Showing posts with label SheriffIbrahim. Show all posts
Showing posts with label SheriffIbrahim. Show all posts

സംഘർഷ സമയത്തുള്ള യാത്രാനുഭവം ( യാത്രാനുഭവം )


ഈ യാത്ര 1990 നവംബർ 7ന്നായിരുന്നു. ഷെരീഫുക്കക്ക് ഈ തീയതി എങ്ങിനെ ഓർമ വരുന്നു എന്ന് നിങ്ങളിൽ ചിലർക്കെങ്കിലും സംശയമുണ്ടാവും. ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള കാര്യം ഒന്ന് ആവർത്തിക്കാം. 1975 ജനുവരി ഒന്നാം തിയ്യതി മുതൽ ഇന്നലെ വരെ എല്ലാ ദിവസവും ഞാൻ ഡയറി എഴുതാറുണ്ട്. അത് പിന്നീട് ഞാൻ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലും പെൻ ഡ്രൈവിലും ഇപ്പോൾ ഗൂഗിളിലും സേവ് ചെയ്തു.
1990 ഒക്ടോബർ 14ന്ന് എന്റെ ഗ്രാമമായ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ഒരു കൊലപാതകം നടന്നു. അലി മുസലിയാർ വധം. അത് കൊണ്ട് കേരളത്തിൽ കുറച്ചധികം സംഘർഷാവസ്ഥ നിലനിൽക്കുന്ന സമയമായത് കൊണ്ടാണ് യാത്ര ബോംബേ വഴി ആക്കിയത്. അപ്പോൾ ബോംബെയിൽ നിന്ന് എന്റെ അടുത്ത ജില്ലയായ കൊച്ചിയിൽ എത്തുമ്പോൾ ഏകദേശം രാവിലെ പത്ത് മണി ആവും. അപ്പോൾ കുറച്ചു ധൈര്യമായി എനിക്ക് വീട്ടിലേക്ക് പോകാമല്ലോ എന്ന ഉദ്യേശ്യവും.
ഷെയ്‌ഖിനോട് ഒരു ആഴ്ച്ചയിലെ ലീവ് ചോദിച്ചു. ഒരിക്കലും ഷെയ്‌ഖിനോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ നെഗറ്റീവ് ആയ മറുപടി പറയാറില്ല. കാരണം ഞാൻ ഷെയ്ഖിനെ ഒരിക്കലും ദുരുപയോഗം ചെയ്യാറില്ല. എന്റെ ആവശ്യങ്ങൾക്ക് അധികഭാഗവും ഓക്കേ ആണ് പറയാറ്. ചിലപ്പോൾ മാത്രം 'ബാധയ്‌ൻ' (പിന്നീട്) എന്ന് പറയാറുണ്ട്.
പക്ഷെ, ഈ ലീവിന് ഉടനെ അനുവാദം തന്നു. കിട്ടിയ പാട് LPO (Local Purchase Order) എഴുതി ഞാൻ ഒപ്പിട്ട് അബുദാബി ട്രാവൽ ബ്യുറോവിൽ കൊടുത്ത് ടിക്കറ്റ് വാങ്ങി. അബുദാബി --ബോംബേ-കൊച്ചിൻ (നെടുമ്പാശ്ശേരി അല്ല) ആണ് എന്റെ റൂട്ട്.
കൂടുതൽ ലഗേജ് ഒന്നുമില്ല. കൃത്യസമയത്ത് എയർപോർട്ടിൽ എത്തി.
അന്നൊക്കെ ലഗേജ് കണ്ടൈനർ സിസ്റ്റത്തിലല്ല കാർഗോ ആയി കയറ്റുന്നത്. തന്മൂലം ആദ്യം കൊടുത്ത ലഗേജ് ഒടുവിലും ഒടുവിൽ കൊടുത്ത ലഗേജ് ആദ്യവും വരും. അതറിയാവുന്നത് കൊണ്ട് ഞാൻ വളരെ വൈകിയാണ് ലഗേജ് കൊടുത്തത്.
ഞാൻ ഡിസ്പ്ളേ ബോർഡ് നോക്കിയിരിക്കുമ്പോൾ പെട്ടെന്ന് ഒരു ഫ്ളൈറ്റിന്റെ ഇൻഫോർമേഷൻ കണ്ടു. എയർ ഇന്ത്യ ബോംബെയിൽ നിന്നും അര മണിക്കൂറിനകം ലാൻഡ് ചെയ്യും. ഇനി പോകുന്നത് തിരുവനന്തപുരത്തേക്ക്. ഞാൻ കൗണ്ടറിൽ ചെന്ന് അതിനെ കുറിച്ച് അന്വേഷിച്ചു.
അത് ഷെഡ്യൂൾഡ് ഫ്‌ളൈറ്റ് അല്ല എന്നും എല്ലാ ബുധനാഴ്‌ച്ചയും ട്രയൽ എന്ന രീതിയിൽ ടെസ്റ്റ് മാർക്കറ്റിംഗ് സർവേ നടത്തുന്നതാണെന്നും എനിക്ക് മറുപടി കിട്ടി. കഴിഞ്ഞ ബുധനാഴ്ച്ച ഇത് ഉണ്ടായിരുന്നെന്നും അത് കൊണ്ടാണ് ഫ്‌ളൈറ്റ് ഡീറ്റയിലിൽ വരാത്തതെന്നുമായിരുന്നു മറുപടി.
എന്റെ ഫ്‌ളൈറ്റ് ടൈമിന്ന് മുമ്പാണ് ഈ ഫ്‌ളൈറ്റ്. എന്റെ ടിക്കറ്റ് ഈ സെക്റ്ററിലേക്ക് മാറ്റി തരാമോ എന്ന് ഞാൻ ഭവ്യതയോടെ കൗണ്ടർ സ്റ്റാഫിനോട് ചോദിച്ചു. ഇല്ല എന്ന മറുപടി. എയർ ഇന്ത്യയുടെ സ്റ്റേഷൻ മാനേജരോട് ചോദിച്ചപ്പോഴും മറുപടിക്ക് മാറ്റമുണ്ടായില്ല. എന്താണ് അതിന്റെ കാരണം എന്ന് ഞാൻ ചോദിച്ചു.
എന്റെ ലഗേജ് ഫ്ളൈറ്റിലേക്ക് പോയെന്നും അത് കൊണ്ടൊക്കെ ഇക്കാര്യം പ്രയാസമാണെന്നും കാരണം പറഞ്ഞു.
അന്നൊക്കെ ലഗേജ് കൺവയർ ബെൽറ്റിലൂടെ പോയി പുറത്ത് പാർക്കിങ് ബെയുടെ അരികിൽ കൊണ്ട് വെക്കുമെന്നും നമ്മൾ അവിടെ ചെന്ന് അത് വീണ്ടും കാണിച്ച് കൊടുത്ത് ആ ബോക്സിൽ ഒരു ടാഗ് ഇട്ടാൽ മാത്രമേ കാർഗോ കമ്പാർട്ട്മെന്റിലേക്ക് പോകൂ എന്നെനിക്കറിയാം. ഞാനാ വിവരം ആഫീസറോട് പറഞ്ഞു.
അത് കേട്ടപ്പോൾ അദ്ദേഹം മറ്റൊരു കാരണം പറഞ്ഞു. ടിക്കറ്റ് ചാർജ് കൂടുതൽ വരുമെന്നും അത് ഡോളറിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കയ്യിൽ ഡോളർ ഇല്ല.
ഇനി എന്ത് ചെയ്യും. ഫ്ളൈറ്റാണെങ്കിൽ ലാൻഡ് ചെയ്തു. ഒടുവിൽ ഞാൻ അബുദാബി ട്രാവൽ ബ്യുറോവിലെ തോമസിന് ഫോൺ ചെയ്തു വിവരം പറഞ്ഞു. ഉടനെ തോമസ് എയർ ഫെയറിൽ വ്യത്യാസമുള്ള തുകക്കുള്ള MCO (Miscellaneous Charges Order) ഫാക്സ് വഴി അയച്ചു. അന്നൊക്കെ ഫാക്സ്, ടെലക്സ് സംവിധാനങ്ങൾ ഉള്ളൂ. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു വന്ന് ഞാൻ LPO തരാമെന്ന് പറഞ്ഞത് സ്വന്തം റിസ്കിൽ തോമാസ് ഏറ്റു.
നാട്ടിൽ സംഘർഷാവസ്ഥ ആയതിനാൽ തിരുവനന്തപുരത്ത് നിന്ന് തൃശൂർ പോകാൻ ഒരു കാർ ഏർപ്പാടാക്കി തരാൻ എന്റെ കസിൻ അശറഫിന്റെ ബന്ധുവും തിരുവനന്തപുരം എയർപോർട്ടിന്നടുത്തുള്ള വള്ളക്കടവിൽ താമസിക്കുന്ന ഡോക്ടർ സാബുവിനോട് പറയാൻ അശറഫിനോട് എയർപോർട്ടിൽ നിന്ന് ഫോൺ ചെയ്ത് പറഞ്ഞു.
പെട്ടെന്ന് എന്റെ ലഗേജ് തിരിച്ചു വരുത്തി പുതിയ ബോർഡിങ് പാസും ടാഗും തന്ന് തിരുവനന്തപുരം ഫ്‌ളൈറ്റിൽ ഞാൻ കയറി.
Boeing 737 വിഭാഗത്തിൽ പെട്ടതായിരുന്നു ആ ഫ്‌ളൈറ്റ് എന്നാണ് എന്റെ ഓർമ. എന്തായാലും ഏകദേശം ഇരുന്നൂറോളം ആളുകൾക്ക് കയറാവുന്ന ആ ഫ്‌ളൈറ്റിൽ ഒരു infant അടക്കം എട്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാബിൻ ക്രൂ അതിൽ കൂടുതൽ ഉണ്ട്.
ഞങ്ങളുടെ ഫ്ളൈറ്റിന്റെ കുറച്ചു മാറി ഞാൻ ആദ്യം ബുക്ക് ചെയ്ത എയർ ഇന്ത്യയുടെ ബോംബേ ഫ്‌ളൈറ്റ് ബോർഡിങ് തുടങ്ങി ആളുകൾ കയറുന്നു. ഷെഡ്യൂൾ പ്രകാരം ആ ഫ്ളൈറ്റിനേക്കാൾ പത്ത് മിനിറ്റ് മുന്നേ പോകേണ്ടത് ഞാൻ ഇരിക്കുന്ന ഫ്‌ളൈറ്റ് ആണ്.
അപ്പോഴാണ് വിൻഡോവിലൂടെ ഞാൻ ആ കാഴ്ച്ച കണ്ടത്. ഞാൻ കയറിയ ഫ്ളൈറ്റിന്റെ ഫ്രന്റ് വിങ്‌സിന് അടിയിൽ ഒരു ലാഡർ വച്ച് അതിൽ ഒരാൾ നിന്ന് കയ്യിലുള്ള ഒരു വലിയ വടിയിൽ ഫിറ്റ് ചെയ്ത സ്ക്രൂഡ്രൈവർ കൊണ്ട് എന്തോ ചെയ്യുന്നു. മറ്റു യാത്രക്കാരും അത് കാണുന്നുണ്ട്. അപ്പോഴാണ് ഒരു പണ്ഡിതൻ പറയുന്നത് ഞാൻ കേട്ടത്. 'അത് വിമാനത്തിന്റെ പെട്രോൾ ലീക്ക് ആവുന്നത് ടൈറ്റ് ചെയ്യുകയാണ്' എന്ന്.
ആരും കാണാതെ ഞാൻ ചിരിച്ചു. അങ്ങിനെയാണെങ്കിൽ പെട്ടെന്ന് ഫയർ എൻജിൻ അവിടെ വരും. തന്നെയല്ല, ആ ഫ്‌ളൈറ്റിൽ നിന്ന് പാസഞ്ചറെ ഇറക്കി ടഗ്ഗ് കൊണ്ട് കെട്ടി വലിച്ച് കുറച്ചു ദൂരെക്കോ ആങ്കറിലേക്കോ കൊണ്ടിടും എന്നാണ് എന്റെ ചെറിയ അറിവ്. പിന്നെ ഫ്‌ളൈറ്റിൽ അടിക്കുന്നത് പെട്രോൾ അല്ല. Aviation fuel ആണ്.
കുറച്ചു കഴിഞ്ഞപ്പോൾ അവിടെ വന്ന എയർഹോസ്റ്റസിനോട് ഞാൻ കാരണം ചോദിച്ചു.
വാട്ടർ ടാങ്ക് ലീക്ക് ആവുന്നതാണ് എന്ന മറുപടി കിട്ടി.
ഇപ്പോൾ ഞാൻ കയറിയിരിക്കുന്ന ഫ്‌ളൈറ്റിന് ശേഷം പോകേണ്ട ആദ്യം ബുക്ക് ചെയ്ത ഫ്‌ളൈറ്റ് പാർക്കിങ് ബേയിൽ നിന്നും ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ചെറിയ ദുഃഖത്തോടെ ഞാൻ കണ്ടു.
അപ്പോഴും വാട്ടർ ടാങ്ക് ലീക്ക് പരിഹരിച്ചിട്ടില്ല. ഞങ്ങൾക്ക് വെള്ളം വേണ്ട. അങ്ങ് എത്തിയാൽ മതി എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോൾ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തു.
കുറച്ചു മണിക്കൂറുകളുടെ ഡിലേയും നാലര മണിക്കൂർ യാത്രയും കഴിഞ്ഞ് രാത്രി ഫ്‌ളൈറ്റ് തിരോന്തരത്ത് എത്തി.
വള്ളക്കടവിൽ ഡോക്ടർ സാബുവിന്റെ വീട്ടിൽ ചെന്ന് ഭക്ഷണവും കഴിച്ച് അദ്ദേഹം ഏർപ്പാടാക്കി തന്ന അംബാസഡർ കാറിൽ ഞാൻ പുറപ്പെട്ടു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലും വല്ല്യകുളങ്ങര മസ്ജിദിലും കാർ നിർത്തി ഡ്രൈവർ കാണിക്കയിട്ടു. എന്റെ മനസ്സ് ഭയത്തിന്റെ അങ്ങേയറ്റത്താണ്.
'ഓ. പുല്ല്. വേണ്ടായിരുന്നു. മറ്റേ ഫ്‌ളൈറ്റിൽ വന്നാൽ മതിയായിരുന്നു.'
'എന്താ സാർ വല്ലതും പറഞ്ഞോ?' ടാക്സി ഡ്രൈവറുടെ ചോദ്യം.
'ഏയ്. ഞാൻ കൊല്ലത്ത് എത്തിയപ്പോൾ മുകേഷിന്റെ ഡയലോഗ് ഓർത്തതാ'. ഞാൻ മറുപടി കൊടുത്തു.
പിന്നെ മുകേഷിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചുമായി ഡ്രൈവറുടെ സംസാരം. എനിക്കാണെങ്കിൽ ഭയം കൂടി കൂടി വരുന്നു.
മനോഹരമായ കായംകുളത്തിന്റെ രാത്രി യാത്രയിലും മനസ്സ് ഭയത്തിലായിരുന്നു. എവിടെയെങ്കിലും കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ടാൽ ഡ്രൈവറോട് പ്രശ്നമുണ്ടാവുമോ എന്ന് ഞാൻ ചോദിക്കുന്നുണ്ടായിരുന്നു.
കാർ ആലപ്പുഴ ടൗണിൽ എത്തി. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഞങ്ങൾ യാത്ര തുടർന്നു. വീട്ടിൽ എത്തുമ്പോൾ രാത്രി രണ്ടോ മൂന്നോ മണി ആയിട്ടുണ്ടാവും.
കാറിന്റെ വെളിച്ചം കണ്ടപ്പോൾ വീട്ടുകാർ ഭയപ്പെട്ടു. ഞാൻ എത്തുന്ന വിവരം ആരേയും അറിയീച്ചുണ്ടായിരുന്നില്ല. ഇന്നൊക്കെ ആയിരുന്നെങ്കിൽ നമ്മൾ അറിയീച്ചില്ലെങ്കിൽപോലും വേണ്ടപ്പെട്ടവർ മൊബൈലിലൂടെ അറിയീക്കും.
ഡ്രൈവർക്ക് പറഞ്ഞ പൈസയും സന്തോഷവും കൊടുത്തു. അവൻ പോയി.
'ഡാ ശറഫു എന്തേ ഈ പെട്ടെന്നുള്ള വരവ്? നിനക്ക് രാത്രി യാത്ര ചെയ്യാൻ പേടില്ലേ?' ഉമ്മ സന്തോഷം കൊണ്ട് ചോദിച്ചു. കാരണം ഒരു മാസം മുമ്പാണ് ഞാൻ നാട്ടിൽ വന്ന് പോയത്. ഉമ്മാടെ ചോദ്യം സംഘർഷം അറിഞ്ഞിട്ടല്ല.
'അത് പിന്നെ..... ഉമ്മാ, എനിക്ക് എന്ത് പേടി?' അത് പറഞ്ഞ് ഞാൻ പുറത്തേക്ക് നോക്കി. ഡ്രൈവർ പോയിരിക്കുന്നു. എന്നിട്ട് എല്ലാവരും കേൾക്കാൻ പറഞ്ഞു.
'എനിക്ക് പേടിയില്ല. അത് ആ ഡ്രൈവർക്ക് പേടി ഉണ്ടായിരുന്നു. ഞാൻ ഏത് ഉഗാണ്ടയിൽ വേണമെങ്കിലും ഏത് രാത്രിയിലും പോകാം'
ചുറ്റുമുള്ളവർ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.
പിറ്റേന്ന് കാലത്താണ് ഞാനാ സത്യം മനസ്സിലാക്കിയത്. ഈ ഗ്രാമത്തിലെന്നല്ല കേരളത്തിൽ ഒരിടത്തും സംഘർഷം ഉണ്ടായില്ല. കാരണം കേരളം മനുഷ്യസൗഹാർദ്ദത്തിന്റെ നാടാണ്. അത് എന്നുമുണ്ടാവാൻ ഞാനും നിങ്ങളും പ്രവർത്തിക്കുക, പ്രാർത്ഥിക്കുക.

By ഷെരീഫ് ഇബ്രാഹിം.

അദ്ധ്യാപനം (കഥ)

Image may contain: 1 person, text

അരുവിക്കര എന്ന കുഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് പെൻഷൻ വാങ്ങാൻ വരാനുള്ള ബുദ്ധിമുട്ട് ആലോചിക്കാനേ വയ്യ. എണ്‍പത് വയസ്സെന്ന പ്രായവും ബസ്സ്‌ കിട്ടാനുള്ള പ്രയാസവും. വളരെ നേരത്തെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു. അങ്ങിനെ ട്രെഷററിയുടെ അടുത്തെത്തി. എന്നിട്ടും ലൈനിൽ നാലഞ്ചു പേർ സ്ഥാനം പിടിച്ചിട്ടുണ്ട്. അവരുടെ പിന്നിലായി നിന്നു. 
അധികം നേരം നിൽക്കാൻ പറ്റാത്തത് കൊണ്ട് ഒരു പഴയ ന്യൂസ്‌പേപ്പർ വിരിച്ചു അതിൽ ഇരുന്നു. തണുപ്പ് കാലത്തെ രാവിലെ സൂര്യപ്രകാശത്തിന്നു നല്ല ചൂട്. ഓഫീസ് തുറക്കാൻ സമയമായിട്ടും ആരും എത്തിയിട്ടില്ല. കുറെ നേരത്തെ കാത്തിരിപ്പിന്നൊടുവിൽ ഓഫീസ് ക്ലീൻ ചെയ്യാൻ ഒരു ചെറുപ്പക്കാരൻ എത്തി. അപ്പോഴേക്കും ലൈനിന്റെ നീളം വലുതായിരിക്കുന്നു. 
'എല്ലാവരും ഒന്ന് മാറി നിന്നേ' ആ ചെറുപ്പക്കാരന്റെ ഗൌരവത്തിലുള്ള വാക്ക് കേട്ടപ്പോൾ ലൈനിൽ നിന്നിരുന്ന ഒരാൾ ചോദിച്ചു.
'നിനക്കൊന്ന് സൌമ്യമായി പറഞ്ഞു കൂടെ?'
'ഇത്രക്കൊക്കെ സൌമ്യതയെ എന്റെ കയ്യിലുള്ളൂ. ആട്ടെ നിങ്ങളാരാ?'
'ഞാനൊരു റിട്ടയേർഡ്‌ പോലീസ് ഓഫീസർ ആണ്' അദ്ദേഹം മറുപടി കൊടുത്തു.
'റിട്ടയേർഡ്‌ അല്ലെ? ഇപ്പോൾ പോലീസ് അല്ലെല്ലോ? പോലീസ് മുറയൊക്കെ ഇനി വേണ്ട'
ആ പോലീസ് ഓഫീസർ പിന്നെ ഒന്നും പറഞ്ഞില്ല.
'ആട്ടെ, മോനെ കുറച്ചു വർഷം കഴിഞ്ഞാൽ നീയും ഇത് പോലെ ലൈൻ നിൽക്കണമെന്ന് ഓർക്കണം,'
എന്റെ വാക്ക് കേട്ടപ്പോൾ ആ ചെറുപ്പക്കാരന്റെ സ്വഭാവത്തിന്റെ മാറ്റം കണ്ടു.
'മാഷെ, ക്ഷമിക്കണം. എന്റെ ഭാഗത്തും തെറ്റുണ്ട്.'
ആ മാഷെ എന്നുള്ള വിളി കേട്ടപ്പോൾ എന്തോ ഒരു സുഖം, ആ വിളിയിൽ ഒരു പാട് തേനും വയമ്പും മധുരവും ഉണ്ട്.
ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. ചെറിയ വിശപ്പുമുണ്ട്‌. ലൈനിൽ നിന്നും പോയാൽ തിരിച്ചു വന്നാൽ സ്ഥലം കിട്ടിയില്ലെങ്കിലോ. അപ്പോഴാണ്‌ ഒരു ചെറുപ്പക്കാരൻ കെറ്റിലിൽ ചായ കൊണ്ട് നടന്ന് വിൽക്കുന്നത് കണ്ടത്. 
അവന്റെ കയ്യിൽ നിന്ന് ഒരു ചായ വാങ്ങി. പൈസ കൊടുത്തപ്പോൾ അവൻ വാങ്ങാൻ കൂട്ടാക്കിയില്ല.
'മാഷെ, മാഷ്‌ എന്റെ വാപ്പാനെ പഠിപ്പിച്ചിട്ടുണ്ട്' അവൻ പറഞ്ഞു.
'എന്താണ് മോനെ നിന്റെ വാപ്പാടെ പേര്?' ഞാനവനോട് ചോദിച്ചു 
'കുഞ്ഞിമുഹമ്മദ്‌. എന്റെ പേര് നൌഫൽ എന്നാണ്'
ആദ്യം എനിക്ക് അദ്ധേഹത്തെ മനസ്സിലായില്ല. ഒരു പാട് വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ടല്ലോ? പക്ഷെ പിന്നീട് വിശദീകരിച്ചു പറഞ്ഞപ്പോൾ ആളെ മനസ്സിലായി.
'വാപ്പ എന്ത് ചെയ്യുന്നു?' ഞാനവനോട് തിരക്കി.
'പത്തു കഴിഞ്ഞപ്പോൾ വാപ്പ പഠിപ്പ് നിർത്തി. ഇപ്പോൾ പറമ്പ് കിളയൊക്കെയായി ജീവിക്കുന്നു.'
'താൻ എത്ര പഠിച്ചു?'
'ഞാൻ പത്തു കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി. 90 ശതമാനം മാർക്ക് ഉണ്ടായിരുന്നു. പിന്നെ എന്നെ പഠിപ്പിക്കാൻ പണം ഇല്ലാത്തത് കൊണ്ടാണ് ഞാൻ പഠിപ്പു നിർത്തിയത്'
'എന്റെ ഈശോയെ എന്താണ് ഞാൻ ഈ കേൾക്കുന്നത്?' കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.
'താൻ ഒരു കാര്യം ചെയ്യൂ. ഒരു മണിയാവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണം' എന്നവന് നിർദേശം കൊടുത്തു.
ചായയുടെ പൈസ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാനവന് നിർബന്ധിച്ചു പൈസ കൊടുത്തു 
പതിനൊന്നര മണിയായപ്പോൾ പെൻഷൻ പണം കിട്ടി. 
ഇനി ആ പയ്യൻ വന്നിട്ടേ പോകാൻ പറ്റൂ.
എന്തെങ്കിലും കഴിക്കാമെന്നു കരുതി അടുത്തുള്ള ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരാൾ എന്റെ അടുത്ത് വന്നു ചോദിച്ചു 'വരാപ്പുഴ മാഷല്ലേ?'
അതെ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സ്വയം പരിചയപ്പെടുത്തി 
'ഞാൻ മാഷെ ഒരു വിദ്യാർഥിയാണ്. ജബ്ബാർ'
'റേഷൻകട നടത്തിയിരുന്ന ഇസ്മയിൽ സായിബിന്റെ മകൻ.....?????'
'അത് തന്നെ'
'താൻ ഇപ്പോൾ എന്ത് ചെയ്യുന്നു? ഇപ്പോഴും സാഹിത്യ വാസനയൊക്കെ ഇല്ലേ?'
അയാൾ ഗൾഫിലാണെന്നും സാഹിത്യവാസന ഉണ്ടാക്കിയത് മാഷാണെന്നും പറഞ്ഞു. ഞാനും എന്റെ ഭാര്യ വേറൊനിക്കയും കൂടി വാരാപ്പുഴയിലുള്ള എന്റെ തറവാട്ടിലേക്ക് പോകാൻ എടമുട്ടത്ത് ബസ്‌ കാത്തു നിൽക്കുമ്പോൾ ഈ ജബ്ബാർ കാർ നിർത്തി എന്റെ അടുത്ത് വന്നതും എന്നോട് കാറിൽ കൊണ്ട് വിടാമെന്ന് ആൽമാർത്തമായി പറഞ്ഞതും ഓർമവന്നു.
'മാഷെ, എനിക്ക് ഇത്തരത്തിൽ സാഹിത്യവാസനയുണ്ടെന്നു കണ്ടെത്തിയത് മലയാളം മാഷായ അങ്ങാണ്. അത് കൂടാതെ, ഞാൻ അറിയാതെ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകിയതും മാഷാണ്. അത് ഞാൻ ഒരിക്കലും മറക്കില്ല'
'നമ്മൾ എഴുതുക, അത് നമ്മൾ തന്നെ വായിച്ചു നോക്കുക. നമുക്ക് നന്നായി എന്ന് തോന്നിയാൽ മറ്റുള്ളവർക്ക് വായിക്കാൻ കൊടുക്കാം. എന്ത് വിമർശനം വന്നാലും തളരരുത്. നല്ല വിമർശനം വന്നാൽ സ്വീകരിക്കുക. അത് പോലെ നല്ല അഭിപ്രായം കേട്ടാൽ അഹംഭവിക്കരുത്.' ഞാൻ അയാൾക്ക്‌ ഉപദേശം നൽകി.
അദ്ദേഹം വീണ്ടും എന്നോട് വീട്ടിൽ കൊണ്ടന്നാക്കാമെന്നു പറഞ്ഞു. പക്ഷെ കുഞ്ഞിമുഹമ്മദിന്റെ മകനെ കാണേണ്ടത് കൊണ്ട് ഇപ്രാവശ്യവും ഞാൻ സ്നേഹത്തോടെ നിരസിച്ചു.
ഒരു മണി ആവുന്നതിന്ന് മുമ്പ് തന്നെ കുഞ്ഞിമുഹമ്മദിന്റെ മകൻ നൌഫൽ എന്റെ അടുത്ത് വന്നു. 
ഞാൻ എന്റെ കയ്യിലുള്ള പെൻഷന്റെ പൈസ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ' മോനെ നൌഫൽ, ഈ പണം നീ എടുക്കുക, ഇനിയും വേണമെങ്കിൽ ഞാൻ തരാം. എന്റെ ജീവിതാവസാനം വരെയുള്ള പെൻഷൻ പണം നിനക്ക് ഞാൻ തരും. നീ തുടർന്ന് പഠിക്കണം. പിന്നെ പഠിത്തത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കറിയാവുന്ന അറിവ് നിനക്ക് പകർന്നു തരാം.'
അവൻ വിങ്ങി പൊട്ടി പറഞ്ഞു. 'മാഷെ ഇത് ഏതെങ്കിലും സദസ്സിൽ വെച്ച് തരുകയാണെങ്കിൽ മാസ്റ്റെർക്കു ഒരു ഖ്യാതി കിട്ടൂലെ?
'എനിക്ക് അങ്ങിനെയുള്ള ഖ്യാതി വേണ്ട. ദൈവത്തിന്റെ പുണ്യമേ വേണ്ടൂ'. എന്ന് ഞാനവന് മറുപടി കൊടുത്തു.
------------------------------------------------
മേമ്പൊടി:
ജോലിയിലുള്ളപ്പോഴും പെൻഷൻ പറ്റിയാലും ജീവിതകാലം മുഴുവൻ ബഹുമാനിക്കുന്ന ഒരു സംബോധനയാണ് മാഷെ എന്നുള്ളത്. എന്നാൽ ദേഷ്യം വരുമ്പോൾ ഭർത്താക്കന്മാർക്ക് ഭാര്യമാരെ ചീത്ത വിളിക്കാൻ പറ്റാത്ത ചില പേരുകളാണ്, ഓമന, തങ്കം എന്നുക്കെയുള്ളത്. കാരണം ഓമനയുടെ ഭര്ത്താവിന്നു ദേഷ്യം വന്നു എന്നിരിക്കട്ടെ. എങ്ങിനെ ചീത്ത പറയും. 'ഓമനേ ഞാൻ നിന്നെ കൊല്ലും' എന്ന് പറയാൻ പറ്റുമോ?
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

മനോഹരമായ പ്രതികാരം (കഥ)

Image may contain: 2 people, people smiling, text

അബൂദാബി കോർണീഷിലെ പുൽത്തകിടിയിൽ ഒരു പുൽപായയിട്ടു വൈകുന്നേരം ഞാനും എന്റെ മൂന്നു വയസ്സായ മകൾ സൈരബാനുവും ഇരുന്നു കാറ്റ് കൊള്ളുകയാണ്. വ്യാഴാഴ്ച ആയതു കൊണ്ട് നല്ല ജനത്തിരക്കുണ്ട്. മകളുടെ കളികൾ കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല. മറ്റു കുട്ടികൾ അവരുടെ ഉമ്മമാരുടെ കൈപിടിച്ച് നടക്കുന്നത് കണ്ടപ്പോൾ എന്നും സൈര ചോദിക്കാറുള്ള ചോദ്യം ഇത്തവണയും അവൾ ആവർത്തിച്ചു - 'ടൂർ കഴിഞ്ഞു ഉമ്മ എന്നാ വരാ പപ്പാ?'
ഉമ്മ വരും മോളെ എന്ന് ഞാൻ പറഞ്ഞത് അവൾക്കു സന്തോഷമായില്ല. 'പപ്പ എപ്പോഴും ഇതു തന്നെയാ പറയ?എനിക്ക് എന്റെ ഉമ്മാനെ കാണാൻ ചൊതിയാവുന്നു. ഉമ്മാക്ക് എന്നെ ചാണാൻ ഇഷ്ടമില്ലാത്തത് കൊണ്ടല്ലേ ഉമ്മവരാത്തത്.' അവൾ ചില "ക" എന്നാ വാക്കുകൾ "ച" എന്ന് ഉച്ചരിക്കാറുള്ളതു കൊണ്ട് ഞാൻ അവളെ കൊണ്ട് ഒന്ന് കൂടി പറയീപ്പിച്ചു. അവൾ പിണങ്ങി മാറി നിന്നു. എനിക്കറിയാം വീണ്ടും അവൾ എന്റെ അടുത്ത് തന്നെ വരുമെന്ന്. എത്ര നാളായി ഇത് ഞാൻ കാണുന്നതാണ്.
അത് പോലെ അവൾ എന്റടുത്തു വന്നു. ഞാൻ ആനയായി കളിക്കണമത്രേ. കോര്ണീഷിലായിട്ടും അവൾ പറഞ്ഞ പോലെ ചെയ്തു.
ഞങ്ങളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു 'ജബ്ബാറിക്കയല്ലേ?'
അതെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു 'നിങ്ങളെ മനസ്സിലായില്ല?'
'അത് പറയാം, അതിന്നു മുമ്പ് നിങ്ങളെ എനിക്ക് കാണിച്ചു തന്ന ഒരാള് ആ കാറിലുണ്ട്. അവർക്ക് ജബ്ബാറിക്കാനെ കാണണമെന്ന് പറഞ്ഞു.'
അദ്ദേഹത്തിന്റെ കൂടെ ഞാൻ മകളുമായി ചെന്നു.
കാറിന്നുള്ളിൽ ഒരു സ്ത്രീ ഇരിക്കുന്നു. എന്നെ കണ്ട ഉടനെ തലയിൽ നിന്നും വീണ സാരിത്തലപ്പ്‌ ശെരിയാക്കിയിട്ടു.
'ജബ്ബാറിക്കാക്ക് എന്നെ മനസ്സിലായോ?' അവളുടെ ചോദ്യം കേട്ട് ഞാൻ സൂക്ഷിച്ചു നോക്കി. സംശയം തീർക്കാനായി ഞാൻ ചോദിച്ചു ; 'ജഹനാരയല്ലേ?'
'അതെ' എന്ന അവളുടെ മറുപടിയും സൈരായെ എടുക്കാൻ കൈ നീട്ടിയതും ഒന്നിച്ചായിരുന്നു. ജഹനാരയുടെ അടുത്ത് പോകാതെ സൈര എന്നോട് ഒന്ന് കൂടി മുട്ടി നിന്നു.
'മക്കളൊക്കെ?' രണ്ടു പേരോടുമായി ഞാൻ ചോദിച്ചു.
'ഇക്ക, അത് വലിയ ട്രാജെടിയാണ്. കല്യാണം കഴിഞ്ഞിട്ട് പന്ത്രണ്ടു വര്ഷമായി. ഞങ്ങൾക്ക് മക്കളില്ല. ഞങ്ങൾ പരസ്പരം തമാശയിൽ പറയാറുണ്ട്‌ - ഇവളുടെ മകൻ ഞാനും എന്റെ മകൾ ഇവളുമാണെന്ന്' ജഹനാരയുടെ ഭർത്താവ് സലിം ആണ് അത് പറഞ്ഞതു.
ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. വായാടിയായ സൈര കടലിലെ ഓളങ്ങൾ നോക്കി നില്ക്കുകയാണ്. ഞങ്ങൾ ഫോണ്‍ നമ്പറുകൾ പരസ്പരം കൈമാറി.
ഞങ്ങൾ ഫ്ലാറ്റിലെക്കു തിരിച്ചു പോന്നു. നാളെ എന്താണ് സംഭവിക്കുക, ഒരു പെണ്‍കുട്ടിയാണല്ലോ അവൾക്കു തീര്ച്ചയായും ഒരു മാതാവിന്റെ ആവശ്യം വരും എന്നൊന്നും എനിക്ക് അറിയാഞ്ഞിട്ടല്ല. ജീവിതത്തിന്റെ പരീക്ഷണങ്ങളെ സധൈര്യം നേരിടാനുള്ള ഒരു തയ്യാറെടുപ്പിലാണ് ഞാൻ. അല്ലെങ്കിൽ തന്നെ എനിക്ക് എന്റേതായ ചില ആശയങ്ങളും ആദർശങ്ങളും ഉണ്ട്. ആരൊക്കെ എതിർത്താലും എന്റെ വഴിയിലൂടെയെ ഞാൻ സഞ്ചരിക്കൂ. ആ ഒരൊറ്റ കാരണത്താൽ പലരും എന്നെ ഒരു നിഷേധിയായി ഗണിക്കാറുണ്ട്.
എനിക്ക് ഉറക്കം വരുന്നില്ല. സൈര എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങുകയാണ്. ഞാൻ പഴയ കാര്യങ്ങൾ ഓർത്തു.
എന്റെ ഉമ്മായുടെ ജേഷ്ടന്റെ മകളാണ് ജഹനാര. ഗൾഫിൽ നിന്നും ഞാൻ ആദ്യമായി നാട്ടിൽ വന്ന സമയത്ത് കല്യാണാലോചനകൾ വന്നിരുന്നു. ഇത് മനസ്സിലാക്കിയ മാമ എന്റെ ഉപ്പാട് ജഹനാരയെ എനിക്ക് ഇഷ്ടമാണെന്ന വിവരവും അത് നടത്തിക്കൂടെ എന്നും ചോദിച്ചു. ഉപ്പാക്ക് ഇഷ്ടക്കേട് ഉണ്ടായിരുന്നില്ല എന്നാൽ ഉമ്മ ആ ബന്ധത്തെ നഖശികാന്തം എതിർത്തു. എന്ത് പറഞ്ഞിട്ടും ഉപ്പ അനുസരിക്കുന്നില്ല എന്ന് വന്നപ്പോൾ ഉമ്മ ഒരു പുതിയ വെളിപെടുത്തൽ നടത്തി. ജഹനാരക്ക് ഉമ്മ മുലപ്പാൽ കൊടുത്തിട്ടുണ്ടത്രേ. അതുകൊണ്ട് അവൾ എന്റെ സഹോദരിയായി വരും അപ്പോൾ വിവാഹം നടത്താൻ പറ്റില്ലല്ലോ. അത് കേട്ടപ്പോൾ ഉപ്പാടെയും മനസ്സ് മാറി ഞാൻ ആ വരവിൽ വിവാഹം നടത്താതെ ഗൾഫിലേക്ക് തിരിച്ചു പോന്നു.
ജഹനാരയുടെ വിവാഹം നടന്നെന്നു പിന്നീട് ഞാൻ അറിഞ്ഞു. മുലപ്പാൽ കൊടുത്ത വിഷയം നുണയാണെന്ന് വർഷങ്ങൾക്കു ശേഷം ഉമ്മ പറഞ്ഞു, ആരും ചോദിക്കാതെ തന്നെ. മരണക്കിടക്കയിൽ കിടന്നു ഉമ്മ അതു പറയുമ്പോൾ കണ്ണിൽ നിന്നും വന്ന കണ്ണീരിന്നു ഒരു പാട് വേദനയുണ്ടാവാം. ജ്യേഷ്ഠന്റെ കല്യാണത്തിന്റെ തലേന്ന് എല്ലാവരും കൂടി മാവില കൊണ്ട് മാല ഉണ്ടാക്കി ജഹനാരയുടെ കഴുത്തിൽ എന്നെ കൊണ്ട് അണിയീപ്പിച്ചതും അത് കണ്ടു വന്ന ഉമ്മ ആ മാല പൊട്ടിച്ചെറിഞ്ഞതിന്റെയും അർത്തം മനസ്സിലാക്കാനുള്ള പ്രായം അന്നില്ലല്ലോ?
പിന്നീട് ഞാൻ വിവാഹം കഴിച്ചു , സാറയെ. ഒരു വർഷത്തിന്നുള്ളിൽ അവളെ ഗൾഫിലേക്ക് കൊണ്ട് വന്നു. പ്രസവം അബുദാബി കോർണിഷ് ഹോസ്പിറ്റലിൽ ആയിരുന്നു. രണ്ടു മാസങ്ങൾക്ക് ശേഷം അവൾക്കു ഇൻഫെക്ഷൻ വന്നു അൽജസീറ ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞു, എനിക്കൊരു പൊന്നുമോളെ -സൈരാനെ തന്നുകൊണ്ട്. ബഹ്റയിനിൽ ആയിരുന്ന അനുജത്തിയേയും അളിയനേയും അബുദാബിക്ക് കൊണ്ട് വന്നു എന്റെ കൂടെ താമസിപ്പിച്ചു. അവരാണ് സൈരായെ നോക്കുന്നത്. പലരും എന്നോട് നിർബന്ധിചു, മറ്റൊരു വിവാഹം കഴിക്കാൻ. എന്റെ മകളെ ഓർത്തു ഞാനതിനു സമ്മതം കൊടുത്തില്ല.
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. ഫോണിന്റെ ബെല്ലടി കേട്ടാണ് ഉണർന്നത്. അങ്ങേത്തലക്കൽ ജഹനാരയുടെ ഭർത്താവ് സലീമായിരുന്നു.
'ജാബറുക്ക ഇന്ന് ഉച്ചയ്ക്ക് സൈരയെയും കൊണ്ട് ഞങ്ങളുടെ ഫ്ലാറ്റിൽ വരണം. ഇവിടെ വന്നിട്ട് ഭക്ഷണം കഴിക്കാം.'
സലീമിന്റെ ആവശ്യം ഞാൻ സന്തോഷത്തോടെ നിരസിച്ചു. കാരണം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉറങ്ങുന്ന ശീലം പണ്ടേ എനിക്കുണ്ട്. പക്ഷെ സലിം വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു.
അവർ താമസിക്കുന്നത് ഓൾഡ്‌ എയർപോർട്ട് റോഡിൽ മെയിൻ ഹോസ്പിറ്റലിന്നടുത്തുള്ള റഷീദ് ബിൻ അഹമദ് അൽഹാമെലി ബിൽഡിങ്ങിൽ 408 നമ്പർ ഫ്ലാറ്റിലാണെന്ന് പറഞ്ഞു.
പള്ളിയിൽ നിന്നും തിരിച്ചു വന്നു സൈരയെയും കൂട്ടി സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
സൈരയെ എടുക്കാനായി ജഹനാര അവളുടെ അടുത്തേക്ക് വന്നു. അവൾ ചെന്നില്ല. ജഹനാര കുറച്ചു കളിപ്പാട്ടങ്ങൾ അവൾക്കു കാണിച്ചു. സൈര എന്നെ നോക്കി. ഞാൻ അവളോട്‌ പൊയ്ക്കൊള്ളാൻ പറഞ്ഞപ്പോൾ സൈര ജഹനാരയുടെ അടുത്തേക്ക് ചെന്നു. അവൾ സൈരയെ എടുത്തു ഒരുപാട് ചുംബനങ്ങൾ കൊടുത്തു. ആ വീട്ടിൽ ഒരു പാട് കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ചോദിക്കാതെ തന്നെ സലിം പറഞ്ഞു. 'പുറത്തു പോയാൽ ജഹനാര കളിപ്പാട്ടങ്ങൾ വാങ്ങും. കുട്ടികൾ ഇല്ലാത്ത, ഇനി ഉണ്ടാവാത്ത നമുക്കെന്തിനാ എന്ന് ഒരു പ്രാവശ്യം ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് നമ്മൾ കുട്ടികളല്ലേ എന്നാണു'
ഞാൻ ഒന്നും പറഞ്ഞില്ല.
സലീം തുടർന്ന് പറഞ്ഞു 'അവൾ ചിലപ്പോൾ, മാനസിക വിഭ്രാന്തി കാണിക്കാറുണ്ട്. കുട്ടികളുണ്ടാവില്ല എന്നറിഞ്ഞത് മുതൽ അവൾ ഉള്ളു തുറന്നു ചിരിച്ചിട്ടില്ല'
അകത്തു നിന്നും ജഹനാരയുടെയും സൈരയുടെയും ചിരികൾ കേൾക്കുന്നുണ്ട്.
സമയം പോയതു ജഹനാര അറിഞ്ഞില്ലെന്നു തോന്നുന്നു. സലിം ജഹനാരയെ വിളിച്ചു ഭക്ഷണം കൊണ്ട് വെക്കാൻ പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ ജഹനാര എന്റെ പാത്രത്തിലേക്ക് മാങ്ങ അച്ചാർ എടുത്തിട്ടിട്ടു പറഞ്ഞു 'ജബ്ബാറിക്കാക്ക് മാങ്ങ അച്ചാർ ഇഷ്ടമാണല്ലോ'
അതിന്നു സലിം ആണ് മറുപടി പറഞ്ഞത് :'ഇക്കാക്ക് എരിവ്‌ കുറച്ചേ പാടുള്ളൂ എന്നത് കൊണ്ടാണ് ഇന്ന് അത്തരത്തിൽ കറി ഉണ്ടാക്കിയത്'
'എന്റെ എല്ലാ കാര്യങ്ങളും ജഹി പറഞ്ഞിട്ടുണ്ട് അല്ലെ?'
മടിയിലിരുത്തി സയിരാക്ക് ഭക്ഷണം വാരി കൊടുത്തത് ജഹനാരയാണ്.
അവളെ വേറെ സീറ്റിൽ ഇരുത്തിക്കൊള്ളാനും അവൾ തനിച്ചു ഭക്ഷണം കഴിച്ചു കൊള്ളുമെന്ന് ഞാൻ പറഞ്ഞിട്ടും ജഹനാര അത് ചെയ്തില്ല വൈകുന്നേരം ഞങ്ങൾ യാത്ര പറയുമ്പോൾ ജഹനാരയും സലീമും കൂടി സയിരായെ ഇന്ന് രാത്രി അവിടെ താമസിപ്പിക്കാൻ അനുവാദം ചോദിച്ചു.
അത് നിങ്ങൾക്ക് ബുദ്ധിമുട്ടാവും എന്ന് ഞാൻ അവരോട് പറഞ്ഞു. സത്യത്തിൽ അവളെ പിരിഞ്ഞിരിക്കുന്നതു എനിക്ക് എന്റെ ഹൃദയം മുറിച്ചു മാറ്റുന്നതിനു സമമാണ്.
'ഞങ്ങൾക്ക് ബുദ്ധിമുട്ടോ, ഒരിക്കലുമില്ല' എന്ന മറുപടി കേട്ടപ്പോൾ ഞാൻ സമ്മതിച്ചു.
അവളില്ലാത്ത ആദ്യത്തെ രാത്രി. അവൾക്കു ഉറക്കം കിട്ടാൻ ഞാനും എനിക്ക് അവളും വേണമെന്ന സത്യം ഞാൻ മറന്നു. അല്ലെങ്കിൽ തന്നെ അവൾ ഒരു പെണ്‍കുട്ടിയല്ലേ? ഒരു ദിവസം മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കേണ്ടേ. സഹിക്കുക തന്നെ.
രാത്രി അവളുടെ ശബ്ദം കേൾക്കാൻ കൊതിയായി. ഫോണ്‍ എടുത്തു വിളിക്കാൻ തുടങ്ങി. വേണ്ട രാത്രി ഒരു മണിയായി. അവർ ഉറങ്ങുകയായിരിക്കും.
ഒരു വിധം നേരം വെളുപ്പിച്ചെന്നു പറഞ്ഞാൽ മതിയല്ലോ. കാലത്ത് തന്നെ സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
സയിര ഓടി എന്റെ അടുത്ത് വന്നു പറഞ്ഞു. - 'പപ്പ എന്നോട് നുണ പറഞ്ഞു അല്ലെ'
എനിക്കൊന്നും മനസ്സിലായില്ല.
അവൾ കൂട്ടിച്ചേർത്തു. 'ഉമ്മ ടൂറിന്നു പോയിരിക്കയാണെന്ന് പപ്പാ പറഞ്ഞില്ലേ?
'ഉവ്വ്. ഞാൻ പറഞ്ഞു.'
'അത് നുണ. ദേ, എന്റെ ഉമ്മ'
അവൾ ചൂണ്ടിക്കാണിച്ചിടത്തെക്ക് ഞാൻ നോക്കി. കുറ്റബോധത്താൽ തല കുനിച്ചു വാതിൽ ചാരി നിൽക്കുകയാണ്‌ ജഹനാര.
സ്നേഹത്തിന്റെ പരിശ്ചേദം കാണാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ പോരാൻ നേരത്ത് സൈര പറഞ്ഞു -' 'പപ്പാ, ഞാൻ ഉമ്മാടെ അടുത്ത് ഇന്ന് നിന്നോട്ടെ?'
ഞാൻ അതിന്നു സമ്മതം മൂളിയിട്ട് ഒരു കുസൃതി ചോദ്യം ചോദിച്ചു. 'മോൾ, ആരുടെ മോളാ?
ഉടനെ അവളുടെ മറുപടി വന്നു. 'ഞാൻ പപ്പാടെ ചച്ചര മോള്' ചക്കര മോൾ എന്നാണു അവൾ ഉദ്ദേശിച്ചത്.
ഞാൻ തിരിച്ചു പോന്നു.
പിറ്റേന്ന് വൈകീട്ട് സലീമിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
തിരിച്ചു പോരാൻ റെഡിയായി സൈര നില്ക്കുന്നുണ്ട്. അവളുടെ ഇഷ്ടപ്രകാരമുള്ള രീതിയിൽ മുടി കെട്ടി വെച്ചിരിക്കുന്നു. അനുജത്തിയുമായി അവൾ പിണങ്ങാറു എപ്പോഴും ഈ മുടി കെട്ടിവെക്കുന്ന കാര്യത്തിലാണ്. 'പപ്പാ, പപ്പയെനിക്ക് ഭക്ഷണം തരുമ്പോൾ പാടാറുള്ള ആ പാട്ടൊന്നു പാടിക്കേ' സൈര പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ ഞാൻ നിന്നു. അപ്പോൾ അവൾ തന്നെ ആ പാട്ട് പാടി, ഒരു വികടഗാനം. 'പപ്പാടെ പൊന്നാര പോന്നു മോള്, പപ്പാടെ ചച്ചര പോന്നു മോള്,' അത് കഴിഞ്ഞു അവൾ ഒരു ഡാൻസ് കളിച്ചു.'പയ്യാപരീക്കുളത്തിൽ വിടര്ന്ന ചെന്താമാരെ' ഞാനൊഴികെ എല്ലാവരും ചിരിച്ചു. അവർ എന്നെ നോക്കിയപ്പോൾ ഞാനും കൃതിമമായി ഒരു ചിരി പോലെ കാട്ടി. എനിക്ക് ചിരിക്കാനുള്ള മാനസീകാവസ്ഥയല്ലല്ലോ? ഞാനെടുത്ത തീരുമാനത്തിന്റെ അനന്തരഫലങ്ങൾ എന്തായാലും എന്റെ മകളുടെ ഭാവിയാണ് എന്റെ തുലാസിൽ മുന്നിട്ടു നിൽക്കുന്നതു.
തിരിച്ചു പോരാൻ നേരം സൈരയെ ഞാൻ എടുത്തു തുരുതുരെഉമ്മം കൊടുത്തു ജഹനാരയുടെ കയ്യിൽ കൊടുത്തിട്ട്‌ വികാരാധീനനായി പറഞ്ഞു 'ഇവളെ ഞാൻ നിങ്ങൾക്ക് തരുന്നു, നിങ്ങളുടെ മകളായി. ഇതെന്റെ ഉമ്മയോടുള്ള മനോഹരമായ പ്രതികാരമാണെന്നു കരുതിക്കൊളൂ'
'ഇക്കയെന്താണ് ഈ പറയുന്നത്?ഇക്കാനെ വേദനിപ്പിച്ചിട്ടു ഞങ്ങൾക്ക് ഒന്നും വേണ്ട'
അവർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് ശ്രവിക്കാതെ ഞാൻ ലിഫ്ടിന്നടുത്തെക്ക് വേഗം നടന്നു. അടുത്ത ഫ്ലാറ്റിൽ നിന്നും ഒരു പഴയ സിനിമാഗാനം കേൾക്കാമായിരുന്നു
"ഒരിടത്ത് ജനനം, ഒരിടത്ത് മരണം, ചുമലിൽ ജീവിത ഭാരം
വഴിയറിയാതെ മുടന്തിനടക്കും വിധിയുടെ ബലിമൃഗങ്ങൾ - നമ്മൾ
വിധിയുടെ ബലിമൃഗങ്ങൾ
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ?
ഇനിയൊരു വിശ്രമമെവിടെ ചെന്നോ?
മോഹങ്ങളവസാന നിമിഷം വരെ
മനുഷ്യബന്ധങ്ങൾ ചുടല വരെ,
വെറും ചുടല വരെ"
<<<രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

അമരം (കഥ)


Image may contain: 2 people, people smiling, people sitting

അവളെ ഇനിയും പഠിപ്പിക്കണമെന്ന തീരുമാനം ആദ്യമേ എടുത്തു. പ്ലസ് ടൂ പാസ്സായ എന്റെ മകൾ സൈരാഭാനുവിനെ എന്ത് പഠിപ്പിക്കണം എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ 3rd year SSLC പാസായ എനിക്കും BA (ലിറ്ററെച്ചർ) പാസ്സായ എന്റെ ഭാര്യ സാറക്കും നടന്നും ഇരുന്നും മൂന്ന് ദിവസം ആലോചിച്ചിട്ടും കഴിഞ്ഞില്ല. 
അങ്ങിനെയിരിക്കെ എന്റെ മാമ പറഞ്ഞ കാര്യം ഒരു വഴിത്തിരിവായി.
'ജബ്ബാറെ അവളെ കൊയമ്പത്തൂർ കോളേജിൽ എഞ്ചിനീയറിങ്ങിനു ചേർത്തിക്കൂടെ?'
ആ വാക്ക് നടപ്പാക്കാൻ തീരുമാനിച്ചു. മുസ്ലിം പെണ്കു്ട്ടികളെ ഇത്ര ദൂരത്തേക്ക് പഠിപ്പിക്കാൻ വിടുന്നതിൽ എതിർപ്പുകൾ. അതൊക്കെ തൃണവൽഗണിച്ചു. ചീത്തയാവാൻ വിചാരിച്ചാൽ നാട്ടിലും ചീത്തയായിക്കൂടെ?
ഫോണിലൂടെ കോളേജ് പ്രിൻസിപ്പാളിനോട് സീറ്റ്‌ ആവശ്യപ്പെട്ടു. എന്തോ ദൈവാധീനം ഒരു സീറ്റ്‌ എന്റെ പുന്നാരമകൾ സൈരഭാനുവിന്നായി റിസേർവ് ചെയ്യാമെന്ന് ഉറപ്പ് കിട്ടി. മേൽകാര്യങ്ങൾക്കായി കോയമ്പത്തൂരിലെ തന്നെ എന്റെ ഒരു ബന്ധുവിനെ കാര്യങ്ങൾ ഏല്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞു ബന്ധുവിന്റെ ഒരു ഫോണ്‍കാൾ 'ജബ്ബാർക്ക, കോളേജിൽ അഡ്മിഷൻ ഇല്ല'. 
എനിക്ക് തലചുറ്റുന്നത്‌ പോലെ തോന്നി. തന്റെ മകളുടെ ഒരു വർഷത്തെ നഷ്ടം ആലോചിക്കാൻ വയ്യ. പ്രിൻസിപ്പൽ ഈ കൊലച്ചതി ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു 'ആരാണ് പൈസയും കൊണ്ട് കോളേജിൽ പോയത്?'
ഇവിടെ ജോലി ചെയ്യുന്ന ഒരു തമിഴൻ പയ്യനാണെന്ന് മറുപടി.
അവന്റെ കയ്യിൽ ഫോണ്‍ കൊടുക്കാൻ പറഞ്ഞു. അറിയാവുന്ന തമിഴിൽ ചോദിച്ചു 'ഉങ്കൾ കാളേജിൽ പോയോ?'
പോയിരുന്നെന്നും അഡ്മിഷൻ ഇല്ലെന്ന് ബോർഡ് ഉണ്ടെന്നും അവന്റെ മറുപടി.
ആ ബോർഡിൽ എന്താണ് എഴുതിയതെന്ന് വീണ്ടും ചോദിച്ചു.
ആ പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിലുള്ള ബോർഡിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ ഓരോന്നായി അവൻ പറഞ്ഞു. അത് ഇതായിരുന്നു. NO ADMISSION. പിന്നെ വീണ്ടും കോളെജിലേക്ക് ആളെ പറഞ്ഞയച്ച് അഡ്മിഷൻ നേടി. എനിക്കും സാറക്കും പെരുത്ത്‌ സന്തോഷം.
ഇനി ചച്ചര മോളെ (സൈരഭാനുവിന്റെ സംസാരരീതി കടമെടുത്തതാണ്, 'ക' എന്ന് പറയേണ്ടിടത്ത് 'ച' എന്നെ പറയാറുള്ളൂ.) കോളേജിൽ കൊണ്ട് ആക്കണം. ആലോചിക്കാൻ വയ്യ. അല്ലെങ്കിലും ഇതൊക്കെ ഒരു ജീവിതമല്ലേ, അവളെ ഇനി വിവാഹം കഴിച്ചു കൊടുത്താലും അവൾ മറ്റൊരു കുടുംബത്തിലേക്ക് പോകില്ലേ. എല്ലാം സഹിക്കുക തന്നെ എന്ന് ആശ്വസിച്ചു.
കോളേജിൽ സൈരായെ കൊണ്ട് ചെന്നാക്കേണ്ട ദിവസമായി. അല്ലെങ്കിലും ഞാൻ ഒരു പ്രത്യേക സ്വാഭാവക്കാരനാണ്. മക്കളോടെന്നല്ല ആരോടുമുള്ള സ്നേഹം പുറത്ത് കാണിക്കാതെ മനസ്സിൽ മാത്രം കൊണ്ട് നടക്കുന്ന ഒരു സ്വഭാവം.
പുലർച്ചെ തന്നെ വണ്ടിയിൽ കുടുംബസമേതം കൊയമ്പത്തൂർക്ക് പോയി. മകളുടെ 'ക' എന്നതിന്ന് പകരം 'ച' എന്ന് കേൾക്കാൻ വേണ്ടി മാത്രം കുറെ സംസാരിച്ചു.
കോയമ്പത്തൂർ കോളേജിൽ എത്തി. അഡ്മിഷൻ ശെരിയാക്കി. നോമ്പ് മാസമാണ്. തന്റെ മോൾക്ക്‌ നോമ്പ് എടുക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാവുമോ എന്ന വേവലാതിക്ക് തടയിട്ടു കൊണ്ട് അഡ്മിഷനു വന്ന ഒരു തട്ടമിട്ട കുട്ടിയെ കണ്ടു. പരിചയപ്പെട്ടു. ജസ്മി എന്നാണ് പേര്, വീട് കോഴിക്കോട്. ആ കുട്ടിയുടെ ഉപ്പയുമായി പരിചയപ്പെട്ടു. ആ കുട്ടിയേയും തന്റെ മകളെയും ഒരേ റൂമിൽ ആക്കാമോ എന്ന് പ്രിൻസിപ്പളിനോട് ചോദിച്ചു. അദ്ധേഹത്തിന്നു നൂറുവട്ടം സമ്മതം. (പിന്നീടാണ് ഒരു കാര്യം മനസ്സിലായത്‌, നിസ്കരിക്കാനും നോമ്പേടുക്കാനും എല്ലാ സൌകര്യങ്ങളും ആ ഹൊസ്റ്റലിലെ ഇതര മതസ്ഥരായ കുട്ടികൾ ചെയ്തു കൊടുത്തു)
ഹൊസ്റ്റലിനു കുറച്ചു മുമ്പായി ഒരു ഗേറ്റ്. അവിടെ ഒരു നല്ല വാച്ച്മാൻ. പെണ്കുട്ടികൾക്കൊഴികെ മറ്റാർക്കും ആ ഹൊസ്റ്റലിന്റെ ഭാഗത്തേക്ക് പ്രവേശനമില്ല, മറ്റു സ്ത്രീകൾക്കും സ്വന്തം അമ്മമാർക്കും പോലും. തന്റെ മകൾ ആ വലിയ സഞ്ചിയും തൂക്കിയുള്ള, യാത്ര പറഞ്ഞുള്ള പോക്ക് കണ്ടു നിൽക്കാൻ കഴിയാതെ അടുത്തുള്ള മുരിങ്ങകായ് നോക്കി നിന്നു.
കാർ ഡ്രൈവ് ചെയ്തു തിരിച്ച് പോന്നു. വാളയാർ എത്തുന്നത്‌ വരെ സ്വതവേ വാചാലനായ ഞാൻ നിശബ്ദജീവിയായി. അടുത്തുള്ള ബൂത്തിൽ കയറി സൈരാഭാനുവിന് ഫോണ്‍ ചെയ്തു, ആ ശബ്ദം കേട്ട് സന്തുഷ്ടിയടഞ്ഞു.
ഒരു ഞായറാഴ്ച സൈരാഭാനുവിന്റെ ഫോണ്‍ കാൾ
'ഉപ്പച്ചി ഇന്ന് എന്നെ കാണാൻ വരോ?'
ഇല്ല എന്ന് ഉടനെ മറുപടി കൊടുത്ത് ഞാൻ അടുത്ത ബസ്സിന്നു കൊയമ്പത്തൂർക്ക് പോയി. അവൾ പ്രതീക്ഷിക്കാതെ എന്നെ കണ്ടപ്പോൾ ഉപ്പച്ചീ എന്ന് വിളിച്ചു കൊണ്ട് പടിയിറങ്ങി ഓടി വന്നു. നന്നായി വീഴുകയും ചെയ്തു. സങ്കടം തോന്നി.
'മോളെ വേദനിച്ചോ' എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് അവൾ നുണ പറഞ്ഞു. ആ ഹൊസ്റ്റലിലുള്ള എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി.
മിക്ക കുട്ടികളും ഞായറാഴ്ച്ച ആയതു കൊണ്ട് പുറത്തു പോയിരിക്കുകയാണ്. സൈരാഭാനുവും ജസ്നയും ചുരുക്കം ചില കുട്ടികൾ മാത്രം അടച്ചിട്ട തത്തയെ പോലെ ഹൊസ്റ്റലിന്നുള്ളിൽ. മനസ്സിലൊരു നെരിപ്പോട്.
'വേഗം യാത്രയാവുക. നമുക്ക് പുറത്തൊക്കെ പോകാം' അവളോട്‌ ഞാൻ പറഞ്ഞു.
ഞങ്ങൾ ഗാന്ധിപുരം ബസ്‌ സ്റ്റോപ്പിൽ നിന്നും ബസ്‌ കയറി. റെയിൽവേ സ്റെഷനിൽ ഇറങ്ങി. അടുത്തുള്ള ഇലങ്കൈ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
'മോളെ, സൈരാ ഈ ഹോട്ടലിൽ ഉപ്പച്ചി രണ്ട് മാസം ജോലി ചെയ്തിട്ടുണ്ട്'. എന്റെ മകളുടെ കണ്ണിൽ ഒരു നനവ്.
ജബ്ബാർക്കാക്ക് എന്നെ മനസ്സിലായോ എന്ന് ചോദിച്ചു ഒരാൾ അടുത്ത് വന്നു'. എന്റെ വിഷമം കണ്ടപ്പോൾ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
'ഞാൻ കാട്ടൂരുള്ള ലത്തീഫ്'
ഞങ്ങൾ കുറച്ചു നേരം വർത്തമാനം പറഞ്ഞു പിരിഞ്ഞു.
അവിടെ നിന്നും ഞാനും സൈരയും നടന്നു. രാജവീഥി വഴി ഉക്കടത്തേക്ക്. വഴിയിൽ സൈരയുടെ കൂടെ പഠിക്കുന്ന ചില കുട്ടികളെ കണ്ടു. അപ്പോൾ എന്റെ മകളോട് ഇഷ്ടം കൂടി.
കുറെ കറങ്ങിയതിന്നു ശേഷം വീണ്ടും ഉക്കടത്ത് നിന്നും ഗാന്ധിപുരത്തേക്ക് ബസ്സിൽ കയറി.
'ഉപ്പച്ചിക്ക് ഈ സ്ഥലത്തിന്റെ പേരറിയുമോ?' അത് പറഞ്ഞിട്ട് അവൾ തുടർന്നു 'ഇതാണ് ഉച്ചടം'
'ഇത് ഉച്ചടമല്ല ഉക്കടമാണ്' ഞാൻ തിരുത്തി
'അതെനിക്കറിയാം ഉപ്പച്ചീ, ഉപ്പച്ചിയുടെ അടുത്ത് ഞാൻ പണ്ടത്തെ സൈര ആയതാ'
ഞങ്ങൾ ഗാന്ധിപുരത്തെത്തി.
അവിടെ നിന്നും കോളെജിലേക്ക് നടന്നു.
സമയം നാല് മണിയാവാറായി. കോളേജിന്റെ പുറത്തുള്ള മരങ്ങൾക്കിടയിലെ സിമന്റ്‌ ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. ഉച്ചക്ക് ഒരു മയക്കം പതിവുള്ളതാ. അത് മനസ്സിലാക്കിയ സൈര അവളുടെ മടിയിൽ കിടന്നോളാൻ പറഞ്ഞു.
'മോളെ ഉപ്പച്ചിയുടെ തലയിൽ പേൻ ഉണ്ട്. ഒന്നെടുക്കണം'
അവൾ എന്റെ തലമുടിയിലൂടെ കയ്യോടിച്ചു പേൻ എടുത്ത് വിരലുകൾക്കിടയിൽ വെച്ച് ആ പേനിനെ കൊന്നു. പേൻ ചാവുന്ന ശബ്ദം കേട്ടു.
അവൾ പേൻ എടുക്കുന്ന പോലെ അഭിനയിച്ചതാണെന്നും ശബ്ദം അവൾ ഉണ്ടാക്കിയതാണെന്നും എനിക്കറിയാം.
ഒരു അഞ്ചു നിമിഷം മയങ്ങി.
എഴുനേറ്റിട്ട് ഞാൻ പറഞ്ഞു 'നമുക്ക് ആ ബേക്കറിയിൽ നിന്നും ചായ കുടിക്കാം'
പിന്നെയും ഞങ്ങൾ കുറെ നേരം പലതും സംസാരിച്ചു. സമയം അഞ്ച് മണിയായി. എനിക്ക് പോകേണ്ട സമയമായി. മകളെ വിട്ട്പിരിയാൻ വിഷമം.
വാച്ച്മാന്റെ അടുത്തെത്തി. അവളോട്‌ ഞാൻ പറഞ്ഞു 'ഉപ്പച്ചി പോട്ടെ, ഇനി പിന്നെ ചാണാം.' അവൾ പറയുന്ന പോലെ കാണാം എന്നുള്ളത് മാറ്റിപ്പറഞ്ഞതാണ്.
അവൾ ഹോസ്റ്റലിൽ എത്തുന്നത്‌ വരെ അവളെ തന്നെ നോക്കി നിന്നു.
ജീവിതം ഇത്തരം യാഥാര്ത്യങ്ങളുടെ ആകത്തുകയാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.
-------------------------------------------
മേമ്പൊടി: മറക്കാൻ പറയാനെന്തെളുപ്പം - മണ്ണിൽ 
പിറക്കാതിരിക്കലാണതിലെളുപ്പം.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>

പത്തേമാരിയിലൂടെ (അനുഭവം)

Image may contain: 2 people, people smiling

അക്കരക്ക്‌ - പേർഷ്യക്ക് (ഗൾഫ്‌) പോകാൻ ചെറുപ്പക്കാരും അവരെ പറഞ്ഞയക്കാൻ അവരുടെ പിതാക്കളും ശ്രമിക്കുന്ന കാലം. അന്നൊക്കെ അതിന് അക്കരെ പോകാൻ എന്നാണ് പറയാറ്. അന്ന് വിസ എന്ന സമ്പ്രദായം ഇല്ല. NOC (No objection certificate) ആണ്. അന്ന് UAE ആയിട്ടില്ല. ബ്രിട്ടീഷ്‌ പ്രോട്ടക്ക്ട്ടട് സംസ്ഥാനങ്ങൾ എന്നായിരുന്നു ആ ഗൾഫ്‌ രാജ്യങ്ങൾ. പിന്നീട് ട്രുഷ്യൽ ഒമാൻ കോസ്റ്റ് എന്നായി മാറി. ("UAE ചരിത്രം" എന്ന എന്റെ ലേഖനം വായിക്കുക)
പേർഷ്യയിലേക്ക് ആളെ അയക്കാൻ ഗ്രാമങ്ങളിൽ ഏജെന്റ്മാർ ഉണ്ടായിരുന്നു. എന്റെ ഏജന്റ് തൃശ്ശൂർ എടമുട്ടം പയച്ചോടുള്ള ഹമീദ്ക്കയായിരുന്നു. ബോംബയിൽ നിന്നും കോഴിക്കോട് നിന്നുമായിരുന്നു പത്തേമാരി പോയിരുന്നത്. ചുരുക്കം ചില പത്തെമാരികള്‍ തൃശൂർ ജില്ലയിലെ ചേറ്റുവയിൽ നിന്നും പോയിട്ടുണ്ട്.
അങ്ങിനെ ഞാനും യാത്ര തിരിച്ചു, 1969-ഇൽ ബോംബയിലേക്ക്. അവിടെ ഏകദേശം 3 ആഴ്ച പത്തെമാരിയുടെ (ലാഞ്ചി) വിവരം കാത്തു താമസിച്ചു. പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ പ്ലൈവൂടിന്മേൽ ആണ് ഉറക്കം. മുകളിൽ ആകാശം കാണാം. ഓരോ ദിവസവും യാത്രയുണ്ടാവുമെന്നു പ്രതീക്ഷിച്ചു.
അങ്ങിനെ ഒരു രാത്രിയിൽ പെട്ടെന്ന് ഏജന്റ് ഞങ്ങളോട് റെഡിയാവാനും ഇന്ന് യാത്രയുണ്ടാവുമെന്നും പറഞ്ഞു.
ഞങ്ങളെ ബോംബയിലുള്ള ഇടിഞ്ഞു വീഴാറായ ഏതോ ഒരു കെട്ടിടത്തിലേക്ക് കൊണ്ട് പോയി. പണ്ടത്തെ മലയാളസിനിമകളിലെ വില്ലൻ കൊട്ടാരങ്ങൾ പോലെ. ഓരോരുത്തർക്കും ഓരോ നമ്പർ കിട്ടി. എന്റെ നമ്പർ 83. ബോംബെയിലെ വ്യത്യസ്തമായ റെയിൽവേ സ്റ്റേഷനിലേക്ക് 10-15 പേരെ വീതം പറഞ്ഞയച്ചു. എനിക്ക് കിട്ടിയത് മഹാലക്ഷ്മിയിലേക്കായിരുന്നു. അങ്ങിനെ പല സ്റ്റെഷനുകളിൽ നിന്നും എല്ലാവരും ബോംബയിൽ നിന്നും വളരെ അകലെ വിരാർ എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങി. അത് ഒരു മീൻപിടുത്ത കടലോര ഗ്രാമം ആയിരുന്നു. ഏകദേശം രാത്രി 11 മണി ആയിക്കാണും. അവിടെ നിന്നും ചെറിയ മീൻപിടുത്ത വള്ളങ്ങളിൽ ആളുകളെ കയറ്റി ഉൾക്കടലിലേക്ക് കൊണ്ട് പോയി. ഏകദേശം രണ്ടു മണിക്കൂർ യാത്രക്ക് ശേഷം ഒരു ഭീമൻ പത്തേമാരി കണ്ടു. ഞങ്ങളെ ഓരോരുത്തരെ പത്തേമാരിയുടെ മുകളിൽ നിന്നും താഴേക്കു ഇട്ട കയറിലൂടെ മുകളിലേക്ക് കയറ്റി.
കടലിലൂടെ യാത്ര തുടങ്ങി. മീൻ പൊരിക്കാൻ ഇട്ട പോലെ മനുഷ്യനെയും കൂട്ടത്തിൽ സബോള നിറച്ച ചാക്കുകളും.
പത്തെമാരിയുടെ മുകൾ ഭാഗത്ത്‌ വലിയ തുരുമ്പ് പിടിച്ച ഒരു ഇരുമ്പിന്റെ ഡീസൽ ടാങ്ക്. അതിൽ വെള്ളം നിറച്ചിട്ടുണ്ട്. വെള്ളത്തിന്ന് ഡീസലിന്റെ മണം ഉള്ളത് കൊണ്ട് ആധികമാരും വെള്ളം കുടിച്ചു തീർക്കില്ലല്ലൊ? ഒരു നേരമാണ് ഭക്ഷണം. അതിന്നു നമ്പർ വിളിക്കാനും മറ്റും ചില നേതാക്കന്മാരുണ്ട്. അവർ ഞങ്ങളെ പോലെ യാത്രക്കാരായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്‌. അവരെ പിന്നീട് ദുബായിയിൽ ഫൂട്ട്പാത്തിൽ കച്ചവടം ചെയ്യുന്നത് കണ്ടു.
ഒരു ദിവസത്തിന്നു ശേഷം പത്തേമാരി പാകിസ്ഥാൻ കടലിലെത്തി. ഭയങ്കരമായ കടലിളക്കം. ലാഞ്ചിയുടെ മുകൾ ഭാഗത്ത്‌ വട്ടം കെട്ടിയ കമ്പി ഉരയുന്ന ശബ്ദം. മരണത്തെ മുന്നിൽ കണ്ട മണിക്കൂറുകൾ. ഞാൻ എന്റെ കൂട്ടുകാരനായ മുഹമ്മദാലിയോട് പറഞ്ഞു. 'നമ്മൾ മരിക്കാൻ പോകുകയാണ്. ഈ അവസ്ഥ നമ്മുടെ ഉപ്പ, ഉമ്മ, സഹോദരങ്ങൾ അറിയുന്നുണ്ടാവില്ലല്ലോ. നമ്മുടെ ദേഹം ഇനി മീൻ തിന്നു പോകും അല്ലെ?"
ഉരുവിൽ രാമനാമം, ദിക്റുകൾ, യേശുവിനെ വിളിക്കൽ. ദൈവാദീനം പിറ്റേന്ന് കടൽ ശാന്തമായി.
പത്തേമാരിയുടെ പിൻഭാഗത്തുള്ള പ്രോപ്പെല്ലെറിന്റെ മുകളിൽ കയറിൽ കെട്ടിയിട്ട ഒരു പെട്ടിയാണ് കക്കൂസ്. വീണാൽ നേരെ പ്രോപ്പെല്ലറിൽ പിന്നെ മൃതശരീരമായി കടലിൽ.
നാല് ദിവസത്തിന്നു ശേഷം പത്തേമാരിയിൽ മുകളിലെ തട്ടിൽ കടലിൽ നോക്കിയിരിക്കുന്നവരോട് ഉടനെ താഴെ ഉരുവിന്റെ ഉള്ളിൽ പോകാൻ കല്പിച്ചു. അകലെ ഇറാൻ നേവി കറങ്ങുന്നുണ്ടത്രേ. പിറ്റേന്ന് കേട്ടു. ഇന്ന് പത്തേമാരി പേർഷ്യയിൽ അടുക്കുമത്രെ. പിന്നീട് കേട്ടതു, വഴി തെറ്റിയെന്നും നാളെയെ അടുക്കുമെന്നാണ്.
അങ്ങിനെ ആറാം ദിവസം പാതിരാവിൽ ഞാൻ ചെറിയ ഉറക്കത്തിലായിരുന്നു. ചുറ്റും ശബ്ദം കേട്ടപ്പോൾ ഉണർന്നു. കുറെ ആളുകൾ കരയിൽ ഇറങ്ങി കഴിഞ്ഞു. പിന്നെയും ആളുകൾ ഇറങ്ങുകയാണ്. ഞങ്ങളും ഇറങ്ങാൻ തയ്യാറായി. ലഗ്ഗേജ് ഒന്നും എടുക്കാനില്ലല്ലോ. ബന്ധക്കാർക്ക് നൽകാൻ ഉമ്മ തന്ന അവിൽ വിശന്നപ്പോൾ ഉരുവിൽ വെച്ച് തന്നെ ഞങ്ങൾ തിന്നു തീർത്തു.
ഉരുവിന്റെ അടുത്ത് ചെറിയ മീൻപിടുത്ത വള്ളങ്ങൾ. ഓരോരുത്തരായി അതിൽ ചാടി. എന്റെ കാൽ ആ വള്ളത്തിന്റെ പടിയിൽ തട്ടി. നല്ല വേദന. മുറിഞെന്നു തോന്നുന്നു. (ആ മുറിവിന്റെ അടയാളം ഇപ്പോഴും കാലിന്മേൽ ഉണ്ട്). ചെറിയ വള്ളം ഏകദേശം കരയോടടുത്തു. പിന്നെ നീന്തി. ചാട്ടത്തിൽ കാലിലെ ചെരുപ്പ് പൊട്ടി.
ആ സ്ഥലം കൊർഫുക്കാൻ ആയിരുന്നു. ആദ്യം ഇറങ്ങിയവർ എല്ലാം അറിയാമെന്ന ഭാവത്തോടെ കുറച്ചു നടക്കും. പിന്നീട് നിൽക്കും. ഞങ്ങളും അവരുടെ മുന്നിലൂടെ കുറെ നടക്കും. വീണ്ടും നിൽക്കും. ഡിസംബർ മാസത്തിലെ തണുപ്പ്. വിശപ്പും ഉറക്കക്ഷീണവും. ചെരുപ്പ് ഇല്ലാത്തത് കൊണ്ട് കല്ല്‌ തട്ടുമ്പോൾ കാലിന്നു വല്ലാത്ത വേദന. കൂട്ടത്തിൽ മരം കോച്ചുന്ന തണുപ്പും. അകലെ കാട്ടുവർഗക്കാരുടെ പോലെയുള്ള കൊട്ടും പാട്ടും. ഞങ്ങളിൽ നിന്നും ഒരാളെ അങ്ങോട്ട്‌ പറഞ്ഞയച്ചു.കുറച്ചു ഭക്ഷണമോ ഈത്തപ്പഴമോ വാങ്ങാനാണ് പറഞ്ഞയച്ചത്.
ആ പോയ ആൾ പോയതിനേക്കാൾ വേഗതയിൽ തിരിച്ചു വന്നു. അവൻ നന്നായി പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. കൂടെ നിസ്കാര കുപ്പായമിട്ട ഉയരം കുറഞ്ഞ വയസ്സായ സ്ത്രീയും. (പിന്നീടാണ് അത് വയസ്സായ സ്ത്രീയല്ലെന്നും അറബി ഡ്രസ്സ്‌ ഇട്ട ഒരു കുട്ടിയാണെന്നും മനസ്സിലായത്‌). അവിടെ അറബികൾ ഒരു വലിയ ആടിനെ ഫുൾ സൈസിൽ പൊരിച്ചത് തിന്നുകയും പാട്ടും ആട്ടവും നടത്തുന്നത് കണ്ടു പേടിച്ചിട്ടാണ് പോയ ആൾ തിരിച്ചു വന്നത്.
സമസ്തയുടെ കിതാബ് പഠിച്ചത് കൊണ്ട് അറബി നന്നായിട്ട് അറിയാമെന്ന ഒരു അഹംഭാവം എനിക്കുണ്ടായി. അതറിഞ്ഞ മറ്റുള്ളവർ അറബി കുട്ടിയോട് സംസാരിക്കാൻ എന്നെ ഏല്പിച്ചു. എന്റെ അറബി കേട്ടപ്പോൾ അറബി കുട്ടി ഇംഗ്ലീഷിൽ ഞങ്ങളോട് സംസാരിച്ചു. എന്റെ അറബി അറിയാമെന്ന ഭാവം മുളയിലേ ചീറ്റിപ്പോയി. ഇവിടെ പഠിച്ച അൽഅവ്വലു, അൽറാബിഉ ഒന്നും അവിടെ എശൂല. ദുബായ് എന്ന് മാത്രം പറഞ്ഞു. അതിനു ഭാഷ വേണ്ടല്ലോ? ഒടുവിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചു ചാർജ് ഉറപ്പിച്ചു ഞങ്ങൾ അവന്റെ ലാൻഡ്‌ റോവർ ജീപ്പിൽ യാത്ര തുടർന്നു. വണ്ടിയുടെ മുൻഭാഗത്ത് ഇരിക്കാൻ ഇരുപത്തിയഞ്ചു ഇന്ത്യൻ രൂപയും പിന്നിൽ ഇരിക്കാൻ പതിനഞ്ചു രൂപയുമാണ് ചാർജ്. പിന്നിൽ ഓപ്പണ്‍ ആയത് കൊണ്ട് നല്ല തണുപ്പും പൊടിയും ഉണ്ടാവും. ഞങ്ങൾ പിന്നിൽ ഇരുന്നു. പൊടിയും തണുപ്പും ആലോചിച്ചു കൂടുതൽ പൈസ കൊടുക്കാൻ ഞങ്ങളുടെ കയ്യിലില്ലല്ലോ?
അകലെ ഒരു കെട്ടിടത്തിന്റെ മുകളിൽ ലൈറ്റ് കണ്ടു. ഞാൻ പറഞ്ഞു അത് കപ്പലിന്നു വഴികാട്ടിയായ ലൈറ്റ് ഹൌസ് ആണെന്ന്. വണ്ടി ആ ലൈറ്റിന്നടുത്തു നിർത്തി. ഞങ്ങൾ ഇറങ്ങി. അതൊരു പള്ളിയുടെ മിനാരത്തിന്റെ മുകളിലെ ലൈറ്റ് ആയിരുന്നു. എന്റെ രണ്ടാമത്തെ തോൽവി. അന്ന് ഫുജൈറയിൽ ഒരു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾ ഇല്ലായിരുന്നു എന്ന് നേരം വെളുത്തപ്പോൾ മനസ്സിലായി.
മൊസൈക് ടൈൽ ഇട്ട ആ പള്ളിയുടെ വരാന്തയിൽ കടലാസ് വിരിച്ചു കിടന്നു. ക്ഷീണം കൊണ്ട് ഉറങ്ങിയത് അറിഞ്ഞില്ല. വാങ്ക് വിളി കേട്ട് ഉണർന്നു.
ഞാനും മുഹമ്മദലിയും(കാട്ടൂർ, തൊപ്പിത്തറ) ബാവയും (പെരിങ്ങോട്ടുകര) (ബാവ പിന്നീട് ദുബായിലുണ്ടായ ഒരു വാഹന അപകടത്തിൽ മരിച്ചു) ഫ്രാൻസീസും (കാട്ടൂർ, ഏടത്തിരുത്തി) ആ പള്ളിയിലെ വരാന്തയിൽ ഉറങ്ങി. നിസ്കരിക്കാൻ സമയം ആവുമ്പോൾ ഞങ്ങൾ കാണിക്കുന്ന പോലെ ചെയ്യണമെന്ന് ഫ്രാൻസീസിനോട് ഞാൻ പറഞ്ഞു. അവൻ അപ്രകാരം ചെയ്തു അല്ലെങ്കിൽ തന്നെ അന്നൊക്കെ ഞങ്ങളും തോന്നുമ്പോൾ നിസ്കരിക്കുന്നവർ ആയിരുന്നല്ലോ.
നിസ്കാരം കഴിഞ്ഞപ്പോൾ അടുത്ത ഹോട്ടലിൽ നിന്നും ഒരു മലയാളം പാട്ട് കേട്ടു. "ഒരു കൊട്ട പോന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ, കരയല്ലേ കൽബിൻ മണിയെ കൽക്കണ്ട കനിയല്ലേ"
ഓ. സന്തോഷമായി. ഒരു മലയാളിയുടെ ഹോട്ടൽ ഉണ്ടല്ലോ.
നല്ല വിശപ്പ്‌. കയ്യിലാണെങ്കിൽ പൈസ കുറവ്. ഒരു മിഡിൽ ക്ലാസ് ഫാമിലിക്കാരായ ഞങ്ങൾ പോറോട്ടക്കും മറ്റും വില ചോദിച്ചിട്ടാണ് കഴിക്കുന്നത്‌. പൊറോട്ടക്കു കൂട്ട് പഞ്ചസാര. അല്ലാതെ കറി വാങ്ങാൻ പൈസ എവിടെ. അന്ന് ഇന്ത്യയിലെ രണ്ടര രൂപ കൊടുത്താൽ അവിടെത്തെ ഒരു QDR (Qatar Dubai Riyal) കിട്ടും. ഹോട്ടൽ ഉടമ മലയാളി ആയതു കൊണ്ട് ഒരു QDRന്നു മൂന്നര രൂപയെ വാങ്ങിയുള്ളൂ.
നേരം വെളുത്തു. ദുബായിക്ക് പോകണം കയ്യിൽ പൈസ ഇല്ല. ഞങ്ങളുടെ കയ്യിലുള്ള പൈസയിൽ നിന്നും എടുത്തു ബാവയെ ഞങ്ങളുടെ ബന്ധക്കാരുടെ അടുത്തേക്ക് വിട്ടു, ഞങ്ങളെ കൂട്ടികൊണ്ട് പോകാൻ വരാൻ വേണ്ടി.
ഞങ്ങൾ നടന്നു. ചുറ്റും മലകൾ. ഒരു ഭാഗം കടലും. ഇതിനിടെ ചിലരെ അവിടെത്തെ അറബികൾ ജോലിക്ക് കൊണ്ട് പോയി. ഡിസംബർ മാസത്തെ തണുപ്പ് കാലത്തെ ചൂടിന്നു കാഠിന്യം കൂടി. ചെരിപ്പില്ലാത്തത് കൊണ്ട് നടക്കുമ്പോൾ നല്ല വേദന. പിന്നീട് ഞങ്ങൾക്ക് മനസ്സിലായി ദുബൈ വളരെ ദൂരെയാണെന്നു.
വിശപ്പ്‌, ഉറക്കക്ഷീണം കൊണ്ട് ഞങ്ങൾ തളർന്നു. ഇനി എന്ത് ചെയ്യും. ഉച്ചക്ക് ഭക്ഷണത്തിനു പൈസ തികയില്ല. പട്ടിണി തന്നെ ശരണം. ചെറുപ്പത്തിൽ നോമ്പ് എടുത്ത് പഠിച്ചത് നന്നായി. കുറച്ചു ഈത്തപഴം തിന്നു.
ഞങ്ങൾ വിഷമിച്ചു ഇരിക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമായ ഒരു കാര്യം. ഞങ്ങളുടെ അയല്‍വാസി അതാ ഞങ്ങളുടെ മുമ്പിൽ. ഞങ്ങൾക്ക് ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ ഉണ്ടെന്നറിഞ്ഞ് വന്നതല്ല. ദൈവത്തിന്റെ ഓരോ കളികൾ.
ഞങ്ങളെ അദ്ദേഹം കൊണ്ട് പോയി കൽബയിൽ ഒരു മലയാളി ഹോട്ടലിൽ നിന്നും വയറു നിറച്ചു ഭക്ഷണം വാങ്ങി തന്നു. സുഖമായി ഉറങ്ങി. അതിന്നു ശേഷം ലോകത്തിലെ ഒരു പാട് രാജ്യങ്ങളിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും സെവൻ കോഴ്സ് ഭക്ഷണം കഴിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ആ കൽബയിൽ നിന്നും കഴിച്ച ഭക്ഷണത്തിന്റെ സ്വാദ് മറക്കാൻ കഴിയില്ല.
പിറ്റേന്ന് ഞങ്ങളെ അദ്ദേഹം ഒരു അറബിയുടെ ലാൻഡ്‌ റോവർ വണ്ടിയിൽ ഷാർജയിലേക്ക് പറഞ്ഞയച്ചു. കാട്ടുപാത പോലെയുള്ള ടാറിംഗ് ചെയ്യാത്ത ദുർഘടം പിടിച്ച വഴി. മലകൾ കയറിയും ഇറങ്ങിയും ഉള്ള വഴി. കുറെ ദൂരം പോയപ്പോൾ മലയുടെ ഇടുക്കിൽ ഒരു വലിയ അലുമിനിയം പെട്ടി തുറന്നു അതിൽ നിന്നും റൊട്ടികൾ പുറത്തു കിടക്കുന്നു. ഏതോ വണ്ടിയിൽ നിന്നും തെറിച്ചു വീണതായിരിക്കും. ഞങ്ങൾ നിറുത്തി കുറെ തിന്നു. കുറെ ശേഖരിച്ചു. അന്നാണ് ആദ്യമായി നീളൻ ബ്രെഡ്‌ കാണുന്നത്.
ഞങ്ങൾ ഉച്ചയോടെ ഷാർജയിൽ എത്തി. തൃശ്ശൂര്‍ ജില്ലയിലെ കുട്ടമംഗലം എന്ന സ്ഥലത്തെ ബന്ധക്കാരുടെ റൂമിൽ നിന്ന് കുളിയെല്ലാം പാസാക്കി, ഉള്ള ഡ്രസ്സ്‌ കഴുകി ഉണക്കി, അത് ധരിച്ചു വൈകീട്ട് ദുബായിലേക്ക്. ഞങ്ങളുടെ വഴികാട്ടി അയൽവാസിയായ ഉബൈദ് (കാട്ടൂർ), അന്നത്തെ എയർപോർട്ട്, റേഡിയോ സ്റ്റേഷൻ ഇവ കാണിച്ചു തന്നു. ഞങ്ങൾ അമ്പരപ്പോടെ നോക്കി. ഉബൈദ് കുറച്ചു വർഷം മുമ്പ് മസ്കത്തിൽ വെച്ച് മരിച്ചു.
ദൈരയിൽ കാദർ ഹൊട്ടെലിന്നടുത്തു ഇറങ്ങി. അവിടെ ഒരു പാട് മലയാളികൾ. അവർ സൗജന്യ സേവനം. ഓരോരുത്തരെയും ബന്ധക്കാരുടെ റൂമുകളിലേക്ക് എത്തിച്ചു. 18 വയസ്സായ ഞാനും 1969ഇൽ പേർഷ്യക്കാരനായി. അൽഹംദുലില്ല (ദൈവത്തിനു സ്തുതി).
ദുബൈയില്‍ ഉള്ളപ്പോള്‍ എനിക്ക് മറക്കാന്‍ പറ്റാത്ത പല അനുഭവങ്ങളില്‍ ഒന്ന്... നാട്ടില്‍ ഒരു മിഡില്‍ ക്ലാസ്സ് ഫാമിലിക്കാരനായ ഞാന്‍ ഭക്ഷണത്തിനു പൈസ ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ മോഹിച്ചു സ്വരൂപിച്ചു വാങ്ങിയ ഒരു രയ്ക്കോ (റിക്കോ) വാച്ച് പലിശയില്ലാതെ സെക്ക്യൂരിറ്റി വെച്ച് ഇരുപത്തിയഞ്ച് ഖത്തര്‍ ദുബായ് റിയാലിന് പണയം വെച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. ദുബൈയില്‍ ഞാന്‍ എത്തിയ സമയത്ത് മിക്ക ദിവസങ്ങളിലും രാത്രി പവര്‍കട്ട് ഉണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ കടപ്പുറത്തേക്ക് പായയും കൊണ്ട് ഉറങ്ങാന്‍ പോകും. അന്നൊക്കെ ബ്ലാക്ക്&വൈറ്റ് ടെലിവിഷന്‍ ആയിരുന്നു. എയര്‍ കണ്ടീഷന്‍ ഞങ്ങള്‍ക്കും മിക്കവര്‍ക്കും ഉണ്ടായിരുന്നില്ല, ലാന്‍ഡ്‌ ഫോണും ഉണ്ടായിരുന്നില്ല. UAE ആയതിനു ശേഷം എനിക്ക് കിട്ടിയ വിസ പേജില്‍ പതിക്കാനുള്ള റെവന്യൂ സ്റ്റാമ്പ്‌ ഇറങ്ങാത്തത് കൊണ്ട് എന്റെ വിസ പേജില്‍ പോസ്റ്റല്‍ സ്റ്റാമ്പ്‌ ആണ് ഒട്ടിച്ചിരിക്കുന്നത്. അങ്ങിനെ പോസ്റ്റല്‍ സ്റ്റാമ്പ്‌ പതിച്ച ഇരുന്നൂറു പേരില്‍ ഒരാളാണ് ഞാന്‍. ആ പാസ്പോര്‍ട്ട്‌ ഇപ്പോഴും എന്റെ കയ്യില്‍ ഉണ്ട്.
ഭാഷ ഒന്നും അറിയില്ല, തൃശൂർ മലയാളം ഒഴിച്ച്. എഴുതി പഠിച്ചത് ഓരോ ഫ്ലാറ്റിലും ഓഫീസിലും മറ്റും പറഞ്ഞു. ശുഖൽ ഫീ? കാം ഹേ? എനി വേക്കൻസി?
കിട്ടി. ഡോക്ടർ അഹമദ് റഹ്ഫത്ത് മഹ്റൂസ് എന്ന ഈജിപ്ത്യൻ ഡോക്ടറുടെ വീട്ടിൽ ഹൌസ് ബോയ്‌ ആയി ജോലി കിട്ടി. ജോലിയുള്ളപ്പോൾ തന്നെ വേറെ ജോലി അന്വേഷിച്ചു. കിട്ടി. ഗൾഫ്‌ എറ്റെർനിറ്റ് എന്ന കമ്പനിയിൽ ഓഫീസ് ബോയ്‌ആയി. വീണ്ടും ജോലി അന്വഷണം. അങ്ങിനെ ഒരു മാസം കൊണ്ട് ദുബായിയിൽ ഈദ്‌ മുഹമ്മദ്‌ മുധിയ എന്ന അറബിയുടെ പ്ലംബിംഗ് കടയിലെ സെയിൽസ്മാൻ. ഉച്ചക്ക് ഭക്ഷണ ശേഷം മൂടി പുതച്ചു ഉറങ്ങുന്ന സ്വഭാവം അന്ന് (ഇന്നും) ഉണ്ട്. 2 കിലോമീറ്റർ ചുട്ടുപഴുത്ത മണലിലൂടെ നടക്കണം, റൂമിൽ എത്താൻ.
ഒരു ദിവസം. ഞാൻ പതിവ് പടി തറയിൽ പായ വിരിച്ച് മൂടി പുതച്ചു കിടക്കുകയാണ്. റൂം ആദ്യം എടുത്തവർക്ക് കട്ടിൽ ഇടാം. അല്ലാത്തവർ താഴെ കിടക്കണം.
ആരോടെയോ സംസാരം കേൾക്കുന്നുണ്ട്‌. അതിൽ റൂമിൽ വന്ന ഗസ്റ്റ് പറയുന്നത് കേട്ടു :
"ഓ. എന്നാ പറയാനാ. ഈ പത്തേമാരി യാത്രയൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് അല്ലെ. അത് മാത്രമല്ല, പത്തേമാരിയിൽ വരുന്നത് നാണക്കേടും ആണല്ലേ?"
സംസാരം നിന്നപ്പോൾ ഞാൻ പുതപ്പ് മാറ്റി നോക്കി.
അത് എന്റെ പത്തേമാരി യാത്രയിൽ കൂടെ ഉണ്ടായിരുന്ന 65 കാരൻ ആയിരുന്നു.
കാരണം. ഞങ്ങൾ ചെറുപ്പക്കാർക്ക് ബോയ്‌ പണി കിട്ടിയപ്പോൾ, പ്രായമുള്ള അദ്ദേഹത്തിന്നു മാനേജർ ആയി ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയിരുന്നു.
പിന്നീട് ദുബൈ സത്വവയിൽ ഒരു സ്പെയർ പാര്ട്സ് കടയിലെ ഒരു മാസത്തെ ലീവ് വേക്കൻസി. അത് കഴിഞ്ഞു ബർദുബായിൽ അലി ബിൻ അൽഫർദാൻ എന്ന അറബിയുടെ സ്പെയർ പാര്ട്സ് കടയിലെ 3 വർഷത്തെ ജോലി.
അവിടെ നിന്നും വിസ ശെരിയാക്കി ബോംബയിലേക്ക് അക്ബർ എന്ന കപ്പലിൽ മടക്ക യാത്ര.
തിരിച്ചു നേരെ അബുദാബിയിലേക്ക്.
അവിടെ എയർപോർട്ട് റോഡിൽ ഗ്രാന്റ് മോസ്ക്കിന്നു മുമ്പിൽ അൽഹാമെലി ട്രെഡിംഗ് & ട്രാന്സ്പോര്ട്ട് കമ്പനിയുടെ സ്പെയർ പാര്ട്സ് കടയിൽ എന്റെ അബുദാബി ജീവിതത്തിന്റെ തുടക്കം. ആദ്യമായി ഒരു വാഹനം വാങ്ങി . ഒരു സൈക്കിൾ.
അങ്ങിനെ, തിരിച്ചു വന്നു വിവാഹം കഴിച്ചു.
വീണ്ടും അബുദാബിക്ക്. അവിടെ ഒരു പാട് ഒരു പാട് ജോലികൾ. ഇതിനിടെ മൂന്നു മക്കൾ.
1987ൽ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ (ബിൻ കനേഷ്) പാർട്ട്ണർ, എന്റെ എല്ലാമെല്ലാമായ മുഹമ്മദ്‌ മുഹമ്മദ്‌ ബിൻ കനേഷ് അൽ ഖുബൈസിയുടെ പെട്ടെന്നുള്ള മരണം (ഉറക്കത്തിൽ മരിച്ചു).
ഗൾഫ്‌ ജീവിതം ഇനി മതിയാക്കാം എന്ന് കരുതി. നാട്ടിലെ ഉപ്പും ചോറും തിന്നാം എന്ന ചിന്ത.
പോന്നു. വിസ ഉണ്ടായിട്ടു കൂടി. ക്യാൻസൽ ചെയ്യാതെ.
കമ്പനിയുടെ മറ്റൊരു പാർട്ട്ണർ അബ്ദുള്ള ബിന് കാനേഷിന്റെ ഫോണ്‍ കാൾ. 'വരൂ, നിന്നെ ജോലിക്ക് വേണമെന്ന് ഷെയ്ഖ്‌ ഹമദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ്‌ അൽ നഹിയാൻ ആവശ്യപ്പെടുന്നു.
ഇനി ഈ ഗൾഫ്‌ കാണില്ല, എന്ന് കരുതി അവസാനം എയർപോർട്ടിലേക്ക് വരുമ്പോൾ കാറിലിരുന്നു പിന്നോട്ടു നോക്കി ആ സ്ഥലം അവസാനമായി നോക്കിയിരുന്ന എന്നെ ദൈവം തമ്പുരാൻ നിയോഗിച്ചത് അബുദാബിയിൽ വീണ്ടും ചെല്ലാനാണ്.
വീണ്ടും അബൂദാബിയിലേക്ക്‌. പഴയ അറബിയെ (അബ്ദുള്ള ബിൻ കാനേഷ് അൽകുബൈസി) കണ്ടു. ഞങ്ങൾ രണ്ടു പേരും കൂടി രാജകുടുംബാംഗമായ ഷെയ്ക്കിന്റെ അരമനയിലേക്ക്. കണ്ട ഉടനെ ഷൈഖ് ഹമദിന്റെ ഉഗ്രൻ ചോദ്യം: ഇന്ത ഫീ ഹയ്? (നീ ജീവിച്ചിരിപ്പുണ്ടോ?). തമാശയിലെ ആ ചോദ്യം കഴിഞ്ഞു അവിടെ നീണ്ട വർഷങ്ങൾ അദ്ധേഹത്തിന്റെ പ്രൈവറ്റ് ഓഫീസ് മാനേജരുടെ ജോലി. അവിടെ നിന്നും പലതും പഠിക്കാനും പല വിദേശ രാജ്യങ്ങളും സന്ദർശിക്കാനും കഴിഞ്ഞും.
വീണ്ടും പഴയ ചിന്ത. എന്റെ പെറ്റമ്മ കേരളമാണ്, പോറ്റമ്മ അബുദാബിയും.
തിരിച്ചു പോന്നു. ശിഷ്ടജീവിതം ഇവിടെ കഴിക്കാൻ.
എന്നെ ഞാനാക്കിയത് അബുദാബിയും അതിൽ പ്രത്യേകിച്ച് (ഉത്തരവാദിത്വബോധം, കൃത്യനിഷ്ഠ, ഹാർഡ്‌ വർക്ക്‌) പഠിപ്പിച്ചത് ഷെയ്ക്ക് ഹമദും ആയിരുന്നു.

By Sheriff IBrahim

എന്റെ അദ്ധ്യാപകര്‍ (അനുസ്മരണം)

Image may contain: 1 person

എന്റെ അദ്ധ്യാപകരില്‍ ആരാണ് മികച്ചത്, ആരെയാണ് എനിക്കിഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടും. എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അവരില്‍ ഓര്മ യില്‍ വരുന്ന ചിലരെപ്പറ്റി ഞാന്‍ എഴുതാം. 
ഞാന്‍ ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് തൃശ്ശൂര്‍ ജില്ലയിലെ മുനയം LP സ്കൂളിലായിരുന്നു. അഞ്ചു മുതല്‍ പത്ത് വരെ പഠിച്ചത് കാട്ടൂര്‍ പോമ്പേ സെന്റ്‌ മേരീസ് ഹൈസ്കൂളിലായിരുന്നു. ഞാന്‍ ഡിപ്ലോമക്ക് പോയത് തൃപ്രയാര്‍ ശ്രീരാമ പോളീടെക്ക്നിക്കിലും.
അവരില്‍ ആദ്യം എനിക്ക് ഓർമ്മ വരുന്നത് ഞങ്ങളുടെ പത്താംക്ലാസ്സിലെ ഇംഗ്ലീഷ് മാഷും ഹെഡ്മാഷും ആയ T.L. ജേക്കബ്‌ മാഷെയാണ്. തെക്കേപ്പുറം ലോനപ്പന്‍ മകന്‍ ജേക്കബ് എന്നാണു മുഴുവന്‍ പേര്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹെഡ്മാസ്റെര്‍ ആയിരുന്നു ജേക്കബ് മാസ്റ്റര്‍. നല്ല ഒത്തശരീരം. അദ്ധേഹത്തിന്റെ ഡ്രസ്സ്‌ വളരെ വ്യത്യസ്തമായിരുന്നു. വെള്ള ഫുള്‍ കൈഷര്‍ട്ട്, അതിന്റെ മുകളില്‍ മുണ്ട്. അതായത് പേന്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതിന് പകരം മുണ്ട് ഇന്‍സര്‍ട്ട് ചെയ്യും. പിന്നെ ടയ്, അതിനു മുകളില്‍ കോട്ട്, പിന്നെ ഷൂസ്. മുണ്ട് വളരെ ടയിറ്റു ആയി ഉടുക്കും. അതിനു കാരണം ഉണ്ട്. കുട്ടികളെ അടിക്കുമ്പോള്‍ അവര്‍ കൈവലിച്ചാലും മാഷുടെ ദേഹത്ത് കൊള്ളില്ല. 
ഞാന്‍ 10 Cയിലെ ക്ലാസ്സ് ലീഡര്‍ ആയിരുന്നു. കുറച്ചൊക്കെ എഴുതുന്നത് കൊണ്ടായിരിക്കാം എന്നെ സെലെക്റ്റ് ചെയ്തത് എന്ന് ഞാന്‍ കരുതുന്നു. ആ വര്‍ഷം എന്റെ ഒരു കഥയ്ക്ക് ഒന്നാംa സമ്മാനം കിട്ടി. കഥയുടെ പേര് "പച്ചത്തട്ടം". യൂത്ത്ഫെസ്റ്റിവലിന് ഞാന്‍ ചുറ്റുപാട് ഉണ്ടായിട്ടും ഞാന്‍ സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിയില്ല. അവര്‍ പല പ്രാവശ്യം എന്റെ പേര് അനൗൺസ് ചെയ്തു. സ്റ്റേജിലേക്ക് പോകാഞ്ഞതിന്റെ കാരണം എന്താണെന്നോ. എലുമ്പിച്ച എനിക്ക് സ്റ്റേജില്‍ കയറാന്‍ ഒരു അപകര്‍ഷതാബോധം. പിന്നീട് സ്റ്റാഫ് റൂമില്‍ കയറി ഞാന്‍ സമ്മാനം വാങ്ങി. ആ കഥ അന്ന് കയ്യെഴുത്ത് മാഗസിനില്‍ വന്നു. ഇപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആ കഥയെ ഒന്ന് മോഡിഫൈ ചെയ്തു അതെ പേരില്‍ പോസ്റ്റ്‌ ചെയ്തു.
എല്ലാ മാസത്തിലും ഒടുവിലെ ശെനിയാഴ്ചയിലെ ഒടുവിലെ പിരീഡ് ക്ലാസ്സ് മീറ്റിംഗ് ആണ്. അന്നാണ് എലുമ്പിച്ച ഞാന്‍ ഷൈന്‍ ചെയ്യുന്നത്. കാരണം ക്ലാസ് മീറ്റിംഗ് നിയന്ത്രിക്കുന്നത് ഞാനായിരിക്കും. ഏക് പീരീഡ്‌ കാ രാജ. അപ്പോള്‍ സ്വതവേ നിശബ്ദമാകാറുള്ള ക്ലാസ്സ് ശബ്ദമയാനമാകും. ആ സമയത്താണ് ഹെഡ് മാസ്റ്ററുടെ വരാന്തയിലൂടെയുള്ള നടത്തം. ഉടനെ ക്ലാസ്സില്‍ ശബ്ദം കുറയും. ഫുള്‍ കഷണ്ടിയായ മാഷ്‌ തലയില്‍ നിന്നും പെന്‍ എടുക്കുന്ന പോലെ അഭിനയിച്ചു കൈ കൊണ്ട് എന്നോടൊരു സിഗ്നല്‍ തരും. 'പൊളിച്ചോ മക്കളെ ഇപ്പോള്‍ നിങ്ങള്‍ക്ക് ഫുള്‍ അടിച്ചു പൊളിക്കാം' എന്നാണു ആ സിഗ്നലിന്റെ അര്‍ത്ഥം.
ഹെഡ് മാസ്റ്റര്‍ തന്നെയാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ക്ലാസ്സില്‍ വന്നാല്‍ ഉടനെ രണ്ടു പേരെ മാഷ്‌ എഴുനേറ്റ് നിറുത്തി ഓരോ അടി അടിക്കും. കാരണം ചോദിക്കാന്‍ പാടില്ല. അതില്‍ ഒന്ന് ഞാനും മറ്റൊന്ന് ഒരു ജോര്‍ജും ആയിരുന്നു. സഹികെട്ട് ഞാന്‍ ഉപ്പാട് പരാതി പറഞ്ഞു. ഉപ്പ തന്ന മറുപടി എന്താണെന്നോ? പഠിക്കാന്‍ വേണ്ടിയല്ലേ മാഷ്‌ തല്ലുന്നത് എന്നാണു. ഇന്നത്തെ വാപ്പമാരാണെങ്കിലോ? 
എന്റെ ഉപ്പാടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ജേക്കബ് മാഷ്‌ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഞാനും ഇക്കയും പത്താം ക്ലാസ് പാസ്സാവണമെന്ന്. ഉപ്പാടെ ആ ആഗ്രഹം സഫലമായി.
എന്നെ കണക്ക് പഠിപ്പിച്ച മാഷാണ് കവലക്കാട്ട് മാഷ്‌. ഈ കവലക്കാട്ട് എന്നത് വീട്ടുപേരാണ്. ശെരിയായ പേര് ലോനപ്പന്‍ എന്നാണു. ഞാന്‍ പഠിച്ചത് ഷിഫ്റ്റ്‌ സമ്പ്രദായത്തിലുള്ള സമയത്താണ്. ഉച്ചക്ക് ഒന്ന് മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്. അതില്‍ രണ്ടു ഇന്റര്‍വല്‍. ഇന്റര്‍വല്‍ കഴിഞ്ഞാല്‍ കണക്ക് പിരീഡ്. ഇത്രയധികം പേടിക്കുന്ന ഒരു ക്ലാസ് ഇല്ല. കാരണം ക്ലാസ്സില്‍ മാഷ്‌ എത്തിയ ഉടനെ ഗുണനപ്പട്ടിക ചോദിക്കും. വലിയ സംഖ്യകളാണ്. ആരുടെ അടുത്തേക്കാണ് ചോദ്യം വരുന്നതെന്ന് അറിയില്ല. കുറെ അടി എല്ലാവര്‍ക്കും കിട്ടിയ പോലെ എനിക്കും കിട്ടി. അത് കൊണ്ട് എന്തുണ്ടായെന്നോ പത്താം ക്ലാസ്സ് പരീക്ഷക്ക്‌ എനിക്ക് കണക്കില്‍ നൂറില്‍ തൊണ്ണൂറ്റിരണ്ട് മാര്‍ക്ക് കിട്ടി. 
പിന്നെ എനിക്ക് മറക്കാന്‍ പറ്റാത്ത മാഷാണ് വാരാപ്പുഴ മാഷ്‌ എന്ന് വിളിക്കുന്ന വിതയത്തില്‍ അന്തോണി മാഷ്‌. വാരാപ്പുഴ മാഷുടെ ജന്മനാടാണ്. ഞാനൊരിക്കല്‍ ഗള്‍ഫി്ല്‍ നിന്ന് ലീവിന് വന്ന് തൃപ്രയാറില്‍ നിന്ന് കാട്ടൂരിലേക്ക് പോകാന്‍ എടമുട്ടത്ത് നിന്ന് തിരിയുമ്പോള്‍ വാരാപ്പുഴ മാഷും ഭാര്യയും ഒരു കടത്തിണ്ണയില്‍ നില്‍ക്കുന്നു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു മാഷുടെ അടുത്തേക്ക് പോയി. അന്നും എന്നും മാഷുടെ വേഷം വെള്ളയാണ്. ഭാര്യയുടെ വേഷം ചട്ടയായിരുന്നു. പഴയ ക്രിസ്ത്യന്‍ സ്ത്രീകളുടെ വേഷം. 
മാഷെ അടുത്ത് ചെന്ന് ഞാന്‍ ഭവ്യതയോടെ കൈകൂപ്പിയിട്ട് ചോദിച്ചു. 'മാഷുക്ക് എന്നെ മനസ്സിലായോ?ഞാന്‍ മാഷേ ഒരു പഴയ വിദ്യാര്‍ഥി്യാണ്'.
മാസ്റ്റര്‍ക്ക് മനസ്സിലാവാന്‍ ഞാനെന്റെ പേര് പറഞ്ഞു. എന്നിട്ടും എന്നെ മാസ്റ്റര്‍ക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ പീടിക നടത്തിയിരുന്ന ഇബ്രാഹിംകുട്ടിയുടെ മകനാണ് എന്ന്. 
'ഉവ്വ്. ഇപ്പോൾ എനിക്ക് മനസ്സിലായി. ഇബ്രാഹിംകുട്ടി മാപ്പിളയെ എനിക്ക് വളരെ ഇഷ്ടമാണ്'. മാഷ്‌ അത് പറയുമ്പോള്‍ മുഖത്ത് ഒരു സന്തോഷം കാണാന്‍ കഴിഞ്ഞു.
'താന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു?'.മാഷുടെ ചോദ്യം.
'ഞാന്‍ അബൂദാബിയില്‍ ജോലി ചെയ്യുകയാണ് മാഷേ'. ഞാന്‍ വിവരം പറഞ്ഞു.
'അവിടെ തനിക്കെന്താ പണി?'.മാഷ്‌ എല്ലാം അന്വേഷിക്കുകയാണ്.
ഞാനവിടെ ഒരു ഷെയ്ഖിന്റെ മേനെജരാണ് എന്ന് മറുപടി കൊടുത്തു.
എന്താണ് ഷെയ്ഖ് എന്നായിരുന്നു അടുത്ത ചോദ്യം. രാജകുടുംബാംഗം ആണെന്ന് മനസ്സിലാക്കി കൊടുത്തു.
'മാഷേ എന്താ ഇവിടെ?'.ഞാന്‍ ചോദിച്ചു.
വരാപ്പുഴക്ക്‌ പോകാന്‍ ബസ്സ്‌ കാത്ത്നില്‍ക്കുകയാണെന്ന് മാഷ്‌ മറുപടി പറഞ്ഞു.
മാഷേ ഞാന്‍ അങ്ങോട്ട്‌ എന്റെ കാറില്‍ കൊണ്ട് വിടാം എന്ന് എത്ര പറഞ്ഞിട്ടും മാഷ്‌ സമ്മതിച്ചില്ല. 
എടൊ തന്റെ കൈ ഒന്ന് കാണിച്ചേ.. എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൈ കാണിച്ചു കൊടുത്തു. 
എന്റെ കൈ ഭാര്യക്ക് കാണിച്ചു കൊടുത്ത് മാഷ്‌ പറഞ്ഞു. കണ്ടോ ഇവനെ ഞാന്‍ കുറെ തല്ലിയിട്ടുണ്ട്. (അപ്പോഴും ഇതെഴുതുമ്പോഴും എന്റെ കണ്ണിലൊരു നനവ്). എങ്കിലും താന്‍ നന്നാവും എന്നൊരു വാക്കും മാസ്റ്റര്‍ എനിക്ക് തന്നു.
എന്റെ ഗുരു കാരണവരുടെ ഇങ്ങിനെയുള്ള വാക്കുകള്‍ കാരണമായിരിക്കും ഞാനിന്ന് പട്ടിണികൂടാതെ ജീവിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു.
ഇനി എനിക്ക് ഓർമ വരുന്ന മാഷാണ് ഞങ്ങളുടെ മലയാളം പണ്ഡിറ്റ്‌. പൊഞ്ഞനം ആണ് മാഷുടെ വീട്. ഒരിക്കല്‍ പോലും ആരെയും വടി എടുത്ത് അടിക്കാത്ത, വടി ഉപയോഗിക്കാത്ത മാഷ്‌. പഠിക്കാത്തവരെ ഒരു കളിയാക്കലുണ്ട്. അത് മതി പഠിക്കാന്‍. എന്റെ കുത്തിക്കുറിക്കലുകള്‍ക്ക് പ്രചോദനം മാഷാണ്. ഉല്‍പ്രേക്ഷ, ഉപമ എന്ന് വേണ്ട ഒരു പാട് കവിതകളും ശ്ലോകങ്ങളും പഠിച്ചത് മാഷില്‍ നിന്നാണ്.
എന്നെ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ചത് ജോസ് മാഷ് ആയിരുന്നു. കാട്ടൂരിൽ ആദ്യമായി ഒരു ഓലമേഞ്ഞ സിനിമ കൊട്ടക സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. 1967ൽ SSLC പാസ്സായവരുടെ ഒരു സംഗമം 2013 ഏപ്രിൽ 30നു ഞങ്ങൾ നടത്തി. അന്ന് ജോസ് മാഷ് പങ്കെടുത്തിരുന്നു. പിന്നീട് രണ്ടു മാസം കഴിഞ്ഞപ്പോൾ മാഷ് മരിച്ചു.
ഇവരെയൊക്കെ എഴുതുന്നതിനു മുമ്പ് ഇവരുടെ അടുത്തേക്ക് എത്താന്‍ കാരണക്കാരിയായ ഒരു ഒന്നാം ക്ലാസ്സിലെ ടീച്ചറെപ്പറ്റി എഴുതാതെ ഈ ഓര്‍മക്കുറിപ്പ്‌ അവസാനിപ്പിച്ചാല്‍ അത് എന്നോട് ഞാന്‍ ചെയ്യുന്ന ഒരു തെറ്റായിരിക്കും.
എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചറുടെ പേര് എനിക്ക് ഓര്‍മ യില്ല. ഒരു ത്രേസ്യ എന്ന് പേരുള്ള ടീച്ചര്‍ ആയിരുന്നു. വേഷമാണെങ്കില്‍ ചട്ട ആയിരുന്നു. ആ ടീച്ചറുമായി എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
എന്റെ ഉമ്മാടെ വീട് ചുലൂര്‍ ആണ്. അന്നെനിക്ക് അഞ്ചുവയസ്സ്. വെള്ളിയാഴ്ച വൈകീട്ട് ഈ ടീച്ചറുടെ കൈ പിടിച്ചാണ് ഞാന്‍ ചൂലൂരെ ഉമ്മാടെ വീട്ടിലേക്ക് പോകാറ്. അല്ലാതെ ഉമ്മ ഒറ്റയ്ക്ക് ഒരിടത്തും എന്നെ പറഞ്ഞയക്കില്ല. എന്റെ യാത്രക്ക് കൈ പിടിച്ച ടീച്ചറുടെ പുണ്യമായിരിക്കാം, അതിനു ശേഷം ഒരു പാട് വിദേശയാത്രകള്‍ നടത്താന്‍ എനിക്ക് കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു. 
ഇനിയും ഒരു പാട് മാഷുമാര്‍ ഉണ്ട്. അവരെ ആരെയും ഞാന്‍ മറന്നിട്ടില്ല. ഹിന്ദി പഠിപ്പിച്ച രാമന്‍ മാഷ്‌, ക്രാഫ്റ്റ് പഠിപ്പിച്ച കുട്ടപ്പന്‍ മാഷ്‌, ഫിസിക്സ് പഠിപ്പിച്ച ജോസഫ് മാഷ്‌ തുടങ്ങി ഒരു പാട് പേര്. 
SSLC പാസ്സായി അമ്പത് വര്ഷം തികഞ്ഞപ്പോള്‍ ഞങ്ങളൊരു സംഗമം നടത്തി. അതില്‍ ജോസഫ് മാസ്റ്റര്‍ക്ക് പൊന്നാട അണിയീക്കാന്‍ എനിക്ക് കഴിഞ്ഞു.
അവരുടെയെല്ലാം പാവനസ്മരണക്ക് മുന്നില്‍ ഞാനീ ഓർമക്കുറിപ്പ്‌ സമര്‍പ്പിക്കുന്നു.
<<<രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

നീറുന്ന നൊമ്പരം (കഥ)

Image may contain: 3 people, people smiling, people standing, child and indoor

അതുൽ ഇത് വരെ എത്തിയില്ലല്ലോ? സ്‌കൂൾവിട്ട് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ദൈവമേ എന്റെ മോന് എന്ത്പ്പറ്റി? മനസ്സ് ആകെ അസ്വസ്ഥമാകുന്നു. ഒരു പക്ഷെ എന്തെങ്കിലും ആവശ്യം സ്‌കൂളിൽ ഉണ്ടായിരിക്കാം. അല്ലെങ്കിൽ സ്‌കൂൾവാഹനത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം. കുറച്ചു നേരം കൂടെ ക്ഷമിക്കാം.
ക്ഷമിക്കാന്‍ കഴിയുന്നില്ല. എന്തായാലും സ്കൂളിലേക്ക് വിളിച്ചു ചോദിക്കാം. കൃത്യസമയത്ത് തന്നെ സ്കൂള്‍ ബസ്‌ പുറപ്പെട്ടെന്നായിരുന്നു അവരുടെ മറുപടി. അതുലിന്റെ കൂടെ പഠിക്കുന്ന ഹരിയുടെ വീട്ടിലേക്കു വിളിച്ചു. ഭാഗ്യത്തിന് ഹരി തന്നെയാണ് ഫോണ്‍ എടുത്തത്. സ്കൂളില്‍ നിന്ന് ശെരിയായ സമയത്ത് തന്നെ അവന്‍ വീട്ടില്‍ ഇറങ്ങിയെന്നും ഗേറ്റ് തുറന്ന് അകത്ത് കടക്കുന്നത് ഹരി കണ്ടെന്നും മറുപടി കിട്ടി. എന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. ചേട്ടനെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. അല്‍പസമയതിന്നകം ചേട്ടന്‍ വന്നു. ചേട്ടന്‍ എനിക്ക് ധൈര്യം പകര്‍ന്നു തന്നു. ചേട്ടനും അയല്‍വാസികളും കൂടെ വീടിന്റെ പിന്നിലും മറ്റും പരിശോദിച്ചു. പക്ഷെ അതുലിനെ കണ്ടില്ല. ഒരു പക്ഷെ അവന്‍ ഒളിച്ചിരിക്കുകയാവും എന്ന് കരുതി വീടിന്റെ എല്ലാ മുക്കിലുംമൂലയിലും പരതി. പക്ഷെ, അവന്‍ അവിടെ ഉണ്ടായിരുന്നില്ല. ചേട്ടന്‍ പോലീസില്‍ വിവരം അറിയീച്ചു. 
അവരും വന്നു എന്നെയടക്കം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ആ പോലീസുകാരുടെ പെരുമാറ്റം കണ്ടപ്പോള്‍ പോലീസ് വിഭാഗം എത്ര നല്ലവരാണെന്ന് തോന്നി.
'ചേട്ടാ, എനിക്ക് മരിക്കാന്‍ തോന്നുന്നു. എന്റെ മകന്‍ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട'. എനിക്കങ്ങിനെ പറയാന്‍ തോന്നി.
'അങ്ങിനെയൊന്നും പറയരുത് ലക്ഷ്മീ. ദൈവം നമുക്ക് തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ. നമ്മുടെ മകനെ തിരിച്ചു കിട്ടാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക. പിന്നെ എനിക്കും വിഷമമില്ല എന്നാണോ നീ കരുതുന്നത് ലച്ചൂ'.. ഇതായിരുന്നു ചേട്ടന്റെ ഉപദേശം.
അത് കേട്ടപ്പോള്‍ എനിക്കും എന്റെ മനസ്സിനെ പാകപ്പെടുത്താന്‍ കഴിഞ്ഞു.
എങ്കിലും.. ദിവസം മൂന്നു കഴിഞ്ഞു. മകന്റെ കാര്യത്തില്‍ ഒരു വിവരവും കിട്ടിയില്ല. നമുക്ക് വേണ്ടപ്പെട്ട ഒരാള്‍, വീട്ടിലെ അംഗമാണെങ്കില്‍ പറയുകയും വേണ്ടല്ലോ, മരിച്ചുപോയാല്‍ തീര്‍ച്ചയായും നമുക്ക് സഹിക്കാന്‍ പറ്റാത്ത വേദനയുണ്ടാവും. കാലക്രമേണ നാം അതൊക്കെ മറന്നു എന്ന് വരാം. മറവി മനുഷ്യന് ദൈവം തന്ന ഏറ്റവും നല്ല കാര്യമാണല്ലോ? എന്നാല്‍ നമ്മുക്ക് വേണ്ടപ്പെട്ടവരെ കാണാതായാലുള്ള വിഷമം ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്നിട്ടും ഞാനത് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു.
മകനെ കാണാതായിട്ട് മാസം ഒന്നായി. എനിക്കവന്റെ ശ്വാസവും നിഴലും എല്ലായിടത്തും ഉള്ളതായി തോന്നുന്നു. ഒരു ദിവസം ഞാന്‍ ചേട്ടനോട് പറഞ്ഞു. 'ചേട്ടാ, നമുക്ക് ഈ നാട്ടില്‍ നിന്ന് വേറെ എവിടെക്കെങ്കിലും പോകാം. എനിക്ക് അവന്റെ മുറിയും പുസ്തകങ്ങളും ഡ്രെസ്സും കാണുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല, അത് പോലെ അവന്റെ കൂട്ടുകാരെയും'.
ആദ്യം ചേട്ടന്‍ എന്റെ ആവശ്യം നിരുല്‍സാഹപ്പെടുത്തിയെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങിനെ ഞങ്ങള്‍ മറ്റൊരു ജില്ലയിലേക്ക് താമസം മാറി.
ദൈവഭയവും അമ്പലത്തില്‍ പോകുന്നതും ചെറുപ്പം മുതല്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കൂടി. എന്നാല്‍ അന്നും ഇന്നും ആള്‍ദൈവങ്ങളില്‍ എനിക്ക് വിശ്വാസമില്ല. എല്ലാം കാണുന്ന, കേള്‍ക്കുന്ന ദൈവം ഉണ്ടെങ്കില്‍ പിന്നെയെന്തിന് ഒരു ആള്‍ദൈവം?
വര്‍ഷം രണ്ട് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ വീടിന്നടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോയി. അവിടെ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുട്ടി ഭിക്ഷയ്ക്കു ഒരു സ്ത്രീയുടെ അരികെ ഇരിക്കുന്നത് കണ്ടു. എന്റെ മോനേ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു. അവന്‍ ഒന്നും പ്രതികരിച്ചില്ല. പെട്ടെന്ന് ചേട്ടന്‍ എന്നെ അവിടെ നിന്ന് മാറ്റി. എനിക്ക് അവന്‍ മകന്‍ ആണെന്ന് തോന്നിയതായിരിക്കുമെന്ന് ചേട്ടനടക്കം അവിടെയുള്ളവര്‍ പറഞ്ഞു. 
'അല്ല, ചേട്ടാ ഇത് നമ്മുടെ മകന്‍ തന്നെയാണ്'. എന്ന് ഞാന്‍ വീണ്ടും പറഞ്ഞു. പെട്ടെന്ന് അവിടെ ആളുകള്‍ തടിച്ചു കൂടി. ആ കുട്ടിയുടെ അമ്മ അവനെയെടുത്ത് ഞങ്ങളുടെ നേരെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ആക്രോശിച്ചു.
കൂടിയവരില്‍ ചിലര്‍ ഞങ്ങളുടെ നേരെ തട്ടിക്കേറി. ഭിക്ഷ കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ സൂത്രം കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ആ കുട്ടിയാണെങ്കില്‍ ഒന്നും പറയാതെ താഴെവിരിച്ച കാര്‍ഡ്ബോര്‍ഡില്‍ ക്ഷീണിച്ചു കിടക്കുകയാണ്. അപ്പോഴും ഞാന്‍ പറഞ്ഞു. ഇത് നമ്മുടെ മോന്‍ തന്നെയാണ്.
അപ്പോഴാണ്‌ ആരോ പോലീസിനെ അറിയീച്ചത്. ആ കുട്ടിയേയും കൊണ്ട് പോകാന്‍ ആ സ്ത്രീ ഒരു വിഫലശ്രമം നടത്തി. ജനങ്ങള്‍ അവരെ തടഞ്ഞു.
അവനെ ഞാന്‍ വീണ്ടും ദേഹത്ത് തട്ടിവിളിച്ചു. അവന്‍ ക്ഷീണിച്ച് കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് എത്തി. ഞങ്ങളേയും ആ സ്ത്രീയെയും ചോദ്യം ചെയ്തു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലം പറഞ്ഞപ്പോള്‍ ആ കുട്ടി ഞങ്ങളുടെയാണെന്ന് ആ സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 
കുട്ടി മയങ്ങി കിടക്കാന്‍ ലഹരിമരുന്ന് കൊടുത്തിരിക്കുകയാണെന്നും അതുല്‍ ഗേറ്റ് കടന്ന ഉടനെ കുട്ടിയെ ഈ സ്ത്രീയും ഭിക്ഷാടനമാഫിയയും കൂടി തട്ടി കൊണ്ട് പോയതാണെന്നും ഏറ്റു പറഞ്ഞു.
ഇവര്‍ ഭിക്ഷയെടുക്കുന്നതില്‍ കമ്മീഷന്‍ വാങ്ങുന്നു ഭിക്ഷാടന ഏജന്റുമാര്‍. വരവ് കുറഞ്ഞാല്‍ ഭിക്ഷാടന ഏജന്റുമാര്‍ ഇവരെ ദേഹോപദ്രവം വരെ നല്‍കുമത്രേ.
--------------------
മേമ്പൊടി: 1. ഭിക്ഷാടനം നിരോധിക്കുക, കുട്ടികളെ സൂക്ഷിക്കുക, വീട്ടില്‍ വരുന്ന അപരിചിതരെ ശ്രദ്ധിക്കുക.
2. നൊന്തു പ്രസവിച്ച അമ്മക്ക് മക്കളെ ഏത് രൂപത്തിലായാലും തിരിച്ചറിയാന്‍ കഴിയും.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo