Slider

ആഭ

0


“രാത്രികളെ പേടിയായിരുന്നു ആഭക്ക്.. ഉറക്കത്തിൽ അവളെ തേടിയെത്തുന്ന സ്വപ്നങ്ങളെയും.. എന്നും അവൾ കണ്ടിരുന്നത് ഒരേ സ്വപ്നങ്ങളായിരുന്നു.. ആ സ്വപ്നങ്ങളിൽ നിന്നും ഞെട്ടിയുണർന്ന് ഉറക്കമില്ലാത്ത രാത്രികളിൽ അമ്മയുടെ കൈകളിൽ പറ്റിച്ചേർന്ന് തളർന്ന കണ്ണുകളോടെ അവൾ പകലിനെയും കാത്ത് കിടന്നു. “
ആരുഷി പി ദേവിന്റെ “ആഭ “ എന്ന നോവൽ തുടങ്ങുന്നതിങ്ങനെയാണ്. എഴുത്തുകാരിയുടെയും കഥാപാത്രത്തിന്റെയും പേരുകളാണ് എന്നെ ആദ്യം ആകർഷിച്ചത്.പിന്നീട് എത്രെയോ തവണ ഞാനാ നോവൽ വായിച്ചു. പലപ്പോഴും അതിലെ കഥാപാത്രങ്ങളുടെ ഇടയിലേക്ക് അപരിചിത്വമില്ലാതെ കടന്ന് ചെന്നു. അവരോട് സംവദിച്ചു . ചോദ്യങ്ങൾ ചോദിച്ചു.
.*********
“പുനർജ്ജനിയുടെ പടികളിറങ്ങുമ്പോൾ ആകാശ് തിരിഞ്ഞു നോക്കി.. ആഭ അവനെതന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.ആകാശിനുറപ്പായി രുന്നു എന്നെങ്കിലുമൊരിക്കൽ നിറയെ സൂര്യകാന്തി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന അവന്റെ വീടിന്റെ പടി കടന്ന് ഒരു ചിത്രശലഭത്തെ പോലെ ആഭ അവന്റെ ജീവിതത്തിലേക്ക് കടന്നു വരും. ."
ആദ്യ പതിപ്പിൽ തന്നെ അഞ്ഞൂറിലധികം കോപ്പികൾ വിറ്റ് പോയ നോവൽ അവസാനിക്കുന്നത് ഇങ്ങിനെയാണ്..
ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെയാണ് പലപ്പോഴും നമ്മുടെ മനസ്സ്. നിഗൂഢമായ പല വഴികളിലൂടെയും അത് സഞ്ചരിക്കുന്നു. പലരുടെയും പുറകെ പോവുന്നു. നോവലിലെ ആഭ എന്ന കഥാപാത്രവും ഒരു നിഴൽ പോലെ എന്നേ പിന്തുടർന്ന് കൊണ്ടിരുന്നു. ഒരോ തവണയും നോവൽ വായിച്ചു തീർക്കുമ്പോൾ ഒരു വലിയ ക്യാൻവാസിലെ അപൂർണമായ ചിത്രം പോലെ അവൾ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു.
ഒരുപാട് ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു
അതെന്നെ കൊണ്ട് ചെന്നെത്തിച്ചത് ആരുഷി പി ദേവ് എന്ന എഴുത്തുകാരിയെ കുറിച്ചുള്ള അന്വേഷണത്തിലാണ്.
*********
അതത്ര എളുപ്പമായിരുന്നില്ല.പലപ്പോഴും അവർ യാത്രകളിലായിരുന്നു.. ഒടുവിൽ കുറേയേറെ ശ്രമങ്ങൾക്ക് ശേഷം ആർഭാടങ്ങളില്ലാത്ത ഒരു കൊച്ചു വീട്ടിൽ എഴുത്തുകാരിയുടെ യാതൊരു ജാഡയുമില്ലാതെ ആരുഷി എന്റെ മുന്നിലിരുന്നു.
"ഉത്തരേന്ത്യയിൽ ഇപ്പോഴും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നുണ്ട് . അതിനെ കുറിച്ചുള്ള ഒരു പഠനം.. അതിന്റെ തിരക്കിലായിരുന്നു. .ഇത് പോലെ നമ്മുടെ രാജ്യത്തു നടക്കുന്ന പ്രാകൃതമായ ആചാരങ്ങൾ ഇനിയും വെളിച്ചത്തിലേക്ക് കൊണ്ട് വരേണ്ടതുണ്ട് "
ഞാൻ നോവലിനെ കുറിച്ച് പറഞ്ഞപ്പോൾ അവർ ഒരു നിമിഷം മൗനത്തിലാണ്ടു..
"ആഭ ഒരു സാങ്കല്പിക കഥാപാത്രമല്ല.കൊൽക്കത്തയിലെ എതോ ഒരു കോളനിയിലാണ് അവൾ ജനിച്ചു വളർന്നത്. ബിസിനസ്‌കാരനായ അച്ഛന്റെയും നഴ്‌സായ അമ്മയുടെയും ഒരേയൊരു മകൾ. പേര് പോലെ തന്നെ സുന്ദരിയായിരുന്നു ആഭ. ഒരു കുഞ്ഞു മാലാഖ. അവളുടെ പ്രായത്തിലുള്ള ഏതൊരു പെൺകുട്ടിയെയും പോലെ കളിച്ചും ചിരിച്ചും അവൾ വളർന്നു.. നന്നായി പാടുകയും ചിത്രം വരക്കുകയും കവിതകൾ എഴുതുകയും ചെയ്യുമായിരുന്നു ആഭ. "
"അവൾക്കു പത്തു വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ പെട്ടെന്ന് മരിക്കുകയും അമ്മ വേറൊരു വിവാഹം കഴിക്കുകയും ചെയ്‍തത്. അവളുടെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു അത്. ആഭയുടെ ജീവിതത്തിൽ പതിയെ ഇരുൾ പരന്ന് തുടങ്ങുകയായിരുന്നു
ഒരു ചിത്രശലഭം പോലെ പാറി നടന്നിരുന്ന ആഭയുടെ കുഞ്ഞു ദേഹത്തേക്ക് തന്റെ ഭർത്താവിന്റെ കാമാർത്തി പൂണ്ട കണ്ണുകൾ വഴിതെറ്റി വീഴുന്നത് പക്ഷെ ആഭയുടെ അമ്മയറിഞ്ഞില്ല.
നഴ്‌സായ അമ്മയുടെ നൈറ്റ്‌ ഷിഫ്റ്റുകൾ ആഭക്ക് ദുസ്വപ്നമായി മാറി.. ആ രാത്രികളിൽ അയാളുടെ പീഡനത്തിനും ഭീഷണികൾക്കും ഇരയായ ആഭ പതിയെ ചിറകൊടിഞ്ഞ ശലഭത്തെ പോലെ നിശ്ശബ്ദയാവുന്നതും രാത്രിയിൽ ഇടക്ക് പേടിച്ചു ഞെട്ടിയുണരുന്നതിന്റെയും കാരണമറിയാൻ ആ അമ്മക്ക് പിന്നെയും സമയമെടുത്തു.. ഒടുവിൽ ഭർത്താവിന്റെ ഭീഷണി വകവെക്കാതെ എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുമ്പോഴേക്കും ആഭയുടെ ഉള്ളിലെ വെളിച്ചം കെട്ടു പോയിരുന്നു.
ആരുഷിയെ കേട്ടിരിക്കുമ്പോൾ എന്റെ
മനസ്സ് പലതവണ നോവലിലേക്ക് വഴുതി വീണു കൊണ്ടിരുന്നു.
*************
ആഭ..
വെളിച്ചം അധികം കടന്നു വരാത്ത കെമിസ്ട്രി ഡിപാട്മെന്റിന്റെ വരാന്തയിൽ വെച്ചാണ് ആകാശ് ആഭയെ ആദ്യമായി കണ്ടത്...ആദ്യമായി കൂട്ടിമുട്ടിയത് എന്ന് പറയുന്നതാവും ശരി.
“എവിടെ നോക്കിയാണ് നടക്കുന്നത് “എന്ന ആകാശിന്റെ കടുത്ത സ്വരം കേട്ട് അവളൊന്നു ഞെട്ടി. അവന്റെ ദേഹത്തു തട്ടി വീഴാൻ പോയ അവളെ പിടിച്ചു നിർത്തിയ കൈകളിൽ നിന്നും പൊള്ളലേറ്റ പോലെ അവൾ കുതറി മാറി.
“ ഐ ആം സോറി “ ഭയപ്പാടോടെ ആകാശിനെ നോക്കിയ കണ്ണുകൾ അവൾ പെട്ടന്ന് പിൻവലിച്ചു.. പിന്നെ താഴേക്ക് ഊർന്നു വീണ ഷാൾ നേരെയാക്കി നടന്നു നീങ്ങി..
ഒരു നിമിഷം ആഭ നടന്നു പോവുന്നത് ആകാശ് നോക്കി നിന്നു.. അവളുടെ ഇടതൂർന്ന ചുരുണ്ടമുടിയോ മനോഹരമായ കണ്ണുകളോ അധരങ്ങളോ ഒന്നുമല്ല ആകാശിന്റെ മനസ്സിനെ പിടിച്ചുലച്ചത്. ആ കണ്ണുകളിൽ നിഴലിച്ചു നിന്ന ഭയമായിരുന്നു. .
പിന്നീട് പലപ്പോഴും ആകാശ് ആഭയെ കണ്ടു.. കാണുമ്പോഴൊക്കെ അവൾ തനിച്ചായിരുന്നു..
"എന്തിനാണ് എപ്പോഴും എന്റെ പുറകെ ഇങ്ങിനെ നടക്കുന്നത്. "ഒരിക്കലവൾ തിരിഞ്ഞു നിന്നു ആകാശിനോട് ചോദിച്ചു..
"സോറി ഞാൻ പുറകെ നാടക്കുകയല്ല. ആഭക്ക് കൂട്ടുകാരൊന്നുമില്ലേ. എപ്പോഴും തനിച്ചാണല്ലോ "
"എനിക്ക് ഒറ്റക്ക് നടക്കുന്നതാണിഷ്ടം ".
"കുട്ടി ആരെയാണ് ഭയക്കുന്നത്? ഞാൻ കുട്ടി വിചാരിക്കുന്ന പോലെ പൂവാലനൊന്നുമല്ലാ കേട്ടോ "
ഒരു നിമിഷം എന്തോ ഒരു തീക്ഷ്ണമായ വികാരം ആഭയുടെ കണ്ണുകളിൽ മിന്നിമറഞ്ഞു.
"നിങ്ങൾ പുരുഷന്മാർ എല്ലാവരും ഒരുപോലെയാണ്… എല്ലാവരും "
ഒരു നിഗൂഢത പോലെ അവൾ നടന്നു പോവുന്നത് നോക്കി ആകാശ് നിന്നു.
കോളേജിൽ വെച്ച് ആകാശിന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ ആഭ പലപ്പോഴും ശ്രദ്ധിച്ചു.. എന്നിട്ടും അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന ഭയത്തിന്റെ ഉറവിടം തേടി ആകാശ് പലതവണ ആഭയുടെ അമ്മയെ ചെന്ന് കണ്ടു.. ആദ്യമൊക്കെ എല്ലാം തുറന്നു പറയാൻ മടിച്ചെങ്കിലും ഒടുവിൽ
ആകാശിന്റെ നിർബന്ധത്തിന് വഴങ്ങി അവർ ആഭയുടെ കഥ പറഞ്ഞു.
"ആകാശ് നീയെന്തിനാണ് അവളുടെ പുറകെ നടക്കുന്നത്.. അവൾ ഈ ലോകത്തു ഏറ്റവും വെറുക്കുന്നത് പുരുഷന്മാരെയാണ്. അവരുടെ കണ്ണുകളിൽ അവൾ കാമം മാത്രം കാണുന്നു. രാത്രികളെ അവൾക്ക് പേടിയാണ്. മുറിയിൽ ഒരു ചെറിയ വെളിച്ചമെങ്കിലും ഇല്ലാതെ അവൾക്കു ഉറങ്ങാൻ കഴിയില്ല "
ആ ചോദ്യത്തിനുത്തരം ആകാശിനും അറിയില്ലായിരുന്നു..പക്ഷെ ആഭയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം . .മനസ്സ് ആരോടെന്നില്ലാതെ വാശി പിടിക്കുകയാണ്.
*******
"മോളുറങ്ങിയില്ലേ "പതിവ് പോലെ അമ്മയുടെ കൈകൾ ആഭയെ ചേർത്ത് പിടിച്ചു. ആ കൈകളിലെ ചൂടിൽ പറ്റിച്ചേർന്നു കിടന്നു അവൾ വീണ്ടും ആകാശിനെ കുറിച്ചോർത്തു.
ഓർക്കുന്തോറും അവൾക്ക് അസ്വസ്ഥത കൂടിവന്നു
കോളേജിലെ മറ്റ് പയ്യന്മാരെ പോലെയല്ല ആകാശ്. അവന്റെ കണ്ണുകൾ ഒരിക്കൽ പോലും അവളുടെ ശരീര വടവുകളിലേക്ക് ആഴ്ന്നിറങ്ങിയിട്ടില്ല.
.
വർഷങ്ങളായി വേറൊരു പുരുഷനും അവളുടെ ചിന്തകളിലേക്ക് കടന്നു വരാറില്ല. അയാളൊഴികെ..
ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൈകൾ.. എതോ ഒരു വിലകുറഞ്ഞ പെർഫ്യൂമിന്റെയും വിയർപ്പിന്റെയും ഗന്ധം . ഓർമ്മകൾ പെരുമ്പാമ്പിനെ പോലെ ദേഹത്ത് ചുറ്റിവരിയുകയാണ്. ആഭക്ക് ഓക്കാനിക്കാൻ വന്നു.. കണ്ണുകൾ ഇറുക്കിയടച്ചു ഒന്ന് കൂടി അവൾ അമ്മയെ പറ്റിചേർന്നു കിടന്നു.
"നാളെ നമുക്ക് ആകാശ് പറഞ്ഞ സ്ഥലം വരെ പോവാം.. മോൾ വന്നേ പറ്റൂ.. ആകാശ് നല്ലവനാണ്.. അമ്മക്ക് വേണ്ടി മോൾ സമ്മതിക്കണം "
"ഉം "..ആ മാറിടത്തിൽ മുഖം പൂഴ്ത്തി ആഭ മൂളി
*********"
ബംഗളുരിലെ "ഹോം ഓഫ് ബട്ടർഫ്‌ളൈസ് "എന്ന സ്ഥാപനം നടത്തുന്നത് മലയാളിയായ മാനസി വർമയാണ്.. പത്താമത്തെ വയസ്സിൽ ബാംഗ്ലൂരിലെ ഒരു തെരുവിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായവൾ… സമൂഹവും ബന്ധുക്കളും ഒറ്റപെടുത്തിയപ്പോഴും അവളെ സ്നേഹത്തോടെ കൂടെ ചേർത്ത് നിർത്തിയ മാതാപിതാക്കളുടെ പിന്തുണയുടെയും നിരന്തരമായ കൗണ്സിലിങ്ങിന്റെയും ഭാഗമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന മാനസി വലുതായപ്പോൾ ഉറച്ചൊരു തീരുമാനമെടുത്തിരുന്നു. തന്നെ പോലെ പീഡനം അനുഭവിച്ചു സമൂഹത്തിൽ ഒറ്റപെട്ട കുട്ടികൾക്ക് വേണ്ടിയായിരിക്കണം തന്റെ ഇനിയുള്ള ജീവിതം. ഹോം ഓഫ് ബട്ടർഫ്‌ളൈസ് ഒരു റീഹാബിലിറ്റേഷൻ സ്ഥാപനമാണ്. അവിടെ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട് . പലതരത്തിൽ ലൈംഗീകമായും മാനസികമായും പീഡിക്കപെട്ടവർ.. സെക്സ് ട്രാഫിക്കിങ്ങിൽ ഇരയായ കുട്ടികളെ രക്ഷപെടുത്തി അവരുടെ സ്ഥാപനത്തിൽ പാർപ്പിച്ചു കൗൺസിലിംഗ് നൽകുന്നുമുണ്ട്. .
"ചിത്രശലഭങ്ങളുടെ വീട്.. "മാനസി പുഞ്ചിരിച്ചു..ഈ കുട്ടികൾ സമൂഹത്തിലേക്ക് തിരിച്ചു പോവുന്നത് വീണ്ടും ചിറക് മുളച്ചു വർണങ്ങൾ വിതറുന്ന ചിത്രശലഭങ്ങളായിട്ടായിരിക്കണം…എനിക്കത് നിർബന്ധമാണ് "
ഓരോ കുഞ്ഞു മുഖങ്ങളിലേക്കും നോക്കുമ്പോൾ ആഭ അറിയുന്നുണ്ടായിരുന്നു… ഈ ലോകത്തു താൻ തനിച്ചല്ല. തന്നെ പോലെ അല്ലെങ്കിൽ അതിനും എത്രെയോ പതിന്മടങ്ങു പീഡനം അനുഭവിച്ചവരാണ് ഈ കുട്ടികൾ..
മാനസി അവളെ ചേർത്ത് പിടിച്ചു "ആഭ.. ആ പേരിന്റെ അർത്ഥമറിയില്ലേ നിനക്ക്..പ്രകാശം. .നീ ഭയക്കുന്ന ഇരുട്ടിൽ നിന്നും നിന്നെ വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ ആകാശിന്‌ മാത്രമേ കഴിയൂ..എല്ലാ പുരുഷുമാരെയും ഒരേ കണ്ണുകളിൽ കൂടി കാണരുത് ആഭ "
ആ അനുഭവം ആഭയിൽ കുറെയേറെ മാറ്റങ്ങൾ വരുത്തി.. പതിയെ ആകാശ് ആഭയുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു.
ബിരുദം കഴിഞ്ഞു ചൈൽഡ് കൗൺസിലിങ്ങിൽ പഠനം നടത്തണമെന്നും ഹോം ഓഫ് ബട്ടർഫ്‌ളൈസ് പോലൊരു സ്ഥാപനം തുടങ്ങണമെന്നും ആഭയുടെ തിരുമാനമായിരുന്നു. അങ്ങിനെയാണ് "പുനർജ്ജനി "രൂപം കൊണ്ടത്. എല്ലാറ്റിനും ആകാശ് ആഭയുടെ കൂടെയുണ്ടായിരുന്നു. പലതരത്തിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട ഇരുപതോളം കുട്ടികളുണ്ട് പുനർജ്ജനിയിൽ.
സ്കോളർഷിപ് ലഭിച്ചു വിദേശത്ത് പോവുന്നതിന്റെ തലേ ദിവസമാണ് ആകാശ് പുനർജ്ജനിയിൽ വെച്ചു ആഭയെ കണ്ടതും തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചതും.
അന്നാദ്യമായി ആഭയുടെ കണ്ണുകൾ നിറഞ്ഞു. "എനിക്കറിയാം ആകാശ്. നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന്.. ജീവിതത്തിൽ ഒരു തുണ വേണമെന്ന് തോന്നുമ്പോഴൊക്കെ നിന്റെ മുഖം മാത്രമേ മനസ്സിൽ വരാറുള്ളൂ. പക്ഷെ ആ തിരുമമാനമെടുക്കാൻ എനിക്കല്പം കൂടി സമയം വേണം. ഭൂതകാലത്തിന്റെ പഴകി കീറിയ തുണ്ടുകൾ ഇപ്പോഴും എന്റെ ഉള്ളിൽ അവശേഷിക്കുന്നുണ്ട് .. ഇന്നും ദുസ്വപ്നങ്ങൾ എന്നെ തേടി വരാറുണ്ട്.. ഒരു രാത്രിയെങ്കിലും ഇരുട്ടിനെ പേടിക്കാതെ സ്വപ്‌നങ്ങൾ കാണാതെ അമ്മയുടെ കൈകളിൽ കിടന്നു എനിക്ക് നന്നായൊന്നുറങ്ങണം… "
"പുനർജ്ജനിയുടെ പടികളിറങ്ങുമ്പോൾ ആകാശ് തിരിഞ്ഞ് നോക്കി. ആഭ അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. "
**************
"ആദ്യ നോവൽ തന്നെ ഹിറ്റാണല്ലോ.. ഇനി അടുത്തത് ഉടൻ പ്രതീക്ഷിക്കാമോ?"
എന്റെ ചോദ്യം കേട്ട് ആരുഷി ചിരിച്ചു. ആരുഷിയുടെ അച്ഛൻ ബംഗാളിയാണ്..അമ്മ മലയാളിയും.
"ആഭ എന്റെ ആദ്യത്തെ നോവലാണ്. ചിലപ്പോൾ അവസാനത്തെയും .ഇപ്പോൾ കൂടുതൽ തീസിസ് ആണ് എഴുതുന്നത് "
"അതിലെ മറ്റ് കഥാപാത്രങ്ങൾ ആകാശും മാനസിയും സാങ്കല്പികമാണോ "
ഒരു നിഗൂഢമായ ചിരിയുണ്ടായിരുന്നു ആരുഷിയുടെ മറുപടിയിൽ
"നോവൽ എന്ന് പറയുമ്പോൾ അതിൽ കുറെയൊക്കെ ഭാവന കൂടി ചേർക്കേണ്ടതുണ്ടല്ലോ "
"ആ നോവലിന്റെ അവസാനം വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണല്ലോ അവസാനിപ്പിച്ചിരിക്കുന്നത്.. ആകാശിന്റെ ജീവിതത്തിലേക്ക് ആഭ കടന്നു വരുമോ..അതറിയാൻ എല്ലാ വായനക്കാരും ആഗ്രഹിക്കുന്നുണ്ടാവും "
"അത് വായനക്കാരുടെ സങ്കല്പത്തിന് വിടുന്നു.. അതങ്ങിനെ അവസാനിപ്പിക്കാനാണ് എനിക്ക് തോന്നിയത്.. "
"പക്ഷെ "ഒന്ന് നിർത്തി ആരുഷി തുടർന്നു .. "ഒരു പുരുഷന്റെ സ്നേഹമെന്നാൽ കാമം മാത്രമല്ലെന്ന് ആഭയെ പഠിപ്പിച്ചത് ആകാശാണ്..എല്ലാ പുരുഷന്മാരും ഒരേ പോലെയല്ലെന്നും "
ഞാൻ ആരുഷിയുടെ കണ്ണുകളിലേക്കു കുറച്ചു നേരം നോക്കി..
എണീറ്റു യാത്ര പറയുമ്പോൾ ഒരു ചോദ്യം കൂടി എന്റെയുള്ളിൽ ബാക്കിയുണ്ടായിരുന്നു.
പക്ഷെ ഞാനത് ചോദിച്ചില്ല… ആരുഷിയുടെ കണ്ണുകളിൽ ഞാനതിന്റെ ഉത്തരം കണ്ടെത്തിയിരുന്നു.
പുറത്തേക്കു കടക്കുമ്പോൾ ഞാൻ വെറുതെ തിരിഞ്ഞു നോക്കി.. ആരുഷി എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ ചുണ്ടിൽ ആപ്പോഴും ഒരു നേർത്ത പുഞ്ചിരി തങ്ങി നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ കൈവീശി യാത്ര പറഞ്ഞു.
എനിക്കുറപ്പായിരുന്നു. നിറയെ സൂര്യകാന്തി പൂക്കൾ വിടർന്നു നിൽക്കുന്ന വീടിന്റെ പടി കടന്നു ആഭ ആകാശിന്റെ ജീവിതത്തിലേക്ക് വരും….വർണങ്ങൾ വാരി വിതറി .ഒരു ചിത്രശലഭത്തെ പോലെ….
എന്റെ ക്യാൻവാസിലെ ആഭ എന്ന കഥാപാത്രത്തിന്റെ ചിത്രം ഇവിടെ പൂർണമാവുകയാണ്..
ശ്രീകല മേനോൻ
11/08/2020
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo