ശാന്തേച്ചിയുടെ ഭർത്താവ് ശിവേട്ടന്, മാന്തോപ്പിൽ സോമൻ മുതലാളിയുടെ വീട്ടിലെ ഡ്രൈവറാണ്. ചില ദിവസങ്ങളിൽ മുതലാളിയുടെ മകളെ കോളേജിൽ നിന്നും കൂട്ടികൊണ്ടുവരാണ് പോകും. പലപ്പോഴും അവൾ കോളേജിന് മുന്നിൽ കൂട്ടുകാരുമായി സംസാരിച്ചു നിൽക്കാറുണ്ട്. കൂട്ടുകാരെന്ന് വച്ചാൽ പെൺകുട്ടികളും ആൺകുട്ടികളും കാണും.
ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോൾ അതിൽ ഒരാൾ സ്ഥിരമായി അവളുടെ കൂടെ സംസാരിച്ചു നിൽക്കുന്നുണ്ട്, എന്ന് കണ്ടുപിടിച്ചു ശിവൻ. ചില ദിവസങ്ങളിൽ അവൻ മാത്രമേ കൂടെ കാണൂ. അവർ അവിടെ നിൽക്കുമ്പോൾ, ഐസ് ക്രീം നുണയുകയോ, കടല കൊറിക്കുകയോ പഴം പൊരി കഴിക്കുകയോ ഒക്കെ ചെയ്തുകൊണ്ട് സംസാരിച്ചു നിൽക്കും. ഒരു ദിവസം ശിവൻ ചോദിച്ചു.
“ഏതാ മോളെ ആ ചെക്കൻ, മോളുടെ കൂടെ കാണാറുള്ളത്?”
“അതെന്റെ ബെസ്ററ് ഫ്രണ്ട് ആണ് ചേട്ടാ. എന്റെ കൂടെയാ പഠിക്കുന്നെ.”
“മോൾക്ക് പെൺകുട്ടികളെ ഫ്രണ്ട് ആയാൽ പോരെ മോളെ.....”
“ആൺകുട്ടികൾ ഫ്രണ്ട് ആയാൽ എന്താ കുഴപ്പം? ചേട്ടൻ എന്റെ അച്ഛൻ ആവണ്ട, ഡ്രൈവർ ആയാൽ മതി.”
******************
അന്ന് വൈകുന്നേരം ശിവൻ ഭാര്യ ശാന്തയോട് പറഞ്ഞു.
“ഉം.... മുതലാളിയുടെ മകൾ ഒരു അഹങ്കാരിയാ. അവളെ ഞാനൊന്നു ഗുണദോഷിച്ചപ്പോൾ എന്നോട് പറയാണ്, ഡ്രൈവർ ഡ്രൈവറുടെ പണി നോക്കിയാ മതി, എന്റെ കാര്യം അന്വേഷിക്കേണ്ട എന്ന്.”
“എന്താ ഉണ്ടായേ?”
“ആ കൊച്ചിന് ആണ്കുട്ടികളുമായാണ് കൂട്ട്. കൂടെ പഠിക്കുന്നവരാ, എന്നാലും ഇപ്പോഴും ആൺകുട്ടികളുടെ കൂടെ നടന്നാൽ നാട്ടുകാര് പറയത്തില്ലേ? ഒരു പേരുദോഷം ഉണ്ടാവേണ്ട എന്ന് കരുതി പറഞ്ഞതാ... ആലോചനകൾ നടക്കുന്ന സമയമല്ലേ....”
******************
പഞ്ചായത്തു പൈപ്പിൻചുവട്ടിൽ വെള്ളമെടുക്കാൻ വന്നപ്പോൾ, ശാന്തചേച്ചി രാധയുടെ ചെവിയരുകിൽ കുശുകുശുത്തു.
“എടീ രാധേ, നീയറിഞ്ഞൊ, നമ്മുടെ മാന്തോപ്പിലെ സോമൻന്റെ മോള് ഒരുത്തനുമായി പ്രേമമാണെന്ന്.”
“ആണോ ചേച്ചി... ആ പെണ്ണൊരു മിണ്ടാപൂച്ചയല്ലേ?”
“മിണ്ടാപൂച്ചകളാ കലമുടയ്ക്കാറ്.... നിനക്കറിയോ കോളേജില്നിന്നും വരുന്ന വഴി അവള് ഒരുത്തന്റെ കൂടെ ബീച്ചിൽ കറങ്ങുന്നതു കണ്ടവരുണ്ട്.”
“ഹമ്പടി കള്ളീ.... അവള് ആള് കൊള്ളാമല്ലോ.”
“ഇന്നലെ എന്റെ ശിവേട്ടൻ ടൗണിൽ പോയപ്പോ കണ്ടു ഒരു ചുള്ളൻ ചെക്കനുമായി അവൾ കറങ്ങി നടക്കുന്നു. ഐസ്ക്രീം തിന്നുന്നു. കടല കൊറിക്കുന്നു. നീ ആരോടും പറയണ്ടാട്ടോ....”
“ഏയ് ഞാനാരോട് പറയാൻ. എനിക്കീ ചെവി കേട്ടത് മറുചെവി അറിയത്തില്ല.”
*****************
കുളക്കടവിൽ അലക്കിക്കുളിക്കാൻ ചെന്നപ്പോൾ രാധ, ഖദീജയുടെ ചെവീൽ മന്ത്രിച്ചു.
“ഖദീജയറിഞ്ഞോ മാന്തോപ്പിലെ സോമൻചേട്ടന്റെ മോള് ഒരുത്തനുമായി ബീച്ചിൽ ചുറ്റിക്കറക്കമാണെന്ന്. അവിടെ വച്ച് കെട്ടിപിടുത്തോം ഉമ്മവയ്ക്കലും ഒക്കെ ഉണ്ടെന്ന പറയണേ. പലരും കണ്ടിട്ടുണ്ടെന്ന്.”
*****************
ഖദീജ പിറ്റേന്ന് തയ്യൽ ക്ലാസ്സിൽ പോയപ്പോൾ കൂട്ടുകാരി മാലിനിയുടെ ചെവിയിൽ മൊഴിഞ്ഞു.
“മാന്തോപ്പിലെ സോമൻചേട്ടന്റെ മോള്... ഒരാളുമായി ചുറ്റിക്കളിയുണ്ടെന്ന്.”
“പിന്നെ അതൊരു പാവം പെണ്ണാ... ഒരു പൊട്ടി”
“ഉം..... നാട്ടുകാര് ബീച്ചിൽ വച്ച് വളഞ്ഞുവെച്ചു പിടിച്ചത് പിന്നെ അവളുടെ പാവത്തം കൊണ്ടായിരിക്കും.”
“ഏതു ബീച്ചിൽ?”
“കഴിഞ്ഞ പതിനാലാം തീയ്യതി ന്റെ റസാഖിക്ക, ടൗണിൽ പോയതാ ബിരിയാണിക്കുള്ള സാധനങ്ങള് മേടിക്കാൻ... അവിടെ പുതിയങ്ങാടി സ്റ്റോപ്പിലെ ബീച്ച് ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലേ, ഒരുത്തനുമായി വേണ്ടാത്ത രീതിയിൽ കണ്ടെന്നോ, ദേഹത്ത് പാതി തുണിയെ ഉണ്ടായിരുന്നുള്ളൂന്നോ, ഒക്കെ പറയുന്നു.”
“റസാഖിക്ക കണ്ടോ?”
“ഏയ് അങ്ങേര് ചെന്നപ്പോൾ നാട്ടുകാര് ചേർന്ന് വിസ്തരിക്കാ അവരെ”
“എന്നിട്ട്?”
“നാട്ടുകാര് കുറെ ഗുണദോഷിച്ചു വിട്ടു.”
മാലിനി മൂക്കത്തു വിരൽ വച്ചിരുന്നു. അന്ന് വൈകുന്നേരമായപ്പോഴേക്കും തയ്യൽ ക്ലാസ്സിൽ എല്ലാവരും വിവരം അറിഞ്ഞു. .
*****************
പിറ്റേന്ന് മുതൽ കവലയിലും റേഷൻ കടയിലും സംസാരവിഷയമായി. എല്ലാവരും ഇതുതന്നെ പറയുന്നു. ശിവേട്ടൻ ചായക്കടയിൽ ഒരു കാലിച്ചായ കുടിക്കാൻ ചെന്നപ്പോൾ, അവിടത്തെ പ്രധാന ബെഞ്ച്മേറ്റ്സ് ചോദിച്ചു.
“എടാ ശിവാ.... ഈ കേൾക്കുന്നതെല്ലാം ശരി തന്നേ?”
“നിങ്ങളെന്താ കേട്ടത് എന്നറിയാതെ ഞാൻ എന്ത് പറയാൻ.”
“എടാ നിന്റെ മുതലായിയുടെ മകളെ ഹോട്ടൽ റെയ്ഡിൽ പിടിച്ചു എന്ന് പറയുന്നല്ലോ?”
“എന്ത് റെയ്ഡോ?”
“ആ നീയൊന്നുമറിഞ്ഞില്ലേ? ആ പെണ്ണ് പെഴയാടാ. അവള് കോളേജിൽ പോകുവാനും പറഞ്ഞിവിടെ നിന്നും ഇറങ്ങും. ഒരുങ്ങിക്കെട്ടിയുള പോക്ക് കണ്ടാലറിയത്തില്ലേ, ശരിയല്ല പോക്കെന്ന്.”
“ബീച്ച് ഹോട്ടലിൽ വച്ച് പോലീസ് പിടിച്ചെന്നോ, കൂടെ മൂന്നുനാലു ചെക്കന്മാര് ഉണ്ടായിരുന്നെന്നോ, അവരവിടെ നീലച്ചിത്രം പിടിക്കായിരുന്നെന്നോ ഒക്കെ പറയുന്നു.”
“നമ്മുടെ സോമൻ മുതലാളിയല്ലേ ആള്... കാശുകൊടുത്ത് ഒക്കെ ഒതുക്കി. കേസ് ഇല്ലാതാക്കി.”
“ഇപ്പൊ മോൾക്ക് കല്യാണാലോചന തകൃതിയായി നടക്കുന്നുണ്ട്. ഏതേലും പാവത്തിന്റെ തലയിൽ കെട്ടിവയ്ക്കും മൊതലിനെ.”
“അല്ലെങ്കിൽ തന്നെ ഇങ്ങേരെങ്ങിനെ ഇത്ര വേഗം പണക്കാരനായി? അയാളുടെ ഭാര്യയുടെ മിടുക്കാണെന്നാ പറയണേ, ഇതുപോലെ ഒരു ചെറിയ ചായക്കടയിൽ തുടങ്ങിയതാ അയാളുടെ കളി.....”
ചായക്കടയിലെ ആളുകളുടെ സംസാരങ്ങൾ കേട്ട് ശിവേട്ടൻ തലയിൽ കൈ വച്ച് ഇരുന്നു പോയി.
******************
അയാൾ വീട്ടിൽ ചെന്നപ്പോൾ ഭാര്യയോട് പറഞ്ഞു.
“എടി നീ പറഞ്ഞതാ ശരി, ആ പെണ്ണ് ശരിയല്ല. അവളെ ഞാൻ വിശ്വസിച്ചു. പക്ഷെ അവള് പിഴയാത്രെ.. നാട്ടുകാര് മൊത്തം പറയുന്നു. അവളെ ഏതോ ഹോട്ടൽ റെയ്ഡിൽ പിടിച്ചെന്ന പറയണേ. ഭാഗ്യത്തിന് കേസുണ്ടായില്ല. പക്ഷെ ആ പെണ്ണിന്റെ കല്യാണം മുടങ്ങി.”
ശാന്തേച്ചി മൂക്കിൽ വിരൽ വച്ച് നിന്ന് പറഞ്ഞു.
“എന്റെ ഭഗവാനെ... ഇങ്ങനൊക്കെ ഉണ്ടാവാൻ മാത്രം ആ വീട്ടുകാര് എന്ത് പാപം ചെയ്തു.”
ഈ കഥയിൽ ആരും ഒരു തെറ്റും ചെയ്തിട്ടില്ല, ഒരു ചെവിയിൽ നിന്നും അടുത്ത ചെവിയിലേക്ക് പോയപ്പോൾ ഇത്തിരി ഭാവനയും ഭംഗികൂട്ടലും നടത്തി അത്രമാത്രം.
സ്നേഹപൂർവ്വം
ട്രിൻസി ഷാജു
കുവൈറ്റ്
ട്രിൻസി ഷാജു
കുവൈറ്റ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക