Slider

ഇല്ലാപ്പീക്കിരി(കഥ)

0

''ന്ത്യേ ഹാജറാത്താ, ന്ങ്ങളീ പറമ്പിലുവന്ന് ഒറ്റക്കിരിക്കണേ?'' ആടിനെ തീറ്റാൻ കേളോൻപറമ്പിലെത്തിയതാണ് പാത്തുമ്പി. ആളില്ലാത്തപറമ്പിലെ മാഞ്ചോട്ടിൽ, വെട്ടിമാറ്റിയ മരത്തടിയിന്മേൽ, ഒറ്റയ്ക്ക് കുത്തിയിരിക്കുന്ന ഹാജറത്തായെ കണ്ട് പാത്തുമ്പി അതിശയിച്ചു.
പ്രായം എഴുപതിനടുത്തായെങ്കിലും കേൾവിക്കൊപ്പമെത്താത്ത കാഴ്ചയെ ചൂഴ്ന്നുനോക്കിക്കൊണ്ട് ഹാജറാത്ത ചോദിച്ചു
''ങാ. ആരാ? ഇമ്പിച്ചിയാണോടീ? കണ്ണ് തിരിയണില്ലേ!''
''ഞാനാ... ത്ത.. പാത്തു....പാത്തുമ്പി ''
''ങ്ഹ ഹാ...നീയാർന്നാ...പണ്ടത്തെ പോലെ കണ്ണൊന്നും തിരിയൂല്ലടീ..നീ എന്താ വ്ടെ?''
''ഞാനാടിനെ കെട്ടാൻ വന്നതാ..ത്ത'' പാത്തുമ്പിയെ നക്കിമണത്ത് അനുസരണയോടെ നിൽക്കുന്ന ആടിന്റെ മങ്ങിയരൂപം അപ്പോളാണ് ഹാജറാത്ത കണ്ടതുതന്നെ. പാത്തുമ്പി ആടിനെ അടുത്തുള്ള കവുങ്ങിൽ കെട്ടിയിടുന്നതും നോക്കിയിരുന്നുകൊണ്ടാണ് ഹാജറാത്ത അന്നത്തെ വിശേഷപ്പെട്ട ചോദ്യം അവരോട് ചോദിച്ചത്.
'' മന്നത്ത്പറമ്പിലെ അലിയാർടെ എളേമോൾക്ക് എന്തോ സൂക്കേട്. ന്നിട്ട് കോയിക്കോട്ട്ന്ന് ഏതോ വല്യതങ്ങൾ വന്നൂന്ന്. അറിഞ്ഞോ നീ പാത്തുമ്പിയേ?'' രണ്ടുവട്ടം പുറത്തേക്ക് തള്ളിവീഴാൻപോയ വെപ്പ്പല്ല് ചുണ്ടുംനാക്കും കൊണ്ട് തള്ളിപ്പിടിച്ചാണ് ഹാജറാത്തയുടെ ചോദ്യം.
''ഇല്ലല്ലാ റബ്ബേ...ആര് നമ്മ്ടെ കൈജാവീടെ ഷാക്കിയാ? അയ്നെന്താ പറ്റ്യേ?''
ഇന്നത്തേക്ക് ആഘോഷിക്കാനുള്ള വാർത്തയുടെ ബാക്കികൂടി തോണ്ടിയെടുക്കുവാനുള്ള ത്വരയിലായി പിന്നെ പാത്തുമ്പി.
''ങാ അവിടേക്ക് നേർച്ചക്ക് ഒരു പൂവൻകോയീനെ വേണംന്ന്. അപ്പോ വീട്ടിലൊരെണ്ണത്തിനെ തരാന്ന് പറഞ്ഞ്, ഞാനേ. അയ്ന് ഈ ഇസ്മൂനേം കൂട്ടി ഇറങ്ങീതാ. അവൻ ദേ പോത്തിന് കഞ്ഞിവെള്ളം കൊടുക്കണ്.'' ഹാജറാത്ത മുഖംകൊണ്ട് ആംഗ്യം കാണിച്ചിടത്തേക്ക് നോക്കിയപ്പോളാണ്, അധികം അകലത്തല്ലാതെ പോത്തിന് കഞ്ഞിവെള്ളം കൊടുത്തുകൊണ്ടിരിക്കുന്ന ഇസ്മുവിനെ പാത്തുമ്പി കണ്ടത്.
മന്നത്ത്പറമ്പിലെ അലിയാരുടെ അകന്ന ബന്ധുവാണ് ഇസ്മു. ആകെഉണ്ടായിരുന്ന ഉമ്മയും മരിച്ചപ്പോൾ അലിയാർ കൂടെ കൂട്ടിയതാണ് അവനെ. നാല്പതാം വയസ്സിലും ഒറ്റാന്തടിയായി ജീവിക്കുന്നവൻ. എല്ല്മുറിയെ പണിയെടുക്കാൻ ഇസ്മുവിന് ഒരുമടിയുമില്ല. മുറിച്ചുണ്ടുകാരനായതിനാൽ സംസാരത്തിലെ കൊഞ്ഞിപ്പ് അവനെ തീർത്തും ഒരു മൗനിയാക്കിയിരുന്നു. അലിയാർടെ പറമ്പിൽ തന്നെ ഒരു ചായ്പിലാണ് ഇസ്മുവിന്റെ താമസം. അലിയാർക്കു മാത്രമല്ല നാട്ടുകാർക്കും എന്ത് സഹായത്തിനും ഇസ്മു തയ്യാറാണ്. കടയിൽ പോകുവാനും, വിറക് കൊത്താനും, മരംവെട്ടാനും പോത്തിനെ അറുക്കാനും ഒക്കെ എല്ലാവരും അവനെയാണ് വിളിക്കാറുള്ളത്.
''അപ്പോ കോയീനെ നേർച്ചയ്ക്കിടാനാ?'' പാത്തുമ്പി വിഷയത്തിൽ നിന്നും മാറാൻ ഒട്ടും തയ്യാറല്ല.
''ങാ... തെക്കേലെ ഖാദറൂട്ടി പറഞ്ഞപ്ലാ ഞാനറിയണതേയ്. കോയ്ക്കോട്ട്ന്ന് വല്യ ഏതോ തങ്ങളാ വന്നത് . നിക്കാണേൽ കാല് നീരുവന്ന് തീരെ നടക്കാൻ വയ്യ. അറിഞ്ഞിട്ടവിട്ത്തോളം പോവാതിരുന്ന എങ്ങനയാ. രണ്ടും കല്പിച്ചങ്ങടെറങ്ങി. അവ്ടംവരെ പോയിട്ടുവര്ണതാ. എവിടേലുമിച്ചിരി ഇരുന്നില്ലേൽ ഒരടി നടക്കാൻ പറ്റൂല്ല. അതാ ഈ കുറ്റിമ്മേലിര്ന്നത്.'' നീരുവന്ന് വീർത്ത കാലുരണ്ടും തടവിക്കൊണ്ടിരിക്കുന്ന ഹാജറാത്തയുടെ ആരോഗ്യകാര്യത്തിൽ തെല്ലും താത്പര്യമില്ലെങ്കിലും പാത്തുമ്പി ആവശ്യത്തന് അനുകമ്പ കലർത്തി ചോദിച്ചു.
''ഇനി വീട്ടീച്ചെന്ന് ഇച്ചിരി കൊഴമ്പിട്ട് തിരുമ്മ്ത്താ. അല്ല കൈജാവീടെ മോക്ക് എന്താന്നാ പറഞ്ഞെ?''
'' ങാ..അതാ.. ഇപ്പൾത്തെ പുള്ളങ്ങൾടെ ഒരു കാര്യം. പറഞ്ഞാ അൻസരിക്കില്ല. മഗ്രിബിന്റെ നേര്ത്ത് പെരയ്ക്ക് പുറത്തിറങ്ങരുത് ന്ന് പറഞ്ഞാ കേക്കോ. പത്തിരുപത് വയസ്സായ പെണ്ണല്ലേ...എന്താണ്ടിനും വേണ്ടി ആ നേരത്തിറങ്ങിയതാത്രേ..പെട്ടന്ന് ഇല്ലാപ്പീക്കിരിടെ ഒച്ച കേട്ടൂന്നും, പിന്നീന്ന് ആരോ മണ്ണ് വാരിയെറിയണ പോലെ തോന്നീന്നുമാ പറയണെ. പുള്ള അപ്പന്നെ അവിടെ തലകറങ്ങി വീണ്. പിന്നെത്തൊടങ്ങി പനി, മാറാത്ത വയറുവേനേം ഒറക്കത്തി പിച്ചുംപേയും പറച്ചില് . മരുന്ന് കഴിച്ചിട്ടൊന്നും കുറയണില്ലാന്ന്.''
''പടച്ചോനേ..ന്നിട്ടിതൊന്നും നമ്മളറിഞ്ഞില്ലല്ലാ. അല്ലാ..ത്താ ഇല്ലാപ്പീക്കിരിനെ കണ്ടാ അവള്?''
''തിരിഞ്ഞോക്കാൻ പോയപ്ലേക്കും അരികത്തൂടി ഒരു വെട്ടം പോയപോലെ തോന്നീന്ന്''
''റബ്ബേ. അതെന്തുട്ട് വെട്ടം? എന്നിട്ടെന്തായി..എങ്ങനീണ്ട് അവക്ക്?''
'' ഹ പറയട്ടെന്ന്...അത് മാത്രല്ല ടീ.. പാത്തുമ്പിയെ കാര്യം. കൈജാവീടെ വീട് ഇരിക്കണ വയിയല്ലേ കുറുപ്പത്തമ്പലം. അയിലൂടെ അയ്ത്തുങ്ങൾടെ പോക്കുവരവുള്ളതല്ലേ. അന്നേരത്തെറങ്ങാൻ പാട്ണ്ടാ?..അതും പുറത്തായിരിക്കണ സമയോം..അതല്ലേ ഇത്ര മെനക്കേടായത്.'' ആർക്കും അറിയാത്ത മഹാസത്യങ്ങൾ തനിക്കറിയാമെന്ന മട്ടിലാണ് താളത്തിൽ തലയാട്ടിക്കൊണ്ടുള്ള ഹാജറാത്തയുടെ വെളിപ്പെടുത്തലുകൾ.
''ങാ അതും നേരന്ന്യാ. അല്ലേലും ഇപ്പൾത്തെ കുട്ട്യോക്കൊന്നും ചെല്ലുളിയില്ലെന്ന്. ന്നിട്ട് ഇങ്ങള് കണ്ടാ കോഴിക്കോട്ടെ തങ്ങളെ?'' പാത്തുമ്പി ആവേശത്തിലായി.
''പിന്നെ കാണാണ്ടാ!! എന്ത് ഈമാനൊള്ള മൊഗാണെന്നാ. ആ മൊഗത്ത്ന്ന് കണ്ണെടുക്കൂല്ല. നമ്മക്ക് ഉള്ളിലന്നെ ഒരു വെറവൽ വരും. കോയിക്കോട്ട്ന്ന് അഞ്ചാറ് ഉസ്താക്കൻമാരുണ്ടായിര്ന്ന്. മട്ടൻ ബിരിയാണീം, കോഴിപൊരിച്ചതും ഒക്കെണ്ട്. ഞാനതൊന്നും കഴിക്കാൻ പോയില്ല. നമ്മൾ തീറ്റ കാണാണ്ട് നടക്കണത് വല്ലതുമാണാ..വീട്ടിലുണ്ടാക്ക്യാലും നമ്മക്ക് വേണ്ട.'' കൈജാവീ കഴിക്കാൻ വിളിക്കാത്ത കെറുവൊന്നും ഹാജറാത്ത പുറത്ത് കാണിച്ചില്ല.
''അതേല്ലേ...ന്നിട്ട്?'' പാത്തുമ്പിയുടെ ക്ഷമ നശിച്ച് തുടങ്ങിയിരുന്നു
''വല്യ തങ്ങള് വന്ന് അവളെക്കൊണ്ട് താലത്തിലെ വെള്ളോം കുടിപ്പിച്ച് മന്ത്രിച്ചൊന്നൂതി രണ്ട് മൂന്ന് ഷിഫാ ചൊല്ലീതും പെണ്ണങ്ങട് ഇളക്കം തുടങ്ങീല്ലേ. ഇത് ഇപ്പളോന്നുമല്ലന്ന്, ചെറുതിലേ എങ്ങാനും ദേഹത്ത് കേറിക്കൂടിയതാന്നേ. വള്ളോംപറമ്പിലെ തൂങ്ങിച്ചത്ത കാർത്തുവാന്നാ പേര് പറഞ്ഞത്. ന്നിട്ട് പെരേന്റെ നാല് മൂലേന്നും മണ്ണെടുത്ത് മന്ത്രിച്ച് കൊടത്തിൽ വക്കാൻ പറഞ്ഞ്. മൊഹ്യുദ്ദീൻ ഷേക്കിന്റെ പേരിൽ ദെവസോം മൂന്ന് യാസീനും ഓതാൻ, ഒരു പൂവൻകോയിനെ വളർത്തീട്ട് 45 ദെവസം കയ്ഞ്ഞ് അറുത്ത് ഒരു മൗലൂദും നടത്തിയിട്ടേ പെണ്ണിന് പുറത്തിറങ്ങാൻ പാടൂള്ളൂന്നാ പറഞ്ഞെ, എല്ലാർക്കും ചരടും മന്ത്രിച്ച് കൊടുത്ത് തങ്ങള്. ഞാനും വാങ്ങി മൂന്നുചരട് വീട്ടിലെ പുള്ളങ്ങക്കേയ്.''
'' എന്നാലുമൊരില്ലാപ്പീക്കിരി കൊണ്ടിത്രട വരെയെത്തീല്ലെല്ലേ? പാവം കൈജാവീ, ഇനി അതിനെ കെട്ടിക്കാനായിരിക്കും പാട്.''
''പിന്നെ ഇല്ലാപ്പീക്കിരി കളിയാണ്ന്നാ...ങ്ഹാഹാ..അതൊക്കെ സത്യോള്ളതാ..''
''ഹാജറാത്ത കണ്ടിട്ട്ണ്ടാ ഇല്ലാപ്പീക്കിരീനെ?''
''ന്റള്ളോ..പിന്നെ ഞാനിങ്ങനെ ജീവനോടിണ്ടാവോ. ന്റുമ്മേം വാപ്പേം പറയണയ്ന്റെ അപ്പ്റത്ത് നടന്നിട്ടില്ല ഈ ഹാജറ..അറിയോ...ങ്ഹാ..ഹാ...എങ്കിലും ന്റ ചെറുതിൽ ഞാൻ കേട്ടിട്ട്ണ്ട് ഇയിന്റെ കരച്ചിൽ. നമ്മ്ടെ സാദാ 'ചീകീടിനെ' പോലെ 'രീരീ.'..ന്നല്ല 'കരഖരാ'ന്ന് മരത്തിലിട്ടടിക്കണ പോലൊരൊച്ചയാ ഈ ഇല്ലാപ്പീക്കിരിക്ക്. ചീത്ത സമയത്താന്ന് ഇയ്റ്റുങ്ങൾ പുറത്ത് വര്ണത്. ഞാനന്നേരം ഉമ്മാനെ അള്ളിപ്പിടിച്ചിരിക്കും അത്രക്ക് ചീത്ത സാനമാണത്.''
''ഞാനിതിനെ കണ്ടിട്ടൂല്ല ഒച്ചേം കേട്ടിട്ടില്ല. പറഞ്ഞ് കേട്ടിട്ട്ണ്ട്.
''അതുപോലന്നെയാ റൂഹാനിപ്പക്ഷി. കഴിഞ്ഞ വല്യപെരുന്നാളിന്റന്ന് വൈകീട്ട് അടുക്കളമുറ്റത്തെ ആഞ്ഞിലീൽ ഇരുന്ന് ഒരെണ്ണം ചെലക്കലോട് ചെലക്കൽ. ന്റെ ബദരീങ്ങളേ...ഞാനും സൂറാബീം കെടന്ന് വെറക്കണേർന്ന്. മയ്യത്ത് അറിയിക്കാൻ വന്ന കിളിയല്ലേ...എന്താ ഈ കിളി ഇങ്ങനെ കെടന്ന് കരയണേന്ന്. കാര്യം മരുമോളൊക്കെ ആണേലും ബോധംണ്ട് ഓക്ക്. ആ നേരത്ത് ഏതോ ബുദ്ധിക്ക്
സൂറാബി അജ്മീർഖാജാക്ക് പട്ടു നേർന്ന്പ്പോ. അപ്പൊളാ അയ്ന്റെ ചെലക്കൽ നിന്നത്. ഞാൻ വിചാരിച്ച് എന്റെ മയ്യിത്ത് പറയാനാ അത് വന്നതെന്ന്. അന്ന് രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. പിറ്റേന്ന് വെളുപ്പിനല്ലേ കാര്യമറിയണത്, പടിഞ്ഞാറേലെ ഷക്കീറിന്റെ വാപ്പ രാത്രി മയ്യത്തായെന്ന്. അപ്പോ അതറിയിക്കാൻ വന്നതാണാ കിളി. അതാ പറഞ്ഞെ ഇതൊക്കെ സത്യൊള്ളതാന്ന്''
''ഹോ...ന്റിത്താ എനിക്കിതൊക്കെ കേട്ടിട്ട് രോമോക്കെ പെരുത്ത് കേറണ്''
''ങ്ഹാ..അതൊക്കെ അള്ളാന്റെ കളിയല്ലെ. പണ്ടുള്ളോര് പറയണതിലും കാര്യണ്ട്.''
പോത്തിന് തീറ്റപ്പുല്ലും പറിച്ചിട്ട് വരുന്ന ഇസ്മുവും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവന്റെ ചിന്തയിലപ്പോൾ 'കരകരാ' എന്ന് ഒച്ചവച്ചു കൊണ്ടിരിക്കുന്ന ഇല്ലാപ്പീക്കിരി ആയിരുന്നു . പേടിച്ചലറിക്കരഞ്ഞ് തലകറങ്ങി വീഴുന്ന ഷാക്കിയും, അവിടമാകെ മുഴങ്ങി കേൾക്കുന്ന 'കരകരാ' ശബ്ദവും. ടോർച്ച് വെളിച്ചത്തിന് പോലും കണ്ടെത്താനാവാത്ത ഇല്ലാപ്പീക്കിരി.
രാവിലെ അലിയാർക്കായുടെ വീട്ടിലെ മന്ത്രിച്ചൂതലും എല്ലാം അന്നേരം അവന്റെ മനസ്സിലും ഓടിയെത്തി. ചെറുതിലെ മുതൽ തോളത്തിട്ട് നടന്നിട്ടുള്ള, കടലമുട്ടായിക്ക് വേണ്ടി എന്നും വഴക്കടിക്കുന്ന, എപ്പോ കണ്ടാലും ''ന്ത്യേ ഇസ്മുക്കാ'' ന്ന് ചിരിച്ച് കുശലം ചോദിക്കുന്ന, ഇസ്മുവിന് ഏറെ ഇഷ്ടപ്പെട്ട കട്ടൻചായ എപ്പോ ചോദിച്ചാലും ഇട്ടുകൊടുക്കുന്ന ഷാക്കി. മറ്റുള്ളവർ എന്നും ഒരു വിഡ്ഢിയെപ്പോലെ കണ്ടിട്ടുള്ള ഇസ്മുവിനോട്‌ അല്പമെങ്കിലും സ്നേഹത്തോടെ പെരുമാറാറുള്ള ഷാക്കി അവന് പെങ്ങള്കുട്ടിയെപ്പോലെയാണ്. ആ അവളാണ് ഇതുവരെ കാണാത്ത കോലത്തിൽ മറ്റാരെയോപോലെ വല്യതങ്ങളുടെ മുന്നിൽ തുള്ളിവിറച്ച് കണ്ടത്. 'വല്യതങ്ങളെ' ഇസ്മുവിന് അത്രകണ്ട് ബോധിച്ചില്ല. പോകാൻ നേരം കണക്ക് പറഞ്ഞ് അലിയാരോട് കാശ് വാങ്ങുന്ന അങ്ങേരുടെ കാര്യക്കാരനെയും അവന് രസിച്ചില്ല. 'വല്യതങ്ങളുടെ' കയ്യിൽ നിന്ന് മന്ത്രിച്ചചരട് വാങ്ങാൻ അലിയാർക്ക നിർബന്ധിച്ചപ്പോൾ വേണ്ട എന്നുള്ള തന്റെ മറുപടിയിൽ അങ്ങേരുടെ രൂക്ഷനോട്ടത്തിന്റെ അർത്ഥം അവന് മനസ്സിലായില്ലായിരുന്നു.
രണ്ടു മൂന്നാഴ്ച കൊണ്ടുണ്ടായ ഷാക്കിയിലെ മാറ്റങ്ങൾ അവനെ വല്ലാതെ അലട്ടിയിരുന്നു. 45 ദിവസം കഴിയാതെ പുറത്തിറങ്ങരുതെന്ന വല്യതങ്ങളുടെ വിലക്കുള്ളതിനാൽ അവളെ ഇസ്മുവിന് കാണാനും പറ്റുന്നില്ലായിരുന്നു. അതിന് കാരണമായ ഇല്ലാപ്പീക്കിരിയെ വക വരുത്താൻ അന്നേദിവസം മുതൽ അവൻ രാത്രി ടോർച്ചുമായി ഇറങ്ങാൻ തുടങ്ങി. പക്ഷെ ഇത് വരെ ഇല്ലാപീക്കിരിയെ കണ്ടെത്താനായില്ല.
ഹാജറാത്തയോടൊപ്പം പോയി പൂവൻ കോഴിയെ കൊണ്ടുവന്ന അന്നുമുതൽ അതിനെ നോക്കിപരിപാലിക്കുന്ന ജോലിയും ഇസ്മുവിന്റെ തലയിലായി. കാണുന്നവരെയെല്ലാം ഓടിച്ചിട്ട് കൊത്തുന്ന കോഴിയെ തലയിൽ നിന്നൊഴിവാക്കാനുള്ള ഹാജറാത്തയുടെ സൂത്രത്തിൽ, പണികിട്ടിയത് ഇസ്മുവിനാണെന്ന് മാത്രം. വീട്ടിൽ വരുന്നവരെ കൊത്തിയോടിച്ചും , നാട്ടുകാരുടെ പെരപ്പുറത്തേക്ക് പറന്ന് കയറുകയും ചെയ്യുന്ന കോഴിയുടെ പുറകെ ഇസ്മുവും ഉണ്ടാവും. ദിവസവുമുള്ള ഭാരപ്പെട്ട ജോലിക്കൊപ്പം കോഴിപരിപാലനവും കൂടി ആയപ്പോൾ ഇസ്മുവിന്റെ രാത്രിയുറക്കം നേരത്തെയായി. അതോടെ ഇല്ലാപ്പീക്കിരിയെ തേടിയുള്ള രാത്രി നടത്തവും അവസാനിച്ചു. പിന്നെയവിടെ ഇല്ലാപ്പീക്കിരിയുടെ കരച്ചിലും ആരും കേട്ടില്ല. വല്യതങ്ങളുടെ മന്ത്രച്ചരടിന്റെ ഗുണം എന്നെല്ലാവരും ആശ്വസിച്ചു
45 ദിവസം കഴിഞ്ഞ് കോഴിയെ നേർച്ച നടത്തുന്ന ദിവസം ദൂരെയങ്ങോ മരംവെട്ടാനുണ്ട് എന്ന് പറഞ്ഞ് ഇസ്മു അതിരാവിലെ തന്നെ അവിടം വിട്ടു. കോഴിയെ കശാപ്പ് ചെയ്യുന്നത് കാണാൻ വയ്യാതെയാണ് അവൻ പോകുന്നതെന്ന് ആർക്കും മനസ്സിലായില്ല. രാത്രി വൈകി തിരിച്ചെത്തുമ്പോൾ നേർച്ചയെല്ലാം കഴിഞ്ഞ് ആളുകൾ ഓരോരുത്തരായി ഒഴിഞ്ഞു തുടങ്ങിയിരുന്നു. അലിയാർക്ക ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും കൂട്ടാക്കാതെ കട്ടൻചായ മാത്രം വാങ്ങിക്കുടിച്ച് അവൻ തന്റെ ചായ്പിൽ പോയി ഇരിപ്പായി.
പെട്ടെന്നാണ് തല പെരുപ്പിക്കുന്നതും , 'കരകരാ' എന്ന് മരത്തിലടിക്കുന്നതും പോലൊരു ശബ്ദം, പുറകെ ''അള്ളോ ഉമ്മച്ചീ''എന്ന് വലിയവായിലുള്ള നിലവിളിയും. ഷാക്കിയുടെ ശബ്ദമാണതെന്ന് തിരിച്ചറിഞ്ഞതും അവൻ ടോർച്ചുമെടുത്ത് അങ്ങോട്ടേക്ക് പാഞ്ഞു.
അടുക്കളമുറ്റത്ത് വീണുകിടന്ന ഷാക്കിയെ എല്ലാവരും ചേർന്ന് അകത്തേക്ക് എടുത്തുകൊണ്ട് പോകുന്നതുകണ്ട് അവനമ്പരന്നു.
''ഇല്ലാപ്പീക്കിരിടെ ഒച്ചകേട്ട് ഞെട്ടി നോക്കിയപ്പോ വടക്കുപുറത്ത് തലേക്കെട്ട് കെട്ടിയ ആജാനുബാഹുവായ ഒരൊറ്റക്കണ്ണനെ കണ്ടുന്നാ പറഞ്ഞെ. സംശയിക്കാനൊന്നുല്ല ജിന്ന് തന്നെ ''
കൂടി നിന്നവരിലാരോ പറഞ്ഞത് കേട്ട് ഇസ്മു ടോർച്ചുമെടുത്ത് വടക്ക്പുറത്തേക്ക് നടന്നു.
''വേണ്ട ഇസ്മുവേ''എന്ന് പലരും വിലക്കുന്നുണ്ടായിരുന്നെങ്കിലും അവനതൊന്നും വകവച്ചില്ല.
വടക്കുപുറത്ത് ഇല്ലാപ്പീക്കിരിയുടെ അസഹ്യമായ ശബ്ദം കേൾക്കാം. കാഴ്ച്ചയെ മറച്ച് ഇരുട്ട് നിറഞ്ഞുനിൽക്കുന്നു. അവിടവിടെയായി ഒന്നിൽ കൂടുതൽ ഇല്ലാപ്പീക്കിരികളുള്ളത് പോലെ.
കയ്യിലെ ടോർച്ചടിച്ച് ഇരുട്ടിൽ പരതിയിട്ടും ആജാനുബാഹുവിനെയോ, ഇല്ലാപ്പീക്കിരിയെയോ അവന് കണ്ടെത്താനായില്ല.
പെട്ടെന്ന് ഇസ്മുവിന്റെ വലതുവശത്ത് അല്പം മുകളിലായി ഇല്ലാപ്പീക്കിരിയുടെ കരച്ചിലിനൊപ്പം എന്തോ മിന്നുന്നു. അവൻ ടോർച്ചടിച്ചതും ആ ശബ്ദം നിലച്ചു. മുന്നിലതാ കഴിഞ്ഞ ദിവസം താൻ വെട്ടി പകുതിയാക്കിയ 'ആജാനുബാഹുവായ' തേക്ക്. പുരപ്പുറത്തേക്ക് ചാഞ്ഞു വന്നതിനാൽ അലിയാർ വെട്ടാൻ പറഞ്ഞ് താൻ വെട്ടിയ അതേ തേക്ക്. ചാഞ്ഞുവരുന്ന തേക്കിന്റെ മുകളിൽ തളിരിലകൾ പൊടിക്കാതിരിക്കാനായി ചുറ്റിയിട്ട ടർപോളിൻ ഷീറ്റ്. അതിൽ ഇടമുറിയാതെ മിന്നിക്കൊണ്ടിരുന്ന മിന്നാമിനുങ്ങ് അതാ പറന്നുപോകുന്നു. തൊട്ട് താഴെയായി പാറ്റയുടെപോലും വലുപ്പമില്ലാത്ത രണ്ട് 'ഇല്ലാപ്പീക്കിരി' ചീവീടുകൾ ഇണക്കുരുവികളെപ്പോലെ മുട്ടിയുരുമ്മി മരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നു. കാഴ്ചയിൽ 'പീക്കിരി'പോലെ എങ്കിലും ഇവയ്ക്ക് എങ്ങനെ ആ പേര് വന്നു എന്ന് ഒരുമാത്ര ഇസ്മു ചിന്തിക്കാതെ ഇരുന്നില്ല. ഇണചേരുന്ന ഇല്ലാപ്പീക്കിരികളെയും 'ആജാനബാഹുവായ തേക്കി'നെയും മാറിമാറി നോക്കിക്കൊണ്ട് കാണാത്ത ജിന്നിനെ ഇസ്മു വീണ്ടും ഇരുട്ടിൽ തപ്പിനടക്കുമ്പോൾ, അലിയാർ തന്റെ ഫോണിൽ കോഴിക്കോട് വല്യതങ്ങളുടെ നമ്പർ ഡയൽ ചെയ്യുകയായിരുന്നു.
(അവസാനിച്ചു)
ബിനിത - Binitha Sain
Nb. പ്രാദേശികമായി ഒരു തരം ചീവീടുകളെ വിളിക്കുന്നതാണ് ഇല്ലാപ്പീക്കിരി എന്ന്. ദേശങ്ങൾക്കനുസരിച്ച് പേരുകൾക്ക് മാറ്റമുണ്ടാവാം
റൂഹാനി പക്ഷി - മരണം അടുത്തിട്ടുണ്ടെന്ന് അറിയിക്കാൻ വരുന്ന പക്ഷി ( ഒരു വിശ്വാസം )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo