Slider

അയ്യപ്പനും കോശിയും

0
അനുവാദത്തിന് കാത്ത് നിൽക്കാതെ തന്റെ മുന്നിലെ ഹാഫ് ഡോർ തള്ളിത്തുറന്ന് വില്ലേജോഫീസറുടെ മുറിയിലേക്ക് കയറിച്ചെന്ന ആ തടിച്ച മനുഷ്യൻ, ചുരുട്ടിവെച്ചിരുന്ന.. നരതെളിഞ്ഞ തന്റെ മീശ തടവിക്കൊണ്ട് മുന്നിലിരിക്കുന്ന ആളോട് കനത്ത ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു.
" ഞാൻ അയ്യപ്പൻ, എക്സ് മിലിട്ടറി .. നാട്ടുകാരെന്നെ കാർഗ്ഗിൽ അയ്യപ്പൻ എന്ന് വിളിക്കും."
ഇത് കേട്ട ഓഫീസർ, ഒന്ന് തല ഉയർത്തി നോക്കിയ ശേഷം, യാതൊരു ഭാവഭേദവും കൂടാതെ.. തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു. എന്നിട്ട് മേശമേലിരുന്ന തന്റെ ഓഫീഷ്യൽ നെയിം ബോർഡ്‌ മുന്നിലേക്ക് നീക്കിവെച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ കോശി..വില്ലേജോഫീസർ, കീഴാറ്റ്കുന്ന് "
അയ്യപ്പൻ : പുഴക്കരയിലെ എന്റെ സ്ഥലത്തോട് ചേർന്ന്, ഞാൻ കെട്ടിയിരുന്ന വേലി പൊളിച്ച് നീക്കുമെന്ന് പറഞ്ഞതായ് കേട്ടു.
കോശി: പുറമ്പോക്ക് കൈയ്യേറി വേലി കെട്ടുന്നത് നിയമ വിരുദ്ധമാണ്.
അയ്യപ്പൻ: ആര് പറഞ്ഞു അത് പുറമ്പോക്കാണതെന്ന്.
കോശി: സർക്കാരിന്റെ കൈവശമുള്ള രേഖകൾ പ്രകാരം അത് പുറമ്പോക്കാണ്. അനധികൃതമായി കൈവശപ്പെടുത്തുന്നത് തെറ്റാണ്.
അയ്യപ്പൻ : അവസാനം പറഞ്ഞത് ഞ്യായം.. അങ്ങനെ കൈവശപ്പെടുത്തിയ മുതൽ എന്ത് ചെയ്യണം..?
കോശി: തിരിച്ച് കൊടുക്കണം.
അയ്യപ്പൻ: എന്നാൽ നീ വിളിച്ചിറക്കിക്കൊണ്ട് പോയ എന്റെ മകള്, സുഷമയെ എനിക്ക് തിരിച്ച് താ..
കോശി: ആ മുതല് ഞാൻ എന്റെ പേരിൽ കൂട്ടി കരം കെട്ടി നായരെ. തന്നെയുമല്ല അതിൽ എനിക്കിപ്പോൾ ഒരു കുട്ടിയുമുണ്ട്.
അയ്യപ്പൻ: എന്നാൽ ഞാൻ വേലികെട്ടിയ ഈ മുതലും,പേരിൽ ചേർക്ക്. അതിലെനിക്ക് കൃഷിയുണ്ട്..എടാ മരുമഹനേ അതിനോട് ചേർന്ന് കിടക്കണ വസ്തു അവളുടെ പേരിലാടാ.. കിട്ടിയാ നിനക്കാ അതിന്റെ കൊണം.
കോശി: അയ്യപ്പൻ നായരുടെ ആ വേല അങ്ങ് മനസ്സിലിരിക്കട്ടെ... വില്ലേജോഫീസറുടെ ഒത്താശയോടെ ടിയാന്റെ ഭാര്യ, സർക്കാർ വസ്തു കൈയ്യേറിയതായ് വരുത്തി
എന്റെ പണി കളയിക്കാനുള്ള നായരുടെ പതിനെട്ടാമത്തെ അടവല്ലെ ഇത്... എന്നാ കേട്ടോ അങ്ങനെ പെട്ടെന്നൊന്നും തോറ്റു തരാൻ ഈ കോശിക്ക് മനസ്സില്ല.
ഒരു നിമിഷം എന്തോ ചിന്തിച്ച് നിന്ന അയ്യപ്പൻ നായർ, തന്റെ ഈ അടവും കോശിയുടെ മുൻപിൽ പരാജയപ്പെട്ട സങ്കടത്തോടെ സാവധാനം തിരിഞ്ഞ് നടന്നു. പിന്നെ വീണ്ടും ആ മേശക്കരികിലേക്ക് വന്ന അയാൾ..തന്റെ മടിക്കുത്തിൽ നിന്നും ഒരു പലഹാരപ്പൊതി എടുത്ത് മേശപ്പുറത്ത് വെച്ചശേഷം, കോശിയുടെ മുഖത്ത് നോക്കാതെ ഇങ്ങനെ പറഞ്ഞു.
'' ഇത് കുറച്ച് ഉണ്ണിയപ്പമാ...അവൾക്ക് വല്യ ഇഷ്ടമാ. വീട്ടിൽ ചെല്ലുമ്പോൾ കൊടുത്തേര്.
ഞാൻ തന്നതാണെന്ന് പറയണ്ട. "
കൈവീശി തിരിഞ്ഞ് നടക്കുന്ന അയ്യപ്പൻ നായരെ നോക്കിക്കൊണ്ട് ആ പൊതി മേശവലിപ്പിലേക്ക് വെച്ച കോശിയപ്പോൾ മനസ്സിൽ ഇങ്ങനെ പറഞ്ഞു.
"എത്ര വട്ടം എന്റെ മുന്നിൽ തോറ്റാലും, അവസാനം ഇയാളിങ്ങനെ എന്തേലും കാട്ടി അങ്ങ് ജയിച്ച് കളയും.. .. !"
അരുൺ -(
Arun V Sajeev)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo