നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സഹയാത്രികൻ (കഥ)


ട്രെയിനിന്റെ താളത്തിനൊത്ത് ഉലയുന്ന മനസ്സ്... രണ്ടു സീറ്റിന് അപ്പുറം ചുരുണ്ട മുടിയുള്ള ചെറുപ്പക്കാരൻ തന്റെ മുഖത്ത് നോക്കുന്നത് ശ്രദ്ധിച്ചു. അല്പം നീണ്ട മുഖവും കണ്ണുകളിലെ നനുത്ത പുഞ്ചിരിയും എവിടെയോ കണ്ടപോലെ...വീണ്ടും നോക്കണം എന്ന് തോന്നിക്കുന്ന ഒരു അസാധാരണ ഭാവം...പക്ഷേ അറിഞ്ഞതായി ഭാവിക്കാതെ കണ്ണുകൾ ഫോണിലേക്ക് തിരിച്ചു.
ട്രെയിൻ മിസ്സാകാതിരിക്കനുള്ള ഓട്ടത്തിനിടയിൽ എടുത്തു വെച്ച ഭക്ഷണം കഴിക്കാൻ നേരം കിട്ടാറില്ല. ചിലപ്പോൾ എടുത്തു വെച്ച ചോറിന്റെ പാത്രം മറക്കും. അതിന്റെ പേരിൽ ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുമ്പ് വഴക്കുകൾ സ്ഥിരമായിയിരിക്കുന്നു.
"നീ മാത്രമാണോ ഈ ലോകത്ത് ജോലിചെയ്യുന്ന ഒരേയൊരു സ്ത്രീ? കുറച്ച് ധൈര്യം ഒക്കെ വേണം" അത് അറിയാഞ്ഞിട്ടല്ല, പക്ഷേ കഴിയുന്നില്ല.
ഓഫീസിലെ ജോലി ഭാരം കൂടിയ ശേഷം വീട്ടുകാര്യങ്ങൾ നോക്കാൻ പഴയത് പോലെ നേരം കിട്ടാറില്ല. അതിനപ്പുറം ഇടക്കിടെ നിറയുന്ന കണ്ണുകൾ…. കൂടുതൽ ഉത്തരവാദിത്വം ആഗ്രഹിച്ചതായിരുന്നു. ഒപ്പം കനത്ത ശമ്പളവും കൂടി വന്നപ്പോൾ ആകെ സന്തോഷം ആയിരുന്നു.
ഇപ്പോൾ ഒരു മാസം തികയുന്നു… പുതിയതായി വന്ന ബോസും തലയും വാലും തിരിയാത്ത ജോലിയും….
ചില അനുഗ്രഹങ്ങൾ ശാപമായി മാറുന്നത് എത്ര പെട്ടെന്നാണ്.
ഒരു പ്രമോഷന്റെ പേരിൽ സുഹൃത്തുക്കൾ ശത്രുക്കൾ ആയത് പോലെ. സദാ സമയവും ചിരിച്ചു സംസാരിച്ച സഹപ്രവർത്തകർ അകലം പാലിക്കുന്നു. എന്തോ അഭിപ്രായ വ്യത്യാസത്തിന് ജോലി വലിച്ചെറിഞ്ഞു പഴയ ബോസ് പടിയിറങ്ങിയപ്പോൾ സ്തംഭിച്ചു നിൽക്കാനെ കഴിഞ്ഞുള്ളൂ. ആ ജോലി തനിക്ക് നേരെ നീട്ടിയത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അടുത്ത ദിവസങ്ങളിൽ വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നത്. റിപ്പോർട്ടുകളിൽ തെറ്റുകൾ, അതും സബ്മിറ്റ് ചെയ്തതിന് ശേഷം... കൂടെയുള്ള ആരോ ചതിക്കുന്നത് ആണെന്ന് മാത്രം അറിയാം... എല്ലാം തലകീഴായി മറിയുന്നത് പോലെ…
"ഈശ്വരാ, സഹായിക്കണെ.."
വിഷമം പറയാൻ ഉള്ളിൽ ഒരു ഉണ്ണിക്കണ്ണൻ ഉണ്ട്. "ജോലി ഇല്ലാതെ പറ്റില്ലല്ലോ.. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ…"
മുന്നിൽ ഒരു വഴിയും കാണാതെ മനസ്സ് തേങ്ങി.
"ഇത്രയും വിഷമം ആണെങ്കിൽ മറ്റു ജോലി നോക്കിക്കൂടെ?"
ഒരു ഞെട്ടലോടെ മുഖം തിരിച്ചപ്പോൾ ആ ചെറുപ്പക്കാരൻ അടുത്ത സീറ്റിൽ വന്നിരുന്നു
"ഈശ്വരാ, ഞാനിവിടെ ഇരുന്നു തനിയെ സംസാരിച്ചുവോ"
ആകെ പരിഭ്രമം തോന്നി. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു,
" പേടിക്കേണ്ട, കുറച്ചു നേരമായി ശ്രദ്ധിക്കുന്നു... ജോലിയുടെ വിഷമം ആണെന്ന് മനസ്സിലായി. അത് കൊണ്ട് പറഞ്ഞതാണ്"
അറിയാതെ ഉള്ളിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉതിർന്നു വീണു.
ഇറങ്ങാൻ ഉള്ള സ്ഥലം എത്താറായി. അവസാന സ്റ്റേഷൻ ആയതിനാൽ ആകാം അവിടെ ഇവിടെ ആയി രണ്ടു മൂന്നു പേര് മാത്രം.
പെട്ടെന്ന് ട്രെയിൻ നിന്നു. ഒരല്പം താമസം ഉണ്ട് എന്ന് അനൗൺസ്മെന്റ് വന്നു. മറ്റൊന്നും ചെയ്യാനില്ലാതെ മുഖം ഫോണിലേക്ക് തിരിച്ചു തുടങ്ങിയപ്പോൾ അടുത്തിരുന്ന് അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി.
"എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല"
"അത് തന്നെയാണ് ഉദ്ദേശിക്കുന്നത്... ഇന്ന് റിസൈൻ ചെയ്യാൻ ആണ് പോകുന്നത്.."
മുന്നിൽ ഇരിക്കുന്ന ആളെ കാലങ്ങളായി അറിയാം എന്ന് തോന്നി.
ഒന്ന് ചെറുതായി തലയാട്ടി അയാൾ പുറത്ത് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
"അതാണ്, ആളുകൾ ദൈവത്തിന്റെ സഹായം ചോദിക്കും. എന്നാൽ ദൈവത്തിന് പ്രവർത്തിക്കാൻ സമയം കൊടുക്കില്ല"
ഒന്നും മനസ്സിലാവാതെ ചെറുപ്പക്കാരന്റെ മുഖത്ത് നോക്കി. ഒരു നീണ്ട ചുരുൾ മുടി അയാളുടെ നെറ്റിയിൽ ഉതിർന്നു കിടന്നത് മുഖത്തിന് തിളക്കം കൂട്ടിയത് പോലെ...കണ്ണിലെ പുഞ്ചിരി മനസ്സിൽ ആഴ്ന്നിറങ്ങി…
അറിയാതെ ചോദിച്ചു പോയി…"പിന്നെ ഞാൻ എന്താ വേണ്ടത്?"
അയാൾ പുഞ്ചിരിച്ചു... "സഹായം ചോദിച്ചില്ലെ? അത് എത്തുമോ എന്ന് നോക്കൂ"
പെട്ടെന്ന് ട്രെയിൻ ഇളകി.. നിമിഷങ്ങൾക്കുള്ളിൽ സ്റ്റേഷൻ എത്തി.
ബാഗ് തോളിൽ തൂക്കി ഇറങ്ങാൻ തുടങ്ങുമ്പോൾ ഓർത്തു…അതിന്, തന്റെ മനസ്സിൽ ഉള്ളത് ഇയാളെങ്ങനെ അറിഞ്ഞു?
ചോദിക്കാനായി തിരിഞ്ഞപ്പോൾ അയാൾ ഇറങ്ങിക്കഴിഞ്ഞു. തിരക്കിട്ടു നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു... ഇത്തവണ ചെറുതായി കണ്ണിറുക്കിയോ? മുന്നിൽ അതി വേഗത്തിൽ നീങ്ങുന്ന ചെറുപ്പക്കാരനെ നോക്കി നിന്നു പോയി…
പരിചയമുള്ള ഗാർഡ് ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചു അടുത്ത് വന്നു.
"എന്നോട് സംസാരിച്ചു കൊണ്ട് ഇരുന്ന ചെറുപ്പക്കാരൻ സാധാരണ ഈ ട്രെയിനിൽ വരുന്ന ആളാണോ?"
"ആര്? ലാസ്റ്റ് സ്റ്റേഷൻ മുതൽ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇവിടെ.. നിങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നത് ഫോണിൽ അല്ലെ?"
ഗാർഡിന്റെ ശബ്ദത്തിൽ അവിശ്വസനീയത...
ഉള്ളിലെവിടെയോ ഒരു കോച്ചുന്ന തണുപ്പ് അരിച്ചു കയറി…അയാൾക്ക് നല്ല ദിവസം പറഞ്ഞു ഓഫീസിലേക്ക് നടക്കുമ്പോൾ മനസ്സിൽ അയാളുടെ മുഖം മാത്രം ആയിരുന്നു…സത്യത്തിൽ എന്താണ് ഉണ്ടായത്?
ഓഫീസിലെത്തിയപ്പോൾ സഹപ്രവർത്തകർ കൂട്ടം കൂടി നിൽക്കുന്നു… ആ മുഖങ്ങളിൽ എന്തോ ഒരു ഉൽകണ്ഠ…
"ഇപ്പോൾ അർജന്റ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്, എന്തോ അനൗൺസ്മെന്റ് ആണത്രെ"
മീറ്റിംഗ് റൂമിൽ കയറുമ്പോൾ എന്തു വന്നാലും നേരിടാൻ മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു.
അനൗൺസ്മെന്റ് അറിഞ്ഞപ്പോൾ അൽഭുതം ഇരട്ടിച്ചു. പഴയ ബോസ് ഒരു പ്രമോഷനോട് കൂടി തിരിച്ചു വന്നിരിക്കുന്നു.. തനിക്ക് പ്രശ്നം ഉണ്ടാക്കിയ ചില സഹപ്രവർത്തകർക്ക് മറ്റൊരു ഡിപ്പാർട്ട്മെന്റിലേക്ക് ട്രാൻസ്ഫർ…
തിരിച്ചു സീറ്റിൽ എത്തിയപ്പോൾ ചെവിയിൽ അയാളുടെ വാക്കുകൾ മുഴങ്ങി.
"സഹായം ചോദിച്ചില്ലെ? അത് എത്തുമോ എന്ന് നോക്കൂ"
ബാഗിൽ ഇരിക്കുന്ന റെസിഗ്നേഷൻ ലെറ്റർ കീറി ചവറ്റുകുട്ടയിൽ ഇടുമ്പോൾ ചുരുൾ മുടി നെറ്റിയിൽ ഉതിർന്നു കിടക്കുന്ന മുഖം വീണ്ടും മനസ്സിൽ തെളിഞ്ഞു.
തനിക്ക് പ്രമോഷൻ കിട്ടിയതിന്റെ സന്തോഷത്തിന് പൂജാമുറിയിൽ വെയ്ക്കാൻ വാങ്ങിയ പുതിയ ചിത്രത്തിലെ ഊഞ്ഞാൽ ആടുന്ന കൃഷ്ണന് ആ ചെറുപ്പക്കാരന്റെ മുഖമായിരുന്നു.
ലേഖ മാധവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot