Slider

സംഘർഷ സമയത്തുള്ള യാത്രാനുഭവം ( യാത്രാനുഭവം )


ഈ യാത്ര 1990 നവംബർ 7ന്നായിരുന്നു. ഷെരീഫുക്കക്ക് ഈ തീയതി എങ്ങിനെ ഓർമ വരുന്നു എന്ന് നിങ്ങളിൽ ചിലർക്കെങ്കിലും സംശയമുണ്ടാവും. ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള കാര്യം ഒന്ന് ആവർത്തിക്കാം. 1975 ജനുവരി ഒന്നാം തിയ്യതി മുതൽ ഇന്നലെ വരെ എല്ലാ ദിവസവും ഞാൻ ഡയറി എഴുതാറുണ്ട്. അത് പിന്നീട് ഞാൻ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലും പെൻ ഡ്രൈവിലും ഇപ്പോൾ ഗൂഗിളിലും സേവ് ചെയ്തു.
1990 ഒക്ടോബർ 14ന്ന് എന്റെ ഗ്രാമമായ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ഒരു കൊലപാതകം നടന്നു. അലി മുസലിയാർ വധം. അത് കൊണ്ട് കേരളത്തിൽ കുറച്ചധികം സംഘർഷാവസ്ഥ നിലനിൽക്കുന്ന സമയമായത് കൊണ്ടാണ് യാത്ര ബോംബേ വഴി ആക്കിയത്. അപ്പോൾ ബോംബെയിൽ നിന്ന് എന്റെ അടുത്ത ജില്ലയായ കൊച്ചിയിൽ എത്തുമ്പോൾ ഏകദേശം രാവിലെ പത്ത് മണി ആവും. അപ്പോൾ കുറച്ചു ധൈര്യമായി എനിക്ക് വീട്ടിലേക്ക് പോകാമല്ലോ എന്ന ഉദ്യേശ്യവും.
ഷെയ്‌ഖിനോട് ഒരു ആഴ്ച്ചയിലെ ലീവ് ചോദിച്ചു. ഒരിക്കലും ഷെയ്‌ഖിനോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ നെഗറ്റീവ് ആയ മറുപടി പറയാറില്ല. കാരണം ഞാൻ ഷെയ്ഖിനെ ഒരിക്കലും ദുരുപയോഗം ചെയ്യാറില്ല. എന്റെ ആവശ്യങ്ങൾക്ക് അധികഭാഗവും ഓക്കേ ആണ് പറയാറ്. ചിലപ്പോൾ മാത്രം 'ബാധയ്‌ൻ' (പിന്നീട്) എന്ന് പറയാറുണ്ട്.
പക്ഷെ, ഈ ലീവിന് ഉടനെ അനുവാദം തന്നു. കിട്ടിയ പാട് LPO (Local Purchase Order) എഴുതി ഞാൻ ഒപ്പിട്ട് അബുദാബി ട്രാവൽ ബ്യുറോവിൽ കൊടുത്ത് ടിക്കറ്റ് വാങ്ങി. അബുദാബി --ബോംബേ-കൊച്ചിൻ (നെടുമ്പാശ്ശേരി അല്ല) ആണ് എന്റെ റൂട്ട്.
കൂടുതൽ ലഗേജ് ഒന്നുമില്ല. കൃത്യസമയത്ത് എയർപോർട്ടിൽ എത്തി.
അന്നൊക്കെ ലഗേജ് കണ്ടൈനർ സിസ്റ്റത്തിലല്ല കാർഗോ ആയി കയറ്റുന്നത്. തന്മൂലം ആദ്യം കൊടുത്ത ലഗേജ് ഒടുവിലും ഒടുവിൽ കൊടുത്ത ലഗേജ് ആദ്യവും വരും. അതറിയാവുന്നത് കൊണ്ട് ഞാൻ വളരെ വൈകിയാണ് ലഗേജ് കൊടുത്തത്.
ഞാൻ ഡിസ്പ്ളേ ബോർഡ് നോക്കിയിരിക്കുമ്പോൾ പെട്ടെന്ന് ഒരു ഫ്ളൈറ്റിന്റെ ഇൻഫോർമേഷൻ കണ്ടു. എയർ ഇന്ത്യ ബോംബെയിൽ നിന്നും അര മണിക്കൂറിനകം ലാൻഡ് ചെയ്യും. ഇനി പോകുന്നത് തിരുവനന്തപുരത്തേക്ക്. ഞാൻ കൗണ്ടറിൽ ചെന്ന് അതിനെ കുറിച്ച് അന്വേഷിച്ചു.
അത് ഷെഡ്യൂൾഡ് ഫ്‌ളൈറ്റ് അല്ല എന്നും എല്ലാ ബുധനാഴ്‌ച്ചയും ട്രയൽ എന്ന രീതിയിൽ ടെസ്റ്റ് മാർക്കറ്റിംഗ് സർവേ നടത്തുന്നതാണെന്നും എനിക്ക് മറുപടി കിട്ടി. കഴിഞ്ഞ ബുധനാഴ്ച്ച ഇത് ഉണ്ടായിരുന്നെന്നും അത് കൊണ്ടാണ് ഫ്‌ളൈറ്റ് ഡീറ്റയിലിൽ വരാത്തതെന്നുമായിരുന്നു മറുപടി.
എന്റെ ഫ്‌ളൈറ്റ് ടൈമിന്ന് മുമ്പാണ് ഈ ഫ്‌ളൈറ്റ്. എന്റെ ടിക്കറ്റ് ഈ സെക്റ്ററിലേക്ക് മാറ്റി തരാമോ എന്ന് ഞാൻ ഭവ്യതയോടെ കൗണ്ടർ സ്റ്റാഫിനോട് ചോദിച്ചു. ഇല്ല എന്ന മറുപടി. എയർ ഇന്ത്യയുടെ സ്റ്റേഷൻ മാനേജരോട് ചോദിച്ചപ്പോഴും മറുപടിക്ക് മാറ്റമുണ്ടായില്ല. എന്താണ് അതിന്റെ കാരണം എന്ന് ഞാൻ ചോദിച്ചു.
എന്റെ ലഗേജ് ഫ്ളൈറ്റിലേക്ക് പോയെന്നും അത് കൊണ്ടൊക്കെ ഇക്കാര്യം പ്രയാസമാണെന്നും കാരണം പറഞ്ഞു.
അന്നൊക്കെ ലഗേജ് കൺവയർ ബെൽറ്റിലൂടെ പോയി പുറത്ത് പാർക്കിങ് ബെയുടെ അരികിൽ കൊണ്ട് വെക്കുമെന്നും നമ്മൾ അവിടെ ചെന്ന് അത് വീണ്ടും കാണിച്ച് കൊടുത്ത് ആ ബോക്സിൽ ഒരു ടാഗ് ഇട്ടാൽ മാത്രമേ കാർഗോ കമ്പാർട്ട്മെന്റിലേക്ക് പോകൂ എന്നെനിക്കറിയാം. ഞാനാ വിവരം ആഫീസറോട് പറഞ്ഞു.
അത് കേട്ടപ്പോൾ അദ്ദേഹം മറ്റൊരു കാരണം പറഞ്ഞു. ടിക്കറ്റ് ചാർജ് കൂടുതൽ വരുമെന്നും അത് ഡോളറിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കയ്യിൽ ഡോളർ ഇല്ല.
ഇനി എന്ത് ചെയ്യും. ഫ്ളൈറ്റാണെങ്കിൽ ലാൻഡ് ചെയ്തു. ഒടുവിൽ ഞാൻ അബുദാബി ട്രാവൽ ബ്യുറോവിലെ തോമസിന് ഫോൺ ചെയ്തു വിവരം പറഞ്ഞു. ഉടനെ തോമസ് എയർ ഫെയറിൽ വ്യത്യാസമുള്ള തുകക്കുള്ള MCO (Miscellaneous Charges Order) ഫാക്സ് വഴി അയച്ചു. അന്നൊക്കെ ഫാക്സ്, ടെലക്സ് സംവിധാനങ്ങൾ ഉള്ളൂ. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു വന്ന് ഞാൻ LPO തരാമെന്ന് പറഞ്ഞത് സ്വന്തം റിസ്കിൽ തോമാസ് ഏറ്റു.
നാട്ടിൽ സംഘർഷാവസ്ഥ ആയതിനാൽ തിരുവനന്തപുരത്ത് നിന്ന് തൃശൂർ പോകാൻ ഒരു കാർ ഏർപ്പാടാക്കി തരാൻ എന്റെ കസിൻ അശറഫിന്റെ ബന്ധുവും തിരുവനന്തപുരം എയർപോർട്ടിന്നടുത്തുള്ള വള്ളക്കടവിൽ താമസിക്കുന്ന ഡോക്ടർ സാബുവിനോട് പറയാൻ അശറഫിനോട് എയർപോർട്ടിൽ നിന്ന് ഫോൺ ചെയ്ത് പറഞ്ഞു.
പെട്ടെന്ന് എന്റെ ലഗേജ് തിരിച്ചു വരുത്തി പുതിയ ബോർഡിങ് പാസും ടാഗും തന്ന് തിരുവനന്തപുരം ഫ്‌ളൈറ്റിൽ ഞാൻ കയറി.
Boeing 737 വിഭാഗത്തിൽ പെട്ടതായിരുന്നു ആ ഫ്‌ളൈറ്റ് എന്നാണ് എന്റെ ഓർമ. എന്തായാലും ഏകദേശം ഇരുന്നൂറോളം ആളുകൾക്ക് കയറാവുന്ന ആ ഫ്‌ളൈറ്റിൽ ഒരു infant അടക്കം എട്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാബിൻ ക്രൂ അതിൽ കൂടുതൽ ഉണ്ട്.
ഞങ്ങളുടെ ഫ്ളൈറ്റിന്റെ കുറച്ചു മാറി ഞാൻ ആദ്യം ബുക്ക് ചെയ്ത എയർ ഇന്ത്യയുടെ ബോംബേ ഫ്‌ളൈറ്റ് ബോർഡിങ് തുടങ്ങി ആളുകൾ കയറുന്നു. ഷെഡ്യൂൾ പ്രകാരം ആ ഫ്ളൈറ്റിനേക്കാൾ പത്ത് മിനിറ്റ് മുന്നേ പോകേണ്ടത് ഞാൻ ഇരിക്കുന്ന ഫ്‌ളൈറ്റ് ആണ്.
അപ്പോഴാണ് വിൻഡോവിലൂടെ ഞാൻ ആ കാഴ്ച്ച കണ്ടത്. ഞാൻ കയറിയ ഫ്ളൈറ്റിന്റെ ഫ്രന്റ് വിങ്‌സിന് അടിയിൽ ഒരു ലാഡർ വച്ച് അതിൽ ഒരാൾ നിന്ന് കയ്യിലുള്ള ഒരു വലിയ വടിയിൽ ഫിറ്റ് ചെയ്ത സ്ക്രൂഡ്രൈവർ കൊണ്ട് എന്തോ ചെയ്യുന്നു. മറ്റു യാത്രക്കാരും അത് കാണുന്നുണ്ട്. അപ്പോഴാണ് ഒരു പണ്ഡിതൻ പറയുന്നത് ഞാൻ കേട്ടത്. 'അത് വിമാനത്തിന്റെ പെട്രോൾ ലീക്ക് ആവുന്നത് ടൈറ്റ് ചെയ്യുകയാണ്' എന്ന്.
ആരും കാണാതെ ഞാൻ ചിരിച്ചു. അങ്ങിനെയാണെങ്കിൽ പെട്ടെന്ന് ഫയർ എൻജിൻ അവിടെ വരും. തന്നെയല്ല, ആ ഫ്‌ളൈറ്റിൽ നിന്ന് പാസഞ്ചറെ ഇറക്കി ടഗ്ഗ് കൊണ്ട് കെട്ടി വലിച്ച് കുറച്ചു ദൂരെക്കോ ആങ്കറിലേക്കോ കൊണ്ടിടും എന്നാണ് എന്റെ ചെറിയ അറിവ്. പിന്നെ ഫ്‌ളൈറ്റിൽ അടിക്കുന്നത് പെട്രോൾ അല്ല. Aviation fuel ആണ്.
കുറച്ചു കഴിഞ്ഞപ്പോൾ അവിടെ വന്ന എയർഹോസ്റ്റസിനോട് ഞാൻ കാരണം ചോദിച്ചു.
വാട്ടർ ടാങ്ക് ലീക്ക് ആവുന്നതാണ് എന്ന മറുപടി കിട്ടി.
ഇപ്പോൾ ഞാൻ കയറിയിരിക്കുന്ന ഫ്‌ളൈറ്റിന് ശേഷം പോകേണ്ട ആദ്യം ബുക്ക് ചെയ്ത ഫ്‌ളൈറ്റ് പാർക്കിങ് ബേയിൽ നിന്നും ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ചെറിയ ദുഃഖത്തോടെ ഞാൻ കണ്ടു.
അപ്പോഴും വാട്ടർ ടാങ്ക് ലീക്ക് പരിഹരിച്ചിട്ടില്ല. ഞങ്ങൾക്ക് വെള്ളം വേണ്ട. അങ്ങ് എത്തിയാൽ മതി എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോൾ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തു.
കുറച്ചു മണിക്കൂറുകളുടെ ഡിലേയും നാലര മണിക്കൂർ യാത്രയും കഴിഞ്ഞ് രാത്രി ഫ്‌ളൈറ്റ് തിരോന്തരത്ത് എത്തി.
വള്ളക്കടവിൽ ഡോക്ടർ സാബുവിന്റെ വീട്ടിൽ ചെന്ന് ഭക്ഷണവും കഴിച്ച് അദ്ദേഹം ഏർപ്പാടാക്കി തന്ന അംബാസഡർ കാറിൽ ഞാൻ പുറപ്പെട്ടു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലും വല്ല്യകുളങ്ങര മസ്ജിദിലും കാർ നിർത്തി ഡ്രൈവർ കാണിക്കയിട്ടു. എന്റെ മനസ്സ് ഭയത്തിന്റെ അങ്ങേയറ്റത്താണ്.
'ഓ. പുല്ല്. വേണ്ടായിരുന്നു. മറ്റേ ഫ്‌ളൈറ്റിൽ വന്നാൽ മതിയായിരുന്നു.'
'എന്താ സാർ വല്ലതും പറഞ്ഞോ?' ടാക്സി ഡ്രൈവറുടെ ചോദ്യം.
'ഏയ്. ഞാൻ കൊല്ലത്ത് എത്തിയപ്പോൾ മുകേഷിന്റെ ഡയലോഗ് ഓർത്തതാ'. ഞാൻ മറുപടി കൊടുത്തു.
പിന്നെ മുകേഷിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചുമായി ഡ്രൈവറുടെ സംസാരം. എനിക്കാണെങ്കിൽ ഭയം കൂടി കൂടി വരുന്നു.
മനോഹരമായ കായംകുളത്തിന്റെ രാത്രി യാത്രയിലും മനസ്സ് ഭയത്തിലായിരുന്നു. എവിടെയെങ്കിലും കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ടാൽ ഡ്രൈവറോട് പ്രശ്നമുണ്ടാവുമോ എന്ന് ഞാൻ ചോദിക്കുന്നുണ്ടായിരുന്നു.
കാർ ആലപ്പുഴ ടൗണിൽ എത്തി. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഞങ്ങൾ യാത്ര തുടർന്നു. വീട്ടിൽ എത്തുമ്പോൾ രാത്രി രണ്ടോ മൂന്നോ മണി ആയിട്ടുണ്ടാവും.
കാറിന്റെ വെളിച്ചം കണ്ടപ്പോൾ വീട്ടുകാർ ഭയപ്പെട്ടു. ഞാൻ എത്തുന്ന വിവരം ആരേയും അറിയീച്ചുണ്ടായിരുന്നില്ല. ഇന്നൊക്കെ ആയിരുന്നെങ്കിൽ നമ്മൾ അറിയീച്ചില്ലെങ്കിൽപോലും വേണ്ടപ്പെട്ടവർ മൊബൈലിലൂടെ അറിയീക്കും.
ഡ്രൈവർക്ക് പറഞ്ഞ പൈസയും സന്തോഷവും കൊടുത്തു. അവൻ പോയി.
'ഡാ ശറഫു എന്തേ ഈ പെട്ടെന്നുള്ള വരവ്? നിനക്ക് രാത്രി യാത്ര ചെയ്യാൻ പേടില്ലേ?' ഉമ്മ സന്തോഷം കൊണ്ട് ചോദിച്ചു. കാരണം ഒരു മാസം മുമ്പാണ് ഞാൻ നാട്ടിൽ വന്ന് പോയത്. ഉമ്മാടെ ചോദ്യം സംഘർഷം അറിഞ്ഞിട്ടല്ല.
'അത് പിന്നെ..... ഉമ്മാ, എനിക്ക് എന്ത് പേടി?' അത് പറഞ്ഞ് ഞാൻ പുറത്തേക്ക് നോക്കി. ഡ്രൈവർ പോയിരിക്കുന്നു. എന്നിട്ട് എല്ലാവരും കേൾക്കാൻ പറഞ്ഞു.
'എനിക്ക് പേടിയില്ല. അത് ആ ഡ്രൈവർക്ക് പേടി ഉണ്ടായിരുന്നു. ഞാൻ ഏത് ഉഗാണ്ടയിൽ വേണമെങ്കിലും ഏത് രാത്രിയിലും പോകാം'
ചുറ്റുമുള്ളവർ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.
പിറ്റേന്ന് കാലത്താണ് ഞാനാ സത്യം മനസ്സിലാക്കിയത്. ഈ ഗ്രാമത്തിലെന്നല്ല കേരളത്തിൽ ഒരിടത്തും സംഘർഷം ഉണ്ടായില്ല. കാരണം കേരളം മനുഷ്യസൗഹാർദ്ദത്തിന്റെ നാടാണ്. അത് എന്നുമുണ്ടാവാൻ ഞാനും നിങ്ങളും പ്രവർത്തിക്കുക, പ്രാർത്ഥിക്കുക.

By ഷെരീഫ് ഇബ്രാഹിം.
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo