വായ്ക്കരിയിട്ടില്ല.
മരിച്ച സ്വപ്നത്തെ കാത്തിരിക്കുന്ന ചിത,
ക്ഷമ തെല്ലുമില്ലാതെ ചോദിക്കുന്നു,
"എന്തേ താമസം? "
"മുഴുവൻ മരിച്ചിട്ടില്ല
കുറച്ചുകൂടി മരിക്കാനുണ്ട്
കാത്തിരിക്കൂ. "
മറുമൊഴി പറഞ്ഞതാര്?
മുഖമോർമ്മയില്ല.
അന്ത്യാഭിലാഷമെന്താവും?
ചിതയിലേക്കെടുക്കരുതെന്നോ?
ഒരിക്കൽ കൂടി
ചുംബിച്ചുണർത്തണമെന്നോ?
പ്രിയ സ്വപ്നമേ,
ഞാനെന്നോ മരിച്ചവൻ.
എന്നും ചുംബിച്ചുണർത്തിയത്
നീയല്ലേ?
വരണ്ട ചുംബനങ്ങൾക്ക്
നിന്നെയുണർത്താനാകുമോ?
ചിതയൊരുക്കിയവർ കാത്തിരിക്കുന്നു.
അവർക്കു
വേറെയും പണിയുണ്ടത്രേ?
കാലം തെറ്റി പിറന്നവർക്കുള്ള വിധി,
ഇതാണത്രേ?
നമുക്കു മരിക്കാം,
ചിതയിൽ മെല്ലെയെരിഞ്ഞ്,
മരണം വരിക്കുന്ന ഭൂമിയെപ്പോലെ.
നിനക്കും
എനിക്കും ജന്മം തന്നത്
അമ്മയാണല്ലോ?
ഭൂമിയാണല്ലോ?
നമുക്കു മിഴികളടയ്ക്കാം.
-------------------------------------------------------
--- സിരാജ് ശാരംഗപാണി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക