നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛന്റെ മകൾ


അവസാനത്തെ പേഷ്യന്റാണ് എന്ന് പറഞ്ഞു സിസ്റ്റർ മേരി ഡോർ തുറന്ന് പുറത്തിറങ്ങി പേര് വിളിച്ചപ്പോൾ, കടന്നു വന്ന ആളെ കണ്ട് ഡോക്ടർ അമൃത അറിയാതെ ഏഴുന്നേറ്റു പോയി.. ഒരു നിമിഷം അച്ഛൻ ആണെന്ന് തെറ്റിദ്ധരിച്ചു. അറിയാതെ. അ... എന്ന് പറഞ്ഞെങ്കിലും സ്വബോധം വീണ്ടെടുത്ത് വന്ന ആളോട് ഇരിക്കാൻ പറഞ്ഞു... കണ്ടാൽ അച്ഛനെ പോലെ തോന്നിക്കുന്ന ആൾ അച്ഛൻ അല്ല എന്ന് ബോധ്യപെട്ടിട്ടും പരിശോധിക്കുമ്പോൾ ആകെ ഒരു നെഞ്ചിടുപ്പായിരുന്നു. മെഡിസിൻ കുറിച്ച് കൊടുത്ത് ബാഗും എടുത്ത് പുറത്ത് ഇറങ്ങുമ്പോഴും അസ്വസ്ഥത വിട്ടു പോയിരുന്നില്ല...
ബാഗിൽ നിന്ന് കീ എടുത്ത് കാറിനടുത്തെത്തി യപ്പോൾ അയാൾ അവിടെ ആരെയോ കാത്ത് നില്പുണ്ട്, അച്ഛന്റെ അതെ രൂപം. ഒന്നുകൂടി അയാളെ സൂക്ഷിച്ചു നോക്കി, അയാൾ പുഞ്ചിരിച്ചു , തൊട്ട് മുമ്പ് കണ്ട പരിചയം ആകാം. ചുണ്ടിൽ ചിരി വരുത്തി കാർ എടുത്ത് പോരുമ്പോഴും അച്ഛന്റെ ഓർമ്മകൾ വിട്ടു മാറിയിരുന്നില്ല.
സ്വർണത്തിന്റെ നഗരം എന്നറിയപ്പെടുന്ന ദുബായിയിലൂടെ കാർ ഓടിക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ ആയിരുന്നു.. ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത് അച്ഛന്റെ വിയർപ്പ് ഒന്ന് മാത്രം ആണ്.. ആ അച്ഛനെ ഒന്ന് കാണുവാൻ മനസ് വല്ലാതെ ആഗ്രഹിച്ചു. കാർ കുറേച്ചേ റോഡിൽ നിന്ന് തെന്നി മാറിയപ്പോഴേക്കും സ്റ്റീയറിങ് മുറുകെ പിടിച്ചു. ആദ്യമായി സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച അച്ഛന്റെ വാക്കുകൾ ആണ് ഓർമ വന്നത്..ഹാൻഡിൽ മുറുകെ പിടിച്ചു നേരെ നോക്കി ഓടിക്കണം അപ്പോൾ ബാലൻസ് തെറ്റില്ല. അന്ന് സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുമ്പോൾ മറിഞ്ഞു വീഴാൻ പോയ എന്നെ ഓടി വന്ന് താങ്ങി പിടിക്കുമ്പോൾ, സൈക്കിളിൽ തട്ടി കൈ മുറിഞ്ഞ അച്ഛന്റെ കൈകളിൽ നിന്ന് വന്ന ചോര കണ്ട് എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. അപ്പോഴും എന്നെ സാന്ത്വനിപ്പിക്കാൻ ആയിരുന്നു അച്ഛന്റെ ശ്രമം. അമ്മയുടെ കയ്യിൽ നിന്ന് തുണി വാങ്ങി അച്ഛന്റെ മുറിഞ്ഞ കൈ കെട്ടുമ്പോൾ ആഗ്രഹിച്ചതായിരുന്നു വലുതാകുമ്പോൾ ഒരു ഡോക്ടർ ആകണമെന്ന്. ആ ആഗ്രഹം എപ്പോഴോ അച്ഛനോടും പങ്ക് വെച്ചിരുന്നു. അന്നെല്ലാം അച്ഛനെ ശുശ്രൂഷിക്കുക മാത്രം ആയിരുന്നു ഏക ലക്ഷ്യം.
പത്താം ക്ലാസ്സിൽ നല്ല മാർക്ക്‌ വാങ്ങിയ എന്നെ മെഡിക്കൽ എൻട്രൻസ് നു കൊണ്ടാക്കിയതും എല്ലാം അച്ഛനായിരുന്നു, അച്ഛനെ കൊണ്ട് താങ്ങാൻ പറ്റുന്നതായിരുന്നില്ല. എന്നാലും മകളുടെ ആഗ്രഹ സഫലീകരണം അതായിരുന്നു ആ കഷ്ടപ്പാടിന് മുമ്പിൽ ഉണ്ടായിരുന്നത്. എൻട്രൻസ് റിസൾട്ട്‌ വന്നപ്പോഴും അച്ഛന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു, എന്നാലും എന്നെ പഠിപ്പിക്കാനുള്ള പണച്ചിലവും മറ്റും അച്ഛനെ വല്ലാതെ വേവലാതിപ്പെടുത്തിയിരുന്നു. ഏട്ടന്റെ എഞ്ചിനീയറിംഗ് പഠനവും വീട്ടു ചിലവും എല്ലാം അച്ഛന്റെ ഏക വരുമാനത്തിൽ ഒതുക്കാൻ നന്നേ പാടുപെടുമായിരുന്ന അച്ഛൻ അതൊന്നും പുറമെ കാണിച്ചിരുന്നില്ല.. എന്ത് പറഞ്ഞാലും സാധിച്ചു തരുമായിരുന്ന അച്ചനോട് അമ്മ പറയുമായിരുന്നു, പെൺകുട്ടികളെ അടക്കി ഒതുക്കി വളർത്തണമെന്ന്. അത് കേൾക്കുന്ന അച്ഛൻ, അമ്മ കാണാതെ എന്റെ ചെവിയിൽ പറയുമായിരുന്നു മോളതൊന്നും കാര്യമായി എടുക്കണ്ട... പുതിയ ഡ്രസ്സ്‌ വാങ്ങാൻ പോകുമ്പോഴും, എവിടെയെങ്കിലും കല്യാണത്തിന് പോകാനോ പുറത്ത് പോകാനോ ഒരുങ്ങുമ്പോഴും ഞാനും അമ്മയും തമ്മിൽ ഒരു സ്റ്റൻഡ് പതിവാണ്. ഞാൻ ഏത് ഡ്രെസ്സിട്ടാലും അമ്മക്ക് പിടിക്കില്ല. അതിന് എപ്പോഴും പരിഹാരം ഉണ്ടാക്കിതന്നിരുന്നത് അച്ഛനായിരുന്നു. എന്റെ എല്ലാ സെലെക്ഷനും അച്ഛന്റേത് ആയിരുന്നു. എനിക്ക് യോജിക്കുന്ന ഡ്രസ്സ്‌ തിരഞ്ഞെടുക്കാൻ അച്ഛന്റെ കഴിവിനോളം ഒരു സെയിൽസ്മാനും ഉണ്ടായിട്ടില്ല.. ഏട്ടൻ എല്ലാ കാര്യങ്ങൾക്കും അമ്മയുമായിട്ടായിരുന്നു ചങ്ങാത്തം.
മെഡിക്കൽ അഡ്മിഷൻ കഴിഞ്ഞ് എന്നെ ഹോസ്റ്റലിൽ ആക്കി പോന്ന അച്ഛന്റെ വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും എന്നെ വന്ന് കാണാതിരിക്കില്ല.. പരീക്ഷയെ കുറിച്ചോ അതിൽ കിട്ടുന്ന മാർക്കുകളോ അച്ഛന് ഒരു വിഷയം ആയിരുന്നില്ല.. റിസൾട്ട്‌ വരുമ്പോൾ കിട്ടുന്ന മാർക്കിൽ സംതൃപ്തനായിരുന്ന അച്ഛൻ കെട്ടിപ്പിടിച് ഒരു ഉമ്മ തരാനും എന്തെങ്കിലും ഒരു സമ്മാനം വാങ്ങിത്തരാനും ഇതുവരെ മറന്നിട്ടില്ല
ഫൈനൽ ഇയർ എക്‌സാമിന്റെ അന്ന് നോട്ടീസ് ബോർഡിൽ റോൾ നമ്പർ അനുസരിച്ചു അലോട്ട് ചെയ്ത ക്ലാസ് റൂം നോക്കി നിന്ന എന്റടുത്ത് ഓടി കിതച്ചു വന്ന് നോട്ടീസ് ബോർഡിൽ നോക്കിയ ശേഷം ചോദിച്ചു...കുട്ടിയുടെ റൂം നമ്പർ ഏതാ ?
"ഫസ്റ്റ് ഫ്ലോർ റൂം നമ്പർ 10..
അതും കേട്ട് പോക്കറ്റിൽ നിന്ന് ഹാൾ ടിക്കറ്റും എടുത്ത് സ്റ്റെപ് കേറി മുകളിലേക്ക് പോയി.. ഞാൻ അന്നുവരെ കാണാതിരുന്നതാണോ അതോ എന്റെ ശ്രദ്ധയിൽ പെടാതിരുന്നതാണോ എന്നറിയില്ല. എക്സാം ഹാളിൽ ചെന്നപ്പോൾ രണ്ട് പേരും ഒരു ഹാളിൽ തന്നെ ആയിരുന്നു.. സീനിയർ ആണ് പേര് അബിൻ. സീറ്റ്‌ എന്റെ അടുത്തായിരുന്നു. എക്സാം തുടങ്ങുന്നതിന് മുമ്പുള്ള ഫ്രീ ടൈമിൽ പരസ്പരം പരിചയപെട്ടു.. അത് ഒരു സൗഹൃദം ആയിരുന്നു. അത് പിന്നീട് എപ്പോഴാണ് പ്രണയത്തിലേക്ക് വഴി വെച്ചതെന്ന് അറിയില്ല.. എന്റെ ഹൌസ് സർജൻസി തുടങ്ങിയപ്പോഴേക്കും അബി യുടെ ഗ്രാജുവേഷൻ കഴിഞ്ഞിരുന്നു. പിന്നീട് ഉള്ള കോൺടാക്ട് മൊബൈലിലൂടെ മാത്രം ആയിരുന്നു..
അബി പി. ജി ക്കു ചേർന്നു. അമ്മ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു. കോഴ്സ് കഴിയട്ടെ എന്ന് പറഞ്ഞു അതുവരെ പിടിച്ചു നിന്നു.. അച്ഛനും അത് സപ്പോർട്ട് ചെയ്തു. റിസൾട്ട്‌ വന്ന അന്ന് അച്ഛന്റെ സന്തോഷം അളവറ്റതായിരുന്നു മകളെ ഡോക്ടർ ആക്കിയ സന്തോഷം ആയിരുന്നില്ല മകളുടെ ആഗ്രഹം നേടിക്കൊടുത്ത ഒരച്ഛന്റെ അഭിമാനം ആയിരുന്നു..
അമ്മ കല്യാണക്കാര്യവുമായി വീണ്ടും ഒരു യുദ്ധത്തിന്റെ പുറപ്പാട് ആയിരുന്നു.. പിജി ചെയ്യണമെന്ന് പറഞ്ഞു നോക്കിയെങ്കിലും അമ്മ വഴങ്ങിയില്ല. അവസാനം അബി യുടെ കാര്യം പറയേണ്ടി വന്നു.. അബി യെ കുറിച്ച് എല്ലാം കേട്ടിരുന്ന അമ്മക്ക് അന്യ മതക്കാരനായ ഒരാൾക്ക് മകളെ കല്യാണം കഴിച്ച് കൊടുക്കുന്നത് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. അച്ഛന് എതിരഭിപ്രായം ഉണ്ടായിരുന്നില്ലെങ്കിലും അമ്മക്കും കുടുംബങ്ങൾക്കും മുമ്പിൽ അച്ഛനും മൗനം പാലിക്കനെ കഴിഞ്ഞുള്ളു.
എനിക്ക് പിജി ക്ക്‌ സെലക്‌ഷൻ കിട്ടി. ഞാനും അമ്മയുമായുള്ള സംഘട്ടനം തുടർന്ന് കൊണ്ടിരുന്നു. അമ്മ പല രീതിയിൽ എന്നെ ഉപദേശിച്ചു. ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.. അച്ഛന് എന്നോടുള്ള സ്നേഹവും അബി ക്ക്‌ എന്നോടുള്ള പ്രണയവും ഒരു തുലാസിന്റെ രണ്ട് തട്ടുകൾ ആയിരുന്നു, അതിന് ഒരു മില്ലി പോലും കയറ്റമോ ഇറക്കമോ ഉണ്ടായിരുന്നില്ല.. അതുകൊണ്ട് എനിക്ക് രണ്ട് പേരെയും വിഷമിപ്പിക്കാനും കഴിഞ്ഞിരുന്നില്ല. അബി പിജി കഴിഞ്ഞ് ജോലി തേടി വിദേശത്തേക്ക് പോയിരുന്നു.
ഒരു ദിവസം ഹോസ്പിറ്റലിലേക്ക് പോകുന്നതിന് മുമ്പ് ആരോ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞ അമ്മയോട് കനത്ത ശബ്ദത്തിൽ തന്നെ പറയേണ്ടി വന്നു, ഇനി ഈ കല്യാണക്കാര്യം പറഞ്ഞാൽ ഞാൻ അബിയുമായി രജിസ്റ്റർ മാര്യേജ് നടത്തും. . അങ്ങിനെ നടത്താൻ വേണ്ടി പറഞ്ഞതായിരുന്നില്ല അപ്പോൾ തോന്നിയ ആ വികാരത്തിൽ പറഞ്ഞു പോയതാണ്..
ഉച്ചയായപ്പോൾ അച്ഛന്റെ ഫോൺ വന്നു, അമ്മയെ ഹോസ്പിറ്റലിൽ ആക്കിയെന്ന് പറഞ്ഞപ്പോൾ ആകെ തരിച്ചു പോയി.. ഓടി ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.. ബിരുദധാരിയായ അമ്മ ഈ രീതിയിലുള്ള കടും കൈ ചെയ്യുമെന്ന് ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. ഒരു ദുർബല നിമിഷത്തിൽ മനസ്സിൽ തോന്നിയ ദുശ്ചിന്ത ആകാം അമ്മയെ മരണത്തിലേക്ക് നയിച്ചത്. ഞാനും അമ്മയും എത് കാര്യത്തി
നാണ് വഴക്ക് കൂടാതിരുന്നിട്ടുള്ളത് എന്ന് ചോദിക്കുന്നതായിരിക്കും ഉത്തമം. മകൾ ഒരു അന്യമതക്കാരനൊപ്പം പോയി എന്ന് കേൾക്കാൻ അമ്മക്ക് കഴിയുമായിരുന്നില്ല, അമ്മയുടെ അഭിമാനം അതിന് സമ്മതിച്ചു കാണില്ല. അതിന് അമ്മ കണ്ട ഉപാധിയായിരുന്നു എലിയെ കൊല്ലാൻ വാങ്ങി വെച്ച വിഷം. അച്ഛൻ അറിഞ്ഞു ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല..
പോസ്റ്റ്മോർട്ടം കഴിഞ്ഞ് അമ്മയെ വീട്ടിൽ കൊണ്ട് വന്ന് കർമങ്ങൾ ചെയ്യുമ്പോഴും ആൾക്കാർ പല രീതിയിൽ അമ്മയുടെ മരണത്തെ വ്യാഖ്യാനിച്ചു കൊണ്ടിരുന്നു. ഏട്ടൻ ജോലി സ്ഥലത്ത് നിന്ന് എത്തുമ്പോഴും അമ്മയുടെ വിയോഗം താങ്ങാൻ കഴിയാത്ത എനിക്കും അച്ഛനും മൗനം പാലിക്കാനെ കഴിഞ്ഞുള്ളു . അച്ഛന് എന്നോടുള്ള സ്നേഹത്തിന് കുറവുണ്ടായില്ലെങ്കിലും അത് പ്രകടിപ്പിക്കാനുള്ള ഊർജം നഷ്ടപ്പെട്ടിരുന്നു. ചിറകറ്റ പക്ഷിയെ പോലെ ഉള്ള അച്ഛനെ കാണുമ്പോൾ എനിക്ക് എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. അത് എന്നെ കൂടുതൽ തളർത്തുകയായിരുന്നു, അബി പല പ്രാവശ്യം വിളിച്ചെങ്കിലും കാൾ എടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.. ആരോ പറഞ്ഞു അബി വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്നു....
ഞാനും അച്ഛനും ഒന്നും സംസാരിക്കാനില്ലാതെ വരാന്തയിൽ ഇരിക്കുമ്പോൾ ഒരു കാർ വന്ന് നിന്നു, അതിൽ നിന്ന് ഇറങ്ങിവന്ന അബി യെ കണ്ടപ്പോൾ ആകെ പരിഭ്രമം ആയിരുന്നു.
"ഞാൻ അബി....
അത്രയും പറഞ്ഞപ്പോഴേക്കും അച്ഛൻ പറഞ്ഞു...
" കയറി ഇരിക്കൂ...
രണ്ട് പേരും കുറെ നേരം ഒന്നും മിണ്ടിയില്ല..
എനിക്ക് അമ്മുവിനെ ഇഷ്ടം ആണ് അത് പറയാൻ വേണ്ടി വന്നതാണ്... വിരോധമില്ലെങ്കിൽ.... അത്രയും ഒരുവിധം അബി പറഞ്ഞൊപ്പിച്ചു..
എന്നെ നോക്കി അച്ഛൻ പറഞ്ഞു
" മോൾക്ക് തീരുമാനമെടുക്കാം.. ഏത് തീരുമാനത്തിനും അച്ഛന്റെ പരിപൂർണ പിന്തുണ ഉണ്ടാകും..
അബി വന്നതും പോയതും ഏട്ടൻ
അറിഞ്ഞിരുന്നില്ല.. അച്ഛൻ വിവരം ധരിപ്പിച്ച
പ്പോൾ ഏട്ടൻ ഏട്ടനല്ലാതാകുകയായിരുന്നു. എല്ലാവരും അത് ഒരു ചർച്ചാ വിഷയം ആക്കി. അന്യ മതക്കാരൻ ആണ് എല്ലാവരും അബിയിൽ കണ്ട ഏക കുറ്റം.ഒടുവിൽ അച്ഛന്റെ സമ്മത പ്രകാരം അബി വന്ന് കൂട്ടി കൊണ്ട്
പോരുകയായിരുന്നു.
അബിയുടെ വീട്ടുകാർ അവരുടെ ആചാര
ങ്ങൾക്ക് അനുസരിച്ചു ഒരു റിസപ്ഷൻ നടത്തി. അബിയോടുള്ള എന്റെ പ്രണയം, അവർ ഒരുക്കിയ വേഷഭൂഷാദികൾ ഞാൻ സ്വയം ശിരസാ വഹിക്കുകയായിരുന്നു. അവർ എന്നെ പലതും പഠിപ്പിച്ചു.. എന്റെ പേര് മാത്രം മാറ്റിയില്ല...
അബിക്ക്‌ എന്നോടുള്ള പ്രണയവും എനിക്ക് അ ബിയോടുള്ള ഇഷ്ടവും ആചാരാനുഷ്ടാനങ്ങൾ എനിക്ക് ഒരു ബുദ്ദിമുട്ടായി തോന്നിയില്ല, അതോ അബിക്കു വേണ്ടി എല്ലാം സഹിക്കുകയായി
രുന്നോ എന്നും അറിയില്ല
അബിയോടൊപ്പം ദുബായിലേക്ക് പോരുമ്പോൾ അച്ഛനെ കാണാനോ അവിടെ ചെല്ലാനോ ഏട്ടൻ സമ്മതിച്ചിരുന്നില്ല, അച്ഛനെ വിളിക്കാതിരിക്കാൻ എല്ലാ ഫോണുകളും ഏട്ടൻ കട്ട് ചെയ്തിരുന്നു.. അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാ
തിരിക്കാൻ, അച്ഛന്റെ സമാധാനത്തിനു വേണ്ടി എല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു.
ചിറ്റ വഴി ആണ് അച്ഛന്റെ വിവരങ്ങൾ അറിഞ്ഞി
രുന്നത്. ഏട്ടന്റെ വിവാഹം കഴിഞ്ഞതും ചിറ്റ തന്നെ ആണ് പറഞ്ഞത്.. അന്യ മതത്തിലേക്ക് പോയവളെ കൂട്ടാൻ ഏട്ടനും നാണക്കേടായിരുന്നു. ഏട്ടന് അമ്മയെ നഷ്ടപ്പെടുത്തിയത്‌ ഞാനാ
ണെന്ന വൈരാഗ്യവും എന്നോട് ഉണ്ടായിരുന്നു.
കാർ ഫ്ലാറ്റിനു മുമ്പിൽഎത്തിയതറിഞ്ഞില്ല.
മോളെ ബേബിസിറ്റിങ്ങിൽ നിന്ന് എടുക്കാൻ പോകുമ്പോഴും മനസ്സിൽ നിന്ന് ചിന്തകൾ വിട്ട് പോയിരുന്നില്ല.മോൾ ജനിച്ചപ്പോഴാണ് അമ്മ
യുടെ വില ശെരിക്കും അറിഞ്ഞത്. മോളെ പിരിഞ്ഞിരിക്കുമ്പോഴുള്ള ഓരോ നിമിഷവും അമ്മയെ കുറിച്ച് ആലോചിക്കും. അമ്മക്ക് അന്ന് അത് എങ്ങനെ സാധിച്ചു എന്ന്. അമ്മയുടെ ബുദ്ദിശൂന്യമായ വിയോഗം. അന്ന് അമ്മ കുറച്ചു കൂടി പക്വത കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അബിയുടെ പ്രണയം താൻ അടിയറവ് വെക്കുമായിരുന്നു... അച്ഛന് പ്രണയത്തിന്റെയും സ്നേഹത്തിന്റെയും നിർവ്വചനങ്ങൾ ശെരിക്കും അറിയുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. അച്ഛൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് മനസ്സിൽ പല പ്രാവശ്യം ചോദിച്ചിട്ടുണ്ട്, നേരിട്ട് ചോദിക്കാൻ ഉള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ലല്ലോ അച്ഛന്റെ അപ്പോഴുള്ള അവസ്ഥ.
മോളെ ഉറക്കാൻ കിടത്തുമ്പോഴും ആ മുന്നിൽ വന്നിരുന്ന രൂപം മനസ്സിൽ നിന്ന് പോകുന്നു
ണ്ടായിരുന്നില്ല.. ചിറ്റയെ വിളിച്ച് അച്ഛന്റെ നമ്പർ വാങ്ങി വിളിക്കുമ്പോൾ ഒരു വിങ്ങൽ ആയിരുന്നു....
ഹെലോ... എന്ന് പറഞ്ഞു തീരും മുമ്പേ..
"മോളെ അമ്മു..... ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. മോളെവിടെ ആണ്..? മോൾക്ക് സുഖമാണോ?
"അതെ അച്ഛാ സുഖമാണ്.. ഞാൻ ദുബായിലാണ്..
അച്ഛന് മോളെ ഒന്ന് കാണാൻ പറ്റോ?
ഞാൻ വരാം അച്ഛാ... ഏട്ടൻ ??
നീ നാട്ടിൽ വന്നിട്ട് വിളിക്കു... എവിടെ ആണെങ്കിലും ഞാൻ വരാം.. അധിക ദൂരം യാത്ര ചെയ്യാൻ വയ്യ..
കൂടുതൽ ഒന്നും പരസ്പരം സംസാരിക്കാൻ കഴിയാത്തത് കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.
ജോലി കഴിഞ്ഞെത്തിയ അബി ചോദിച്ചു...
"തനിക്ക് എന്ത് പറ്റി? ഫേസ് ഒക്കെ വല്ലാതെ ഉണ്ടല്ലോ..? ഹോസ്പിറ്റലിൽ എന്തെങ്കിലും പ്രശ്നം?
ഏയ്‌.. ഒന്നുമില്ല..എനിക്ക് ഒന്ന് അച്ഛനെ കാണണമായിരുന്നു....
അതെന്താ പെട്ടെന്ന്? അങ്ങിനെ ഒരു തോന്നൽ.. പോകാലോ.. മോളെയും അച്ഛനെ കാണിക്കാം...
നാട്ടിലെത്തിയ ഉടനെ അച്ഛനെ വിളിച്ചു..ഇന്ന് അബി യുടെ വീട്ടിൽ തങ്ങും, നാളെ ഞാൻ വരാം അച്ഛന് എവിടെ വരാൻ പറ്റും ?
"നാളെ രാവിലെ 10 മണിക്ക് നിന്റെ കോളേജിന് മുന്നിൽ....
അഞ്ചര വർഷം അച്ഛൻ പതിവായി തന്നെ കാണാൻ വന്നിരുന്ന കോളേജ്..
രാവിലെ വേഗം റെഡി ആയി പോകുമ്പോൾ, കോളേജിൽ തന്നെ കാണാൻ വന്നിരുന്ന അച്ഛനെ കാണാൻ ഓടുന്ന ആ ഫീൽ ആയിരുന്നില്ല.. മനസ്സിന് ആകെ ഒരു വിങ്ങൽ ആയിരുന്നു. അവിടെ എത്തുമ്പോഴേക്കും അച്ഛൻ അവിടെ കാത്തു നില്പുണ്ടായിരുന്നു.
നന്നായി ക്ഷീണിച്ചിട്ടുണ്ട്, തേജസും ഓജസും ഒക്കെ പോയി പ്രായം ഏറിയ പോലെ...
അച്ഛനും മകളും തമ്മിലുള്ള സ്നേഹ പ്രകടനം അബിയും മകളും നോക്കി നിന്നു.. അച്ഛൻ മോളെ എടുത്തു.. മുജ്ജന്മ പരിചയം പോലെ അവൾ അച്ഛന്റെ കൈകളിലേക്ക് കുതിച്ചു..
കവിളിൽ ഉമ്മ കൊടുത്ത് കൊണ്ട് അച്ഛൻ ചോദിച്ചു "ഇവളുടെ പേരെന്താ?....
"ഗൗരി..
അമ്മയുടെ പേരായിരുന്നത്‌ കൊണ്ട് പറഞ്ഞപ്പോൾ ഒരു ഗദ്‌ഗദം ആയിരുന്നു.
നമുക്ക് ഒരു ചായ കുടിക്കാം...
അച്ഛൻ കാണാൻ വരാറുള്ളപ്പോൾ കൊണ്ട് പോയി കാപ്പിയും പഴം പൊരിയും ഒക്കെ വാങ്ങി തരാറുള്ള കടയിലേക്ക് നടന്നു. എല്ലാം അപരിചിത മുഖങ്ങൾ. അച്ഛൻ ചായയും പഴംപൊരിയും ഓർഡർ ചെയ്തു, ആ ചായക്കടയിലെ പഴംപൊരിയും പരിപ്പ് വടയും തിന്നാൻ എല്ലാവരും കൂടിവന്നിരുന്ന കാലം. ദാമുവും ഭാര്യയും സ്നേഹത്തിൽ ചലിച്ചു തരുന്നത് കൊണ്ടാണോ ഫ്രണ്ട്‌സ് എല്ലാവരും കൂടി ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് കൊണ്ടാണോ എന്നറിയില്ല അവിടത്തെ പഴംപൊരിക്കും പരിപ്പ് വടക്കും ഒക്കെ അത്ര രുചി ആയിരുന്നു.
ചായ കുടിച്ചിരിക്കുമ്പോൾ അച്ഛൻ ബാഗിൽ നിന്ന് ഒരു കവർ എടുത്തു, സാധാരണ അമ്മ കൊടുത്ത് വിടാറുള്ള പലഹാരങ്ങൾ ആയിരുന്നു അച്ഛൻ കൊണ്ട് വരാറുണ്ടായിരുന്നത്. കവർ നീട്ടി കൊണ്ട് അച്ഛൻ പറഞ്ഞു.
"ഇത് ഒരു സെറ്റിൽമെന്റ് ആധാരം ആണ്, എന്റെ കാലശേഷം നിനക്ക് ഒന്നും ഇല്ലാതെ വരരുതല്ലോ. ഒരു ചെക്കും ഉണ്ട്, നിന്റെ വിവാഹത്തിന് ഞാൻ കരുതിയിരുന്നതാണ്.
ഇതൊന്നും വേണ്ടച്ചാ.... എനിക്ക് അച്ഛനെ ഒന്ന് കണ്ടാൽ മതി...എല്ലാം ഏട്ടന് കൊടുത്തോളു.
അത് ശെരിയാവില്ല.. നീയും എന്റെ മകളല്ലേ. എന്റെ ഒരു സംതൃപ്തിക്ക് വേണ്ടി ആണെന്ന് പറഞ്ഞു ആ കവർ അച്ഛൻ എന്നെ പിടിപ്പിച്ചു.
നിങ്ങൾ ഒരു ദിവസം വീട്ടിലേക്ക് വരണം,.. നേരിൽ കാണുമ്പോൾ ചിലപ്പോൾ ഏട്ടന്റെ പെരുമാറ്റത്തിന് മാറ്റം വന്നേക്കാം. അവന്റെ ഭാര്യയെയും പരിചയപ്പെടാമല്ലോ .
വരാം അച്ഛാ... ഇപ്പോൾ ഇല്ല അമ്മക്കിഷ്ടമില്ലാതിരുന്ന ഈ വേഷം മാറ്റിയിട്ട്, അച്ഛന്റെ പഴയ അമ്മു ആയി തന്നെ തിരിച് പോകുന്നതിന് മുമ്പ് ഒരു ദിവസം വരാം.
ചായ കുടി കഴിഞ്ഞ് യാത്ര പറഞ്ഞു നടന്നു നീങ്ങുന്ന അച്ഛനെ നോക്കി നിൽക്കുമ്പോൾ, മനസ്സിൽ ഓർത്തു ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ അച്ഛന്റെ മകൾ ആയി തന്നെ പിറക്കണം. മോളപ്പോഴും കഴുത്തിൽ വട്ടം പിടിച്ചു അബിയുടെ കൈകളിൽ സുരക്ഷിതമായിരുന്നു.
By:- Nessy Shoukkath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot