Slider

ചാരപ്പണി(കഥ)

0

എൻ്റെ അമ്മേടെ അമ്മേനെ ഞാൻ വിളിച്ചിരുന്നത് അമ്മാമ്മ എന്നായിരുന്നു... അഞ്ചിലോ മറ്റോ പഠിക്കുമ്പോൾ മാധവിക്കുട്ടിയുടെ "ബാല്യകാല സ്മരണകൾ" വായിച്ചപ്പോ മാധവിക്കുട്ടി അമ്മാവനെയാണ് അമ്മാമ്മ എന്ന് വിളിച്ചിരുന്നത് എന്ന് വായിച്ചപ്പോ ഞാനാകെ കൺഫ്യൂഷനായ് പോയ്.. അങ്ങനെ "അമ്മാമ്മ " പരിഷ്കരിച്ച് "അമ്മൂമ്മ " യാക്കി 🙄..
മണിയന്തറ ദേവകിയുടേയും നെയ്ശേരിൽ രാമൻ്റേയും 5 പെൺമണികളിൽ രണ്ടാമത്തവൾ ആയിരുന്നു എൻ്റെ അമ്മൂമ്മ സുമതി!
നാലാം ക്ലാസ് പരീക്ഷയിൽ ഉത്തരമൊന്നുമറിയാത്തതു കൊണ്ടാണോ അതോ ഭക്തി കൂടിപ്പോയത് കൊണ്ടാണോ, എല്ലാ പരീക്ഷകൾക്കും ഉത്തരങ്ങൾക്ക് പകരം രാമായണ കഥ എഴുതി വെച്ച് എന്ന നിസ്സാര കുറ്റത്തിന് സ്കൂൾ അധികൃതർ തോൽപിച്ചതിനാൽ പഠിത്തം നിർത്തേണ്ടി വന്ന ഹതഭാഗ്യ!
പേരക്കുട്ടികളിൽ ആദ്യ ആളായതു കൊണ്ട് ഞാനായിരുന്നു അമ്മൂമ്മേടേ ഫേവേറെട്.. എൻ്റെ കുഞ്ഞുനാളിലത്തെ അന്തം വിട്ട് കണ്ണും മിഴിച്ച് വായും പൊളിച്ച് കമിഴ്ന്ന് കിടക്കുന്ന ഒരു ബ്ലാക് ആൻ്റ് വൈറ്റ് ഫോട്ടോ അമ്മൂമ്മേടെ കയ്യിൽ ഉണ്ടാർന്നു.. ആ ഫോട്ടോ ആയിരുന്നു മിൽമയ്ക്ക് പകരം അമ്മൂമ്മ കണികണ്ടുണർന്നിരുന്ന നന്മ!!!😍
അമ്മൂമ്മേടെ പ്രത്യേകത എപ്പോളും പഴഞ്ചൊല്ലുകൾ ഉപയോഗിക്കുക എന്നതാണ്... "മൂത്തോർ ചൊല്ലും മുതു നെല്ലിക്കേം ആദ്യം കയിക്കും പിന്നെ മധുരിക്കും" ഞാനെൻ്റെ കുട്ടിക്കാലത്ത് ദിവസം ഒരു 5 പ്രാവശ്യം എങ്കിലും കേട്ടിരുന്ന ചൊല്ലാണ്!
പിന്നെ ഞണ്ട് കറി ഉണ്ടാക്കുന്ന ദിവസം "ഞണ്ട് കറിയുണ്ടെങ്കിൽ രണ്ട് കറി വേണ്ട" എന്ന ഐടം ഒരു 10 തവണ എങ്കിലും പറഞ്ഞിരിക്കും..
സച്ചു ജനിച്ച സമയത്ത് കുഞ്ഞ് മൂത്രം ഒഴിച്ചാൽ മസ്റ്റായിട്ട് " ഉണ്ണി മൂത്രം പുണ്യാഹം " എന്ന ഐടവും കുഞ്ഞിന് എക്കിള് വന്നാൽ '' എക്കിട്ടോം വാവേം അക്കരക്ക് പോയ് ..എക്കിട്ടം അക്കരെ നിന്ന്.. വാവ ഇക്കരക്ക് പോന്ന് " എന്ന ചൊല്ലും ( ഇത് ഞാൻ വേറെ ആരും പറഞ് കേട്ടിട്ടില്ല) എക്കിള് മാറണ വരെ നേരൊടെ നിർഭയം നിരന്തരം പറഞ് കൊണ്ടിരിക്കും...
''കണ്ണുള്ളപ്പോൾ കാണണം പല്ലുള്ളപ്പോൾ തിന്നണം" .. എൻ്റെ പല്ലിന് കേടുവന്നപ്പോളാണ് അമ്മൂമ്മ എപ്പോളും പറഞിരുന്ന ഈ ചൊല്ലിൻ്റെ ഒരു അർത്ഥവ്യാപ്തിയെനിക്ക് കറക്ട് മനസ്സിലാകുന്നത്!😁
പത്രം ഒക്കെ മുടങ്ങാതെ വായിക്കും.. ചരമ കോളത്തിനാണ് കൂടുതൽ ഇംപോർട്ടൻസ്.. എന്നാലും ബാക്കി പേജിലെ പ്രധാന ഹെഡിങ്ങ് ഒക്കെ വായിക്കും..
ഒരിക്കൽ ഞാനൊരെട്ടിലോ മറ്റോ പഠിക്കുമ്പോ അമ്മൂമ്മ പത്ര വാർത്ത ഉറക്കെ വായിക്കുകയാണ് " അമേരിക്കക്ക് റഷ്യയിൽ ചാരപ്പണി! "
എന്നിട്ട് പറയാ പണ്ട് അമ്മൂമ്മേടെ നാടായ മൂത്തകുന്നത്ത് പലർക്കും ചാരപ്പണിയായിരുന്നത്രേ!
ഞാൻ ഞെട്ടിപ്പോയ്.. ഇത്ര ധീരൻമാരായിരുന്നോ മൂത്തകുന്നത്തെ നാട്ടുകാർ? അറിഞ്ഞില്ല... ആരും പറഞ്ഞില്ല!"
ആർക്കായിരുന്നു ചാരപ്പണി എന്ന് ചോദിച്ചപ്പോ അമ്മൂമ്മ പറയാ ''തറവാടിൻ്റെ വടക്കേലെ ചന്ദ്രൻ മാമൻ്റച്ഛന് ചാരപ്പണിയായിരുന്നെന്ന്!!! "
ചന്ദ്രൻ മാമൻ്റെ അച്ഛന് ചാരപ്പണിയായിരുന്നു എന്നത് എനിക്ക് ഒടുക്കത്തെ സർപ്രൈസ് ആയിരുന്നു...
"ചാരൻ " എന്ന എൻ്റെ സങ്കൽപ്പത്തെ തന്നെ അടിച്ച് തകർത്തു കളഞ്ഞത്!
സ്വാഭാവികമായും എൻ്റെ സങ്കൽപത്തിലുളള ചാരൻമാർക്ക് ജയിംസ് ബോണ്ടിൻ്റെ ഛായ ആർന്നു.. എനിക്കറിയാവുന്ന ഒരേയൊരു ചാരൻ പുള്ളിയാണല്ലോ!!ഈ പറയുന്ന ചന്ദ്രൻ മാമൻ്റെ അച്ഛനാണേൽ കൃഷ്ണൻ കുട്ടി നായരുടെ രൂപമുള്ള ഒരു സാധു!
"ആർക്ക് വേണ്ടിയാർന്നു പുള്ളി ചാരപ്പണി നടത്തിയിരുന്നത്?" ഞാൻ ചോദിച്ചു
"അങ്ങനെ ഇന്ന ആൾക്ക് വേണ്ടിയൊന്നുമില്ല... ആരു വിളിച്ചാലും അവൻ ചാരപ്പണിക്ക് പോകും!"
എനിക്കാകെ കൺഫ്യൂഷൻ ആയ്.. അമ്മൂമ്മ തുടർന്നു..
"അന്നൊക്കെ എല്ലാർക്കും ഇഷ്ടം പോലെ തെങ്ങുകൾ ആണല്ലോ.. അത് കൊണ്ട് കുറേപ്പേർ ചാരപ്പണിക്ക് വിളിക്കും!! "
തെങ്ങുകളും ചാരപ്പണിയും തമ്മിലുള്ള ബന്ധം ആലോചിച്ച് എനിക്കധികം വിഷമിക്കേണ്ടി വന്നില്ല... തെങ്ങിന് തടമെടുത്ത് ചാരമിടുന്ന പ്രോസസ്സിനെ പറ്റി അമ്മൂമ്മ വാചാലയായ് എൻ്റെ സംശയം ദൂരീകരിച്ചു!!🙄🙄
എന്നാലും തെങ്ങിനു ചാരമിടുന്ന "ചാരപ്പണി "യും അമേരിക്കക്ക് റഷ്യയിൽ ഉള്ള ചാരപ്പണിയുമായ് അമ്മൂമ്മ എങ്ങനെ ലിങ്ക് ചെയ്താവോ ??
Deepthi Prasanth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo