നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കീമോ


ദേഹം മുഴുവൻ പുകഞ്ഞു നീറിയിട്ട് വയ്യ മോളെ ഇതിന് വേറൊരു മരുന്നും ഇല്ലേയെന്ന് ഓരോ തവണയും നിറകണ്ണുകളോടെ കീമോതെറാപ്പി തുടങ്ങാനായി ക്യാനുല കുത്തും മുൻപേ ആയമ്മ എന്നോട് ചോദിക്കും..
മറുപടി വേറൊന്നുമില്ലാത്തതിനാൽ സൂചിയുടെ നീലപാടുകൾ നിറഞ്ഞ ആ കയ്യിൽ പതുക്കെ ഉഴിഞ്ഞുകൊടുത്ത് ഞാനാ ബെഡിനോട് ചേർന്നു നിൽക്കും..
അവിടെ വരുന്ന ഓരോരുത്തരോടും സമയം പങ്കുവച്ച് അവരെ കേൾക്കാനായി കാതുകൾ നൽകി വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് എന്റെ ഓരോ ദിവസവും കടന്നുപോകുക..
ശർദ്ധിച്ചു കുഴഞ്ഞുപോയെങ്കിലും എന്റെ കൈകളിൽ പരിചയത്തോടെ കോർത്തുപിടിക്കുന്ന ആ കൈവിരലുകളിൽ സ്നേഹത്തിന്റെ മുറുക്കവും ഇളം ചൂടുമുണ്ടാകും.
ഇതിപ്പോഴൊന്നുമല്ല കാൻസറെന്ന വ്യാധി കേൾക്കുമ്പോഴേക്കും മുക്കാൽ ജീവനും പോയി, ജീവനോടെയിരിക്കുമ്പോഴും മൃതശരീരങ്ങളായി നിമിഷങ്ങൾ തള്ളി നീക്കുന്ന നിസ്സഹായരായ മനുഷ്യരെ കണ്ടുമുട്ടാൻ തുടങ്ങിയപ്പോഴാണ്..ഇന്നിപ്പോൾ കുടുംബത്തിൽ തന്നെ വിരലിലെണ്ണാവുന്നതിൽ കൂടുതൽ രോഗബാധിതരുണ്ട് അതിൽ മരിച്ചവരും ജീവനോടെയുള്ളവരും..
ഓരോ തവണ കീമോ കഴിഞ്ഞു യാത്രയയക്കും നേരവും അടുത്തതിന് വരാൻ സാധിക്കുമായിരിക്കുമല്ലേ സിസ്റ്ററെയെന്നവർ മിഴിയുയർത്തിയൊരു നിശബ്‌ദചോദ്യമുണ്ട്..
ധൈര്യത്തോടെ 'പിന്നല്ല' എന്നൊരു ഉറപ്പ് കൊടുത്ത്‌ ചേർത്തുപിടിക്കുമ്പോൾ തളർന്നതെങ്കിലും ആ ഹൃദയമിടിപ്പെനിക്ക് കേൾക്കാം..
ഇഷ്ടമില്ലെങ്കിലും ജീവിക്കാനുള്ള കൊതികൊണ്ട് ചുട്ടുപൊള്ളുന്ന ലാവ ഞരമ്പിലൂടെ മാസാമാസം ഒഴുക്കാൻ വിധിക്കപ്പെട്ടവർ..
ഓരോ മാസവും കീമോയാൽ ഉടലിനെ പൊള്ളിച്ച് അഗ്നിശുദ്ധി നടത്തി മുടിയിഴകൾ നഷ്ടപ്പെട്ട് പിച്ച വെക്കുന്ന കാല്പാദങ്ങളോടെ കുഞ്ഞുങ്ങളായി പുനർജനി നേടുന്നവർ..
കീമോ തുടങ്ങുമ്പോഴേക്കും എന്തെങ്കിലും സംഭവിക്കുമെന്നല്ല.. ആത്മധൈര്യമില്ലാത്ത വെറും പാവങ്ങളാണ് പലരും.. ശരീരം കാർന്നുതിന്നുന്ന ഞണ്ടുകളെ അവസാനഘട്ടത്തിലാകും മിക്കവരും അറിഞ്ഞിട്ടുണ്ടാകുക..അവർക്കായുള്ള തീയതി അടുക്കുമ്പോൾ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന്
ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്..
ഒരു രോഗിയുമായും വ്യക്തിബന്ധമരുതെന്നും അവരുടെ സങ്കടങ്ങളും വേദനകളും അവിടെ തന്നെ വിട്ട് ഉന്മേഷത്തോടെ ഡ്യൂട്ടിയിൽ നിന്ന് മടങ്ങിപോകണമെന്ന് കരുതിയാലും ഞാനതിൽ എന്നുമൊരു തോൽവിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്..
മടങ്ങിവരാത്തവരെ ഓർത്ത് നെഞ്ചിലൊരു കനത്തോടെ വറ്റിറങ്ങാൻ പോലും വിശപ്പില്ലാതെ ആ ദിവസങ്ങൾ കടന്നുപോകും..
ഇതൊക്കെ എത്രെയോ കാണുന്നതാണ് ഇവൾക്കിതിനും മാത്രം സങ്കടമെന്തിനാ എന്ന് ചിന്തിക്കുന്നവരോട് ഒറ്റ ഒരു തവണ കണ്ടുമുട്ടി സമയം ചിലവിട്ടവർ ജീവനോടെയില്ല എന്നറിയുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾക്ക് തോന്നുന്ന വികാരമെന്താകും.. അതിന്റെ പത്തുമടങ്ങു അവരുടെ കൂടെ പലവട്ടം മണിക്കൂറുകളോളം സമയം ചിലവിട്ട ഞങ്ങൾക്കുമുണ്ടാകും..ആ ജോലിക്ക് അപ്പുറം മജ്ജയും മാംസവും മനസ്സുമുള്ള മനുഷ്യരാണല്ലോ ഞങ്ങളും...
കോഴ്സ് പഠിക്കുന്ന സമയമാണ് ..ക്ലാസ്സ് കഴിഞ്ഞ് വന്നാൽ ഇട്ടിരുന്ന കോളേജ് യൂണിഫോം മാറി നേരെ ക്ലിനിക്കിലെ ഒപിഡിയിലേക്ക് ധൃതിയിലൊരു ഓട്ടമാണ് .രണ്ട് ബസ് മാറി കേറണം കോളേജിലേക്ക്..മടങ്ങാനുള്ള ബസ് വൈകിയ ദിവസമെങ്കിൽ വന്നാലുടനെയുള്ള പതിവുള്ള ചായ പോലും ഒഴിവാക്കി ഡ്യൂട്ടിക്ക്..
പകൽ ഡ്യൂട്ടിയിലുള്ള കുൽക്കർണിയുടെ കയ്യിൽ നിന്നും ഹാൻഡ് ഓവർ വാങ്ങി അയാളെ പറഞ്ഞുവിട്ട് ഒപിയിലേക്ക് വന്ന രോഗികളുടെ ലിസ്റ്റെടുത്ത്‌ നോക്കി ഡോക്ടറെത്തും മുൻപേ വൈറ്റൽ സയൻസും തൂക്കവും എഴുതിവെക്കണം.
മുൻപ് ഞാൻ പറഞ്ഞിരുന്നു നഴ്സിംഗ് പഠിക്കുമ്പോൾ ഫീസീനും ചിലവിനുമായി രാത്രികളിൽ ഞാനൊരു സർജിക്കൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്തിരുന്നത്.
പകലിൽ കോളേജിൽ പോയുള്ള പഠിപ്പ് , മടങ്ങിവന്നാലുടൻ നേരെ വൈകുന്നേരത്തെ ഒപിഡി ഡ്യൂട്ടി , അത് കഴിഞ്ഞാൽ അഡ്മിറ്റ് ആയിട്ടുള്ള രോഗികൾക്കുള്ള കാര്യങ്ങളെല്ലാം തീർത്ത്‌ പത്തര പതിനൊന്നോടെ ചാർട്ട് ചെയ്തുവച്ചിട്ടുള്ള ഓപ്പറേഷൻ തീയറ്ററിലെ അസിസ്റ്റന്റ് ഡ്യൂട്ടി...
ഷെഡ്യൂൾ ചെയ്ത് വച്ച സർജറിയെല്ലാം കഴിഞ്ഞ് വീണ്ടും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്.. അതിനിടയിൽ ഇൻസ്ട്രുമെൻറ്റ് കഴുകലും സ്റ്റെറിലൈസഷനും സഹായിയോടൊപ്പം..
പുലർച്ചെ ഡോക്ടറുടെ സഹായിയെ ഡ്യൂട്ടി ഏൽപ്പിച്ച് ഒരുമണിക്കൂർ കഷ്ടി ഉറക്കം കിട്ടിയാൽ കിട്ടി .. രാവിലെ പിന്നെയും കോളേജിലേക്ക് ഇതായിരുന്നു അക്കാലങ്ങളിലെ എന്റെ ദിനചര്യ..
എഴുതാൻ മാത്രം ഇല്ലെന്ന് കരുതുന്ന എന്നാൽ അതൊന്നും ഇല്ലെങ്കിൽ ദിവസങ്ങൾ പൂർണമാകില്ലെന്ന് കരുതുന്ന നൂറായിരം ചെറിയ ജോലികൾ വേറെയുമുണ്ടാകും..
പതിനഞ്ചു ബെഡ് കപ്പാസിറ്റിയിൽ അഡ്മിഷനും തിരക്ക് പിടിച്ച ഒപിയുമുള്ള കാൻസർ സർജന്റെ നഴ്സിംഗ് ഹോം.
ശനിയും ഞായറും ക്ലാസില്ലാത്തതിനാൽ പകൽ സമയത്ത് പഠിക്കാനുള്ളതും അസൈന്മെന്റ്റ് എഴുതാനുള്ളതുമെല്ലാം തീർക്കും..
അതിനിടയിലും കീമോതെറാപ്പിക്ക് വരുന്ന രോഗികളും പോസ്റ്റ് ഓപ്പറേറ്റീവ് രോഗികളും ,ഒപിഡി തൊട്ട് കീമോ വരെ നീളുന്ന ബന്ധമാകുമ്പോൾ രോഗികളുമായി ഒരടുപ്പവും ഉണ്ടാകും അന്വേഷിക്കുമ്പോൾ പോയി കാണാനും മറക്കില്ല.. അവിടെത്തന്നെയുള്ള ഒരു മുറിയിലാണ് ഞാനും താമസം.
ഇതെല്ലാം മുൻപും എഴുതിയിട്ടുള്ളതാണ്.
അന്നത്തെ ഡ്യൂട്ടിക്ക് തിരക്കധികമില്ലായിരുന്നതിനാൽ സമാധാനത്തോടെ ഞാൻ വന്ന് റിസെപ്ഷനിലിരുന്നു..
ലിസ്റ്റിൽ ഏഴുപേരെ ഉള്ളൂ അതിൽ രണ്ട് പേർ പുതിയതാണ്..പഴയവരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുതിയ ആളിലെ ഒരാളെ ഞാൻ അകത്തേക്ക് വിളിച്ചു.. ഇണപ്രാവുകളുടെ കുറുങ്ങലുമായി ഇന്ന് രാവിലെ കല്യാണം കഴിഞ്ഞകണക്ക് ഒരു ഷബാനാബേഗവും ഭർത്താവുമിരുന്ന് സംസാരിക്കുന്നു ഒരു മൂലയിൽ .
ഷബാനയാണ് രോഗി ..പ്രായം 43 ..കറുത്ത പർദക്കുള്ളിലെങ്കിലും മുഖാവരണത്തിനിടയിലൂടെ കാണുന്ന കണ്ണുകളും നിറവും അവരൊരു സുന്ദരിയാണെന്ന് വിളിച്ചുപറയുന്നുണ്ട്.
ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന കൈകളിൽ മയിലാഞ്ചിയുടെ കടുംചുവപ്പ്..പർദ്ദയുടെ കൈ മുകളിലേക്ക് നീങ്ങുമ്പോൾ രണ്ടു കൈത്തണ്ടയിലും നിറഞ്ഞുകിടക്കുന്ന സ്വർണാഭരണങ്ങൾ..
ഭർത്താവും സുന്ദരനാണ്.. അയാൾ ഏതോ ഒരു ഹിന്ദി സിനിമാനടനെപോലെയുണ്ടെന്ന എന്റെ സംശയത്തിന് ഡോക്ടറാണ് പിന്നീട് ഷമ്മികപൂറെന്ന ഉത്തരം തന്നത്.
പർദ്ദയഴിക്കാൻ സമ്മതിക്കാതിരുന്ന അവരെയും നോക്കി കൈമലർത്തി കാണിച്ച് പിന്നെങ്ങനെ പരിശോധിക്കുമെന്ന എന്റെ മുറി ഹിന്ദി കേട്ടാകണം ഭർത്താവ് എഴുന്നേറ്റ് വന്നു..പർദ്ദ ഊരാതെ കഴിയില്ലല്ലോ അദ്ദേഹം പറഞ്ഞുമനസിലാക്കിച്ചു മടങ്ങിപ്പോയി..
ഫയലിൽ അവരുടെ റിപോർട്ടുകൾ ചേർത്തുവെക്കാൻ നേരമാണ് ഗർഭാശയത്തിലെ കാൻസറെന്ന ബയോപ്സി റിപ്പോർട്ട് കണ്ടത്..
കണ്ട്‌ കണ്ട് മനസ്സ് മടുത്തിരിക്കുന്ന അവസ്ഥയാണ് ഇതെല്ലാം , എങ്കിലും ബിപിയും മറ്റുമായി ഓരോന്ന് പരിശോധിക്കുമ്പോഴുള്ള അവരുടെ നിഷ്കളങ്കതയുള്ള ചോദ്യങ്ങളും വിശേഷം പറച്ചിലും ആ റിപ്പോർട്ട് എന്നെ പെട്ടെന്ന് സങ്കടത്തിലാഴ്ത്തി..
അസുഖമെന്തെന്ന് അവരെ അറിയിച്ചിട്ടില്ല വയറുവേദനയും നിർത്താതെയുള്ള രക്തസ്രാവവും.. വേറൊരു ലേഡി ഡോക്ടറെ കാണിച്ചപ്പോൾ ടെസ്റ്റ് ചെയ്ത് ഓപ്പറേഷൻ വേണ്ടിവരുമെന്ന് പറഞ്ഞ് ഇങ്ങോട്ടേക്ക് വിട്ടിരിക്കുകയാണ്..വേറൊന്നും അതിനറിയില്ല.
പതിനാറോ പതിനേഴോ വയസുള്ളപ്പോൾ വിവാഹം കഴിഞ്ഞതാണ് നാല് മക്കളുള്ളതിൽ രണ്ട് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞ് പേരകുട്ടികളുമായി, എങ്കിലും ഒരു പക്വതയുമില്ലാത്ത പെരുമാറ്റം..
ഇവിടുത്തെ ഡോക്ടർ പുരുഷനാണെന്ന് അറിഞ്ഞപ്പോൾ മുതൽ വരാൻ മടിപിടിച്ചിരുന്ന അവരെ ഭർത്താവ് നിർബന്ധിച്ചു കൂട്ടികൊണ്ടുവന്നതാണെന്നും ഡോക്ടറിന്റെ മുൻപിൽ പർദയില്ലാതെ ഇരിക്കാൻ നാണമാകുന്നെന്നുമൊക്കെ കൗമാരക്കാരിയുടെ ലജ്ജയോടെ അവർ പറയുമ്പോഴും മുഖാവരണം മാറ്റിയ ഷബാനയുടെ സൗന്ദര്യവും നോക്കി ഞാൻ ഈരേഴുപതിനാല് ലോകവും മറന്ന് നിൽക്കുകയാണ്..
പരിശോധനാമുറി മുഴുവനും അവർ പൂശിയ അത്തറിന്റെയും തലയിൽ ചൂടിയ മുല്ലപ്പൂവിന്റെയും സൗരഭ്യം മൂക്ക് തുളച്ച് തലച്ചോറിലേക്കാഞ്ഞടിച്ചു മത്തുപിടിക്കുന്നു.
ഡോക്ടറെത്തിയതും അവർ തലയിലെ ഷാളിട്ട് മുഖം മറച്ചു..പരിശോധനകൾക്കും റിപ്പോർട്ടുകളുടെ വിശദമായ പഠനത്തിനും ശേഷം ചെയ്യാൻ ബാക്കിയുള്ള രക്ത പരിശോധനകളുടെ കുറിപ്പെഴുതി എന്റെ കയ്യിലേക്ക് തന്ന് ഷബാനയെയും കൂട്ടി പുറത്തേക്ക് പോകാൻ ഡോക്ടർ പറഞ്ഞു.
പുറത്തുനിന്ന പതിനഞ്ചു മിനിറ്റിനുള്ളിൽ അവരുടെ സംസാരം മുഴുവനും ഭർത്താവിനെകുറിച്ചായിരുന്നു..തപ്പി തട്ടിയെങ്ങാനും ഒന്നോരണ്ടോ വാചകം മക്കളെക്കുറിച്ചും..
അദ്ദേഹത്തെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ഭാര്യ..
അയാൾക്ക് വേണ്ടി മരിക്കാൻപോലും മടിയില്ലാത്തവൾ.
കുഞ്ഞിനെപ്പോലെ ഭാര്യയെ കൊണ്ടുനടക്കുന്ന ഭർത്താവ്..
എപ്പോഴും അവളുടെ ഇഷ്ടത്തിനൊത്ത് അണിയിച്ചൊരുക്കി ഹൂറിയായി കൊണ്ടുനടക്കുന്നവൻ..
യത്തീമായ ഷബാനയെ അദ്ദേഹം കണ്ടിഷ്ടപ്പെട്ടതും ആർക്കും എതിർപ്പൊന്നുമില്ലാതെ വിവാഹം നേരത്തെ നടത്തിയതും അവർ ചുറുചുറുക്കോടെ പറയുന്ന കഥകൾക്ക് കേൾവിക്കാരിയായി ഞാൻ നിന്നു..
വിവാഹം വരെയും ആഭരണങ്ങളോ നല്ല വസ്ത്രങ്ങളോ കാണാതിരുന്ന ഷബാനയെ അണിയിച്ചൊരുക്കി രാജകുമാരിയെ പോലെ കൊണ്ടുനടക്കുന്നത് ഭർത്താവ് തന്നെയാണ്..
ഹിന്ദി അറിയാമെങ്കിലും സൂപ്പർ ഫാസ്റ്റ് ബസിനെ വെല്ലുവിളിച്ചുപോകുന്ന ചില വാചകങ്ങളിൽ സംസാരിച്ചത് മനസിലാകാതെ വരുമ്പോൾ ഞാൻ നെറ്റി ചുളിക്കും അതിനവർ അവർക്കറിയുന്ന കന്നഡ തപ്പിപ്പിടിച്ച് പറയും.
ഭർത്താവ് മംതാജ്‌ ഖാൻ അവിടുത്തെ ബസ്‌സ്റ്റേഷന്റെ പ്രധാന അധികാരിയാണ്..ആ ബസ്സ്റ്റാൻഡിലാണ് മാറിക്കേറാനുള്ള ബസിനായി ഞാൻ ദിവസവും കാത്തുനിൽക്കുന്നതെങ്കിലും ഒരുതവണ പോലും അയാളെ കണ്ടിട്ടില്ല..
പത്തുതലമുറക്ക് കാലും നീട്ടിയിരുന്ന് ഉണ്ണാനുള്ള സ്വത്ത് ഉണ്ടായിരുന്നെങ്കിലും ഗവന്മേന്റ് ജോലി ഒരു അന്തസ്സായി കൊണ്ടുനടക്കുന്നയാളാണ് അദ്ദേഹം.
ആദ്യമായാണ് ഞാനവരെ കാണുന്നത്..
ക്ലിനിക്കിൽ നിന്ന ഒരുമണിക്കൂർ സമയം കൊണ്ട് ഞാനവർക്ക് ആരൊക്കെയോ ആയിമാറിയെന്ന് സന്തോഷത്തോടെ പറഞ്ഞതിന് ഞാൻ തലയാട്ടി..
ഡോക്ടറിനോട് സംസാരിച്ചിറങ്ങിവന്ന ഭർത്താവിന്റെ മുഖം ,കഴുകിത്തുടച്ച വിധം വിളറി വെളുത്തു കണ്ടപ്പോഴേ അകത്തെ ചർച്ചയുടെ സാരാംശം ഞാൻ ഊഹിച്ചു.
പിന്നെയും പരിശോധനകൾക്കും റിപ്പോർട്ട് കാണിക്കാനുമെല്ലാമായി അവർ രണ്ടുപേരും നവമിഥുനങ്ങളെപോലെ രണ്ട് വട്ടം കൂടി വന്നു.
അതിന്റെ പിറ്റേ ആഴ്ച്ച ടോട്ടൽ ഹിസ്ട്രക്റ്റമിക്കായി (ഗർഭാശയം പൂർണമായും എടുത്ത് കളയുന്ന ഓപ്പറേഷൻ )ഷബാനയെ അഡ്മിറ്റാക്കി..
നേരത്തെ അറിയുന്നത്കൊണ്ട് എന്റെ ഡ്യൂട്ടിസമയത്താണ് അവർ വന്ന് അഡ്മിറ്റായത്..
വരുമ്പോൾ കൂട നിറയെ പഴവർഗങ്ങളും ഭക്ഷണസാധനങ്ങളും എനിക്കായി കൂടി അവർ കരുതിയിരുന്നു.
മക്കളും മരുമക്കളും പേരക്കുട്ടികളും ബന്ധുക്കളും കൂടി വിവാഹസത്കാരത്തിനുള്ള ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട് പക്ഷേ അവർ ഭർത്താവിനെ എങ്ങോട്ടും മാറാൻ സമ്മതിക്കാതെ കട്ടിലിനടുത്തിട്ട കസേരയിൽ പിടിച്ചിരുത്തി തോളിൽ കൈവച്ച് ഇരിക്കുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഓപ്പറേഷൻ.. തലേന്ന് വൈകുന്നേരം വന്ന് കാണുന്നവരെ അനുവദിച്ചാൽ പിന്നെ കൂടെ നിൽക്കുന്ന ഒരാളെ ഒഴികെ ആരെയും മുറിയിലേക്ക് കടത്തില്ല.അതുകൊണ്ട് മറ്റ്‌ രോഗികൾക്ക് ശല്യമുണ്ടാകാതെ വന്ന് പോകുന്ന സന്ദർശകരെ ഞാൻ ശ്രദ്ധിക്കാനും പോയില്ല.
ഇതിനിടയിൽ എന്നെ വിളിച്ച് മക്കളെയും മരുമക്കളെയും പരിചയപ്പെടുത്താനും അവർ മറന്നില്ല..ദാദി ആയിട്ടും മകളേക്കാൾ സുന്ദരി അമ്മയാണല്ലോയെന്ന് ഞാൻ ചോദിച്ചതും കൊച്ചുകുട്ടികളെപോലെ അവർ പൊട്ടിച്ചിരിച്ചു.
വെറുതെ പറഞ്ഞതായിരുന്നില്ല ഞാനത്.. പിന്നെയും പ്രായം തോന്നിക്കുന്നത് മകളെയായിരുന്നു അമ്മ അത്രയും സുന്ദരിയായിരുന്നു..
എന്റെ ഭർത്താവിന്റെ പ്രണയവും കരുതലുമാണ് എന്നെയിങ്ങനെ സുന്ദരിയാക്കി ഇരുത്തുന്നതെന്ന ഉത്തരത്തിന് , മകളെയെന്തേ മരുമകൻ അങ്ങനെ നോക്കുന്നില്ലേ എന്ന് എന്റെ സ്വഭാവത്തിന് തമാശക്കായാലും ചോദിക്കേണ്ടതാണ് പക്ഷെ എന്നോടത് പറഞ്ഞ് പരിസരം മറന്ന് പരസ്പരമവർ കൈമാറുന്ന നോട്ടത്തിലെനിക്ക് മനസിലായി അവർ പറഞ്ഞതാണ് സത്യം.
ഷബാനയുടെ മുറിയിൽ അവരും ഭർത്താവും മാത്രമേയുള്ളു ഇനി ആ മുറിയിലേക്ക് സന്ദർശകരെ വിടുന്നത് ഓപ്പറേഷൻ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് അതും ഒന്നോ രണ്ടോ പേരെ..
വലിയ വലിയ ഹോസ്പിറ്റലിലെ പോസ്റ്റ് ഓപ്പറേറ്റീവ്
ഐസി യൂ അല്ലെങ്കിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് അങ്ങനെയുള്ള വിശദമായ സൗകര്യങ്ങൾ ഇല്ല. തീയറ്ററിനോട് ചേർന്നുള്ള മുറിയാണ് ഒബ്സെർവഷൻ റൂം ആദ്യത്തെ നാലോ അഞ്ചോ മണിക്കൂർ രോഗി അവിടെ ആയിരിക്കും അനസ്തേഷ്യ തെളിഞ്ഞ ശേഷം സ്വന്തം മുറിയിലേക്കു മാറ്റും..വ്യക്തമാക്കാൻ കാരണം വർഷം കുറെ മുൻപാണ് ..ഒരു നേഴ്സിങ് ഹോമാണ്..
ഷബാനയുടെ കേസ് കുറച്ചധികനേരം നീണ്ടുനിൽക്കുമെന്ന് അറിയാവുന്നതുകൊണ്ട് അൽപനേരം വിശ്രമിച്ചില്ലെങ്കിൽ രാത്രി ഡ്യൂട്ടി കഴിയുമ്പോഴേക്കും ഞാൻ തളർന്നുപോകുമെന്ന് ഉറപ്പാണ്.
അതിനാൽ ഞാൻ കുറച്ചൊന്ന് മയങ്ങാമെന്ന് കരുതിയപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത് മംതാജ് ബായ് ആണ് വിളിച്ചത്..
ഷബാനക്ക് ഇപ്പോഴും ഒന്നും അറിയില്ലെന്നും പറഞ്ഞാലും കൂടുതൽ മനസിലാക്കാൻ മാത്രം വിദ്യാഭ്യാസമോ മിടുക്കോ ഇല്ലാത്ത ഒരു സാധുവാണെന്നും അതുകൊണ്ട് ചെറിയൊരു ഓപ്പറേഷനാണ് ...ഗർഭപാത്രത്തിലെ ഒരു കുഞ്ഞുമുഴ എടുത്തുകളയണം അത്രയേ പറഞ്ഞിട്ടുള്ളൂ എന്ന് അയാൾ നിറകണ്ണുകളോടെയാണ് പറഞ്ഞത്..
ആർക്കു മുൻപിലും കരയാനോ മനസ്സ് തുറക്കാനോ കഴിയാതെ അയാളനുഭവിക്കുന്ന മാനസിക പിരിമുറുക്കം മുഖത്ത് വ്യക്തമായിരുന്നു.സാരമില്ല എല്ലാം ശരിയാകും ഭയപെടാതെയിരിക്കൂ എന്നല്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ നോക്കി വേറൊന്നും പറയാൻ എനിക്കുമില്ലായിരുന്നു.
ഭാര്യക്ക് വേണ്ടി കരയുന്നൊരു ഭർത്താവിനെ അന്നാദ്യമായി കണ്ട അന്ധാളിപ്പിലാണ് ആണുങ്ങളും കരയുമല്ലേ എന്ന് ഞാനോർത്തത്..അന്ന് എന്റെ അറിവിലെ മുതിർന്ന പുരുഷന്മാർ ഗൗരവമുള്ളവരായിരുന്നു..
വൈകുന്നേരം കൺസെന്റ് ഒപ്പിടിപ്പിച്ച് തീയറ്റർ ഗൗൺ ധരിപ്പിക്കാനായി ചെല്ലുമ്പോൾ ഞാൻ മുൻപേ കൊണ്ടുവച്ച പച്ച ഗൗൺ ധരിച്ച് നീണ്ട ഇടതൂർന്ന മുടി രണ്ട് ഭാഗത്തേക്കും പിന്നിക്കെട്ടി ഒഴിഞ്ഞ കയ്യും കഴുത്തുമായി നിഷ്കളങ്കമായ മുഖത്തോടെ തയ്യാറായി
അവരിരിക്കുന്നുണ്ടായിരുന്നു. അരികെ ചിരിക്കുന്ന മുഖത്തോടെ ഭർത്താവും.
സർജറി കഴിഞ്ഞ് മയക്കം തെളിയുന്നതിനിടയിൽ എത്രെയോ വട്ടം അബോധാവസ്ഥയിൽ അയാളെ വിളിക്കുന്ന അവരും ഒബ്സെർവഷൻ മുറിക്ക് പുറത്ത് ഒന്ന് നടു ചായ്ക്കാൻ പോലും പോകാതെ ഇരിക്കുന്ന അയാളും..
മുറിയിലേക്ക് മാറ്റിയശേഷം കാല് തടവികൊടുത്തും നെറ്റിയിലുമ്മ കൊടുത്തും ചെറുചൂടുള്ള വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ കൊണ്ട് മുഖം പതിയെ തുടച്ചുകൊടുത്തും അയാളുണ്ടായിരുന്നു..
പെണ്മക്കൾ ആവശ്യപ്പെട്ടിട്ടും അരികെ നിന്ന് മാറാതെ ആ ദിവസങ്ങളിലെല്ലാം അയാൾ അവരോടൊപ്പം നിന്നു.. എനിക്ക് ആരോഗ്യമുള്ളിടത്തോളം അവളെ നോക്കാൻ ഒരാളെയും ഞാനേൽപിക്കില്ല എന്നാ കണ്ണുകളിൽ..
ദിവസങ്ങൾക്ക് ശേഷം അവർ മടങ്ങിപോകുമ്പോൾ ലോകം ജയിച്ച സന്തോഷത്തോടെയുള്ള മുഖമായിരുന്നു അയാൾക്ക്...ഒരു കുഞ്ഞിനെപ്പോലെ അവരെ പൊക്കിയെടുത്ത് കാറിൽ കയറ്റുന്നതും മുഖത്തേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കുന്നതും സന്തോഷകണ്ണുനീർ എന്റെ കാഴ്ചകൾ പലപ്പോഴും മറഞ്ഞു..
അവർ പോയതിന് ശേഷം മിക്കദിവസങ്ങളിലും എന്നെ ഫോണിൽ വിളിക്കും വെള്ളിയാഴ്ചകളിൽ സമ്മതം പോലും ചോദിക്കാതെ എനിക്കായി ബിരിയാണിയോ സേമിയ കൊണ്ടുണ്ടാക്കിയ ഖീറോ കൊടുത്തയക്കും...
ആഴ്ചകൾക്ക് ശേഷമുള്ള ഞായറാഴ്ച കീമോ തുടങ്ങാനായി വന്നപ്പോഴേക്കും ഷബാനയുടെ കണ്ണുകളിൽ പഴയ കുസൃതിയും കൗമാരക്കാരിയുടെ ചുറുചുറുക്കും മടങ്ങിവന്നിരുന്നു..ഇപ്പോഴും ശരീരത്തിന്റെ ക്ഷീണം മാറിയില്ല അതുകൊണ്ട് ഗ്ലുകോസ് കയറ്റണമെന്ന് അദ്ദേഹം വാശി പിടിക്കുകയാണെന്ന് എന്നോട് നാണത്തോടെ..
ഓരോ ദിവസത്തെയും കീമോ കഴിയും വരെയും ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും അവരോടൊപ്പം ഞാനാ മുറിയിൽ ഉണ്ടായിരുന്നു..മക്കളെ പ്രസവിക്കാൻ നേരവും പനി വന്ന് കയറ്റിയപ്പോഴും ഈ ഗ്ലുക്കോസിന് ഇത്രെയും എരിവില്ലായിരുന്നെന്നും ഞരമ്പിലേക്ക് വീഴുന്ന ഓരോ തുള്ളിയും കടന്ന് പോകുന്നത് അറിയാമെന്നും നീറുന്ന കൈകൾ തലോടുന്ന അയാളെ നോക്കി അവർ പറയും.
അവസാനത്തെ കീമോയും കഴിഞ്ഞ് അവരെ യാത്രയാക്കി ഞാൻ മുറിയിലേക്ക് പോകാൻ മുകളിലേക്കുള്ള പടികൾ കയറുമ്പോൾ റിസെപ്ഷനിലെ വിജയലക്ഷ്മി തമാശക്ക് അവരോട് ചോദിക്കുന്നത് കേൾക്കാം ഞങ്ങളും ഇവിടുണ്ട് സിസ്റ്ററെ മാത്രമേ നിങ്ങൾക്ക് വേണ്ടു അല്ലേയെന്ന്..
ഡിസ്ചാർജ് ആയിപോകുന്ന രോഗികൾ മിക്കപ്പോഴും ബില്ലടച്ചു പോകാൻ നേരം അറ്റൻഡർ തുടങ്ങി അവിടുള്ള എല്ലാ സ്റ്റാഫിനും എന്തെങ്കിലും പൈസ പാരിതോഷികമായി നൽകും..എല്ലാവരും വാങ്ങുമെങ്കിലും ഞാൻ ഒഴിവാക്കാറാണ് പതിവ്.. എനിക്കുള്ള ശമ്പളവും ഫീസടക്കേണ്ട സമയത്ത് അതിൽകൂടുതലും സാറെനിക്ക് തരാറുണ്ട് അതുകൊണ്ട് സ്നേഹത്തിന് പകരം പണമല്ലെന്ന് സ്നേഹത്തോടെ തന്നെ നിരസിക്കും.
പകരമായി ഭക്ഷണമോ മധുരമോ പലരും എത്തിക്കുമ്പോൾ വേണ്ടെന്ന് പറയാറുമില്ല..അതാകാം അവളത് ചോദിച്ചതും.
ഓപ്പറേഷൻ കഴിഞ്ഞ് ഭക്ഷണം തുടങ്ങും മുൻപേ ശർദ്ധിയുണ്ടോയെന്ന് വെള്ളം കൊടുത്ത് നോക്കിയ ധൈര്യത്തിൽ ഞാൻ അദ്ദേഹത്തോട് ജ്യൂസ് കൊടുത്തോളാൻ പറഞ്ഞതും ..കൊടുത്ത ജ്യൂസ് കൊഴുത്ത മഞ്ഞനിറമുള്ള ശർദിലായി കിഡ്നി ട്രേ കയ്യിലെത്തും മുൻപേ എന്റെ കൈകുമ്പിളിൽ നിറഞ്ഞിരുന്നതും..
വയറ്റിൽ നിന്നും പോകാതെ കോൺസ്റ്റിപേഷനാൽ ബുദ്ധിമുട്ടിയപ്പോൾ പകൽ ഡ്യൂട്ടിയിലുള്ളവർ രണ്ട് മൂന്ന് തവണ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രൊകാലിസ്‌ എനിമ കൊടുത്ത്‌ കാത്തിരുന്നപ്പോൾ വയറു വീർത്ത് വലിഞ്ഞ സ്റ്റിച്ചിന്റെ വേദന സഹിക്കാൻ കഴിയാതെ കരഞ്ഞ അവരെ, വയറ്റിലെ ഗ്യാസ് ട്യൂബിട്ട് കളഞ്ഞ് ഫീക്കൽ മാറ്റർ (ഉറച്ചുപോയ മലം )അയാൾക്കും അവർക്കും സഹിക്കാൻ പറ്റാത്ത ദുർഗന്ധത്തിലും അറപ്പില്ലാതെ മടികൂടാതെ ഗ്ലൗസിട്ട കൈകളാൽ എടുത്തുകളഞ്ഞതും..
ഡ്യൂട്ടിയില്ലെങ്കിലും എല്ലാ രോഗികളെയും വന്നെത്തിനോക്കി വിശേഷങ്ങൾ ചോദിച്ചുപോകുന്നതുമെല്ലാം മംതാജ്‌ഖാൻ ഇടറുന്ന സ്വരത്തോടെ വിജയലക്ഷ്മിക്ക് ഉത്തരം കൊടുക്കുന്നത് കേട്ടതും ഞാൻ തിരികെയിറങ്ങി ചെന്ന് അതെല്ലാം എന്റെ ഡ്യൂട്ടി മാത്രമായിരുന്നെന്ന് കൈകൾ കൂപ്പി..
കടമയാണ് ചെയ്തതെന്ന് അറിയാം സിസ്റ്ററെ പക്ഷേ ആ കടമയോടൊപ്പം അറപ്പില്ലാതെ സ്വന്തമെന്ന് കരുതി മകളായോ അനിയത്തിയായോ കൂടെനിന്ന് ചെയ്യാനുള്ള മനസ്സും സ്നേഹവും മറ്റൊരാളിൽ നിന്നും എനിക്ക് അനുഭവമില്ല ഇന്നുവരേക്കും.. അതുകൊണ്ട് തന്നെ നിങ്ങളെന്നും ഞങ്ങളുടെ മനസിലുണ്ടാകും..എന്റെ ശിരസ്സിൽ കൈവച്ചാണ് അദ്ദേഹമത് പറഞ്ഞത്.
അവരുടെ കീമോയെല്ലാം കഴിഞ്ഞശേഷം കഴിക്കാനുള്ള മരുന്ന് മാത്രമായതുകൊണ്ട് വല്ലപ്പോഴുമുള്ള പരിശോധനക്ക് അവർ ഡോക്ടർ ജോലിചെയ്യുന്ന മെഡിക്കൽ കോളേജിൽ പോയാണ് പിന്നെ കാണിച്ചിരുന്നത്... അതായിരുന്നു അവർക്ക് സൗകര്യം.
കുറെ മാസങ്ങൾ കഴിഞ്ഞാണ് ഞാൻ പിന്നെ അവരെ കാണുന്നത് ..അതും ബസ് കാർഡിനുള്ള അപേക്ഷ കൊടുക്കാൻ Q വിൽ നിന്ന എന്നെ അദ്ദേഹം എന്താണ് അറിയിക്കാതിരുന്നെന്ന് ചോദിച്ച് ചീത്തവിളിച്ച് അരികിലേക്ക് വിളിപ്പിച്ച് കാർഡ് ശരിയാക്കിത്തന്നപ്പോൾ..
പരിചയമോ അടുപ്പമോ ആരുമായും ഉണ്ടെങ്കിലും അവരെ ദിനവും വിളിക്കാനോ ആവശ്യങ്ങളിൽ പോയി ചോദിക്കാനോ അന്നും ഇന്നും ഞാൻ പുറകിലാണ്... സ്നേഹത്തോടെ ഒരു അകലം ആരുമായും സൂക്ഷിക്കുന്നത് തന്നെയാണ് ബന്ധങ്ങൾക്ക് നല്ലതെന്ന് പലപ്പോഴും എനിക്ക് വ്യക്തമായിട്ടും ഉണ്ട്..
അന്നാണ് ക്ലിനിക്കിൽ അല്ലാതെ ഞാൻ ഷബാനയെ കണ്ട് സംസാരിച്ചതും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പിരിഞ്ഞതും..
പ്രായപൂർത്തിയായപ്പോൾ മുതലുള്ള മാസമാസത്തെ വേദനയും രക്തവുമൊന്നും ഇല്ലാത്തതിനാൽ പരമസുഖമാണെന്ന് അവർ നിസ്സാരമായി പറയുമ്പോഴും അത് നഷ്ടപ്പെട്ടതിന്റെ വേദന ആ വാക്കുകളിൽ ഉണ്ടായിരുന്നു.
എങ്കിലും അതെടുത്ത് കളഞ്ഞതുകൊണ്ട് ഇനി സമാധാനമായി ജീവിക്കാമല്ലോ..അദ്ദേഹത്തെയും മക്കളെയും സ്നേഹിച്ചുമതിയായില്ലെന്നും ആശ്വാസമുതിർത്തു.
പിന്നെയും മാസങ്ങൾ കഴിഞ്ഞ് സാറാണ് എന്നോട് പറഞ്ഞത് ഷബാന വീണ്ടും വന്നിരുന്നു..നെഞ്ചിലേക്കവൻ മടങ്ങിയെത്തിയിരിക്കുന്നു..
ഇത്തവണ പഴയതുപോലെയുള്ള ചിരിയൊന്നുമില്ലാതെയാണ് അവരെ ഞാൻ കണ്ടത് നെഞ്ച് പിടയുന്ന നോവോടെയുള്ള അവരുടെ നോട്ടത്തെ എന്തുത്തരം കൊടുക്കുമെന്നോർത്ത് ഞാൻ അവഗണിച്ചു..
കഴിഞ്ഞതവണത്തെപോലെ ഷബാന ഒന്നുമറിയാത്തവളല്ല വേദനകളും മരുന്നുകളും നിറഞ്ഞ ലോകം ഇന്നവർക്ക് പരിചിതമാണ്... ഇടത്തെ മാറിടം മുറിച്ച് മാറ്റേണ്ടി വരുമെന്ന് നിർവികാരയായി കേട്ടിരിക്കുന്ന അവരെ നോക്കാൻ ശക്തിയില്ലാതെ മംതാജ് ഖാൻ താഴേക്ക് നോക്കിയിരുന്നു.
"മുജേ കുച്ച്‌ തക്‌ലീഫ് നഹി മേരി ജാൻ ..പരീശാൻ ഹേ കി വോ അകേല പഡ്‌ജായേഗാ നാ.."( എനിക്ക് പേടിയൊന്നുമില്ല എന്റെ മോളെ പക്ഷേ അദ്ദേഹം ഒറ്റക്കാകുമല്ലോയെന്നാണ് എന്റെ വിഷമം മുഴുവൻ)
പോകാൻ നേരം അവരെന്റെ കൈ രണ്ട് കൈ കൊണ്ടും കൂട്ടിപ്പിടിച്ചു.
ഓപ്പറേഷന്റെ തലേന്ന് എന്തോ ആവശ്യത്തിന് പുറത്ത് പോയ മംതാജ്‌ഖാൻ മടങ്ങി വന്നില്ല.. അന്ന് മൂത്ത മകളായിരുന്നു അവർക്കൊപ്പം ഉണ്ടായിരുന്നത് . രാത്രിയോടെ മരുമക്കൾ വരുന്നതും അവരെ കാണാൻ നേരം വൈകിയിട്ടും ഡോക്ടർ ചെന്നു കാണുന്നതുമെല്ലാം എനിക്ക് കാണാം..
അബ്ബാക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് ഉമ്മിയെ അറിയിക്കേണ്ടെന്ന് എന്നോട് മകൾ വന്നു പറഞ്ഞു.
അവൾ പറഞ്ഞതിലും കൂടുതലെന്തോ ഉണ്ടെന്ന് മനസിലിരുന്ന് ആരോ പറയും പോലെ..
ഞാൻ ഡോക്ടറിനെ ചെന്ന് കണ്ടു.
എത്രയോ വർഷത്തെ അനുഭവമുള്ള ആളാണ് എത്രെയോ രോഗികളെ ചികിത്സിച്ച ആൾ എന്നിട്ടും ചിന്തയിൽ മുഴുകി ഒപിയിലെ കസേരയിൽ ചാരി ഇരുപ്പാണ്..
മംതാജ്‌ഖാൻ ഇനിയില്ല..അപകടം നടന്ന സ്ഥലത്തുവച്ചെ അദ്ദേഹം മരണപ്പെട്ടു.. മകളോടും ഭാര്യയോടും പറഞ്ഞിട്ടില്ല.. എല്ലാവർക്കും അറിയാം ഷബാനയും അദ്ദേഹവും തമ്മിൽ എങ്ങനെയാണെന്ന്..
അവരെ അറിയിക്കാൻ ആർക്കും ധൈര്യമില്ല..
എന്റെ ജീവനുള്ള കാലം വരെയും ആർക്കുമൊരു ബാധ്യതയാകാൻ അവളെ ഞാൻ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞവൻ പ്രിയപെട്ടവളോട് ഒരു വാക്ക് പോലും പറയാതെ യാത്രയായി..വേദനിപ്പിച്ച് മതിയാകാത്ത വിധിയുടെ വിളയാട്ടങ്ങൾ.
അന്ന് ചെറിയൊരു അപകടമെയുള്ളൂ എന്നറിഞ്ഞ് മക്കളോടൊപ്പം പോകുന്ന ഷബാനയെ എനിക്കോർമ്മയുണ്ട്. രക്തമയമില്ലാതെ വിളറിവെളുത്ത ആ മുഖവും ശരീരവും ചത്ത മീനിന്റെ കണ്ണുകളും
എന്റെ കൺമുൻപിൽ എത്രയോ ദിവസം തെളിഞ്ഞു..
ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞ് ഇനിയുള്ള ചികിത്സയും മരുന്നും ഇവിടെയാണെന്ന് തീരുമാനമെടുത്ത് ആർക്കും മാറ്റാൻ കഴിയാത്ത വാശിയോടെ അവരുടെ മുറിക്കകത്തിരിപ്പാണെന്നാണ് അവസാനമായി അന്നറിഞ്ഞത്..
പിന്നെയും ജീവിതത്തിൽ ഞണ്ടുകൾ കാർന്നുതിന്നുന്ന ശരീരവുമായി പലരും വന്നു.. ദേഹം പൊള്ളിയടർന്ന പോകുന്ന വേദനയോടെ രക്തമുരുകിയൊലിപ്പിക്കുന്ന കീമോ മരുന്നുകൾ ഞരമ്പിലൂടെ ഒഴുക്കാൻ പലരും വന്നു..
പോരാളികളെ പോലെ തങ്ങളെ കാർന്നുതിന്നാൻ വന്ന ഞണ്ടുകളെ യുദ്ധംചെയ്ത് തോൽപിച്ച മിടുക്കരെ കണ്ടതിനൊപ്പം ജീവിക്കാനുള്ള കൊതി നിറഞ്ഞ നോട്ടങ്ങളും വേദന സഹിക്കാൻ വയ്യ മരിച്ചാൽ മതിയെന്ന മടുത്ത നോട്ടങ്ങളുമായി പലരും വന്നുപോയി..
നോവുണർത്തുന്ന ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ ഷബാനയെ ഞാൻ മനഃപൂർവം മറന്നു
ജോലി മാറിയതിന് ശേഷം വർഷങ്ങൾക്കിപ്പുറവും ഓർമ്മകൾ മടക്കിത്തരാനായി ഇന്നും അറിഞ്ഞു...
വേണ്ടപ്പെട്ട ഒരാളെ കൂടി കാർന്നുതിന്നാനായി അവനെത്തിയിരിക്കുന്നു..
"എനിക്ക് പേടിയൊന്നുമില്ല ലിസമ്മേ... ഇക്കാ തനിച്ചായിപ്പോകുമല്ലോയെന്ന സങ്കടം മാത്രമേയുള്ളു"
ആ ഉമ്മ പറയുമ്പോൾ ഷബാനയുടെ സ്വരമായിരുന്നു എന്റെ കാതിൽ...
വേണ്ടപെട്ടവരെല്ലാം എത്രമേൽ പ്രിയരാണെന്ന് പരസ്പരം തിരിച്ചറിഞ്ഞും ധാരാളിത്തത്തോടെ ചിലവിടാൻ സമയമിനി ബാക്കിയില്ലെന്ന നിസ്സഹായത തിങ്ങിയ നോവിന്റെ സ്വരങ്ങൾ..
ലിസ് ലോന✍️

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot