“നന്ദ... നന്ദാ തുറക്കട, ഇത് ഞാനാ കിച്ചു...
ഇവൻ എന്തെടുക്കുവാ...ടാ തുറക്കട അച്ഛൻ റൗണ്ട്സിനു വരാറായി”.
ഹോസ്റ്റൽ കതക് ആയതുകൊണ്ട് കൂടുതൽ ബലം പ്രയോഗിക്കാനും വയ്യ.
സമയം 9 ആയി അച്ഛൻ ഇപ്പൊ വരും. ഞാൻ സമയം കളയാതെ അടുത്ത മുറിയിൽ ചേക്കേറി. ജോസഫ് ചോദിച്ചു “എന്താടാ ഇന്നും നന്ദൻ ഇല്ലേ?
"
“ഉണ്ടേ പക്ഷേ ഫോണും കൊണ്ടും അകത്തു കയറി കുറ്റിയിട്ടു അവളുടെ കോൾ ആയിരിക്കും” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അടുത്ത ദിവസം രാവിലെ എന്താ അറിയില്ല നന്ദൻ ജോസെഫിന്റെ മുറിയിലേക്ക് വന്നു. “ടാ കിച്ചു ഞാൻ ഇന്ന് നേരത്തെ കോളേജിൽ പോകുവാ.” പകുതി ഉറക്കത്തിൽ ഞാൻ ചോദിച്ചു "എന്താടാ ഇത്ര നേരത്തെ?" അവൻ ഒന്നും പറയാതെ പോയി. അവൻ പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. പെട്ടെന്ന് ഞാൻ എണീറ്റ് വിളിച്ചു "നന്ദാ നിക്കട ഞാനും ഉണ്ട്" അവൻ പക്ഷേ തിരിഞ്ഞു പോലും നോക്കാതെ നടന്നു. ഞാൻ പല്ലു തേച്ച പാതി തേക്കാത്ത പാതി ഡ്രെസ്സും മാറി ഓടി. ഹോസ്റ്റലിൽ നിന്നും വെറും 10 മിനിറ്റ് മതി കോളേജ് എത്താൻ ഭാഗ്യത്തിന് ഞാൻ ഗേറ്റിനു മുന്നിൽ എത്തിയപ്പോ ബൈക്കിൽ ഒരു ഫ്രണ്ട് വരുന്നുണ്ടായിരുന്നു അങ്ങനെ ലിഫ്റ്റ് കിട്ടിയത് കൊണ്ട് പെട്ടെന്നു തന്നെ കോളേജ് എത്തി.
ബൈക്കിൽ ചെന്ന് ഇറങ്ങുമ്പോൾ ഞാൻ കാണുന്നത് നന്ദൻ സെക്കന്റ് ഇയർ കമ്പ്യൂട്ടർ സയൻസ് ക്ലാസ്സിലേക്ക് പോകുന്നതാണ്. അത് ദയയുടെ ക്ലാസ് ആണ് . അവൾ നാട്ടിൽ പോയി എന്ന ഇന്നലെ പറഞ്ഞത്.
പക്ഷേ ക്ലാസ്സിൽ അവൾ ഇരിക്കുന്നു. നന്ദൻ വല്ലാതെ ദേഷ്യപെടുന്നത് കണ്ടു. അവളെ തല്ലും എന്ന് തോന്നിയപ്പോ ഞാൻ പോയി അവനെ മാറ്റി. അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു
" ഇവൾ ഇന്നലെ നാട്ടിൽ അല്ലടാ പോയത് ഏതോ ഒരുത്തന്റെ കൂടെ ഷൂട്ടിങ്ങിനു പോയതാ.." ദയക്ക് ഇതൊക്കെ കേട്ടിട്ടും യാതൊരു കൂസലുമില്ലാതെ നിൽക്കുന്നുണ്ട്.
"എന്താ ദയ ഇത്"
എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ നോർമ്മലായി പറഞ്ഞു "നന്ദനെ കൊണ്ട് പൊയ്ക്കോ കിച്ചു.. അവൻ ഒരിക്കലും എനിക്ക് ചേർന്നതല്ല. എനിക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ട് ഡ്രീംസ് ഉണ്ട് നന്ദന് അതൊന്നും മനസിലാക്കാൻ പറ്റില്ല ഞങ്ങൾ ചേരില്ല." ദയ പറഞ്ഞു . ഇതു കേട്ടതും അവൻ അലറി കൊണ്ട് അവളുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും ഞങ്ങളുടെ കൂട്ടുക്കാർ വന്നു തടഞ്ഞു.
നന്ദൻ എഞ്ചിനീറിങ് നു പഠിക്കാൻ വന്നത് അച്ഛന്റെ പ്രെഷർ ഒന്ന് മാത്രമാ അവനു തീരെ താല്പര്യമില്ലായിരുന്നു. അതു കാരണം വലിയ കൂട്ടുകെട്ടുകൾ ഒന്നുമില്ലായിരുന്നു. ഞാൻ പിന്നെ അവന്റെ പുറകെ നടന്നു സംസാരിക്കും ഒഴിവാക്കാൻ പറ്റാതെ അവൻ എന്റെ കൂട്ടുകാരനായി. പക്ഷേ സെക്കന്റ് ഇയർ ആയപ്പോ ജൂനിയർ ആയിട്ട് വന്ന ദയ അവനെ വേറൊരാളാക്കി മാറ്റി. അവൾ സുന്ദരിയും സുശീലയും ഒന്നും അല്ലെങ്കിലും എന്തോ ഒരു ഭംഗിയുണ്ട് . മെല്ലെ അവർ തമ്മിൽ അടുത്തു.
ദയയോട് അവൻ സംസാരിക്കാൻ തുടങ്ങിയാൽ തീരില്ല. അവൾക്കും അത് പോലെ തന്നെയായിരുന്നു പക്ഷേ ക്രിസ്മസ് അവധിക്ക്
നാട്ടിൽ പോകുന്നത് വരെ കുഴപ്പമൊന്നുമില്ലായിരുന്നു, അത് കഴിഞ്ഞ വന്നത് മുതൽ ദയക്ക് വല്ലാത്ത
മാറ്റം. പിന്നെയ ഞാൻ അറിയുന്നത് അവൾ വെക്കേഷന് ഒരു അഡ്വെർടൈസ്മെന്റ് ചെയ്തു എന്നും അതോടെ അവളുടെ മട്ടു മാറി എന്നും .ഡ്രെസ്സിങ് ഒക്കെ മാറി മോഡേൺ ഡ്രെസ്സും മുടി അഴിച്ചിട്ട് മെയ്ക്ക് അപ്പ് ഒക്കെ ഇട്ട് കോളേജിൽ വരാൻ തുടങ്ങി. നന്ദന് തീരെ പറ്റാതെയായി. അവൻ പലപ്പോഴും എന്നോട് തന്നെ പറഞ്ഞു "എന്താടാ ദയ ഇങ്ങനെ . അവളെ ആരോ മാറ്റിയതാ അവൾ ഒരു പാവമാടാ" നന്ദന് അത്രയ്ക്ക് വിശ്വാസവും സ്നേഹവുമായിരുന്നു ദയയോട് .
സംഭവം നടന്ന രാത്രി അവൻ വല്ലാതെ മദ്യപിച്ചു. അച്ഛൻ അറിയാതെ ചെയുന്നതായതു കൊണ്ട് ഞങ്ങൾ അവനെ നിയന്ത്രിക്കാൻ പാട് പെട്ടു. 2 മണിയായപ്പോ അവൻ ഉറങ്ങി. അപ്പോഴാ ഞാനും ഉറങ്ങിയത്. പക്ഷേ എപ്പോഴോ ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോ നന്ദൻ ഇല്ല. ബാത്റൂമിൽ പോയി നോക്കി അവിടെ ഇല്ല മനസ് തുടിയ്ക്കാൻ തുടങ്ങി. എല്ലാ മുറിയിലും ഞാൻ തട്ടി നന്ദ എന്ന് വിളിച്ചു ഓടി. അപ്പോഴാ ആരോ വിളിച്ചു പറഞ്ഞു നന്ദൻ ടെറസിൽ പോകുന്നത് കണ്ടു എന്ന്. ഞാൻ ഓടി പക്ഷേ എന്റെ കാലുകൾ അനങ്ങാതെ നിൽക്കുന്നതായി തോന്നി എങ്ങനെയോ ഞാൻ ടെറസിൽ എത്തി അവിടെ എത്തിയപ്പോ അവൻ പാരപ്പെറ്റിൽ നിൽക്കുകയാണ്.
"നന്ദാ..."ഞാൻ അലറി അവന്റെ അടുത്തേക്ക് ഓടി. ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരാൾക്ക് ക്ലോക്കിന്റെ ശബ്ദം മതി അതിൽ നിന്ന് പിന്മാറാൻ. അതായിരിക്കാം നന്ദൻ പെട്ടെന്ന് അവിടെ ഇരുന്നു. കുറെ കരഞ്ഞു.......എന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു.
"പോട്ടെടാ അവൾ പോട്ടെ"ഞാൻ പറഞ്ഞു. അവൻ തലയാട്ടി
കണ്ണ് തുടച്ചു.
5 വർഷത്തിന് ശേഷം........
14 ആം തീയതി വൈകിട്ട്
ഒരു മെസ്സേജ് വന്നു നന്ദന്റെ ആയിരുന്നു. അത് വായിച്ചു കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു ഒപ്പം ഒരു ചിരിയും
" സുശാന്ത് സിങ് ആത്മഹത്യ
ചെയ്തു. മാനസികമായി തളർന്ന് ജീവിതം മതിയാക്കി സുശാന്ത് മറ്റൊരു ലോകത്തിലേക്ക് പോയി. 5 വർഷത്തിന് മുൻപ്പ് ഇതു പോലെ ഞാനും പോകേണ്ടത പക്ഷേ നീ എന്നെ വിട്ടില്ല നിന്റെ "നന്ദാ"എന്ന വിളി കാതിൽ ഇപ്പോഴും മുഴങ്ങുന്നു. Thanks buddy.. നിന്നെ പോലെ സുശാന്തിനും ഒരു കൂട്ടുകാരനുണ്ടായിരുന്നെങ്കിൽ ചിലപ്പോ ഒരു വിളി മതിയാരിന്നിരിക്കാം. നീ എന്റെ കൂടെ കോളേജിൽ വരാൻ ഓടിയതും കതകിൽ വന്നു മുട്ടി തുറപ്പിക്കുന്നതും ഒക്കെ ഞാൻ ഓർത്തു പോയി.എനിക്ക് ജീവിതം തിരിച്ചു തന്നതിന്, നിനക്ക് വേണ്ടി
cheers."
നന്ദൻ ഇന്ന് അറിയപ്പെടുന്ന അമേരിക്കൻ ഐ ടി കമ്പനിയിലെ പ്രൊജക്റ്റ് ലീഡർ ആണ്. ഏറ്റവും വലിയ കാര്യം അവനു കഴിഞ്ഞ വർഷത്തെ ബെസ്റ് ഫോട്ടോഗ്രാഫർക്ക് ഉള്ള നാഷണൽ ജിയോഗ്രഫി ചാനൽ അവാർഡ് കിട്ടി. കല്യാണം കഴിഞ്ഞു സുന്ദരിയായ ഭാര്യ.. ഞാനും സാമാന്യം തെറ്റില്ലാത്ത ഒരു ഐ ടി കമ്പനിയിൽ ജോലി ചെയുന്നു ജപ്പാനിൽ. ഞങ്ങൾ ഇപ്പഴും പണ്ടത്തെ പോലെ തന്നെയാണ്. വാട്ട്സ്ആപ് ഞങ്ങളെ ഒട്ടും മാറ്റിയില്ല. അവൻ അങ്ങ് ദൂരെ അമേരിക്കയിൽ കുപ്പി പൊട്ടിച്ചാൽ ഞാൻ ഇങ്ങു ജപ്പാനിൽ അച്ചാറ് തുറക്കും. കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ get together നടത്താറുണ്ട്. പക്ഷേ ഒരിക്കൽ പോലും ദയയോ ആത്മഹത്യ കഥകളോ ഞങ്ങൾ തമാശയ്ക്കു പോലും പറഞ്ഞിട്ടില്ല.
ദേവിക
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക