നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വാമീസ് ബേക്കറി


വൈകിട്ട് സ്കൂൾ വിട്ട് മകൾ വീട്ടിലെത്തി. ആ ഒറ്റമുറി വീടിന്റെ അകത്തളത്തിൽ തൈലത്തിന്റെ മടുപ്പിക്കുന്ന ഗന്ധം പരന്നിരുന്നു.
"ഉമ്മ വാ... ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാതെ... കാല് വേദന മാറില്ല."
"സാരമില്ല... തൈലം പുരട്ടിയിട്ടുണ്ടല്ലോ... നീ ചെന്ന് യൂണിഫോം അലക്കിയിട്... ശ്രദ്ധിച്ച് അലക്കണം... പിഞ്ഞിയിട്ടുണ്ട്."
-ഡോക്ടറുടെ അടുത്ത് പോവണമെങ്കിൽ കാശ് വേണം... ഇരുവരും മുഖാമുഖം നോക്കിയിരുന്നു. അല്പനേരത്തിന് ശേഷം അവൾ കുളിച്ചു വസ്ത്രം മാറിയിട്ട് ഉമ്മയോട് പറഞ്ഞു:
"ഞാൻ പലഹാരവുമായി ബേക്കറി വരെ പോയിട്ട് വരാം."
"വേണ്ട മോളേ... അവർ പുറത്തു നിന്നുള്ള പലഹാരങ്ങൾ എടുക്കാറില്ല."
"ഉമ്മ പറയാറില്ലേ... ഒരു വാതിൽ അടഞ്ഞാൽ, മറ്റൊന്ന് നമുക്കായി തുറക്കപ്പെടുമെന്ന്..."
-ഉമ്മ നിരുത്സാഹപ്പെടുത്തിയെങ്കിലും പ്രതീക്ഷ കൈവിടാതെ അവൾ വെളിയിലേക്കിറങ്ങി.
സ്വാമീസ് ബേക്കറിയിൽ പതിവ് പോലെ നല്ല തിരക്കായിരുന്നു. അല്പനേരം അവൾ പരിഭ്രമത്തോടെ പുറത്തു നിന്നുകൊണ്ട് കടയുടെ അകം വീക്ഷിച്ചു... തന്നെ പോലൊരു മകൾ ചൂണ്ടിക്കാണിച്ച ചോക്ലേറ്റുകൾ വാങ്ങി കൈയ്യിൽ കൊടുത്തിട്ട്... അവളുടെ നെറുകയിൽ സ്നേഹത്തോടെ തലോടുന്ന അച്ഛൻ. ബാപ്പ ഉണ്ടായിരുന്നെങ്കിൽ... അവളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. അപ്പോൾ അവൾ ഉമ്മ പറയാറുള്ളത് ഓർത്തു:
"മോൾക്ക് ബാപ്പയില്ലെങ്കിലും ഉമ്മയുണ്ടല്ലോ... രണ്ട്പേരുമില്ലാത്ത എത്രയോ കുഞ്ഞുങ്ങളില്ലേ... അപ്പോൾ മോൾ ഭാഗ്യവതിയല്ലേ..."
-അവൾ പതുക്കെ കടയുടെ അകത്തേക്ക് ചെന്നു. കൗണ്ടറിലിരിക്കുന്ന വയോധികൻ അവളുടെ നിഷ്ക്കളങ്കമായ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കുന്നുണ്ടായിരുന്നു. ഏറെ പഴക്കം ചെന്ന നിറം മങ്ങിയ ഉടുപ്പായിരുന്നു അവൾ ധരിച്ചിരുന്നത്. അവൾ പുഞ്ചിരിയോടെ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി... നെറ്റിയിൽ നീളത്തിൽ വരച്ച ചന്ദനക്കുറി... കഴുത്തിൽ രുദ്രാക്ഷം... വെളുത്ത തലമുടിയും താടിരോമങ്ങളും... സദാ പുഞ്ചിരി തൂകുന്ന തേജസ്സുള്ള മുഖം. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
"മുത്തശ്ശാ... ഇത് ഉമ്മ വീട്ടിലുണ്ടാക്കിയ പലഹാരങ്ങളാണ്. ഉമ്മയ്ക്കിന്ന് കാല് വേദനയായത് കൊണ്ട്... വീടുകളിൽ വിൽപ്പനക്ക് പോകാൻ പറ്റിയില്ല. ഇതിവിടെ എടുത്തിട്ട് കാശ് തരുമോ... ഉമ്മയെ ഡോക്ടറെ കാണിക്കണം."
"കാശ് മുത്തശ്ശൻ തരാം. പക്ഷേ, പലഹാരം മോള് തിരികെ കൊണ്ടു പോയ്‌ക്കോളൂ... ഞങ്ങളിവിടെ ഉണ്ടാക്കുന്നത് മാത്രമേ വില്ക്കാറുള്ളൂ."
"വേണ്ട... അത് ശരിയാവില്ല... ഉമ്മ വഴക്ക് പറയും."
"ശരി. ദാ.. കാശ് വാങ്ങിക്ക്... പലഹാരം ഞങ്ങൾ കഴിച്ചോളാം. ഏത് ഡോക്ടറെയാണ് കാണാൻ പോവുന്നത്?"
"ഡോക്ടർ ജയന്തി..."
"ശരി... മോള് പോയ്‌ക്കോളൂ... നേരം വൈകേണ്ട."
അവൾ അയാളോട് നന്ദി പറഞ്ഞു കൊണ്ട്... തിടുക്കത്തിൽ അവിടെ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. അപ്പോൾ ആ വയോധികൻ ഫോൺ കൈയ്യിലെടുത്തു:
"മോളേ... ഇപ്പോൾ നിന്റെ ക്ലിനിക്കിലേക്ക് ഒരു ഉമ്മയും മകളും വരുന്നുണ്ട്. നിന്റെ ചികിത്സയിൽ ഉള്ളവരാണെന്ന് തോന്നുന്നു. കഷ്ടത അനുഭവിക്കുന്നവരാണ്... അഭിമാനികളും! മോള് വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം."
-മകൾ സ്വാമീസ് ബേക്കറിയിൽ പലഹാരം വിറ്റുവെന്ന് പറഞ്ഞപ്പോൾ ഉമ്മയ്ക്ക് ആശ്ചര്യമായിരുന്നു. വൈകാതെ ഇരുവരും ഡോക്ടറെ കാണാൻ പുറപ്പെട്ടു. ഡോക്ടർ പുഞ്ചിരിയോടെ വരവേറ്റു:
"എന്താ വൈകിയത്? ഞാൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു."
"മോള് ക്ലാസ്സ് കഴിഞ്ഞെത്താൻ വൈകി."
-നിർദോഷകരമായ നുണ പറഞ്ഞൊഴിയുമെന്നല്ലാതെ... ആരോടും അവർ പ്രയാസങ്ങൾ പറയാറില്ല.
"വീട്ടിൽ വേറെയാരുമില്ലേ?"
"ഇല്ല."
"സോറി...ചോദിച്ചെന്നേയുള്ളൂ... കാലിൽ നീരുണ്ട്. മരുന്ന് തരാം... അധികം നടക്കരുത്."
-അവർ നീട്ടിയ ഫീ... നിരസിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു:
"ഇന്ന് എല്ലാവർക്കും സൗജന്യ ചികിത്സയാണ്... മരുന്നും സൗജന്യം."
അവർ ആശ്ചര്യത്തോടെ മിഴിച്ചു നിന്നു. കാരണം ചോദിക്കണമെന്നുണ്ടായിരുന്നു... പക്ഷേ, ഡോക്ടറല്ലേ... ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലോ... അതുകൊണ്ട്‌ ഒന്നും ചോദിച്ചില്ല.
-ക്ലിനിക്കിൽ നിന്ന് വെളിയിലേക്കിറങ്ങിയപ്പോൾ മകൾ ഉമ്മയോട് ചോദിച്ചു:
"ഡോക്ടർ ചോദിച്ചത് കേട്ടില്ലേ... ആരുമില്ലേന്ന്... അന്ന് ദിവ്യേച്ചിക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞില്ലായിരുന്നെങ്കിൽ... ബാപ്പ ഇപ്പോഴും നമ്മളോടൊപ്പം ഉണ്ടാവുമായിരുന്നു... അല്ലേ..."
"ബാപ്പയ്ക്ക് അത്രയേ ആയുസ്സ് നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ... ജീവിതത്തിലും മരണത്തിലും ആകസ്മികമായി ചിലത് സംഭവിക്കുന്നു. പുഴയിൽ ചാടിയ ദിവ്യയെ ജീവിതത്തിലേക്ക് കരകയറ്റിയിട്ട്... മരണത്തിലേക്ക് പടിയിറങ്ങാനായിരുന്നു ബാപ്പയുടെ വിധി. എല്ലാത്തിനും ഓരോ നിമിത്തങ്ങൾ കാണും... അറ്റമില്ലാത്ത നിമിത്തങ്ങൾ!"
നേരം സന്ധ്യ ആയെങ്കിലും ഇരുട്ടു പരക്കാൻ തുടങ്ങിയിരുന്നില്ല. ഓട്ടോയ്ക്ക് വേണ്ടി റോഡിൽ അല്പനേരം കാത്തു നില്ക്കേണ്ടി വന്നു. ഓട്ടോയിൽ ഇരുന്ന് അവർ ആലോചനയിൽ മുഴുകി. ഇന്ന് പലഹാരം വില്ക്കാനാവുമെന്നോ... ഡോക്ടറെ കാണാൻ പറ്റുമെന്നോ കരുതിയതല്ല... അതും സൗജന്യമായി. മിച്ചമുള്ള കാശ് കൊണ്ട് അത്യാവശ്യം അരിയും സാധനങ്ങളും വാങ്ങാം... ഒക്കെ തീരാറായി.
-അത്രയും നേരം ഒന്നും മിണ്ടാതെ വണ്ടിയോടിച്ചു കൊണ്ടിരുന്ന ഡ്രൈവർ സംസാരിച്ചു തുടങ്ങി:
"ഇക്കാലത്ത് നല്ലൊരു സംഖ്യ ഡോക്ടർക്കും മരുന്നിനും വേണ്ടി മാറ്റി വെക്കണം... എല്ലാവർക്കും അസുഖമല്ലേ... ഈ... മോളെ പോലൊരു മകളെനിക്കുണ്ട്... സ്റ്റെല്ല. ചികിത്സയിലാണ്... നാളെ മൂന്നാമത്തെ ഇഞ്ചക്ഷൻ കൊടുക്കേണ്ട ദിവസമാണ്. ഇപ്പോൾ ഓട്ടം വളരെ കുറവാ... അതുകൊണ്ട് രാത്രിയും പകലും സ്റ്റാൻഡിൽ തന്നെയാണ്."
-ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് ദൂരം വളരെ കുറവായിരുന്നു... ഓട്ടോ അവരുടെ വീട്ടുമുറ്റത്തെത്തി. വാടക എത്രയാണെന്ന് ചോദിക്കാതെ തന്നെ... അവർ കൈയ്യിലുള്ള മുഴുവൻ കാശും അയാൾക്ക് നേരെ നീട്ടി. അയാൾ ആദ്യം വാങ്ങാൻ തയ്യാറായില്ലെങ്കിലും... അവർ അയാളുടെ കൈയ്യിൽ നിർബന്ധപൂർവ്വം കാശ് വെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു:
"മോളുടെ അസുഖം പെട്ടെന്ന് മാറും... മോളെയും കൊണ്ട് ഒരു ദിവസം ഇങ്ങോട്ട് വരണം."
-അയാൾ നിറകണ്ണുകളോടെ യാത്ര പറഞ്ഞു.
അന്ന് പതിവിലുമേറെ നിലാവെളിച്ചമുണ്ടായിരുന്നു. സ്വാമിയുടെ ഭവനത്തിൽ അത്താഴം വിളമ്പിയാൽ പിന്നെ, ആരും ഫോൺ ഉപയോഗിക്കില്ല. കച്ചവടക്കാരനും ഡോക്ടറും എൻജിനീയറുമുണ്ട്... തീൻ മേശയിൽ ഭക്ഷണ വിഭവങ്ങളോടൊപ്പം കുട്ടികളും മുതിർന്നവരും പരസ്പരം അന്നന്നത്തെ വിശേഷങ്ങൾ പങ്കുവയ്ക്കും. ബേക്കറിയിലെന്ന പോലെ വീട്ടിലുമുണ്ട് സ്വാമിയുടെ ചിട്ടകൾ.
"മോളേ... ആ സ്ത്രീയും മകളും വന്നിരുന്നോ?"
"ഉവ്വ്... അവർ ഇടക്ക് വരാറുണ്ട്. പേഷ്യന്റിന് എല്ലിന് തേയ്മാനമാണ്... അധികം നടക്കാൻ പാടില്ല. പക്ഷേ, പറഞ്ഞാൽ അനുസരിക്കില്ല."
"അവർക്ക് നടത്തമാണ് പ്രയാസമുണ്ടാക്കുന്നത്... അല്ലേ മോളേ."
നേരം വെളുത്തു. പതിവ് പോലെ പ്രഭാത പൂജകൾക്ക് ശേഷം സ്വാമീസ് ബേക്കറി കൃത്യസമയത്ത് തന്നെ തുറന്നു. പക്ഷേ, അന്ന്... സ്വാമീസ് ബേക്കറിയുടെ ചരിത്രത്തിലാദ്യമായി, അവരുടെ ഷെൽഫിൽ... പുറത്തു നിന്നുള്ള പലഹാരം സ്ഥാനം പിടിച്ചു... 'ഇത്താത്താസ് ബ്രാൻഡ്' പലഹാരങ്ങൾ!
-അപ്പോൾ അങ്ങകലെ ഉമ്മ മകളോട് പറയുകയായിരുന്നു:
" നമ്മുടെ മനസ്സും ശരീരവും ശുദ്ധമാണെങ്കിൽ... നമ്മുടെ കർമ്മവും പ്രാർത്ഥനയും ആത്മാർത്ഥമാണെങ്കിൽ... ആകാശത്തേക്ക് നമ്മൾ മിഴി നട്ടിരിക്കുമ്പോൾ... രക്ഷകർ ചിറക് വിരിച്ചു നമുക്കിടയിലേക്ക് പറന്നു വരും... പക്ഷേ, ആകാശത്ത്‌ നിന്നല്ല, ഭൂമിയിൽ... നമുക്ക് ചുറ്റുമുള്ളവരിൽ... അവരിലാണ്... രക്ഷകരുടെ ചിറക് മുളക്കുക."
(ശുഭം)
സിദ്ധിഖ്ബാബു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot