നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ധനുമാസത്തിരുവാതിര


"ഇന്നിനി പോക്ക് നടക്കില്ല അല്ലെ നിഖിൽ? "
"സംശയം ആണ് ഡോക്ടർ.. നോക്ക് കോടമഞ്ഞു നിറഞ്ഞ വഴി. പോരാത്തതിന് മണ്ണിടിഞ്ഞു കിടക്കുന്നു "
ഗീതു നിഖിലിനെ നോക്കി. സ്വന്തം വണ്ടി പണിമുടക്കി വഴിയിൽ കിടന്നപ്പോൾ ഒരു ലിഫ്റ്റ് കിട്ടിയതാണ്. അത് ഇങ്ങനെയും ആയി.
"അടുത്ത് എങ്ങാനും താമസിക്കാൻ വല്ല സ്ഥലം ഉണ്ടോന്നു നോക്കട്ടെ? ഡോക്ടർ ഇവിടെ ഇരുന്നോ? "
"ഞാൻ കൂടി വരാം "ഇരുട്ടിൽ കാറിൽ ഇരിക്കാൻ അവൾക്കൊരു പേടി തോന്നി.
"മുൻപിവിടെ വന്നിട്ടുണ്ടോ ഡോക്ടർ? "
"ഇല്ല ആദ്യം ആണ്.. മീറ്റിംഗ് ഇവിടെ ആണെന്ന് കേട്ടപ്പോൾ ഡ്രൈവറെ കൂട്ടാൻ അമ്മ പറഞ്ഞത് ആണ് കേട്ടില്ല അഹങ്കാരം.. അനുഭവിക്കുക തന്നെ?"
"അത് അഹങ്കാരം അല്ലല്ലോ ഡോക്ടറെ ആത്മ വിശ്വാസം.
അല്ലെ അത് ഒരു പെണ്ണിന് വേണ്ടത് അല്ലെ നല്ലതല്ലേ? "
നിഖിൽ എന്നൊരു പേര് മാത്രേ അയാളെ കുറിച്ച് അറിയൂ.. അതേ ചോദിച്ചുള്ളൂ. സ്ഥലം ആകുമ്പോൾ പണം കൊടുക്കണം..
"ചേട്ടാ ഇവിടെ അടുത്ത് ഹോട്ടലോ മറ്റൊ ഉണ്ടൊ? റോഡിൽ മണ്ണിടിഞ്ഞു.ഒരു രാത്രി താമസിക്കാൻ ആണ് "വഴിയിൽ ഒരാളെ കണ്ടപ്പോൾ അവൻ ചോദിച്ചു
"അതിനു കുറെ ദൂരം പോകണം ല്ലോ.. ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ വീടുണ്ട് ഞാനും എന്റെ ഭാര്യയുമേയുള്ളു.. "
അയാൾ നിഷ്കളങ്കമായി ചിരിച്ചു..
"പോകാമല്ലോ..? "
"പിന്നേ പോകാം ഗീതു പറഞ്ഞു
"കഴിച്ചാരുന്നോ വല്ലോം? "ഒരു പാത്രത്തിൽ ചൂട് കഞ്ഞിയും പപ്പടവും. ചേട്ടനെ പോലെ തന്നെ ശുദ്ധമായ കണ്ണുകളും ചിരിയും ഉള്ള സ്ത്രീ ആയിരുന്നു അദേഹത്തിന്റെ ഭാര്യയും.
അവർ കൊടുത്ത ഭക്ഷണം കഴിച്ച് നന്ദി പറഞ്ഞു ഗീതു. പിന്നെ മുറ്റത്ത്‌ നിൽക്കുകയായിരുന്ന നിഖിലിന്റ അരികിൽ ചെന്നു
"നിഖിലിന്റ വീട് എവിടെ ആണ്? "
"കൊച്ചിയില് "
"കാശ് ഞാൻ കൊച്ചിയിൽ എത്തുമ്പോൾ തരാം കേട്ടോ.. ഡ്രൈവർ ആണല്ലേ? "
"ങാ.. "നിഖിൽ തലയാട്ടി
"ഇടുക്കിയിൽ ആൾക്കാരെ കൊണ്ട് വന്നതാവും ല്ലേ? "
"അതേ.. ഡോക്ടറുടെ നാട് എവിടെ ആണ്? "
"കോട്ടയം "
നിഖിൽ അതിസുന്ദരനായ ഒരു യുവാവായിരുന്നു. ഗീതു അൽപനേരം അയാളുടെ ചിതറിക്കിടക്കുന്ന മുടിയിലേക്കും നീല നിറമുള്ള കണ്ണുകളിലേക്കും നോക്കി നിന്ന് പോയി..
"ഡോക്ടർ പോയി കിടന്നോളു.. എനിക്ക് ഇന്ന് എന്തായാലും ഉറക്കമില്ല ഞാൻ ഇവിടെ ഇരുന്നോളാം "
"അവർ വിചാരിച്ചിരിക്കുന്നത് നമ്മൾ ഭാര്യയും ഭർത്താവും ആണെന്നാ "ഗീതു മെല്ലെ ചിരിച്ചു. പിന്നെ അവന്റെ കണ്ണുകളിലേക്ക് വശ്യതയോടെ നോക്കി ചിരിച്ചു.
നിഖിൽ അവളെ പഠിക്കും പോലെ ഒന്ന് നോക്കി. അതിസുന്ദരിയാണ് ഗീതു. ആർക്കും ഇഷ്ടം തോന്നുന്ന ഒരു പെണ്ണ്.
"ഡോക്ടർ കല്യാണം കഴിച്ചതാണോ? "
"ആയിരുന്നു ഇപ്പൊ ഡിവോഴ്സ് ആയി. നിഖിലിന്റ കല്യാണം കഴിഞ്ഞോ? "
"ഇല്ല "
"ഓ സിംഗിൾ ആണ്.. എന്നെ പോലെ "
"Commited ആണ് "അവൻ മെല്ലെ ചിരിച്ചു
"ആഹാ എന്നാ ലവ് സ്റ്റോറി പറയ്.. എന്റെ ഉറക്കവും എന്തായാലും പോയി. അത് കേൾക്കട്ടെ "
"വലിയ സ്റ്റോറി ഒന്നുമല്ല ഡോക്ടറെ.. സാധാരണ കഥയാണ്. കണ്ടു.. ഇഷ്ടം ആയി അങ്ങനെ.. ഡോക്ടർ പോയി കിടന്നോ.
ഞാൻ ഒരു puff എടുക്കട്ടെ "
അവൻ തന്നെ ഒഴിവാക്കുകയാണെന്നു അവൾക്ക് മനസിലായി. അവൾ എഴുനേറ്റു പോയി.
പുലർച്ചെ തന്നെ അവർ യാത്ര തിരിച്ചു.
"കൊച്ചിയിൽ എത്തി കേട്ടോ "
ഉറക്കം ഞെട്ടി. അവൾ കണ്ണ് തുറന്നു..
"എത്ര ആയി? "
അവൻ മീറ്ററിൽ നോക്കി കാശ് പറഞ്ഞു.
"Thanks നിഖിൽ "അവൾ പോകും മുന്നേ പറഞ്ഞു. അവൻ ഒന്ന് തലയാട്ടി..
ഇന്ദീവരത്തിലേക്ക് നിഖിൽ ചെല്ലുമ്പോൾ നകുലൻ ഓഫീസിലേക്ക് പോകാൻ തയ്യാറാകുകയായിരുന്നു.
"ജാനകി നിഖിൽ വന്നു ട്ടോ "അയാൾ അകത്തേക്ക് നോക്കി.
പൂമുഖത്തേക്ക് ഒരു വീൽ ചെയർ ഉരുണ്ടു വന്നു..
കുളിച്ചീറൻ മുടിയോടെ ജാനകി..
"ശരിക്കും തുവർത്തിയില്ലേ? വെള്ളം ഉണ്ടല്ലോ "നിഖിൽ പോക്കറ്റിൽ നിന്നു ടവൽ എടുത്തു മുടി തുടച്ചു.
"നിഖിൽ എത്തി എന്ന് കേട്ടതും ഓടിയില്ലേ? "
പിന്നാലെ വന്ന ജാനകിയുടെ അമ്മ ചിരിയോടെ പറഞ്ഞു
"ഇന്ന് സമയം പാലിച്ചല്ലോ.. ഉച്ച വരെ ഉണ്ടാകില്ലേ? "നകുലൻ അവനോടു ചോദിച്ചു
"ഇന്ന് വൈകുന്നേരം വരെ ഉണ്ടാകും. കൊടുത്ത വാക്കാണ് അല്ലെ കൊച്ചേ? പക്ഷെ കല്യാണം കഴിഞ്ഞാൽ നീ ഇത്രയും ആത്മാർത്ഥത എന്നിൽ നിന്നു പ്രതീക്ഷിക്കരുത് പ്ലീസ് "
നകുലൻ പൊട്ടി വന്ന ചിരി അടക്കി കാറിനരികിലേക്ക് നടന്നു
നിഖിൽ ജാനകിയുടെ വീൽ ചെയർ മെല്ലെ അകത്തേക്ക് ഉരുട്ടി.
വിശേഷങ്ങൾ ഒക്കെ പറഞ്ഞു തീർത്തപ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ചിരി വന്നു
"എന്നാലും കള്ളംപറഞ്ഞു കാശ് വാങ്ങിയത് മോശം ആയി "
"പിന്നെ മീറ്റർ കാശ്
വാങ്ങണ്ടേ? "
"ദേ എന്നെങ്കിലും പത്രത്തിലോ ചാനെലിലോ ഈ മുഖം വരുമ്പോൾ അവർ അറിയും കേട്ടോ ഇത് നിഖിൽ പരമേശ്വരൻ എസിപി കൊച്ചി ആണെന്ന്.. . കേസ് അന്വേഷണത്തിനു പോയതാണെന്നും.. "
"ഓ "അവൻ തലയാട്ടി
"എന്റെ കാര്യം പറയണ്ടാരുന്നു. ഒരു റൊമാന്സിനു സ്കോപ് ഉണ്ടായിരുന്നു "അവൾ ചിരിച്ചു
"എന്ന് വെച്ചാൽ? ഒരു രാത്രി തമാശ? ഫൺ? "അവൻ നോക്കി
"അങ്ങനെ അല്ല എന്നാലും.. "
"അതങ്ങനെ പെട്ടെന്നൊന്നും തോന്നുകേല കൊച്ചേ നീ പറഞ്ഞ റൊമാൻസ്.. നീ ഇങ്ങനെ നക്ഷത്രം പോലെ ഉള്ളിൽ കത്തി നിൽക്കുമ്പോ.. നിന്റെ മുഖം.. ചിരി.. കണ്ണ്.. നിന്റെ ഗന്ധം.. "അവൻ കള്ളച്ചിരി ചിരിച്ചു.. നീ തന്നിട്ടുള്ള ഉമ്മ... "
ജാനകി അവനെ നുള്ളി
"സ്നേഹത്തിനു ഒരു സത്യം വേണം ജാനകി. നമ്മുടെ ഇണ നമുക്ക് ഒപ്പം ഇല്ലെങ്കിലും ഉണ്ടെങ്കിലും.. കാണാമറയത്തുള്ള അവളുടെ കണ്ണുകൾ ഓർമ വേണം.. അവളുടെ ശബ്ദം ഓർമ വേണം.. അവളുടെ സ്നേഹം, ലാളന ഒക്കെ.. അല്ലെങ്കി ദൈവം അത് നമ്മളിൽ നിന്ന് എല്ലാ സന്തോഷവും എടുത്തു
കളയും.. "അവൻ ആ വിരലുകളിൽ വിരൽ കോർത്തു
"എന്തിനാ എന്നെ ഇത്രയും സ്നേഹിക്കുന്നത്? പാതി തളർന്ന ഉടലുള്ളവളെ? "
അവളുടെ കണ്ണ് നിറഞ്ഞു
"നീ..ഇല്ലാതെ ജീവിക്കാൻ വയ്യാഞ്ഞിട്ട്... "അവൻ ആ മുഖം കയ്യിൽ എടുത്തു
"ഉടലാണോ കൊച്ചേ മുഖ്യം? ഭ്രാന്ത് ആണ് എനിക്ക് നിന്നോട്..കണ്ട നാൾ മുതൽ. വല്ലാത്ത ഒരു ഭ്രാന്ത്.. നീ കൂടെ ഇല്ലെന്ന് എനിക്ക് തോന്നിയിട്ടില്ല ജാനകി. ഓഫീസിൽ ആണെങ്കിലും, നിരത്തിൽ ആണെങ്കിലും
എന്റെ വീട്ടിൽ ആയിരിക്കുമ്പോൾ പോലും നീ ഉണ്ട് ഒപ്പം.. നിന്നോട് മിണ്ടാം ചിരിക്കാം.. വഴക്കടിക്കാം. കാണാതെ തന്നെ "അവന്റെ മുഖം അവളോടുള്ള പ്രണയം കൊണ്ട് തീ പോലെ ചുവന്നു.
"ശര്യാ ഇത് ഭ്രാന്ത് തന്നെ "
അവൾ കണ്ണീരോടെ ചിരിച്ചു
"എന്നെ വിട്ട് പോകരുത് ട്ടോ ജാനകി... പിന്നെ.. പിന്നെ ഞാൻ ഇല്ല "അവന്റെ ശബ്ദം ഇക്കുറി ഒന്ന് ഇടറി.
"എന്താ പറയുന്നേ... ഞാൻ എവിടെ പോകാനാ? ഇതല്ലേ എന്റെ ഭൂമിയും ആകാശവും.. ഇതല്ലേ എന്റെ ഓക്സിജൻ?എന്റെ പ്രാണനെ വിട്ട് ജാനകി എവിടെ പോകും? വേറെ ഏത് സ്വർഗത്തിലേക്ക്? "അവൾ ആ മുഖം കയ്യിൽ എടുത്തു.
നിഖിൽ സ്നേഹത്തോടെ അവളുടെ കണ്ണുകളിൽ ചുംബിച്ചു
ലോകത്തെ ഏറ്റവും ഭാഗ്യമുള്ള പെണ്ണിന്റെ കണ്ണുകളിൽ.....

Written by Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot