നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോറും സാമ്പാറും.(കഥ)


ഒരു സാദാ ചോറിനും കഷ്ണങ്ങൾ ഒട്ടുമില്ലാത്ത നീട്ടിയ സാമ്പാറിനും എത്ര മാത്രം രുചിയുണ്ടാവും. സാമ്പാറിന്റെയും ചോറിന്റെയും കൂടെ കുറെയേറെ കൂട്ട് കറികളും ഉപ്പേരികളും പായസവും പപ്പടവും കഴിക്കുന്ന നമ്മളെ സംബന്ധിച്ചു അതെല്ലാം നിസാരമാണ്. പക്ഷെ ഞാൻ ജീവിതത്തിൽ ഏറ്റവും അധികം രുചിയോടെ കഴിച്ച ചോറിന്റെയും സാമ്പാറിന്റെയും കഥയാണിത്.
രണ്ട് വർഷം മുമ്പ് കേരളത്തെ ഞെട്ടിപ്പിച്ച ഒന്നാം പ്രളയ കാലം.
വല്യ പെരുന്നാളിന് തലേ ദിവസം തന്നെ ഞങ്ങൾ കുറച്ചു കൂട്ടുകാർ തയ്യാറാക്കിയ പദ്ധതി ആയിരുന്നു പ്രളയ ബാധിതരുടെ വീടുകളും മറ്റും വൃത്തിയാക്കുന്ന ജോലികൾ ഏറ്റെടുത്തു ചെയ്യുക എന്നുള്ളത്.
17 പേരായിരുന്നു ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. കോസ്മോപോളിറ്റൻസ് എന്ന ഞങ്ങളുടെ ക്ലബിലെ കൂട്ടുകാരായിരുന്നു എല്ലാവരും. എല്ലാവരും പല വിധ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരായിരുന്നു.
മൂന്നോ നാലോ ദിവസം എറണാകുളത്തു എവിടെയെങ്കിലും തങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാനിങ്. അത്‌ പ്രകാരം മൂന്നാല് വണ്ടികളിലായി ഞങ്ങൾ പെരുന്നാൾ ദിവസം രാത്രി തന്നെ പുറപ്പെട്ടു. സാധാരണ പെരുന്നാളിന് രാത്രി ടൂർ പോവുന്ന കൂട്ടുകാരുടെ താല്പര്യമാണ് എനിക്കേറെ സന്തോഷം ഉണ്ടാക്കിയത്. യഥാർത്ഥത്തിൽ സഹജീവികളോടുള്ള സ്നേഹമാണ് ഒരാളെ മനുഷ്യനാക്കി മാറ്റുന്നത്.
പുലർച്ചെ തന്നെ ഞങ്ങൾ എറണാകുളത്തെത്തി. സുബഹി നമസ്കാരത്തിന് ഒരു പള്ളിയിൽ കയറി. ഞങ്ങളുടെ ആഗമനോദ്ദേശം അറിഞ്ഞ അവരുടെ പെരുമാറ്റം അതീവ ഹൃദ്യമായിരുന്നു.
എറണാകുളം പോലീസ് അറിയിപ്പ് പ്രകാരം ഞങ്ങൾ ഏലൂർ വളം ഫാക്ടറി ഭാഗത്തു ഒരു കോളനിയിലാണ് ക്ലീനിങ്ങിനു പോയത്. ഏലൂർ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന പ്രളയ ചിത്രത്തേക്കാൾ ദയനീയമായിരുന്നു അവിടുത്തെ കാര്യങ്ങൾ.
ചെളി നിറഞ്ഞ വീടുകളും വഴികളും. ഒരൊറ്റ പ്രസവത്തിലെ കുഞ്ഞുങ്ങളെ പോലെ ഒരേ ആകൃതിയിലും വലുപ്പത്തിലുമുള്ള അറുപതോളം കുഞ്ഞു കോൺക്രീറ്റ് വീടുകൾ. അവയുടെ വാർപ്പിന്റെ തൊട്ട് താഴെ വരെ ചെളി വെള്ളം കെട്ടി നിന്നതിന്റെ പാടുകൾ.
വെള്ളം വലിഞ്ഞു ചെളി നിറഞ്ഞ അകത്തും മുറ്റത്തും റോഡിലുമെല്ലാം പ്രതീക്ഷ പോലും നഷ്‌ടമായ കുറെ മനുഷ്യർ. അവരുടെ മുഖത്തെ ഭാവം ഏതൊരു മനുഷ്യന്റെയും ഉള്ളുലക്കുന്നതായിരുന്നു.
വീടിനകത്തെ എല്ലാ വസ്തുക്കളും ഉപയോഗ ശൂന്യമായിരിക്കുന്നു. രാസ വസ്തുക്കൾ നിറഞ്ഞ വെള്ളം കാരണം വല്ലാത്ത ദുർഘന്ധവും വെളുത്ത പതയും നിറഞ്ഞ ചെളി പലർക്കും ദേഹത്തു അലർജി ഉണ്ടാക്കി.
ആദ്യത്തെ അമ്പരപ്പ് മാറിയ ഉടനെ എല്ലാവരും സജീവമായി ജോലി ചെയ്യാൻ തുടങ്ങി.
കുറച്ചു പേര് വീടിനകത്തെ ചെളി കോരി കളയാൻ തുടങ്ങി. കുറച്ചു പേര് സാധനങ്ങൾ നീക്കം ചെയ്തു. മറ്റുള്ളവർ ജനറേറ്റർ ഉപയോഗിച്ച് കറന്റ്‌ എടുത്ത് പ്രഷർ വാഷർ കൊണ്ട് ചുമരും തറയും വൃത്തിയാക്കി. അത് കഴിഞ്ഞു സോപ്പ് വെള്ളം കൊണ്ട് കഴുകി പിന്നെയും വെള്ളമൊഴിച്ചു വൃത്തിയാക്കി.
ഞങ്ങളുടെ അശ്രദ്ധയും പരിചയ കുറവും മൂലം ബൂട്ടോ മാസ്‌കോ ഗ്ലൗസുകളോ കൂടുതൽ ഞങ്ങൾ കൊണ്ട് പോയിരുന്നില്ല. അത്‌ കൊണ്ട് തന്നെ ആ ചെളി പറ്റിയ സ്ഥലമൊക്കെ ചൊറിയുകയും ചുവന്നു തടിക്കുകയും ചെയ്തു.
രണ്ടര മണി ആയപ്പോഴേക്കും ഞങ്ങൾ തളർന്നു പോയി. കെമിക്കൽ പോലെ എന്തോ ഒരു മണവും ചൊറിച്ചിലും ഞങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന് തന്നെ പറയാം. എന്ത് കൊണ്ടാണ് ചില ആളുകൾ ഇത് പോലെയുള്ള സ്ഥലങ്ങൾ ക്ലീനിങ്ങിനു വരാതെ പള്ളിയോ അമ്പലങ്ങളോ ചർച്ചുകളോ അല്ലെങ്കിൽ കുറച്ചു കൂടെ വൃത്തിയോ വെടിപ്പോ ഉള്ള സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നത് എന്നെനിക്കു മനസ്സിലാക്കി തന്ന ദിവസം ആയിരുന്നു അത്‌.
എട്ടോളം വീടുകൾ വൃത്തിയാക്കി കഴിഞ്ഞിരുന്നു ഞങ്ങൾ. അതിനു ശേഷം ഞങ്ങൾ ഊണ് കഴിക്കാൻ ആ കോളനിയിലെ ആളുകൾ താമസിക്കുന്ന ക്യാമ്പിലേക്ക് പോയി.
അതൊരു സ്കൂൾ ആയിരുന്നു. പേരോർമ കിട്ടുന്നില്ല. ആ സ്കൂളിന് മുൻപിൽ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ടായിരുന്നത് ഇപ്പോഴും ഓർമയുണ്ട്.
യഥാർത്ഥത്തിൽ ഞങ്ങൾക്ക് അവിടെ ഭക്ഷണം പറഞ്ഞിട്ടില്ലായിരുന്നു. ഏതെങ്കിലും ഹോട്ടലിൽ പോയി കഴിക്കാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷെ കൂടെയുള്ള ആളുകൾ നിർബന്ധിച്ചു ഞങ്ങളെ അങ്ങോട്ട് കൊണ്ട് പോവുകയായിരുന്നു.
അല്പം പുക മണമുള്ള ചോറും നീട്ടിയ സാമ്പാർ കറിയും ഇത്തിരി അച്ചാറുമായിരുന്നു ഞങ്ങൾക്ക് അവിടെ ബാക്കി ഉണ്ടായിരുന്നത്.
ഒന്നും മിണ്ടാതെ ഞങ്ങൾ ഭക്ഷണം കഴിക്കുന്നത് നിറഞ്ഞ കണ്ണുകളോടെ കുറെ ആളുകൾ നോക്കി നിൽപ്പുണ്ടായിരുന്നു.
മലപ്പുറത്ത്‌ നിന്നും എറണാകുളത്തേക്ക് സ്നേഹവായ്പുമായി വന്ന ഞങ്ങളെ അതിലേറെ സ്നേഹം നിറഞ്ഞ മനസ്സോടെ അവർ നെഞ്ചിലേറ്റി.
ഊണ് കഴിച്ചു കഴിയാറായപ്പോൾ പ്രായമായ ഒരാൾ എന്റെ ജേഴ്സിയിലെ പേര് വിളിച്ചു.
തിരിഞ്ഞു നോക്കിയ എന്റെ അടുത്തേക്ക് അയാൾ മെല്ലെ നടന്നു വന്നു. ഒന്നും പറയാതെ അയാൾ എന്നെ കെട്ടിപിടിച്ചു.
ഒരു വല്ലാത്ത നിമിഷം ആയിരുന്നു അത്‌. ഒരു മുൻപരിചയവും ഇല്ലാത്ത ഒരു അപ്പൂപ്പന്റെ ആലിംഗനം.
അദ്ദേഹത്തിന്റെ കണ്ണീരിന്റെ ചൂട് എന്റെ തോളിൽ നനവ് പടർത്തി.
ഒന്നും മിണ്ടാതെ അദ്ദേഹം പിൻവാങ്ങിയപ്പോഴും എന്റെ മനസ്സ് ഊഷ്മളമായ ഒരു അനുഭൂതിയിലായിരുന്നു.
പന്ത് കളിക്കുമ്പോഴുള്ള ഷോർട്സും എന്റെ പേരെഴുതിയ ജേഴ്സിയും ആയിരുന്നു എന്റെ വേഷം. അതിലെ ചെളി പാടുകൾ ആ മനുഷ്യന്റെ വെളുത്ത ബനിയനിൽ തെളിഞ്ഞു കാണാമായിരുന്നു.
അദ്ദേഹം മാറിയതിനു ശേഷം എന്റെ കടലാസ് പ്ളേറ്റിലെ ബാക്കി വന്ന ഒരു ഉരുള ഞാൻ മെല്ലെ വായിലേക്ക് വെച്ചു.
ഒരു വല്ലാത്ത രുചി ആയിരുന്നു ആ ഉരുളയ്ക്ക്. അതിനു മുൻപോ അതിനു ശേഷമോ ഒരിക്കലും അനുഭവിക്കാത്ത ഒരു വല്ലാത്ത രുചി.
സ്നേഹത്തിന്റെ രുചി.
(വായനക്ക് നന്ദി ).
സ്നേഹത്തോടെ,
ഹക്കീം മൊറയൂർ.
ഇനിയൊരു പ്രളയം ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot