നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോചനം(കഥ)


പതിനൊന്നു മണിക്കാണ് ഇന്റർവ്യൂ. അർച്ചന വേഗം നടന്നു. ഇതു കിട്ടുമെന്ന് തോന്നുന്നു. അവർ ആവശ്യപ്പെട്ടത് പത്താംക്ലാസ് യോഗ്യതയാണ്. തനിക്ക് ബി കോം ഉണ്ടല്ലോ. അല്ലെങ്കിൽ തന്നെ ഓഫീസ് അസിസ്റ്റന്റിനു എന്തിനാ കൂടുതൽ പഠിപ്പ്. ചിന്തിച്ചു ഓഫീസിൽ എത്തിയത് അറിഞ്ഞില്ല. നോക്കിയപ്പോൾ ഇരുപത്തഞ്ചു പേരോളം എത്തിയിട്ടുണ്ട്. പതിയെ ഒഴിഞ്ഞ സ്ഥലത്തു പോയി ഇരുന്നു വിയർപ്പ് തുടച്ചു. ഓരോരുത്തരെ ആയി അകത്തേക്ക് വിളിക്കുന്നുണ്ട്.
അർച്ചന എന്ന വിളി കേട്ടപ്പോൾ പതിയെ ഉള്ളിൽ കയറി. അവർ മൂന്നു പേര് ഉണ്ട് ഇന്റർവ്യൂ ബോർഡിൽ. ആരുടേയും മുഖം ശ്രദ്ധിക്കാതെ കസേരയിൽ ഇരുന്നു. സർട്ടിഫിക്കറ്റ് മേശമേൽ വച്ചു പതിയെ തല ഉയർത്തി നോക്കി. പതിനായിരം വാട്ട്സ് കറന്റ് പ്രവഹിച്ചത് പോലെ
ഞെട്ടി. ആനന്ദ് തന്റെ മുൻ ഭർത്താവ്. അവർ എന്തൊക്കെയോ ചോദിച്ചു. എന്തൊക്കെയോ മറുപടി കൊടുത്തു. അദ്ദേഹം ഒരു പരിചയം പോലും കാണിച്ചില്ല. ഞങ്ങൾ അറിയിക്കാം എന്ന് പറഞ്ഞ് അടുത്ത ആളിനെ വിളിച്ചു.
വേഗം പുറത്തേക്ക് നടന്നു. ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇപ്പോൾ താഴെ വീഴും എന്ന് തോന്നി. എങ്ങിനെയോ താമസിക്കുന്ന വീട്ടിൽ എത്തി കട്ടിലിലേക്ക് വീണു. പതിയെ ചിന്തകൾ പുറകോട്ടു പോയി.
ഒരിക്കൽ തന്റെ എല്ലാം ആയിരുന്നവൻ. നല്ല ജോലി. ജോലിത്തിരക്കിനിടയിൽ കിട്ടുന്ന സമയം കഴിവതും തന്നോടോപ്പോം ഉണ്ടായിരുന്നു. പക്ഷെ അമ്മ സഹോദരി ഇവർക്കൊപ്പം തനിക്ക് മാത്രം തരാൻ സമയം കുറവ്. അതിന്റ പേരിൽ താൻ പതിയെ പ്രശ്നങ്ങൾ ഉണ്ടാക്കി. അമ്മയോട് പലപ്പോഴും വഴക്കുണ്ടാക്കി. അദ്ദേഹത്തിന്റെ സഹോദരിയോട്‌ ശത്രുവിനെ പോലെ പെരുമാറി. എല്ലാം അദ്ദേഹം നിശബ്ദം സഹിച്ചു. അമ്മയേയും സഹോദരിയെയും വിട്ട് തനിയെ താമസിക്കണം എന്ന് പറഞ്ഞപ്പോൾ മാത്രം അദ്ദേഹം പ്രതികരിച്ചു. പറ്റില്ല എന്ന് പറഞ്ഞു. അമ്മക്ക് ഭയങ്കര വിഷമം ആയി. അമ്മ പറഞ്ഞു നിങ്ങൾക്ക് സന്തോഷം ആകുമെങ്കിൽ തനിയെ താമസിചോളൻ പറഞ്ഞു. പക്ഷെ ആനന്ദേട്ടൻ സമ്മതിച്ചില്ല.
ആ സമയത്താണ് രാജീവനെ പരിചയപ്പെടുന്നത്. നല്ല കട്ട താടിയും കട്ടി മീശയും ഒക്കെ ഉള്ള ഒരു ചുള്ളൻ. കൂടെ ബുള്ളറ്റും ഉണ്ട്. ആനന്ദേട്ടനോട് എത്ര തവണ പറഞ്ഞു ഒരു ബുള്ളറ്റ് വാങ്ങാൻ. കേട്ടില്ല എന്ന് മാത്രല്ല നമുക്ക് കാർ മതി അതാണ് നല്ലത് എന്ന് പറയുകയും ചെയ്തു. കാർ ആകുമ്പോൾ കുടുംബമായി എങ്ങോട്ട് വേണമെങ്കിലും പോകാമല്ലോ എന്നും പറഞ്ഞു.
പതിയെ രാജീവനുമായി അടുത്തു. തനിക്കും വാശി ആയിരുന്നു. രാജീവൻ ജീവിതത്തിലേക്ക് വിളിക്കുക കൂടി ആയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. കൂടെ ഇറങ്ങി പൊന്നു.
കുടുംബ കോടതിയിൽ വച്ചു ആനന്ദേട്ടൻ നീ തിരിച്ചു വരാൻ ഒത്തിരി പറഞ്ഞു. അമ്മയും കരഞ്ഞു പറഞ്ഞു തിരിച്ചു വാ മോളെ എന്ന്. കഴിഞ്ഞതെല്ലാം മറക്കാം എല്ലാം ഒരു സ്വപ്പ്നമായ് കരുതി നമുക്ക് ഒന്നിച്ചു ജീവിക്കാം.
.പിരിയുന്നതിനു കാരണം വക്കീൽ ചോദിച്ചപ്പോൾ കൊടുത്ത മറുപടി ആനന്ദേട്ടനെ തളർത്തി കളഞ്ഞു. ഏതു സ്ത്രീയും ഒരു പുരുഷനെ ആണ് ആഗ്രഹിക്കുന്നത് . ആപ്പോഴത്തെ വാശിക്ക് പറഞ്ഞത് ആണെങ്കിലും അത് ആനന്ദേട്ടനെ അത്രമേൽ തളർത്തി. നിശബ്ദനായി വിവാഹമോചന പേപ്പറിൽ ഒപ്പിടുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീർ കണ്ടില്ലന്നു നടിച്ചു.
രാജീവനൊപ്പോം ജീവിതം തുടങ്ങുപോൾ എന്തൊക്കെയോ നേടി എന്ന് തോന്നി തുടങ്ങി. ബുള്ളറ്റിൽ കറക്കം ഇഷ്ടപ്പെട്ട ഭക്ഷണം അതും താൻ പറയുന്ന ഹോട്ടലിൽ. തന്റെ ആവശ്യങ്ങൾ ഓരോന്നു ചോദിച്ചു നിറവേറ്റി തരുമ്പോൾ തന്റെ കഴുത്തിലും കയ്യിലും കിടന്ന ആഭരണങ്ങൾ ഓരോന്നായി കുറയുന്നുന്നത് ഓർത്തില്ല. അവസാനം അക്കൗണ്ടിൽ കിടന്ന അവസാന കാശും പിൻവലിച്ചു കഴിഞ്ഞപ്പോഴാണ് ഇനി എന്ത് എന്ന ചോദ്യം വന്നത്. പതിയെ രാജീവന്റെ സ്വഭാവത്തിന്റ മാറ്റങ്ങൾ മനസ്സിലായി തുടങ്ങി.
ഇതിനിടയിൽ ഒരു സ്ത്രീ രണ്ട് കുഞ്ഞുങ്ങളുമായി തിരക്കി വന്നതോടെ എല്ലാം കഴിഞ്ഞു. അത് അയാളുടെ ഭാര്യയും കുഞ്ഞുങ്ങളും ആയിരുന്നു. പിന്നെ അയാളെ കണ്ടിട്ടേ ഇല്ല.
ഇനി എന്ത് എന്ന ചോദ്യം. എങ്ങനെ എങ്കിലും ജീവിക്കണം എന്ന് തോന്നി. താമസിക്കാൻ ഒരു
അനാഥാലയത്തിൽ അഭയം തേടി. കുറെ കള്ളങ്ങൾ പറയേണ്ടി വന്നു. പല സ്ഥലങ്ങളിലും ജോലിക്ക് ശ്രമിച്ചു. ചില ഇടങ്ങളിൽ കുറച്ചു നാൾ ജോലി ചെയ്തു. മിക്ക സ്ഥലത്തും തന്റെ ജോലി അല്ല അവർക്ക് വേണ്ടത്. തന്റെ ശരീരം ആയിരുന്നു. അതു കൊണ്ട് തന്നെ ഓരോന്നും ഉപേക്ഷിച്ചു പൊന്നു.
ഇപ്പോൾ ഏതാണ്ട് എട്ട് വർഷത്തിന് ശേഷം ആനന്ദേട്ടനെ കാണുകയാണ്. പാവം എത്ര നികൃഷ്ടമായാണ് ഞാൻ അദ്ദേഹത്തോട് പെരുമാറിയത്. തന്നെ പൊന്നുപോലെ സ്നേഹിച്ച അദ്ദേഹത്തെ അപമാനിച്ചു. പുരുഷത്തെ തന്നെ ചോദ്യം ചെയ്തു.
തിരിച്ചു പോയി അദ്ധേഹത്തിന്റെ കാലിൽ തൊട്ട് മാപ്പ് പറയണം. അമ്മയോട് ചെയ്ത തെറ്റുകക്കൊക്കെ മാപ്പ് ഇരക്കണം ഒരു വേലക്കാരി ആയെങ്കിലും ആ കാൽ ചുവട്ടിൽ കിടക്കാൻ പറ്റുമോ.
രാവിലെ നേരത്തെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങി. അദ്ധേഹത്തിന്റെ നാട്ടിലേക്കുള്ള ബസ്സിൽ കയറി. രണ്ടു മണിക്കൂറിനു ശേഷം അദ്ദേഹത്തിന്റെ നാട്ടിൽ ഇറങ്ങി. പതിയെ വീട്ടിലേക്കുള്ള വഴിയിലൂടെ എട്ട് വർഷത്തിന് ശേഷം നടന്നു. ഒരിക്കൽ തന്റെ അവകാശം ആയിരുന്നു ഇടത്തേക്ക് ഒരു ഭിക്ഷക്കാരിയെ പോലെ. ഭാഗ്യം തന്നെ ആരും തിരിച്ചറിയുന്നില്ലല്ലോ. വീട്ടു പടിക്കൽ എത്തിയപ്പോൾ തന്നെ കണ്ടു ആനന്ദേട്ടൻ സിറ്റൗട്ടിൽ ഇരിക്കുന്നത്. അടുത്ത് ഒരു സുന്ദരിയായ സ്ത്രീ അദ്ദേഹത്തിന്റെ കാൽ മടിയിൽ എടുത്തു വച്ചു നഖം വെട്ടുന്നു . അമ്മ രണ്ടു കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാരി കൊടുക്കുന്നു. എല്ലാവരും എന്തൊക്കെയോ സന്തോഷത്തോടെ സംസാരിക്കുന്നു. ഒരു നിമിഷം കണ്ണിൽ വെള്ളം നിറഞ്ഞിട്ട് കണ്ണ് കാണാതെയായി. നേരെ തിരിഞ്ഞു നടന്നു. ഇനി ആ സ്വർഗത്തിൽ ഞാൻ ഒരു പിശാശ് ആകാതെ.

Written by Mathew Thomas

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot