നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ഒരു സുഹൃത്തുണ്ട്.(അനുഭവകഥ)


സുഹൃത്തെന്നു പറഞ്ഞാൽ പണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഐസ് വില്പന നടത്തുന്ന സമയത്തുള്ള പരിചയമാണ്. എന്നെ പോലെ തന്നെ മെലിഞ്ഞു കറുത്ത ഒരു രൂപം.
അവനു സംസാരിക്കുമ്പോൾ ചെറിയ വിക്കുണ്ട്. മലയാളം പോലും ശരിക്ക് എഴുതാനോ വായിക്കാനോ അറിയില്ല. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ഒന്നും ആൾക്ക് മനസ്സിലാവുകയും ഇല്ല.
മൂന്നാം തവണയും ഏഴാം ക്ലാസ്സിൽ തോറ്റ സമയത്ത് അവൻ പഠിപ്പു നിർത്തി. ഇടക്കൊക്കെ പന്ത് കളി പാടത്തു ഐസും കടലയും വിറ്റ് അവൻ നടക്കുന്നത് കാണാമായിരുന്നു.
മൊയന്ത്‌, അന്തം കമ്മി, മുള കോല് തുടങ്ങി പല പേരുകളും അവനുണ്ടായിരുന്നു. അവന്റെ ശരിക്കുള്ള പേര് ആരെങ്കിലും വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല.
പന്ത് കളി പാടത്തു ചെറിയ പ്ലാസ്റ്റിക് തൊട്ടിയിൽ അടുക്കി വെച്ച ഇഞ്ചി മിട്ടായിയും കടലയുമായി അവൻ നടന്നു വരുമ്പോഴേ കാണികൾക്കിടയിൽ നിന്നും ആരെങ്കിലും അവന്റെ വട്ട പേര് വിളിക്കും. അതോടെ ആളുകൾ ഇളകി ചിരിക്കും.
എല്ലാവരോടും പരിഭവങ്ങളൊന്നുമില്ലാതെ അവൻ പുഞ്ചിരിക്കും. രണ്ട് രൂപയുടെ ഇഞ്ചി മിട്ടായി നാലെണ്ണം എടുക്കുമ്പോൾ അവൻ വിരല് കൊണ്ട് കണക്ക് കൂട്ടുന്നത് കാണുമ്പോൾ ആൾക്കാർ വീണ്ടും ചിരിക്കും.
സംസാരിക്കുമ്പോൾ വിക്ക് കൊണ്ട് അവൻ വിഷമിക്കുന്നത് കാണുമ്പോൾ എനിക്ക് പാവം തോന്നാറുണ്ട്. ചില അക്ഷരങ്ങൾ ഉച്ചരിക്കാനും അവനു പ്രയാസമായിരുന്നു.
പക്ഷെ അവൻ എന്നോട് പലപ്പോഴും വാ തോരാതെ സംസാരിക്കാറുണ്ട്. ഞാൻ മനസ്സിലാക്കിയത് പല ചെറിയ വൈകല്യങ്ങൾ ഉള്ള ആൾക്കാരും അവരോട് ഇഷ്ടമുള്ളവരുടെ അടുത്ത് ആ വൈകല്യത്തെ തോൽപിച്ചു കൊണ്ട് ഇട പഴകുമെന്നാണ്.
നമ്മൾ കൊടുക്കുന്ന ഒരു ചെറു പുഞ്ചിരിക്കോ ഒരു കുശലന്വേഷണത്തിനോ ഒക്കെ പല സമയത്തും പലർക്കും ഒരു ഔഷധത്തെക്കാൾ ഫലം ചെയ്യാറുണ്ട്.
കാലത്തിന്റെ കുത്തൊഴുക്കിൽ ഞങ്ങൾ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു.
പിന്നീട് അവന്റെ ഉപ്പ മരിക്കുകയും പെങ്ങളെ കെട്ടിച്ച ബാധ്യത തീർക്കാൻ അവർ വീട് വിറ്റ് വേറെ എങ്ങോട്ടോ പോവുകയും ചെയ്തു.
പിന്നീട് അവന്റെ ഒരു വിവരവും ഇല്ലായിരുന്നു.
ഏറെ കാലത്തിനു ശേഷം ഒരു കൂട്ടുകാരന്റെ കല്യാണത്തിന് പെരിന്തൽമണ്ണ പോയപ്പോഴാണ് അവനെ പിന്നീട് ഞാൻ കാണുന്നത്.
ബിരിയാണി കഴിച്ചു ഈർക്കിൽ എടുത്തു പല്ലിൽ കുത്തി പന്തലിനു വെളിയിൽ നിൽക്കുമ്പോഴാണ് ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്.
അവനാണെന്നു മനസ്സിലായതും ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.
സന്തോഷം സഹിക്കാതെ അവൻ എന്നെ കെട്ടിപ്പിടിച്ചു.
സംസാരത്തിനിടെ ഞാൻ അവനെ ശ്രദ്ധിച്ചു.
അവൻ ഇട്ടിരിക്കുന്നത് വുഡ്ലാൻഡ് ഷൂ ആണ്. ഇട്ടിരിക്കുന്ന ജീൻസിനും ഷർട്ടിനും നല്ല വിലയുണ്ട്. കയ്യിൽ ഭംഗിയുള്ള വാച്ച്. പോക്കറ്റിൽ നല്ലൊരു ഫോൺ.
'ഗൾഫിൽ പോയോ? '.
ആകാംക്ഷ അടക്കാനാവാതെ ഞാൻ ചോദിച്ചു.
'ഇല്ല '.
പുഞ്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു. എന്റെ മുഖത്തെ സംശയം അവനു മനസ്സിലായി എന്ന് തോന്നുന്നു.
വീട് വിറ്റ് അവൻ എന്റെ നാട്ടിൽ നിന്നും പോയത് പെരിന്തൽമണ്ണ ഭാഗത്തേക്ക്‌ എവിടെയോ ആയിരുന്നു.
കടല കച്ചവടം തന്നെയായിരുന്നു അവന്റെ പണി.
ആദ്യമൊക്കെ വൈകുന്നേരം മാത്രമായിരുന്നു കച്ചവടം. പിന്നെ രാവിലെ മുതൽ രാത്രി വരെ ആക്കി.
ആദ്യം നടന്നു കച്ചവടം. പിന്നീട് ഉന്തു വണ്ടിയിലേക്ക് മാറി.
ഒരു ചായ പോലും പുറത്തുന്നു കഴിക്കില്ല. ഉമ്മ പൊതിഞ്ഞു കൊടുക്കുന്ന ചോറും കറിയും വീട്ടിൽ നിന്നും കൊണ്ട് വരുന്ന വെള്ളവും ഭക്ഷണം.
രണ്ട് മൂന്ന് മാസം കഴിഞ്ഞു. ആയിടക്ക് ഒരു ബാങ്ക് ജീവനക്കാരൻ അവനെ പരിചയപ്പെട്ടു. അയാളുടെ നിർബന്ധത്തിനു വഴങ്ങി ദിവസവും കളക്ഷൻ ഏജന്റ് വഴി അവൻ ബാങ്കിൽ പൈസ ഇടാൻ തുടങ്ങി.
ജീവിതം മെല്ലെ മെല്ലെ പച്ച പിടിക്കാൻ തുടങ്ങി.
മഴലക്കാലത്ത് ചായയും കടിയും വില്പന നടത്തും. വേനൽ കാലത്ത് നാടൻ ഇളനീരും മോരിൻ വെള്ളവും കരിമ്പു ജൂസും.
ഉറുമ്പ് കൂട്ടി വെക്കുന്നത് പോലെ കൂട്ടി വെച്ചു അവൻ കുറച്ചു സ്ഥലം വാങ്ങിച്ചു. പെണ്ണ് കെട്ടുന്നതിനു മുൻപേ ഒരു കൊച്ചു വീട് വെച്ചു.
ഇപ്പോൾ രണ്ട് മക്കളായി.
ഭാര്യയും അവനും കൂടെ അടുത്ത് കാറ്ററിങ് ആരംഭിച്ചു. അത്‌ വളരെ നന്നായി പോകുന്നു എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ അഭിമാനം എന്നെ ആകർഷിക്കുന്നത് ഞാൻ അറിഞ്ഞു.
'നിനക്ക് എന്താ പരിപാടി? '.
അവൻ അവസാനമായി എന്നോട് ചോദിച്ചു.
'ഞാൻ കരുതിയത് ഇജ്ജ് ഏതെങ്കിലും സ്കൂളിലെ മാഷ് ആകുമെന്നാണ് '.
എന്റെ മറുപടി കേട്ടതിനു അവൻ പറഞ്ഞു.
അവന്റെ സംസാരം കേട്ട് ഞാൻ പുഞ്ചിരിച്ചു. അത്രക്ക് ആത്മാർത്ഥത നിറഞ്ഞതായിരുന്നു അവന്റെ സ്വരം.
എത്ര ചെറിയ ജോലി ആണെങ്കിലും കഠിനമായി അധ്വാനിച്ചാൽ നന്നായി ജീവിക്കാം എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുകയായിരുന്നു അവൻ.
യാത്ര പറഞ്ഞു അവൻ പോയപ്പോഴും അവൻ തൂകിയ പ്രസരിപ്പ് എന്റെയുള്ളിൽ നിറഞ്ഞു നിന്നു.
നമ്മളിൽ പലരുടെയും വിജയത്തിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാവും.
അഭ്യസ്‌ത വിദ്യരായ സമ്പന്നരായ മാതാ പിതാക്കൾ, നല്ല അധ്യാപകർ തുടങ്ങി പലതും.
അവനു പക്ഷെ ഒന്നും ഉണ്ടായിരുന്നില്ല.
അപ്പൊ അവൻ തന്നെയാണ് മിടുക്കൻ.
തീർച്ചയായും എന്നെക്കാളും, ഒരു പക്ഷെ നിങ്ങളെക്കാളും.
(വായനക്ക് നന്ദി ).
സ്നേഹത്തോടെ.
ഹക്കീം മൊറയൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot