം വലിക്കുന്നത് പോലെ വലിച്ച് പിടിച്ചു.
മിണ്ടാൻ പറ്റില്ലല്ലോ. അനങ്ങിയാൽ പട്ടി കുരക്കും.കുരച്ചാൽ പണി പാളും.ഉറപ്പ്..
ഞാൻ ഒരു കണ്ണ് പാതി തുറന്ന് നോക്കി. അവൾ വീണു കിടന്നാ ചിരിക്കുന്നത്. നിന്നെ ഞാൻ പിന്നെ കണ്ടോളാടി എന്ന് മനസ്സിൽ പറഞ്ഞ് പല്ല് ഞെരിച്ചു. അവൾ പട്ടിയുടെ പേര് വിളിച്ചുകൊണ്ട് ഓടിപ്പോയി. അന്നേരമാണ് പട്ടി എന്നെ വിട്ട് പോയത്.അതും പാതി മനസുമായിട്ടാണ്. ഒന്ന് രണ്ട് തവണ അവൻ തിരിഞ്ഞ് നോക്കുകയും ചെയ്തു. പണ്ടാരം.
അങ്ങനെ പട്ടി നക്കിയ ശരീരവും മനസും കൊണ്ട് കാമുകൻ എണീറ്റ് വീട്ടിലേക്ക് വെച്ച് പിടിച്ചു.ബാർ സോപ്പും, കുളി സോപ്പും എടുത്ത് പുഴയിലേക്ക്. രണ്ട് മണിക്കൂർ നേരം സോപ്പ് തേച്ച് ഉരച്ച് കുളിച്ചു.
മുഖമെല്ലാം അങ്ങ് നീറാൻ തുടങ്ങിയപ്പോ നിർത്തി. തിരിച്ച് വീട്ടിൽ എത്തി. എന്നാലും ഇപ്പോഴും ആ ഫീല് ഉണ്ട് മുഖത്ത്...പട്ടി നക്കുന്ന ഫീല്. സാരമില്ലല്ലേ..?
----------
കുന്നത്ത് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo