നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഷീല (കഥ)


ആ നീല പെയിന്റടിച്ച കൂറ്റന്‍ ഇരുമ്പ് ഗേറ്റും ,അതിനു മുകളില്‍ വെളുത്ത അക്ഷരങ്ങളില്‍ മനോഹരമായി എഴുതിയ “ഷീല” എന്ന വീട്ടുപേരും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.ഗേറ്റിന്റെ നീല നിറമാകെ ഇളകിയിരിക്കുന്നു.കമ്പികള്‍ തുരുമ്പിച്ചു അടര്‍ന്നിരിക്കുന്നു.എങ്കിലും ഷീല എന്ന പേരിനു മാത്രം ഇളക്കമില്ല.ആ രണ്ടക്ഷരങ്ങള്‍ ആ കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലെ കാട് കയറിയ പുരയിടത്തിനും അതിനുള്ളിലെ ഇരുനില വീടിനും കാവലായി നില്‍ക്കുന്നു.കാലത്തിനോടുള്ള വാശിപോലെ.ഷീല...ഷീല അതിനുള്ളില്‍ ഉണ്ടാകുമോ .ഞാന്‍ ഗേറ്റ് മെല്ലെ തള്ളിനോക്കി.ഏറെനാള്‍ മഴ നനഞ്ഞു തുറക്കാതെ കിടന്നതിനാല്‍ ,അത് ചലിച്ചില്ല.പകരം ഒരു കരച്ചില്‍ പുറപ്പെടുവിച്ചു.ആരും തൊടാത്ത ഓര്‍മ്മകളുടെ കരച്ചില്‍ പോലെ.
“എടീ ഇതെന്താ ഈ വീടിനു ഷീലാ ന്നു പേര്?”
“അതോ ,അവിടുത്തെ ഇളയ മോള്‍ടെ പേര് ഷീലാന്നാ.”
പതിനാല് കൊല്ലം മുന്‍പ് ,ഏതോ അവധി ദിവസം ആ വീടിനു മുന്‍പിലൂടെ നടന്നുപോകുമ്പോള്‍ കൂട്ടുകാരിയായ സൗമ്യ പറഞ്ഞു.
“പുള്ളിക്കാരിയെ കാണാന്‍ ഭയങ്കര സുന്ദരിയാ .നിന്നെപോലെയൊന്നുമല്ല.” സൗമ്യ കളിയാക്കി.
“ഓ,പിന്നെ നിന്നെ കാണാന്‍ ഉര്‍വശിയെ പോലെയാണല്ലോ.”
അങ്ങിനെ പറഞ്ഞെങ്കിലും ആ നിമിഷം മനസ്സില്‍ അസൂയയുടെ വിത്ത്‌ വീണിരുന്നു.
പിന്നെ ഒരിക്കല്‍ ആ വീടിനു മുന്‍പിലൂടെ ബസ്സില്‍ പോകുമ്പോള്‍ കണ്ടു, ആ ഇരുനില വീടിനു മുകളിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന യുവതി.ഒരു മിന്നല്‍ പോലെയായിരുന്നു കാഴ്ചയെങ്കിലും മനസ്സില്‍ പതിയാന്‍ അത് മതിയായിരുന്നു.
ചന്ദന നിറം.നീണ്ട സമൃദ്ധമായ മുടി.കാന്തം പോലെയുള്ള കണ്ണുകള്‍.അഴക്‌ മനുഷ്യരൂപമെടുത്തു വന്ന പോലെ..
അന്ന് വീട്ടില്‍ വന്നതിനു ശേഷം ഏറെ നേരം കണ്ണാടിയുടെ മുമ്പില്‍ ചെന്ന് നോക്കി.എത്ര മഞ്ഞള് പുരട്ടിയിട്ടും മുഖത്തിന്‌ ഭംഗി വരുന്നില്ല.മൂക്കിനു കീഴെ ഒരു മുഖക്കുരു പൊടിച്ചു വരുന്നു. അത് തന്നെ കളിയാക്കുന്നത് പോലെ.മുടി...മുടിയുടെ കാര്യമാണ് കഷ്ടം..എലിവാലു പോലെ എന്ന് പറഞ്ഞു അനിയന്‍ കളിയാക്കും.
“നിനക്ക് പഠിക്കാന്‍ ഒന്നുമില്ലേ..കണ്ണാടിയുടെ മുന്നില്‍ സുന്ദരി കളിച്ചു നിന്നോ..”
അടുക്കളയില്‍നിന്ന് അമ്മയുടെ ശകാരം.
“പിന്നെ പെണ്ണുങ്ങളായാ കുറച്ചു നേരം സൗന്ദര്യം ഒക്കെ നോക്കിന്നിരിക്കും.”അപ്പുറത്തെ വീട്ടിലെ സുമതി ചേച്ചിയുടെ സ്വരം.അടുക്കളഭാഗത്തെ കിണറ്റിലേക്ക് തൊട്ടിയിടുന്ന ശബ്ദം കേട്ടു.സുമതി ചേച്ചി വെള്ളം കോരാന്‍ വന്നതാവും.
“സുമതി ചേച്ചി ,ഷീലയെ കണ്ടിട്ടുണ്ടോ ?”
“സിലിമായില്‍ ..എന്നാ രസവാ ..ചോര തൊട്ടെടുക്കാം.”
“അതല്ല.നമ്മുടെ അമ്പലമുക്കിലെ വഴിസൈഡില്‍ ഒരു ഷീലാ ന്നു പറഞ്ഞ വീടില്ലേ..”
“ഓ ,അതോ അത് പാലൂര്‍ക്കാവിലെ ഗോപിനാഥന്‍ നായരുടെ വീടാ.. അവിടെ ഒരു പെങ്കൊച്ചുണ്ട് ..ശരിക്കുമുള്ള ഷീല മാറിനില്‍ക്കും.”
സുമതിയേച്ചിയാണ് ഷീലയെക്കുറിച്ച് കൂടുതല്‍ പറഞ്ഞത്.ഗോപിനാഥന്‍നായര്‍ക്ക് മൂന്നാണ്‍ക്കുട്ടികള്‍.ഏറ്റവും ഇളയ പെണ്‍കുട്ടി ഷീല.ഗോപിനാഥന്‍നായര്‍ക്ക് നടി ഷീല ഒരു ഭ്രാന്തായിരുന്നു.അതുകൊണ്ട് തന്നെ ഏറ്റുവും ഒടുവില്‍ ജനിച്ച വെളുത്തു ചുവന്ന പെണ്‍കുട്ടിക്ക് തന്റെ ഇഷ്ടനായികയുടെ പേരിടാന്‍ അയാള്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.അച്ഛന്റെയും മൂത്ത ആങ്ങളമാരുടെയും വാത്സല്യം ആവോളം നുകര്‍ന്ന് ,നാട്ടിലെ യുവാക്കളുടെ മോഹ സ്വപ്നങ്ങളില്‍ വിരുന്നുകാരിയായി.. ഭാഗ്യം ചെയ്ത ജന്മം തന്നെ..
“കാണാന്‍ മാത്രമല്ല.നല്ല ബുദ്ധീംണ്ട്.എല്ലാ ക്ലാസിലും ഫസ്റ്റാ...സിനിമേലൊട്ടൊക്കെ ആള്‍ക്കാര് വിളിക്കുന്നുണ്ട്..പഠിപ്പ് കഴിഞ്ഞിട്ടേ വീട്ടുകാര് തീരുമാനിക്കത്തൊള്ളു...ഈ വര്‍ഷം കൊണ്ടതിന്റെ ഡിഗ്രി തീരും.”
“അതിനൊക്കെ ഒരു യോഗം വേണം.” പിറ്റേന്ന് സ്കൂള്‍ വിട്ടു വരുമ്പോള്‍ ഷീലയുടെ കഥ കേട്ട് നിരാശയോടെ സൗമ്യ പറഞ്ഞു.
“അതെ.ദൈവം ചെലര്‍ക്ക് എല്ലാം കൊടുക്കും.ഗ്ലാമറും കഴിവും പണോം..” ഷീലയുടെ വീടിനു മുന്‍പിലെ കൂറ്റന്‍ ഇരുമ്പുഗേറ്റിലെ അക്ഷരങ്ങള്‍ നോക്കി ഞാന്‍ പറഞ്ഞു.
“എല്ലാമില്ലേലും ഏതെങ്കിലും ഒന്നെലും തന്നാല്‍ മതിയായിരുന്നു.എനിക്കീ പറഞ്ഞ ഒന്നുമില്ല.”സൗമ്യ തന്റെ ദു:ഖം മറച്ചുവച്ചില്ല.
“ഓ പിന്നെ...കഴിഞയാഴ്ചയല്ലെടി നീ പുതിയ സ്വര്‍ണ്ണ ജിമുക്കി മേടിച്ചേ..സദാനന്ദന്‍ ചേട്ടന്‍ കൊള്ളപ്പലിശ മേടിക്കുന്നത് നിനക്ക് സ്വര്‍ണ്ണം മേടിക്കാനല്ലേ..എനിക്കാ ഈ പറയുന്ന ഒന്നുമില്ലാത്തത്..ഞങ്ങളെ വാടകക്കാ കഴിയുന്നത്‌. ”
“അയ്യടി ക്ലാസില്‍ ഫസ്റ്റ് നിനക്കല്ലേ..ഓണപ്പരീഷക്ക് ഫസ്റ്റ് കിട്ടിയെന് സമ്മാനം കിട്ടിയപ്പോ എന്നാ ചിരിയായിരുന്നു..പിന്നെ നിന്റെ അച്ഛനു ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ കിട്ടിയകൊണ്ടല്ലേ വാടകക്ക് കഴിയുന്നത്‌. ” സൗമ്യ ദേഷ്യത്തോടെ പറഞ്ഞു.
ഞാന്‍ അത് ശ്രദ്ധിച്ചില്ല. റോഡില്‍നിന്ന് ആ വലിയ വീട് ഏന്തി വലിഞ്ഞു നോക്കുകയായിരുന്നു.മഞ്ഞമന്ദാരങ്ങള്‍ പൂവിട്ട മുറ്റം.ബാല്‍ക്കണിയിലേക്ക് ചേര്‍ന്ന്നില്‍ക്കുന്നു കണിക്കൊന്നയുടെ പൂത്ത ശിഖരങ്ങള്‍.
“പുള്ളിക്കാരിയില്ല.”
“ആ ചേച്ചി ഹോസ്റ്റലില്‍ നിന്നാ പഠിക്കുന്നെ..” സൌമ്യ പറഞ്ഞു.
“പുള്ളിക്കാരി എന്തിനാ പഠിക്കുന്നെ..ഇഷ്ടം പോലെ പണം..ഗ്ലാമറും..സിനിമേലൊക്കെ അഭിനയിച്ചു ഫെയ്മസായാല്‍ പോരെ.” ഞാന്‍ എന്റെ ചിന്ത പറഞ്ഞു.
“ഷീലയെ കണ്ടോണ്ടു നീ ജീവിക്കണ്ട.നന്നായി പഠിച്ചാല്‍ വല്ല ജോലിയും കിട്ടും.എനിക്ക് പഠിക്കാനും കഴിവില്ല.സൗന്ദര്യോമില്ല.അതോണ്ടാ അച്ഛന്‍ കാശ് ഉണ്ടാക്കാന്‍ ജീവിക്കുന്നെ..അതേലും കണ്ടു ആരേലും കെട്ടിക്കൊണ്ട് പോയാ മതിയായിരുന്നു.”
“കെട്ടിയാ മാത്രേ ജീവിക്കത്തൊള്ളോ?” ഞാന്‍ ആവേശത്തോടെ ചോദിച്ചു.
അപ്പോഴെക്കും ഞങ്ങള്‍ സൗമ്യയുടെ വീടിന്റെ മുന്‍പില്‍ എത്തിയിരുന്നു.അതിനു മറുപടി പറയാതെ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കിയശേഷം അവള്‍ വീട്ടിനുള്ളിലേക്ക് കയറി പോയി.
അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു.മഞ്ഞ മന്ദാരങ്ങള്‍ മാത്രം വളര്‍ന്നുനില്‍ക്കുന്ന ഒരു പൂന്തോട്ടം.അതിനു നടുവില്‍ നിലത്തു മുട്ടുന്ന തന്റെ മുടിയിഴകള്‍ കോതിക്കൊണ്ട് പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.എനിക്ക് അവളുടെ കണ്ണുകള്‍ വേണം.അവളുടെ കാന്തം പോലെയുള്ള കണ്ണുകള്‍..ഞാന്‍ മെല്ലെ പുറകിലൂടെ ചെന്ന് ആ കണ്ണുകള്‍ പറിച്ചെടുക്കാന്‍ ശ്രമിച്ചു.ഇല്ല.തനിക്ക് കഴിയുന്നില്ല...അതൊരു ഇരുമ്പ് പ്രതിമയായിരുന്നു.ഞാന്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതെ കണ്ണുകളല്ല..ഷീല എന്നെഴുതിയ രണ്ടക്ഷരങ്ങളാണ്.രണ്ടു ഇരുമ്പ് അക്ഷരങ്ങള്‍..
അക്കൊല്ലം വാര്‍ഷിക പരീക്ഷക്ക് ഒരു മാസം മാത്രം ശേഷിക്കെ ഞങ്ങളുടെ ഫിസിക്ക്സ് ടീച്ചര്‍ പ്രസവാവധിയെടുത്ത് പോയതിനുശേഷം താല്‍ക്കാലികമായി ഒരു പുതിയ ടീച്ചര്‍ വരുമെന്ന് ക്ലാസ് ടീച്ചര്‍ പറഞ്ഞിരുന്നു.ഒരു തിങ്കളാഴ്ച്ച രാവിലെ ആദ്യത്തെ പീരിയഡില്‍ ക്ലാസിലേക്ക് വന്ന പുതിയ ടീച്ചറെ കണ്ടു ഞാനും സൗമ്യയും ഞെട്ടി.
അത് ഷീലയായിരുന്നു.അല്ല.ഷീല ടീച്ചര്‍.
കണ്ണെടുക്കാന്‍ തോന്നാത്ത രൂപം. സൗമ്യമായ സ്വരം.തിളങ്ങുന്ന കണ്ണുകള്‍.ഇളം നീല നിറമുള്ള സാരിയും ചുവന്ന പൂക്കള്‍ വാരി വിതറിയ വെളുത്ത ബ്ലൌസും അവര്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.
“അവര്‍ക്കിതൊരു തമാശയാ..വല്ലോ ഒന്നോ രണ്ടോ ആഴ്ച്ചയെ കാണൂ..അത് കഴിഞ്ഞു സിവില്‍ സര്‍വീസ് ട്രെയിനിങ്ങിനു ഡല്‍ഹിയില്‍ പോകുമെന്നാ കേട്ടത്.”സൗമ്യ പറഞ്ഞു.
അവര്‍ നന്നായി പഠിപ്പിച്ചു.ആജ്ഞാശക്തി കലര്‍ന്നതെങ്കിലും സൗമ്യമായ നോട്ടം.തെളിഞ്ഞ സ്വരം.അത് കൂടാതെ വിഷയത്തില്‍ നല്ല അറിവും.
കുട്ടികള്‍ക്ക് അവരെ ഒത്തിരി ഇഷ്ടമായി.ആണ്‍കുട്ടികള്‍ അവരെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന കാര്യം പറഞ്ഞു സൗമ്യ ചിരിച്ചപ്പോള്‍ എനിക്ക് ദേഷ്യം വന്നു.
“പക്ഷേ അവര്‍ക്ക് ..അവര്‍ക്ക് എന്തോ കുറവുണ്ട്.” ഞാന്‍ പറഞ്ഞു.
“എന്ത് ?”
ഞാന്‍ നിശബ്ദയായി.
“നിനക്ക് നല്ല അസൂയയുണ്ടല്ലേ..എനിക്കും.” സൗമ്യ ആത്മഗതം നടത്തിയത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു.
ഇതിനിടയില്‍ ഒരു ദിവസം ഷീല ടീച്ചര്‍ ഒരു ക്ലാസ് ടെസ്റ്റ് നടത്തി.പരീക്ഷയുടെ തലേന്ന് നല്ല തലവേദനയായിരുന്നതിനാല്‍ കാര്യമായി തയ്യാര്‍ എടുക്കാതെയാണ് ഞാന്‍ പരീക്ഷ എഴുതിയത്.പക്ഷേ മാര്‍ക്ക്.. അത് കുറഞ്ഞു പോയി ഒന്നാം സ്ഥാനം നഷ്ടപെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു.അതുംകൂടി ഇല്ലാതായാല്‍...ആ ദിവസങ്ങളില്‍ ചെയ്യുന്ന ഏതു കാര്യത്തിനും ഷീല എന്ന വ്യക്തിയുമായി താരതമ്യം ചെയ്യുന്നത് ഞാനറിയാതെ ശീലമാക്കിയിരുന്നു.അതുകൊണ്ടാണ് ഞാന്‍ ഒരു തുണ്ട് പേപ്പറില്‍ ഫോര്‍മുലകളും ഇക്വേഷനും എഴുതിയ ഒരു തുണ്ട് പേപ്പര്‍ സൗമ്യ പോലും അറിയാതെ പേപ്പര്‍ വച്ചെഴുതുന്ന നോട്ടുബുക്കിന്റെ ഇടയില്‍ തിരുകിയത്.
“ഇങ്ങനെയാണോ താനിത് വരെ ഒന്നാം സ്ഥാനം നേടിയിരുന്നത് ?” ഷീല ടീച്ചറിന്റെ ചോദ്യത്തിനു മുന്‍പില്‍ തന്റെ തൊലിയുരിഞ്ഞു പോയി.ക്ലാസിലെ എല്ലാ കണ്ണുകളും തന്നെ വിശ്വാസം വരാതെ നോക്കുന്നത് അറിഞ്ഞു.
വീട്ടിലേക്ക് നടക്കുമ്പോള്‍ കരച്ചില്‍ അടക്കിപ്പിടിച്ചു.സൗമ്യ ഒന്നും മിണ്ടാതെ കൂടിനടന്നു.
“നീ ഷീല ഷീല എന്ന് ഇരുപത്തിനാല് മണിക്കൂറും വിചാരിക്കുന്ന കൊണ്ടാ ഈ വേണ്ടാതീനത്തിനു പോയത്.”ഒടുവില്‍ അവള്‍ ശബ്ദിച്ചു.
അപ്പോഴേക്കും ഞങ്ങള്‍ ആ വലിയ മതില്‍ക്കെട്ടിനരികില്‍ എത്തിയിരുന്നു.കൂറ്റന്‍ ഇരുമ്പ് ഗേറ്റിലെ ആ രണ്ടു അക്ഷരങ്ങള്‍ എന്നെ നോക്കി പല്ലിളിച്ചു.പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ പൊട്ടിക്കരഞ്ഞു.
റോഡു വിജനമായിരുന്നു.ഞാന്‍ നോക്കുമ്പോള്‍ സൗമ്യ ഒരു മുഴുത്ത കല്ല്‌ എടുത്തുകൊണ്ട് വരുന്നത് കണ്ടു.ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് സൗമ്യ ആ കല്ലെടുത്ത്‌ ഷീല എന്നെഴുതിയ അക്ഷരങ്ങളിലേക്ക് ആഞ്ഞിടിച്ചു.
“ഇതവരുടെ തലയാ..”ഇടിക്കുന്നതിനിടയില്‍ സൌമ്യ പുലമ്പി.
“എടി നിര്‍ത്തു..”ഞാന്‍ എങ്ങലുകള്‍ക്കിടയിലൂടെ ആശങ്കയോടെ പറഞ്ഞു.ആരെങ്കിലും കണ്ടാല്‍..
പക്ഷേ സൗമ്യക്ക് കുലുക്കമില്ലായിരുന്നു.നല്ല വണ്ണവും ആരോഗ്യവുമുണ്ടായിരുന്നത് കൊണ്ട് ‘ഷീല’യുടെ, ‘ ല ‘എന്ന അക്ഷരത്തിന്റെ ഒരു ചെറിയ ഭാഗം അവള്‍ മുറിച്ചു.
“നിനക്ക് നല്ല ബുദ്ധിയുണ്ടല്ലോ.ഇനി കോപ്പിയടി പോലത്തെ വേണ്ടാതീനം കാണിച്ചാല്‍ നിന്റെ തലയായിരിക്കും ഞാന്‍ പൊട്ടിക്കുന്നെ ..” കല്ല്‌ ദൂരെ എറിഞ്ഞു കളഞ്ഞിട്ടു സൗമ്യ എന്നോട് ദേഷ്യത്തില്‍ പറഞ്ഞു.
അന്ന് രാത്രി പല തവണ ഞാന്‍ മനസ്സില്‍ ഷീലടീച്ചറിന്റെ തല പല പ്രാവശ്യം കല്ലുകൊണ്ട് ഇടിച്ചു.ചോരചീറ്റുന്ന അവരുടെ സുന്ദരമായ ശിരസ്സ് എനിക്ക് കുറച്ചു ആശ്വാസം തന്നു.
വാര്‍ഷികപരീക്ഷ അടുത്തെത്തി.അധ്യയനത്തിന്റെ അവസാനദിവസം.
“നിങ്ങള്‍ക്ക് എന്നെ കുറിച്ച് ,എന്റെ ടീച്ചിങ്ങിനെക്കുറിച്ച് പറയാനുള്ള കാര്യങ്ങള്‍ ഒരു പേപ്പറില്‍ എഴുതിത്തരണം.ആരും പേര് വയ്ക്കണ്ട.മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു എഴുതാം.”
അത് പറയുമ്പോള്‍ ഷീലടീച്ചറുടെ നോട്ടം എന്നിലായിരുന്നോ എന്ന് സംശയം തോന്നി.
‘നിങ്ങളു തല പൊട്ടിത്തെറിച്ചെ മരിക്കൂ..ശരിക്കും അനുഭവിക്കും.” ക്രൂരമായ തൃപ്തിയോടെ എഴുതി.
വാശിയോടെ പഠിച്ചു.പക്ഷേ വാര്‍ഷികപരീക്ഷയുടെ ദിവസങ്ങളില്‍ ഷീല ടീച്ചറെ കണ്ടില്ല.അവര്‍ ഐ.എ.എസ് നേടാന്‍ പോയിടുണ്ടാവും.അല്ലെങ്കില്‍ സിനിമാനടിയായിട്ടുണ്ടാവും.എനിക്കെന്ത്?
രണ്ടു മാസം കഴിഞ്ഞപ്പോള്‍ അച്ഛന് വീണ്ടും ട്രാന്‍സ്ഫര്‍ വന്നു.ടി.സി മേടിക്കാന്‍ സ്കൂളിലെത്തിയപ്പോള്‍ സൗമ്യ പറഞ്ഞു.
“അവര്‍ക്കെന്തോ അസുഖമാടീ..ഓപ്പറേഷന്‍ വേണമെന്നു കേട്ടു.”
ഉള്ളിലോരാന്തല്‍ തോന്നി.പക്ഷേ പുറത്തു പ്രകടിപ്പിച്ചില്ല.
അടുത്ത സ്കൂള്‍.പിന്നെ കോളേജ്.എന്ട്രന്‍സെഴുതി മെഡിസിന് അഡ്മിഷന്‍ നേടി.ഷീല ടീച്ചര്‍ മനസിന്റെ അടിയിലേക്ക് നീങ്ങി.എങ്കിലും ആ രണ്ടു ഇരുമ്പരക്ഷങ്ങളും ഇടക്കിടെ തെളിയും.ചിലപ്പോള്‍ താന്‍ മത്സരിക്കുന്നത് ആ നിഴലുമായാണ് എന്ന് തോന്നും.അപ്പോള്‍ സൗമ്യയുടെ വാചകങ്ങള്‍ ഓര്‍ക്കും.
സൗമ്യ പ്ലസ് ടൂ കഴിഞ്ഞു പഠിത്തം നിര്‍ത്തി.കല്യാണം വിളിക്കാന്‍ വന്നപ്പോള്‍ അവള്‍ പറഞ്ഞു.
“അവര് സിവില്‍ സര്‍വീസിനു പോയില്ല.ഇപ്പൊ അവരെ കണ്ടാല്‍ നീ തിരിച്ചറിയില്ല.മെലിഞ്ഞു കോലമായി അവര്‍ക്ക് ബ്രെയിനുളില്‍ ദശ വളരുന്നത് പോലെയുള്ള എന്തോ വലിയ അസുഖമായിരുന്നു.സര്‍ജറി നടത്തിയാലും അഞ്ചു കൊല്ലം കൂടിയേ ജീവിക്കൂ എന്ന് ഡോക്ടര്‍മാര് പറഞ്ഞു.സര്‍ജറി കഴിഞ്ഞു.ഇപ്പൊ വീട്ടിനുള്ളില്‍ തന്നെയാ..”
കുറെ ദിവസത്തേക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.തന്റെ ..തന്റെ വാചകങ്ങളാണോ ഷീലടീച്ചറെ തകര്‍ത്തത്?അന്ന് കടലാസില്‍ എഴുതിയ കാര്യം സൗമ്യയോട് പോലും പറഞ്ഞിരുന്നില്ല.ഇനി പറയാനും കഴിയില്ല.
മെഡിസിന്‍ കഴിഞ്ഞു.സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടി.വിവാഹവും.
അപ്പോഴും മനസ്സിന്റെ ഉള്ളില്‍ ആ രണ്ടക്ഷരങ്ങള്‍ പിടഞ്ഞു കിടന്നു.കുറ്റബോധം..അത് അകാരണമായിരുന്നോ ..അറിയില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കഴിഞ്ഞ ദിവസം സൗമ്യയെ കണ്ടു.വിവാഹം കഴിച്ചു പോയത് ദൂരെയുള്ള സ്ഥലമായതിനാല്‍ ഇപ്പോള്‍ സൗമ്യക്കും അവിടവുമായ് പഴയ ബന്ധമില്ല. എങ്കിലും അവള്‍ ഷീലയെക്കുറിച്ച് പറഞ്ഞു.ഞാന്‍ ചോദിക്കാതെതന്നെ.
“അഞ്ചു കൊല്ലം കൂടിയേ ജീവിക്കൂ എന്ന് പറഞ്ഞത് കൊണ്ട് അവരും വീട്ടുകാരും നിരാശയിലായിരുന്നു.അവരുടെ സഹോദരന്‍മാരൊക്കെ വിവാഹം കഴിച്ചു.ഇപ്പോള്‍ അഞ്ചല്ല ..പതിനഞ്ചു കൊല്ലം കഴിഞ്ഞു.ഒരു കുഴപ്പവുമില്ല.അവരുടെ അച്ഛനും അമ്മയും മരിച്ചു.പിന്നെ സ്വത്ത് ഭാഗം വയ്ക്കലും കാര്യങ്ങളുമൊക്കെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് തോന്നുന്നു.ബന്ധുക്കള്‍ ഉപേക്ഷിച്ചു.ഇപ്പൊ ആ വീട്ടില്‍ തനിച്ചാ താമസിക്കുന്നത്.ഇടക്ക് മതിലിന്റെയരികില്‍ വന്നു പുറത്തോട്ടു നോക്കിനില്‍ക്കും.കൊച്ചുങ്ങളെയും എടുത്തോണ്ട് പോകുന്ന സ്ത്രീകളെ കൊതിയോടെ നോക്കിനില്‍ക്കും.ആരോടും മിണ്ടത്തില്ല.അവര്‍ക്ക് ഭ്രാന്താന്നു പറഞ്ഞു നാട്ടുകാര്‍ അങ്ങോട്ട്‌ കേറത്തുമില്ല.പഞ്ചായത്തീന്നോ മറ്റോ ഇടക്ക് ആളുകള്‍ വന്നു അന്വേഷിക്കും.ഇടക്ക് ആരെങ്കിലും സാധനങ്ങള്‍ ഒക്കെ എത്തിച്ചു കൊടുക്കും.”
സൗമ്യ പറഞ്ഞത് കേട്ടപ്പോള്‍ ഒരു കല്ലെടുത്ത്‌ തലയ്ക്ക് ഇടിക്കാന്‍ വെമ്പി.വേണ്ടായിരുന്നു.അന്ന് അങ്ങിനെ എഴുതണ്ടായിരുന്നു.എന്തിനാണ് ഇപ്പോഴും താന്‍ അവരെ മനസ്സില്‍ കൊണ്ട് നടക്കുന്നത് ?മനസ്സിന്റെ മറ്റൊരു ഭാഗം സൗമ്യയുടെ സ്വരത്തില്‍ അരിശപ്പെട്ടു.
“ആരാ അവിടെ ?”ഗേറ്റിനപ്പുറത്തു നിന്ന് സ്വരം കേട്ടു ഞെട്ടിയുണര്‍ന്നു.
തലയില്‍ നരച്ച കുറ്റിരോമങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന ഒരു മെലിഞ്ഞ സ്ത്രീ.ചുവന്ന മുഷിഞ്ഞ നൈറ്റി.ആ കണ്ണുകളില്‍ പഴയ ഷീലയുടെ നിഴല്‍.
“ഡോക്ടറാണ്.താലൂക്കാശുപത്രിയില്‍നിന്ന്.”ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
“കൊറോണയ്ടെ നോക്കാനാണോ..”അവര്‍ വീണ്ടും ചോദിച്ചു.ഇപ്പോള്‍ ചുണ്ടില്‍ ഒരു വക്രിച്ച ചിരിയുണ്ട്.
“ഉവ്വ്.”
“പഞ്ചായത്ത്ന്നു വരുംന്നു പറഞ്ഞിരുന്നു.കേറി വാ.ഗേറ്റ് നല്ല ബലം കൊടുത്ത് തള്ളണം.എന്നാലെ തുറക്കൂ..” അവര്‍ പറഞ്ഞു.
കാട് വളര്‍ന്നു കയറിയ മുറ്റം.ഇവിടെ ഒരിക്കല്‍ മഞ്ഞ മന്ദാരങ്ങള്‍ നിന്നിരുന്നു.കണിക്കൊന്നകള്‍ ആരോ മുറിച്ചു കളഞ്ഞിരിക്കുന്നു.
എല്ലുംകൂട് പോലെയായ ഉടലില്‍ സ്റ്റെതസ്കോപ്പ് വച്ചപ്പോള്‍ അവര്‍ ചിരിച്ചു.തന്റെ ഓരോ ചലനവും അവര്‍ ശ്രദ്ധാപൂര്‍വ്വം നോക്കുകയാണ്.എപ്പോഴെങ്കിലും അവര്‍ തന്നെ തിരിച്ചറിയുമോ എന്ന് ഉള്ളില്‍ ഭയം തോന്നിയിരുന്നു.പിന്നെ മനസ്സിലായി.അവര്‍ ആരെയും തിരിച്ചറിയുന്നില്ല.
“ഡോക്ടര്‍ എനിക്ക് നല്ല ആരോഗ്യമില്ലേ..”
“ഉവ്വ്.”
“എനിക്കൊരു ഉപകാരം ചെയ്യാമോ?”
“എനിക്ക് പ്രസവിക്കണം.എനിക്ക് നല്ല ആരോഗ്യമില്ലേ..”
ഒന്നും മിണ്ടിയില്ല.
“പണ്ട് ഞാന്‍ അഞ്ചു കൊല്ലം മാത്രെ ജീവിക്കൂന്നു പറഞ്ഞതാ.ഇപ്പൊ എത്ര കൊല്ലമായി.ഞാന്‍ ചത്തില്ലല്ലോ.നല്ല ആരോഗ്യവാ..എനിക്ക് പ്രസവിക്കാം.”
“നമ്മുക്ക് നോക്കാം....” വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞപ്പോള്‍ അവരുടെ മുഖം പ്രകാശിച്ചു.കുറച്ചു കറന്‍സി നോട്ടുകള്‍ അവരുടെ കയ്യില്‍ തിരുകിയപ്പോള്‍ കണ്ണ് നിറഞ്ഞത്‌ അവര്‍ കാണാതിരിക്കാന്‍ മുഖം തിരിച്ചു.
‘ഡോക്ടര്‍ ഇനിയും വരുവോ ?”
“ഉറപ്പായും വരും.”
ഗേറ്റിന്റെ അടുത്തു ചെന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ തന്നെ നോക്കിനില്‍ക്കുന്നത് കണ്ടു.ഒരു പ്രതിമപോലെ.
ഗേറ്റ് അടച്ചിടാന്‍ തുടങ്ങിയപ്പോള്‍ ആ രണ്ടു അക്ഷരങ്ങളില്‍ വിരലുകള്‍ സ്പര്‍ശിച്ചു.’ല’ എന്ന അക്ഷരത്തിലെ ഇളകിയ ഭാഗത്തു വിരല്‍ തൊട്ടപ്പോള്‍ ,ആ തണുപ്പ് മനസ്സിനുള്ളിലേക്കും ഒഴുകി വന്നു.സ്നേഹവും വാത്സല്യവും കലര്‍ന്ന തണുപ്പ്.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot