ദൈവം നടക്കാനിറങ്ങിയപ്പോൾ
പുരോഹിതൻ
ദേവാലയമടച്ചിട്ടു,
ദൈവം
പുറത്തുപോയതറിയാതെ.
വഴിയരികിൽ
തണുത്തു വിറച്ചിരുന്ന കുഞ്ഞിന്
ദൈവം
സ്വന്തം വസ്ത്രം കൊടുത്തു.
പഴകിയ വസ്ത്രം
പകരം വാങ്ങി ധരിച്ചു.
ദൈവം
ദേവാലയത്തിനു മുന്നിൽ
പുരോഹിതനെ കാത്തിരുന്നു.
പുലരിയിൽ
ദൈവത്തെയാട്ടിയോടിച്ച്,
പുരോഹിതൻ
ദേവാലയം തുറന്നു.
വസ്ത്രം വാങ്ങിയ കുഞ്ഞിനെ
നിയമപാലകർ തുറുങ്കിലടച്ചു,
വിലകൂടിയ വസ്ത്രം കവർന്ന കുറ്റത്തിന്.
വഴിയിൽ അലഞ്ഞുതിരിഞ്ഞ
മുഷിഞ്ഞ രൂപം
കുഞ്ഞിനു കൂട്ടായി,
അത് ദൈവമായിരുന്നു,
അവനെ സ്നേഹിക്കുന്ന ദൈവം.
ചൂരലിന്റെ പാടുകൾ കണ്ട്
ദൈവം കരഞ്ഞു.
ദേവാലയത്തിൽ
ആരാധന നടക്കുകയായിരുന്നു,
അപ്പോഴും.
--------------------------------------------------------
--- സിരാജ് ശാരംഗപാണി
--------------------------------------------------------
good
ReplyDelete