==============
ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്. അതായത് ഒരു ഇരുപത്തി അഞ്ചോ ഇരുപത്തി നാലോ വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് ഇത്.
ഇന്നത്തെ പോലെ മന്തിയോ കബ്‌സയോ ബിരിയാണിയോ ഒന്നും കണി കാണാൻ പോലും കിട്ടാത്ത കാലം.
ഒരു പാട് അംഗങ്ങളുള്ള വീട്ടിൽ രാവിലെ വല്ല കപ്പ പുഴുങ്ങിയതോ അരി വറുത്തതോ അവിലോ ഒക്കെ കിട്ടിയാൽ തന്നെ രുചിയോടെ ചക്കര ഇട്ട കട്ടൻ ചായ കൂട്ടി സന്തോഷത്തോടെ കഴിച്ചിരുന്ന കാലം.
എനിക്ക് എട്ട് അമ്മായിമാർ ഉണ്ടായിരുന്നു. അമ്മായി കാക്കമാർ വല്ലപ്പോഴും വീട്ടിൽ വിരുന്നിനു വരുന്ന ദിവസമാണ് കോഴിക്കൂട്ടിൽ നിന്നും ഒരു പൂവനെ പിടിച്ചു നെയ്ച്ചോറും കോഴിക്കറിയും ഉണ്ടാക്കുന്നത്. കൂട്ടിനു തൈരും അച്ചാറും പപ്പടവും ഒക്കെ കാണും.
അന്ന് ഭാഗ്യം ഉണ്ടേൽ കുറച്ചു നെയ്ച്ചോറും നീട്ടിയ മുളകിട്ട കോഴിക്കറിയും കിട്ടും. ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടാൻ തക്ക ഭാഗ്യം ഉണ്ടെങ്കിൽ ഒരു ചെറിയ കോഴി കഷ്ണം കിട്ടും. ആ കഷ്ണം നൊട്ടി നുണഞ്ഞു ചോറു തീരും വരെ ബസ്സിയുടെ സൈഡിൽ കാണും.
പിന്നെ ഇത്തിരി ആഘോഷമായി ഫുഡ് കഴിക്കുന്നത് ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനുമാണ്. അന്നാണ് എള്ളെണ്ണയും വെളിച്ചെണ്ണയും കൂട്ടി കലർത്തിയ എണ്ണ തലയിലും ദേഹത്തും ഒക്കെ തേച്ചു നിർമയുടെ സോപ്പ് തേച്ചു പതപ്പിച്ചു കുളിക്കുന്നത്. സത്യം പറഞ്ഞാൽ കൊല്ലത്തിൽ സോപ്പ് ഉപയോഗിക്കുന്ന രണ്ടെ രണ്ടു ദിവസങ്ങൾ പെരുന്നാളുകൾ മാത്രമാണ്.
എത്ര പട്ടിണിയാണെങ്കിലും അന്ന് തേങ്ങാ ചോറും പരിപ്പ് കറിയും ഇറച്ചി വരട്ടിയതും പപ്പടം പൊള്ളിച്ചതും ഉണ്ടാവും. നാലും അഞ്ചും പപ്പടം ഒക്കെയാണ് അന്ന് ഞാൻ കഴിക്കുക. വീട്ടിലുള്ള പെണ്ണുങ്ങൾക്ക് ചിലപ്പോഴൊന്നും ഇറച്ചി ഉണ്ടാവില്ല. ഓരോ കഷ്ണം ഒക്കെ കൂടിയാവും അവർ പെരുന്നാളിന് പോലും ഭക്ഷണം കഴിക്കുക.
പിന്നെ ഒരിക്കലും നിറയാത്ത എന്റെ വയറിനു ആശ്വാസം കല്യാണങ്ങളാണ്. ഒരു മടിയും കൂടാതെ വയർ നിറയുന്ന വരെ തട്ടിയാണ് ഞാൻ കല്യാണം കൂടി തിരിച്ചു വരുന്നത്.
ആ സമയത്താണ് നാട്ടിൽ ഒരു കല്യാണം വരുന്നത്. നല്ല സാമ്പത്തികം ഉള്ള വീടായിരുന്നു അത്.
ആ കല്യാണം അന്ന് ഞങ്ങൾ കുട്ടികൾക്ക് ഹരമായി തോന്നിയത് ഭക്ഷണം ചിക്കൻ ബിരിയാണി ആയിരിക്കും എന്ന വിവരം നേരത്തെ ചോർന്നു കിട്ടിയത് കൊണ്ടാണ്.
നെയ്ച്ചോറും ബീഫുമായിരുന്നു അന്നത്തെ കല്യാണങ്ങൾക്കുള്ള പ്രധാന വിഭവം. അതിലും മുന്തിയ ബിരിയാണി കഴിക്കാം എന്നതായിരുന്നു എന്റെ സന്തോഷം. അത് മാത്രമല്ല ദൂരെ ദേശങ്ങളിൽ എവിടെയോ കൂട്ടിലിട്ടു വളർത്തുന്ന വെളുത്ത തൂവലുള്ള കൊഴുത്തുരുണ്ട അതീവ രുചികരമായ മുട്ട കോഴി കൊണ്ടാണ് ബിരിയാണി ഉണ്ടാക്കുക എന്നും ഞാൻ കേട്ടിരുന്നു.
അങ്ങനെ ആ കല്യാണവും വന്നെത്തി.
രണ്ട് മൂന്ന് ദിവസം മുൻപേ തൊടി നിരത്തി പന്തലിടുന്ന പണി തുടങ്ങി. സ്കൂൾ പൂട്ടിയ കാലമായതിനാൽ പണിക്കാരുടെ കൂടെ കയർ എടുത്തു കൊടുക്കാനുമൊക്കെ ഞാനും കൂടും.
കല്യാണത്തലേന്നു കല്യാണ വീട് മുഴുവൻ വെളിച്ചത്തിൽ കുളിച്ചു നിന്നു. ഞങ്ങൾ കുട്ടികൾ വലിയ ആവേശത്തോടെ അവിടെ ഓടി നടന്നു.
കസേരയും സ്റ്റൂളുമൊക്കെ തുടക്കാനും കർട്ടൻ കെട്ടാനുമൊക്കെ കൂടുമ്പോഴും മനസ്സിൽ കൊട്ട ജീപ്പിൽ വരുന്ന കോഴികളായിരുന്നു.
അന്ന് കല്യാണ വീടുകളിൽ കൈ തുടക്കാനുള്ള ടിഷ്യു പേപ്പർ ആയി ഉപയോഗിക്കുന്നത് ന്യൂസ് പേപ്പറുകളാണ്. അത് ചെറിയ പേപ്പറുകളായി മുറിക്കുന്നത് കുട്ടികളാണ്.
പന്തലിൽ ഒരിടത്തിരുന്നു പേപ്പർ മുറിക്കുമ്പോൾ കണ്ണ് തൊട്ടപ്പുറത്തെ ബോംബായി ഉള്ളി (സവാള ) അരിയുന്ന സ്ഥലത്തായിരുന്നു. കൊച്ചു വർത്തമാനം പറഞ്ഞു ഉള്ളി അതിവേഗം കഷ്ണം കഷ്ണമായി അരിയുന്ന ആ ശബ്ദത്തിനു വല്ലാത്ത ഒരു താളബോധമുണ്ടായിരുന്നു.
പുലർച്ചെ എപ്പോഴോ ചിക്കൻ വലിയ അലുമിനിയത്തിന്റെ ബക്കറ്റുകളിൽ കഷ്ണങ്ങളാക്കി കൊണ്ട് വന്നു.
ഉറക്കം വന്നു തഴുകിയ മിഴികൾ വലിച്ചു തുറന്നു ഞങ്ങൾ കുട്ടികൾ അതിനു ചുറ്റും കൂടി. അത് നന്നായി കഴുകി വെള്ളം വാരാൻ മുള കൊട്ടകളിൽ വെച്ചത് പൂച്ചയും പട്ടിയും കടിച്ചു കൊണ്ട് പോവാതിരിക്കാൻ ഞങ്ങൾ ഉറങ്ങാതെ കാവൽ നിന്നു.
രാവിലെ ബിരിയാണിയുടെ അരി നന്നായി കഴുകി ചെമ്പിലിടുന്നത് ഞാൻ കണ്ടു. അരി കഴുകിയ വെളുത്ത വെള്ളം തെങ്ങിൻ ചോട്ടിലേക്ക് ചാലുണ്ടാക്കി കടത്തി വിട്ടത് പോലും ഞാനായിരുന്നു.
അപ്പോഴേക്കും വെട്ട് കല്ല് വെച്ച വിറകടുപ്പിൽ കോഴി മസാലയുടെ മണം പൊങ്ങി. അതിനു മുകളിൽ പാതി വെന്ത അരിയിട്ട് മൂടി വെച്ചു നീരാവി പോവാതിരിക്കാൻ സൈഡിൽ മൈദ തേച്ചു മുകളിൽ കല്ല് കയറ്റി വെച്ചു.
ബിരിയാണി ചെമ്പിനു താഴെയും അടപ്പിന് മുകളിലും കനലുകൾ കോരിയിട്ടു ദമ്മിട്ടതോടെ ബിരിയാണി വെപ്പ് കഴിഞ്ഞു. ഇനി കുറെ നേരം ആ കനലിൽ കിടന്നു വേവുന്നതോടെ സ്വാദിഷ്ടമായ ബിരിയാണി റെഡിയാവും.
പിന്നീട് ഞാൻ വീട്ടിലേക്ക് ഓടി പോയി കുളിച്ചു ഉള്ളതിൽ നല്ല വസ്ത്രം എടുത്തു ഉടുത്തു വീണ്ടും കല്യാണ വീട്ടിലേക്ക് വന്നു.
അപ്പോഴേക്കും അതിഥികൾ വരാൻ തുടങ്ങി. അതോടെ ഞാൻ അതിഥികൾക്ക് വെള്ളം കൊടുക്കുന്ന ജോലി തുടങ്ങി.
ആ പണിക്ക് നിന്നാൽ മറ്റൊരു ഗുണം കൂടിയുണ്ട്. അക്കാലത്തു വളരെ ദുർലഭമായ ഫോട്ടോ പിടുത്തത്തിൽ ഞാനും ഉണ്ടാവും എന്നതായിരുന്നു അത്. വിശിഷ്ടാതിഥികളുടെ ഫോട്ടോ എടുക്കുമ്പോൾ ഏതെങ്കിലുമൊരു കോണിൽ ഉണ്ടാവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
നല്ല ഐസിട്ടു തണുപ്പിച്ച നാരങ്ങാ വെള്ളം സോഡാ കുപ്പിയിൽ നിറച്ചു സ്ട്രോ ഇട്ടു കൊടുക്കുന്നതായിരുന്നു അന്നത്തെ വെൽക്കം ഡ്രിങ്ക്. നാരങ്ങാ വെള്ളം ഇഷ്ടമാണെങ്കിലും കുറച്ചു കൂടെ കഴിഞ്ഞാൽ കിട്ടുന്ന രുചികരമായ ബിരിയാണി കഴിക്കാൻ വയറിൽ സ്ഥലം കുറഞ്ഞാലോ എന്ന ശങ്കയിൽ ഞാൻ വെള്ളം കുടിക്കാനേ തുനിഞ്ഞില്ല.
അങ്ങനെ വെള്ളം കൊടുത്തു കൊണ്ടിരിക്കുമ്പോൾ ചോറ്റു പന്തലിൽ നിന്നും അന്നോളം അനുഭവിക്കാത്ത രുചികരമായ സ്വർഗീയ സമാനമായ ഒരു മണം എന്നെ വന്നു പൊതിഞ്ഞു.
വായിലെ മുഴുവൻ രുചി മുകുളങ്ങളും യഥേഷ്ഠം വെള്ളം നിറച്ച ആ സമയത്ത് ഞാൻ പന്തലിലേക്കോടി.
അവിടെ ചെമ്പിൽ നിന്നും ബിരിയാണി വേറെ വട്ട ചെമ്പിലേക്ക് മാറ്റി ഇടുകയാണ് വെപ്പുകാരൻ. നീണ്ട ചട്ടുകം കൊണ്ട് ചോറ് വാരി കഴിഞ്ഞപ്പോൾ അടിയിൽ കുറച്ചു നീരിന്റെ കൂടെ മസാലയിൽ കുളിച്ച കോഴി കഷ്ണങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു നിന്നു. ചോറിനു മുകളിൽ നെയ്യിൽ വറുത്തെടുത്ത അണ്ടിയും മുന്തിരിയും കറിവേപ്പിലയും ചെറുതായി അറിഞ്ഞ സവാളയും കല്യാണ പെണ്ണിന്റെ ദേഹത്തെ സ്വർണ്ണം പോലെ തിളങ്ങി നിന്നു.
അപ്പോഴേക്കും കുഴി പിഞ്ഞാണത്തിൽ ബിരിയാണി നിറക്കാൻ തുടങ്ങിയിരുന്നു ചിലർ. ആദ്യം രണ്ടു കഷ്ണം ചിക്കൻ മസാലയോടെ ഇടും. പിന്നെ ബിരിയാണി. എന്നിട്ട് ടേബിളിൽ വെച്ച പിഞ്ഞാണത്തിലേക്ക് ആ പാത്രം കമിഴ്ത്തും. അർദ്ധ വൃത്താകൃതിയിൽ ചേലുള്ള ബിരിയാണി മൊഞ്ചോടെ പ്ളേറ്റിൽ തല ഉയർത്തി നിൽക്കും.
ഞാൻ മെല്ലെ ഒരു ഭാഗത്തെ ടേബിളിൽ സ്ഥലം പിടിച്ചു. ആളുകൾ തിക്കി തിരക്കി ഇരിക്കാൻ തുടങ്ങിയിരിക്കുന്നു.
ആദ്യം എന്റെ മുന്നിൽ ഒരു ഗ്ലാസ് വന്നു. പിന്നെ വെളുത്ത പിഞ്ഞാണം. അതിൽ അച്ചാറും പുളിഞ്ചിയും വന്നു വീണു. തൊട്ട് പിന്നാലെ കുത്തു പിഞ്ഞാണത്തിൽ ഒരു വട്ട പുട്ട് പോലെ ബിരിയാണി കൊണ്ട് വന്നു തട്ടി തന്നു.
പകുതി മുറിച്ച പന്ത് പോലെയുള്ള ചൂടുള്ള ബിരിയാണിയിൽ നിന്നുയർന്ന മണം ഞാൻ കണ്ണുമടച്ചു ആദ്യം ഒന്ന് ആസ്വദിച്ചു.
പിന്നെ വായിൽ നിറഞ്ഞ ഉമിനീർ ഇറക്കി ബിരിയാണി തിന്നാൻ കൈ നീട്ടിയപ്പോഴാണ് ആരോ എന്നെ പിറകിൽ നിന്നും പിടിച്ചു വലിച്ചത്.
'കുട്യാളൊക്കെ നീച്ചു കൊടുക്കി. ആൾക്കാർ ഇരിക്കട്ടെ '.
കഴിക്കാൻ വന്ന വിശിഷ്ഠാതിഥികൾക്ക് ഇരിക്കാൻ കസേര കിട്ടാത്ത ദേഷ്യത്തിൽ ആരോ എന്നെയും പിടിച്ചു എണീൽപ്പിച്ചു.
അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി.
'അന്തം വിട്ട് നിക്കാതെ പോയി വെള്ളം ഒഴിച്ച് കൊടുക്ക് '.
ആരോ ഒരു സ്റ്റീൽ ജഗ്ഗ് എന്റെ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു.
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ഓരോരുത്തർക്കായി വെള്ളം ഒഴിച്ച് കൊടുത്തു കൊണ്ടേ ഇരുന്നു.
ഓരോ ട്രിപ്പിനും കൊള്ളാവുന്നതിൽ കൂടുതൽ ആൾക്കാർ വന്നു കൊണ്ടിരുന്നു. ഒന്ന് രണ്ട് പ്രാവശ്യം ഇരിക്കാൻ നോക്കിയിട്ടും തിരക്കിൽ പെട്ട് എനിക്കതിനു കഴിഞ്ഞില്ല.
ബിരിയാണി ചെമ്പുകൾ ഓരോന്നായി കാലിയാവുന്നത് കരയുന്ന മനസ്സോടെ ഞാൻ നോക്കി നിന്നു.
ഒടുവിൽ കഴിക്കാൻ കുറെ ആളുകൾ ബാക്കി നിൽക്കെ ബിരിയാണി കഴിഞ്ഞു പോയി. അപ്പോഴേക്കും വേറെ ചെമ്പിൽ വെറും ചോറും കറിയും കുറച്ചു നെയ്‌ച്ചോറുമൊക്കെ വെപ്പുകാർ തകൃതിയിൽ തട്ടി കൂട്ടി.
സാവധാനം ആളുകൾ ഒഴിഞ്ഞു കൊണ്ടിരുന്നു.
ശൂന്യമായ ബിരിയാണി ചെമ്പ് കാണുമ്പോഴൊക്കെ എന്റെ നെഞ്ചിൽ സങ്കട പെരുമഴ പെയ്യാൻ തുടങ്ങി.
അപ്പോഴാണ് ചെമ്പിന്റെ അടപ്പിന് സൈഡിൽ തേച്ചു പിടിപ്പിച്ചിരുന്ന മൈദ മൊരിഞ്ഞു കിടക്കുന്നത് വിറക് കൂട്ടത്തിനിടയിൽ വലിച്ചിട്ടത് ഞാൻ കണ്ടത്.
അത് പൊട്ടിച്ചു ഞാൻ വെറുതെ ഒന്ന് മണത്തു നോക്കി.
അതിനു ബിരിയാണിയുടെ ഒരു ചെറിയ മണമുണ്ടായിരുന്നു. ആരും കാണാതെ ഞാൻ അത് വായിലിട്ട് ചവച്ചു നോക്കി.
അന്നോളം തിന്നാത്ത ബിരിയാണിയുടെ എന്തോ ഒരു രുചി എനിക്ക് കിട്ടി.
പിന്നീട് ഒരിക്കലും ഒരു ബിരിയാണി കഴിച്ചിട്ടും കണ്ണീരുപ്പ് കലർന്ന മൈദയുടെ ആ രുചി എനിക്ക് കിട്ടിയിട്ടില്ല.
(വായനക്ക് നന്ദി ).
സ്നേഹത്തോടെ.
ഹക്കീം മൊറയൂർ.
ഹക്കീം മൊറയൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക