"മോമി പിഗ്ഗ്..."
"എന്തോ"
"ഒരു ചോക്ലേറ്റ് തരുമോ മോമി പിഗ്ഗ്?"
ഈ സംഭാഷണം നടക്കുന്നത് പന്നി ഫാമിലല്ല ട്ടോ !!
"അമ്മ പന്നീ" ന്നു മിയമോളുടെ സ്നേഹത്തോടെയുള്ള വിളിക്ക് "എന്തോ" എന്ന് വിളികേട്ടത് ഈ ഞാൻ തന്നെയാണ്.
മിയ മോൾ ഇനി കുറച്ചു നേരത്തേക്ക് മിയ അല്ല ത്രെ... പെപ്പ ആണ് പോലും.. പെപ്പ പിഗ്ഗ് !!
(അവൾക്കിഷ്ടമുള്ള കാർട്ടൂണുകളിൽ ഒന്നാണ് "പെപ്പ പിഗ്ഗ്")
ഒരു വയസ്സുകാരൻ കുഞ്ഞനിയൻ "ഏതൻ" ഇനി കുറച്ചു സമയത്തേക്ക് "ജോർജ്ജ്" ആണ്. കാർട്ടൂണിൽ പെപ്പയുടെ അനിയൻ !!
"ജോർജ്ജ്, വാ കളിക്കാം..." മിയമോൾ ഏലിയാസ് പെപ്പ പിഗ്ഗ് ഏതനേ ഉറക്കെ വിളിച്ചു.
അവന് ആകെ കൺഫ്യൂഷൻ ആയി..തനിക്ക്
പള്ളിയിൽ ഇട്ട പേര് ജെയിംസ്. റെക്കോർഡിൽ ആണെങ്കിൽ ഏതൻ. പിന്നെ മോനു, കുഞ്ഞാ, കുഞ്ഞാവേ, തക്കുടു, ചെക്കാ, കുട്ടാ, ഉണ്ണികുട്ടാ, എന്നൊക്കെ ഇത്രയും നാൾ കേട്ടിട്ടുണ്ട്.
പള്ളിയിൽ ഇട്ട പേര് ജെയിംസ്. റെക്കോർഡിൽ ആണെങ്കിൽ ഏതൻ. പിന്നെ മോനു, കുഞ്ഞാ, കുഞ്ഞാവേ, തക്കുടു, ചെക്കാ, കുട്ടാ, ഉണ്ണികുട്ടാ, എന്നൊക്കെ ഇത്രയും നാൾ കേട്ടിട്ടുണ്ട്.
ഇതിപ്പോ ആരാണാവോ ഈ ജോർജ്ജ്..
ഹാ, ഇനി അതിപ്പോ ആരായാലും 'കളിക്കാം' എന്ന് കേട്ട സ്ഥിതിക്ക്, ഏതൻ ഹാജർ വച്ചു.
കുഞ്ഞുങ്ങൾക്കല്ലെങ്കിലും പന്നിയും പുലിയുമൊക്കെ ഒന്നല്ലേ.നമ്മൾ മുതിർന്നവരാണല്ലോ ചുവന്ന ചോരയിൽ വരെ പലനിറങ്ങൾ കാണുന്നവർ! ആ അതുല്യജ്ഞാനം നമ്മൾ കുഞ്ഞുങ്ങളിലേക്കു പകരാത്തിടത്തോളം അവർക്കെല്ലാം ഒന്നു തന്നെ.
അടുക്കളയിൽ ഏതനുള്ള ഭക്ഷണം എടുക്കുന്നതിനിടെ ഞാൻ ഓർക്കുകയായിരുന്നു.
'ഞാനെന്ന' റോളിന് എന്തെല്ലാം വേഷങ്ങൾ ആണ്!! മേലെ പറഞ്ഞ മോമി പിഗ്ഗിന്റെ വേഷമടക്കം! എന്നാലും അതൊക്കെ ഒരു രസമാ.
ലോക്ക് ഡൌൺ, വർക്ക് ഫ്രം ഹോം, രണ്ടു കുഞ്ഞുങ്ങൾ..എല്ലാം കൂടെ, വട്ടു പിടിക്കുന്ന അവസ്ഥയായി തോന്നുമെങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, വൈകുന്നേരം വരെ നമ്മുടെയൊപ്പമുണ്ടായിരുന്ന പരാതികളും പരിഭവങ്ങളും നമ്മളേക്കാൾ നേരത്തേ ഉറക്കം പിടിച്ചിരിക്കും.
ഈ ബഹളവും, കളിയും, വഴക്കും, അങ്ങനെ എല്ലാമെല്ലാം പിന്നീട് , വർഷങ്ങൾ കൊഴിഞ്ഞുപോകുമ്പോൾ, പുഞ്ചിരിക്കുന്ന ഓർമ്മകളായി മാറുന്ന നിമിഷങ്ങളല്ലേ.
"ഡാഡി പിഗ്ഗ്, ദേ ജോർജ്ജ് തലകുത്തി നിൽക്കുന്നു !!" മിയ കൂവി വിളിച്ചു പറഞ്ഞു.
"ആണോടാ !! അമ്പട, ജോർജ്ജേ, ദാ, വരുന്നു", പിള്ളേരുടെ പപ്പ മറുപടി പറഞ്ഞു.
"ഡാഡി പിഗ്ഗ്, ദേ ഇന്നാണ് ഫോൺ ബില്ലടയ്ക്കണ്ട അവസാന ദിവസം കേട്ടോ", അതും പറഞ്ഞു കൊണ്ട്, ഞാൻ ഹാളിലേക്ക് ചെന്നു.
സത്യായിട്ടും, കിട്ടിയ ചാൻസ് ഞാൻ മുതലാക്കിയതല്ല ട്ടോ !!!! അല്ലെങ്കിലും പന്നി ഒരിക്കലും ഒരു നികൃഷ്ട ജീവിയല്ലല്ലോ !!!
By Aisha Jaice
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക